ലിസ് ട്രസ് - കഷ്ടകാലത്തെ പ്രധാനമന്ത്രി


എസ്. രാംകുമാര്‍

ബ്രിട്ടന്റെ നീണ്ട ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. അവര്‍ അധികാരമേറ്റതാകട്ടെ, രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന കഷ്ടകാലത്തും. പാര്‍ട്ടിയിലും ഭിന്നതകളുണ്ടെന്നതിനാല്‍, ലിസ് ട്രസിന് മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ല

ലിസ് ട്രസ്‌

ബ്രിട്ടന്റെ 56-ാം പ്രധാനമന്ത്രിയായി 47-കാരിയായ ലിസ് ട്രസ് 2022 സെപ്റ്റംബര്‍ ആറിന് അധികാരമേറ്റു. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേക്കും ശേഷം ഈ പദവിയിലെത്തുന്ന വനിതയാണിവര്‍. എലിസബത്ത് രാജ്ഞി അധികാരം നല്‍കിയ പതിനഞ്ചാമത്തെയും അവസാനത്തെയും പ്രധാനമന്ത്രി.

ബോറിസ് ജോണ്‍സന്റെ രാജിയെത്തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രിപദത്തിലേക്കും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇന്ത്യന്‍ വംശജനും മുന്‍ധനകാര്യമന്ത്രിയുമായ ഋഷി സുനക്കായിരുന്നു ലിസ് ട്രസിന്റെ എതിരാളി. ആദ്യം പിന്നില്‍ നിന്ന ലിസ് ട്രസ് തീവ്രമായ പ്രചാരണത്തിലൂടെ വിജയം കൈപ്പിടിയിലാക്കി.

ജീവിതവും രാഷ്ട്രീയവും

ഓക്‌സ്ഫഡില്‍ 1975 ജൂലായ് 26-നാണ് ലിസ് ട്രസിന്റെ ജനനം. മുഴുവന്‍ പേര് മേരി എലിസബത്ത് ട്രസ്. അമ്മ പ്രിസില മേരി ട്രസ് നഴ്സായിരുന്നു. അച്ഛന്‍ ജോണ്‍ കെന്നത്ത് ട്രസ് കോളേജില്‍ ഗണിതാധ്യാപകന്‍. ഇരുവരും ഇടത് അനുഭാവികള്‍. ഓക്‌സ്ഫഡ് സര്‍വകലാശാലയ്ക്ക് കീഴിലെ മെര്‍ട്ടന്‍ കോളേജില്‍ ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദപഠനത്തിന് ചേര്‍ന്ന ലിസ് ട്രസ് വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായി.

മാതാപിതാക്കളുടെ ആശയധാരയിലേക്കുതന്നെയായിരുന്നു തുടക്കത്തില്‍ ലിസിന്റെയും ചായ്വ്‌. 1994-ല്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ വാര്‍ഷികയോഗത്തില്‍ ബ്രിട്ടണിലെ രാജപദവി പൂര്‍ണമായും നീക്കംചെയ്യണമെന്ന് ലിസ് പ്രസംഗിച്ചു. 1997-ലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലിസ് ട്രസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് ചുവടുമാറിയത്. താന്‍ രാഷ്ട്രീയമായി പക്വതനേടിയെന്നായിരുന്നു വിശദീകരണം. ഈ സമയം ഷെല്‍ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു ലിസ്.

2000-ത്തില്‍ കേബിള്‍ ആന്‍ഡ് വയര്‍ലസില്‍ അക്കൗണ്ടന്റായി ജോലിചെയ്യുമ്പോഴാണ് സഹപ്രവര്‍ത്തകനായ ഹ്യൂ.ഒ. ലിയറിയെ വിവാഹംചെയ്തത്. ഇവര്‍ക്കിപ്പോള്‍ രണ്ട് പെണ്‍മക്കളുണ്ട്. 2008-ല്‍ ഗവേഷണസ്ഥാപനമായ റിഫോമില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ലിസ് ട്രസ്. അക്കാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രബന്ധത്തിന്റെ സഹരചയിതാവായിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കുള്ള വേതനം കുറയ്ക്കണം, രോഗികളില്‍നിന്ന് പണം ഈടാക്കണം തുടങ്ങിയവയായിരുന്നു അതിലെ പ്രധാനനിര്‍ദേശങ്ങള്‍.

ലിസ് ട്രസിനെ പാര്‍ലമെന്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് അന്നത്തെ പ്രധാനമന്ത്രി ജെയിംസ് കാമറൂണാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, ലിസ് ട്രസ് സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ ഇടംനേടി. എതിര്‍പ്പുകളെ അതിജീവിക്കാന്‍ കാമറൂണിന്റെ പിന്തുണ സഹായമായി. 2010 മേയ് ആറിന് സൗത്ത് വെസ്റ്റ് നോര്‍ഫോക്കില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസ സഹമന്ത്രി (2012-14), പരിസ്ഥിതിമന്ത്രി (2014-16), ലോര്‍ഡ് ചാന്‍സലര്‍ (2016-17), ധനകാര്യവകുപ്പ് ചീഫ് സെക്രട്ടറി (2017-19), അന്താരാഷ്ട്ര വ്യാപാരമന്ത്രി (2019-21), തുല്യതാമന്ത്രി (2019), വിദേശകാര്യമന്ത്രി (2021) തുടങ്ങി ഒട്ടേറെ പടികള്‍ ചവിട്ടിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിപദത്തില്‍ എത്തിയത്.

2016-ലായിരുന്നു ബ്രെക്സിറ്റ് പ്രചാരണം. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ലിസ് ട്രസ് എതിര്‍ത്തു. സണ്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ ബ്രെക്സിറ്റ് ബ്രിട്ടണെ സംബന്ധിച്ച് ദുരന്തത്തില്‍ കലാശിക്കുമെന്ന് ലിസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായ തെരേസ മേക്ക്, ലിസ് ട്രസിനെ അത്ര വിശ്വാസമുണ്ടായില്ല. മന്ത്രിസഭയിലെ ബ്രെക്സിറ്റ് ചര്‍ച്ചകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന സംശയത്തില്‍ 2017-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് ലിസിന്റെ രാഷ്ട്രീയജീവിതത്തിലെ മറ്റൊരധ്യായം. എന്നാല്‍, മേക്ക് പിന്നാലെ വന്ന ബോറിസ് ജോണ്‍സണ്, ലിസ് ട്രസില്‍ പൂര്‍ണവിശ്വാസമായിരുന്നു. അങ്ങനെയാണ്, വിദേശകാര്യമന്ത്രിയായത്.

ഇറാനില്‍ തടവിലായ എഴുത്തുകാരി നസാനിന്‍ സഗാരി റാറ്റ്ക്ലിഫിന്റെയും വ്യാപാരി ആനൂഷേ അഷൂരിയുടെയും മോചനം സാധ്യമാക്കിയതും റഷ്യന്‍ അധിനിവേശകാലത്ത് യുക്രൈന് പിന്തുണ പ്രഖ്യാപിച്ചതും ലിസ് ട്രസിനെ ശ്രദ്ധേയയാക്കി.

കോവിഡ് കാലത്തെ മദ്യസത്കാരം (പാര്‍ട്ടി ഗേറ്റ് വിവാദം), ലൈംഗികാതിക്രമം നടത്തിയ വ്യക്തിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പാക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ബോറിസ് ജോണ്‍സണെ വേട്ടയാടി. ധനമന്ത്രി ഋഷി സുനക്കും ആരോഗ്യമന്ത്രി സാജിദ് ജാവിദുമുള്‍പ്പെടെയുള്ളവര്‍ കൈയൊഴിഞ്ഞപ്പോഴും ജോണ്‍സണൊപ്പം ഉറച്ചുനിന്നു ട്രസ്.

വെല്ലുവിളികളേറെ

ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും കഷ്ടകാലത്താണ് ലിസ് ട്രസ് പ്രധാനമന്ത്രിയായിട്ടുള്ളത്. ആറുവര്‍ഷത്തിനിടെ നാല് പ്രധാനമന്ത്രിമാര്‍ എന്ന് പറയുമ്പോള്‍ത്തന്നെ രാഷ്ട്രീയവെല്ലുവിളികള്‍ എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവന്നതിന്റെ ആഘാതം ക്രമാനുഗതമായി നേരിടാനുള്ള സാവധാനം ലഭിച്ചില്ലെന്നതാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. ആദ്യം കോവിഡും പിന്നെ റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ബ്രിട്ടണെ നിലയില്ലാ കയത്തിലാക്കി. രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ വക്കിലാണ്. ഊര്‍ജവിലക്കയറ്റവും ഉയര്‍ന്ന നികുതിയും ജീവിതച്ചെലവ് അങ്ങേയറ്റം വര്‍ധിപ്പിച്ചു. സാധാരണക്കാരുടെ പ്രയാസങ്ങള്‍ കുറയ്ക്കുക എന്നതാണ് ആദ്യത്തെ വെല്ലുവിളി. നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ലിസ് ട്രസിനെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചത്. ഇത് പ്രയോഗികമല്ലെന്നായിരുന്നു ഋഷി സുനക്കിന്റെ വാദം. അങ്ങനെയെങ്കില്‍, പ്രഖ്യാപനം നടപ്പാക്കാന്‍ ലിസ് ട്രസിന് സമ്മര്‍ദമേറും.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് മറ്റൊരു തലവേദന. തുടര്‍ച്ചയായ നേതൃമാറ്റങ്ങളും വിഭാഗീയതയും കണ്‍സര്‍വേറ്റീവുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടുത്തിടെ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍പ്പോലും നേരിട്ട തിരിച്ചടി പാര്‍ട്ടിയെ ഭയപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലിസ് ട്രസിന്റെ നേതൃത്വം പാര്‍ട്ടിയിലെ അന്തച്ഛിദ്രങ്ങള്‍ ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്നാണ് ആദ്യസൂചനകള്‍. കാരണം, മന്ത്രിസഭ രൂപവത്കരിച്ചപ്പോള്‍, ഋഷി സുനക്കിനെയും അദ്ദേഹത്തിന്റെ വിശ്വസ്തരെയും തഴയുന്ന സമീപനമാണ് ലിസ് ട്രസ് സ്വീകരിച്ചത്. 2024 ഡിസംബര്‍ 17-നാണ് സര്‍ക്കാരിന്റെ കാലാവധി തീരുക. പൊതുതിരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ലിസ് ട്രസും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും അങ്ങനെയൊരു സാഹസത്തിന് മുതിരുമെന്ന് തോന്നുന്നില്ല.

(മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Britain's Prime Minister Liz Truss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented