ബ്രിജ്ഭൂഷണ് മുന്നില്‍ എല്ലാം വഴി മാറും, ഇനി സന്യാസിമാരുടെ മാർച്ച്; മാറ്റുമോ കേന്ദ്രം പോക്‌സോ നിയമം?


കെ.പി നിജീഷ് കുമാര്‍ | nijeeshkuttiadi@mpp.co.in

7 min read
Read later
Print
Share

നീതിക്ക് വേണ്ടി എത്ര തവണയാണ് ഒരു സ്ത്രീ ശബ്ദമുയര്‍ത്തേണ്ടത്?  മരണം വരെ വേണോ എങ്കില്‍ അതിനും ഞങ്ങള്‍ തയ്യാറാണ്.

ബ്രിജ്ഭൂഷൺ ശരൺ സിങ് |ഫോട്ടോ: എ.എൻ.ഐ

കനത്ത ചൂടിനെ അവഗണിച്ച് ഒരു മാസത്തോളം ഞങ്ങള്‍ രാജ്യതലസ്ഥാനത്തെ നടപ്പാതയില്‍ കിടന്നു. ഞങ്ങളുടെ രക്തം കുടിച്ച് കൊതുകിന് പോലും മടുത്തു. വൃത്തിയില്ലാത്ത ശൗചാലയങ്ങള്‍ ശീലമായി. ഇരുട്ടു പരക്കുമ്പോള്‍ തെരുവുപട്ടികള്‍ പോലും രക്ഷകരെ പോലെ അടുത്തിരുന്നു. രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയവരാണ്. അന്താരാഷ്ട്ര വേദികളില്‍ ദേശീയഗാനം ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ ത്രിവര്‍ണപതാകയെ അഭിമാനപൂര്‍വം ചേര്‍ത്ത് നിര്‍ത്തിയവരാണ്. ഞങ്ങള്‍ ഈ പോരാട്ടം നടത്തിയത് സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. ഞങ്ങളെ പോലെ നീതി തേടുന്ന സഹോദരിമാര്‍ക്ക് വേണ്ടിയായിരുന്നു. പക്ഷെ, നീതിയുടെ ചക്രം ഞങ്ങളില്‍നിന്ന് പതിയെ നിരങ്ങി നീങ്ങിപ്പോയി. നീതി തരേണ്ടവര്‍ തന്നെ പ്രതിയെ സംരക്ഷിക്കുന്നത് കണ്‍മുന്നില്‍ കാണേണ്ടി വരുമ്പോള്‍ ഇനി ആരിലാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടത്....!

ഒരിക്കല്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ വിനേഷ് ഫൊഗട്ടും സാക്ഷി മാലിക്കുമടക്കുള്ള ഗുസ്തിതാരങ്ങള്‍ രാജ്യത്തിന് മുന്നില്‍ വന്ന്, കൈകൂപ്പി, തെരുവില്‍ കിടന്ന് ഈ ചോദ്യം ചോദിക്കുമ്പോള്‍ തലകുനിച്ച് മാറി നില്‍ക്കേണ്ടി വരികയാണ് നമ്മള്‍ക്ക്. കാരണം പോക്‌സോ കേസടക്കമുള്ള ആരോപണങ്ങളെ അപ്പാടെ അവഗണിച്ച് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങെന്ന ബി.ജെ.പി എം.പിക്ക് വേണ്ടി പെണ്‍കുട്ടികളടക്കമുള്ള താരങ്ങളെ സര്‍ക്കാര്‍ തെരുവില്‍ തീവ്രവാദികളെ പോലെ വലിച്ചഴക്കുമ്പോള്‍ എവിടെ നരേന്ദ്ര മോദിയുടെ ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

വിനേഷ് ഫൊഗട്ട് | ഫോട്ടോ: എ.എന്‍.ഐ

ഒരാള്‍ക്കെതിരേ പോക്‌സോ കേസ് ആരോപണം ഉയര്‍ന്നാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടനടി കേസെടുക്കണമെന്ന നിയമമുള്ള രാജ്യത്താണ് ഇതിനെ മറികടന്നുകൊണ്ട് പ്രതിക്കുവേണ്ടി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നാണ് ദൗര്‍ഭാഗ്യകരം. താരങ്ങളുടെ ആരോപണത്തിന് ചെവി കൊടുക്കുന്നതിന് പകരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നാണ് ബ്രിജ്ഭൂഷണ്‍ പറയുന്നത്. ഇതിനായി ജൂണ്‍ അഞ്ചിന് അയോധ്യയില്‍ സന്യാസിമാരുടെ മാര്‍ച്ച് നടത്താനുമൊരുങ്ങുകയാണ്. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഷ്ട്രീയക്കാരും സന്യാസികളുമടക്കമുള്ളവര്‍ ഇതില്‍ ഇരയാവുന്നുമെന്നുമാണ് ബ്രിജ്ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തില്‍ ബ്രിജ്ഭൂഷന്റെ ആവശ്യം പരിഗണിച്ച് ഒരു പക്ഷേ, നിയമം തന്നെ മാറ്റിയെഴുതാനും സര്‍ക്കാര്‍ മടിക്കില്ല. കാരണം അവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ് കൈസർഗഞ്ചിലെ മുടിചൂടാമന്നനായ ഈ മെംബർ ഓഫ് പാർലമെന്റ്‌.

പോക്‌സോ കേസില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ജൂണ്‍ അഞ്ചിന് നടത്താനിരിക്കുന്ന സന്യാസി മാര്‍ച്ചില്‍ പതിനൊന്ന് ലക്ഷത്തോളം സന്യാസിമാര്‍ പങ്കെടുക്കുമെന്നാണ് ബ്രിജ്ഭൂഷണ്‍ അറിയിച്ചിരിക്കുന്നത്. രാമജന്മഭൂമി സമര നായകനെന്ന പേരില്‍ ജയില്‍വാസം വരെ അനുഷ്ഠിക്കേണ്ടി വന്ന ബ്രിജ്ഭൂഷണ് സന്യാസിമാരെ സംഘടിപ്പിക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. സന്യാസിമാരുടെ നേതൃത്വത്തില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. എല്ലാ വശങ്ങളും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നുമായിരുന്നു ബ്രിജ്ഭൂഷന്റെ പ്രതികരണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലടക്കം സന്യാസിമാര്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥിതിക്ക് അവർ നടത്താനിരിക്കുന്ന സമരത്തെ ഇനി കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്. ഇതിനിടെ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മേല്‍നോട്ടത്തിന് മേരി കോം അധ്യക്ഷയായ സമിതിയേയും രൂപീകരിച്ചിരുന്നു. ലൈംഗിക, സാമ്പത്തിക ആരോപണങ്ങളും കമ്മിറ്റിയുടെ അന്വേഷണപരിധയിൽ വരും. കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല.

സാക്ഷി മാലിക്കിനെ അറസ്റ്റ് ചെയ്യുന്ന പോലീസ് | ഫോട്ടോ: എ.എന്‍.ഐ

പോക്‌സോ കേസ് നിയമം ഇങ്ങനെ

ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (POCSO- പോക്‌സോ) എന്ന കേന്ദ്ര നിയമം 2012-ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരിയേയുള്ള ലൈംഗികാതിക്രമം തടയുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം. നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍നിന്ന് വ്യത്യസ്തമായി, ലൈംഗിക അതിക്രമം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റകൃത്യമായി കാണുന്നുവെന്നതാണ് പോക്സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

പോക്സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍നിന്ന് തലയൂരാനുളള സാധ്യതകളും പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ല. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക. കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവുശിക്ഷ എട്ടു വര്‍ഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലും പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനമായ ശിക്ഷ ലഭിക്കും.

ഗുസ്തി താരങ്ങള്‍ക്കെതിരേ നടന്ന പോലീസ് നടപടി |ഫോട്ടോ: എ.എന്‍.ഐ

കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്സോയുടെ മറ്റൊരു പ്രത്യേകത. കുട്ടിയെ തിരിച്ചറിയുവാന്‍ സാധിക്കുന്ന പേരോ ഫോട്ടോയോ ദൃശ്യങ്ങളോ മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല, മാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന വാര്‍ത്ത വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.

നിയമം ഇത്ര കര്‍ശനമാണെന്നിരിക്കെയാണ് ഇതേ പോക്‌സോ വകുപ്പ് പ്രകാരം കുറ്റം ചെയ്തുവെന്ന് ആരോപണമുന്നയിച്ച് തെരുവില്‍ സമരം നടത്തിയ താരങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നു മാത്രമല്ല, ഉരുക്കുമുഷ്ടി ഉപയോഗിച്ച് സമരത്തെ പരാജയപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായി. പെണ്‍കുട്ടികളുടെ ആരോപണത്തെ അപ്പാടെ അവഗണിച്ച്, പകരം മണിപവറും മസില്‍ പവറും കൊണ്ട് ആര്‍ക്കൊപ്പം നിന്നാലും ജയിക്കാമെന്ന ബ്രിജ്ഭൂഷന്റെ ആത്മവിശ്വാസത്തെയാണ് ബി.ജെ.പി. പരിഗണിച്ചത്. തെരുവില്‍ താരങ്ങളെ പോലീസ് ക്രിമിനല്‍ സംഘത്തെ പോലെ വലിച്ചഴിച്ച് വണ്ടിയിലിടുന്ന അതേസമയം അതിന്റെ അരക്കിലോമീറ്റര്‍ അപ്പുറത്ത് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്ത് കൂടുതല്‍ കരുത്തനാണെന്ന് തെളിയിക്കുകയായിരുന്നു ബ്രിജ്ഭൂഷൺ.

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി എത്തിയവരെ പോലീസ് തടഞ്ഞപ്പോള്‍ | ഫോട്ടോ: എ.എന്‍.ഐ

പ്രശ്‌നപരിഹാരത്തിന് പകരം സമരപന്തല്‍ പൊളിച്ച് നീക്കി. കലാപാഹ്വാനത്തിന് കേസെടുത്തു. വിഷയത്തില്‍ ഇടപെട്ട കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറടക്കം ചോദിച്ചത് ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്നാണ്. ഇതോടെയാണ് എന്തിനായിരുന്നു ഈ മെഡല്‍നോട്ടമെന്ന ചോദ്യം താരങ്ങള്‍ മുന്നോട്ടുവെച്ചതും ഒരിക്കല്‍ നെഞ്ചോട് ചേര്‍ത്ത് ത്രിവര്‍ണപതാക ചൂടി സ്വീകരിച്ച മെഡലുകള്‍ ഗംഗയില്‍ എറിഞ്ഞുകളായാന്‍ തീരുമാനിച്ചതും. ഈ കാഴ്ച ലോകത്തിന് മുന്നില്‍ രാജ്യത്തിന് തലകുനിക്കാനുള്ള അവസരമാണുണ്ടാക്കിയത്.

ജനുവരിയില്‍ ജന്തര്‍ മന്തറില്‍ സമരം തുടങ്ങുമ്പോള്‍ സമരം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച ഞങ്ങളെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്ന് കരുതി. ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പില്‍ സമരം പോലും നിര്‍ത്തി. പക്ഷെ, എല്ലാം കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു. നീതിക്ക് വേണ്ടി എത്ര തവണയാണ് ഒരു സ്ത്രീ ശബ്ദമുയര്‍ത്തേണ്ടത്? മരണം വരെ വേണോ? എങ്കില്‍ അതിനും ഞങ്ങള്‍ തയ്യാറാണ്. ഈസമരത്തില്‍ പലതും നഷ്ടപ്പെടുമെന്ന നല്ല ബോധ്യമുണ്ട്. കഴിഞ്ഞ കുറേ മാസങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് കണ്ണുനീരാണ്. മാനസികമായ ട്രോമയാണ്. നീതിക്ക് വേണ്ടി ഇനിയും പോരാടും. അതിന് വേണ്ടി എന്തും ത്യജിക്കാനും തയ്യാറാണ്, നീതിക്കൊപ്പമില്ലാതെ ജന്തര്‍ മന്തറില്‍നിന്നും ഇനിയൊരു പിന്നോട്ടുപോക്കില്ല- വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടുന്നു.

ശബ്ദമില്ലാതായിപ്പോയ കായികലോകം

ലൈംഗിക ആരോപണം ഉന്നയിച്ച് ജന്തര്‍ മന്തറില്‍ നീതി തേടി ഗുസ്തി താരങ്ങള്‍ സമരമിരുന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും കായികലോകത്ത് നിന്നുള്ള വലിയ പിന്തണ ഇവര്‍ക്ക് ലഭിച്ചില്ലെന്നതാണ് സത്യം. ഗുസ്തി തരങ്ങള്‍ക്കിടയില്‍നിന്ന് പോലും പൂര്‍ണപിന്തുണ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും സമരത്തിനിരിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്തിന് വിനേഷ് ഫൊഗട്ടിന്റെ അര്‍ധ സഹോദരിയും ഗുസ്തിതാരവുമായ ബബിത ഫോഗട്ട് പോലും സമരത്തിനെതിരേ രംഗത്ത് വരുന്ന കാഴ്ചയും കാണേണ്ടി വന്നു. ബി.ജെ.പി. ടിക്കറ്റില്‍ ഹരിയാനയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ബബിതയോട് സമരത്തെ പിന്തുണച്ചില്ലെങ്കിലും തളര്‍ത്തുന്ന നിലപാടെടുക്കരുതെന്ന് വിനേഷ് ട്വിറ്ററിലൂടെ അപേക്ഷിക്കേണ്ടിയും വന്നു.

ഗുണ്ടോം കാ ഗുണ്ടയെന്നാണ് രാഷട്രീയ ഗോധയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് അറിയപ്പെടുന്നത്. എന്തുകൊണ്ട് വിഷയത്തില്‍ ഇതുവരെ പരാതി നല്‍കിയില്ലെന്ന ബ്രിജ്ഭൂഷന്റെ ചോദ്യത്തിനുള്ള ഉത്തരവും ഇത് തന്നെയായിരുന്നു. ഞങ്ങള്‍ ഗ്രാമങ്ങളില്‍നിന്നു വരുന്നവരാണ്. പോലീസിനെ ഞങ്ങള്‍ക്കും കുടുംബത്തിനും പേടിയാണ്, എഫ്.ഐ.ആറിട്ടാല്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. ഞങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളും ആക്രമിക്കപ്പെട്ടേക്കാം. കാരണം അത്ര മാത്രമാണ് ബ്രിജ്ഭൂഷന്റെ പിടിപാട്. വിനേഷ് ഫൊഗട്ട് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയപ്പോള്‍ | ഫോട്ടോ: എ.എന്‍.ഐ

അഘാഡ മുതല്‍ ലോക്സഭവരെ ഇന്ന് കാണുന്ന തരത്തിലേക്ക് ബി.ജെ.പി. നേതൃത്വത്തെ പോലും സമ്മര്‍ദത്തിലാക്കാന്‍ കഴിയുന്ന വ്യക്തിയായി തന്റെ ഇതുവരേയുള്ള രാഷ്ട്രീയ ജീവിതത്തിനിടയില്‍ യു.പിയിലെ കൈസര്‍ഗഞ്ജ് എം.പി. ബ്രിജ്ഭൂഷണ്‍ മാറിയിട്ടുണ്ട്. മാത്രമല്ല രാജ്യത്തെ മുന്‍നിര ഗുസ്തി മത്സരങ്ങളില്‍ താനറിയാതെ ഒരിലപോലും അനങ്ങില്ലെന്ന തരത്തിലേക്ക് മസില്‍ പവറും പൊളിറ്റിക്കല്‍ പവറും കൊണ്ട് മത്സരത്തെ മാറ്റിയെടുക്കാനും കുറഞ്ഞ കുറച്ചുകാലം കൊണ്ട് ഈ നേതാവിന് കഴിഞ്ഞിട്ടുണ്ട്. ആര്‍ക്കൊപ്പം ചേര്‍ന്നാലും ജയിക്കുമെന്ന ആത്മവിശ്വാസമാണ് ബ്രിജ്ഭൂഷണ്. അത് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ആദ്യം സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ പിന്നെ ബി.ജെ.പി. ടിക്കറ്റില്‍. ഇങ്ങനെ രാഷ്ട്രീയത്തിലും അഘാഡയിലും തന്റെ അപ്രമാദിത്വം ഈ നേതാവ് മുറുകെ പിടിക്കാന്‍ തുടങ്ങിയിട്ടും കാലമേറെയായി.

അഘാഡ തന്നെ ജീവിതം

എവിടെ ഗുസ്തി മത്സരം നടന്നാലും അവിടെ ബ്രിജ്ഭൂഷണുണ്ടാവും. അതിന് ജൂനിയറെന്നോ സീനിയറെന്നോ നാഷണലെന്നോ സംസ്ഥാനതലമെന്നോ വ്യത്യാസമില്ല. സ്വന്തം നിലയ്ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. പത്തും ഇരുപതും അനുയായികള്‍ക്കൊപ്പം ആഡംബര കാറുകളുടെ വന്‍ അകമ്പടിയോടെ മത്സര സ്ഥലത്തെത്തുന്ന ബ്രിജ്ഭൂഷണെ എത്ര സമയം കാത്തിരിക്കാനും സംഘാടകര്‍ തയ്യാറാണ്. മത്സരം തുടങ്ങിയാല്‍ പിന്നെ ബ്രിജ്ഭൂഷണാണ് താരം. അനൗണ്‍സ്മെന്റ്, നിര്‍ദേശം, ശകാരം. വേണമെങ്കില്‍ മത്സരാര്‍ഥികളേയും കാണികളേയും സംഘാടകരേയും തല്ലുകയും ചെയ്യും. ഒരക്ഷരം മിണ്ടാതെ ഒന്നും സംഭവിക്കാത്ത മട്ടില്‍ കളി തുടരും. കഴിഞ്ഞ എത്രയോ കാലമായി റെസ്‌ലിങ്‌ മൈതാനങ്ങള്‍ ഇത് കാണുന്നു. എല്ലാം എല്ലാവര്‍ക്കും പതിവ് സംഭവങ്ങള്‍ മാത്രം.

താന്‍ സ്വന്തമൊരു ശക്തിശാലിയാണെന്നാണ് ബ്രിജ്ഭൂഷന്റെ നിലപാട്. കുഞ്ഞുന്നാള്‍ മുതല്‍ ഗുസ്തിക്ക് വേണ്ടി ജിവിതം ഉഴിഞ്ഞുവെച്ചുവെന്ന നിലയ്ക്ക് പ്രാഥമികതലം മുതല്‍ ദേശീയതലം വരെയുള്ള മിക്ക ഗുസ്തിമത്സരങ്ങളുടേയും അവസാനവാക്ക് ഈ 66-കാരനായിരിക്കും. തനിക്കിഷ്ടമുള്ളപ്പോള്‍ മത്സരം നിര്‍ത്തിവെക്കാനും തന്റെ സൗകര്യത്തിന് അനുസരിച്ച് വീണ്ടും മത്സരങ്ങള്‍ തുടങ്ങാനുമൊക്കെ നിര്‍ദേശം കൊടുക്കാന്‍ പ്രാപ്തിയുള്ള നേതാവ്. റഫറിമാരെ തല്ലിയും റൂള്‍ ബുക്കുകള്‍ വലിച്ചെറിഞ്ഞുമൊക്കെ പലപ്പോഴും മത്സരസ്ഥലത്ത് ബ്രിജ്ഭൂഷണ്‍ തന്റെ അധികാരം കാണിക്കാറുമുണ്ട്. പക്ഷെ, ഇതൊന്നും ആരും വലിയ പ്രശ്നമായി കണക്കാക്കിയിരുന്നില്ല. കാരണം ഇയാളുടെ ഒറ്റവാക്കുകൊണ്ട് തീരുന്നതാവും പലപ്പോഴും താരങ്ങളുടെ കായികഭാവിയും ഒരുപക്ഷെ ജീവിതം പോലും. ഗുസ്തി മത്സരസ്ഥലങ്ങളില്‍ തന്റെ കൈക്കരുത്തുകൊണ്ട് ആളാകുന്ന ബ്രിജ്ഭൂഷണ്‍ എത്താത്ത മത്സരങ്ങളുണ്ടാവാറില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തെങ്കിലും കാരണത്താല്‍ എത്താനായില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സംഭവങ്ങള്‍പോലും ഉണ്ടായിട്ടുണ്ട്.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് | ഫോട്ടോ എ.എന്‍.ഐ

ദവൂദിന്റെ സഹായി തീഹാറില്‍ ജയില്‍ വാസം

വിവാദങ്ങള്‍ പുത്തരിയല്ല ഈ എം.പിക്ക്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 1990-ല്‍ ടാഡ ചുമത്തപ്പെട്ട് നിരവധി മാസം തീഹാര്‍ ജയിലില്‍ കഴിഞ്ഞ ചരിത്രമുണ്ട്. ദാവൂദിന്റെ കൂട്ടാളികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയെന്നതായിരുന്നു കുറ്റം. ബാബറി മസ്ജിദ് കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എല്‍.കെ. അദ്വാനി എം.എം. ജോഷി, കല്ല്യാണ്‍ സിങ് എന്നിവരോടൊപ്പം സി.ബി.ഐ. കുറ്റപത്രത്തില്‍ ഇടംപിടിച്ച ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ബ്രിജ്ഭൂഷണ്‍. കൊലപാതകം, കൊലപാതക ശ്രമം ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും നിരവധി കേസുകളുണ്ട്. 2004-ല്‍ ഗോണ്ട മണ്ഡലത്തില്‍ മത്സരിക്കാനിരുന്ന ഗാന്‍ഷ്യാം ശുക്ല റോഡപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ബ്രിജ്ഭൂഷണ്‍ സിങ് കൊലപാതക ആരോപണത്തില്‍ പെടുന്നത്. ഗോണ്ടയില്‍നിന്നു മാറി ബ്രിജ്ഭൂഷണെ പാര്‍ട്ടി ബല്‍റാംപുരില്‍ മത്സരിപ്പിക്കാനയച്ച കാലത്തായിരുന്നു ഇത്.

ഇത് കൊലപാതകമായിരുന്നുവെന്ന് പിന്നീട് മുന്‍നിര ബി.ജെ.പി. നേതാവുപോലും പറഞ്ഞിരുന്നു. പക്ഷെ, ബ്രിജ്ഭൂഷണ്‍ കൂളായി നടന്നു. പിന്നീട് ഗോണ്ട ജില്ലാ ഗുസ്തി അസോസിയേഷന്റെ പ്രിസഡന്റായി തുടങ്ങി ഒടുവില്‍ ദേശീയ പ്രസിഡന്റ് വരെയായി. 1980-കളില്‍ ബൈക്ക് മോഷണവും പിന്നീട് മദ്യമാഫിയയുടെ ഭാഗമാവുകയും ചെയ്ത ഭൂഷണ് ആ നിലയിലും നിരവധി കേസുകളുണ്ടായിരുന്നു. ഒരു കാലത്ത് തന്റെ സുഹൃത്തായ പണ്ഡിറ്റ് സിങ്ങെന്ന വിനോദ്കുമാറിനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ 1993-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബ്രിജ്ഭൂഷണെ ഗോണ്ട പ്രാദേശിക കോടതി തെളിവില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയതു കഴിഞ്ഞ ഡിസംബറിലാണ്. ബ്രിജ്ഭൂഷണ്‍ ഗുണ്ടകളുടെ ഗുണ്ടമാത്രമല്ല, അവരുടെ നേതാവ് കൂടിയാണെന്നാണ് ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നത്. ഇത് ഗുസ്തി മത്സരങ്ങളിലും അസോസിയേഷനുകളിലും തുടരുകയും ചെയ്യുന്നു.

മെഡലുകളുമായി താരങ്ങള്‍ | ഫോട്ടോ: എ.എന്‍.ഐ

രാം ജന്മഭൂമി സമരനേതാവെന്ന നിലയില്‍ ജയില്‍ ശിക്ഷയനുഭവിച്ചുവെന്നതിന്റെ പേരില്‍ മാത്രം തന്റെ കര്‍മമണ്ഡലത്തില്‍ കാലുറപ്പിച്ച് കഴിഞ്ഞ നേതാവാണ് ബ്രിജ്ഭൂഷണ്‍. ഏത് വേദിയിലും അതിന് സ്വയം പ്രചാരണം കൊടുക്കാനും ഇയാള്‍ മറക്കാറില്ല. തന്റെ സ്വദേശമായ ഗോണ്ടയിലടക്കം ഉത്തര്‍പ്രദേശിലെ ഏറ്റവും കുറഞ്ഞത് ആറ് ജില്ലകളിലെങ്കിലും ഇതുവരെ സ്വന്തം നിലയ്ക്കുള്ള സ്വാധീനമുണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

നദികള്‍ എപ്പോഴും നിങ്ങള്‍ക്കനുകലമായി ഒഴികില്ല, ഓരോ തുള്ളിയും എതിരാവും. ഭീരുക്കളേ ഓരോ തിരമാലയും നിങ്ങള്‍ക്കെതിരാവും. മരിക്കാന്‍ അനുവാദമുള്ളവരാണ് നമ്മള്‍, പക്ഷെ ഇവിടെ മരിക്കാന്‍ ഭയവുമാണ്. അധികാരങ്ങള്‍ എന്നന്നേക്കുമാണെന്ന ചിന്തിക്കരുത്. അതിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുക തന്നെ വേണ്ടി വരും- വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.

Content Highlights: Brij Bhushan Saran Singh Planing to Seers March Against POCSO Act


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Protest, RTI

9 min

വിവരാവകാശ മറുപടിക്ക്‌മേല്‍ ഒന്നാം അപ്പീല്‍ നല്‍കേണ്ടത് എപ്പോള്‍? വിവരാവകാശനിയമം അറിയേണ്ടതെല്ലാം

Mar 14, 2022


mustard
In-Depth

7 min

പുതിയ വിത്തുകൾ മാറ്റിമറിക്കുന്നത് ആരുടെ ജനിതകം?

Nov 5, 2022


Couple

4 min

ആർത്തവകാലത്തെ ലൈംഗികബന്ധം നിഷിദ്ധമോ? എന്താണ് മെനോഫീലിയ?

Oct 6, 2022


Most Commented