അട്ടിമറിക്കപ്പെടുമോ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ? ബ്രസീലിനുണ്ട് സൈനിക സ്വേച്ഛാധിപത്യ ചരിത്രം


കെ.പി നിജീഷ് കുമാര്‍ഒരു കമ്യൂണിസ്റ്റിനെ ഭരണമേല്‍പ്പിക്കുന്നത് സൈന്യം അന്ന് ഏറെ പേടിയോടെയാണ് നോക്കിക്കണ്ടത്

Premium

കലാപകാരികൾ പോലീസ് വാഹനം ആക്രമിക്കുന്നു. ഫോട്ടോ:AP

വിഭജിക്കപ്പെട്ട രാജ്യത്ത് യുദ്ധ സാഹചര്യത്തില്‍ ജീവിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല. ഇന്ന് നമ്മള്‍ ലോകത്തോട് പറയുന്നു. ബ്രസീല്‍ തിരിച്ച് വന്നിരിക്കുന്നു. ഇന്നത്തെ ഒരേ ഒരു വിജയി ബ്രസീലിയന്‍ ജനതയാണ്. എനിക്ക് വേണ്ടി വോട്ട് ചെയ്തവരുടെ മാത്രമല്ല മറിച്ച് ബ്രസീലിലെ 21 കോടിയിലധികം വരുന്ന ജനങ്ങളുടെ പ്രസിഡന്റായിരിക്കും ഞാൻ കയ്പ്പു നിറഞ്ഞ, വിഭജിക്കപ്പെട്ട് ബ്രസീലിന് സമാധാനവും ഐക്യവുമാണ് വേണ്ടത്.

ബ്രസീലില്‍ ഒരിക്കല്‍ കൂടെ ഇടതുവസന്തത്തിന് തുടക്കം കുറിച്ച് അധികാരത്തിലേറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഇങ്ങനെയായിരുന്നു. പക്ഷെ ജനുവരിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ലുല അധികാരമേറ്റ ശേഷം ബ്രസീലില്‍ കാണാന്‍ കഴിഞ്ഞത് ജനാധിപത്യം തെരുവില്‍ ചവിട്ടിമെതിക്കപ്പെടുന്നതാണ്. ലുലയുടെ വിജയം അംഗീകരിക്കാത്ത മുന്‍ പ്രസിഡന്റും തീവ്രവലതുപക്ഷ നേതാവുമായ ബൊല്‍സൊനാരോയുടെ അനുയായികള്‍ അക്രമപരമ്പര തന്നെ നടത്തി.

അക്രമികള്‍ സുപ്രീംകോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും നടത്തിയ അക്രമങ്ങളേയും കൊള്ളയേയും കുറിച്ച് ഇന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യുകയാണ്. ഇതൊരു ജനാധിപത്യ രാജ്യത്തിന് തന്നെ നാണക്കേടായി. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വയെ പുറത്താക്കാന്‍ സൈനിക ഇടപെടല്‍ ആവശ്യപ്പെട്ടാണ് ബൊല്‍സൊനാരോയുടെ അനുയായികള്‍ തെരുവില്‍ കലാപമുണ്ടാക്കിയത്. ഇത് ബ്രസീലിനെ ഒരു ചരിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. സൈനിക അട്ടിമറിയുടേയും സൈനിക സ്വേച്ഛാധിപത്യത്തിന്റേയും ചരിത്രം.

ബൊൽസൊനാരോ അനുയായികൾ ഒത്തുകൂടിയപ്പോൾ.ചിത്രം|AP

നിലവില്‍ സൈനിക ഇടപെടലിന്റെ സൂചനകളൊന്നുമില്ലെങ്കിലും സൈന്യത്തിനുള്ളിലെ ബൊല്‍സനാരൊ അനുയായികള്‍ ലുല ഡ സില്‍വയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ലുല ഡ സില്‍വെ പുതിയ ബ്രസീലിയന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. അന്നുമുതല്‍ തുടങ്ങിയതാണ് പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകള്‍ സൃഷ്ടിച്ച് ബൊല്‍സൊനാരോ അനുയായികള്‍ വന്‍ ജനക്കൂട്ടത്തെയാണ് പ്രതിഷേധ സ്ഥലങ്ങളിലെത്തിച്ചത്. പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിവെച്ചപ്പോള്‍ ഇവരെ തുരത്താന്‍ സൈന്യം പോലീസിനെ സഹായിച്ചുവെങ്കിലും ജനുവരി എട്ടിന് പ്രതിഷേധക്കാര്‍ എട്ടുകിലോമീറ്ററോളം റാലി നടത്തി തലസ്ഥാന നഗരയിലെത്തുന്നത് വരെ ഒരു തരത്തിലുള്ള തടസ്സവും നേരിട്ടില്ലായെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ഇതോടെയാണ് സൈന്യത്തിന്റെ സഹായം പ്രതിഷേധക്കാര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന സംശയമുയര്‍ന്നത്.

പ്രതിഷേധക്കാർ തകർത്ത ഗ്ലാസ് ജനാല വഴി പുറത്തേക്ക് നോക്കുന്നയാൾ ഫോട്ടോ:AP

സൈനിക അട്ടിമറിയെ ഓര്‍മിപ്പിക്കുന്ന 1965

സര്‍ക്കാരില്‍ സൈനിക ഇടപെടല്‍ നടത്തി വലിയ സൈനിക അട്ടിമറിയുണ്ടായ ചരിത്രമുണ്ട് ബ്രസീലിന് പറയാന്‍. 1965 നും 1985 നും ഇടയില്‍ സൈനിക സ്വേച്ഛാധിപത്യഭരണമായിരുന്നു ബ്രസീലിലുണ്ടായിരുന്നത്. 1961-ല്‍ അന്നത്തെ പ്രസിഡന്റ് ജാനിയോ കാഡ്രിസ് ആ സ്ഥാനത്തു നിന്നും രാജിവെച്ചതോടെയാണ് അക്കാലത്ത് ബ്രസീലില്‍ വലിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയുണ്ടായത്. ഇതേവര്‍ഷം തന്നെ കാഡ്രിസ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും പിന്നീട് അത്ര സുഖകരമായിരുന്നില്ല ബ്രസീലിലെ രാഷ്ട്രീയ കലാവസ്ഥ. കാഡ്രിസിന്റെ രാജിയോടെ അന്ന് വൈസ് പ്രസിഡന്റായിരുന്ന ഇടതുനേതാവ് ജുവാ ഗുലാര്‍ട്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഇദ്ദേഹത്തിനെതിരേ രാഷ്ട്രീയ സൈനിക അട്ടിമറിയുണ്ടാവുകയായിരുന്നു. സഖ്യ കക്ഷികളുടെ പിന്തുണയോടെയുള്ള ഭരണമായിരുന്നുവെങ്കിലും ഇവര്‍ക്കിടയില്‍ പോലും ഗുലാര്‍ട്ട് വിരുദ്ധ വികാരമുണ്ടായി. മാത്രമല്ല സൈന്യത്തിനിടയിലും പിന്തുണയുണ്ടായിരുന്നില്ല.

ഒരു കമ്യൂണിസ്റ്റിനെ ഭരണമേല്‍പ്പിക്കുന്നത് അന്ന് സൈന്യം ഏറെ പേടിയോടെയാണ് നോക്കികണ്ടിരുന്നതെന്ന് അന്നത്തെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പേടിയാണ് സൈനിക അട്ടിമറിയിലേക്ക് നയിച്ചതും. ഏറെ ചര്‍ച്ചയ്ക്ക് ശേഷം പ്രസിഡന്റിന് മേല്‍ പ്രധാനമന്ത്രി സ്ഥാനമുണ്ടാക്കി പ്രസിഡന്റിന്റെ അധികാരം വെട്ടിച്ചുരുക്കുകയാണ് ആദ്യം ചെയ്തത്. പക്ഷെ രണ്ട് വര്‍ഷത്തിനിപ്പുറം ബ്രസീല്‍ പ്രസിഡന്റ് ഭരണത്തിലേക്ക് തിരിച്ചെത്തുകയും ഗുലാര്‍ട്ടിന് തന്റെ നഷ്ടപ്പെട്ട അധികാരങ്ങള്‍ തിരിച്ച് കിട്ടുകയും ചെയ്തു. ശേഷം നിരവധി ജനക്ഷേമ പദ്ധതികള്‍ക്ക് ഗുലാര്‍ട്ട് തുടക്കം കുറിച്ചു. കാര്‍ഷിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമാണ് ഗുലാര്‍ട്ട് കൊണ്ടുവന്നത്. നിരക്ഷരര്‍ക്ക് വോട്ടവകാശം നല്‍കുമെന്നും വിദേശ എണ്ണ ശുദ്ധീകരണശാലകള്‍ ദേശസാല്‍ക്കരിക്കുമെന്നും ഭൂമി പുനര്‍വിതരണം ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷെ സൈനിക ഇടപെടലിന്റെ കാലമായിരുന്നു പിന്നീടങ്ങോട്ട്.

പ്രതിഷേധക്കാർ തകർത്ത ജനൽ ഗ്ലാസുകൾ നോക്കുന്ന പ്രസിഡന്റ് ലുല ഡി സിൽവ.ഫോട്ടോ:AP

1964 ഏപ്രില്‍ ഒന്നിന് ബ്രസീലില്‍ സൈനിക അട്ടിമറി നടന്നു. ഗുലാര്‍ട്ടിനേയും കൂട്ടാളികളേയും യുറഗ്വായിലേക്ക് നാട് കടത്തുകയും ചെയ്തു. പിന്നീട് നീണ്ട 21 വര്‍ഷത്തോളം അതായത് 1985 വരെ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിന് കീഴിലായിരുന്നു. ഇക്കാലത്ത് സൈനിക ആശയവുമായി വിയോജിപ്പ് പ്രകടിപ്പിച്ച നിരവധി പേരാണ് ക്രൂരമായ പീഢനത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തത്. ഇതിലധികവും കമ്യൂണിസ്റ്റുകാരുമായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവം വിജയകരമായി ഒഴിവാക്കിയതായി പ്രഖ്യാപിച്ച് 1985-ല്‍ ആണ് ബ്രസീല്‍ വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് വന്നത്. ഇത് ബ്രസീലിയന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് നേതാവ് ടാന്‍ക്രെഡോ നെവെസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം ബ്രസീലില്‍ പുതിയ ഭരണ ഘടന നിലവില്‍ വന്നു. ഇതിനെ അടിസ്ഥാനമാക്കി 1990-ല്‍ ബ്രസീല്‍ ആദ്യ ദേശീയ തിരഞ്ഞെടുപ്പിലേക്ക് പോവുകയും സൈനിക ഭരണത്തിന് അവസാനമിടുകയും ചെയ്തു. ബ്രസീലിയന്‍ ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയായ ഫെര്‍ണാണ്ടോ കോളറായിരുന്നു 1960 ന് ശേഷം ബ്രസീലില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്.

ലുലയുടെ വിജയം നേരിയ ഭൂരിപക്ഷത്തിന്

ഒക്ടോബര്‍ 30 ന് നടന്ന തിരഞ്ഞെടുപ്പില്‍ 1.8 ശതമാനമെന്ന നേരിയ ഭൂരിപക്ഷത്തിനാണ് ഇടത് നേതാവ് ലുല ഡ സില്‍വ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയെ പരാജയപ്പെടുത്തിയത്. വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ലുലയ്ക്ക് 50.83 ശതമാനവും ലിബറല്‍ പാര്‍ട്ടി നേതാവായ ബൊല്‍സനാരോയ്ക്ക് 49.17 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്. 2022 ഒക്ടോബര്‍ രണ്ടിനായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ്. അന്ന് ഇരു സ്ഥാനാര്‍ഥികളും അമ്പത് ശതമാനം വോട്ടു നേടാനാവത്തതിനെത്തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നയുടന്‍ റോഡുകള്‍ ഉപരോധിച്ചും റാലികള്‍ നടത്തിയുമായിരുന്നു പ്രതിഷേധം. സുപ്രീംകോടതിയും തിരഞ്ഞെടുപ്പ് അധികൃതരും ഗൂഢാലോചന നടത്തി ലുലയെ ജയിപ്പിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം. ജനുവരി ഒന്നിന് ലുല പ്രസിഡന്റ് സ്ഥാനമേറ്റ് സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധത്തിനുള്ള ആളെ കൂട്ടുകയായിരുന്നു. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ ഏര്‍പ്പാടാക്കിയ നൂറിലധികം ബസ്സുകളിലായിട്ടാണ് പ്രതിഷേധക്കാര്‍ തലസ്ഥാന നഗരയിലെത്തിയത്. ഇതിനിടെ ബൊല്‍സൊനാരോ ഫ്‌ളോറിഡയിലേക്ക് പറക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ പേരില്‍ 1500 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ലുല ഡ സിൽവവ. ഫോട്ടോ:AP

തിരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ അന്ന് ക്യാപിറ്റോള്‍ ഹില്ലില്‍ നടത്തിയ കലാപ ശ്രമത്തെ പോലെയാണ് ബ്രസിലീലും സംഭവിക്കുന്നതെന്നാണ് ലോക നേതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളേ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അന്ന് ട്രംപ് അനുകൂലികളുടെ ആക്രമണം. യു.എസ് പാര്‍ലമെന്റിലേക്ക് കടന്നുകയറിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് യോഗം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയിരുന്നു. തന്റെ അനുയായികളെ ട്രംപ് അഭിസംബോധന ചെയ്ത ശേഷമായിരുന്നു പ്രതിഷേധക്കാര്‍ അന്ന് പാര്‍ലമെന്റിന് അകത്തേക്ക് കടന്നുകയറിയത്. തുടര്‍ന്ന് ട്രംപ് ഫ്‌ളോറിഡയിലേക്ക് കടക്കുകയും ചെയ്തു. ട്രംപിനെ പോലെ ബൊല്‍സൊനാരോയും ഫ്‌ളോറിഡയിലേക്കാണ് കടന്നതെങ്കിലും ബ്രസീലില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്കുള്ള ശ്രമം നടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഫെസ്റ്റ ഡ സെല്‍മ

ബൊല്‍സൊനാരോ അനുയായികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രസീലില്‍ പ്രതിഷേധത്തിന് ആളെ കൂട്ടിയത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു. ഫെസ്റ്റ ഡ സെല്‍മ എന്ന പ്രതിഷേധ കോഡ് സോഷ്യല്‍ മീഡയയില്‍ വൈറലായി. പോരാട്ടം അല്ലെങ്കില്‍ 'വാര്‍ ക്രൈ' എന്നര്‍ഥം വരുന്ന സെല്‍വ, പാര്‍ട്ടി എന്നര്‍ഥം വരുന്ന 'ഫെസ്റ്റ' എന്നീ വാക്കുകള്‍ വൈറലായതോടെ വന്‍ ജനക്കൂട്ടമാണ് പ്രതഷേധത്തിനായി ബ്രസീല്‍ തലസ്ഥാനത്തെത്തിയത്. സൗജന്യ ബസ് സര്‍വീസിന് പുറമെ സൗജന്യ പ്രാതല്‍, ഉച്ചഭക്ഷണ, അത്താഴം എന്നിവയെല്ലാം ഓഫര്‍ ചെയ്താണ് പ്രതിഷേധക്കാരെ തലസ്ഥാന നഗരിയിലെത്തിച്ചത്. ആളുകള്‍ മഞ്ഞബാനര്‍ പിടിച്ചുകൊണ്ട് ആദ്യ അതിഥികള്‍ എത്തിക്കഴിഞ്ഞൂവെന്നെ ക്യാപ്ഷനോടെ ഒരുകൂട്ടം ആളുകള്‍ തലസ്ഥാന നഗരയിലെത്തുന്ന വീഡിയോയും വലിയ പ്രചാരണം നേടി. ഫെസ്റ്റാസെല്‍മ ഹാഷ്ടാഗുകള്‍ ഓരോ പ്രതിഷേധക്കാരന്റേയും അക്കൗണ്ടുകള്‍ വഴി മിനുറ്റുകള്‍ കൊണ്ടാണ് ലക്ഷങ്ങളിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടത്. സാവോ പോളോ യൂണിവേഴ്‌സിറ്റിയിലെ അനലിസ്റ്റ് ആര്‍സെലിനോ നെറ്റോയുടെ നിരീക്ഷണം പ്രകാരം ഫെസ്റ്റ്ഡസല്‍മയെന്ന വാക്ക് ട്വിറ്ററില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ജനുവരി അഞ്ചിനാണ്. പതിനായിരം അക്കൗണ്ടുകളെങ്കിലും ആ സമയത്ത് ഈ വാക്ക് ഉപയോഗിക്കുന്നുണ്ടായിരുന്നു. ഏകദേശം 53000 പ്രാവശ്യം ഷെയര്‍ ചെയപ്പെടുകയും ചെയ്തുവെന്ന് ആര്‍സെലിനോ നെറ്റോ ബിബിസിയോട് വ്യക്തമാക്കി.

20 വര്‍ഷത്തിന് ശേഷം ബ്രസീലില്‍ വീണ്ടും ഇടതുവസന്തം

ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ഇരുപത് വര്‍ഷത്തിന് ശേഷമാണ്. മൂന്നാംതവണയാണ് ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 2002-ലായിരുന്നു ആദ്യ വിജയം. 2003-ല്‍ അധികാരത്തിലെത്തിയ അദ്ദേഹം 2006-ലെ തിരഞ്ഞെടുപ്പിലും വിജയിച്ച് 2010 വരെ കസേരകാത്തു. രണ്ടുവട്ടം തുടര്‍ച്ചയായി പ്രസിഡന്റായാല്‍ മാറിനില്‍ക്കണം എന്നാണ് ചട്ടം.

ജനപ്രിയനയങ്ങളുടെ പേരില്‍ ഏറെ സ്വീകാര്യനായ ലുലയെ 'ലോകത്തെ ഏറ്റവുംപ്രശസ്തനായ രാഷ്ട്രീയക്കാരന്‍' എന്നാണ് യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ വിശേഷിപ്പിച്ചത്. പക്ഷേ, 2016-ല്‍ അന്നത്തെ സര്‍ക്കാര്‍ 'ഓപ്പറേഷന്‍ കാര്‍ വാഷ്' എന്നപേരില്‍ തുടക്കമിട്ട അഴിമതിയന്വേഷണം ലുലയുടെ രാഷ്ട്രീയജീവിതത്തിന് തിരിച്ചടിയായി.

2017-ല്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബാസുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലുലയ്ക്ക് ഒമ്പതരവര്‍ഷം തടവുശിക്ഷകിട്ടി. 2021-ല്‍ സുപ്രീംകോടതി ശിക്ഷ മരവിപ്പിക്കുകയും ലുലയെ മോചിപ്പിക്കുകയുംചെയ്തു. അങ്ങനെയാണ് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്.

പ്രതിഷേധക്കാർ തെരുവിൽ.ഫോട്ടോ:AP

ബ്രസീലിന്റെ ചരിത്രത്തില്‍ വിഭാഗീയത ഏറ്റവുംരൂക്ഷമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. മുന്‍ഭരണകാലത്തെ നേട്ടങ്ങള്‍ ഓര്‍മിപ്പിച്ചാണ് ലുല ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്. ഖനനം വര്‍ധിപ്പിക്കും, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കും, സുസ്ഥിര ഊര്‍ജോത്പാദനം ഉറപ്പാക്കും തുടങ്ങിയവയായിരുന്നു ബൊല്‍സൊനാരോയുടെ പ്രഖ്യാപനങ്ങള്‍.

2018-ല്‍ അധികാരത്തിലേറിയ ബൊല്‍സൊനാരോ, ആമസോണ്‍ കാടുകളുടെ നശീകരണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടുന്ന ആളാണ്. തീവ്രനിലപാടുകളുടെ പേരില്‍ വിമര്‍ശകര്‍ അദ്ദേഹത്തെ 'ഉഷ്ണമേഖലയിലെ ഡൊണാള്‍ഡ് ട്രംപ്' എന്ന് വിശേഷിപ്പിക്കാറുണ്ട്. ആദ്യമായാണ് നിലവിലെ പ്രസിഡന്റ് രണ്ടാമൂഴം തേടി പരാജയപ്പെടുന്നത്.

ആമസോണ്‍ കാടുകളുടെ സംരക്ഷണം, കാലാവസ്ഥാചര്‍ച്ചകളില്‍ ബ്രസീലിന് നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കല്‍, രാജ്യത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കല്‍ തുടങ്ങി ഒട്ടേറെ ദൗത്യങ്ങളാണ് തിരിച്ചുവരവില്‍ ലുല ഡ സില്‍വയെ കാത്തിരിക്കുന്നത്. ബ്രസീലിനെ തിരിച്ച് പിടിച്ചുവെന്നും രാജ്യത്തെ വീണ്ടെടുക്കുമെന്നുമായിരുന്നു ലുല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണം. ഏറെ ദാരിദ്ര സാഹചര്യത്തില്‍ വളര്‍ന്ന് വന്ന ലുല സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെയായുരന്നു നേതൃ നിരയിലെത്തിയത്.

പ്രതിഷേധം നിയമവിരുദ്ധമെന്ന്
ബൊല്‍സൊനാരോ, ഫാസിസമെന്ന് ലുല

സമാധാനത്തോടെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിക്കാമെങ്കിലും ഇപ്പോള്‍ ബ്രസീലില്‍ സംഭവിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബൊല്‍സനാരോ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫാസിസ്റ്റുകളാണ് ബ്രസീലില്‍ അക്രമം അഴിച്ചുവിട്ടതെന്ന് പുതിയ പ്രസിഡന്റ് ലുല ഡ സല്‍വ അഭിപ്രായപ്പെട്ടു. കലാപക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: Brazil Jair Bolsonaro’s supporters want the army to overturn President Lula’s victory


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented