നിതീഷിനൊപ്പം മാറിമറിഞ്ഞ് മുന്നണികളും ബിഹാര്‍ രാഷ്ട്രീയവും


എം.എസ്. രാഖേഷ് കൃഷ്ണന്‍നിതീഷ് കുമാർ

ചേരിമാറ്റങ്ങളുടെ സ്ഥിരംവേദിയായ ബിഹാറില്‍ വീണ്ടും രാഷ്ട്രീയമാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങി. ജനതാദള്‍ (യു) എം.എല്‍.എമാരുടെയും എം.പിമാരുടെയും എം.എല്‍.സിമാരുടെയും യോഗത്തിന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ കാണാന്‍ തയ്യാറെടുക്കുകയാണ്. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനാണ് സാധ്യത. അതോടെ ബീഹാറിലെ എന്‍.ഡി.എ. സഖ്യവും ഇല്ലാതാകും. രാഷ്ട്രീയ ജനതാദളും (ആര്‍.ജെ.ഡി.) കോണ്‍ഗ്രസും ഇടതുകക്ഷികളും അടങ്ങുന്ന പഴയ മഹാസഖ്യത്തിന്റെ ഭാഗമാകാനാണ് നിതീഷ് കുമാറിന്റെ നീക്കം. നിതീഷിന്റെ നേതൃത്വത്തില്‍ ഈ സഖ്യം വീണ്ടും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് സൂചന. അതിനുവേണ്ട അംഗസംഖ്യ മഹാസഖ്യത്തിനുണ്ടാകും. ആര്‍.ജെ.ഡി. എം.എല്‍.എ.മാരുടെ യോഗവും നിതീഷുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഭരണമുന്നണിയിലെ അഭിപ്രായ വ്യത്യാസം

കഴിഞ്ഞ കുറച്ച് കാലങ്ങളായി ബിഹാറിലെ ഭരണകക്ഷികളായ ജനതാദള്‍ (യു)വും ബി.ജെ.പിയും തമ്മില്‍ മികച്ച ബന്ധത്തിലല്ല. ബിഹാറിനെ ഭീകരപ്രവര്‍ത്തകരുടെ ആശ്രയമായി ബി.ജെ.പി. അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ജനതാദളിനുണ്ട്. ഞായറാഴ്ച ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാചടങ്ങിലും ജൂലായ് 17-ന് ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന്റെ വിയോജിപ്പിന്റെ പ്രകടനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രാഷ്ട്രപതി - ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ പിന്തുണക്കുകയും ചെയ്തു.

അതിനിടെ മുന്‍ കേന്ദ്രമന്ത്രി ആര്‍.സി.പി. സിങ്ങ് ജനതാദള്‍ (യു) വിട്ടു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തിന് പിന്നീട് മത്സരിക്കാന്‍ അവസരം നല്‍കാതിരുന്നതോടെയാണ് രാജിവെക്കേണ്ടി വന്നത്. ബി.ജെ.പിയോട് ആര്‍.സി.പി.സിങ് കാണിക്കുന്ന അമിത അടുപ്പത്തില്‍ നിതീഷ് കുമാര്‍ അതൃപ്തനായിരുന്നു. ഇതാണ് ആര്‍.സി.പി. സിങ്ങിന് സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. പിന്നാലെ അദ്ദേഹത്തിന്റെ അടുപ്പക്കാരായ ചില നേതാക്കളെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനതാദള്‍ (യു) പുറത്താക്കുകയും ചെയ്തു. ആര്‍.സി.പി. സിങ്ങ് 2013-ന് ശേഷം വലിയ സ്വത്തുക്കള്‍ക്ക് അവകാശിയായതിനെക്കുറിച്ച് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രാജി. ആര്‍.സി.പി. സിങ്ങ് ബി.ജെ.പിയില്‍ ചേരാനാണ് സാധ്യത.

ബി.ജെ.പിയും ജനതാദളും തമ്മിലുള്ള അഭിപ്രായവ്യത്യാസം 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ബി.ജെ.പി. കൂടുതല്‍ സീറ്റ് സ്വന്തമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെടണം എന്ന് ചില ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ വാദിച്ചു. എന്നാല്‍ നിതീഷിന്റെ പ്രാധാന്യം അറിയാവുന്ന ബി.ജെ.പി. ദേശീയ നേതൃത്വം അദ്ദേഹത്തിന് തന്നെ വീണ്ടും അവസരം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചതിലൂടെ ഭരണത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ നിതീഷ് കുമാര്‍ തുടക്കം മുതല്‍ അസ്വസ്ഥനായിരുന്നു.

പല ദേശീയ വിഷയങ്ങളിലും ബി.ജെ.പിക്കെതിരായ നിലപാടാണ് ജനതാദള്‍ സ്വീകരിച്ചിരുന്നത്. ദേശീയതലത്തില്‍ ജാതി സെന്‍സസില്ലെങ്കിലും സംസ്ഥാനത്ത് ഇത് നടപ്പാക്കുമെന്ന പ്രഖ്യാപനവും നീതീഷ് നടത്തി. ഇതിനുവേണ്ടി പ്രതിപക്ഷ കക്ഷികളുമായി കൈകോര്‍ക്കാന്‍ നിതീഷ് ശ്രമിച്ചത് ബി.ജെ.പി. നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇത് പരസ്യമായ വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കി. ആര്‍.സി.പി. സിങ്ങ് മന്ത്രിസഭ വിട്ടതിനുശേഷം ഇനി കേന്ദ്രമന്ത്രിസഭയില്‍ ചേരില്ലെന്ന തീരുമാനവും ജനതാദള്‍ (യു) എടുത്തിട്ടുണ്ട്.

ആര്‍.ജെ.ഡിയുടെ നിലപാട് നിര്‍ണായകം

സംസ്ഥാനത്തെ ചേരിമാറ്റങ്ങളില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. എന്ത് നിലപാടെടുക്കുന്നുവെന്നതാണ് പ്രധാനം. നിതീഷുമായി വീണ്ടും കൈകോര്‍ക്കാന്‍ ആര്‍.ജെ.ഡി. ഇപ്പോള്‍ തയ്യാറാണ്. തേജസ്വി യാദവ് ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം തീരുമാനമായി. മുഖ്യമന്ത്രിയുടെ കാര്യത്തിലും മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിലും ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ എങ്ങനെയായിരിക്കുമെന്ന കാര്യം നിര്‍ണായകമാണ്.

ജനതാദളും ആര്‍.ജെ.ഡിയും തമ്മില്‍ അടുത്ത കാലത്തായി പല വിഷയങ്ങളിലും കൈകോര്‍ത്തിരുന്നു. ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് ഇരുകക്ഷികളും എടുത്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ നിവേദനവുമായി പോയ സംഘത്തില്‍ നിതീഷിനൊപ്പം തേജസ്വിയുമുണ്ടായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് റാബ്‌റി ദേവിയുടെ വസതിയില്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് പങ്കെടുത്തതെന്നും രാഷ്ട്രീയമാനങ്ങള്‍ ഇതിനില്ലെന്നും നിതീഷ് പ്രതികരിച്ചെങ്കിലും ഇതാരും മുഖവിലക്കെടുത്തിട്ടില്ല. ബി.ജെ.പിയും കുറേക്കാലമായി ഇരുപാര്‍ട്ടികളുടെയും നീക്കങ്ങളെ സംശയദൃഷ്ടിയോടെയാണ് നിരീക്ഷിക്കുന്നത്.

വലിയ പാര്‍ട്ടി ആര്‍.ജെ.ഡി.

നിലവില്‍ ബിഹാറില്‍ ഏറ്റവും കൂടുതല്‍ എം.എല്‍.എമാരുള്ളത് ആര്‍.ജെ.ഡിക്കാണ്. 80 പേര്‍. അടുത്തിടെ ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിലെ നാല് എം.എല്‍.എമാര്‍ ആര്‍.ജെ.ഡിയില്‍ ചേര്‍ന്നതോടെയാണ് അത് വലിയ കക്ഷിയായത്. 243 അംഗ നിയമസഭയില്‍ ബി.ജെ.പിയെ കൈവിട്ടാല്‍ ആര്‍.ജെ.ഡിയുടെ പിന്തുണയില്ലാതെ ഭരണം നിലനിര്‍ത്താന്‍ നിതീഷിനാകില്ല.

ജനതാദള്‍ (യു)വിന് 45 എം.എല്‍.എമാരുണ്ട്. ബി.ജെ.പി.ക്കാകട്ടെ 77 പേരും. ഭരണമുന്നണിയില്‍ പിന്നെയുള്ള ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്ക് നാല് എം.എല്‍.എമാരാണുള്ളത്. മാഞ്ചിയും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

മഹാ ഗഢ്ബന്ധനില്‍നിന്ന് 19 എം.എല്‍.എ.മാരുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. 12 പേരുള്ള സി.പി.ഐ. (എം.എല്‍.), രണ്ട് പേര്‍ വീതമുള്ള സി.പി.ഐ., സി.പി.എം. എന്നിവരാണ് മഹാഗഢ്ബന്ധനില്‍ ഇപ്പോഴുള്ളത്.

ഇണക്കവും പിണക്കവും

ഏകദേശം 30 വര്‍ഷത്തോളമായി ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മിലുള്ള ഇണക്കവും പിണക്കവുമാണ് ബിഹാര്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യയുടെ ശിഷ്യരായി രാഷ്ട്രീയത്തിലെത്തിയ ലാലുവും നിതീഷും അടിയന്തിരാവസ്ഥയ്ക്ക് ശേഷം നേതൃനിരയിലേക്കുയരുകയായിരുന്നു. ജയപ്രകാശ് നാരായണന്റെ അടുത്ത അനുയായി എന്ന നിലയില്‍ ലാലു പ്രസാദ് യാദവ് വേഗത്തില്‍ പ്രധാന നേതാവായി മാറി. ജനതയിലെ അന്തഃച്ഛിദ്രങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി തകര്‍ന്നെങ്കിലും ജനതാദളിന്റെ തിരിച്ചുവരവോടെ ലാലു വീണ്ടും ശ്രദ്ധാകേന്ദ്രമായി. പിന്നീട് മുഖ്യമന്ത്രിയായും ലാലു തിരഞ്ഞെടുക്കപ്പെട്ടു. അദ്വാനിയുടെ രഥയാത്ര തടഞ്ഞതോടെ ന്യൂനപക്ഷ വോട്ടര്‍മാരുടെ വലിയ പിന്തുണ ലാലുവിന് ലഭിച്ചു.

ബിഹാറില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് പണ്ടേയുണ്ടായിരുന്ന വേരോട്ടവും വി.പി. സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിലൂടെ ഒ.ബി.സി. വോട്ടര്‍മാരില്‍നിന്ന് ലഭിച്ച പിന്തുണയുമാണ് ലാലു പ്രസാദ് യാദവിനെ നേതൃനിരയിലേക്കുയര്‍ത്തിയത്. ജനങ്ങളുടെ കൈയടി നേടാനുള്ള കഴിവ് ഈ ബീഹാറി ബാബുവിന്റെ തുറുപ്പുചീട്ടായിരുന്നു. പിന്നീട് നിരന്തരം വന്ന അഴിമതി ആരോപണങ്ങളും കേസുകളും ലാലുവിന്റെ നിറംമങ്ങിച്ചു. ജനതാദളിലെ പടലപ്പിണക്കം രാഷ്ട്രീയ ജനതാദള്‍ രൂപവത്കരിക്കുന്നതിലേക്ക് നയിച്ചു.

പണ്ടു മുതലേ ലാലുവിന്റെ നിരന്തര വിമര്‍ശകനായിരുന്നു നിതീഷ്. ജനതയിലും ജനതാദളിലും ഒരുമിച്ചുനില്‍ക്കുമ്പോഴും ഈ വിമര്‍ശനം നിതീഷ് ഉയര്‍ത്തിയിരുന്നു. ജനതാദളില്‍ നിന്ന് രാജിവെച്ച് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സമതാ പാര്‍ട്ടി രൂപവത്കരിക്കാനും ബി.ജെ.പിയുമായി കൂട്ടുകൂടാനും ഇടയാക്കിയതിന് പിന്നിലെ കാരണങ്ങളിലൊന്ന് ലാലുവുമായുള്ള ഈ അഭിപ്രായവ്യത്യാസം തന്നെ. 2000-ല്‍ മുഖ്യമന്ത്രിയാകുകയും 2003-ല്‍ ജനതാദള്‍ (യു)വുമായി തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുകയും ചെയ്തതോടെ നിതീഷ് കരുത്തനായി മാറി. ആദ്യ 10 വര്‍ഷങ്ങളിലെ ഭരണകാലം വികസന നായകനെന്ന പ്രതിച്ഛായയുണ്ടാക്കാന്‍ നിതീഷിനെ സഹായിച്ചു. ബീഹാറിലെ സാമൂഹികാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായ കാലം കൂടിയായിരുന്നു അത്. എന്നാല്‍ രാഷ്ട്രീയ അസ്ഥിരത ആ അവസ്ഥയ്ക്ക് വിഘാതമായി.

നരേന്ദ്ര മോദിയുടെ വരവോടുകൂടിയാണ് നിതീഷ് ബി.ജെ.പിയുമായി അകലുന്നത്. അക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു നിതീഷ്. ബി.ജെ.പി. സഖ്യത്തില്‍നിന്ന് പിന്‍മാറി നിതീഷ് 2015-ല്‍ മഹാസഖ്യം രൂപവത്കരിച്ചു. അതും കടുത്ത എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തുകൊണ്ടായിരുന്നു ഈ നീക്കം. കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ഒന്നിച്ചുചേര്‍ത്തുള്ള ഈ സഖ്യം ബീഹാറിലെ ഭരണം പിടിച്ചു. നിതീഷ് മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും അധികാരമേല്‍ക്കുകയും ചെയ്തു.

ഈ സഖ്യം അധികകാലം നിലനിന്നില്ല. തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുയര്‍ത്തി അദ്ദേഹത്തോട് രാജിവെക്കാന്‍ നിതീഷ് ആവശ്യപ്പെട്ടു. സ്വാഭാവികമായും ആര്‍.ജെ.ഡി. ഇത് നിഷേധിക്കുകയും നിതീഷ് രാജിവെക്കുകയും ചെയ്തു. സ്വന്തം പ്രതിച്ഛായയും അധികാരവും നിലനിര്‍ത്താനുള്ള രാഷ്ട്രീയതന്ത്രങ്ങള്‍ പയറ്റാന്‍ മടിയില്ലാത്ത നിതീഷ് ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി. വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ നിരന്തരമായ മുന്നണിമാറ്റങ്ങള്‍ ജനതാദള്‍ (യു)വിന്റെ ജനപ്രീതി ഇടിച്ചു. 2020-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്നിലായി ജനതാദളിന്റെ സ്ഥാനം. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനായെങ്കിലും തന്നെ നിയന്ത്രിക്കാന്‍ ബി.ജെ.പി. നിരന്തരം ശ്രമിക്കുന്നത് നിതീഷിന് സഹിക്കാനാവില്ല. അത്തരം നീക്കങ്ങളെ ചെറുക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത തന്ത്രശാലിയാണ് നിതീഷ് കുമാര്‍ എന്നതാണ് ഈ സാഹചര്യത്തെ ശ്രദ്ധേയമാക്കുന്നത്.

സംസ്ഥാനത്തുടനീളം വലിയ അടിത്തറയുള്ള രാഷ്ട്രീയ ജനതാദളും തന്ത്രജ്ഞനായ നിതീഷ് കുമാറിന്റെ പാര്‍ട്ടി ജനതാദള്‍ (യു)വും തമ്മിലുള്ള ചെറിയ ഇണക്കം പോലും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നതാണ്. നിതീഷിനെ പിണക്കാതെ കൂടെക്കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം എപ്പോഴും ശ്രമിക്കാറുള്ളത്. പുതിയ നീക്കങ്ങളെ എങ്ങനെ നേരിടുമെന്നത് ബി.ജെ.പിയെയും ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്.

ജാതിസമവാക്യങ്ങളാണ് ബിഹാര്‍ രാഷ്ട്രീയത്തെ എപ്പോഴും നിയന്ത്രിക്കുന്നത്. ഈ സോഷ്യല്‍ എന്‍ജിനീയറിങ്ങില്‍ നിതീഷ് കുമാര്‍ നിപുണനാണ്. യാദവ വോട്ടുകളാണ് ആര്‍.ജെ.ഡിയുടെ കരുത്ത്. കുര്‍മി, കുശ്‌വാഹ വോട്ടുകളെ സ്വാധീനിക്കാന്‍ നിതീഷിനുമാകും. പഴയ മഹാസഖ്യ കാലത്തെപ്പോലെ കോണ്‍ഗ്രസ്, ഇടത് കക്ഷികളും ഈ ജനതാ കക്ഷികള്‍ക്കൊപ്പം ചേരുമ്പോള്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനമുണ്ടാക്കും.

Content Highlights: Bihar political crisis - Nitish Kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented