സ്പോർട്സ്മാൻ സ്പിരിറ്റിൽ എന്തു കൊണ്ട് മാൻ മാത്രം? ഇവര്‍ ചോദിക്കുന്നു


രമ്യ ഹരികുമാര്‍ 

പെണ്‍കുട്ടികളുടെ ഉയര്‍ച്ചയ്ക്കും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സ്‌പോര്‍ട്‌സ് ഏതുരീതിയില്‍ സഹായകമാകുന്നു. ചില അനുഭവ സാക്ഷ്യങ്ങള്‍

പി.വി.സിന്ധു

'എന്റെ ഗ്രാമത്തില്‍ എല്ലാവരും കൂലിപ്പണിക്ക് പോകുന്നവരാണ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ അവിടെ പെണ്‍കുട്ടികളെ കെട്ടിച്ചയയ്ക്കുമായിരുന്നു. തുടര്‍പഠനത്തിന് പോകുന്നവരൊക്കെ വളരെ കുറവ്.. കൂടിവന്നാല്‍ ടൈപ്പ് റൈറ്റിങ്ങിനോ തയ്യലിനോ പോകും. സ്പോര്‍ട്സില്‍ എത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഞാനും അങ്ങനെയൊക്കെ ആവുമായിരുന്നു..' ഇടുക്കി രാജക്കാടിനടുത്തുളള മുല്ലക്കാനം എന്ന മലഞ്ചെരുവില്‍ നിന്ന് പ്രീജ ശ്രീധരന്‍ ഓടിക്കയറിയത് മെഡലുകളുടെ തിളക്കമുളള ട്രാക്കിലേക്കാണ്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും പ്രീജയുടെ വിജയക്കുതിപ്പിന് സ്വര്‍ണത്തിളക്കമേകി. 2010ല്‍ ഗ്വാങ്ഷൂവില്‍ നടന്ന ഏഷ്യല്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെളളിയും നേടി. വിജയങ്ങള്‍ മാത്രമായിരുന്നില്ല അവള്‍ക്ക് അത്‌ലറ്റിക്‌സ് പരിചയപ്പെടുത്തിയത് തേയിലക്കാടുകള്‍ക്ക് പുറത്ത് മറ്റൊരുലോകം കണ്ടിട്ടില്ലാത്ത നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് തനിച്ച് സഞ്ചരിക്കാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും കരുത്തോടെ മുന്നോട്ടുസഞ്ചരിക്കാനും അവളെ പ്രാപ്തയാക്കി.

പ്രീജ മെഡലുകളുമായി. ഒരു പഴയകാല ചിത്രം. ഫോട്ടോ: മാതൃഭൂമി

'ഒരു ബോക്സര്‍ അല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കറിയാം...! ഭാഗ്യവശാല്‍ അങ്ങനെ ചിന്തിക്കാന്‍ ഇപ്പോള്‍ ഒരു കാരണവുമില്ല.' ഇടിക്കൂട്ടില്‍നിന്ന് എല്ലാവരും പിന്മാറുന്ന പ്രായത്തില്‍, ഇരുപത്തെട്ടാം വയസില്‍, ബാര്‍ബഡോസില്‍ 2010-ല്‍ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇടിക്കൂട്ടിലെ പെണ്‍സിംഹമായ, മാഗ്നിഫിസന്റ് മേരി അഥവാ മേരി കോം എന്ന എക്കാലത്തെയും മികച്ച വനിതാ ബോക്‌സറുടെ ആത്മഗതം. വിജയകിരീടം ചൂടിയതിന്റെ വൈകാരികത മേരിയുടെ വാക്കുകളില്‍ മുഴങ്ങിയിരുന്നു. വിജയത്തിനും അവള്‍ നിര്‍വചനം നല്‍കി. ജീവിതത്തിലെ ത്യാഗങ്ങളെ ശരിവെക്കുന്ന, സ്വന്തം കഴിവുകള്‍ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്ന, ഒരു നിമിഷത്തേക്ക് ഞെട്ടിത്തരിച്ചുപോകുന്ന ഒന്ന്! ആ വിജയത്തിലും മേരിയുടെ കുതിപ്പ് അവസാനിച്ചിരുന്നില്ല, വീണ്ടുമൊരിക്കല്‍ സ്വര്‍ണം നേടി ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും അധികം സ്വര്‍ണം തേടുന്ന താരമെന്ന വിശേഷണം സ്വന്തം പേരിനോട് അവര്‍ ചേര്‍ത്തുവെച്ചു. മണിപ്പൂരിലെ കൊച്ചുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന, ദാരിദ്ര്യം മൂലം സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു മാതാപിതാക്കള്‍ക്കൊപ്പം വയലില്‍ പണിക്കിറങ്ങിയ കോം റെംസ് ഗോത്രക്കാരി മാംഗ്തെ ചുന്‍ഗ്‌നെനയ്ജാങ് മേരി കോമില്‍ നിന്ന് മാഗ്‌നിഫിഷ്യന്റ് മേരിയിലേക്കുളള അവളുടെ യാത്രയും അത്ര എളുപ്പമുളള ഒന്നായിരുന്നില്ല. നാടന്‍ പെണ്‍കുട്ടി ബോക്സറാവുകയോ എന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്കു വണ്ടി കയറുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു അവര്‍ക്ക് മുതല്‍ക്കൂട്ട്.പയ്യോളിയില്‍ നിന്ന് ഇരുപതാംവയസ്സില്‍ ഒളിമ്പിക്‌സ് ട്രാക്കിലേക്കോടിക്കയറി മെഡലിന് തൊട്ടടുത്തെത്തിയ സ്പ്രിന്റ് ക്വീന്‍ പി.ടി.ഉഷയെപ്പോലെ ഇന്ത്യയെ സ്വാധീനിച്ച മറ്റൊരു അത്‌ലറ്റ് ഇന്നും ഇന്ത്യക്കില്ല. കോച്ച് ഒ.എം.നമ്പ്യാറിനൊപ്പം കടല്‍ക്കരയില്‍ പരിശീലനം നടത്തുന്ന ഉഷയെക്കണ്ട് നിക്കറിട്ടോടുന്ന പെണ്ണെന്ന് വിളിച്ച്, ഇതെന്ത് കോളെന്ന് അന്തിച്ചിട്ടുണ്ട് പയ്യോളിക്കാര്‍. കടല്‍ത്തീരത്ത് നിന്ന് ഒളിമ്പിക്‌സ് ട്രാക്കിലേക്ക് മാത്രമല്ല മലയാളികളുടെ ഹൃദയത്തിലേക്ക് കേരളത്തിന്റെ അഹങ്കാരവും അഭിമാനവുമായി അവള്‍ ഓടിക്കയറി. അവളുടെ മെഡല്‍ നേട്ടങ്ങള്‍ കാണാനായി ടിവിയുളള വീടുകളുടെ മുന്നില്‍ അവര്‍ കൂട്ടംകൂടി. അവളേക്കാള്‍ അവളുടെ വിജയങ്ങളെ ആഘോഷിച്ചു.

ട്രാക്കില്‍ പറന്ന പി.ടി.ഉഷയും എതിരാളിയെ ഇടിച്ചിട്ട മേരികോമും പി.വി.സിന്ധുവും വനിതാ ക്രിക്കറ്റിലെ കളിക്കാരും താരങ്ങളാണെന്ന് ബോധ്യപ്പെടുത്തിയ മിതാലി രാജും ഉള്‍പ്പടെയുളളവര്‍ തിരുത്തിയെഴുതിയത് സ്ത്രീയെക്കുറിച്ചുളള യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയാണ്. സമൂഹത്തിന്റെ ഇഷ്ടങ്ങള്‍ക്കോ, കാഴ്ചപ്പാടുകള്‍ക്കോ അനുസരിച്ച് വളരേണ്ടവളല്ല പെണ്‍കുട്ടിയെന്ന് സ്വന്തം നേട്ടങ്ങളിലൂടെയാണ് അവര്‍ അടിവരയിട്ട് ഉറപ്പിക്കുന്നത്. മുന്നിലെ പ്രതിബന്ധങ്ങളെ മറികടക്കാനുളള പരിശീലനങ്ങളിലൂടെ, എതിരാളിയെ നിലംപറ്റിക്കാനുളള തന്ത്രങ്ങള്‍ മെനഞ്ഞ്, പലസാഹചര്യങ്ങളില്‍ നിന്നുവന്ന് ഒരേസ്വപ്‌നം കാണുന്നവര്‍ക്കൊപ്പം ഒരൊറ്റലക്ഷ്യത്തിന് വേണ്ടി കഠിനമായി പരിശ്രമിക്കുമ്പോള്‍ ജീവിതവിജയത്തിലേക്കുളള ചുവടുകള്‍ മാത്രമല്ല അവള്‍ പിന്നിടുന്നത്, ലിംഗസമത്വമെന്ന വലിയൊരു രാഷ്ട്രീയത്തിലേക്ക് അവള്‍ ചുവട് മുന്നേറുകയാണ്.

പി.ജി. മനോജ്

ആരോഗ്യമുളള തലമുറയാകണം ലക്ഷ്യം- പി.ജി. മനോജ് (ജി.വി. രാജ അവാര്‍ഡ് ജേതാവ്, പറളി സ്‌കൂള്‍ കായികാധ്യാപകന്‍)

ഞാന്‍ 1995-ല്‍ സര്‍വീസില്‍ കയറിയതാണ്. അക്കാലത്തുണ്ടായിരുന്ന കായികാധ്യാപകരുടെ പകുതി പോലും ഇന്ന് സര്‍വീസില്‍ ഇല്ല. സ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരെ വെക്കുക വഴി ഒരുപാടു കായിക പ്രതിഭകളെ ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്നതിലപ്പുറം ആരോഗ്യമുളള ഒരു യുവതലമുറയെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണു മെച്ചം. പുതിയ തലമുറയിലെ കുട്ടികള്‍ക്കു കളിക്കാനുളള സാഹചര്യങ്ങള്‍ കുറവാണ്. അതുകൊണ്ടുതന്നെ അനാരോഗ്യരാണു മിക്കവരും. പറളി സ്‌കൂള്‍ മികച്ച സ്പോര്‍ട്സ് സ്‌കൂളാണെന്നു പറയാറുണ്ട്. ഇവിടെ കുട്ടികളിലെ പ്രതിഭയെ കണ്ടെത്താനാവുന്നു എന്നതാണു കാരണം. മറ്റു പല സ്‌കൂളുകളിലും ഇതിനേക്കാള്‍ കഴിവുളളവര്‍ ഉണ്ടാകും. പക്ഷേ, അവരെ കണ്ടെത്താന്‍ ആളില്ലെങ്കില്‍ വ്യവസ്ഥിയാണു പരാജയപ്പെടുന്നത് എന്നു പറയേണ്ടിവരും.

നിക്കറിട്ടോടുന്ന പെണ്ണ് ചില്ലറക്കാരിയല്ലെന്നേ

പി.ടി.ഉഷ

'ഞാനൊക്കെ സ്പോര്‍ട്സ് ചെയ്യുന്ന കാലത്ത് ഷോര്‍ട്സിടുന്ന ആരും നാട്ടിന്‍പുറത്തില്ല. അതിനൊരു ധൈര്യം വേണം. വീട്ടില്‍നിന്ന് ഓടിയിട്ടാണ് കടപ്പുറത്തേക്കു പരിശീലനത്തിനായി പോവുക. പല പല വീട്ടുമുറ്റത്തുകൂടെയും തോടും ഇടയും ചാടിക്കടന്നും ഓടിയുമെല്ലാം കടപ്പുറത്തെത്തും. ട്രാക്ക് സ്യൂട്ട് ധരിച്ചാണു വീട്ടില്‍നിന്നു കടപ്പുറം വരെയെത്തുക. അതുപോലും ആളുകള്‍ക്കു കൗതുകമായിരുന്നു. കടപ്പുറത്തെത്തുമ്പോള്‍ ട്രാക്സ്യൂട്ട് അഴിച്ചുമാറ്റി ഷോര്‍ട്സിട്ടു പരിശീലനം തുടങ്ങും. അതുകണ്ട് ആളുകള്‍ കൂട്ടംകൂടിനിന്നു നോക്കുന്നതെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. നമ്മുടെ മുഖത്ത് നോക്കി പറഞ്ഞില്ലെങ്കിലും അന്ന് ആളുകള്‍ പലതും പറയും. പക്ഷേ പിന്നീട് അവര്‍ക്കുതന്നെ അതൊരു ശീലമായി. എത്ര നാളുകള്‍ക്കു മുമ്പാണ് അതെന്നോര്‍ക്കണം. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തമാശയും ചിരിയും തോന്നുന്നുണ്ട്. കാലം മാറിയെങ്കിലും നോട്ടത്തിനു കുറവൊന്നുമില്ല. ഇപ്പോഴും ഉഷ സ്‌കൂളിലെ പെണ്‍കുട്ടികള്‍ ഷോര്‍ട്സിട്ട് ഓടുമ്പോള്‍ കാഴ്ചക്കാരായിട്ട് എത്രയാളുകളാണു നോക്കി നില്‍ക്കാറുളളത്...! ഗ്രൗണ്ടില്‍ ഷോര്‍ട്സ് ഇടുന്നതുകൊണ്ടു നമുക്കൊന്നും തോന്നാറില്ല. ഞാനെപ്പോഴും പറയാറുളളതു നമ്മുടെ ഓട്ടത്തിനാണു സൗന്ദര്യം എന്നാണ്. മറ്റെന്തെങ്കിലും ധരിച്ചാല്‍ ഇത്ര സുഗമമായി ഓടാനാവില്ല. ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഓടുന്നവര്‍ വേറെന്ത് ശ്രദ്ധിക്കാനാണ്.' പി.ടി.ഉഷ പറയുന്നു.

മിനിസ്‌കര്‍ട്ടും മൂക്കുത്തിയുമണിഞ്ഞ് വലതുകൈയില്‍ റാക്കറ്റേന്തി കോര്‍ട്ടിലെത്തിയ സാനിയക്കെതിരേ മുസ്ലീം പെണ്‍കുട്ടി കൊച്ചുപാവാടയിട്ടോ??? എന്ന ചോദ്യത്തിലുയര്‍ന്ന വിമര്‍ശനങ്ങളെ ഓര്‍ക്കുന്നില്ലേ. 'ഞാന്‍ വിജയിക്കുന്നിടത്തോളം എന്റെ പാവാടയുടെ ഇറക്കം ആറിഞ്ചാണോ ആറടിയാണോ എന്നതിനെ കുറിച്ച് ആളുകള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന കിടിലന്‍ സ്മാഷിലൂടെയാണ് സാനിയ മറുപടി കൊടുത്തത്. അവളന്ന് മറ്റൊന്നുകൂടി പറഞ്ഞു. 'എനിക്ക് പത്തൊമ്പതുതികഞ്ഞു. എന്ത് ധരിക്കണം എന്നുളളത് വളരെ വ്യക്തിപരമായ കാര്യമാണ്. ഞാന്‍ ടിഷര്‍ട്ട് ധരിക്കുമ്പോഴെല്ലാം അടുത്ത മൂന്നുദിവസം അതിന്മേല്‍ ചര്‍ച്ച നടക്കുന്നത് എന്നെ സംഭ്രമിപ്പിക്കുന്നു.' വസ്ത്രധാരണത്തില്‍ നിന്ന് അവളുടെ കളിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്റെ പ്രകടനങ്ങളിലൂടെ അവള്‍ കാണികളെ നിര്‍ബന്ധിതരാക്കുക തന്നെ ചെയ്തു.

പണ്ട് കമന്റടി റോഡിലെ കലുങ്കില്‍ ഇരുന്നാണെങ്കില്‍ ഇന്നത് സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്സിലാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ സെലിബ്രിറ്റികള്‍ സോഷ്യല്‍മീഡിയയില്‍ ക്രൂരമായ ആക്രമണത്തിരയാകുന്നു. എന്തിന് സ്ത്രീയുടെ പ്രകോപനപരമായ വസ്ത്രധാരണമെന്ന പ്രയോഗം നീതി തേടിയെത്തിയ കോടതിയില്‍ നിന്നുപോലും ഉണ്ടാകുന്നു. സ്‌പോര്‍ട്‌സിലേക്കിറങ്ങുന്ന പെണ്‍കുട്ടി തകര്‍ക്കുന്ന മുളളുവേലികളിലൊന്ന് വസ്ത്രധാരണം തന്നെയാണ്. സ്ത്രീശരീരത്തിന്റെ അഴകളവുകളല്ല കരുത്താണവള്‍ ദ്യോതിപ്പിക്കുന്നത്.

എനര്‍ജി വഴിതിരിച്ചുവിടാം, വഴിതെറ്റലുകളില്‍ നിന്ന് തിരിച്ചുനടത്താം

പെണ്‍കുട്ടികളടക്കം ലഹരിയുടെ പിടിയിലായ കാലമാണ് കടന്നുപോകുന്നത്. ഈ അപഥസഞ്ചാരങ്ങളില്‍ നിന്ന് അവരെ വഴിതിരിച്ചുവിടാനും സ്‌പോര്‍ടിസിനോളം മികച്ചൊരുമാര്‍ഗമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. പഠിച്ചുമുന്നേറുക എന്നതിനപ്പുറത്തേക്ക് പ്രതീക്ഷകള്‍ നല്‍കാനും വിദ്യാഭ്യാസത്തിന് സാധിക്കണം. സ്‌പോര്‍ട്‌സ് പോലുളള എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ തന്നെയാണ് അതിനുളള മാര്‍ഗം. കായികമത്സരങ്ങളില്‍ ചെറിയപ്രായം മുതല്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിക്കണം. മുതിര്‍ന്നെന്നുപറഞ്ഞുളള മാറ്റിനിര്‍ത്തലുകളില്‍ നിന്ന് അവരെ ഒഴിവാക്കണം. എതിരാളിയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പഠിക്കുന്നവള്‍ തനിക്കെതിരായ നീക്കങ്ങളെ അത് ലൈംഗികചൂഷണമായാലും മാനസികമായുളള തളര്‍ത്തലായാലും പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും തയ്യാറാവും. ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ കരുത്തുനേടുന്നതോടെ, ഒതുങ്ങിമാറി നില്‍ക്കാതെ സ്വയം മുന്നോട്ടുവരും. പ്രതിസന്ധികളെ തരണം ചെയ്യാനുളള ആത്മധൈര്യവും ആത്മവിശ്വാസവും കൈവരും. ആരേയും ആശ്രയിക്കാതെ ജീവിക്കാനുളള കരുത്തുനേടുന്ന അവള്‍ തനിക്കുനേരെയുളള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളെ പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകും.

'മനഃക്കരുത്ത് മാത്രമല്ല ശാരീരികമായ കരുത്തും സ്പോര്‍ട്സിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതലാണ്. സമൂഹത്തോട് തുറന്നുപറയേണ്ട ചില കാര്യങ്ങള്‍ ഉണ്ടാകും. അതിന് അവര്‍ക്ക് ഭയമുണ്ടാകില്ല. എല്ലാദിവസങ്ങളും അവര്‍ മത്സരങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അതെല്ലാം അതിജീവിച്ച് വരുമ്പോള്‍ മറ്റുപ്രതിസന്ധികള്‍ അവര്‍ക്ക് നിസാരമായി തോന്നും. എളുപ്പത്തില്‍ അതെല്ലാം മറികടക്കാന്‍ സാധിക്കും എന്നുമാത്രമല്ല ലക്ഷ്യബോധം ഉണ്ടായിരിക്കും.' കായികാധ്യാപകനായ മനോജ് പറയുന്നു.

ആന്‍സി സോജന്‍

പരാജയമാണ് വിജയത്തിന്റെ വഴി- ആന്‍സി സോജന്‍ പി.(സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍, 2019 സ്‌കൂള്‍ മീറ്റ് ചാമ്പ്യന്‍)

എന്തു കാര്യവും ധൈര്യപൂര്‍വം ഏറ്റെടുക്കാന്‍ സ്പോര്‍ട്സിലെത്തുന്നതോടെ സാധിക്കും. കാരണം ഒരുപാട് കാര്യങ്ങള്‍ തരണം ചെയ്തുവേണം പെണ്‍കുട്ടികള്‍ മുന്നോട്ടുവരേണ്ടത്. വിമര്‍ശിക്കുന്നവര്‍ക്കുളള മറുപടി നമ്മുടെ പ്രവൃത്തിയിലൂടെയായിരിക്കണം. പെണ്‍കുട്ടി സ്പോര്‍ട്സിലെത്തുമ്പോള്‍ ആര്‍ത്തവം പോലുളള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. പക്ഷേ നമുക്കൊപ്പമുളളവര്‍ പ്രത്യേകിച്ച് കോച്ച് പിന്തുണ നല്‍കുന്ന ഒരാളാണെങ്കില്‍ അതെല്ലാം മറികടക്കാനാവും. എനിക്കിതുവരെ അതൊരുപ്രശ്നമായി വന്നിട്ടില്ല. പക്ഷേ എല്ലാവരും അങ്ങനെ ആകണമെന്നില്ല. അതുപോലെ പരാജയങ്ങളില്‍ മനസ്സുമടുക്കില്ല. പരാജയമാണ് വിജയത്തിന്റെ വഴി. തോറ്റാലേ ജയിക്കാന്‍ തോന്നൂ. എപ്പോഴും ജയിച്ചാല്‍ അതില്‍ എന്താ രസം. ഇടയ്ക്കൊന്നു തോല്‍ക്കണം. ഗ്രാഫ് പോലെയാണ് കയറിയിറങ്ങി കയറിയിറങ്ങി തന്നെയേ പോകൂ. ജീവിതത്തിലെ ഏത് സാഹചര്യത്തെ കൈകാര്യം ചെയ്യാനും അതിലൂടെ നാം പഠിക്കും.

കോവിഡ് മടിയരാക്കി

പെണ്‍കുട്ടികള്‍ വരാന്‍ മടിച്ചുനിന്ന കാലത്ത് നിന്ന് കായികരംഗത്ത് പെണ്‍കുട്ടികള്‍ സജീവമായിത്തുടങ്ങിയിരുന്നു. പക്ഷേ കോവിഡ് കുട്ടികളെ മടിയരാക്കി എന്നാണ് കായികാധ്യാപകനായ പി.ജി.മനോജ് പറയുന്നത്. കുട്ടികളെല്ലാം മൊബൈലിന് പിറകേയാണ്. മൊബൈല്‍ ഉപയോഗിക്കുന്നതിന് കുട്ടികളെ വഴക്കുപറയാനാവില്ല അവരുടെ പഠനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ കൂടിയേ തീരു. പക്ഷേ അതിനൊപ്പം ദുരുപയോഗവും വര്‍ധിക്കുന്നു. കോവിഡിന് ശേഷം ഒരുപാട് കുട്ടികള്‍ അധ്വാനിക്കാന്‍ വയ്യാത്ത അവസ്ഥയിലേക്ക് മടിയന്മാരായി മാറി.

പാഠ്യപദ്ധതിയില്‍ ഫിസിക്കല്‍ എജുക്കേഷനുളള പ്രധാന്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇവിടെയാണ്. തീരാത്ത പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതിനുളള സമയമാണ് സ്‌കൂളുകളില്‍ ഇപ്പോഴും ഫിസിക്കല്‍ ട്രെയിനിങ് എന്ന പി.ടി. പിരീഡ്. അതേസമയം, പരിശീലന ക്യാമ്പുകളില്‍നിന്നു പഠിക്കുന്ന ജീവിതപാഠങ്ങളുണ്ട്. ക്യാമ്പുകളിലെ മറ്റംഗങ്ങള്‍ പല തരം സംസ്‌കാരങ്ങളില്‍ നിന്നുളളവരായിരിക്കും. പലവിധ ആളുകളുമായി അവര്‍ ഇടപഴകുന്നു. എവിടെ എങ്ങനെ പെരുമാറണം, ഏതാണ് നല്ലത് ഏതാണ് മോശം എന്നവര്‍ മനസ്സിലാക്കുന്നു. ദൈനംദിനകാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകുന്നു.

'കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തില്‍ കായിക വിദ്യാഭ്യാസത്തെ കുറിച്ചു പറയുന്നുണ്ട്. അതു നടപ്പാക്കാന്‍ കേരളത്തിനു സാധിക്കുന്നില്ല. എത്ര സ്‌കൂളുകളില്‍ കായികാധ്യാപകരുണ്ട്? ആരോഗ്യത്തെക്കുറിച്ചു നാം ഇപ്പോഴും ബോധവന്മാരല്ല. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വളരെ ചെറുപ്പത്തിലേ കുട്ടികളെ അതിലേക്കു കൊണ്ടുവരണം. ഹയര്‍ സെക്കണ്ടറി തലത്തിലും അതുവേണം. കുട്ടികളില്‍ ഒരുപാട് എനര്‍ജിയുണ്ട്. പാഠഭാഗങ്ങള്‍ പഠിക്കുക എന്നതിനപ്പുറത്തേക്ക് അതു വിനിയോഗിക്കപ്പെടുന്നില്ല. കൗമാരം ഒരു ടേണിങ് പോയിന്റാണ്. അതുകൊണ്ടുതന്നെ അവരെ സ്പോര്‍ട്സിലേക്ക് വഴിതിരിച്ചു വിടുകയാണെങ്കില്‍ ലഹരി ഉള്‍പ്പടെയുളള വഴിതെറ്റലുകളിലേക്ക് അവര്‍ വീഴുന്നതു തടയാനാകും. പഠനം മാത്രം പോര, അവരുടെ ഊര്‍ജം നല്ല രീതിയിലുള്ള മാര്‍ഗങ്ങളിലേക്കു നയിക്കാന്‍ സാധിക്കണം.' ഫുട്‌ബോള്‍ കോച്ച് പി.വി. പ്രിയ പറയുന്നു.

പി.വി. പ്രിയ, ഫുട്‌ബോള്‍ കോച്ച്

മനക്കരുത്തിന്റെ ചിറകിലേറി അവളുയരട്ടേ

ജീവിതം മാത്രമല്ല, ജീവിതത്തോടുളള കാഴ്ചപ്പാടും സ്പോര്‍ട്സ് പുതുക്കിപ്പണിയുന്നുണ്ട്. കൊണ്ടും കൊടുത്തും വളരുന്ന കുട്ടിക്കാലവും കൂട്ടുകുടുംബവും ഇല്ലാതായതോടെ ഓരോ കുട്ടിയും ഓരോ തുരുത്താണ്. കൂട്ടുകാരുടെ നിര്‍ദോഷമായ കളിയാക്കലുകളോ പരീക്ഷയില്‍ മാര്‍ക്കു കുറയുന്നതോ ഉള്‍ക്കൊളളാനുളള മനക്കരുത്തില്ലാതെ പോകുന്നവരാണ് ഇന്നത്തെ തലമുറ. തിരുത്താന്‍ ശ്രമിക്കുന്ന അധ്യാപകനെതിരേ പോലും കുട്ടി തിരിഞ്ഞേക്കാം. അവരെ കരുത്തരാക്കാനും തീരുമാനങ്ങളെടുക്കുന്നതില്‍ പാകതവരുത്താനും മികച്ച പ്രതിവിധിയാണ് സ്‌പോര്‍ട്‌സ്. പ്രാഥമികമായി അവര്‍ കായികക്ഷമത നേടും. ശരീരം കരുത്തുറ്റതാകുന്നതോടെ മനസ്സിനും കരുത്തേറും. കായികമത്സരങ്ങളിലൂടെ ലഭിക്കുന്ന ഊര്‍ജ്ജപ്രവാഹം ആത്മവിശ്വാസം ഉയര്‍ത്തും.

'കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ശാരീരികമായും മാനസികമായും പെണ്‍കുട്ടികള്‍ ദൃഢതയുളളവരാകും. കായികാഭ്യാസത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ 'മെന്റലി ടഫാ'കുകയാണ്. പരീക്ഷകളിലെ ചെറിയ പരാജയങ്ങള്‍ക്കു മുന്നില്‍ അധീരരാവുന്ന കുട്ടികള്‍ പക്ഷെ, സ്പോര്‍ട്സിലെ ജയവും തോല്‍വിയും അറിഞ്ഞാണു വളരുന്നത്. ഒരിക്കല്‍ പരാജയപ്പെട്ടാല്‍ അടുത്തതില്‍ വിജയിക്കണം എന്ന ചിന്ത സ്വാഭാവികമായി തലച്ചോറിലേക്കു പോവുകയാണ്. എതിരാളി ശക്തനാണെങ്കില്‍ അതംഗീകരിക്കാന്‍ സ്പോര്‍ട്സിലെ കുട്ടികള്‍ തയ്യാറാണ്. അത്​ലറ്റിക്സ് പോലുളള വ്യക്തിഗത ഇനങ്ങള്‍ ചെയ്യുന്നവര്‍ മാനസികമായി കരുത്തരാകും. ഗ്രൂപ്പ് മത്സരങ്ങളില്‍ സഹകരിക്കാനും മറ്റുളളവരെ കൂടെനിര്‍ത്താനും അവര്‍ പഠിക്കും. സ്വന്തം കാര്യം മാത്രം എന്നതില്‍നിന്ന് മറ്റുളളവരുടെ പ്രശ്നങ്ങള്‍ അറിയാന്‍ ശ്രമിക്കും.' ' കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ കോച്ചായ പി.വി. പ്രിയ പറയുന്നു. സ്‌പോര്‍ട്‌സില്‍ ടീം ബിഹൈന്‍ഡ് ടീം എന്നൊരു വിഭാഗമുണ്ട്. മത്സരിക്കുന്ന ടീമിന് പിന്തുണ നല്‍കുന്നവരുടെ ടീം. അവര്‍ക്ക് ലഭിക്കുന്ന കോച്ചിങ്ങിലൂടെ ഗ്രൗണ്ടില്‍ തിളങ്ങുക മാത്രമല്ല മാനസികമായും അവര്‍ കരുത്തുനേടുന്നു.

പ്രീജ

തന്നെ സ്‌പോര്‍ട്‌സ് കരുത്തയാക്കിയതിനെ കുറിച്ച് പ്രീജ സംസാരിച്ച് തുടങ്ങിയത് ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ്. 'പ്ലസ് ടുവിനു പഠിക്കുന്ന സമയത്ത് ഒരു മത്സരത്തിനു ശേഷം പട്യാലയിലെത്തിയ എനിക്ക് ചിക്കന്‍പോക്സ് വന്നു. എനിക്ക് ഡല്‍ഹിയിലേക്ക് പോകണം. പക്ഷേ, ഹിന്ദിയും ഇംഗ്ലീഷും അറിയില്ല. എനിക്കൊപ്പമുളള ചില കുട്ടികള്‍ വന്ന് പട്യാലയില്‍നിന്ന് ഡല്‍ഹിയിലേക്ക് ബസ് കയറ്റിവിട്ടു. ബസ് പോകുന്ന വഴി കണ്ടാല്‍ തന്നെ പേടിയാകും. രാത്രി പന്ത്രണ്ടു മണിക്കാണ് ഡല്‍ഹി ബസ് സ്റ്റാന്‍ഡില്‍ ഞാനെത്തുന്നത്. ബസുകാരാണ് ഓട്ടോ വിളിച്ച് എന്നെ നെഹ്റു സ്റ്റേഡിയത്തിലേക്ക് കയറ്റിവിട്ടത്. ഇന്ന് അതോര്‍ക്കുമ്പോള്‍ ഭയമാണ്. അര്‍ധരാത്രി ഒരു ഓട്ടോയില്‍ മൂന്നുനാലു ബാഗും അസുഖവുമായി തനിച്ചുളള യാത്ര, അന്ന് മൊബൈല്‍ഫോണൊന്നുമില്ലല്ലോ. വളരെ ചെറിയ പ്രായത്തില്‍ കായിരംഗത്തെത്തിയ എന്നെ ധൈര്യമുളളവളാക്കിയത് സ്‌പോര്‍ട്‌സാണ്.'

സെറീന വില്യംസ്‌

'സ്‌പോര്‍ട്‌സ് അക്ഷരാര്‍ഥത്തില്‍ എന്റെ ജീവിതം മാറ്റിമറിച്ചു. ഞാനിവിടെയെത്തിയത് സ്‌പോര്‍ട്‌സ് കാരണമാണ്. അതെനിക്ക് ഒരുപാട് ആത്മവിശ്വാസവും ധൈര്യവും അച്ചടക്കവും തന്നു. ഇന്ന് കാണുന്ന നിലയിലേക്ക് എന്നെ വളര്‍ത്തിയത് സ്‌പോര്‍ട്‌സാണ്.' കാല്‍നൂറ്റാണ്ടോളം ടെന്നീസിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സെറീന വില്യംസ്‌ പറയുന്നു. ടെന്നീസില്‍ തന്റേതായ സാമ്രാജ്യം കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ കറുത്തവനിതയാണ് സെറീന. അവളുടെ ഓരോ നേട്ടവും കറുത്തവരുടെയും സ്ത്രീകളുടെയും കൂടി നേട്ടമായിരുന്നു. കാല്‍നൂറ്റാണ്ടോളം ജീവിതം സമര്‍പ്പിച്ച ടെന്നീസില്‍ നിന്ന് വിരമിക്കലിന് മറ്റൊരുതുടക്കമെന്നാണ് താന്‍ അര്‍ഥം കല്‍പിക്കുന്നതെന്നുപറഞ്ഞാണ് അവരിറങ്ങിയത്. ഒരുപക്ഷേ പുരുഷനായിരുന്നെങ്കില്‍ ഇങ്ങനെ ചിന്തിക്കേണ്ടിവരില്ലായിരുന്നെന്നും കൂട്ടത്തില്‍ അവര്‍ പറഞ്ഞുവെക്കുന്നുണ്ട്. കാരണം തുടക്കമെന്നതിലൂടെ അവരര്‍ഥമാക്കിയതില്‍ ഒന്ന് കുടുംബമാണ്, ഒരു ചേച്ചിയാകണമെന്ന മകളുടെ ആഗ്രഹമാണ്. സ്ത്രീയെന്ന നിലയിലുളള പോരാട്ടം അത്രമേല്‍ എളുപ്പമല്ലെന്ന് ഗ്രാന്‍ഡ്സ്ലാമുകളുടെ തോഴിയായ സെറീന പോലും പറയുന്നു..മുന്നിലുളള കടമ്പകള്‍ അത്രയേറെയാണ്, അത് മറികടക്കേണ്ടത് അനിവാര്യതയും.

കാലുകളില്‍ നിന്നും കാലുകളിലേക്ക് കൈമാറുന്ന കാല്‍പന്ത്.. ആക്രോശവും വിസിലടികളും അലയടിക്കുന്ന ആവേശത്തിന്റെ പരകോടിയില്‍ കാണികള്‍.. തന്ത്രപരമായ വണ്‍-ടൂ നീക്കത്തിനൊടുവില്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി അടുത്ത കിക്കിലതാ കാല്‍പന്ത് വലകുലുക്കുന്നു!! ഇതുവായിക്കുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ കണ്ട ദൃശ്യത്തില്‍ കാല്‍പന്തിനെ തൊടുത്തുവിട്ട കാലുകള്‍ ഒരു പുരുഷന്റേതായിരുന്നില്ലേ...? ഉത്തരം വ്യക്തമാണ്. മാറ്റം വേണ്ടത് അവിടംമുതല്‍ തന്നെ..


(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: benefits of sports for girls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented