പിരപ്പൻകോട് മുരളി
''കോലിയക്കോട് കൃഷ്ണന്‍നായരും ആലിയാട്ടു മാധവന്‍പിള്ളയും വെഞ്ഞാറമ്മൂട് ഏരിയാകമ്മിറ്റിയും ഒന്നടങ്കം ശ്രമിച്ചിട്ടും അവര്‍ നിര്‍മിച്ച അരക്കില്ലത്തില്‍നിന്ന് വാമനപുരം മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അവര്‍ ചതിക്കുഴിയില്‍ വീഴ്ത്തി. അത് എനിക്കും കേരളജനതയ്ക്കും വലിയ ആഘാതമായി.'' ഒരു പ്രസിദ്ധീകരണത്തില്‍ 'എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍' എന്ന ആത്മകഥാ കുറിപ്പില്‍ പിരപ്പന്‍കോട് മുരളി എഴുതിയതാണിത്.
പ്രായപരിധി കാരണം കഴിഞ്ഞസമ്മേളനത്തില്‍ ഒഴിയുന്നതുവരെ സി.പി.എം. സംസ്ഥാനസമിതി അംഗമായിരുന്നു കോലിയക്കോട് കൃഷ്ണന് നായര്‍. നിലവില്‍ സംസ്ഥാന സഹകരണ യൂണിയന് ചെയര്‍മാനാണ്.
വാമനപുരം മണ്ഡലത്തില്‍ പിരപ്പന്‍കോടിനെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ കോലിയക്കോട് ശ്രമങ്ങള്‍ നടത്തി എന്നാണ് പുതിയ കുറിപ്പിലെ ഉള്ളടക്കം. പക്ഷേ, ഇതിലേക്ക് എത്തിച്ച 'കുടിപ്പക'യുടെ രഹസ്യങ്ങള്‍ പിരപ്പന്‍കോട് എഴുതിയിട്ടില്ല. അത് പാര്ട്ടിരേഖയിലാണുള്ളത്. ആ കഥ ഇങ്ങനെയാണ്: 1991-ല്‍ സി.പി.എം. ജില്ലാസമ്മേളനം നടക്കുമ്പോള്‍ ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. പിരപ്പന്‍കോട് മുരളി ഉള്‍പ്പെടെ 19പേര് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചു. ഇതില്‍ 15 പേരും ജയിച്ചു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന കോലിയക്കോട് കമ്മിറ്റിയില്‍നിന്ന് പുറത്തായി.
കത്തും നടപടിയും
വാമനപുരം മണ്ഡലം പിരപ്പന്‍കോടും കോലിയക്കോടും ഉള്‍പ്പെടുന്ന മണ്ഡലമാണ്. ഈ മണ്ഡലത്തില്‍നിന്ന് പിരപ്പന്‍കോട് മുരളിയുടെ പാര്‍ട്ടിബന്ധം തകര്‍ക്കാനാണ് പിന്നീട് കോലിയക്കോട് ശ്രമിച്ചതെന്നാണ് ആരോപണം. മണ്ഡലത്തിലെ രണ്ടുലോക്കല് കമ്മിറ്റികള്‍ ഒഴികെയുള്ളവ കോലിയക്കോടിനൊപ്പമാണ്. വെഞ്ഞാറമ്മൂട് ഏരിയാകമ്മിറ്റിയും അദ്ദേഹത്തിനൊപ്പമാണ്. ബാക്കിയുള്ള പാര്‍ട്ടി ഘടകങ്ങളും തനിക്കൊപ്പമാക്കാന്‍ കോലിയക്കോട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പേരില്‍ വ്യാജപരാതി നല്‍കിയെന്നാണ് ആരോപണം. സമ്മേളനത്തിന് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ, പാര്‍ട്ടി അംഗമായിരുന്ന പോലീസുകാരന്റെ വിവരം അന്നത്തെ ഡി.ഐ.ജി. ആര്. ശ്രീലേഖയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നാണ് കുറ്റം. 'സ്വന്തം പാര്‍ട്ടിയിലെ ഒരു യുവജന പ്രവര്‍ത്തകനെ കള്ളക്കത്ത് എഴുതി പോലീസിന് ഒറ്റുകൊടുത്തവന്' എന്നാണ് പിരപ്പന്‍കോട് ആത്മകഥാകുറിപ്പില്‍ വിശേഷിപ്പിക്കുന്നത്.
ഈ കത്തിന്റെ പേരില്‍ കോലിയക്കോടിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പക്ഷേ, പാര്‍ട്ടി ഒരിക്കലും കോലിയക്കോട് ചെയ്ത തെറ്റ് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇങ്ങനെയൊരു കത്തിന്റെ കാര്യവും പാര്‍ട്ടിയുടെ ആഭ്യന്തരരഹസ്യമായി തുടരുകയാണ്. അന്ന് പോലീസ് ഡി.ഐ.ജി.ക്ക് കോലിയക്കോട് നല്കിയതായിപ്പറയുന്ന കത്ത് മാതൃഭൂമി പുറത്തുവിടുന്നു.
ഡി.ഐ.ജി.ക്ക് ഒരേ ഉള്ളടക്കത്തോടെ രണ്ട് കത്ത് തയ്യാറാക്കിയിരുന്നു. ഒന്ന് പോലീസ് ഹെഡ് ക്വാട്ടേഴ്സിലെയും മറ്റൊന്ന് വീട്ടിലെയും വിലാസത്തിലാണ് അയച്ചത്. ണ്ടഡി.ഐ.ജി.യുടെ സ്റ്റാഫിലായിരുന്നു പാര്‍ട്ടി അംഗമായ പോലീസുകാരന്. വീട്ടിലേക്ക് അയച്ച കത്ത് ഈ പോലീസുകാരനാണ് ലഭിച്ചത്. കൈപ്പടയില്‍ സംശയം തോന്നിയ പോലീസുകാരന് കത്ത് പൊളിച്ചുവായിച്ചു. അപകടം തിരിച്ചറിഞ്ഞതോടെ കത്ത് സി.പി.എം. ജില്ലാനേതാക്കള്‍ക്ക് കൈമാറി. അന്ന് ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ പിരപ്പന്‍കോട് മുരളിയും കടകംപള്ളി സുരേന്ദ്രനും കോലിയക്കോടിനെ വീട്ടിലെത്തിക്കണ്ട് കാര്യംതിരക്കി. തനിക്കെതിരേ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടുവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. ലോറന്‍സ്, ചടയന്‍ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് പരിശോധിച്ചു. കത്ത് നല്‍കിയത് കോലിയക്കോടാണെന്ന് ബോധ്യപ്പെട്ടു. പുറത്താക്കാനും തീരുമാനിച്ചു.
ഈ സംഭവത്തെക്കുറിച്ച് ജില്ലാകമ്മിറ്റിയുടെ രേഖയില്‍ പറയുന്നത് ഇങ്ങനെയാണ്: 'കൃഷ്ണന്‍നായര്‍ പാര്‍ട്ടിക്ക് മുമ്പുനല്‍കിയ കത്തുകളുടെയും ആരോപണവിധേയമായ കത്തിന്റെയും കൈയക്ഷരം ഒരുമിച്ച് നോക്കി പരിശോധിച്ചതില്‍ ആരോപണവിധേയമായ കത്ത് കൃഷ്ണന്‍നായര്‍ തന്നെ എഴുതിയതാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. പാര്‍ട്ടിരഹസ്യം ഒരു പോലീസിന് ചോര്‍ത്തിക്കൊടുക്കുന്ന ഒരു പാര്‍ട്ടി മെമ്പറെ പുറത്താക്കുക എന്നതാണ് പാര്‍ട്ടി ഭരണഘടന നല്കുന്ന ശിക്ഷ. ആ നിലയില്‍ ഒരു പാര്‍ട്ടി സഖാവിന് ഒരിക്കലും ചേരാത്ത ഹീനപ്രവൃത്തി ചെയ്ത കോലിയക്കോട് കൃഷ്ണന്‍നായരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു.'
വാമനപുരത്തെ സ്ഥാനാര്‍ഥിത്വം
1996-ല്‍ വാമനപുരത്ത് താന്‍ സ്ഥാനാര്‍ഥിയാകുമെന്ന സ്ഥിതി വന്നപ്പോള്‍ കോലിയക്കോട് ഇടപെട്ടു എന്ന് പിരപ്പന്‍കോട് അത്മകഥാകുറിപ്പില് പറയുന്നു. അതില്‍ പറയുന്നത് ഇങ്ങനെയാണ്: ''സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അണിയറയില്‍ പല നാടകങ്ങളും നടക്കുന്നുണ്ടായിരുന്നു. കോലിയക്കോട് സംസ്ഥാന സെക്രട്ടറി ചടയന്ഗോവിന്ദനെ കണ്ട് പിരപ്പന്‍കോടിന് വാമനപുരം മണ്ഡലത്തില്‍ ഒരു ബന്ധവുമില്ലെന്ന് ബോധ്യപ്പെടുത്തി. മണ്ഡലം ഉള്‍ക്കൊള്ളുന്ന വെഞ്ഞാറമ്മൂട് ഏരിയാകമ്മിറ്റി ഏകകണ്ഠമായി മുരളിയുടെ ണ്ടസ്ഥാനാര്ഥിത്വത്തെ എതിര്‍ക്കുന്നു. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് മുരളിക്ക് സ്ഥാനാര്ഥിയാകാനാണെന്ന ധാരണയാണെന്നാണ് ജനങ്ങള്‍ക്കുള്ളത്. അതുകൊണ്ട് സുശീലാ ഗോപാലനെ സ്ഥാനാര്‍ഥിയാക്കിയാല്‍ മുരളിയും കൂട്ടരും എതിര്‍ക്കില്ല. സുശീലയെ സ്ഥാനാര്‍ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് ഒരു ബുദ്ധിമുട്ടുമില്ലാത്ത രീതിയില്‍ പണമുണ്ടാക്കി തിരഞ്ഞെടുപ്പ് വിജയപൂര്‍വം സംഘടിപ്പിക്കാന്‍ തനിക്ക് ചുമതല നല്കിയാല് മതി.'' ഇതായിരുന്നു പറഞ്ഞത്. ''ചടയന്‍ ഇതെല്ലാം സത്യനേശനോട് പറഞ്ഞു. എന്നെ മത്സരത്തില്‍നിന്ന് പിന്തിരിപ്പിക്കാനും നിര്‍ദേശിച്ചു. പക്ഷേ, അദ്ദേഹം ഇതെല്ലാം അറിയിച്ചശേഷം മത്സരിക്കാനാണ് ഉപദേശിച്ചത്. ആവശ്യമായ പണം മുഴുവന്‍ സംഘടിപ്പിച്ചുതരാമെന്ന് ഉറപ്പും അദ്ദേഹം നല്കി. അങ്ങനെയാണ് വാമനപുരത്ത് സ്ഥാനാര്‍ഥിയായത്.''
പോലീസ് ഡി.ഐ.ജി.ക്ക് അയച്ച കത്തിന്റെ ഉള്ളടക്കം
എം.ആര്. സുകുമാരന്‍ നായര്‍ മാഡം, മാഡത്തിന്റെ ഡ്രൈവര്‍ (സ്വകാര്യത മാനിച്ച് പേര് ഒഴിവാക്കുന്നു) കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു മെമ്പറാണ്. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു. സംശയമുണ്ടെങ്കില്‍ മനസ്സിലാകും 20/10/94ന് ഇയാള്‍ ലീവെടുക്കും. കാരണം ഇയാള്‍ മെമ്പറായിട്ടുള്ള ബ്രാഞ്ച് സമ്മേളനമാണ്. അന്ന് പോയേ പറ്റൂ. പോയിരിക്കൂം. ശ്രദ്ധിക്കുക. നിര്‍ത്തുന്നു, സ്നേഹപൂര്‍വം |
''ഇതിനുശേഷം കൃഷ്ണന്‍നായരും ആലിയാട്ട് മാധവന്‍പിള്ളയും ചേര്‍ത്തലയില്‍ ഗൗരിയമ്മയുടെ വീട്ടില്‍പ്പോയിക്കണ്ട് ജയിപ്പിക്കാമെന്ന് ഉറപ്പുകൊടുത്ത് കമ്യൂണിസ്റ്റ് നേതാവും പ്രാസംഗികനുമെല്ലാമായ സി.കെ. സീതാറാമിനെ ജെ.എസ്.എസിന്റെ സ്ഥാനാര്‍ഥിയാക്കി കൊണ്ടുവന്നു.'' താന്‍ ഏരിയാകമ്മിറ്റിയുടെ സ്ഥാനാര്‍ഥിയാണെന്ന് സീതാറാം തന്നോട് പറഞ്ഞതായും പിരപ്പന്‍കോട് പറയുന്നു. ഒടുവില്‍ 6386 വോട്ടുകള്‍ക്ക് പിരപ്പന്‍കോട് ജയിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പാര്‍ട്ടി പരിശോധിച്ചു.
ആ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ 1997-ലെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെയാണ്: 'കോലിയക്കോട് കൃഷ്ണന്‍നായര്‍ അസംബ്ലി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിന് ഗൂഢമായി പ്രവര്‍ത്തിച്ചിരുന്നു എന്ന് സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ സംശയകരമായി തെളിഞ്ഞിരിക്കുകയാണ്. കൃഷ്ണന്‍നായര്‍ പരസ്യമായി പാര്‍ട്ടിക്കൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കുകയും രഹസ്യമായി മണ്ഡലത്തില്‍ തനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന മേഖലകളില്‍ ഒറ്റയ്ക്കും തന്നോട് വിധേയത്വമുള്ളവരെ ഉപയോഗപ്പെടുത്തിയും പിരപ്പന്‍കോട് മുരളിക്കെതിരേ പ്രവര്‍ത്തിക്കുകയാണ് ഉണ്ടായത്. ഒരു പാര്‍ട്ടി സഖാവിന് ഒരിക്കലും യോജിക്കാത്ത ഈ നടപടി വഴി കോലിയക്കോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്.'
നടപടി പഴയ വി.എസ്. ഗ്രൂപ്പിന്റെ സൃഷ്ടി -കോലിയക്കോട് കൃഷ്ണന് നായര്‍ പിരപ്പന്‍കോട് ഉന്നയിക്കുന്ന എല്ലാകാര്യങ്ങളും കള്ളമാണ്. നിരാശയില്‍നിന്നുള്ള ആരോപണങ്ങള്‍. താന്‍ ഇപ്പോഴും പാര്‍ട്ടിയംഗമാണ്. അതുകൊണ്ട് അദ്ദേഹത്തെപ്പോലും എന്തും പറയാനാവില്ല. വാമനപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ തനിക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി പാര്‍ട്ടി കണ്ടെത്തിയില്ല. ആരോപണങ്ങളുണ്ടായപ്പോള്‍ പാര്‍ട്ടി അന്വേഷണക്കമ്മിഷനെ നിയോഗിച്ചതാണ്. തനിക്കെതിരേ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെറ്റാണെന്നുകണ്ട് തള്ളുകയാണ് കമ്മിഷന് ചെയ്തത്. താന്‍ ഗൗരിയമ്മയെ കാണാന്‍ പോയെന്നും എതിര്‍പക്ഷത്തെ സ്ഥാനാര്‍ഥിയെ സഹായിച്ചുവെന്നുമുള്ള ആരോപണങ്ങളെല്ലാം കള്ളമാണ്. ഇതിനൊന്നും മറുപടി ഇല്ലാത്തതുകൊണ്ടല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ സ്ഥലത്തില്ല. അവരുമായി കൂടിയാലോചിച്ച് രണ്ടുദിവസത്തിനകം എല്ലാ ആരോപണങ്ങള്‍ക്കും വിശദമായി മറുപടി പറയാം. പാര്‍ട്ടി അംഗമായ പോലീസുകാരനെ കുറിച്ച് ഡി.ഐ.ജി.ക്ക് കത്ത് നല്‍കിയെന്നത് ആരോപണമായിരുന്നു. പക്ഷേ, പാര്‍ട്ടി അന്വേഷണക്കമ്മിഷനെ വെച്ച് തനിക്കെതിരേ നടപടിയെടുത്തു. അത് പഴയ വി.എസ്. ഗ്രൂപ്പുകാരുടെ ഇടപെടലായിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ ദേശീയ കണ്ട്രോള് കമ്മിഷന് പരാതി നല്കി. കമ്മിഷന് നടപടി റദ്ദാക്കി തന്നെ തിരിച്ചെടുത്തു. |
Content Highlights: biography of Pirappancode Murali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..