Benjamin Netanyahu | Photo: Gali Tibbon/ Pool via AP
ഈ സര്‍ക്കാരിനെ ഞാന്‍ നയിക്കും. മറ്റ് പാര്‍ട്ടികള്‍ എനിക്കൊപ്പമാണ് ചേര്‍ന്നത്, ഞാന്‍ അവര്‍ക്കൊപ്പമല്ല. അവരില്‍ പലരും അവരുടെ കടുത്ത നിലപാടുകളില്‍ അയവുവരുത്തുകയും മാറ്റം വരുത്തുകയും ചെയ്തു. കാരണം അധികാരത്തിനൊപ്പം ഉത്തരവാദിത്വവും വരുന്നു.
ഇസ്രയേല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടയില്‍ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതാണിത്. 2021 ജൂണില്‍ അധികാരം നഷ്ടമായപ്പോള്‍ നെതന്യാഹു അനുയായികള്‍ക്ക് ഒരു ഉറപ്പ് നല്‍കിയിരുന്നു 'തിരിച്ചെത്തും'. ആശയങ്ങളില്‍ വിവിധ ധ്രുവങ്ങളില്‍ നില്ക്കുന്ന പാര്‍ട്ടികളെ കൂട്ടുപിടിച്ച് നെതന്യാഹു ആ വാക്ക് പാലിച്ചിരിക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രിയായി ഒരിടവേളയ്ക്ക് ശേഷം ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ 37-ാമത് സര്‍ക്കാരിനെയാണ് 73-കാരനായ നെതന്യാഹു നയിക്കുക. ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവലതുപക്ഷ യാഥാസ്ഥിതിക സര്‍ക്കാരാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇത്തവണ അധികാരത്തിലെത്തിയത്. ഇസ്രയേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ആറാമതെ സര്‍ക്കാരും.
120 അംഗ പാര്‍ലമെന്റില്‍ 64 പേരുടെ പിന്തുണയാണ് നെതന്യാഹുവിനുള്ളത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 32 എംപിമാരാണുള്ളത്. സഖ്യകക്ഷിയായ റിലീജിയസ് സയണിസം 14 സീറ്റുകള്‍ നേടി. ബാക്കി അംഗങ്ങള്‍ യുണൈറ്റഡ് തൊറാ ജുദായിസം, ഷാസ് എന്നിവിടങ്ങളില്‍ നിന്നും. ഒമ്പത് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. അതില്‍ മൂന്ന് പേര് സ്ത്രീകളും. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരില്‍ യുണൈറ്റഡ് തൊറാ ജുദായിസം, തീവ്ര വലതുപക്ഷമായ ഒറ്റ്സ്മ യെഹൂദിറ്റ്, റിലീജിയസ് സയണിസം പാര്‍ട്ടി എന്നിവരാണുള്ളത്. ആണവശേഷി വര്‍ധിപ്പിക്കുന്നതില്‍നിന്ന് ഇറാനെ തടയുക, രാജ്യത്ത് മുഴുനീള ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക, അബ്രഹാം കരാറിലേക്ക് കൂടുതല്‍ അറബ് രാജ്യങ്ങളെ അടുപ്പിക്കുക തുടങ്ങിയവയായിരിക്കും തന്റെ സര്‍ക്കാരിന്റെ ദേശീയലക്ഷ്യങ്ങളെന്നാണ് നെതന്യാഹു സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
ഇസ്രയേലി കമാന്‍ഡോ ആയി തുടക്കം
സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം ഇസ്രയേലില്‍ ജനിച്ച് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ആളാണ് നെതന്യാഹു. ഇസ്രയേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയും തുടര്‍ച്ചയായി മൂന്നു തവണ ഭരിച്ച ഇസ്രയേല്‍ നേതാവും നെതന്യാഹു തന്നെയാണ്. 1949 ഒക്ടോബര്‍ 21-ന് ടെല്‍അവീവില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കുടുംബത്തിനൊപ്പം യുഎസില്‍ കുറച്ചു നാള് ജീവിച്ചു. 1967-ല്‍ അദ്ദേഹം ഇസ്രയേല്‍ സൈന്യത്തില്‍ ചേര്‍ന്നു. വിരമിച്ച ശേഷം മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ നെതന്യാഹു ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ ഇക്കണോമിക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു അദ്ദേഹം. അതോടെ 1980-കളില്‍ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇസ്രയേലിന്റെ പുതിയമുഖമായി നെതന്യാഹു മാറി.
1980 മുതല്‍ 82 വരെ അദ്ദേഹം ജറുസലേമിലെ റിം ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടറായിരുന്നു. ഇക്കാലയളവിലാണ് നെതന്യാഹു ഇസ്രയേല്‍ മന്ത്രി മോഷെ അരന്‍സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കുന്നത്. 1982 മുതല്‍ 84 വരെ അമേരിക്കയിലെ ഇസ്രയേലി എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി പ്രവര്‍ത്തിച്ചു. 1984 മുതല്‍ 88 വരെ യുഎന്നില്‍ ഇസ്രയേലിന്റെ സ്ഥിരാംഗമായി. 1988-ലെ ഇസ്രയേല്‍ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു കിങ് ബീബി, മിസ്റ്റര്‍ സെക്യൂരിറ്റി എന്നെല്ലാം ആരാധകരും ക്രൈം മിനിസ്റ്റര്‍ എന്ന് വിമര്‍ശകരും വിളിക്കുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയപ്രവേശം. 1993-ല്‍ ലികുഡ് പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രതിപക്ഷനേതാവുമായി. പ്രധാനമന്ത്രി യിത്സാക് റബിന് കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുമെത്തി. 1996-ല്‍ തന്റെ 46-ാം വയസ്സിലാണ് നെതന്യാഹു ആദ്യമായി ഇസ്രയേല്‍ പ്രധാനമന്ത്രിയാവുന്നത്.
1999-ലെ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ നെതന്യാഹു രാഷ്ട്രീയത്തില്‍നിന്ന് താൽക്കാലിക വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സ്വകാര്യ മേഖലയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച അദ്ദേഹം 2000-ല്‍ തന്നെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. പിന്നാലെ ലികുഡ് പാര്‍ട്ടി ചെയര്‍മാനായ ഏരിയല്‍ ഷാരോണ്‍ പ്രധാനമന്ത്രിയായപ്പോള്‍ രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി. ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി പ്രവര്‍ത്തിച്ചു. ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന് വലിയ ജനപിന്തുണയാണ് നേടിക്കൊടുത്തത്. എന്നാല്‍ ഷാരോണുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേത്തുടര്‍ന്ന് 2005-ല്‍ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ വീണ്ടും പാര്‍ട്ടിയുടെ അമരത്തേക്ക് നെതന്യാഹു എത്തി. 2009 മുതല്‍ വീണ്ടും 12 വര്‍ഷം അധികാരത്തില്‍. 73 വര്‍ഷത്തെ ചരിത്രമുള്ള ഇസ്രയേലില്‍ സ്ഥാപക പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗൂറിയനെയും മറികടന്ന് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് എന്ന ചരിത്രവും കുറിച്ചു.
.jpg?$p=fc9d20e&&q=0.8)
അസാധാരണ തിരിച്ചു വരവ്
ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തിരിച്ചുവരവിന്റെ കഥയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. 1996-ലാണ് അദ്ദേഹം ആദ്യമായി ഇസ്രയേല്‍ പ്രധാനമന്ത്രിയായത്. ആദ്യത്തെ തവണ 1999 വരെ അധികാരത്തിലിയിരുന്നു. 2009-ലായിരുന്നു രണ്ടാമത്തെ ഊഴം. അപ്രാവശ്യം തുടര്‍ച്ചയായ 12 വര്‍ഷമാണ് നെതന്യാഹു പ്രധാനമന്ത്രി കസേരയില്‍ ഇരുന്നത്. 2021-ലാണ് ആ ഭരണം അവസാനിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടം കൂടിയായിരുന്നു അത്. പലസ്തീനുമായുള്ള സംഘര്‍ഷം അക്കാലത്ത് രൂക്ഷമായി. 2017-ല്‍ അധിനിവേശ പലസ്തീന് പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇസ്രയേലികള്‍ ജനവാസകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇത് അന്താരാഷ്ട്ര തലത്തിലടക്കം വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. എന്നാല്‍, ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അന്നത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചത് നെതന്യാഹുവിന് വലിയ രാഷ്ട്രീയനേട്ടമായി. ട്രംപിന്റെ മധ്യസ്ഥതയില്‍ യു.എ.ഇ., ബഹ്റൈന്‍, സുഡാന്, മൊറോക്കോ എന്നീ രാജ്യങ്ങളുമായി നയതന്ത്രക്കരാറുണ്ടാക്കാനും സാധിച്ചു.
12 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന നെതന്യാഹുവിനെ താഴെയിറക്കിയത് യെഷ് ആത്തിദ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ്. 2019-നും 2021-നുമിടയ്ക്ക് മൂന്നുതിരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും ഭൂരിപക്ഷസര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ 2021-ല്‍ അസാധാരണ കൂട്ടുകെട്ടിലൂടെ യയീര്‍ ലപീദും നഫ്താലി ബെന്നറ്റും ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതെവന്നപ്പോള്‍ ലപീദും നഫ്താലി ബെന്നറ്റും പ്രധാനമന്ത്രിസ്ഥാനം പങ്കിടാമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരുണ്ടാക്കി. ഇതാണ് നെതന്യാഹുവിന് തിരിച്ചടിയായത്. ഇതിനിടയില്‍ അഴിമതിയാരോപണങ്ങളും നെതന്യാഹുവിനെ വേട്ടയാടി. 2016-ലാണ് നെതന്യാഹുവിനെതിരേ അന്വേഷണമാരംഭിച്ചത്. 2019-ല്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്നുകേസുകളില്‍ പ്രതിയായി. 2020-ല്‍ വിചാരണനേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി.
പ്രതിസന്ധികള്‍ മറികടന്ന് സര്‍ക്കാര്‍ രൂപീകരണം
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇസ്രയേല്‍ കടന്നുപോയിരുന്നത്. നാല് വര്‍ഷത്തിനിടിയില്‍ ഇസ്രയേലിൽ നടന്ന അഞ്ചാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു അടുത്ത് നടന്നത്. നവംബറിലാണ് യയീര്‍ ലപീദിന്റെ പാര്‍ട്ടിയെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യം 86 ശതമാനം വോട്ടുകളും നേടി. ഇസ്രയേലി പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 സീറ്റുകള്‍ നേടിയ തീവ്രവലതുപക്ഷമുന്നണിയെ സര്‍ക്കാരുണ്ടാക്കാന്‍ നവംബറില്‍ തന്നെ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. 32 സീറ്റുനേടി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായപ്പോള്‍ മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ റിലീജിയസ് സയണിസം 14 സീറ്റുകള്‍ സ്വന്തമാക്കി.
നെതന്യാഹുവിന്റേത് വലതുപക്ഷ പാര്‍ട്ടിയാണെങ്കിലും കടുത്ത യാഥാസ്ഥിതിക പാര്‍ട്ടികളും തീവ്രവലതുപക്ഷ പാര്‍ട്ടികളുമാണ് ഇത്തവണ അദ്ദേഹത്തിന്റെ സഖ്യത്തില്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടു മാസത്തോളമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മന്ത്രിസഭാ രൂപീകരണത്തിന് സഖ്യകക്ഷികള്‍ കടുത്ത ഉപാധികള്‍ മുന്നോട്ടു വെച്ചതാണ് സര്‍ക്കാര്‍ രൂപീകരണം വൈകിച്ചത്. ഒടുവില്‍ സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്കായി നിയമനിര്‍മാണവും നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഡിസംബറിലാണ് ഇസ്രയേലില്‍ സര്‍ക്കാരുണ്ടാക്കാനാവശ്യമായ ഭൂരിപക്ഷം തന്റെ ലികുഡ് പാര്‍ട്ടിക്കുണ്ടെന്ന് പ്രസിഡന്റ് ഇസാക് ഹെര്‍സോഗിനെ ഔദ്യോഗികമായി അറിയിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ നല്കിയ സമയപരിധി അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കേയാണ് നെതന്യാഹു സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചത്.

സഖ്യകക്ഷി മന്ത്രിമാരെ നിയമിക്കാനായി നിലവിലുള്ള നിയമത്തില്‍ നെതന്യാഹുവിന് ഭേദഗതികള്‍ വരുത്തേണ്ടി വന്നു. പ്രധാനമായും രണ്ട് നിയമഭേദഗതികളാണ് നെതന്യാഹു നടപ്പാക്കിയത്. വെസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ടുള്ളതാണ് അതിലൊന്ന്. വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്റുകള്‍ വികസിപ്പിക്കുന്നതിന്റെ ചുമതലയ്ക്കായി പ്രതിരോധ മന്ത്രാലയത്തില്‍ ഒരു രണ്ടാം മന്ത്രിയെ നിയമിക്കാനായിരുന്നു ഭേദഗതി. തീവ്ര വലതുപാര്‍ട്ടിയായ റിലീജിയസ് സയണിസത്തിന്റെ നേതാവ് ബെസാലേല്‍ സ്മോട്രിച്ചാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. നികുതിവെട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട ഷാസിന്റെ നേതാവ് അര്യേഹ് ദേരിയെ മന്ത്രിയാക്കാനുള്ള അനുമതിയാണ് മറ്റൊന്ന്. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് മന്ത്രിയാകാം എന്ന നിലയില്‍ ഭേദഗതി വരുത്തി ദേരിയെ മന്ത്രിയാക്കുക എന്നതായിരുന്നു ലക്ഷ്യം.
ആശങ്കയില്‍ അറബ് രാജ്യങ്ങളും പലസ്തീനും
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പലസ്തീന്, അറബ് വിഷയത്തിലും രാജ്യാന്തര സമൂഹത്തിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. നെതന്യാഹുവിന്റെ മടങ്ങിവരവ് അറബ് രാജ്യങ്ങള്‍ക്ക് തീര്‍ച്ചയായും ആശങ്കയുണ്ടാക്കിയേക്കും. ഒപ്പം പലസ്തീനും. എന്നാല്‍ ഇറാനെതിരായ ഇസ്രയേല്‍ നിലപാട് ഗള്‍ഫ് രാജ്യങ്ങളുടേയും നിലപാടിനൊപ്പമാണ്. ആണവശേഷി വര്‍ധിപ്പിക്കുന്നതില്‍നിന്ന് ഇറാനെ തടയുമെന്നും കൂടുതല്‍ അറബ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയുമാണ് തന്റെ സര്‍ക്കാരിന്റെ ദേശീയലക്ഷ്യങ്ങളെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം അവര്‍ക്ക് സ്വാഗതം ചെയ്തേക്കുമെന്നാണ് സൂചന. ഷിയ വിഭാഗത്തോട് കടുത്ത എതിര്‍പ്പുള്ള നെതന്യാഹുവിന്റെ കാലത്ത് സുന്നി വിഭാഗക്കാരായ അറബ് രാജ്യങ്ങളുമായി ബന്ധം കെട്ടിപ്പടുത്തിരുന്നു. യുഎഇയും ബഹ്റൈനും മൊറോക്കോയുമായുള്ള ബന്ധം ഇക്കാലത്ത് മെച്ചപ്പെടുത്തിയിരുന്നു.
എന്നാല്‍, നെതന്യാഹു സര്‍ക്കാരിന്റെ നീക്കങ്ങളില്‍ പലസ്തീന് ഇതിനകം തന്നെ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. വെസ്റ്റ് ബാങ്കില്‍ താമസസ്ഥലങ്ങള്‍ വിപുലീകരിക്കാനുള്ള നീക്കത്തെ അപകടകരം എന്നാണ് പലസ്തീന് അതോറിറ്റി വിശേഷിപ്പിച്ചത്. ഈ മാര്‍ഗനിർദേശങ്ങൾ അപകടകരമാണെന്നും അത് മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പിഎ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീനെ പറഞ്ഞു. അറബ് വംശജര്‍ക്കും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും എതിരായ നിലപാടുകള്‍കൊണ്ട് കുപ്രസിദ്ധമായ റിലീജിയസ് സയണിസം പാര്‍ട്ടി അധികാരത്തിന്റെ ഭാഗമാകുന്നതോടെ പലസ്തീന് ആശങ്കയിലാണ്. ഇവര്‍ക്ക് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുണ്ടാകുന്നത് തിരിച്ചടിയാകുമെന്ന് അവര്‍ വിലയിരുത്തുന്നു. വംശീയവിദ്വേഷം പരത്താന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള ബെന്‍ ഗ്വിര്‍ അധികാരത്തിന്റെ ഭാഗമാകുന്നതോടെ പലസ്തീന് വിഷയം കൂടുതല്‍ സങ്കീര്ണമാകുമെന്ന ആശങ്കകള്‍ നിരീക്ഷകരും പങ്കുവെക്കുന്നു.
.jpg?$p=b0fc334&&q=0.8)
നെതന്യാഹുവും ഇന്ത്യയും
ഇന്ത്യ- ഇസ്രായേല്‍ ബന്ധത്തിന്റെ ശക്തനായ വക്താവാണ് ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തും. ഒരിടവേളയ്ക്ക് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രിയായി നെതന്യാഹു തിരിച്ചെത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഒരുപടി കൂടി ശക്തിപ്പെട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഊഷ്മളമായ സ്വീകരണമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇസ്രായേല്‍ ഒരുക്കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പ്പാപ്പയ്ക്കും മാത്രമാണ് ഇത്തരമൊരു അംഗീകാരം നല്‍കാറുള്ളത്. പ്രിയ സുഹൃത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് നെതന്യാഹു ഹിന്ദിയില്‍ പറഞ്ഞു. ഇസ്രയേലില്‍ പ്രധാനമന്ത്രി പങ്കെടുത്ത എല്ലാ പരിപാടികളിലും നെതന്യാഹു മോദിയോടൊപ്പം അനുഗമിച്ചു.
2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇസ്രയേല്‍ ബന്ധം തന്ത്രപരമായ സഖ്യത്തിലേക്ക് വളര്‍ന്നിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖർജി, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി സുഷമാസ്വരാജ് എന്നിവര്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇക്കാലയളവില്‍ ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യു.എന്‍. പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇസ്രയേലിന് പരോക്ഷപിന്തുണ നല്കുന്ന നടപടിയായിരുന്നു അതെന്നാണ് വിലയിരുത്തപ്പെട്ടത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. 'കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു' എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു അന്ന് പറഞ്ഞത്. നെതന്യാഹു തിരിച്ചെത്തുന്നതോടെ ഇത് കൂടുതല്‍ ശക്തിപ്പെട്ടേക്കും.
Content Highlights: Netanyahu returns to power as head of Israel's most far-right government ever
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..