ബ്രിജ്ഭൂഷൺ സിങ് ശരൺ(ഇടത്ത്), പ്രതിഷേധത്തിലുള്ള ഗുസ്തി താരങ്ങൾ (വലത്ത്)
2018 ഒക്ടോബര്‍ 17. മിടൂ ആരോപണം വന്ന് പത്താം നാള്‍ എം.ജെ. അക്ബറിന്റെ കേന്ദ്രമന്ത്രി പദം തെറിച്ചു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അക്ബറിന്റെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകരാണ് വെളിപ്പെടുത്തിയത്. ന്യായീകരണങ്ങള്‍ക്കൊന്നും നില്‍ക്കാതെ രാജി ചോദിച്ചു വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മടിച്ചില്ല. ആ തീരുമാനത്തെ സ്ത്രീസമൂഹവും പൊതുസമൂഹവും പിന്തുണച്ചു. കൈയടിച്ചു.
അത് അഞ്ച് വര്‍ഷം മുമ്പത്തെ കാര്യം. ഇന്ന് ഗുസ്തി താരങ്ങള്‍ ബ്രിജ്ഭൂഷണ്‍ സിങ് ശരണ്‍ എന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും തേര്‍വാഴ്ചകളെക്കുറിച്ചും സഹികെട്ട് കരഞ്ഞ് പറഞ്ഞിട്ടും യാചിച്ചിട്ടും നരേന്ദ്ര മോദിക്കും സര്‍ക്കാരിനും ഒരു കുലുക്കവുമില്ല. മടിച്ചുമടിച്ചാണ് കേസ് എടുത്തത്. ഇഴഞ്ഞു നീങ്ങുന്ന അന്വേഷണം എങ്ങുമെത്തുന്നില്ല. മാസങ്ങള്‍ പിന്നിടുന്നു. സമാനമായ ആരോപണത്തിന് കേന്ദ്രമന്ത്രിയെ വരെ പുറത്താക്കിയ ആ ഇച്ഛാശക്തി ഇന്ന് ഒരു എം.പിയുടെ കാര്യത്തില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല...?
പോക്‌സോ വരെയാണ് കുറ്റം. എന്നിട്ടും കുലുക്കമില്ല. എന്താകാം ഇതിനു കാരണം?
അതിന് പ്രതിസ്ഥാനത്തുള്ള ബ്രിജ്ഭൂഷണ്‍ ആരാണെന്ന് അറിയണം. ക്രിമിനലായി തുടങ്ങി മാഫിയയായി വളര്‍ന്ന് ഇന്ത്യയില്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആരു കളിക്കണം എന്നുവരെ നിശ്ചയിക്കുന്ന ഡോണായി വിലസുന്ന, പാര്‍ട്ടി ചിഹ്നം പോലും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരനായ, ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയായ ബ്രിജ്ഭൂഷണെ അറിയണം. വാ തുറന്നാല്‍ അതൊരു സുനാമിയായിരിക്കുമെന്ന ബ്രിജ്ഭൂഷന്റെ വിരട്ടല്‍ വെറും വാക്കാണോ! ഉന്നതങ്ങളില്‍ എവിടെയോ ഒരു ബ്രിജ്ഭൂഷണ്‍ ഭയം തങ്ങിനില്‍ക്കുന്നുണ്ടോ? അതോ 2024-ലെ തിരഞ്ഞെടുപ്പില്‍ അഞ്ചോ ആറോ സീറ്റ് നഷ്ടപ്പെടുമോ എന്ന ആശങ്കയാണോ?
