കടത്തിയത് 322 പെട്ടി ഡോളറും സ്വര്‍ണവും, പണം എറിഞ്ഞ് ഇലക്ഷന്‍ ജയിച്ചു,ഒന്നും മറക്കുന്നവനല്ല മാർക്കോസ്


റെജി പി ജോർജ്മറവിയില്ല മാര്‍ക്കോസ് യുഗത്തിന്

In Depth

ബോങ്ബോങ് മാർക്കോസ് ഭാര്യ ലൂയിസ് (ഇടത്) സഹോദരി ഇമി (വലത്) എന്നിവരോടൊപ്പം

നത്തിന്റെ മറവിയാണ് പലപ്പോഴും രാഷ്ട്രീയനേതാക്കളുടെ ഭാവി നിശ്ചയിക്കാറെന്ന് പറയാറുണ്ട്. ഫിലിപ്പീന്‍സില്‍ മുന്‍ ഏകാധിപതിയുടെ മകനെ ജനം വീണ്ടും പ്രസിഡന്റായി അവരോധിക്കുമ്പോഴും ഈ മറവിക്ക് തന്നെയാണ് ഏറ്റവും വലിയ കടപ്പാട്. ഭരണഘടന പൊളിച്ചെഴുതി പട്ടാള നിയമം പ്രഖ്യാപിച്ച, പ്രതിപക്ഷത്തെ കല്‍തുറുങ്കിലടച്ച, മനുഷ്യാവകാശ ലംഘനത്തിന്റെയും അഴിമതിയുടേയും കൂത്തരങ്ങായ ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ ഏകാധിപത്യത്തെ ജനം മറന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് അതേ ജനം ജൂനിയര്‍ മാര്‍ക്കോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അതിന് ഇന്ധനമാക്കിയതോ അന്ന് പിതാവ് രാജ്യം വിട്ടപ്പോള്‍ അടിച്ചുമാറ്റി കൊണ്ടുപോയ അതേ സമ്പത്തും.

പറഞ്ഞുവരുന്നത് ഫിലിപ്പീന്‍സ് മുന്‍ ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മകന്‍ ബോങ്‌ബോങ് എന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ രാജ്യത്തിന്റെ പുതിയ പ്രസിഡന്റാകുന്നതിനെ കുറിച്ചാണ്. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് 36 വര്‍ഷം മുമ്പ് രാജ്യംവിടേണ്ടി വന്ന മാര്‍ക്കോസ് കുടുംബത്തിന് ഇത് ശക്തമായ തിരിച്ചുവരവാണ്. 21 വര്‍ഷം രാജ്യത്തെ ഏകാധിപത്യത്തിലൂടെ ചവിട്ടിമെതിച്ച ഒരു ഭരണാധികാരിയുടെ മകനെ, 36 വര്‍ഷങ്ങള്‍ക്കിപ്പുറം ഭരണം ഏല്‍പ്പിക്കാന്‍ ഫിലിപ്പീന്‍സ് വീണ്ടും തയ്യാറായി.

1986 ഫെബുവരി 25 ലെ തണുത്ത രാത്രിയില്‍ ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മാലാകാനന്‍ കൊട്ടാരത്തില്‍ നിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെട്ടോടുമ്പോള്‍ വീണ്ടും ആ കൊട്ടാരപ്പടവുകള്‍ കയറുമെന്ന് അന്ന് 28 കാരനായ മാര്‍ക്കോസ് ജൂനിയര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല.

ബോങ്‌ബോങ് മാർക്കോസ്

1986 ല്‍ ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസ് കുടുംബത്തോടൊപ്പം രാജ്യം വിടുമ്പോള്‍ ബോങ്‌ബോങിന് 28 വയസ്സാണ് പ്രായം. ചെറുപ്പത്തില്‍ തന്നെ ഒരു ഭരണാധികാരിയാകാന്‍ വേണ്ടി പരിശീലനം ലഭിച്ചയാളാണ് ബോങ്‌ബോങ്. അധികാരത്തിന്റെ നീലത്തടാകത്തില്‍ 28 വയസ്സുവരെ നീന്തിത്തുടിച്ച ബോങ്‌ബോങിന് അധികാരത്തിലെത്താന്‍ ഏത് വഴി സ്വീകരിക്കണമെന്ന് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. അതു കൊണ്ട് തന്നെയാണ് തന്നേയും കുടുംബത്തേയും ആട്ടിയോടിച്ച മണ്ണില്‍ 36 വര്‍ഷത്തിനുശേഷം ഭരണം പിടിക്കാന്‍ ബോങ്‌ബോങിന് കഴിഞ്ഞതും.

