പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
1928 ഒക്ടോബര്‍ 30, ലാഹോര്‍: ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സൈമണ്‍ കമ്മീഷനെതിരെ ലാലാ ലജ്പത് റോയിയുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം. 'സൈമണ്‍ ഗോ ബാക്ക്' എന്ന് മുദ്രാവാക്യം. ലാഹോര്‍ പോലീസ് നടത്തിയ രൂക്ഷമായ ലാത്തിചാര്‍ജില്‍ ലജ്പത് റായിക്ക് ഗുരുതര പരിക്ക്. പരിക്കിനെ അതിജീവിക്കാനാകാതെ നവംബര്‍ 17-ന് മരണം.
2018 ജൂലായ് 29, അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദ് യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാര്‍ഥികള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. 'അമിത് ഷാ ഗോ ബാക്ക് എന്ന് മുദ്രാവാക്യം'. നേഹ യാദവ്, കിഷന് മൗര്യ എന്നിവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു, റോഡിലൂടെ വലിച്ചിഴച്ചു, കലാപമുണ്ടാക്കിയതിനും സമാധാനലംഘനത്തിനും കടുത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
2022 ജൂണ്‍ 11, കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോട്ടയത്ത് പ്രതിഷേധം. 'മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക' എന്ന് മുദ്രാവാക്യം. കൊച്ചിയിലെ പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ചെത്തിയവരെ തടഞ്ഞു, മാധ്യമപ്രവര്ത്തകയുടേതടക്കം മാസ്കുകള്‍ നീക്കംചെയ്തു. കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതികളെ പോലീസ് മര്‍ദിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ ഉടനീളം കറുപ്പ് നിറം കാട്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് വിലക്ക്.
വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്നുള്ള മൂന്നു സംഭവങ്ങളാണ് ഇവ. കാലവും സന്ദര്‍ഭവും വ്യക്തികളും വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ഇവയ്ക്കുതമ്മില്‍ പല സമാനതകളുമുണ്ട്. കറുപ്പ് ധരിച്ച് പ്രതിഷേധിക്കുന്നവരെ ഭരണകൂടം/അധികാരം നിഷ്കരുണം നേരിടുന്നു, ക്രൂരമായി മര്‍ദിക്കുന്നു, അടിച്ചൊതുക്കുന്നു, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നു. അടുത്ത കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ സമരം ചെയ്തവര്‍ പ്രതിഷേധചിഹ്നമായി കറുത്ത കൊടി ഉയര്‍ത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരെയും ഗവര്‍ണര്‍മാരെയും കരിങ്കൊടി കാട്ടിയതിന് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കെതിരെ ഐപിസി 143, 145, 147, 149, 151, 341, 504, 506 എന്നിങ്ങനെ ജാമ്യമില്ലാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസുകളെടുത്തു.

ചരിത്രപരമായി തന്നെ കറുപ്പ് പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതികരണത്തിന്റെയും ചിഹ്നമാണ്. എന്തുകൊണ്ടായിരിക്കാം കറുപ്പ് ഒരു പ്രതിഷേധചിഹ്നമാകുന്നത്? ചരിത്രത്തില്‍, രാഷ്ട്രീയത്തില്‍ എവിടെവെച്ചാണ് കറുപ്പിന് അങ്ങനെയൊരു അര്‍ഥം കിട്ടിയത്? കറുപ്പ് വസ്ത്രവും കറുപ്പ് മാസ്കും പോലും ചതുര്ഥിയാകും വിധത്തില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് കറുപ്പിനോട് എന്തായിരിക്കാം ഇത്ര വെറുപ്പ്?
കറുപ്പ് നിറം മരണവുമായും ദുരന്തവുമായും ചേര്‍ത്തുവെച്ച് പാശ്ചാത്യര്‍ ഉപയോഗിച്ചുവന്നു. അതേസമയം, വിപ്ലത്തിന്റെയും വിയോജിപ്പിന്റെയും സ്വാതന്ത്യത്തിന്റെയും ചിഹ്നമായി കറുത്ത കൊടികള്‍ ലോകത്ത് പലരും ഉപയോഗിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നടന്ന സ്പാനിഷ് പിന്തുടര്ച്ചാ യുദ്ധത്തില്‍ കറ്റലോണിയന്‍ സൈന്യം 'We live free or we will die' എന്നെഴുതിയ കറുത്ത പതാക ഉപയോഗിച്ചു. 17-ാം നൂറ്റാണ്ടിന്റെ അവസാനം വരെ അരാജകവാദികളുടെ വിവിധ സംഘങ്ങള്‍ കരിങ്കൊടികളെ തങ്ങളുടെ അടയാളമാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ ഇറ്റലിയിലെ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടിയുടെ പതാകയുടെ നിറം കറുപ്പായിരുന്നു. ലോക മഹായുദ്ധങ്ങളില്‍ കറുത്ത കൊടി വിവിധ സാഹചര്യങ്ങളില്‍ വ്യത്യസ്ത സൂചനകളോടെ ഉപയോഗിച്ചു. ഹിറ്റ്ലറുടെ കീഴിലുള്ള ഒരു പാരാമിലിറ്ററി വിഭാഗത്തിന്റെ പതാകയുടെ നിറം കറുപ്പായിരുന്നു. ഐഎസ്ഐഎസ് അടക്കമുള്ള മുസ്ലിം തീവ്രവാദ സംഘടനകളില്‍ പലതും കറുപ്പില്‍ മുദ്രിതമായ കൊടികള്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്.
വെളുപ്പിന്റെ വിരുദ്ധ ദ്വന്ദ (dialectical duel) മായി, മുന്‍വിധികളോടെയാണ് കറുപ്പിനെ ചിലപ്പോഴൊക്കെ ലോകം കണ്ടത്. വെളുപ്പ് സംസ്കാരികോന്നതിയുടെയും ബൗദ്ധികതയുടെയും അറിവിന്റെയും സമ്പന്നതയുടെയും നിറമായപ്പോള്‍ കറുപ്പ് അതിന്റെയൊക്കെ മറുപുറമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സങ്കല്പം സവര്‍ണനെന്നും അവര്‍ണനെന്നും മനുഷ്യനെ നിറം കൊണ്ട് വേർതിരിച്ചു. ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ ആഴങ്ങളിലോടുന്ന ജാതിവേരുകളില് ഈ നിറവ്യത്യാസം ഗാഢമായി ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ചരിത്രപരമായിക്കൂടിയാണ് കറുപ്പിനോടുള്ള വിരോധം ഒരാളുടെ അബോധത്തില്‍ അടയാളപ്പെട്ടിരിക്കുന്നത്. കറുപ്പിനെ വെറുപ്പോടെയും ഭയാശങ്കകളോടെയും സമീപിക്കുമ്പോള്‍ ഈ വരേണ്യബോധം കൂടിയാണ് ഒരു നേതാവ് പങ്കുവെക്കുന്നത്.

കരിങ്കൊടി, കോലം കത്തിക്കല്‍, പ്രതീകാത്മകമായി ചെരിപ്പുമാല അണിയിക്കല്‍, മഷി കുടയല് തുടങ്ങിയവയൊക്കെ താരതമ്യേന ആക്രമണോത്സുകത കുറഞ്ഞ, സമാധാനപരമായ പ്രതിഷേധ മാര്‍ഗങ്ങളായാണ് കരുതപ്പെടുന്നത്. തിളങ്ങിനില്‍ക്കുന്ന നേതാക്കളുടെ പ്രതിച്ഛായയ്ക്കുമേല്‍ വീഴുന്ന കരിനിഴല്‍/കറുപ്പ് ആയിരിക്കാം ഇത്തരം പ്രതിഷേധ രൂപങ്ങളിലൂടെ പ്രതീകവത്കരിക്കപ്പെടുന്നത്. വെളുപ്പിനു മേല്‍ പടരുന്ന മാലിന്യത്തെ പ്രതിനിധാനം ചെയ്യുംവിധം കറുപ്പ് ഇവിടെ ഒരു രൂപകമായി മാറുന്നു. വെളുപ്പ്-കറുപ്പ് എന്ന ദ്വന്ദത്തില്‍ ഊന്നിയാണ് ഈ പ്രതിഷേധവും പ്രതിഷേധത്തോടുള്ള പ്രതികരണവും നിലനില്‍ക്കുന്നതെന്ന് ചുരുക്കം.
എന്താണ് കരിങ്കൊടി/കറുപ്പ് പ്രതിഷേധം? അഹിംസാത്മകമായ സമരമാർഗം എന്ന നിലയ്ക്കാണ് സ്വാതന്ത്ര്യസമര കാലം മുതല്‍ ഈ പ്രതിഷേധം ഉപയോഗിച്ചിരുന്നത്. ധര്ണയുടെയോ പിക്കറ്റിങ്ങിന്റെയോ ജാഥയുടെയോ അത്രപോലും വയലന്‍സ് ഇല്ലാത്ത, പ്രസംഗങ്ങളുടെയത്രപോലും രൂക്ഷതയില്ലാത്ത ഒരു സമരരൂപമാണത്. ജനപ്രതിനിധിയോടോ വ്യക്തിയോടോ പാര്‍ട്ടിയോടോ സമീപനത്തോടോ ഉള്ള പ്രതിഷേധമറിയിക്കാന്‍, ഒരേപോലെ ചിന്തിക്കുന്ന ഒരുകൂട്ടം പേരോ ഒരു വ്യക്തി ഒറ്റയ്ക്കോ നടത്തുന്ന പ്രതീകാത്മക പ്രവൃത്തിയാണത്. ഉയര്‍ത്തിക്കാട്ടുന്ന കറുത്ത നിറമുള്ള ഒരു തുണിക്കഷണം പ്രതിഷേധത്തെ പ്രതീകവത്കരിക്കുന്നു.
യഥാര്‍ഥത്തില്‍ കരിങ്കൊടി കാണിക്കുന്നതോ കോലം കത്തിക്കുന്നതോ നിയമപരമായി നിലനില്‍ക്കുന്ന ഒരു കുറ്റകൃത്യമല്ല. അതുകൊണ്ടാണ് ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കലാപശ്രമം, ക്രമസമാധാന ലംഘനം, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തപ്പെടുന്നത്. കരിങ്കൊടി കാണിച്ചു എന്നതുകൊണ്ടു മാത്രം ആരെയും അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ ആവില്ലെന്ന് ചുരുക്കം. കറുപ്പ് എന്ന നിറം മനുഷ്യരില്‍ ഉണ്ടാക്കുന്ന അശുഭ ചിന്തയില്‍നിന്നോ ഭീതികളില്നിന്നോ ചില മുന്വിധികളില്നിന്നോ ആയിരിക്കണം കറുപ്പിനോടുള്ള ഭരണകൂടത്തിന്റെ ശത്രുത രൂപപ്പെടുന്നത്. രാഷ്ട്രീയ-ഭരണരംഗത്ത് മറ്റു പലതിലും എന്നതുപോലെ കറുപ്പിനോടുള്ള വെറുപ്പിന്റെ അടിവേരുകളും ചെന്നെത്തിനില്ക്കുന്നത് ബ്രിട്ടീഷ് ഭരണത്തില്ത്തന്നെയാണെന്നു പറയാം.

സ്വാതന്ത്ര്യസമര കാലത്ത് പ്രതിഷേധ സൂചകമായി ഇന്ത്യക്കാര്‍ കരിങ്കൊടിയുയര്ത്തുന്നത് ബ്രിട്ടീഷുകാരെ ഭ്രാന്തുപിടിപ്പിച്ചിരുന്നു എന്നതിന് ചരിത്രം തെളിവുകള്‍ നല്‍കും. മുന്‍പു പറഞ്ഞതുപോലെ സ്വാതന്ത്ര്യസമര നേതാവ് ലാലാ ലജ്പത് റായിയുടെ മരണത്തിന് ഇടയാക്കിയ പ്രതിഷേധം അതിലൊന്നാണ്. ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ബ്രിട്ടീഷ് ഗവണ്മെന്റ് സൈമണ്‍ കമ്മീഷനെ (സര് ജോണ്‍ സൈമണ്‍ തലവനായ കമ്മീഷന്) നിയോഗിച്ചത്. കമ്മിറ്റിയില്‍ ഇന്ത്യക്കാരനായ ഒറ്റ അംഗം പോലും ഇല്ലാത്തത് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ കമ്മീഷനെ ബഹിഷ്കരിച്ചു.
ലാഹോറില്‍ സൈമണ്‍ കമ്മീഷന് നടത്തിയ സന്ദര്‍ശനത്തിനു നേരെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ ഒരു സംഘം കരിങ്കൊടിയുമായി പ്രതിഷേധിച്ചു. 'സൈമണ്‍ ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിച്ചു. ലാഹോര്‍ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രൂക്ഷമായ ലാത്തി ചാര്‍ജ് നടത്തിയായിരുന്ന ബ്രിട്ടീഷ് ഭരണകൂടം ഇതിനെ നേരിട്ടത്. ലജ്പത് റായിയെ തിരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദിച്ചു. 'ഇന്ന് എനിക്കേറ്റ അടികള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും', പരിക്കേറ്റു കിടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകള്‍ മൂലം നവംബര്‍ 17-ന് അദ്ദേഹം അന്തരിച്ചു.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെയോ അവസാനത്തെയോ സംഭവമായിരുന്നില്ല ഇത്. 1921 നവംബറില്‍ മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം പ്രിന്‍സ് എഡ്വേഡ് എട്ടാമനെ പ്രക്ഷോഭകര്‍ കരിങ്കൊടി കാട്ടി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
ബ്രിട്ടീഷുകാര്‍ക്ക് നേരെ മാത്രമല്ല, മഹാത്മാഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കു നേരെയും കരിങ്കൊടി പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതിനെ തുടര്‍ന്നുണ്ടായ സമരപ്രക്ഷോഭങ്ങളുടെ ഫലമായി 1931-ല്‍ കറാച്ചിയില്‍ നടന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധിക്കു നേരെ പ്രക്ഷോഭകര്‍ കരിങ്കൊടി ഉയര്‍ത്തി. ഗാന്ധിസത്തിനെതിരായി മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധക്കാർ തനിക്കുനേരെ നീട്ടിയ കറുത്തകൊടികള്‍ പുഞ്ചിരിച്ചുകൊണ്ട് ഗാന്ധി ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങി.
ഇന്ത്യയില്‍ കരിങ്കൊടിയെ കുറ്റകൃത്യമാക്കിയത് ബ്രിട്ടീഷുകാര്‍ ആയിരിക്കാമെങ്കിലും ഇന്നത്തെ ബ്രിട്ടണില്‍ അതല്ല സ്ഥിതി. ആധുനിക ജനാധിപത്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും പരിഷ്കൃതമായ മാര്‍ഗമായി വിലയിരുത്തപ്പെടുന്നതിനാല്‍ ബ്രിട്ടണില്‍ കരിങ്കൊടിക്ക് നിരോധനമില്ല. മറ്റു പലതും പോലെ ബ്രിട്ടീഷുകാര്‍ പകര്‍ന്നുനല്‍കിയ യുക്തിരഹിതമായ കരിങ്കൊടിവിരുദ്ധതയാണ് ഇന്ത്യന്‍ ഭരണാധികാരികളും ഇപ്പോഴും തുടരുന്നത്. ബ്രിട്ടീഷുകാര്‍ കയ്യൊഴിഞ്ഞ വിക്ടോറിയന്‍ കാലത്തെ കാലഹരണപ്പെട്ട പല നിയമങ്ങളും നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ ഇപ്പോഴും തുടരുന്നുണ്ടല്ലോ. അതുപോലെതന്നെ ഇതും.
ശബ്ദം പോലും അനിവാര്യമല്ലാത്ത, സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഈ നിരുപദ്രവ പ്രകടനം നേതാവിനെ ഭയപ്പെടുത്തുകയോ അസഹിഷ്ണുവാക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടാകും? ഒരുപക്ഷേ, തന്റെ തന്നെ വ്യക്തിത്വത്തിനുമേല്‍, പൊതുസ്വീകാര്യതയ്ക്കുമേല്, പ്രതിച്ഛായയ്ക്കുമേല്‍ പടര്‍ന്ന കരിനിഴല്‍ ആ കറുപ്പുതുണിശീലയില് പ്രതിഫലിക്കുന്നതാകാം അതിനു കാരണം. ആ തുണിക്കഷണം പ്രതിനിധാനംചെയ്യുന്ന ജനതയുടെ അസംതൃപ്തിയും അനിഷ്ടവും തന്റെ അധികാരക്കസേരയെ ദുര്‍ബലപ്പെടുത്തുന്നതായി നേതാവിന് തോന്നുന്നുണ്ടാവാം. അടിസ്ഥാനപരമായി, ജനാധിപത്യം എന്ന സംവിധാനം തന്നെ നിലനില്‍ക്കുന്നത് പ്രതിനിധാനത്തിലും പ്രതീകവത്കരണത്തിലുമാണെന്ന തിരിച്ചറിവുണ്ടാക്കുന്ന അരക്ഷിതത്വംകൊണ്ടുമാകാം. കാരണമെന്തായാലും അക്രമരഹിതമായി ഇത്തരം പ്രതീകാത്മക പ്രതിഷേധങ്ങളെ നേതാക്കള്‍ ഭയക്കുന്നതും അതില്‍ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും വെകിളിപിടിക്കുന്നതും ജനാധിപത്യത്തിന് നല്‍കുന്നത് ശുഭസൂചനയല്ല; അത് ലാഹോറിലായാലും യുപിയിലായാലും കേരളത്തിലായാലും.
ഗാന്ധിക്കെതിരായി ഉന്നയിക്കപ്പെട്ട വിയോജിപ്പിന്റെ, അഭിപ്രായവ്യത്യാസത്തിന്റെ കരിങ്കൊടി ചെറുപുഞ്ചിരിയോടെ ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെട്ടെങ്കില്‍, ലാലാ ലജ്പത് റായി ഉയര്‍ത്തിയ കരിങ്കൊടി അദ്ദേഹത്തിന്റെ ശവക്കച്ചയായി. ചരിത്രത്തില്‍ ഒരേ പ്രവൃത്തി വ്യത്യസ്ത സാഹചര്യങ്ങളില്‍ മൂല്യനിര്‍ണയം ചെയ്യപ്പെടുന്നത് വ്യത്യസ്തമായാണ്. ഇന്നത്തെ ഇന്ത്യയില്‍ ഗാന്ധിയുടെ സഹിഷ്ണുത നേതാക്കളില്‍ ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, തമിഴ്നാട്ടില്‍ നരേന്ദ്ര മോദിക്കു നേരെയും അലഹബാദ് യൂണിവേഴ്സിറ്റിയില്‍ അമിത് ഷായ്ക്കു നേരെയും യുപിയില്‍ യോഗി ആദിത്യനാഥിനു നേരെയും കേരളത്തില്‍ പിണറായി വിജയനു നേരെയും കരിങ്കൊടി ഉയര്‍ന്നപ്പോള്‍ അന്തരീക്ഷത്തില്‍ ഉയർന്നു കേള്‍ക്കുന്ന അസഹിഷ്ണതയുടെ ശീല്ക്കാരങ്ങള് ഇന്ത്യന്‍ ജനാധിപത്യത്തെ പേടിപ്പിക്കേണ്ടതല്ലേ? ലാലാ ലജ്പത് റായിയെ ഓർമിപ്പിക്കേണ്ടതല്ലേ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..