രാജൻ പിള്ള | ഫയൽ ചിത്രം
ബിസ്‌കറ്റ് രാജാവ് എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ജീവചരിത്രം സിനിമയായി വെള്ളിത്തിരയിലേക്ക് എത്തുകയാണോ? ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു രാജന്‍ പിള്ള എന്ന വ്യവസായിയുടെ ജീവിതവും ദാരുണമരണവും. ആരായിരുന്നു രാജന്‍ പിള്ള? കൊല്ലം സ്വദേശിയായ രാജന്‍ പിള്ള ലോകത്തെ ബിസ്‌ക്കറ്റ് സാമ്രാജ്യം നിയന്ത്രിക്കുന്ന തരത്തില്‍ വളര്‍ന്നത് എങ്ങനെയാണ്?പല ചോദ്യങ്ങള്‍ ബാക്കിയാക്കിക്കൊണ്ടുള്ള രാജന്‍പിള്ളയുടെ ദാരുണമായ മരണം എങ്ങനെയായിരുന്നു?
കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയുടെ മകനായ ജെ.എം. രാജന്‍പിള്ള ശതകോടീശ്വരനായ ബിസ്‌കറ്റ് വ്യവസായിയായ കഥ സിനിമകളേയും വെല്ലുന്നതായിരുന്നു. 1947-ലാണ് ജനാര്‍ദനന്‍ എം. എന്ന വ്യവസായിയുടേയും രാജമണി അമ്മയുടേയും മകനായി മോഹന്‍ദാസ് രാജന്‍പിള്ള ജനിച്ചത്. കുട്ടിക്കാലത്തുതന്നെ അതിസമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു രാജന്‍പിള്ള. പഠനത്തിലും പ്രസംഗത്തിലുമെല്ലാം അതീവതാല്‍പര്യവും കഴിവും കാണിച്ച രാജന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലത്തെ ടി.കെ.എം. എഞ്ചിനീയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും നേടി. അക്കാലത്തേ രാജന്‍പിള്ളയുടെ പിതാവ് ജനാര്‍ദനന്‍ ഇന്ത്യയിലെ വലിയ കശുവണ്ടി കയറ്റുമതിക്കാരിലൊരാളായിരുന്നു. മക്കളെ വിദേശത്ത് ജോലിക്കയക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ഇത് നിറവേറ്റാനായി നറുക്ക് വീണത് രാജന്‍പിള്ളയ്ക്കായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് രാജന്‍പിള്ള തനിക്ക് ഭാഗമായി കിട്ടിയ സ്വത്തെല്ലാം സഹോദരന്മാര്‍ക്ക് നല്‍കി. വിദേശത്തുപോയി ജോലി ചെയ്യാന്‍ ആരംഭിച്ചു. പിള്ള തുടങ്ങാനിരിക്കുന്ന ഏത് വ്യവസായത്തിനും മുതല്‍മുടക്കാന്‍ പിതാവിന് സാമ്പത്തിക ശേഷി ഉണ്ടായിരുന്നിട്ടും അതിന്റെ പങ്കൊന്നും പറ്റാതെയാണ് പിള്ള തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്.
അതിനിടെയാണ് രാജന്‍പിള്ള വിവാഹിതനായത്. കൊല്ലത്ത് നടന്ന ഒരു പരിപാടിയിലേക്ക് രാജന്‍പിള്ള തന്റെ സ്വാധീനമുപയോഗിച്ച് കേന്ദ്രമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനെ എത്തിച്ചിരുന്നു. അന്ന് സമ്മേളനത്തില്‍ രാജന്‍പിള്ള നടത്തിയ ഇംഗ്ലീഷ് പ്രസംഗം കൃഷ്ണമേനോന്റെ പ്രീതി സമ്പാദിക്കാന്‍ ഇടയാക്കി. ഇരുവരും പരിചയപ്പെട്ടു, ഈ പരിചയം പിന്നീട് കൃഷ്ണമേനോന്റെ അനന്തരവളുടെ മകളെ രാജന്‍പിള്ളയ്ക്ക് വിവാഹം ചെയ്തുനല്‍കുന്നതിലേക്ക് വരെ എത്തിച്ചു. പക്ഷെ, ആ വിവാഹബന്ധം ഏറെനാള്‍ നീണ്ടില്ല. ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും 1983-ല്‍ രാജന്‍പിള്ള എയര്‍ഹോസ്റ്റസായി ജോലി നോക്കിയിരുന്ന നീന പിളള എന്ന യുവതിയെ വിവാഹം കഴിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി നിരന്തരം വിമാനയാത്ര ചെയ്തിരുന്ന രാജന്‍പിള്ളയ്ക്ക് നീനയുമായുണ്ടായ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്.

കൊല്ലം ടു സിംഗപ്പുര്‍- ബിസ്‌ക്കറ്റ് സാമ്രാജ്യത്തിന്റെ രാജാവിലേക്കുള്ള യാത്ര
രാജന്‍ പിള്ള എന്ന ചെറുപ്പക്കാരന്റെ ജൈത്രയാത്ര തുടങ്ങുന്നത് 1973-ലാണ്. ആ വര്‍ഷം മുതലാണ് അദ്ദേഹം സിംഗപ്പൂരില്‍ സ്ഥിരതാമസം ആരംഭിച്ചതും അവിടെ സ്വന്തമായി ബിസിനസ് ആരംഭിച്ചതും. കേരളത്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കശുവണ്ടി ഉപയോഗിച്ച് 'ട്വന്റിയത് സെഞ്ച്വറി ഫുഡ്‌സ്' എന്ന സംസ്‌കരണശാലയാണ് ജൂറോങ് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ അദ്ദേഹം ആദ്യം ആരംഭിച്ചത്. സ്വന്തം സമ്പാദ്യവും വിവിധ ബാങ്കുകളില്‍നിന്ന് വാങ്ങിയ കടവും ഉപയോഗിച്ചായിരുന്നു പിള്ള ബിസിനസ് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ സംരംഭം വളര്‍ന്നു. ജപ്പാനിലും മിഡില്‍ ഈസ്റ്റിലും തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കമ്പനി ഇടപാടുകള്‍ നടത്താന്‍ ആരംഭിച്ചു. ആഗോളവിപണി നേടിയെടുത്തെങ്കിലും കിട്ടുന്ന ലാഭം ബാധ്യത തീര്‍ക്കാനായാണ് വിനിയോഗിച്ചത്. കടക്കെണിയില്‍ കുടുങ്ങി ബിസിനസ് താളം തെറ്റിയേക്കുമെന്ന ഘട്ടത്തിലാണ് സിംഗപ്പൂരിലെ ഏതാനും വ്യവസായികളെക്കൊണ്ട് തന്റെ കമ്പനിയില്‍ ഓഹരിയെടുപ്പിച്ചത്. അങ്ങനെ കമ്പനിയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനും ബിസിനസ്സില്‍ സ്വന്തം സ്ഥാനമുറപ്പിക്കാനും രാജന്‍പിള്ളയ്ക്ക് കഴിഞ്ഞു.
1978-ല്‍ അമേരിക്കയിലെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് എന്ന പബ്ലിക് കമ്പനി രാജന്‍പിള്ളയുടെ കമ്പനിയുടെ 74% ഓഹരികള്‍ വാങ്ങി, ഇതോടെ ട്വന്റിയത് സെഞ്ച്വറി സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് എന്നായി അദ്ദേഹത്തിന്റെ കമ്പനിയുടെ പേര്. ഭൂരിഭാഗം ഓഹരികളും വിറ്റെങ്കിലും പിള്ള തന്നെയായിരുന്നു കമ്പനിയുടെ വര്‍ക്കിങ് ചെയര്‍മാന്‍. അമേരിക്കയിലുള്‍പ്പെടെ ആഗോളതലത്തില്‍ രാജന്‍പിള്ള കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തിന്റെ കുതിച്ചുകയറ്റമായിരുന്നു പിന്നീടുണ്ടായത്. 1980-ല്‍ ട്വന്റിയത് സെഞ്ച്വറി സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് ലണ്ടനിലെ നബിസ്‌കോ ഫുഡ്‌സ് എന്ന വമ്പന്‍ ഗ്രൂപ്പുമായി ലയിച്ചു. അന്ന് ഓഹരികള്‍ വിറ്റെങ്കിലും ചെയര്‍മാന്‍ സ്ഥാനത്ത് രാജന്‍പിള്ള തന്നെ തുടര്‍ന്നു. 88-ല്‍ പിള്ള ബ്രിട്ടണിലെ അസോസിയേറ്റഡ് ബിസ്‌കറ്റ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയെ വിലക്കുവാങ്ങി. 4.4 കോടി ഡോളറിനായിരുന്നു ഇടപാട്. അതോടെ അവരുടെ പക്കലുണ്ടായിരുന്ന ഇന്ത്യയിലെ ബ്രിട്ടാനിയ ബിസ്‌ക്കറ്റ് കമ്പനിയുടെ 38% ഓഹരികള്‍ പിള്ളയുടെ കൈവശമായി.
പിള്ളയുടെ അനുഭവസമ്പത്ത് ബ്രിട്ടാനിയയ്ക്ക് തെല്ലൊന്നുമല്ല ഗുണം ചെയ്തത്. പിള്ളയുടെ കൈവശമെത്തിയതോടെ ബ്രിട്ടാനിയ കമ്പനിക്കു വെച്ചടി കയറ്റമായിരുന്നു. രാജന്‍പിള്ളയുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ജപ്പാന്‍, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് ബ്രിട്ടാനിയയുടെ കയറ്റുമതി ശൃംഖല വ്യാപിച്ചത്. രാജന്‍പിള്ള നിയന്ത്രിക്കുന്ന ബിസിനസ് സാമ്രാജ്യം പിന്നേയും വളരുകയായിരുന്നു. ഏഷ്യ-പസഫിക് മേഖലയില്‍ മാത്രം 640 കോടി രൂപയുടെ വ്യവസായമാണ് രാജന്‍പിള്ള നിയന്ത്രിച്ചിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിനെ കൂടാതെ ഇംഗ്ലീഷ് ബിസ്‌കറ്റ് മാനുഫാക്‌ചേര്‍സ് പാകിസ്താന്‍, മലേഷ്യയിലെ ഒരു വമ്പന്‍ ബിസ്‌കറ്റ് യൂണിറ്റ് എന്നീ കമ്പനികളുടെ നിയന്ത്രണം രാജന്‍ പിള്ളയുടെ കയ്യിലായി. ലോകവ്യവസായ ഭൂപടത്തിന്‍റെ തലപ്പത്ത് മലയാളിയായ ഒരാള്‍ സ്ഥാനം പിടിച്ചതില്‍ കേരളം മാത്രമല്ല, ഇന്ത്യ മുഴുവന്‍ അഭിമാനം കൊണ്ടിരുന്നു അന്ന്. സിംഗപ്പൂര്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പിള്ളയെ ആദ്യമായി ബിസ്‌കറ്റ് രാജാവ് എന്ന് വിശേഷിപ്പിച്ചത്.
പിള്ളയുടെ പതനം
രാജന്‍ പിള്ള എന്ന ബിസ്‌കറ്റ് കിങ്ങിനെ വളര്‍ത്തിയത് സിംഗപ്പൂര്‍ ആണെങ്കിലും അദ്ദേഹത്തിന്റെ പതനം ആരംഭിച്ചതും അതേ രാജ്യത്ത് നിന്നുതന്നെയായിരുന്നു. ബിസ്‌കറ്റ് രാജാവായി സാമ്രാജ്യം വാഴുമ്പോഴും ശത്രുക്കള്‍ പിള്ളയ്‌ക്കെതിരേ രംഗത്തിറങ്ങിയിരുന്നു. പിള്ളയ്‌ക്കെതിരേ ആദ്യ സാമ്പത്തിക ക്രമക്കേട് പരാതി വന്നത് സിംഗപ്പൂരിലെ ജില്ലാ കോടതിയിലാണ്. 1992 നവംബറില്‍ സിംഗപ്പൂരിലെ കൊമേഴ്‌സ്യല്‍ അഫയേര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് രാജന്‍പിള്ളയ്‌ക്കെതിരേ ക്രിമിനല്‍ കുറ്റമാരോപിച്ച് നോട്ടീസ് നല്‍കി. റോസ് ജോണ്‍സണ്‍ എന്ന കനേഡിയന്‍ വ്യവസായിയാണ് പിള്ളയ്‌ക്കെതിരേ ആദ്യം പരാതി നല്‍കിയത്. പിള്ളയുടെ വ്യാപാരപങ്കാളി കൂടിയായിരുന്നു റോസ്. 26 കുറ്റങ്ങളാണ് പിള്ളയ്‌ക്കെതിരേ ആരോപിച്ചിരുന്നത്. 2000 കോടിയോളം ആസ്തിയുള്ള ബ്രിട്ടാനിയ ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ തന്റെ സ്വന്തം സ്ഥാപനങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ ബ്രിട്ടാനിയയില്‍നിന്ന് 14 ദശലക്ഷം ഡോളര്‍ രേഖകളില്ലാതെ ഉപയോഗിച്ചുവെന്നായിരുന്നു പിള്ളയ്‌ക്കെതിരേയുള്ള കുറ്റം.
അന്ന് 500 ദശലക്ഷം ഡോളറായിരുന്നു അന്ന് പിള്ള നയിക്കുന്ന സാമ്രാജ്യത്തിന്റെ ആസ്തി. ബ്രിട്ടീഷ് രാജ്ഞിയുടെ വിശ്വസ്തനായ അലന്‍ ജോണ്‍സ് എന്ന അഭിഭാഷകന്‍ പിള്ളയ്ക്ക് വേണ്ടി വാദിച്ചെങ്കിലും കേസ് പരാജയപ്പെട്ടു. 14 വര്‍ഷത്തെ തടവാണ് കോടതി പിള്ളയ്ക്ക് വിധിച്ചത്. സിംഗപ്പൂര്‍ കോടതിയില്‍ രാജന്‍പിള്ളയ്ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് കേസില്‍നിന്ന് അലന്‍ ജോണ്‍സ് പിന്മാറിയത്. രാജന്‍പിള്ളയുടെ വിചാരണ 'നീതിയുടെ അടിസ്ഥാന നിലവാരം പോലും ലംഘിക്കുന്നു'വെന്നാണ് അന്ന് അലന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടത്. പിള്ളയ്ക്കെതിരേ കോടതിയില്‍ നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ച തെളിവുകളാണ്, അവ ഗൂഢാലോചന വ്യക്തമാക്കുന്നവയാണെന്നും അലന്‍ ജോണ്‍സ് പിന്നീട് പറയുകയുണ്ടായി.
കോടതി വിധി ഏകപക്ഷീയമായിരുന്നുവെന്ന് അന്ന് പിള്ളയും കുടുംബവും തന്നെ പ്രതികരിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് രഹസ്യമായി വിമാനം കയറി രക്ഷപ്പെട്ടെത്തിയത്. 14 വര്‍ഷത്തെ ജയില്‍ ശിക്ഷ ഒഴിവാക്കിക്കൊണ്ട് ഇന്ത്യയിലിരുന്നുകൊണ്ട് കേസ് വാദിക്കാമെന്നായിരുന്നു രാജന്‍പിള്ളയുടെ കണക്കുകൂട്ടല്‍. എന്നാല്‍, രാജ്യത്തും അന്താരാഷ്ട്ര തലത്തിലും വന്‍ വ്യവസായ നീക്കങ്ങള്‍ നടത്തിയ പിള്ളയ്ക്ക് ഇന്ത്യയ്ക്കുള്ളിലും ശത്രുക്കള്‍ വേണ്ടുവോളമുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ സിംഗപ്പൂര്‍ പോലീസ് വലിയ തിടുക്കം കാണിച്ചില്ലെങ്കിലും ശത്രുക്കള്‍ വെറുതേയിരുന്നില്ല. മുന്‍കൂര്‍ ജാമ്യം തേടി പിള്ള ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികൂലമായിരുന്നു വിധി. തുടര്‍ന്ന് 1995 ജൂലായ് നാലിന് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് രാജന്‍പിള്ളയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ചികിത്സ നിഷേധിക്കപ്പെട്ട് പിള്ള, മരണം അതിദാരുണം
അറസ്റ്റിലായ പിള്ളയെ പോലീസ് കോടതിയില്‍ ഹാജരാക്കി. തിഹാര്‍ ജയിലിലേക്ക് മാറ്റാനായിരുന്നു കോടതി ഉത്തരവ്. ലിവര്‍ സിറോസിസിന്റെ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന രാജന്‍പിള്ള വിദഗ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ജയിലിലടച്ചതിന്‍റെ അടുത്ത ദിവസം തന്നെ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് കാണിച്ച് പിള്ള കോടതിയില്‍ പരാതി നല്‍കി. കോടതി റിമാന്റുചെയ്ത് തിഹാറിലേക്കയക്കുമ്പോള്‍ മജിസ്‌ട്രേട്ട് പ്രത്യേകം ഉത്തരവിട്ടിരുന്നു, രാജന്‍ പിള്ളയ്ക്ക് മതിയായ വൈദ്യസഹായം ആവശ്യമുള്ളപ്പോള്‍ നല്കിയിരിക്കണമെന്ന്. പക്ഷേ, പെറ്റീഷനു മേലുള്ള ഉത്തരവ് ജയില്‍ മെഡിക്കല്‍ സ്റ്റാഫിന്റെ കയ്യില്‍ എത്തിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മതിയായ ചികിത്സ ലഭിച്ചതുമില്ല.
കോടതിയില്‍ വിചാരണ കഴിഞ്ഞെത്തിയ ശേഷം വക്കീലുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് രാജന്‍ പിള്ള ശ്വാസതടസ്സം മൂലം വിഷമിക്കുന്നത് കണ്ടത്. വക്കീല്‍ ബന്ധപ്പെട്ട ജയില്‍ അധികാരികളെ അറിയിച്ചതുപ്രകാരം ഉടനടി ജയില്‍ മെഡിക്കല്‍ സ്റ്റാഫ് ഇടപെട്ട് പിളളയെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപതിയുടെ ഇന്റന്‍സീവ് എമര്‍ജന്‍സി കെയറിലേക്ക് മാറ്റിയെങ്കിലും രാജന്‍പിള്ള മരണപ്പെട്ടു. ജയിലിനുള്ളില്‍ ആരും നോക്കാനില്ലാതെ ചോര ഛര്‍ദ്ദിച്ചാണ് പിള്ള മരിച്ചതെന്നും അതല്ല ആശുപത്രിയില്‍വെച്ചാണ് മരിച്ചതെന്നും രണ്ട് വാദങ്ങളുണ്ട്.
ഒരു മരണവും ഒട്ടേറെ ചോദ്യങ്ങളും
അഞ്ചിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു കിടന്ന ബില്ല്യണ്‍ ഡോളര്‍ വ്യവസായത്തിന്റെ അധിപനായിരുന്ന രാജന്‍പിള്ളയുടെ മരണം വലിയ ചര്‍ച്ചകളാണുയര്‍ത്തിയത്. നീതിന്യായ വ്യവസ്ഥയേയും ഭരണസംവിധാനങ്ങളെപോലും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ആ ചര്‍ച്ചകള്‍. പിള്ളയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചു. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ സുശീല്‍ ശര്‍മ എന്ന പ്രതിക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയ ദിവസമാണ് വിദേശത്തെ സാമ്പത്തിക കുറ്റകൃത്യ കേസിലെ, ഇന്ത്യയില്‍ യാതൊരു കേസും നിലനില്‍ക്കാത്ത രാജന്‍പിള്ള അടിയന്തര ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ടത്.
സുശീല്‍ ശര്‍മയ്ക്ക് കോടതിയില്‍നിന്ന് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സുശീല്‍ ശര്‍മയ്ക്ക് ഇടയ്ക്കിടയ്ക്ക് വൈദ്യപരിശോധന നടത്താന്‍ നിര്‍ദേശിച്ച കോടതി എന്തെങ്കിലും അനാരോഗ്യം കാണുന്നുണ്ടെങ്കില്‍ ഉടനെ ചികിത്സ നല്‍കാനും ശര്‍മയ്ക്ക് നല്‍കുന്ന ഭക്ഷണം അയാളുടെ വക്കീലീന്റെ പരിശോധനയ്ക്കു വിധേയമാക്കണ മെന്നും ചോദ്യം ചെയ്യുമ്പോള്‍ വക്കീലിന്റെ സാന്നിധ്യം അനുവദിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിഷ്ഠൂരമായ ഒരു കൊലപാതകം നടത്തിയ ഒരാളോടായിരുന്നു കോടതി അനുഭാവപൂര്‍വം നിലപാടെടുത്തത്. അതേസമയം, രാജന്‍പിള്ളയ്ക്ക് അത് ലഭിച്ചില്ലെന്നതുമാണ് കോടതിക്കെതിരേ പോലും വിമര്‍ശനം ഉയരുന്ന നിലയിലേക്കെത്തിച്ചത്. സുശീല്‍ ശര്‍മയ്ക്ക് ജാമ്യം കൊടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടിയെ പിന്നീട് മദ്രാസ് ഹൈക്കോടതി തന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
രാജന്‍പിള്ളയുടെ മരണത്തെപ്പറ്റി പില്‍ക്കാലത്ത് മാതൃഭൂമി പ്രതിനിധി എന്‍. അശോകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രധാനപ്പെട്ടൊരു ഭാഗം ഇങ്ങനെയായിരുന്നു:
' രാജന്‍പിള്ള മരിച്ചപ്പോള്‍ കുടുംബ വക്കീൽ വേലപ്പന്‍പിള്ള പറഞ്ഞ് അതൊരു ജുഡീഷ്യല്‍ കൊലപാതകം ആണെന്നാണ്. സിംഗപ്പൂരിലായിരുന്നുവെങ്കില്‍ അദ്ദേഹത്തിനു ഇതിനേക്കാള്‍ ഭേദപ്പെട്ട നീതി ലഭിക്കുമായിരുന്നുവെന്ന് പിള്ളയുടെ ബന്ധു ജി. അജിത് കുമാര്‍ പറയയുകയുണ്ടായി. കേസും അറസ്റ്റും ജയിലും രോഗം കൊണ്ടുള്ള വേദനയുമായി അലങ്കോലപ്പെട്ട രാജന്‍പിള്ള കോടതിയില്‍ അപമാനിക്കപ്പെടുക കൂടി ചെയ്യുന്നത് നേരിട്ടനുഭവിച്ചവരാണവര്‍. അവരുടെ ധാര്‍മികരോഷം അത്രയും ഉയര്‍ന്നതില്‍ കുറ്റം പറയാനില്ല. കഴിക്കുന്ന മരുന്നിന്റെ പേരു ചോദിച്ചപ്പോള്‍ അതു പറയാന്‍ കഴിഞ്ഞില്ല എന്നതാണ് വൈദ്യപരിശോധന നിഷേധിക്കുവാന്‍ ഒരു കാരണമായി മജിസ്ട്രേറ്റിന് തോന്നിയത് അകത്ത് അക്ഷരാര്‍ഥത്തില്‍ കരള്‍ പൊട്ടി രക്തമൊലിച്ചു നില്‍ക്കുന്ന ഒരോളാടാണ് താന്‍ ഇങ്ങനെ പെരുമാറുന്നതെന്ന് മജിസ്‌ട്രേട്ട് മനസ്സിലാക്കിയില്ല. അല്‍പം കൂടി ലോകപരിചയമുള്ള ഒരാളെ എക്സ്ട്രാഡിഷന്‍ മജിസ്ട്രേറ്റ് ആയി നിയമിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കേണ്ടതായിരുന്നുവെന്ന് ആഗ്രഹിച്ചാല്‍ അതിന് തെറ്റു പറയാനില്ല.
രാജന്‍ പിള്ളയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ടെലിവിഷന്‍ കവറേജ് കണ്ടവര്‍ പറയുന്നു. അദ്ദേഹത്തെ കണ്ടാല്‍ തന്നെ തോന്നും, എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന്. പൊലീസ് കോടതിയിലേക്കു വലിച്ചു കൊണ്ടുപോകുമ്പോഴും ചിരിച്ച മുഖം കാണിച്ചുകൊണ്ടിരുന്നത് ഒരുപക്ഷേ, എന്തപകടമുണ്ടായാലും അത് പുറത്തു കാണിക്കില്ലെന്ന അദ്ദേഹത്തിന്റെ സഹജസ്വഭാവം കൊണ്ടാവാം. ആര്‍ഭാടവിഭൂഷിതനായി ലോകമെങ്ങും പറന്നുനടന്ന രാജന്‍പിള്ളയെ കോടതിയിലേക്കു കൊണ്ടുവന്ന മൂന്നു ദിവസവും അദ്ദേഹം ധരിച്ചിരുന്നത് ഒരേ ടീഷര്‍ട്ടായിരുന്നു. മരിച്ചപ്പോഴും ധരിച്ചിരുന്നത് അതേ ഷര്‍ട്ടു തന്നെ. തിഹാര്‍ ജയിലില്‍നിന്നു മൃതപ്രായനായി (അല്ലെങ്കില്‍ മരിച്ച നിലയില്‍ തന്നെ) ഹരിഗര്‍ ആസ്പത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ സ്‌ട്രെച്ചറില്‍ പുതപ്പിക്കുവാനിട്ടതു കീറിപ്പറിഞ്ഞ തുണിയായിരുന്നു എന്ന് ഭാര്യ നീന പിള്ള പറയുന്നു.

രാജന്‍പിള്ള ഇന്ത്യയില്‍ വേട്ടയാടപ്പെടുകയായിരുന്നോ?
സ്വന്തം രാജ്യത്ത് നീതി നിഷേധിക്കപ്പെട്ട രാജന്‍പിള്ള, ഇന്ത്യയിലെ മാധ്യമങ്ങളാലും വേട്ടയാടപ്പെട്ടുവെന്നാണ് പൊതുവേ ചര്‍ച്ചകളുയര്‍ന്നത്. സാമ്പത്തിക കുറ്റവാളിയെന്നും പിടിച്ചുപറിക്കാരനുമെന്നൊക്കെ മാധ്യമങ്ങള്‍ പിള്ളയെ വിശേഷിപ്പിച്ചു. ദേശീയമാധ്യമങ്ങളിലെ മരണറിപ്പോര്‍ട്ടില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ അച്ചടിച്ചുവന്നു. രാജന്‍പിള്ള സിംഗപ്പൂരില്‍ നടത്തിയ കുറ്റം ഒരു സാമ്പത്തിക തിരിമറിയാണ്. രാജ്യത്തിന്റെ മൊത്തം സാമ്പത്തികനിലയെതന്നെ ഉലച്ച സാമ്പത്തിക കുറ്റങ്ങള്‍ ഇന്ത്യയില്‍ നിരവധി നടക്കുന്നുണ്ടെങ്കിലും ആര്‍ക്കും രാജന്‍പിള്ളയുടെ അനുഭവം നേരിടേണ്ടി വന്നിരുന്നില്ല. പിള്ളയുടെ മരണത്തിന് പിന്നാലെ ഭാര്യ നീന പിള്ള അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ജയില്‍ ഡോക്ടര്‍മാരുടേയും സൂപ്രണ്ടിന്റേയും അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കരള്‍വീക്കം മാരകമായിട്ടും, ചികിത്സ ആവശ്യപ്പെട്ടിട്ടും പിള്ള മൂന്ന് ദിവസം ചികിത്സ നിഷേധിക്കപ്പെട്ട് ജയിലില്‍ കിടന്നു. പിന്നീടാണ് ദീന്‍ദയാല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ചില വ്യവസായികളും ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ദില്ലി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയ നീന പിളള ആരോപിച്ചത്.
രാജന്‍പിള്ളയുടെ മരണം രാജ്യത്തെയൊന്നാകെ ഞെട്ടിച്ചു. വിവാദങ്ങളുയര്‍ന്നതോടെ മരണവും സംഭവങ്ങളും അന്വേഷിക്കാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലീലാ സേഠ് അധ്യക്ഷയായുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മതിയായ വൈദ്യസഹായം തിഹാറില്‍നിന്ന് ലഭിക്കാതെയാണ് മരണം സംഭവിച്ചതെന്നു കണ്ടെത്തി. തുടര്‍നടപടികളുടെ ഭാഗമായി തിഹാര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തു. കൂടാതെ രാജന്‍ പിള്ളയുടെ ഭാര്യ നീന പിള്ള തിഹാര്‍ ജയിലിനെതിരേ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. ഒരു കോടി രൂപയായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. തിഹാറില്‍നിന്ന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതിനു പുറമേയായിരുന്നു ഈ ആവശ്യം. പണത്തിന് അവകാശം ഉന്നയിച്ച് രാജന്‍ പിള്ളയുടെ അമ്മയും രംഗത്തെത്തി. നഷ്ടപരിഹാരം വീതിച്ചു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 10,20,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഡൽഹിയിലെ ലീഗൽ എയ്‌ഡ് ഡിപ്പാർട്ട്മെന്റിലും കേരളത്തിലെ ഏതാനും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ഇവര്‍ ഈ തുക ചെലവഴിച്ചു.
രാജന്‍ പിള്ളയുടെ മരണത്തിന് 28 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭരണകൂടത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്കെത്തിയ ജയില്‍ മരണചരിത്രങ്ങളുടെ കറുത്ത ഏടുകളില്‍ ഒന്ന് പിള്ളയുടേതാണ്. കൃഷ്ണയും ശിവയുമാണ് രാജന്‍ പിള്ളയുടെ മക്കള്‍. രാജൻപിള്ള മെമ്മോറിയൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു നീന പിള്ള. മരണത്തിന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ പിള്ളയുടെ ഭാര്യ നീന പിള്ള പറഞ്ഞത് ഇങ്ങനെയായിരുന്നു: ' കേസില്‍ 2001-ൽ സി.ബി.ഐ. അന്വേഷണം ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥരെയടക്കം മാറ്റിക്കൊണ്ട് ചില ശക്തികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. പക്ഷെ, എന്നെങ്കിലും ഒരുദിവസം കേസിലെ നിര്‍ണായക തെളിവുകളുമായി ആരെങ്കിലും ഒരാള്‍ ഞങ്ങളെ തേടിയെത്തും,അതുവരെ ഞാന്‍ പോരാടിക്കൊണ്ടേയിരിക്കും'.
കടപ്പാട്: ഡല്‍ഹിക്കത്ത്: എന്‍ അശോകന്‍, മാതൃഭൂമി ആര്‍ക്കൈവ്സ്
Content Highlights: Biscuit Baron Rajan Pillai life story and tragic death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..