ബ്രിജ്ഭൂഷണും ഗുസ്തി താരങ്ങള്‍ക്കും 'നാര്‍ക്കോ' കടമ്പ; നുണപരിശോധനയുടെ നിയമസാധുതയും വെല്ലുവിളിയും


കെ.പി നിജീഷ് കുമാര്‍ | nijeeshkuttiadi@mpp.co.in

6 min read
Read later
Print
Share

ബ്രിജ്ഭൂഷൺ ശരൺ സിങ്ങ്‌, വിനേഷ് ഫോഗട്ട് ,സാക്ഷി മാലിക് എന്നിവർ | ഫോട്ടോ: എ.എൻ.ഐ

ലൈംഗിക ആരോപണക്കേസില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് എന്ന ബിജെപി എം.പിക്കെതിരേ നടപടിയാവശ്യപ്പെട്ട് രാജ്യാന്തര ഗുസ്തി താരങ്ങള്‍ നടത്തിവരുന്ന രണ്ടാംഘട്ട സമരം ഒരുമാസം പിന്നിടുമ്പോള്‍ സമരം പുതിയ രാഷ്ട്രീയമാനം കൈവരിക്കുകയാണ്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വളയാനുള്ള തീരുമാനത്തിന് പിന്തുണ തേടി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തിയിരിക്കുകയാണ് താരങ്ങള്‍. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കര്‍ഷക സമരത്തിന്റെ സമാന രൂപത്തിലേക്ക് സമരത്തെ മാറ്റുകയെന്ന ലക്ഷ്യവും താരങ്ങള്‍ക്കുണ്ട്. ഇതിനിടെ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് താരങ്ങളും ബ്രിജ്ഭൂഷണും സമ്മതിച്ചിട്ടുമുണ്ട്. നേരത്തേയും വിവിധ കേസുകളുമായി ബന്ധപ്പെട്ട് നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. എന്താണ് നുണപരിശോധന? അതിന്റെ നിയമസാധുതയെന്താണ്?

  • സാങ്കല്‍പ്പികത മായ്ച്ച് കളയുന്ന പരിശോധന
നുണപരിശോധന നടത്താനായി മൂന്നുതരത്തിലുള്ള മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്, ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റ്. ഇതിൽ ഒന്നാമത്തേതാണ് പോളിഗ്രാഫ് ടെസ്റ്റ്. 1921-ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ജോണ്‍ അഗസ്റ്റസ് ലാര്‍സണാണ് ഈ പരീക്ഷണരീതി കണ്ടുപിടിച്ചത്. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തില്‍ സെന്‍സറുകള്‍ പോലെയുള്ള ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രതിയുടെ രക്തസമ്മര്‍ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങള്‍ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഈ പരിശോധനയില്‍ അന്തിമ നിഗമനത്തില്‍ എത്തുന്നത്. വിവിധ ചോദ്യങ്ങളോട് അറിയാതെതന്നെ പ്രസ്തുത വ്യക്തിയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ആ വ്യക്തി പറയുന്നത് സത്യമാണോ നുണയാണോ എന്നുള്ള നിഗമനത്തില്‍ വിദഗ്ധര്‍ എത്തിച്ചേരുന്നത്. പറയുന്നത് കള്ളമാണെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങളിലെല്ലാം വ്യത്യാസം വരും. അതനുസരിച്ച് പരിശോധനയ്ക്ക് വിധേയനാകുന്നയാള്‍ നുണപറയുകയാണെന്ന് മനസ്സിലാക്കുന്നു.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് | ഫോട്ടോ: എ.എന്‍.ഐ

  • നാര്‍ക്കോ അനാലിസിസ്
ഒരു വ്യക്തിയുടെ സാങ്കല്‍പികതയെ മരുന്ന് കുത്തിവെച്ച് മായ്ച്ചുകളഞ്ഞ് ചോദ്യം ചെയ്യുന്ന രീതിയാണ് നാര്‍ക്കോ അനാലിസിസ് രീതി. സോഡിയം പെന്റോഥോള്‍ എന്ന മരുന്ന് വ്യക്തിയുടെ ശരീരത്തില്‍ കുത്തിവെക്കുകയും ഇത് ആ വ്യക്തിയെ ഹിപ്നോട്ടിക് അവസ്ഥയിലേക്ക് മാറ്റുകയും ചെയ്യുന്നു. പാതി മയക്കത്തിലാവുന്ന വ്യക്തിക്ക് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി മനഃപൂര്‍വം സങ്കല്‍പിച്ച് കള്ളം പറയാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഓപ്പറേഷന്‍ ആവശ്യത്തിനായിട്ടാണ് സോഡിയം പെന്റോഥോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതാണ് ചെറിയ ഡോസില്‍ ഇത്തരം പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് വിവിധ മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റുകള്‍ ഈ പരിശോധന വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

  • ട്രൂത്ത് സിറം അഥവാ സത്യമരുന്ന്
1922-ല്‍ ഹോഴ്‌സിലി എന്ന അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് നാര്‍ക്കോ അനാലിസിസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പരിശോധനയ്ക്ക് വിധേയരാക്കുന്നവരില്‍ കുത്തിവെക്കുന്ന മരുന്നിനെ ട്രൂത്ത് സിറം എന്നും അറിയിപ്പെടുന്നു. വിലക്കുകളോ ആത്മനിയന്ത്രണമോ ഇല്ലാതെ സത്യസന്ധമായി ഉത്തരം നല്‍കത്തക്ക രീതിയില്‍ വ്യക്തികളുടെ തലച്ചോറില്‍ രാസമാറ്റമുണ്ടാക്കാന്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന ഈ മരുന്നുകള്‍ക്ക് കഴിയും. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് ഉറപ്പിക്കാന്‍ കഴിയുകയില്ല.

ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് നടന്ന മാര്‍ച്ച് | ഫോട്ടോ: എ.എന്‍.ഐ

വേണ്ടത്ര മുന്‍കരുതലില്ലാതെ ഈ ട്രൂത്ത് സിറങ്ങള്‍ കുത്തിവെച്ചാല്‍ മരണംവരെ സംഭവിക്കാനിടയുണ്ട്. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരില്‍ വളരെ സൂക്ഷിച്ചുമാത്രമേ ഈ പരിശോധന നടത്താറുള്ളൂ. അതുകൊണ്ടുതന്നെ ഇതിന് വിധേയരാക്കപ്പെടുന്നവരുടെ സമ്പൂര്‍ണമായ പിന്തുണയാണ് ആദ്യം വേണ്ടത്. വ്യക്തികളുടെ സമ്മതമില്ലാതെ പരിശോധന നടത്താന്‍ പാടില്ലന്നും നിയമം പറയുന്നു.

  • ബ്രെയിന്‍ മാപ്പിംഗ്
മൂന്നാമത്തെ രീതിയാണ് ബ്രെയിന്‍ മാപ്പിംഗ്. മുഖത്തും കഴുത്തിലും സ്ഥാപിക്കുന്ന ഇലക്‌ട്രോഡുകള്‍ വഴി ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തിയുടെ ന്യൂറല്‍ ഘടന വിലയിരുത്തുകയാണ് ചെയ്യുന്നത്. വ്യക്തിയുടെ ന്യൂറോണ്‍ തരംഗം അളന്നാണ് ബ്രെയിന്‍ മാപ്പിംഗ് നടത്തുന്നത്. ചോദ്യം ചെയ്യപ്പെടേണ്ട സംഭവങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ വ്യക്തി കള്ളം പറയുകയാണെങ്കില്‍ ഉണ്ടാകുന്ന ന്യൂറോണ്‍ തരംഗത്തിന്റെ വ്യത്യസ്തത മനസ്സിലാക്കിയാണ് ഇത് തെളിയിക്കുന്നത്. ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തിയുടെ രക്തസമ്മര്‍ദം, നാഡീസ്പന്ദനം, ശ്വാസഘടന, തുടങ്ങി നിരവധി കാര്യങ്ങള്‍ പരിശോധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2002 ഗുജറാത്ത് വംശഹത്യാക്കേസ്, അബ്ദുള്‍കരീം തെല്‍ഗിയുടെ വ്യാജ മുദ്രപ്പത്രക്കേസ്, 2007-ലെ നിതാരി കൊലപാതകം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അജ്മല്‍ കസബിന്റെ ചോദ്യം ചെയ്യല്‍ എന്നവയിലെല്ലാം നുണപരിശോധനാ അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ സഹായിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുപ്രീംകോടതി| ഫോട്ടോ: എ.എന്‍.ഐ

  • നുണപരിശോധനയും സുപ്രീംകോടതിയും
വ്യക്തിയുടെ സമ്മതമോ അറിവോ ഇല്ലാതെ അയാളെ നുണപരിശോധനയ്ക്ക് വിധേയരാക്കരുതെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പരിശോധനയ്ക്ക് വിധേയനാക്കുമ്പോള്‍ നിയമജ്ഞന്റെ സഹായം തേടണം. ഒപ്പം പരിശോധനയ്ക്കിടെയുണ്ടാവുന്ന ശാരീരിക, മാനസിക അവസ്ഥയെകുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. 2010ല്‍ സെല്‍വി ആന്റ് കര്‍ണാടക സ്‌റ്റേറ്റ് കേസിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍, ജെ.എം പഞ്ചാല്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 2020-ല്‍ ദേശീയമനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമജ്ഞന്റെ നിര്‍ദേശപ്രകാരമല്ലാതെ നേരിട്ട് നടത്താനും കഴിയില്ല. വ്യക്തിയുടെ പ്രായം, ലിംഗം, ആരോഗ്യം, മറ്റ് ശാരീരിക അവസ്ഥ എന്നിവയെല്ലാം പരിശോധനയില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വ്യക്തിക്കെതിരേയുള്ള നിര്‍ബന്ധിച്ചുള്ള പരിശോധന സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായിരിക്കുമെന്നും അതവരുടെ മാനസികാവസ്ഥയെ വരെ തകരാറിലാക്കുമെന്നും കോടതി വിലയിരുത്തിയിരുന്നു. 2002-ല്‍ ഗോദ്ര കേസിലാണ് നാര്‍ക്കോ അനാലിസിസ് ആദ്യമായി ഉപയോഗിച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

  • പ്രതി അല്ലെങ്കില്‍ സാക്ഷി സ്വമേധയാ സമ്മതം നല്‍കുകയാണെങ്കില്‍ മാത്രമേ നുണ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ.
  • പ്രതി/സാക്ഷി നുണ പരിശോധനയ്ക്ക് തയ്യാറാണെങ്കില്‍ പ്രതിക്ക് അയാളുടെ അഭിഭാഷകനെ കാണാനും പോളിഗ്രാഫ് ടെസ്റ്റിന്റെ ശാരീരികവും മാനസികവും നിയമപരവുമായ വിശദാംശങ്ങള്‍ പോലീസും അഭിഭാഷകനും പറഞ്ഞു നല്‍കേണ്ടതുമാണ്.
  • നുണ പരിശോധനയ്ക്കുള്ള സമ്മതം ഒരു മജിസ്ട്രേറ്റിന്റെ മുന്‍പാകെ രേഖപ്പെടുത്തേണ്ടതാണ്. മജിസ്ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കി മൊഴിയെടുക്കുമ്പോള്‍ ഒരു അഭിഭാഷകന്റെ സേവനം നിര്‍ബന്ധമായും അനുവദിക്കേണ്ടതാണ്. പൊലീസിന് നല്‍കിയ ഒരു മൊഴിയായി മാത്രമേ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി പരിഗണിക്കേണ്ടതുള്ളൂ പ്രതിയുടെ കുറ്റസമ്മത മൊഴിയായി പരിഗണിക്കാന്‍ പാടുള്ളതല്ല.
  • അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെട്ട സമയവും ചോദ്യംചെയ്യലിന്റെ വിശദാശങ്ങളും മജിസ്ട്രേറ്റ് വിശദമായി പരിശോധിക്കേണ്ടതാണ്. പ്രതിയുടെ /സാക്ഷിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ആശുപത്രി പോലൊരു സ്വതന്ത്ര ഏജന്‍സി മാത്രമേ നുണ പരിശോധന നടത്താന്‍ പാടുള്ളൂ.
    പരിശോധനയുടെ എല്ലാ ശാസ്ത്രീയ സാങ്കേതിക വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്
ജന്തര്‍ മന്ദറിനു മുന്നില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍, ബ്രിജ്ഭൂഷണ്‍ | ഫോട്ടോ: എഎന്‍ഐ, പിടിഐ

  • കൃത്യത എത്രമാത്രം
വിവിധ തരത്തിലുള്ള നുണ പരിശോധനാരീതികളാണ് നിലവിലുള്ളതെങ്കിലും ഇതൊരിക്കലും നൂറ് ശതമാനം കൃത്യമായ ഫലമല്ല ഇതുവരെ നല്‍കിയിട്ടുള്ളത്. കൃത്യതയോടെയുള്ള റിസൾണ് ഇതെന്ന്‌ ശാസ്ത്രീയമായി അംഗീകരിച്ചിട്ടുമില്ല. പലപ്പോഴും പിഴവ് പറ്റിയ ചരിത്രവുമുണ്ട്. ചില പ്രത്യേക മാനസികാവസ്ഥയിലുള്ള വ്യക്തികളില്‍ ഈ പരീക്ഷണങ്ങളൊന്നും ഫലപ്രദമാവില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെയുള്ള ചോദ്യം ചെയ്യല്‍ കുറ്റസമ്മതമായി പരിഗണിക്കുന്നില്ലെങ്കിലും പരിശോധനയ്ക്കിടെ വ്യക്തി പറയുന്ന സ്ഥലം, ചില സംഭവങ്ങളില്‍ ആയുധമുപയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം എന്നിവയിലേക്കെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമാവുന്നുമുണ്ട്.

  • ബ്രിജ്ഭൂഷണ്‍ കേസ് ഇതുവരെ
ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങും ചില പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് മുപ്പതോളം ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടങ്ങിയത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സരിത മോര്‍, സംഗീത ഫോഗട്ട്, ജിതേന്ദര്‍ കിന്‍ഹ, സുമിത് മാലിക്ക് തുടങ്ങി മുപ്പതോളം കായിക താരങ്ങള്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു.

ലഖ്നൗവിലെ ദേശീയ ക്യാമ്പില്‍ നിരവധി പരിശീലകര്‍ വര്‍ഷങ്ങളായി വനിതാ താരങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരം താരങ്ങളെ സമീപിക്കുന്ന കുറച്ച് സ്ത്രീകള്‍ ക്യാമ്പിലുണ്ടെന്നുമായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആരോപണം.

ബ്രിജ്ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തതായി താരങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇത്തരം ചൂഷണങ്ങള്‍ തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെങ്കിലും ഫെഡറേഷനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയിരുന്നു. കായിക താരങ്ങളുടെ സ്വകാര്യ ജീവിതത്തില്‍വരെ ഫെഡറേഷന്‍ ഇടപെട്ടുവെന്നും പ്രതിഷേധത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഫെഡറേഷന്‍ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റുന്നവരെ ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ബജ്​രങ് പൂനിയയും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ നിഷേധിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം ഇവരൊന്നും പ്രതികരിക്കാതിരുന്നതെന്നും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഫെഡറേഷന്‍ തയ്യാറാണെന്നുമായിരുന്നു ബ്രിജ്ഭൂഷന്റെ പ്രതികരണം.

സമരത്തിനെത്തിയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നു | ഫോട്ടോ: എ.എന്‍.ഐ

വിവാദങ്ങള്‍ പുത്തരിയല്ല പഴയ ഗുസ്തി താരവും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്. എവിടെ നിന്നാലും ഏത് പാര്‍ട്ടിക്കൊപ്പമായാലും തന്നെ ജയിപ്പിക്കാന്‍ താന്‍ തന്നെ ധാരാളമെന്ന ആത്മവിശ്വാസമാണ് ശക്തി. അത് പലപ്പോഴും ബ്രിജ് ഭൂഷണ്‍ തനിക്കെതിരേ മത്സരിച്ച പാര്‍ട്ടിക്കാര്‍ക്ക് കാണിച്ചുകൊടുത്തിട്ടുമുണ്ട്. ലോക്സഭാ എം.പി സ്ഥാനം എന്നതിനപ്പുറം ഗുസ്തിയുടെ സംഘടനാ തലവനായി തന്നെ അദ്ദേഹത്തെ നിയോഗിക്കുന്നതില്‍ ബി.ജെ.പി. നിര്‍ബന്ധിതനായതും ഈ എം.പിയുടെ പവര്‍ പൊളിറ്റിക്സ് തിരിച്ചറിഞ്ഞു തന്നെയാണ്.

ബ്രിജ് ഭൂഷണെതിരേ 2023 ജനവരി മാസം ആരംഭിച്ച സമരമാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആരംഭിച്ചത്. താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കുമെന്ന ഉറപ്പിന്‍മേലായിരുന്നു മൂന്ന് ദിവസത്തെ സമരം അന്ന് ജനുവരി 21 ന് താരങ്ങള്‍ അവസാനിപ്പിച്ചതെങ്കിലും വാക്കുകള്‍ പാലിക്കാതായതോടെ സമരം പുനഃരാരംഭിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബ്രിജ്ഭൂഷന്റെ സ്വാധീനം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഇപ്പോഴും നടപടിയെടുക്കാന്‍ തയ്യാറാവുന്നുമില്ല.

പത്ത് വര്‍ഷത്തില്‍ അധികമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തുടരുന്ന ബ്രിജ് ഭൂഷണ് അയോധ്യയടക്കമുള്ള സ്ഥലങ്ങളില്‍ വലിയ പിന്തുണയാണുള്ളത്. യു.പിയിലെ ആറ് ജില്ലകളിലെങ്കിലും സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്തിട്ടുണ്ട് ഇയാൾ. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് ഈ മുന്‍ ഗുസ്തി താരത്തെ അങ്ങനെ പിണക്കാനും കഴിയില്ല. ഇതാണ് ദേശീയ ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ ഉന്നയിച്ച ആരോപണത്തില്‍ മൂന്ന് മാസം തികഞ്ഞിട്ടും നടപടിയെടുക്കാന്‍ ഇപ്പോഴും ബി.ജെ.പി. മടിക്കുന്നത്. രണ്ടാം ഘട്ട സമരം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടും നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ സമരത്തിന് പിന്തുണ തേടി വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം ആരംഭിച്ചിട്ടുള്ളത്. ഇതിനിടെയാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് താരങ്ങളും ബ്രിജ്ഭൂഷണും അറിയിച്ചിട്ടുള്ളത്.

Content Highlights: Brij Bhushan Saran Singh Wrestling Strike and Narco Analysis Test

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cial
Premium

7 min

മണ്ടന്‍ ആശയമല്ല, പിച്ച തെണ്ടി ഉണ്ടാക്കിയതല്ല; ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി സിയാല്‍ മോഡല്‍

May 30, 2023


court
Premium

11 min

പൊട്ടിക്കരച്ചിലും ബഹളംവെക്കലും രക്ഷപ്പെടലുമല്ല പ്രതിവിധി; മാറേണ്ടത് 'പുരുഷവിധി'കൾ

Jul 28, 2023


വന്ദേഭാരത്
Premium

9 min

വന്ദേഭാരത് മാത്രമല്ല, പാസഞ്ചര്‍ മുതല്‍ മഹാരാജ വരെ; ഇന്ത്യയിലെ പ്രധാന തീവണ്ടികളിതാ

May 16, 2023


Most Commented