ഹവായി ദ്വീപിലെ രാഷ്ട്രീയ അഭയത്തിനുശേഷം 1991 ലാണ് മാര്‍ക്കോസ് കുടുംബം ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തുന്നത്. ഫെര്‍ഡിനന്റ് മാര്‍ക്കോസ് 1989 ല്‍ ഹവായില്‍ വെച്ച് മരിച്ചിരുന്നു. ഭാര്യ ഇമല്‍ഡയും രണ്ട് പെണ്‍മക്കളും മാര്‍ക്കോസ് ജൂനിയറും ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തി. രാജ്യത്ത് തിരിച്ചെത്തിയ ഉടന്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ് മാര്‍ക്കോസ് കുടുംബം ചെയ്തത്. കൈവശമുള്ള അളവില്ലാത്ത പണം ഇതിനായി വിനിയോഗിക്കുകയും ചെയ്തു.

തിരിച്ചെത്തിയ ഇമെല്‍ഡ നാല് തവണ പാര്‍ലമെന്റ് അംഗമായി. സഹോദരിയായ ഇമിയും സെനറ്ററും ഗവര്‍ണറുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും മാര്‍ക്കോസ് കുടുംബത്തിന്റെ സ്വന്തം നാടായ ഇലാകോസ് നോര്‍ത്തേയിലെ ആളുകള്‍ മാര്‍ക്കോസ് കുടുംബത്തെ ഒരിക്കലും കൈവിട്ടില്ല.

1980 ല്‍ 23 ാം വയസില്‍ ഇലാകോസ് നോര്‍ത്തേയുടെ വൈസ് ഗവര്‍ണറായി ബോങ്‌ബോങ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്ന് ആരും അത് ചോദ്യം ചെയ്യാനില്ലായിരുന്നുവെന്നത് വേറെ കാര്യം. 1991ല്‍ തിരികെ വന്നതിനുശേഷം ബോങ്‌ബോങ് ഈ പ്രവിശ്യയുടെ പാര്‍ലമെന്റ് അംഗമായി. പിന്നീട് സെനറ്ററായി. 2016 ല്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ബോങ്‌ബോങിന്റെ മകന്‍ സാന്‍ഡ്രോ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗമാണ്. ഇമിയുടെ മകന്‍ മാര്‍ക്കോസ് മനോടോക്ക് ഇലോകോസ് നോര്‍ത്തേയുടെ ഗവര്‍ണറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഏകാധിപതിയുടെ മകനെന്ന നിലയില്‍ മതിറന്ന് ജീവിച്ച ബോങ്‌ബോങ് പഠന കാലത്ത് മഹാ ഉഴപ്പാനായിരുന്നുവെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. 1975 ല്‍ ഓക്‌സ്ഫഡ് സര്‍വകാലശാലയില്‍ ഡിഗ്രി പഠനത്തിന് ചേര്‍ന്ന ബോങ്‌ബോങ് രണ്ടു തവണ ബിരുദപരീക്ഷയില്‍ പരാജയപ്പെട്ടു. പിന്നീട് സോഷ്യല്‍ സയന്‍സില്‍ ബോങ്‌ബോങ് ഒരുഡിപ്ലോമ സംഘടിപ്പിച്ചതായാണ് വിവരം. എന്നാല്‍, ഇതൊന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ബോങ്‌ബോങിന് തടസ്സമായില്ല.

കൈവശമുള്ള അളവില്ലാത്ത പണം, ജന്മനാട്ടിലെ വിശ്വസ്തര്‍, സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍ ഇവയെല്ലാം ബോങ്‌ബോങിനെ യുവാക്കള്‍ക്കിടയിലെ താരമാക്കി. 62 കാരനായ മാര്‍ക്കോസ് ജൂനിയര്‍ യുവ ഫിലിപ്പിനോകളുടെ ഇടയില്‍ വളരെ ജനപ്രിയനാണ്. തന്റെ പിതാവിന്റെ ഭരണകാലത്തെ വെള്ളപൂശേണ്ടത് അയാളുടെ ആവശ്യമായിരുന്നു. അതില്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് ഇന്നത്തെ വിജയം.

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണമായിരുന്നു മാര്‍ക്കോസ് ജൂനിയറിന്റെ തന്ത്രം. മാര്‍ക്കോസിന്റെ ഭരണകാലം ഫിലിപ്പിന്‍സിന്റെ സുവര്‍ണ കാലമായിരുന്നുവെന്നും കുറ്റകൃത്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലമായിരുന്നുവെന്നുമായിരുന്നു പ്രചാരണങ്ങളുടെ കാതല്‍. ഒരു ദാശാബ്ദം മുതല്‍ തന്നെ ഇത്തരമൊരു പ്രചാരണ തന്ത്രം മാര്‍ക്കോസ് ജൂനിയറും കൂട്ടാളികളും പ്രയോഗിക്കാന്‍ തുടങ്ങിയിരുന്നു. മാര്‍ക്കോസ് കാലത്തെ എഡിറ്റ് ചെയ്ത വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ആയിരക്കണക്കണിന് ഫെയ്‌സ്ബുക്ക് പേജുകള്‍ വഴി ഇത് പ്രചരിപ്പിക്കുകയുമായിരുന്നു.

ഇത് മാര്‍ക്കോസ് കുടുംബത്തോട് ഒരു സഹാനുഭൂതി വളര്‍ത്താന്‍ വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു. അധികാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ക്കോസ് കുടുംബത്തോട് കാട്ടിയത് അനീതിയായിരുന്നുവെന്നും അവരുടെ അഴിമതിയേക്കുറിച്ചും ധനമോഹത്തെക്കുറിച്ചുമുള്ള കഥകള്‍ സത്യമല്ലെന്നും ലക്ഷക്കണക്കിന് ഫിലിപ്പിനികള്‍ വിശ്വസിക്കാന്‍ ഇത്തരം വീഡിയോകള്‍ ഉപകരണമാക്കി.

ബോങ്ബോങിന്റെ തിരഞ്ഞെടുപ്പ് റാലി

മാര്‍ക്കോസിന്റെ വിദേശ നിക്ഷേപങ്ങളും സ്വര്‍ണനിക്ഷേപങ്ങളും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഫിലിപ്പീന്‍സ് ജനതയുടെ ക്ഷേമത്തിനായി ഉപയോഗിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന വിശ്വാസവും പാവപ്പെട്ട ഫിലിപ്പിനോകള്‍ക്കുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതും മാര്‍ക്കോസ് ജൂനിയറിന്റെ വിജയത്തിന് കാരണമായി. ഇപ്പോള്‍ രാജ്യത്തുള്ള വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും മാര്‍ക്കോസ് സീനിയറിന്റെ ഏകാധിപത്യ ഭരണ സമയത്ത് എട്ട് വയസ്സിന് താഴെയുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ സംഭവങ്ങള്‍ പൂര്‍ണമായും ആരും വിശ്വസിക്കുന്നുമില്ല. ഇതും ഇത്തരം പ്രചാരണങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചു.

മാര്‍ക്കോസ് സീനിയറിന്റെ ആദ്യ ടേം രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ കൊടുത്ത ഒരു ഭരണമായിരുന്നു. വന്‍തോതില്‍ വിദേശത്ത് നിന്ന് കടമെടുക്കുകയും വമ്പന്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമെല്ലാം നിര്‍മിക്കുകയും ചെയ്തു. 2025 ഓടെ മാത്രമേ ഫിലിപ്പീന്‍സിന് അന്നത്തെ കാലത്തെ കടത്തില്‍ നിന്ന് രക്ഷ കിട്ടുകയുള്ളുവെന്നാണ് കണക്ക്. എന്നാല്‍ മാര്‍ക്കോസിന്റെ ആ ഭരണകാലം രാജ്യത്തെ സുവര്‍ണകാലം എന്ന നിലയിലാണ് മാര്‍ക്കോസ് ഭക്തര്‍ പ്രചരിപ്പിക്കുന്നത്. മാര്‍ക്കോസ് ഭരണത്തിന് ശേഷം വന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടും മാര്‍ക്കോസ് ജൂനിയര്‍ ഉപയോഗിച്ചു. ഒരു മാറ്റത്തിന് വേണ്ടിയുള്ള സ്ഥാനാര്‍ഥിയായി തന്നെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി റാലികളാണ് മാര്‍ക്കോസ് നടത്തിയത്. വന്‍ തുകകള്‍ ചെലവഴിച്ചാണ് റാലികള്‍ സംഘടിപ്പിച്ചത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം ടീ ഷര്‍ട്ടുകളും റിസ്റ്റ് ബാന്‍ഡുകളും സൗജന്യമായി നല്‍കി. പോപ് സംഗീതവും ഡാന്‍സും കോമഡി പരിപാടികളും ഇത്തരം റാലികളില്‍ സംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ പിന്തുണയും ബോങ്‌ബോങിന് സഹായകരമായി. ഡ്യൂട്ടേര്‍ട്ടിന്റെ മകളായ സാറ ഡ്യൂട്ടേര്‍ട്ടാണ് ബോങ്‌ബോങിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

