യെദ്യൂരപ്പ പോകുമ്പോൾ കർണാടകത്തിലെ ജാതി രാഷ്ട്രീയത്തിന് എന്തു സംഭവിക്കും?


പ്രണവ് ജയരാജ്‌

Premium

ബി.എസ് യെദ്യൂരപ്പ | Photo: PTI

"ഇതെന്റെ അവസാനത്തെ പ്രസംഗമാണ്. ഇനി ഈ നിയമസഭയിലേക്ക് ഞാനില്ല." പതിറ്റാണ്ടുകളോളം നീണ്ട നിയമസഭാ സാമാജികന്റെ വേഷം ഉപേക്ഷിക്കുന്നതിന് തൊട്ടുമുന്‍പ് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ എം.എല്‍.എമാരോട് ഒരു കാര്യം കൂടെ സൂചിപ്പിച്ചു. "നിങ്ങള്‍ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കണം. പ്രതിപക്ഷത്തുള്ളവരില്‍ പലരും നമ്മളോടൊപ്പം വരാന്‍ തയ്യാറാണ്." അതെ, കര്‍ണാടക രാഷ്ട്രീയത്തില്‍ ചരടുവലികളുടെ പ്രമാണി, ബി.ജെ.പിക്ക് അപ്രാപ്യമായിരുന്ന ദക്ഷിണേന്ത്യയില്‍ പാർട്ടിക്ക് വഴി തുറന്നുകൊടുത്തയാൾ. നാലു തവണ മുഖ്യമന്ത്രിയായ ബി.എസ്. യെദ്യൂരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങുമ്പോള്‍ മാറിമറയുന്നത് കര്‍ണാടക രാഷ്ട്രീയത്തിലെ സമുദായ സമവാക്യങ്ങള്‍ കൂടിയാണ്.

ഗുമസ്തജീവിതം മടുത്ത് ആർ.എസ്.എസിൽ, പിന്നീടങ്ങോട്ട് ഉയർച്ച

1943 ഫെബ്രുവരി 27-ന് മാണ്ഡ്യ ജില്ലയിലെ ബൂനന്‍കരെ ഗ്രാമത്തിലായിരുന്നു യെദ്യൂരപ്പയുടെ ജനനം. പ്രദേശത്തെ തന്നെ മാണ്ഡ്യ കോളേജില്‍നിന്നു ബിരുദം പൂര്‍ത്തിയാക്കി. 1965-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച യെദ്യൂരപ്പ തന്റെ ജോലി ഉപേക്ഷിച്ചാണ് നിലവിലെ തന്റെ മണ്ഡലമായ ശിക്കാരിപുരയിലേക്കെത്തുന്നത്. പിന്നീട് റൈസ് മില്‍ക് ക്ലര്‍ക്, ഹാര്‍ഡ്​വെയര്‍ ഷോപ്പ് എന്നിങ്ങനെ നിരവധി തൊഴിലുകള്‍ യെദ്യൂരപ്പ പരീക്ഷിച്ചെങ്കിലും അതിലൊക്കെ അസന്തുഷ്ടനായിരുന്നു. ഈ മടുപ്പാണ് ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ആർ.എസ്.എസ്. സമ്മേളനത്തിൽ യെദ്യൂരപ്പ

പതിനഞ്ചാം വയസ് മുതല്‍ ആര്‍.എസ്.എസിന്റെ ഭാഗമായിരുന്നു യെദ്യൂരപ്പ. യെദ്യൂരപ്പയുടെ ജനപ്രീതിയും പ്രശസ്തിയും അതിവേഗം ഉയരുന്നതിനാണ് 1970-കള്‍ സാക്ഷ്യം വഹിച്ചത്. 1973-ല്‍ ശിക്കാരിപുര മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് യെദ്യൂരപ്പ തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത്.

1983-ൽ ആദ്യ സീറ്റ്, പിന്നീട് മണ്ഡലത്തിന്റെ സ്വന്തം നേതാവ്

1970 മുതല്‍ വലതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്ന ജനസംഘത്തില്‍ അംഗമായിരുന്നു യെദ്യൂരപ്പ. 1980-ലാണ് അദ്ദേഹം ബി.ജെ.പിയുടെ ഭാഗമാകുന്നത്. 1983-ല്‍ സിദ്ധരാമയ്യയുടെ പിന്‍ഗാമിയായി ശിക്കാരിപുര നിയമസഭാ മണ്ഡലത്തില്‍നിന്നു അദ്ദേഹം ആദ്യ ജനവിധി തേടി. വരാനിരിക്കുന്ന അനേകം വിജയങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു അത്.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദൂരസ്വപ്‌നം മാത്രമായിരുന്നു. എന്നാല്‍, തന്റെ ലക്ഷ്യം യെദ്യൂരപ്പയ്ക്ക് വ്യക്തമായിരുന്നു. പിന്നീട് അഞ്ച് തവണ കൂടെ ശിക്കാരിപുരയെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി.

ബി.എസ്. യെദ്യൂരപ്പ

1994-ല്‍ അദ്ദേഹം കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി. അടുത്ത തിരഞ്ഞെടുപ്പില്‍ 225 സീറ്റിന്റെ നിയമസഭയില്‍ ബി.ജെ.പി 79 സീറ്റ് കരസ്ഥമാക്കി. അന്ന് സംസ്ഥാനത്ത് ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം അതിന് വിനയായി.

ജനതാപക്ഷ രൂപവത്കരണം, ആദ്യം തകര്‍ത്തത് ബി.ജെ.പിയുടെ സാധ്യതകള്‍

പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ബി.ജെ.പി. അംഗത്വം ഉപേക്ഷിച്ച് 2011-ല്‍ യെദ്യൂരപ്പ കര്‍ണാടക ജനതാ പക്ഷ (കെ.ജെ.പി) രൂപവത്കരിച്ചു. അദ്ദേഹം ഉദ്ദേശിച്ച തരത്തില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ ഒരു ശക്തിയായി വളരുന്നതില്‍ കെ.ജെ.പി. പരാജയപ്പെട്ടു. എന്നാല്‍ 2013 തിരഞ്ഞെടുപ്പില്‍ ആറു സീറ്റും പത്ത് ശതമാനം വോട്ടും സ്വന്തമാക്കി. അങ്ങനെ അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ സാധ്യതകള്‍ക്ക് വിള്ളലേല്‍പ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

മുന്നോട്ടുള്ള രാഷ്ട്രീയജീവിതത്തില്‍ ബി.ജെ.പിയോടൊത്ത് പോകുന്നതാണ് അഭികാമ്യമെന്ന് തിരിച്ചറിഞ്ഞ യെദ്യൂരപ്പ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാര്‍ട്ടിയെ ബി.ജെ.പിക്കൊപ്പം ലയിപ്പിച്ചു. തങ്ങളുടെ പ്രചാരണത്തിനും സംസ്ഥാനത്തെ സമുദായ ശക്തിക്കുമൊപ്പം നിലനില്‍ക്കുന്ന ഒരു നേതാവിനെ തേടിയിരുന്ന ബി.ജെ.പിക്കും ഈ തിരിച്ചുവരവ് അനുകൂലമായി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളില്‍ 19 എണ്ണവും ഇതോടെ പാര്‍ട്ടിക്ക് സ്വന്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യെദ്യൂരപ്പ

ഇരിപ്പുറയ്ക്കാത്ത മുഖ്യമന്ത്രിക്കസേര

2004-ല്‍ രൂപവത്കരിക്കപ്പെട്ട ധരം സിങ് സര്‍ക്കാര്‍ ഖനന അഴിമതിയില്‍പ്പെട്ട് താഴെയിറങ്ങിതോടെ ബി.ജെ.പിക്ക് വീണ്ടും അധികാരത്തിലേക്ക് വഴിയൊരുങ്ങി. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പദം എന്ന വ്യവസ്ഥയില്‍ യെദ്യൂരപ്പ ജെ.ഡി.എസിലെ എച്ച്.ഡി. കുമാരസ്വാമിയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപവത്കരിച്ചു. ആദ്യം കുമാരസ്വാമി മുഖ്യമന്ത്രിയും യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയുമായി.

എന്നാല്‍, അധികാരം കൈയിലെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 20 മാസത്തിന് ശേഷം അധികാരം പങ്കിടുന്നതില്‍നിന്നു ജെ.ഡി.എസ്. പിന്മാറി. ലിംഗായത്ത് സമുദായത്തോട് ചെയ്ത ചതി എന്നാണ് കുമാരസ്വാമിയുടെ തീരുമാനത്തോട് യെദ്യൂരപ്പ പ്രതികരിച്ചത്. ഇതോടെ സഖ്യം തകരുകയും അടുത്ത തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ചെയ്തു.

2008-ല്‍ യെദ്യൂരപ്പ സമാജ് വാദി പാര്‍ട്ടി മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പയ്‌ക്കെതിരെ വീണ്ടും ശിക്കാരിപുരയില്‍നിന്നു ജനവിധി തേടി. അന്ന് കോണ്‍ഗ്രസും ജെ.ഡി(എസും) ബംഗാരപ്പയെ പിന്തുണച്ചു. എന്നാല്‍ 45,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യെദ്യൂരപ്പ തന്റെ മണ്ഡലം സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരണത്തിന് അദ്ദേഹത്തിന്റെ കീഴില്‍ വഴിയൊരുങ്ങി.

അധികാരത്തിലേറി താമസിയാതെ ഭൂമി, ഖനന കുംഭകോണ വിവാദങ്ങള്‍ ഉയര്‍ന്നതോടെ കാലാവധി പൂര്‍ത്തീകരിക്കാനാകാതെ സര്‍ക്കാര്‍ വീണു. 2011 ജൂലായ്‌ 31-ന് അദ്ദേഹം രാജിവെക്കാന്‍ നിര്‍ബന്ധിതനായി.

യെദ്യൂരപ്പ

സമാനമായ രീതിയില്‍ പിന്നീടുള്ള കാലങ്ങളിലും അദ്ദേഹത്തിന് മുഖ്യമന്ത്രിപദം വിജയകരമായി പൂര്‍ത്തീകരിക്കാനായിട്ടില്ല. 2018 കര്‍ണാടക നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം തവണയും മുഖ്യമന്ത്രിപദത്തിലേറിയ യെദ്യൂരപ്പയ്ക്ക് പക്ഷേ, മൂന്നാം ദിനം രാജിവച്ച് ഒഴിയേണ്ടി വന്നു. സുപ്രീം കോടതി അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയായിരുന്നു രാജ്യത്തെ ഏറ്റവും ചുരുങ്ങിയ കാലയളവില്‍ അധികാരം നഷ്ടപ്പെടുന്ന മുഖ്യമന്ത്രിയെന്ന നാണക്കേടും പേറി അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നത്.

ജെ.ഡി.(എസ്)-കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടതോടെ 2019-ല്‍ വീണ്ടും യെദ്യൂരപ്പയെ തേടി മുഖ്യമന്ത്രിസ്ഥാനമെത്തി. ജനതാദളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും എം.എല്‍.എമാരെ കൂറുമാറ്റി സഖ്യത്തെ തകര്‍ത്തതിന് പിന്നില്‍ യെദ്യൂരപ്പയാണെന്ന് ആരോപണം വ്യാപകമായിരുന്നു. അന്ന് ഓപ്പറേഷന്‍ കമലയെന്ന് പേരിട്ടിരുന്ന പദ്ധതിയിലൂടെ കൂറുമാറിയെത്തിയവരില്‍ പ്രമുഖരെ അദ്ദേഹം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇത്തരത്തിൽ കൂറുമാറി വന്നവരിൽ ഭൂരിഭാ​ഗത്തെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിനെതിരെയുള്ള പടയൊരുക്കത്തിന് കാരണമായി.

പ്രളയം മുതൽ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം വരെ, പാർട്ടി നിർദേശത്തിൽ പടിയിറക്കം

യെദ്യൂരപ്പയുടെ കീഴില്‍ 2019-ലെ പ്രളയവും കോവിഡ് മഹാമാരിയും സംസ്ഥാനം അതിജീവിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് സംവരണം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കര്‍ണാടക മാറുന്നതും അദ്ദേഹത്തിന്റെ ഭരണത്തിലൂടെയാണ്.

2021-ലാണ് തന്റെ മുഖ്യമന്ത്രിസ്ഥാനം ബസവരാജ് ബൊമ്മെയ്ക്ക് യെദ്യൂരപ്പ കൈമാറുന്നത്. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റേതായിരുന്നു തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നു യെദ്യൂരപ്പയെ പാര്‍ട്ടി കേന്ദ്രനേതൃത്വം ഒതുക്കിയതാണെന്ന ആരോപണവും അക്കാലത്ത് വ്യാപകമായിരുന്നു. എന്നാല്‍, നേതൃത്വവുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും അന്ന് അദ്ദേഹം തുനിഞ്ഞില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന വാക്കില്‍ അദ്ദേഹം അന്ന് ആ അധികാരക്കസേര ഒഴിഞ്ഞു.

അമിത് ഷായോടൊപ്പം യെദ്യൂരപ്പ

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു പിന്മാറുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിലവില്‍ യെദ്യൂരപ്പ. തന്ത്രവും കുതന്ത്രവുമടങ്ങുന്ന നാലു ദശാബ്ദക്കാലത്തോളം നീണ്ടു നിന്ന രാഷ്ട്രീയ ജീവിതം... ബി.ജെ.പിക്ക് മുന്നില്‍ തുറന്നുകൊടുത്തത് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലെ അധികാരം... തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു യെദ്യൂരപ്പ പിന്‍വാങ്ങുമ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ മാറിമറയുന്ന സമുദായ, സംഘടനാ സമവാക്യങ്ങള്‍ ഇനി കണ്ടറിയണം.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ലിം​ഗായത്ത് മുഖങ്ങൾ

ബി.ജെ.പി. കര്‍ണാടക ഘടകത്തിന്റെ ലിംഗായത്ത് മുഖമാണ് യെദ്യൂരപ്പ. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 17 ശതമാനത്തോളം ലിംഗായത്ത് സമുദായത്തില്‍പ്പെട്ടവരാണ്. ജാതി രാഷ്ട്രീയത്തിന്റെ അളവുകോലുകള്‍ കൃത്യമായി പ്രയോഗിക്കപ്പെടുന്ന സംസ്ഥാനത്ത് പതിറ്റാണ്ടുകളോളം യെദ്യൂരപ്പ ഈ പിന്തുണ ആസ്വദിച്ചു. 2021-ല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാനുള്ള പദ്ധതികള്‍ ബി.ജെ.പിയില്‍ തയ്യാറായപ്പോഴും മറ്റൊരു ലിംഗായത്ത് പ്രതിനിധിയെയല്ലാതെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്കും ധൈര്യമുണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. ഈ സാഹചര്യത്തിലാണ് ലിംഗായത്ത് പ്രതിനിധിയും യെദ്യൂരപ്പയുടെ വിശ്വസ്തനുമായ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോടൊപ്പം യെദ്യൂരപ്പ

ഇതുവരെ സംസ്ഥാനം ഭരിച്ചിട്ടുള്ള 23 മുഖ്യമന്ത്രിമാരില്‍ 10 പേരും ഇതേ സമുദായത്തില്‍പ്പെട്ടവരായിരുന്നു. നൂറോളം നിയമസഭാ മണ്ഡലങ്ങളിലും ശക്തരായ സാന്നിധ്യമാണ് ലിംഗായത്ത് സമുദായം. കഴിഞ്ഞ ദിവസങ്ങളില്‍ സമുദായത്തിനകത്ത് സ്വാധീനമുള്ള പല പ്രമുഖരും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പ്രാദേശിക നേതാവായ എച്ച്.ടി. തിമ്മയ്യ, മുന്‍ എം.എല്‍.എ. കെ.എസ്. കിരണ്‍കുമാര്‍ അടമുള്ളവരങ്ങുന്നതാണ് പാര്‍ട്ടി വിട്ടവരുടെ നിര. യെദ്യൂരപ്പയുടെ പ്രഖ്യാപനവും നേതാക്കളുടെ കൂറുമാറ്റവും സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ എങ്ങിനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

Content Highlights: bs yediyurappa leaving electoral politics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented