പ്രതീകാത്മക ചിത്രം
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മലയോരം വീണ്ടും സമരത്തിനൊരുങ്ങുകയാണ്. വന്യജീവി സങ്കേതത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹ സര്‍വേയിലെ അപാകതയാണ് കര്‍ഷകരേയും താമസക്കാരേയും വീണ്ടും സമരത്തിലേക്കെത്തിച്ചിരിക്കുന്നത്. 22 സംരക്ഷിത വനപ്രദേശങ്ങളുടെ കരുതല്‍ മേഖലയില്‍ വീടും കടകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളുമടക്കം 49,324 കെട്ടിടങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശികമായ സ്ഥലപ്പേരുകളില്ലാതെ, അവ്യക്തമായ സര്‍വേ നമ്പര്‍ മാത്രമുള്ള റിപ്പോര്‍ട്ടില്‍ അടിമുടി ആശങ്കയിലാണ് ജനങ്ങള്‍. റിപ്പോര്‍ട്ടില്‍ ഏതൊക്കെ വീടുകളും കടകളും സ്ഥാപനങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തിയില്ലെന്നതാണ് പ്രധാനപ്രശ്നമായി കര്‍ഷകരും താമസക്കാരും ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ജനവാസമേഖലകളെ കരുതല്‍ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും അംഗീകരിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹ സര്‍വേ അംഗീകരിക്കില്ലെന്നും ഗ്രൗണ്ട് സര്‍വേയിലേക്ക് മാറണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഗൂഗിള്‍ മാപ്പടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററാണ് സര്‍വേ നടത്തിയത്.
റിപ്പോര്‍ട്ടിന്റെ മാതൃക https://www.kerala.gov.in/ എന്ന വെബ്സൈറ്റിലെ ഡോക്യുമെന്റ് വിഭാഗത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന ലിങ്കില്‍ ലഭ്യമാണ്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത വിവരങ്ങള്‍ അറിയിക്കാന്‍ പൊതുജങ്ങള്‍ക്ക് ഈ മാസം 22 വരെ അറിയിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള മാതൃകയും നല്‍കിയിട്ടുണ്ട്. ഇത് പൂരിപ്പിച്ച് eszexpertcommittee@gmail.com എന്ന മെയിലിലേക്ക്അയക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭ്യമാക്കുകയോ വേണം.
ഏറ്റവും കൂടുതല്‍ ബാധിക്കുക ഇടുക്കി ജില്ലയെ
വീട്, മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 49,324 കെട്ടിടങ്ങളാണ് മൊത്തം സര്‍വേയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എട്ടോളം സംരക്ഷിത വനപ്രദേശങ്ങളുള്ള ജില്ലയെന്ന നിലയില്‍ സംസ്ഥാനത്ത് കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വലിയ രീതിയില്‍ നേരിടുന്നത് ഇടുക്കിയിലെ ജനങ്ങളാണ്. ഓരോ വന്യജീവിസങ്കേതത്തിന്റെയും കരുതല്മേഖലയില്വരുന്ന ജനവാസ കേന്ദ്രങ്ങള്‍ ഇങ്ങനെയാണ്. തട്ടേക്കാട്- 771 (റെസിഡന്‍ഷ്യല്‍/കൊമേഴ്സ്യല്‍- 761, മതം- 5, മറ്റുള്ളവ- 5) ഇരവികുളം- 769 (റെസിഡന്‍ഷ്യല്‍/കൊമേഴ്സ്യല്‍- 626, കൊമേഴ്സ്യല്‍- 143) ചിന്നാര്‍ -623 (റെസിഡന്‍ഷ്യല്‍- 534, റെസിഡന്‍ഷ്യല്‍/കൊമേഴ്സ്യല്‍- 10, കൊമേഴ്സ്യല്‍- 79) ആനമുടി- 1292 (റെസിഡന്‍ഷ്യല്‍- 847, കൊമേഴ്സ്യല്‍- 444, മതം- 1) കുറിഞ്ഞിമല- 597 (റെസിഡന്‍ഷ്യല്‍- 467, കൊമേഴ്സ്യല്‍- 127, വിദ്യാഭ്യാസം- 3) പാമ്പാടുംചോല- 63 (റെസിഡന്‍ഷ്യല്‍- 59, കൊമേഴ്സ്യല്‍- 4) മതികെട്ടാന്‍ചോല- 990 (റെസിഡന്‍ഷ്യല്‍- 626, റെസിഡന്‍ഷ്യല്‍/കൊമേഴ്സ്യല്‍- 346, കൊമേഴ്സ്യല്‍- 6, വിദ്യാഭ്യാസം- 3, മതം- 9) ഇടുക്കി- 3944 (റെസിഡന്‍ഷ്യല്‍- 3858, വിദ്യാഭ്യാസം- 48, മതം- 35, മറ്റുള്ളവ- 3) പെരിയാര്‍- 5570 (റെസിഡന്‍ഷ്യല്‍- 18, റെസിഡന്‍ഷ്യല്‍/കൊമേഴ്സ്യല്‍- 3731, കൊമേഴ്സ്യല്‍- 1769, വിദ്യാഭ്യാസം- 18, മതം- 18, മറ്റുള്ളവ- 16)
വയനാട് 13,581 ജനവാസ കേന്ദ്രങ്ങള്‍
സര്‍വേയുടെ പ്രശ്നം ബാധിക്കുന്ന ഏറ്റവും വലിയ വന്യജീവി സങ്കേതം വയനാട് വന്യജീവി സങ്കേതമാണ്. വയനാട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 13581 കെട്ടിടങ്ങളാണ് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി, മാനന്തവാടി നഗരസഭകളടക്കം 12 തദ്ദേശസ്ഥാപനങ്ങളാണ് സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഉപഗ്രഹസര്‍വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കരുതല്‍മേഖലയില്‍ ഉള്‍പ്പെടുക. സുല്‍ത്താന്‍ ബത്തേരി നഗരസഭയേയും നൂല്‍പ്പുഴ പഞ്ചായത്തിനെയുമാണ് കൂടുതല്‍ ബാധിക്കുക. സുല്‍ത്താന്‍ബത്തേരി ടൗണിന്റെ പകുതിയോളം കരുതല്‍മേഖലയില്‍ ഉള്‍പ്പെടും. കെ.എസ്.ആര്.ടി.സി. ഡിപ്പോ, മിനി സിവില്സ്റ്റേഷന് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കരുതല്‍ മേഖലയിലാവും. സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്ന് വില്ലേജുകളിലും കരുതല്‍മേഖലയില്‍ വരുന്നുണ്ട്.
വനമേഖലയായതിനാല്‍ നൂല്‍പ്പുഴ പഞ്ചായത്തിന്റെ ഏകദേശം മുഴുവനോളം കരുതൽ മേഖലയ്ക്ക് അകത്താവും. തിരുനെല്ലി പഞ്ചായത്ത് വയനാട് വന്യജീവി സങ്കേതത്തിന്റെയും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെയും കരുതല്‍മേഖലാ പരിധിയില്‍ വരുന്നുണ്ട്. നെന്മേനി പഞ്ചായത്തിലെ ചീരാല്‍ വില്ലേജില്വരുന്ന ഒമ്പതോളം വാര്‍ഡുകള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ ഒമ്പത് തദ്ദേശസ്ഥാപനങ്ങളും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെയും മലബാര്‍ വന്യജീവി സങ്കേതത്തിന്റെയും സംരക്ഷണമേഖലയില്‍ രണ്ടുവീതം പഞ്ചായത്തുകളുമാണ് വരിക. ജില്ലയില്‍ 12 തദ്ദേശസ്ഥാപനങ്ങളിലായി 3398 സര്‍വേ നമ്പറുകള്‍ പൂര്‍ണമായി കരുതല്‍മേഖലയില്‍ ഉള്‍പ്പെടും. 639 സര്‍വേ നമ്പറുകളേ ഭാഗികമായി ഉള്‍പ്പെടുന്നുള്ളൂ.
.jpg?$p=2cc5a0e&&q=0.8)
കോഴിക്കോട് ജില്ലയില്‍ താമസക്കാരായ 80,000-ത്തോളംപേരെ നേരിട്ട് പ്രശ്നം ബാധിക്കുമെന്നാണ് കര്‍ഷക സംഘടനാനേതാക്കള്‍ പ്രാഥമികമായി ചൂണ്ടിക്കാട്ടുന്ന കാര്യം. ഇവിടെ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, കൂരാച്ചുണ്ട്, മരുതോങ്കര, കട്ടിപ്പാറ, പുതുപ്പാടി എന്നീ പഞ്ചായത്തുകളാണ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടിലുള്ളത്. വന്യജീവി സങ്കേതത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ ഉള്‍പ്പെടുത്തിയുള്ള ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. പഞ്ചായത്ത് തിരിച്ചും വില്ലേജ് തിരിച്ചും സര്‍വ്വേ നമ്പറുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വില്ലേജ് തിരിച്ച് സര്‍വ്വേ നമ്പര്‍ നല്‍കിയതില്‍ ആകപ്പാടെ അവ്യക്തത നിലനില്‍ക്കുകയാണ്.
പനങ്ങാട് പഞ്ചായത്ത് പരിസ്ഥിതിലോല മേഖലയായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പനങ്ങാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാന്തലാട് വില്ലേജ് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂരാച്ചുണ്ടിന്റെ അടുത്തുള്ള പഞ്ചായത്താണ് പനങ്ങാട്. അതും കഴിഞ്ഞുള്ള കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ കരുതല്മേഖലയിലുണ്ട്.
പരിസ്ഥിതിലോല മേഖലയില്‍വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍ എന്നിവസംബന്ധിച്ച് ഉപഗ്രഹച്ചിത്രങ്ങള്‍ മുഖേന തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടെങ്കിലും സര്‍വ്വേ നമ്പര്‍ മാത്രമുള്ളതിനാല്‍ സ്ഥലമുടമകള്‍ക്ക് സ്ഥലത്തിന്റെ അതിരുകള്‍ വ്യക്തമായി മനസ്സിലാക്കാനാകാത്ത പ്രശ്നമുണ്ട്. ചില സര്‍വ്വേ നമ്പര്‍ പൂര്‍ണമായും ചിലത് ഭാഗികമായുമാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി എവിടെയെന്നും വ്യക്തമല്ല.
ചക്കിട്ടപാറ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം സംരക്ഷിതപ്രദേശത്ത് ഉള്‍പ്പെട്ടത്. കൂരാച്ചുണ്ട് പഞ്ചായത്താണ് പിന്നീട് കൂടുതല്‍ മേഖലവരുന്നത്. ചെമ്പനോട വില്ലേജില്‍ ചെമ്പനോട, പെരുവണ്ണാമൂഴി, മുതുകാട് എന്നീ മേഖലയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ചക്കിട്ടപാറ വില്ലേജിലെ ഭൂരിഭാഗം സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ ചക്കിട്ടപാറ വില്ലേജാകട്ടെ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂത്താളി പഞ്ചായത്തിന്റെയും കട്ടിപ്പാറ പഞ്ചായത്തിന്റെയും കീഴിലാകട്ടെ വില്ലേജ് തിരിച്ച് സര്‍വേനമ്പര്‍ നല്‍കിയിട്ടില്ല.
.jpg?$p=40aef47&&q=0.8)
പൂര്‍ണ നിരോധനം എന്തിനൊക്കെ
പതിനഞ്ചോളം പ്രവൃത്തികള്‍ക്ക് പൂര്‍ണ നിരോധനമെന്നാണ് സുപ്രീം കോടതിയിറക്കിയ നോട്ടീസില്‍ പറയുന്നത്. ഇതില്‍ പുതിയതും പഴയതുമായ എല്ലാ വാണിജ്യ ഖനനങ്ങള്‍ക്കും പുതിയതും പഴയതുമായ എല്ലാ ക്വാറികള്‍ക്കും നിരോധനമുണ്ട്. പുതിയ വ്യവസായ സ്ഥാപനങ്ങള്‍ക്കോ മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വ്യാപിപ്പിക്കലിനോ അനുമതിയില്ല. ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണത്തിനും ഖരമാലിന്യ സംസ്കരണ പ്ലാന്റിനും അനുമതിയില്ല. ഇതിന് പുറമെ വാണിജ്യ അടിസ്ഥാനത്തിലുളള കോഴിഫാം, മരമില്ലുകള്‍, മര-വ്യവസായ ശാലകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും അനുമതിയില്ല. ഇതിന് പുറമെ വെടിമരുന്നുകളുടെ ഉപയോഗവും അവ സൂക്ഷിക്കുന്നതിനും സമ്പൂര്‍ണ വിലക്കുണ്ട്. പുഴയോരങ്ങള്‍ കൈയേറ്റം ചെയ്യുന്നതും പ്ലാസ്റ്റിക് വസ്തുക്കള്‍ പുഴയിലേക്ക് ഒഴുക്കുന്നതും മണല്‍ വാരുന്നതിനും നിരോധനമാണ്.
കര്‍ശന നിയന്ത്രണം
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹോട്ടല്‍, റിസോര്‍ട്ട് എന്നിവയുടെ നിര്‍മാണവും പ്രവര്‍ത്തനവും പാടില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മലിനീകരണം ഇല്ലാത്തവ എന്ന് സാക്ഷ്യപ്പെടുത്തിയ ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ടവരുടെ അനുവാദമില്ലാതെ സ്വകാര്യ, സര്‍ക്കാര്‍, റവന്യൂ ഭൂമിയില്‍ നിന്ന് മരം വെട്ടാന്‍ പാടില്ല. വൈദ്യുതി, വാര്‍ത്താ വിനിമയ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട കേബിളുകളും വയറുകളും വലിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇതിന് പുറമെ നിയന്ത്രിത മേഖലകളില്‍ കൂടെയുള്ള റോഡ് വികസനം, പുതിയ റോഡുകള്‍ ഉണ്ടാക്കുക, വാഹനങ്ങളുടെ രാത്രിയാത്ര എന്നിവയ്ക്കും കര്‍ശന നിയന്ത്രണമുണ്ടാവും. നിയമാനുസൃതമായി ഇവിടേയുള്ള പ്രാദേശവാസികള്‍ക്ക് കൃഷി, പശു വളര്‍ത്തല്‍, മത്സ്യകൃഷി എന്നിവയ്ക്കെല്ലാം അനുവാദമുണ്ടാകും. മഴക്കാല വിളവെടുപ്പ്, ജൈവകൃഷി, പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉപയോഗം, പരിസ്ഥിതി സൗഹാര്‍ദയാത്ര, നഷ്ടപ്പെട്ടുപോയ വനത്തിന്റെ വീണ്ടെടുക്കല്‍, പൂന്തോട്ട കൃഷി, ഔഷധ സസ്യ പരിപാലനം. പരിസ്ഥിതി ബോധവല്‍ക്കരണം എന്നിവയെ മാത്രമാണ് ഇവിടങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നത്.
മറ്റ് നിര്‍ദേശങ്ങള്‍
പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും നടപടികള്‍ സ്വീകരിക്കാനും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ഇതിന് ഒപ്പം പുതിയ ടൂറിസം പദ്ധതികളേയും നിലവിലുള്ള ടൂറിസം പദ്ധതികളേയും നിരീക്ഷിക്കാന്‍ ഒരു ടൂറിസം മാസ്റ്റര്‍ പ്ലാനും തയ്യാറാക്കണം. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക മേല്‍നോട്ട കമ്മിറ്റിയേയും നിയമിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിലെ പ്രതിനിധി ജില്ലാ വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവരേയും മേല്‍നോട്ട കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം.
പ്രധാന വന്യജീവി സങ്കേതങ്ങളും ബഫര്‍സോണും
വയനാട് വന്യജീവി സങ്കേതം
344.44 സ്ക്വയര്‍ കിലോമീറ്ററാണ് വയനാട് വന്യജീവി സങ്കേതം. മുത്തങ്ങ, സുല്‍ത്താന്‍ബത്തേരി, തോല്‍പ്പെട്ടി, കുറിച്ച്യാട് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണിത്. ഇതിനു ചുറ്റും 118.59 സ്ക്വയര്‍ കിലോമീറ്റര്‍ ബഫര്‍സോണായി വരും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ ആറ് വില്ലേജുകളും വരും. തിരുനെല്ലി, തൃശ്ശിലേരി, പുല്‍പ്പള്ളി, ഇരുളം, നൂല്‍പ്പുഴ പഞ്ചായത്തുകള്‍ ഇതിന്റെ പരിധിയിലാണ്. മലബാര്‍ വന്യജീവി സങ്കേതവും ആറളം വന്യജീവി സങ്കേതവും വയനാടുമായി പങ്കിടുന്നതാണ്. ഇതിന്റെ രണ്ടിന്റേയും ബഫര്‍സോണ്‍ പരിധിയിലും വയനാട്ടിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
മലബാര്‍ വന്യജീവി സങ്കേതം
പെരുവണ്ണാമൂഴി റേഞ്ചിനു കീഴിലുളള കോഴിക്കോട്, വയനാട് അതിര്‍ത്തി പ്രദേശങ്ങളുള്‍പ്പെടുന്ന 80 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമാണ് മലബാര്‍ വന്യജീവി സങ്കേതം. 2845 ജനവാസകേന്ദ്രങ്ങളാണ് ഇതിന് ചുറ്റുമുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളാണ് മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചെമ്പനോട, ചക്കിട്ടപ്പാറ, കെടവൂര്‍, തരിയോട്, പൊഴുതന, അച്ചൂരാണം, കുന്നത്തുനാട് വില്ലേജുകളെ നിര്‍ദേശം പൂര്‍ണമായും ബാധിക്കും. പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയാണ് ഇതിന്റെ സംരക്ഷിത മേഖല.
ആദ്യ വിജ്ഞാപനത്തില്‍ വന്യജീവി സങ്കേതത്തിനു ചുറ്റും പത്ത് കിലോമീറ്റര്‍ സംരക്ഷിത മേഖലയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം സംരക്ഷിത മേഖല ഒരു കിലോമീറ്ററാക്കി കുറച്ചാണ് പുതിയ വിജ്ഞാപനം. സംരക്ഷിത മേഖലയില്‍ കരിങ്കല്‍ ഖനനം, മരവ്യവസായം എന്നിവയ്ക്ക് നിരോധനമുണ്ട്. അതേസമയം, കൃഷി അടക്കം ഈ മേഖലയിലെ ഉപജീവന സാധ്യതകളെ ബഫര്‍ സോണ്‍ പ്രഖ്യാപനം പ്രതിസന്ധിയിലാക്കുമെന്ന് പറയുന്നു കര്‍ഷകര്‍.

ജനങ്ങള്‍ മതിയായ രേഖകളോടെ തലമുറകളായി കൈവശംവെച്ച് അനുഭവിച്ച് വരുന്നതും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും, കൃഷി ചെയ്ത് ഉപജീവനം നയിച്ചുവരുന്നതുമായ കൃഷിഭൂമിയാണ് പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിക്കുന്നതെന്ന പരാതിയാണ് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. നൂറുകണക്കിന് വീടുകളും, ആയിരക്കണക്കിനാളുകളും, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധാനാലയങ്ങളും, ആശുപത്രികളും, പ്രധാന റോഡുകളും, മാര്‍ക്കറ്റുകളും, അങ്ങാടികളും, സ്ഥാപനങ്ങളും, ചെറുകിട നാമമാത്ര വ്യവസായങ്ങളും, റബര്‍, തെങ്ങ്, കൊക്കോ, ഇഞ്ചി, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികളും അടങ്ങുന്നതാണ് ഈ വില്ലേജുകളിലെ പ്രസ്തുത പ്രദേശങ്ങള്‍. നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ ഇവിടങ്ങളിലെ ജീവിതം ദുരിതത്തിലാവും. അവരുടെ കൃഷിയെ വിട്ടെറിഞ്ഞ് പോരേണ്ടി വരും.
ആറളം കൊട്ടിയൂര്‍ വന്യജീവി സങ്കേതം
ആറളം, കൊട്ടിയൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നുള്ള ബഫര്‍സോണില്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും അടക്കമുള്ളത് 3146 കെട്ടിടങ്ങളാണ്. ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഖലയില്‍ 2123 കെട്ടിടങ്ങളും കൊട്ടിയൂരിന്റെ പരിധിയില്‍ 1023 കെട്ടിടങ്ങളും ബഫര്‍ സോണ്‍ പരിധിയിലാണ്. ആറളത്തിന്റെ പരിധിയില്‍ 10 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏഴ് സര്‍ക്കാര്‍ ഓഫീസുകളും 19 മതസ്ഥാപനങ്ങളും ഷോപ്പ്, ഹോട്ടല്‍ എന്നിവയില്‍പ്പെടുന്ന 15 കെട്ടിടങ്ങളുമുണ്ട്. കൊട്ടിയൂരില്‍ 105 വ്യാപാരസ്ഥാപനങ്ങളും പത്ത് മതസ്ഥാപനങ്ങളും പരിധിക്കുള്ളില്‍ വരും.
നെയ്യാര്‍, പേപ്പാറ
തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 70.96 സ്ക്വയര്‍ കിലോമീറ്ററിലാണ് നെയ്യാര്‍ ആന്‍ഡ് പേപ്പാറ വന്യജീവി സങ്കേതം വരുന്നത്. ഇതിന് ചുറ്റും 3146 ജനവാസകേന്ദ്രങ്ങളാണുള്ളത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി വരുന്ന അഗസ്ത്യമല ജൈവ മണ്ഡലത്തില്‍ പെടുന്നവയാണ് നെയ്യാര്‍, പേപ്പാറ. കാട്ടാക്കട താലൂക്കിലെ കള്ളിക്കാട്, അമ്പൂരി, വാഴിച്ചാല്‍ വില്ലേജുകള്‍, നെടുമങ്ങാട് താലൂക്കിലെ മണ്ണൂര്‍ക്കര, വിതുര വില്ലേജുകള്‍.എന്നിവയാണവ. ഇതില്‍ തന്നെ അമ്പൂരി പഞ്ചായത്തിലെ 13 വാര്‍ഡിലെ പത്ത് വാര്‍ഡുകളും പെടുന്നുണ്ട്.
മറ്റ് വന്യജീവി സങ്കേതങ്ങളിലെ ജനവാസ മേഖലകള്‍: പെരിയാര്‍ കടുവസങ്കേതം-5570, പീച്ചി വാഴാനി വന്യജീവി സങ്കേതം 4588, മംഗളവനം പക്ഷി സങ്കേതം-2444, ചിമ്മിനി വന്യജീവി സങ്കേതം-1388, ആനമുടി ചോല ദേശീയോദ്യാനം-1292, ചെന്തുരുണി വന്യജീവി സങ്കേതം-1098, മതികെട്ടാന്‍ ചോല ദേശീയോദ്യാനം-990, ഇരവികുളം-769, തട്ടേക്കാട്-771, ചിന്നാര്‍-623, സൈലന്ര് വാലി-613, കുരിഞ്ഞിമല-597, കരിമ്പുഴ-597, ചൂലന്നൂര്‍ മയില്‍ സങ്കേതം-593, പരമ്പിക്കുളം വന്യീജിവി സങ്കേതം-509, പാമ്പാടുംചോല ദേശീയോദ്യാനം-63

ഒഴിഞ്ഞുപോവണമെന്നത് തെറ്റായ പ്രചരണം- എ.കെ ശശീന്ദ്രന്
സുപ്രീം കോടതി നിശ്ചയിച്ച ബഫര്‍സോണ്‍ പ്രദേശമായ ഒരു കി.മീ പ്രദേശത്തു നിന്നും ആളുകള്‍ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളില്‍ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. അങ്ങനെയൊരു പ്രശ്നം യാതൊരു കാരണവശാലും ഉണ്ടാകുന്നതല്ല എന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഈ പ്രദേശത്ത് വാഹനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്, ഇത്തരം സ്ഥലങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം ആകും തുടങ്ങിയ തെറ്റായ പ്രചരണങ്ങള്‍ നിക്ഷിപ്ത താല്പര്യക്കാര് നടത്തുന്നുണ്ട്. ഈ തെറ്റായ പ്രചരണങ്ങളില്‍ മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ വീഴരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നു.
രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനം ഇതിനോടകം തന്നെ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നല്കിയ പുന:പരിശോധനാ ഹര്‍ജിയില്‍ സംസ്ഥാനത്തെ ജനസാന്ദ്രത, ജനവാസ കേന്ദ്രങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ബഫര്‍ സോണില്‍ ആക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഈ സാഹചര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനസാന്ദ്രതയും വിവിധ കെട്ടിടങ്ങള്‍ മറ്റുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ ക്രോഡീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ പ്രസ്തുത പുന:പരിശോധന ഹര്‍ജിയില്‍ ഒരു തെളിവായി ഹാജരാക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തിലുള്ള തെളിവ് ശേഖരണങ്ങള്‍ റവന്യൂ വകുപ്പിന്റെയോ വനം വകുപ്പിന്റെ ആധികാരിക രേഖയായി ഉപയോഗിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കുന്നതല്ല.
Content Highlights: Bufferzone strike minister ak saseendran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..