യു.പിയില്‍ അയോധ്യ ഉള്‍പ്പടെ വലിയൊരു മേഖലയില്‍ സര്‍വപ്രതാപിയാണ് ബ്രിജ്ഭൂഷണ്‍. ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി കരാര്‍ പണികളില്‍ മസില്‍ പവര്‍ പ്രയോഗിച്ചാണ് വേരുറപ്പിച്ചത്. കൂട്ടാളിയും ബിസിനസ്സ് പങ്കാളിയുമായിരുന്ന സമാജ്വാദി ഭരണകാലത്തെ മന്ത്രിയായ പണ്ഡിറ്റ് സിങ്ങിനെ വധിക്കാന്‍ ശ്രമിച്ച കേസിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. 1993-ലാണിത്. 20 തവണയാണ് നിറയൊഴിച്ചത.് 14 മാസം നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ അന്ന് രക്ഷപ്പെട്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് പണ്ഡിറ്റ് സിങ് മരണത്തിന് കീഴടങ്ങി. ഇക്കാലത്തിനിടെ കോടതിയില്‍ ഹാജരായി പ്രതിയെ തിരിച്ചറിയാനോ മൊഴി നല്‍കാനോ ജീവനില്‍ കൊതിയുള്ളതിനാല്‍ അയാള്‍ നിന്നില്ല.
.jpg?$p=8a131cf&&q=0.8)
ഒടുവില്‍ ആ കേസില്‍നിന്ന് ബ്രിജ്ഭൂഷണ്‍ മുക്തനായി. തെളിവ് കണ്ടെടുക്കാനോ മൊഴി രേഖപ്പെടുത്താനോ ശ്രമിക്കാതെ അന്വേഷണം പോലും അട്ടിമറിച്ചതാണെന്ന് പറഞ്ഞുകൊണ്ട് തെളിവില്ലാത്തതിനാല്‍ പ്രതിയെ വിട്ടയക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഗോണ്ട ലോക്‌സഭാ സീറ്റിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ദുരൂഹമരണത്തിലും ബ്രിജ്ഭൂഷന്റെ നേര്‍ക്ക് ആരോപണം വന്നു. നിങ്ങളാണ് അത് ചെയ്തതെന്ന് വാജ്‌പേയി തന്നെ ബ്രിജ്ഭൂഷന്റെ മുഖത്ത് നോക്കിപ്പറഞ്ഞുവെന്നാണ് കഥ. 91-ലും 99-ലും ഗോണ്ട എം.പിയായിരുന്നു ബ്രിജ്ഭൂഷണ്‍. 2004-ല്‍ ബി.ജെ.പി. അവിടെ ഘന്‍ശ്യാം ശുക്ലയെ സ്ഥാനാര്‍ഥിയാക്കി. ബ്രിജ്ഭൂഷണെ ബല്‍റാംപൂരിലേക്ക് മാറ്റി. പോളിങ് ദിനത്തില്‍ കാറപകടത്തിലാണ് ശുക്ല മരിച്ചത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ബ്രിജ്ഭൂഷണ്‍ ബി.ജെ.പി. എം.പിയായി തുടര്‍ന്നു. 2008-ല്‍ യു.പി.എ. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്താണ് ബ്രിജ്ഭൂഷണ്‍ പാര്‍ട്ടിക്ക് പുറത്തായത്. പിന്നാലെ എസ്.പിയില്‍ ചേക്കേറി. 2009-ല്‍ സൈക്കിള്‍ ചിഹ്നത്തില്‍ ജയിച്ചു. വൈകാതെ വീണ്ടും ബി.ജെ.പിയിലെത്തി.
ഒരു പാര്‍ട്ടിയുടെയും മേല്‍വിലാസമില്ലെങ്കിലും ജയിക്കും. അതാണ് ബ്രിജ്ഭൂഷണ്‍ സിങ് ശരണ്‍. ആറ് തവണ ലോക്‌സഭാ എം.പിയായി. ഗുസ്തി താരങ്ങളെ പോലും വെല്ലുന്ന മസില്‍ പവര്‍. ആരെയും വിലയ്ക്കു വാങ്ങാവുന്ന മണി പവര്‍. 2011 മുതല്‍ ഗുസ്തി ഫെഡറേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി അടക്കിഭരിക്കുന്നു. ചാമ്പ്യന്‍ഷിപ്പുകളെല്ലാം നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. കണ്ണുവെട്ടിക്കാനാകില്ല. നിരീക്ഷണ കാമറകളിലൂടെ സദാ നിരീക്ഷണം. മെരുക്കേണ്ടവരെ മെരുക്കിയും വശത്താക്കേണ്ടവരെ വശത്താക്കിയുമാണ് ഇപ്പോഴും അതിന്റെ തലപ്പത്ത് തുടരുന്നത്.
വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമമാണ് പരാതി. ഒന്നല്ല നിരവധി. അതില്‍ പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ വരെ അതിക്രമത്തിനിരയായി എന്ന് പരാതിപ്പെട്ടു. പരാതി പറഞ്ഞത് ഇത്രയും പേരാണെങ്കില്‍ പറയാന്‍ ഭയക്കുന്നവരോ പറയാന്‍ മടിക്കുന്നവരോ ആയ എത്ര പേരുണ്ടാവും..! പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരാതിയോടെ സംഗതി പോക്‌സോയായി. സാധാരണഗതിയില്‍ എഫ്.ഐ.ആര്‍. ഇട്ട് അറസ്റ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടാത്ത കുറ്റം. നിയമം അതാണ് പറയുന്നത്. എന്നിട്ടും എഫ്.ഐ.ആര്‍. പോലും ഇടാന്‍ പോലീസ് മടിച്ചു.
ജന്തര്‍ മന്തറിലെ പ്രതിഷേധം നിര്‍ത്തണമെങ്കില്‍ എഫ്.ഐ.ആര്‍. ഇടണം എന്ന് പറഞ്ഞപ്പോള്‍ പോലീസ് മനസ്സില്ലാ മനസ്സോടെ തയ്യാറായി. ജനുവരി 20-ന് സമരം തുടങ്ങിയപ്പോള്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നല്‍കിയ ഉറപ്പ് ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് നിന്ന് ബ്രിജ്ഭൂഷണെ മാറ്റിനിര്‍ത്തുമെന്നാണ്. നാല് മാസം കഴിയുമ്പോള്‍ മന്ത്രി പറയുന്നത് നടപടിക്ക് അന്വേഷണം തീരാന്‍ കാത്തിരിക്കണമെന്നാണ്. രാജിയില്ല, കുറ്റം തെളിഞ്ഞാല്‍ ജീവനൊടുക്കാം എന്ന ഭീഷണിയാണ് ബ്രിജ്ഭൂഷണ്‍ പയറ്റുന്നത്. നുണപരിശോധനയ്ക്ക് തയ്യാര്‍ എന്ന വെല്ലുവിളിയും നടത്തി. ഗുസ്തി താരങ്ങള്‍ അതിന് തയ്യാറായപ്പോള്‍ പിന്നെ അനക്കമില്ല. ഭീഷണിയാണ് പ്രധാന ഐറ്റം. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച ബ്രിജ്ഭൂഷന്‍ ഒന്നുകൂടി കടത്തി പറഞ്ഞു. താന്‍ പറയാന്‍ തുടങ്ങിയാല്‍ അതൊരു സുനാമിയായിരിക്കും എന്ന്. ആരെയാണെന്നോ എന്താണെന്നോ സൂചനയില്ല. ആ സുനാമി ഭീഷണി ഏറ്റു. ഇതുവരെ വായ തുറക്കേണ്ടിയും വന്നിട്ടില്ല. പദവി രാജിവെക്കേണ്ടിയും വന്നിട്ടില്ല.
'ബ്രിജ്ഭൂഷണ് ബി.ജെ.പിയെ ആവശ്യമില്ല. ബി.ജെ.പിക്കാണ് അദ്ദേഹത്തെ വേണ്ടത്.' ഒരു പ്രാദേശിക നേതാവ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. എല്ലാം അതിലുണ്ട്. ഗോണ്ട ജില്ലയാണ് തട്ടകമെങ്കിലും സമീപത്തെ നാല് ജില്ലകളിലും സ്വാധീനമുണ്ട്. ആറ് ലോക്‌സഭാ സീറ്റില്‍ വോട്ടിന്റെ ഗതി നിര്‍ണയിക്കും, ബറൂച്ചിലും ഗോണ്ടയിലും ബല്‍റാംപുരിലും അയോധ്യയിലും വന്‍സ്വാധീനം. സ്വന്തമായി അമ്പതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആ വാക്കിന് മറുവാക്കില്ല. 'മാഫിയ എന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നു. കുട്ടികള്‍ മാതൃകാപുരുഷനായി കാണുന്നു. പണ്ടൊക്കെ ബ്രാഹ്‌മണരുടെ കാലില്‍ തൊട്ട് താന്‍ നമസ്‌കരിക്കുമായിരുന്നു. ഇപ്പോള്‍ യുവാക്കളായ ബ്രാഹ്‌മണരൊക്കെ തന്റെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നെ ഗുരുജി എന്നാണ് വിളിക്കാറ.'-ഇങ്ങനെ പോകുന്നു ബ്രിജ്ഭൂഷന്റെ അവകാശാവാദങ്ങള്‍.
ഗുസ്തി താരങ്ങള്‍് ശക്തരാണ്. അവരെ നിയന്ത്രിക്കാന്‍ ശക്തന്‍ വേണം. അതിന് തന്നേക്കാള്‍ ശക്തന്‍ വേറെയുണ്ടോ എന്നാണ് ചോദ്യം. റഫറിമാരെ നിയന്ത്രിക്കും. വിധികര്‍ത്താക്കളെ ശാസിക്കും തിരുത്തും. കളിയുടെ വിധിയും സ്വന്തം നിലയ്ക്ക് നിര്‍ണയിക്കും. വിവാദങ്ങളില്‍ അവസാനിക്കുന്ന മത്സരങ്ങളില്‍ വിജയി ആരെന്ന അന്തിമ തീര്‍പ്പ് ബ്രിജ്ഭൂഷന്റെ വകയാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പിനെത്തുന്ന താരങ്ങള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് പതിവുകാഴ്ച. സ്റ്റേജില്‍വച്ച് ഒരു താരത്തിന്റെ മുഖത്തടിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ പകുതി അടിച്ചുമാറ്റും, പകുതിയെ താരങ്ങള്‍ക്ക് കിട്ടുന്നുള്ളൂവെന്നാണ് മറ്റൊരു ആരോപണം.
.jpg?$p=7f4ab01&&q=0.8)
ബച്ചാവോ(രക്ഷിക്കൂ)....! ഡല്‍ഹിയില്‍ ഈ നിലവിളി ഉയരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളല്ല മാസങ്ങളായി. നീതി ചോദിച്ച് കെഞ്ചുന്നത് ആരൊക്കെയാണ്? ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പ് വേദിയിലും മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ, രാജ്യം എന്നും സല്യൂട്ട് ചെയ്യേണ്ട, ബഹുമാനിക്കേണ്ട ഗുസ്തി താരങ്ങളാണ് ഇങ്ങനെ നിസ്സഹായരായി നിന്ന് യാചിക്കുന്നത്. അവരോടൊപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് ലൈക്കും ഷെയറും സ്‌മൈലിയും വാങ്ങിയവര്‍ക്ക് ഇന്ന് അവരെ കാണാന്‍ നേരമില്ല. ആ കെഞ്ചലും അപേക്ഷയും ആവശ്യവും അവര്‍ക്ക് ഇപ്പോള്‍ അലോസരമാകുന്നു.
രാജ്യത്തിനായി വീറോടെ പോരാടി ശിരസ്സ് കുനിക്കാതെ ദേശീയപതാക പാറിപ്പറപ്പിച്ചവര്‍ രാഷ്ട്രീയക്കാരോട് തോല്‍ക്കേണ്ടവരാണോ? സമര്‍പ്പണവും കഠിനാധ്വാനവും കൊണ്ട് ലോകോത്തര താരങ്ങളോട് മത്സരിച്ച് പോരാടി ജയിക്കുന്നവര്‍ രാഷ്ട്രീയക്കാരുടെ ഗോദയില്‍ തോറ്റാല്‍ അത് രാജ്യത്തിനല്ലേ നാണക്കേട.് ഓര്‍മയുണ്ടോ അതീഖ് അഹമ്മദിനെ. കൊടുംക്രിമിനലായ രാഷ്ട്രീയക്കാരനായ അതീഖും സഹോദരനും പോലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. മകന്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് അതീഖും വെടിയുണ്ടയ്ക്ക് ഇരയായത്.
യു.പിയില്‍ ക്രിമിനലുകളെ അടിച്ചൊതുക്കാന്‍ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് കരഘോഷമായിരുന്നു. അതീഖിന്റെ കൊലയെ നീതി നടപ്പാക്കി എന്നായിരുന്നു വ്യാഖ്യാനം. രാഷ്ട്രീയക്കാരന്‍ തന്നെ ന്യായാധിപനായി ഭരണകൂടം തന്നെ ശിക്ഷാവിധി കല്‍പിക്കുന്ന കാലത്ത് ബ്രിജ്ഭൂഷണിലേക്ക് വരുമ്പോള്‍ നിയമം പോലും നോക്കുകുത്തിയാകുന്നു. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. തെളിവില്ലാതെ പലതില്‍ നിന്നും ഊരിപ്പോന്നു. ബുള്‍ഡോസറിന്റെ രാഷ്ട്രീയ വക്താക്കള്‍ ഇപ്പോള്‍ മൗനത്തിലാണ്.
ഇപ്പോള്‍ അവര്‍ക്ക് വിശ്വാസം അന്വേഷണത്തിലാണ്. വിചാരണയിലാണ്. കാരണം നിസ്സാരമാണ്. പ്രതിസ്ഥാനത്തുള്ളത് ഒരു എം.പിയാണ്. വെറും എം.പിയല്ല ഭരണപക്ഷത്തെ പ്രബലനാണ്. കൊല പുത്തിരിയല്ലെന്നും കൊന്നിട്ടുണ്ടെന്നും ഒരു മടിയും കൂടാതെ പറഞ്ഞുനടക്കുന്ന ക്രിമിനലായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. കൊലപാതകവും ഭീഷണിയും അടക്കം എത്ര കേസുകളുണ്ടെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമുണ്ടാവില്ല. പോക്‌സോ കേസ് ചുമത്തിയതോടെ പോക്‌സോ നിയമം തന്നെ ശരിയല്ലെന്നാണ് പ്രഖ്യാപനം. പോക്‌സോ ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിനായി സന്ന്യാസിമാരെ അടക്കം രംഗത്തിറക്കാനുള്ള നീക്കമാണ് നടത്തിയത്. ഭേദഗതി ആവശ്യപ്പെട്ട സ്ഥിതിക്ക് ഇനി പോക്‌സോ നിയമം തന്നെ റദ്ദാക്കാതിരുന്നാല്‍ മതിയായിരുന്നു.
രാജ്യസ്‌നേഹവും സ്ത്രീസുരക്ഷയും പ്രസംഗിച്ചവര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. പലരുടെയും ട്വീറ്റുകള്‍ക്ക് ഇപ്പോള്‍ ക്ഷാമമാണ്. ചിലര്‍ ഈ സമയം ചിരിയുടെ അംബാസിഡര്‍മാരാകുന്നു. അഭിമാനതാരങ്ങള്‍ വെയിലത്ത് നീതിക്കായി തെരുവില്‍ നില്‍ക്കുമ്പോള്‍ ആരാധനാമൂര്‍ത്തികളായ മറ്റ് സൂപ്പര്‍ താരങ്ങള്‍ പലരും ട്വീറ്റ് ചെയ്യാനും പ്രതികരിക്കാനും ഭയന്നുനില്‍ക്കുന്നു. ഒപ്പമുണ്ട് എന്ന് പറഞ്ഞാല്‍ ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കെടുപ്പാണ് അവര്‍ നടത്തിയിട്ടുണ്ടാവുക.
ഒറ്റപ്പെട്ട ചില ശബ്ദം മാത്രം പിന്തുണയായി വന്നു. അവര്‍ ഇ.ഡിയുടെ റഡാറിലാണോ ആവോ. ഒളിമ്പിക് വേദിയിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ തിളക്കമായിരുന്ന ആ നക്ഷത്രങ്ങളെ എന്തിനാണ് വെയിലത്ത് നിര്‍ത്തിയിരിക്കുന്നത്. നീതി ചോദിക്കുമ്പോള്‍ കലാപകാരികളാക്കി മുദ്രകുത്തി വലിച്ചിഴച്ചത്. ഗോദയില്‍ അവര്‍ ശരീരം കൊണ്ട് വീറോടെ പോരാടിയവരാണ്. ഇന്നോളം ക്രിക്കറ്റും ഫുട്‌ബോളും ടെന്നീസും ചെസ്സും ഒക്കെ കളിച്ചിട്ടില്ലാത്തവര്‍ തലപ്പത്ത് ഇരിക്കുന്ന കായിക സംഘടനകള്‍ ഇന്ത്യയിലെ പോലെ ലോകത്ത് വേറെ എവിടെയെങ്കിലും കാണുമോ. കളിയറിയാത്തവര്‍ നയിക്കുന്ന കായിക സംഘടനകള്‍ താരങ്ങളെ സൃഷ്ടിക്കാനുള്ളതാണോ. ഇഷ്ടക്കാരെ മീറ്റിന് കൊണ്ടുപോകാനും ടൂറടിക്കാനും അവസരമൊരുക്കുന്ന കായിക രാഷ്ട്രീയം എത്രകാലമായി തുടരുന്നു.
അതിനിടയില്‍ വല്ലപ്പോഴുമാണ് ഒരു സാക്ഷി മാലിക്കും ഒരു വിനേഷ് ഫോഗട്ടും പ്രതീക്ഷയുടെ മുകളങ്ങളായി കടന്നുവരുന്നത്. കഠിനപാതകള്‍ പിന്നിട്ട് പലതും സഹിച്ച് ഒരു മെഡല്‍ നേടിത്തരുന്നത്. അവര്‍ ശബ്ദിക്കുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല. ഭാവി തലമുറയ്ക്ക് വേണ്ടിയാണ്. അതും ഇല്ലാതാക്കരുത്. തല്ലിക്കൊഴിക്കരുത്. അടുത്ത കായിക തലമുറയെ കരുതിയെങ്കിലും. പ്രതിഷേധത്തിലേക്ക് ആട്ടിത്തെളിക്കേണ്ടതാണോ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശയസ്സുയര്‍ത്തിയ താരങ്ങളെ. അതോ അവര്‍ നേടിയ മെഡലുകള്‍ ഗംഗയിലേക്ക് എടുത്തെറിയേണ്ടതോ. നേടുന്ന സ്‌കോറിലും ചൂടുന്ന കിരീടത്തിലും അണിയുന്ന മെഡലിനും കരഘോഷങ്ങള്‍ സൃഷ്ടിക്കാം. ഗതികേടിനും നിസ്സഹായതയ്ക്കും എന്നും ഭാഷ മൗനമാവില്ല.
Content Highlights: brijbhushan sharan singh, wfi, vinesh bhogat, Bajrang Punia, sakshi malik
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..