രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍ റഹ്മാന് പറഞ്ഞ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് ആ രാജ്യം മുന്നോട്ടുപോകുന്നത്. 'ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്നിരിക്കുന്നു, ഇനി പോകൂ... അത് സംരക്ഷിക്കൂ' എന്ന വാക്കുകളെ...
ഒരു രാജ്യത്തിന്റെ ജീവിതത്തില്‍ ഒരുപക്ഷേ, ആദ്യത്തെ അമ്പതുവര്‍ഷങ്ങള്‍ കൗമാരകാലമെന്നനിലയില്‍ അടയാളപ്പെടുത്തുന്നതാണ്. ബുദ്ധിമുട്ടേറിയ ബാല്യപര്‍വം കടന്നുകയറാന്‍ ബംഗ്ലാദേശിന് വഴികാട്ടിയായെന്നതില് ഇന്ത്യക്ക് അഭിമാനിക്കാം. നിരുത്തരവാദിയായ, പാകമെത്തുംമുമ്പേ മൂത്ത ഒരു കുഞ്ഞിന്റെ രക്ഷാകര്‍ത്തൃത്വം അത്രയെളുപ്പമുള്ള കാര്യമല്ല. സ്വന്തം പാത കണ്ടെത്താനുള്ള യാത്രയില്‍ ബംഗ്ലാദേശ് നിര്‍ബന്ധബുദ്ധിയും ദുര്‍വാശിയും ധിക്കാരവുമുള്ള ജനതയായി മാറിയേക്കുമായിരുന്നു. എന്നാല്‍, എല്ലാ വാശിക്കും വഴങ്ങിക്കൊടുക്കുന്ന രക്ഷാകര്ത്താവായിരുന്നില്ല ബംഗ്ലാദേശിന് ഇന്ത്യ. ആഴത്തിലുള്ള സാംസ്കാരികവും വംശീയവുമായ സ്വത്വവും ചരിത്രവും ഇഴചേര്‍ന്ന സങ്കീര്‍ണമായ ബന്ധമാണത്.
സമീപദശാബ്ദങ്ങളില്‍, ബംഗ്ലാദേശില്‍ ഉയര്‍ന്നുവരുന്ന സ്വേച്ഛാധിപത്യപ്രവണതയ്ക്ക് മൗനാനുവാദം നല്‍കിക്കൊണ്ടുള്ള പരീക്ഷണാത്മക സമീപനമാണ് ഇന്ത്യ അനുവര്‍ത്തിക്കുന്നത്. മൂല്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്കാതിരിക്കുകയെന്നത് അടിസ്ഥാനപരമായി അന്താരാഷ്ട്രബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ശരിയായ മാനദണ്ഡമാണ്. ആ തന്ത്രം ഇവിടെ ഫലിക്കുകയും ചെയ്തു.
ഇന്ത്യയുടെ മൗനം, ഹസീനയുടെ നേട്ടം
ശൈഖ് ഹസീനയുടെ ആഭ്യന്തരരാഷ്ട്രീയം ഗുണംകൊയ്തത് അവരുടെ സ്വേച്ഛാധിപത്യത്തിന് ഇന്ത്യ നല്കിയ നിശ്ശബ്ദ പ്രോത്സാഹനത്തില്‍നിന്നാണ്. പകരം ഇന്ത്യക്ക് താത്പര്യമുള്ള ചില പ്രധാന മേഖലകളില്‍ ഹസീന സഹകരണത്തിന് തയ്യാറായി. ഈ നയപരമായ നീക്കം ഇരുഭാഗത്തിനും യോജിക്കുകയുംചെയ്തു. ഹസീനയുടെ സഹായമില്ലെങ്കില് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ അസ്ഥിരത വര്‍ധിക്കുമായിരുന്നുവെന്ന കാര്യം തുറന്നുസമ്മതിക്കണം. അതിര്‍ത്തിത്തര്‍ക്കം ഉദാരമായി പരിഹരിച്ച് ഇന്ത്യ ഇതിന് നന്ദികാട്ടുകയും ചെയ്തു.
മേഖലയിലെ സമാധാനവും സുരക്ഷയും സ്ഥിരതയും ബന്ധിപ്പിക്കുന്ന പ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാകാത്ത പങ്കാളിയാണ് ബംഗ്ലാദേശ്. അവരുടെ സഹകരണത്തില്‍ വടക്കുകിഴക്കന്‍ മേഖലയെ ഏകോപിപ്പിച്ച് മെച്ചപ്പെട്ട സമ്പര്‍ക്കം സാധ്യമാക്കാന്‍ ഇന്ത്യക്കാകും.
അന്തരിച്ച വിഖ്യാത ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞന് ആന്‍ഗസ് മാഡിസണിന്റെ അഭിപ്രായത്തില്‍ 18-ാം നൂറ്റാണ്ടിലെ ആഗോളവ്യാപാരത്തിന്റെ 50 ശതമാനവും കൈയാളിയിരുന്നത് ഇന്ത്യയും ചൈനയുമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍, ലോകത്തെ ഏറ്റവും ചലനാത്മകമായ വിപണിയിലേക്ക് ബംഗ്ലാദേശ് ഒരു പാലമായി വര്‍ത്തിക്കുന്നുവെന്ന നിര്‍ണായകമായ വസ്തുത ഇന്ത്യന്‍ ബോധത്തില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല. അതിനൊരുപക്ഷേ, ഇന്ത്യയുടെ ചിന്താഗതിക്ക് മാതൃകാപരമായ പരിവര്‍ത്തനമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നേക്കാം. ഇഷ്ടമായാലും ഇല്ലെങ്കിലും ലോകത്തിന്റെ ഭാവി ബന്ധപ്പെട്ടിരിക്കുന്നത് ചൈനയോ ഇന്ത്യയോ എന്നതിലല്ല. മറിച്ച് ഇന്ത്യയും ചൈനയും എന്ന കാഴ്ചപ്പാടിലാണ്.
ഭാവിയെ അറിഞ്ഞ് ബംഗ്ലാദേശ്
ഒരുപക്ഷേ, ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തില്‍ വ്യതിചലനം വന്നിട്ടുണ്ടെങ്കില്‍ അതിന് കൃത്യമായ കാരണം, അസൂയാവഹമായ ബൗദ്ധികസമ്പത്തുള്ള ആ ചെറിയ ദക്ഷിണേഷ്യന്‍ അയല്‍രാജ്യം തങ്ങളെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കുകയും വ്യാപാരത്തിനും നിക്ഷേപത്തിനുമായുള്ള പോരാട്ടത്തില്‍ ഇന്ത്യയെ മറികടക്കുകയും ചെയ്തിരിക്കുന്നു എന്നതിനാലാണ്. ഇത് ബംഗ്ലാദേശിനെ സാമ്പത്തികപങ്കാളികളുടെ നിരയിലേക്ക് കൊണ്ടുപോകുന്നു. ഫലത്തില്‍ നേട്ടം ബംഗ്ലാദേശിന്റേതു മാത്രമായി ചുരുങ്ങുന്നു.
ബംഗ്ലാദേശിലെ ചൈനയുടെ സാമ്പത്തികതാത്പര്യങ്ങളെ ഡല്‍ഹിയുടെ ഭൂരാഷ്ട്രനയങ്ങളുമായി കൂട്ടിക്കെട്ടിയതോടെ നാം സത്യത്തില്‍ പരാജയപ്പെട്ടു. കോളനിവത്കരണവും ചേരിചേരാ നയവും നല്കിയ അനുഭവങ്ങള്‍ ഇരുരാജ്യങ്ങള്ക്കുമുണ്ടെങ്കിലും തത്ത്വാധിഷ്ഠിതമായ ലോകവീക്ഷണമുണ്ടാക്കിയെടുക്കാന് നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറയുന്നതുപോലെ ആഗോളതലത്തിലുള്ള വൈരുധ്യങ്ങള്‍ സൃഷ്ടിക്കുന്ന അവസരങ്ങള്‍ തിരിച്ചറിഞ്ഞും അതിനെ ഉപയോഗപ്പെടുത്തിയും അന്താരാഷ്ട്രബന്ധങ്ങളില്നിന്ന് പരമാവധി നേട്ടംകൊയ്യുക എന്ന ദേശീയനയമാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍, വികസനത്തിന് കൂടുതല്‍ ഇടം നല്‍കുകയും അതുമായി പൊരുത്തപ്പെടുകയുമാണ് ബംഗ്ലാദേശ് ചെയ്യുന്നത്. അവരുടെ ദേശീയ അജന്‍ഡയുടെ പ്രധാന പരിഗണനതന്നെ അതാണ്.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കെതിരേയുള്ള ഇന്ത്യയുടെ പ്രചാരണങ്ങള്‍ ബംഗ്ലാദേശില്‍ പരാജയപ്പെട്ടുപോയിരുന്നു. അടിമുടി പക്വതയെത്തിയ ബംഗ്ലാദേശില്‍, ധാക്കയെ രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ വിവിധ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പദ്മ പാലമെന്ന സ്വപ്നപദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. ചൈന റെയില്‍വേ മേജര്‍ എന്‍ജിനിയറിങ് ഗ്രൂപ്പ് കമ്പനി നിര്‍മിക്കുന്ന, ബംഗ്ലാദേശ് ചരിത്രത്തിലെതന്നെ ഏറ്റവും വലുതും വെല്ലുവിളി നിറഞ്ഞതുമായ പദ്മ പാലം അടുത്ത ജൂണില്‍ ശൈഖ് ഹസീന ഉദ്ഘാടനംചെയ്യും. ഇന്ത്യ താഴേക്കുപോകുംതോറും, ബംഗ്ലാദേശ് സ്വന്തം പാത കണ്ടെത്തുകയും മെച്ചപ്പെടുന്ന വികസനസൂചികകളിലൂടെ ദക്ഷിണേഷ്യയില്‍ ഏറ്റവും പുരോഗമിക്കുന്ന രാജ്യമെന്ന നിലയിലേക്ക് മുന്നേറുകയും ചെയ്യുന്നു. ആ രാജ്യത്തെ പതിനാറരക്കോടി ജനങ്ങള്‍ക്ക് അഭിമാനമുണ്ടാക്കുന്ന കാര്യമാണിത്. 1971 മാര്‍ച്ച് 25-ന് രാത്രി അറസ്റ്റിലാകുന്നതിന് ഏതാനും മണിക്കൂറുകള്ക്കുമുന്പ് തങ്ങളുടെ രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍ റഹ്മാന് പറഞ്ഞ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് ആ രാജ്യം മുന്നോട്ടുപോകുന്നത്. ''ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്നിരിക്കുന്നു, ഇനി പോകൂ... അത് സംരക്ഷിക്കൂ'' എന്ന വാക്കുകളെ.
മുന്നയതന്ത്രജ്ഞനാണ് ലേഖകന്‍
Content Highlights: Liberation of Bangladesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..