ഫെര്‍ഡിനന്റ് മാര്‍ക്കോസ്

ഫെർഡിനന്റ് മാർക്കോസ്

കൊലപാതകങ്ങളുടേയും പ്രതിഷേധങ്ങളുടേയും പാലായനത്തിന്റേയും ആയിരക്കണക്കിന് ഡിസൈനര്‍ ഷൂകളുടേയും കഥയാണ് മാര്‍ക്കോസ് ഭരണകാലം. 1965 മുതല്‍ 1986 വെയാണ് മാര്‍ക്കോസ് ഫിലിപ്പീന്‍സില്‍ അധികാരത്തിലിരുന്നത്. പട്ടാളനിയമം നടപ്പിലാക്കിയും എതിരാളികളെ അടിച്ചമര്‍ത്തിയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയും ഏറെ ' പേരുകേള്‍പ്പിച്ച' ഭരണമായിരുന്നു അത്. അഴിമതിയും ദാരിദ്ര്യവും രാജ്യത്ത് കൊടികുത്തി വാണു.

1986 ല്‍ മാര്‍ക്കോസ് ഭരണത്തിനെതിരേ വമ്പിച്ച ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ലക്ഷങ്ങള്‍ തെരുവിലിറങ്ങി. ഒടുവില്‍ പിടിച്ചു നില്‍ക്കാനാകാതെ മാര്‍ക്കോസിനും കുടുംബത്തിനും രാജ്യം വിടേണ്ടി വന്നു. ഹവായിലേക്കായിരുന്നു പലായനം. ഹാവായിയില്‍ വെച്ച് 1989 ലാണ് ഫെര്‍ഡിനന്റ് മാര്‍ക്കോസ് മരിക്കുന്നത്. 1991 ല്‍ കുടുംബം ഫിലിപ്പീന്‍സിൽ തിരികെ എത്തി.

ഫിലിപ്പീന്‍സിന്റെ വടക്കന്‍ പ്രവിശ്യയായ ഇലോകോസ് നോര്‍ത്തേയില്‍ 1917 സെപ്റ്റംബറിലാണ് മാര്‍ക്കോസ് ജനിച്ചത്. അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായിരുന്നു പിതാവ്. 1935 ല്‍ ഒരു കൊലക്കേസില്‍ പ്രതിയായതോടെയാണ് മാര്‍ക്കോസ് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. തന്റെ പിതാവായ മരിയാനോ മാര്‍ക്കോസിന്റെ രാഷ്ട്രീയ എതിരാളിയായ ജൂലിയോയെ കൊലപ്പെടുത്തിയ കേസിലാണ് അഭിഭാഷകനായിരുന്ന മാര്‍ക്കോസ് പ്രതിയായത്. മരിയാനോയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു കൊല. ഈ കേസില്‍ മാര്‍ക്കോസിനേയും ബന്ധുവിനേയും വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും 1940 ല്‍ സുപ്രീംകോടതി ഇരുവരേയും വിട്ടയച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫിലിപ്പീന്‍സ് സ്വതന്ത്രമായതോടെ വന്ന പുതിയ സര്‍ക്കാര്‍ മാര്‍ക്കോസിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മാര്‍ക്കോസ് ഇലോകോസ് നോര്‍ത്തേയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1949 മുതല്‍ 1959 വരെ ഫിലിപ്പിന്‍സ് ജനപ്രതിനിധി സഭയിലും 1959 മുതല്‍ 1965 വരെ സെനറ്റിലേക്കും വിജയച്ചു. 1965 ല്‍ ഫിലിപ്പിന്‍സിന്റെ പത്താമത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍മെന്‍ ഒര്‍ട്ടേഗയാണ് മാര്‍ക്കോസിന്റെ ആദ്യഭാര്യ. 1949 ലെ മിസ് പ്രസ് ഫോട്ടോഗ്രഫിയായിരുന്നു കാര്‍മെന്‍. മാര്‍ക്കോസ്-കാര്‍മെന്‍ ദമ്പതിമാര്‍ക്ക് നാലു മക്കളുമുണ്ട്. എന്നാല്‍ ഇവരുടെ വിവാഹം ഔദ്യോഗികമായിരുന്നില്ല.

1954 ലാണ് മാര്‍ക്കോസ് ഇമല്‍ഡയെ കണ്ടുമുട്ടുന്നത്. അന്നത്തെ സ്പീക്കറുടെ ഒരു ബന്ധുവായിരുന്ന ഇമല്‍ഡയെ പാര്‍ലമെന്റില്‍ വെച്ചാണ് മാര്‍ക്കോസ് കണ്ടുമുട്ടുന്നത്. 11 ദിവസത്തിന് ശേഷം ഏപ്രില്‍ 17 ന് ഇരുവരും വിവാഹിതരായി. ഈ വിവാഹത്തില്‍ ബോങ്‌ബോങ് മാര്‍ക്കോസ് എന്ന ജൂനിയര്‍ മാര്‍ക്കോസ്, ഇമി മാര്‍ക്കോസ്, ഐറിന്‍ മാര്‍ക്കോസ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.

അമേരിക്കന്‍ നടിയായ ഡോവി ബീമ്‌സുമായും പ്ലേ ബോയ് മോഡലായിരുന്ന എവ്‌ലിന്‍ ഹെഗേസിയുമായും മാര്‍ക്കോസിന് ബന്ധമുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ കൊടുത്ത ഒരു ഭരണമായിരുന്നു മാര്‍ക്കോസ് ആദ്യ ടേമില്‍ സ്വീകരിച്ചത്. വന്‍ തോതില്‍ വിദേശ കടം ഇതിനായി ഉപയോഗിച്ചെങ്കിലും ഇത് ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കി. തുടര്‍ന്ന് രണ്ടാമതും മാര്‍ക്കോസ് പ്രസിഡന്റായി. വിദേശ കടം പണപ്പെരുപ്പത്തിനും വിലക്കയറ്റം പോലുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇടയാക്കി. മാര്‍ക്കോസ് ഭരണത്തോട് ജനങ്ങള്‍ക്ക് അവമതിപ്പുണ്ടായി. 1972 ലാണ് പൂര്‍ണ അധികാരം മാര്‍ക്കോസില്‍ കേന്ദ്രീകരിച്ചത്. വീണ്ടും ഭരണം കിട്ടില്ലെന്ന തിരിച്ചറിവില്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുകയും ചെയ്തു മാര്‍ക്കോസ്. ഭരണഘടന തിരുത്തിയെഴുതി. മാധ്യമങ്ങളെ നിശബ്ദരാക്കി. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി. പ്രതിപക്ഷ നേതാക്കളെല്ലാം അറസ്റ്റിലായി. പൂര്‍ണമായും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഒരു അഭിഭാഷകന്‍ കൂടിയായിരുന്ന മാര്‍ക്കോസ് കോടതികളുടേയും നിയന്ത്രണം ഏറ്റെടുത്തു. പട്ടാളത്തിനും പോലീസിനും എന്തും ചെയ്യാനുള്ള അധികാരം കൊടുത്തു. ഭരണകാലം മുഴുവനും ഇത് തന്നെയായിരുന്നു സ്ഥിതി.

ഇമെൽഡ മാർക്കോസ്

ഫിലിപ്പീന്‍സ് ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു മാര്‍ക്കോസ് ഭരണകാലം. മുഷ്യാവകാശ ധ്വംസനങ്ങളും അഴമതിയും കൊടികുത്തിവാണു. ലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തിലായി. രാജ്യത്തിന്റെ പൊതുകടം കുതിച്ച് കയറി.

എന്നാല്‍ 1983 ല്‍ നടന്ന പ്രതിപക്ഷ നേതാവ് ബെനിഗ്നോ അക്വിനായോടെ കൊലപാതകം മാര്‍ക്കോസ് ഭരണത്തെ പിടിച്ചുകുലുക്കി. മാര്‍ക്കോസ് ഭരണത്തോടെ അമേരിക്കയില്‍ അഭയം തേടിയിരുന്ന ബെനിഗ്നോ മനിലയിലേക്ക് തിരിച്ചെത്തിയ ഉടന്‍ തന്നെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കനത്ത സുരക്ഷാ ബന്തവസ്സിനിടെ ഉണ്ടായ ഈ കൊലപാതകം ഫിലിപ്പീന്‍സിനെ പിടിച്ചുകുലുക്കി. ദുഖാചരണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഈ ദുഖാചരണ പ്രകടനങ്ങള്‍ പെട്ടന്ന് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭമായി രൂപം മാറി. ജനങ്ങളുടെ ഇടയില്‍ മാര്‍ക്കോസിനോടുള്ള അമര്‍ഷം ശക്തമായിരുന്നു. ഒരവസരത്തിനായി അവര്‍ കാത്തിരുന്നു. അക്വിനോയുടെ വിധവയെ മുന്നില്‍ നിര്‍ത്തി പ്രകടനങ്ങള്‍ നടന്നു. പ്രക്ഷോഭം ശക്തമായി. തുടര്‍ന്ന് പ്രക്ഷോഭം മയപ്പെടുത്താനായി 1986ല്‍ മാര്‍ക്കോസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. മാര്‍ക്കോസ് വിജയം പ്രഖ്യാപിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. ലക്ഷങ്ങള്‍ തെരുവിലിറങ്ങി. ലോകമെങ്ങും പ്രക്ഷോഭകാരികളെ അനുകൂലിച്ച് പ്രകടനങ്ങളും പ്രസ്താവനകളും ഉണ്ടായി. ഫിലിപ്പിന്‍സ് കത്തോലിക്കാ സഭയും ചില സൈനിക മേധാവികളും ഇവര്‍ക്ക് പരസ്യ പിന്തുണയും നല്‍കി. മര്‍ക്കോസിന്റെ ഉത്തരവ് അനുസരിക്കാനാവില്ലന്ന് സൈന്യം പ്രഖ്യാപിച്ചു. നാലു ദിവസം രാജ്യമെങ്ങും പ്രക്ഷോഭം അലയടിച്ചു. മാര്‍ക്കോസിനെ അനുകൂലിക്കുന്ന സൈനികരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന ഘട്ടമായി. പ്രക്ഷോഭകാരികളുടെ നേതാവായിരുന്ന അക്വിനോയുടെ വിധവ കോറി അക്വീനോ പ്രസിഡന്റായി. പ്രക്ഷോഭകാരികള്‍ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്തുകയും ദേശീയ ടെലിവിഷന്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ താന്‍ പെട്ടുവെന്ന് മനസിലായ മാര്‍ക്കോസ് രാജ്യം വിടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. അമേരിക്കന്‍ സഹായത്തോടെ കുടുംബത്തോടൊപ്പം അമേരിക്കന്‍ ഹെലികോപ്റ്ററില്‍ ഹവായിലേക്ക് മുങ്ങി.

പെട്ടിക്കണക്കിന് സ്വര്‍ണവും ഡോളറും, രക്ഷപ്പെട്ടത് അമേരിക്കന്‍ സഹായത്താല്‍

ജനകീയ പ്രക്ഷോഭം ശക്തമാകുകയും പുതിയ പ്രസിഡന്റ് വരികയും ചെയ്തതോടെ പിടിച്ചു നില്‍ക്കാന്‍ മറ്റ് വഴികളില്ലാതായി. അമേരിക്കന്‍ സഹായത്തോടെ പലായനം ചെയ്യാൻ പദ്ധതിയിട്ടു. കുടുംബാംഗങ്ങളോടൊപ്പം തൊണ്ണൂറോളം അടുത്ത അനുയായികളും മാര്‍ക്കോസിനെ അനുഗമിക്കാന്‍ തയ്യാറായി. നാല് ഹെലികോപ്റ്ററുകളിലാണ് മാര്‍ക്കോസും സംഘവും മനിലയില്‍ നിന്നും രക്ഷപ്പെട്ടത്. എയ്ഞ്ചല്‍സ് സിറ്റിയിലെ ക്ലാര്‍ക്ക് എയര്‍ബയ്‌സില്‍ നിന്ന് യു.എസ് എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഹാവായിലെത്തി.

22 പെട്ടികളിലായി ഏകദേശം 700 മില്യണ്‍ ഡോളര്‍, 300 പെട്ടി സ്വര്‍ണാഭരണങ്ങള്‍, അപൂര്‍വ വജ്രങ്ങള്‍, 65 വിലപിടിപ്പുള്ള വാച്ചുകള്‍, 10 ലക്ഷം ഫിലിപ്പിന്‍സ് പെസോസ്, വിദേശ നിക്ഷേപ രേഖകള്‍ തുടങ്ങി 10,00 കോടി ഡോളര്‍ വിലമതിക്കുന്ന സ്വത്തുക്കളുമായാണ് മാര്‍ക്കോസും കുടുംബവും രാജ്യം വിട്ടത്. ഹവായില്‍ വളരെ ധൂര്‍ത്തടിച്ച ജീവതമാണ് മാര്‍ക്കോസും കുടുംബവും നയിച്ചത്. തിരിച്ചുവരവിനുള്ള ശ്രമങ്ങളും അക്വിനോ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും മാര്‍ക്കോസ് നടത്താതിരുന്നില്ല. പക്ഷേ അവയെല്ലാം പൊളിഞ്ഞു. 1989 ല്‍ ഹവായില്‍ വെച്ച് തന്നെ മാര്‍ക്കോസ് മരിച്ചു. തന്റെ അമ്മയുടെ ശവകുടീരത്തോട് ചേര്‍ന്ന് തന്റെ സംസ്‌കാരം നടത്തണമെന്ന മാര്‍ക്കോസിന്റെ ആഗ്രഹവും അക്വീനോ സര്‍ക്കാര്‍ നടപ്പാക്കിയില്ല. 1989 സെപ്തംബര്‍ 28 ന് മരിച്ച മാര്‍ക്കോസിന്റെ മൃതദേഹം ഫിലിപ്പീന്‍സിലെത്തിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. പിന്നീട് നാല് വര്‍ഷത്തിന് ശേഷം ഫിഡല്‍ റാമോസ് പ്രസിഡന്റായ ശേഷമാണ് ഭൗതികാവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സിലെത്തിച്ച് സംസ്‌കരിച്ചത്. മാര്‍ക്കോസ് കുടുംബം അഴിമതിയിലൂടെ തട്ടിയെടുത്ത സ്വത്തുക്കള്‍ക്കായി കേസുകള്‍ നടക്കുകയാണ്. ഇതില്‍ നാല് ബില്യണ്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.

ഇമല്‍ഡയുടെ ഭരണം

ഇമെൽഡ മാർക്കോസ്

1929 ല്‍ മനിലയിലാണ് ഇമല്‍ഡ മാര്‍ക്കോസ് ജനിച്ചത്. അഭിഭാഷകനായിരുന്നു പിതാവ്. പിന്നീട് കുടുംബം മനില വിട്ടു. അതുകഴിഞ്ഞ് വിദ്യാഭ്യാസത്തിനായി ഇമല്‍ഡ മനിലയില്‍ തിരിച്ചെത്തി. ഫിലിപ്പീന്‍സ് പാര്‍ലമെന്റിലെ സ്പീക്കര്‍ ഇമല്‍ഡയുടെ ബന്ധുവായിരുന്നു. ആദ്യം സെയില്‍സ് ഗേളായി ജോലി നോക്കിയ ഇമല്‍ഡയ്ക്ക് പിന്നീട് ബാങ്ക് ക്ലര്‍ക്കായി ജോലി ലഭിച്ചു. 1953 ല്‍ മിസ് മനില സൗന്ദര്യ മത്സരത്തിലും ഇമല്‍ഡ പങ്കെടുത്തു. 1954 ല്‍ പാര്‍ലമെന്റില്‍ വെച്ചാണ് ഇമല്‍ഡയും മാര്‍ക്കോസും കണ്ടുമുട്ടുന്നത്. തന്റെ ബന്ധുവായ സ്പീക്കറെ കാണാനെത്തിയതായിരുന്നു ഇമല്‍ഡ. 11 ാം ദിവസം ഇരുവരും വിവാഹിതരായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രാചരണ സമയത്ത് ഇമല്‍ഡ ജനക്കൂട്ടങ്ങളെ ഇളക്കി മറിച്ചു. ഇമല്‍ഡയുടെ പ്രസരിപ്പുള്ള സ്വഭാവം സൗന്ദര്യവും ഫിലിപ്പിന്‍സ് ജനതയെ ആകര്‍ഷിച്ചു. മാര്‍ക്കോസ് പ്രസിഡന്റായതോടെ ഇമല്‍ഡ ശരിക്കും പവര്‍ ബ്രോക്കറായി. രണ്ടാം ടേമില്‍ പ്രസിഡന്റ്് മാര്‍ക്കോസിനെ പ്രതിനിധീകരിച്ച് പലപ്പോഴും വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നത് ഇമല്‍ഡയായിരുന്നു. രണ്ടു തവണ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാര്‍ക്കോസിന് വേണ്ടി ഭരണം നടത്തുന്നത് ഇമല്‍ഡയാണന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇമെൽഡ മാർക്കോസ്

ഡിസൈനര്‍ വസ്തുക്കളോടുള്ള ഇമല്‍ഡയുടെ പ്രേമം ഏറെ പ്രശസ്തമായിരുന്നു. പ്രത്യേകിച്ചും ചെരിപ്പുകളോട്. ഇവയ്ക്കായി ലോകത്തെവിടെയും യാത്ര ചെയ്യാനും ഇമല്‍ഡ തയ്യാറായിരുന്നു. മാര്‍ക്കോസിന്റെ ഭരണകാലത്ത് എല്ലാ പ്രാദേശിക ചെരുപ്പ് നിര്‍മാതാക്കളും ഒരാഴ്ച 10 ജോഡി ചെരുപ്പുകള്‍ വീതം ഇമല്‍ഡയ്ക്ക് നല്‍കണമെന്നായിരുന്നുവത്രെ നിയമം. ഇഷ്ടപ്പെട്ടുവെങ്കില്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യും. ചെരുപ്പിന് ചേരുന്ന ഹാന്‍ഡ് ബാഗുകളും വാങ്ങും. ചെരുപ്പുകള്‍ വാങ്ങുന്നതിനായി മാത്രം ഇമല്‍ഡ നിരവധി വിദേശയാത്രകള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ക്കോസ് കുടുംബം രാജ്യത്ത് നിന്ന് രക്ഷപ്പെട്ടതിന് ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് 3000 ജോഡി ഷൂവും 800 ഹാന്‍ഡ് ബാഗുകളും കണ്ടെത്തിതോടെയാണ് ഇമല്‍ഡായുടെ ചെരുപ്പ് പ്രേമം ചര്‍ച്ചയാകുന്നത്.

പലായനത്തിന് ശേഷം കൊട്ടാരത്തിലേക്ക് ഇരച്ചെത്തിയ പ്രക്ഷേഭകാരികള്‍ കണ്ടെത്തിയത് ചെരുപ്പുകളുടെ വന്‍ ശേഖരമാണ്. ''ഞങ്ങള്‍ അസ്ഥികൂടങ്ങള്‍ക്കായാണ് തിരച്ചില്‍ നടത്തിയത്. ദൈവത്തിന് നന്ദി ഞങ്ങള്‍ ചെരുപ്പുകളാണ് കണ്ടെത്തിയത്. അതും വളരെ മനോഹരമായ ചെരുപ്പുകള്‍''. കൊട്ടാരത്തിലെത്തിയ ഒരാളുടെ വാക്കുകളായിരുന്നു അത്. എന്നാല്‍ എല്ലാവരും പറയുന്നത് പോലെ തനിക്ക് 3000 ജോഡി ഷൂ ഇല്ലെന്നും 1060 ജോഡി മാത്രമേ ഉള്ളുവെന്നുമായിരുന്നു ഇമല്‍ഡയുടെ പ്രതികരണം. ഇമല്‍ഡയുടെ ഷൂ ശേഖരത്തിലെ 800 ജോഡി ഇപ്പോള്‍ മരിക്കിനയിലെ ഷൂ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

1991 ല്‍ രാജ്യത്ത് തിരിച്ചെത്തിയ ഇമല്‍ഡ 1992 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. 1993-ല്‍ അഴിമതിയുടെ പേരില്‍ 18-24 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും അപ്പീലിനുവേണ്ടി ജാമ്യത്തില്‍ സ്വതന്ത്രയായി. 1995-ല്‍ സ്വന്തം പ്രവിശ്യയായ ലെയ്റ്റില്‍ നിന്നു പാര്‍ലമെന്റിലേക്കു ജയിച്ചു. 92 വയസുള്ള ഇമല്‍ഡ ഇപ്പോള്‍ മനിലയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

സീനിയര്‍ മാര്‍ക്കോസിന്റെ വഴിയാണോ ജൂനിയറും തിരഞ്ഞെടുക്കുക. വൈകാതെ ഏകാധിപത്യത്തിലേക്ക് മകനും വഴിതിരിയുമോ. അതോ പിതാവിന്റെ തെറ്റിന് മകന്റെ പ്രായശ്ചിത്തമാകുമോ ഭരണകാലം. കാലം ഉത്തരം നല്‍കും

Content Highlights: Bongbong Marcos new philippines president,Ferdinand Marcos,imelda marcos,Rodrigo Duterte


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented