നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല


സി.പി.ബിജുരാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ബുധനാഴ്ച കുമ്പളത്തുനിന്ന് ആരംഭിച്ചപ്പോൾ. കെ. മുരളീധരൻ എം.പി., ഹൈബി ഈഡൻ എം.പി., സച്ചിൻ പൈലറ്റ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബെന്നി ബഹനാൻ എം.പി. തുടങ്ങിയവർ മുൻനിരയിൽ. (Photo: B.Muralikrishnan)

Walking is the best way to go more slowly than any other method that has ever been found.

വാക്കര്‍ എന്ന പേരില്‍ ഒരു ഹ്രസ്വ സിനിമയുണ്ട്. സായി മിങ് ലിയാങ് സംവിധാനം ചെയ്ത ചെറിയൊരു ജാപ്പനീസ് സിനിമ. 2012-ല്‍ ഹോങ്കോങ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ സൊസൈറ്റി നിര്‍മിച്ചതാണ്. സിനിമയില്‍ പ്രത്യേകിച്ച് ഒന്നുമില്ല. ഒരു കൈയില്‍ പൈനാപ്പിള്‍ ബര്‍ഗറും മറുകൈയില്‍ വെള്ളവുമായി ഒരു ബുദ്ധസന്യാസി ഹോങ്കോങ്ങിലെ തെരുവിലൂടെ നടക്കുകയാണ്. അത്രമേല്‍ തിരക്കേറിയ ആ തെരുവിലൂടെ അത്രമേല്‍ സാവധാനമാണ് സന്ന്യാസിയുടെ നടപ്പ്. സാവധാനത്തില്‍ എന്നാല്‍, ഓരോ ചുവടും വളരെ വളരെ പതുക്കെ എടുത്ത്, ഉയര്‍ത്തി, മെല്ലെ താഴ്ത്തി, പതുക്കെ ഉറപ്പിച്ച്, അങ്ങനെ. ചുറ്റും ഹോങ്കോങ്ങിന്റെ ജീവിതോന്മാദത്തിന്റെ തിരക്കുതള്ളല്‍ അതിവേഗം മിന്നല്‍ പോലെ മുന്നേറുന്നിടത്താണ് ഈ പതുക്കത്തം. ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് ആ പതുക്കത്തം അവതരിപ്പിക്കുന്ന മഹത്തായൊരു ജീവിതദര്‍ശനം വെളിപാടു പോലെ നമ്മെ ആവേശിക്കും. സന്ന്യാസി അത്രയും പതുക്കെ അങ്ങനെ നടന്ന് നടന്ന് നടന്ന്... അത്രേ ഉള്ളൂ ഉജ്വലമായ ആ സിനിമാനുഭവം.നടത്തം ഒരു തത്ത്വചിന്തയാണ്. പ്രത്യയശാസ്ത്രവും. ഇറങ്ങി നടക്കുകയായിരുന്നു ബുദ്ധന്‍. പലപ്പോഴും വളരെ വേഗമാണ് ബുദ്ധന്‍ നടന്നിരുന്നത്. ചിലപ്പോഴാകട്ടെ, അത്രമേല്‍ പതുക്കെയും. ആത്മാവില്‍ ബുദ്ധാവിഷ്ടനായ ബ്രാഹ്‌മണനായിരുന്നു മഹാത്മ ഗാന്ധി. നടക്കുകയായിരുന്നു ഗാന്ധിജിയും. നടത്തം ഇന്ത്യയുടെ ആത്മാവിലേക്കുള്ള ഒരു വഴി തന്നെയാണ്. നടത്തം ഒരുതരം ആത്മീയപ്രവര്‍ത്തനവുമാണ്. ഒരുപാട് ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ടെങ്കിലും നടത്തം നല്ലൊരു വ്യായാമമൊന്നുമല്ല. അത് പേശികളെ കാര്യമായി ബലപ്പെടുത്തുകയോ വലുതാക്കുകയോ ചെയ്യുന്നില്ല. വ്യായാമം എന്ന നിലയില്‍ അത് ഒരു അതിജീവവഴി മാത്രമാണ്. മറ്റൊന്നും ഫലിക്കുന്നില്ലെങ്കില്‍... എന്ന മട്ടില്‍ ഒരുപായം.

ഒട്ടേറെ രീതികള്‍ വേറേ ഉണ്ടായിരുന്നു രാഹുല്‍ ഗാന്ധിക്ക്. തുറന്ന വാഹനത്തിലോ മോട്ടോര്‍ബൈക്കിലോ ഉള്ള ഒരു ദേശീയ പര്യടനം കൊണ്ട് ഇപ്പോള്‍ സാധിക്കുന്നതിന്റെ പത്തിരട്ടിയോളം ഇടങ്ങളിലേക്കും ആളുകളിലേക്കും എത്താന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ബൈക്കിലാണെങ്കില്‍ ചിലപ്പോള്‍ അതൊരു ന്യൂജെന്‍ യാത്ര പോലുമായേനേ! പണ്ട് ചെഗുവേര കറങ്ങിയതു പോലെ! പ്രത്യേകിച്ച്, .. ആന്‍ഡ് മൈല്‍സ് റ്റു ഗോ ബിഫോര്‍... എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ നേതാവാണല്ലോ രാഹുല്‍ ഗാന്ധി. എന്നിട്ടുമെന്തോ രാഹുല്‍ നടക്കാനാണ് തീരുമാനിച്ചത്. ഭാരത് ജോഡോ യാത്ര എന്ന പേരിലുള്ള ആ നടത്തം വലിയൊരു സംഭവമാണെന്ന് സമകാല ദേശീയ രാഷ്ട്രീയം കരുതുന്നുണ്ടെന്നും തോന്നുന്നില്ല. ആ പാര്‍ട്ടിക്ക് ശക്തിയുള്ളിടങ്ങളില്‍ ഒരുണര്‍വുണ്ടാക്കിയേക്കാമെന്നല്ലാതെ മറ്റിടങ്ങളില്‍ കാര്യമായ രാഷ്ട്രീയ മുന്നേറ്റമുണ്ടാകാന്‍ ഇത്തരമൊന്നിന് കഴിയുമോ എന്ന് കണ്ടറിയണം. എന്നിട്ടും രാഹുല്‍ നടക്കാനാണ് തീരുമാനിച്ചത്.

ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ വലിയ ട്രാക്ക് റെക്കോഡുകളൊന്നും പറയാനില്ല രാഹുല്‍ ഗാന്ധിക്ക്. കിട്ടാവുന്ന പദവികളില്‍ നിന്ന് എന്നല്ല, കിട്ടിയ പദവികളില്‍നിന്നു തന്നെ ഇറങ്ങിപ്പോവുകയേ ചെയ്തിട്ടൂള്ളൂ. രാജകീയമായ അധികാരാസനങ്ങളില്‍ ആണ്ടമരുന്നവര്‍ യുവരാജാ എന്ന് പരിഹസിക്കുമ്പോഴും ഓരോ നേരവും താന്‍ ഒരു സാധാരണ ഇന്ത്യാക്കാരനാണെന്ന്, വെറും മനുഷ്യനാണെന്ന് ഉള്ള ആത്മാവിലെ ബോധ്യം വെളിപ്പെടുത്തിയിട്ടേയുള്ളൂ അദ്ദേഹം. പക്ഷേ, രാഹുല്‍ ഗാന്ധി എന്തു ചെയ്താലും ഇന്ത്യന്‍ ജനത ആ ചെയ്തിയിലേക്ക് ഉറ്റു നോക്കിക്കൊണ്ടേയിരിക്കും. കാരണം ആ മനുഷ്യന്‍ സ്വന്തം അച്ഛനും മുത്തശ്ശിയും ഒരു രാജ്യത്തിനു വേണ്ടി ഛിന്നഭിന്നമായതു കണ്ടു നിന്ന വ്യക്ത്യനുഭവമുള്ളയാളാണ്. വ്യക്തിഗതമായ കാര്യങ്ങളെ മതിക്കുന്നതാണ് സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ പൊതുമനസ്സിന്റെ രീതി.

സ്വച്ഛന്ദമായ ഒരു നടത്തത്തിലൂടെ കൈവരുന്നതല്ലാത്ത ഒരാശയത്തെയും വിശ്വസിക്കരുതെന്നാണ് നീഷേ പറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട നടത്തത്തിനിടെ കുറിപ്പുകളും എഴുതുന്നതായിരുന്നു നീഷേയുടെ രീതി. നീഷേ പ്രവര്‍ത്തിക്കാന്‍ വേണ്ടി നടക്കുമ്പോള്‍ ഇമ്മാനുവല്‍ കാന്റ് മോചനത്തിനു വേണ്ടിയാണ് നടക്കുമായിരുന്നത് എന്ന് പറയാറുണ്ട്. അതീവ കണിശമായ കാന്റിന്റെ നടപ്പാണ് ഫിലോസഫേഴ്സ് വോക്ക് എന്ന് പ്രശസ്തമായത്. രാഷ്ട്രീയനേതാക്കളുടെ പ്രവൃത്തികളെ ദാര്‍ശനികമാനങ്ങളോടെ കാണാന്‍ ശ്രമിച്ചാല്‍ പോലും പരിഹാസങ്ങളുണ്ടാവും. ട്രോളപ്പെടും.

ഒരു പക്ഷേ, ഇന്ത്യയുടെ ഇന്നോളമുള്ള ചരിത്രത്തില്‍ രാഹുലിനെപ്പോലെ അത്രയേറേ പരിഹസിക്കപ്പെട്ട മറ്റൊരു നേതാവുണ്ടെന്ന് തോന്നുന്നില്ല. അതാകട്ടെ ഒരിക്കല്‍ പോലും, വാവിട്ട വാക്കോ കൈവിട്ട പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്ന് ഉണ്ടായതിനെ പ്രതിയല്ല. അത്യാഗ്രഹമോ അല്പത്തമോ കാണിച്ചതിന്റെ പേരിലുമല്ല. അങ്ങു പരിഹസിക്കുകയാണ് നമ്മള്‍, വെറുതേ. ആ പരിഹാസം വരുന്നത് എവിടെ നിന്നാണെന്നോ! കുബുദ്ധിയും കുശാഗ്രബുദ്ധിയും നിഷ്ഠുരതയും തൊലിക്കട്ടിയും പാകത്തിനു പാകത്തിന് എന്തു നുണയും പറയാനുള്ള ഉളുപ്പില്ലായ്മയും ഏകാധിപത്യ ധാര്‍ഷ്ട്യവും ഒക്കെയൊക്കെയാണ് രാഷ്ട്രീയ നേതാവിനു വേണ്ടത് എന്ന ദൃഢബോധ്യം കിടക്കുന്ന നമ്മുടെ മനസ്സുകളില്‍നിന്ന്. അതെ, നന്മയുള്ള മനുഷ്യര്‍ നമ്മുടെ നേതാക്കളാകാന്‍ പറ്റിയവരല്ല. കുറച്ചു കൂടി കൃത്യമായിട്ടാണെങ്കില്‍ നന്മയുള്ള നേതാക്കള്‍ക്കു പറ്റിയ ജനതയല്ല നമ്മള്‍.

ആധുനികത മുന്നോട്ടു വെച്ച ശാസ്ത്രീയതയുടെയും മാനവികതയുടെയും രീതിശാസ്ത്രങ്ങള്‍ക്കു നിരക്കാത്തവയോട് ഇടപെടാന്‍ രാഹുല്‍ ഒരിക്കലും തുനിയാറേ ഇല്ല. അതു കൊണ്ടു തന്നെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുള്ളിനെ എടുക്കാനുള്ള മുള്ള് അദ്ദേഹത്തിന്റെ പക്കലുണ്ടെന്നു തോന്നുന്നുമില്ല. മനസ്സില്‍ നന്മയുള്ള മനുഷ്യര്‍ക്കു പറ്റിയതല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് രാഷ്ട്രീയക്കാരും പറയും. മനസ്സില്‍ നന്മയുണ്ടാവുക എന്നതല്ല, വിജയത്തിനായി കര്‍മം ചെയ്യുക എന്നതാണ് അഭിനവകാല മഹത്വം. ജയം എങ്ങനെ എന്നതു പ്രശ്നമേയല്ല. ജയം ആണ് ധര്‍മം. അതിവേഗം ഓടുന്നവര്‍ക്കിടയില്‍ പതുക്കെ നടക്കുന്നവന് മുന്നേറാന്‍ അത്രയെളുപ്പമല്ല.

കൊന്നും കൊല്ലിച്ചും അര്‍ധസത്യങ്ങളും അസത്യങ്ങളും വിളിച്ചു പറഞ്ഞും ജയത്തിലേക്ക് തേരോടിക്കുന്നവര്‍ക്കിടയില്‍ വിട്ടുകൊടുക്കുന്നവനും ത്യജിക്കുന്നവനും അഗ്രാസനം കിട്ടാനിടയില്ല. ക്ഷമിക്കണം മിസ്റ്റര്‍ രാഹുല്‍ ഗാന്ധി, നിങ്ങളോടൊപ്പമെത്താന്‍ ഇന്ത്യക്കാവുമെന്നു തോന്നുന്നില്ല. കാരണം നിങ്ങള്‍ നടക്കുകയേ ചെയ്യുന്നുള്ളൂ. മുന്നേറുക എന്നത് ഒരു ലക്ഷ്യമാണെന്ന് ഇന്നോളം പറഞ്ഞിട്ടുമില്ല. ബുദ്ധന്റെ കുഞ്ഞിന്റെ പേരും രാഹുലന്‍ എന്നായിരുന്നു. ശ്രമണനായിത്തീര്‍ന്ന രാഹുലന്‍ അതിവേഗം ആര്‍ഹതപദവിയിലെത്തി. ക്ഷമിക്കണം മിസ്റ്റര്‍ രാഹുല്‍ ഗാന്ധി. നിങ്ങളെപ്പോലൊരാളിലേക്ക് എത്താന്‍ ഇന്ത്യ ഇനിയും എത്രയോ ഏറെ സഞ്ചരിക്കാനുണ്ടെന്നു തോന്നുന്നു...

Content Highlights: bharat jodo yatra rahul gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented