.
പാകിസ്താനുമായുള്ള നീണ്ട സംഘര്‍ഷം. യുദ്ധത്തിന്റെ കെടുതികള്‍. അഭയാര്‍ഥികള്‍. പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ കോളനിയായിരുന്ന ബംഗ്ലാദേശ് 1971 ല്‍ പിറന്നു വീണത് കൊടുംദാരിദ്ര്യത്തിലേക്കായിരുന്നു. അതിനുശേഷം 15 വര്‍ഷത്തെ പട്ടാളഭരണം. രാജ്യത്തെ 80 ശതമാനം ജനങ്ങളും അന്ന് പട്ടിണിയിലായിരുന്നു. രൂക്ഷമായ ഭക്ഷ്യക്ഷാമം. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് കുട്ടികളുടെ മരണം. ആരോഗ്യ, വിദ്യാഭ്യാസ രംഗം തീര്‍ത്തും തകര്‍ന്ന നിലയില്‍. പറയത്തക്ക നല്ല വിശേഷങ്ങളൊന്നും കുറേക്കാലത്തേക്ക് അവിടെ നിന്ന് ആരും കേട്ടിരുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് അവര്‍ വെറും 'ബാസ്കറ്റ് കേസായിരുന്നു'. ഇന്ന് രാജ്യം സുവര്‍ണജൂബിലി പിന്നിടുമ്പോള്‍ ബംഗ്ലാദേശ് പഴയ ബംഗ്ലാദേശ് അല്ല. ബംഗ്ലാദേശികള്‍ പഴയ ബംഗ്ലാദേശികളുമല്ല.
പ്രതികൂല കാലാവസ്ഥയോടും വെല്ലുവിളികളോടും മല്ലടിച്ച ജനത. രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ തണല്‍. അഴിമതിയുടെ കറകളേറെയുണ്ടെങ്കിലും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന വിമര്‍ശം നിലനില്‍ക്കുമ്പോഴും ബംഗ്ലാദേശ് കൈവരിച്ച പുരോഗതി കണ്ണുതുറപ്പിക്കുന്നതാണ്. ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ മാതൃകയായി മാറിയ 16 കോടി മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു രാജ്യത്തിന്റെ ചരിത്രം. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ രാജ്യം അതുപോലെ ജനസംഖ്യ വളരെക്കുറവ് എന്നീ വസ്തുതകളും ഇതോടൊപ്പം പരിഗണിച്ചുവേണം വളര്‍ച്ചയെ വിലയിരുത്താന്‍.

ബംഗ്ലാദേശ് രാജ്യമായി മാറിയപ്പോള്‍ 98 ശതമാനം വിദേശ സഹായത്തിലാണ് അഭയം തേടിയത്. അത്രയും ഗതികെട്ട അവസ്ഥയില്‍ നിന്ന് ഇന്നവര്‍ വാങ്ങുന്ന വിദേശ സഹായം കേവലം മൂന്ന് ശതമാനത്തിന് താഴെ മാത്രമാണെന്ന് അറിയുമ്പോള്‍ ആ വളര്‍ച്ചയുടെ വ്യാപ്തി മനസ്സിലാവും. സ്വയംപര്യാപ്തതയിലേക്കുള്ള കുതിപ്പ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്നാണ് ലോകബാങ്കും ബംഗ്ലാദേശിനെ വിശേഷിപ്പിക്കുന്നത്. മാറ്റത്തിന്റെയും വികസന കുതിപ്പിന്റെയും പറുദീസയാണ് ഇന്ന് ആ രാജ്യം.
98 ശതമാനം കുട്ടികളും ഇന്ന് പ്രൈമറി വിദ്യാഭ്യാസം നേടുന്നു. സെക്കന്‍ഡറി സ്കൂളുകളില്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നു. 1974 ലില്‍ കൊടിയ പട്ടിണിയിലായിരുന്നെങ്കില്‍ ഇന്ന് ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. 2009 ന് ശേഷം ആളോഹരി വരുമാനം നാലിരട്ടിയായി വര്‍ധിച്ചു. അതിദരിദ്രരുടെ നിരക്ക് ഗണ്യമായി കുറഞ്ഞു. അവികസിത രാജ്യത്തില്‍ നിന്ന് 2026 ലോടെ വികസ്വര രാജ്യങ്ങളുടെ ഗണത്തിലേക്ക് ബംഗ്ലാദേശ് കടക്കാനുള്ള ഒരുക്കത്തിലാണ് യു.എന്‍ മാനദണ്ഡമനുസരിച്ച് ഇപ്പോഴത്തെ രീതിയില്‍ വളര്‍ച്ച തുടര്‍ന്നും കൈവരിക്കാനായാല്‍ 2041 ഓടെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശ് ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല. കോവിഡിന് മുമ്പ് വളര്‍ച്ചാനിരക്ക് ഏഴു ശതമാനത്തിന് മുകളിലായിരുന്നു. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാര്‍ഷിക വളര്‍ച്ച സ്ഥായിയായി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഒന്നല്ല തുടര്‍ച്ചയായി നാല് വര്‍ഷം ഇന്ത്യ, ചൈന, പാകിസ്താന് എന്നീ അയല്‍രാജ്യങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ച്ചാനിരക്ക് കൈവരിച്ചു.
കോവിഡിന്റെ പിടിയില്‍ വളര്‍ച്ചാനിരക്ക് ഇടിഞ്ഞെങ്കിലും ഈ വര്‍ഷം വീണ്ടും ഏഴ് ശതമാനത്തിലേക്ക് തിരിച്ചെത്തി. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളേയും മറികടക്കാന്‍ ആ ജനത പരിശീലിച്ചു. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കി. ജനങ്ങള്‍ ആ സന്ദേശം പോസിറ്റീവായി ഏറ്റെടുത്തു. ഇത്ര കുട്ടികള്‍ എന്ന നിബന്ധനയോ നിയമമോ ഇല്ലാതെ തന്നെ പ്രത്യുത്പാദന നിരക്ക് 7 ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ശിശുമരണനിരക്കും ഗണ്യമായി കുറച്ചുകൊണ്ടുവരാനായി. അരിയുടെ കാര്യത്തില്‍ ലോകത്ത് ഉത്പാദനത്തില്‍ ഇന്ന് ബംഗ്ലാദേശിന് നാലാം സ്ഥാനമാണ്. പച്ചക്കറികളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം. മത്സ്യത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനം. രാജ്യം പിറന്നകാലത്ത് 6 ബില്യണ്‍ ഡോളറായിരുന്നു ജിഡിപിയെങ്കില്‍ ഇന്നത് 450 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി. 2030 ഓടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 2030 ഓടെ ലോകത്തെ 28 ാമത്ത വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് വിലയിരുത്തല്‍. ബംഗ്ലാദേശിന്റെ വിദേശ നാണ്യശേഖരം 5000 കോടി ഡോളറിനടുത്തെത്തി. 2010 ല്‍ ഇത് 900 കോടി മാത്രമായിരുന്നു.

രാജ്യം പിറക്കുമ്പോള്‍ ദുര്‍ബലമായ ഒരു കാര്‍ഷിക സമ്പദ് രംഗമായിരുന്നു. ഇപ്പോള്‍ ജിഡിപിയിലേക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്നത് വ്യവസായ, സേവന മേഖലകളാണ്. കാര്‍ഷിക രംഗത്തിന്റെ സംഭാവന 13 ശതമാനം മാത്രമാണ്. മധ്യപൂര്‍വ ദേശങ്ങളിലേക്കും സിംഗപ്പൂര്‍ മലേഷ്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. ഈ വര്‍ഷം രാജ്യം കണക്കുകൂട്ടുന്ന ലക്ഷ്യം 5100 കോടി ഡോളറിന്റെ കയറ്റുമതിയാണ്. വിദേശങ്ങളില്‍ തൊഴില്‍തേടി പോയ ബംഗ്ലാദേശികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2470 കോടി ഡോളറാണ് രാജ്യത്തേക്ക് ഒഴുക്കിയത്. ആളോഹരി വരുമാനം കൂടി. ഇന്ത്യയെ വരെ ആളോഹരി വരുമാനത്തില്‍ അവര്‍ പിന്തള്ളി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ പക്ഷേ മുന്നിലെത്തി. 38 ഡോളറാണ് വ്യത്യാസം. എന്നാല്‍ അടുത്ത ആറ് വര്‍ഷവും ആളോഹരി വരുമാനത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലായിരിക്കും ബംഗ്ലാദേശ് എന്നാണ് ഐഎംഎഫിന്റെ അനുമാനം. പക്ഷേ സമ്പന്നരും പാവങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. മറ്റൊരു വെല്ലുവിളി വികസനം പ്രധാനമായും ധാക്കയേയും ചിറ്റഗോങ്ങിലുമായി പരിമിതപ്പെടുന്നു എന്നതാണ് ഇത് നഗര-ഗ്രാമ വേര്‍തിരിവ് വര്‍ധിക്കാന്‍ കാരണമാകുകയും നഗരങ്ങളില്‍ ദാരിദ്ര്യം കൂടാനും ഇടയാക്കി.
1971 കാലത്ത് കിഴക്കന്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് അന്നുണ്ടായ അയാര്‍ഥികളുടെ ഒഴുക്ക് ആധുനിക ലോകം ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമായിരുന്നു. ബംഗാളിലും ത്രിപുരയിലും മേഘാലയിലും അസമിലുമായി ആയിരങ്ങളാണ് എത്തിയത്. ഔദ്യോഗികമായി രണ്ട് ലക്ഷത്തോളം പേര് ഇന്ത്യയില്‍ വസിക്കുന്നതായാണ് കണക്ക്. റൊഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക് ഇന്ത്യയും ബംഗ്ലാദേശും ഒരു കണ്ടു. ആറ് ലക്ഷത്തോളം അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ ക്യാമ്പുകളില്‍ കഴിയുന്നതായാണ് കണക്ക്. വളര്‍ച്ചയുടേയും പുരോഗതിയുടേയും കണക്ക് ഒരു വശത്ത് കീര്‍ത്തിയായി പ്രതിഛായ സൃഷ്ടിക്കുമ്പോഴും മറുവശത്ത് ഇപ്പോഴും തൊഴില്‍തേടി ബംഗ്ലാദേശികള്‍ മറ്റ് രാജ്യങ്ങളിലേക്ക ഒഴുകുന്നു എന്ന വസ്തുതയും നിലനില്ക്കുന്നു

എന്‍ജിഒകളുടെ കൈത്താങ്ങ്
ബംഗ്ലാദേശിന്റെ പുരോഗതിയില്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പോലെ തന്നെ എന്‍ജിഒകള്‍ക്കുള്ള പങ്കും എടുത്തുപറയേണ്ടതാണ്. പാവങ്ങള്‍ക്ക് ഈടില്ലാതെ തന്നെ ചെറുകിട വായ്പകള്‍ നല്കി ഒരു സമൂഹത്തെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച കഥയാണ് ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കിനും മുഹമ്മദ് യൂനുസിനുമുള്ളത്. അവര്‍ നല്കിയ സേവനം കണക്കിലെടുത്ത് 2006 ല്‍ ഗ്രാമീണ്‍ ബാങ്കിനും മുഹമ്മദ് യൂനുസിനും സംയുക്തമായി സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചു. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ ശേഷിയുള്ള പണയവസ്തുക്കളോ ഇല്ലാത്ത വലിയൊരു സമൂഹത്തിന് ഇത് നല്കിയ കൈത്താങ്ങ് ചെറുതല്ല. കൊള്ളപ്പലിശക്കാരുടെ കൈയിലെ പണയവസ്തുവായി ജീവിതം നരകിച്ചവര്‍ക്ക് അത് വലിയ ആശ്വാസമായി. 27 അമേരിക്കന്‍ ഡോളറിന് തുല്യമായ തുകയാണ് യൂനുസ് ആദ്യ ഘട്ടത്തില്‍ ദരിദ്രരായ സ്ത്രീകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കിയത്
രക്ഷിച്ചത് വസ്ത്രനിര്‍മാണ മേഖല
വസ്ത്ര നിര്‍മ്മാണം എന്ന ഒരൊറ്റ വ്യവസായത്തിലൂടെ ബംഗ്ലാദേശ് രക്ഷപ്പെടുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. 45 ലക്ഷം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്രകയറ്റുമതി രാജ്യമായി. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇത് സ്ത്രീകള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കാനും സ്ത്രീ ശാക്തീകരണത്തിനും അതുവഴി സാമൂഹ്യ പുരോഗതിയുടെ പുതിയ മാതൃകയാകാനും ബംഗ്ലാദേശിന് കഴിഞ്ഞു. ഇന്ന് കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും ടെക്സ്റ്റൈല്‍ രംഗത്ത് നിന്നാണ്. ജിഡിപിയുടെ 11 ശതമാനം ഈ ഒറ്റ മേഖലയില്‍ നിന്ന് മാത്രമാണ്. വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളുടെ ഒരു സാമ്രാജ്യം തന്നെയാണുള്ളത്. തുടക്കത്തില്‍ 300 ഫാക്ടറികളുണ്ടായിരുന്നത്. ഇന്ന് 5000 ത്തിലധികം. തുടക്കത്തില്‍ കയറ്റുമതി മൂന്നു കോടി ഡോളറിന്റെ മാത്രമായിരുന്നു. ഇന്ന് 3000 കോടിയിലേറെ രൂപയുടെ കയറ്റുമതിയുണ്ട്. 2005 ന് ശേഷം ചെരുപ്പ് അനുബന്ധ ഉത്പന്നങ്ങളിലേക്കും അവര്‍ ശ്രദ്ധതിരിച്ചു. ഈ മേഖലയിലും വലിയ മുന്നേറ്റമുണ്ടായി. കയറ്റുമതിയിൽ ലക്ഷ്യമിട്ടതിലും മുന്നേറാന്‍ രാജ്യത്തിനായി. കോവിഡ് തിരിച്ചടിച്ചെങ്കിലും കോവിഡിന് ശേഷവും വളരെ വേഗം തിരിച്ചുവന്നു. കാര്‍ഷികം, വ്യവസായം സേവന മേഖല അതോടൊപ്പം റെഡിമെയ്ഡ് വസ്ത്രകയറ്റുമതിയിലൂടെ ലഭിക്കുന്ന കയറ്റുമതി വരുമാനമാണ് രാജ്യത്തിന്റെ പുരോഗതിയുടെ ആണിക്കല്ല്. 80 കളില്‍ ഇന്ത്യയെക്കാള്‍ അഞ്ച് വര്‍ഷം മുന്നെ പുതിയ വ്യവസായനയം അവതരിപ്പിച്ചു. ലൈസന്‍സ് രാജ് അവസാനിപ്പിച്ചു. 50 വര്‍ഷം മുമ്പ് വ്യവസായ മേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന കേവലം 13 ശതമാനമായിരുന്നെങ്കില്‍ ഇന്നത് 52 ശതമാനമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം നാലിരട്ടിയായി. പിന്നെ പ്രവാസികളുടെ പണം.
1984 ലെ ബംഗ്ലാദേശ് ആസൂത്രണ കമ്മീഷന്റെ ഗ്രാമീണ വികസനത്തിനായുള്ള പദ്ധതിരേഖയെ ആധാരമാക്കിയാണ് സര്‍ക്കാര്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ നിര്‍ണായക ചുവടുവച്ചത്. ടെലികോം രംഗത്തെ പരിഷ്കാരങ്ങള്‍. ഇന്ന് ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുണ്ട്. 2007 ല്‍ 3700 മെഗാവാട്ട് ഊര്‍ജോത്പാദനം 2019 ലേക്കെത്തുമ്പോള്‍ 13,000 മെഗാവാട്ടായി വര്‍ധിച്ചു.

ട്രാക്ക് മാറ്റി മരുന്നുനിര്മാണത്തിലേക്ക്
വസ്ത്ര നിര്‍മ്മാണമാണ് ഇന്നത്തെ ബംഗ്ലാദേശിനെ സൃഷ്ടിച്ചതെങ്കില്‍ അടുത്ത വളര്‍ച്ചയുടെ ഏടായി രാജ്യം ലക്ഷ്യമിടുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയാണ്. ടാബ്ലറ്റുകള്, കാപ്സ്യൂളുകള്‍, സിറപ്പുകള്‍, ഇന്‍സുലിന്‍, ഹോര്‍മോണുകള്‍, അര്‍ബുദത്തിനുള്ള മരുന്നുകള്‍. ആഭ്യന്തര ആവശ്യത്തിനുള്ള 97 ശതമാനം മരുന്നുകളും ഇന്ന് അവിടെ ഉത്പാദിപ്പിക്കുന്നു. ആഗോള വിപണിയിലേക്ക് പ്രത്യേകിച്ച് യൂറോപ്പിലേക്കുമായി 79 രാജ്യങ്ങളിലേക്കാണ് കയറ്റുമതി. ചൈന അടക്കമുള്ള രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. വസ്ത്ര നിര്‍മ്മാണം പോലെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗം കയറ്റുമതി വരുമാനം ഗണ്യമായ തോതില്‍ ഉയര്‍ത്താനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍കൊടുക്കുന്നത്. മെഡിസിന് പഠനത്തിന്റെ കേന്ദ്രമായും ബംഗ്ലാദേശ് മാറുന്നു.. ഇപ്പോഴത്തെ ഭൂട്ടാന് പ്രധാനമന്ത്രി വരെ ബംഗ്ലാദേശില്‍ മെഡിസിന് പഠിച്ചതാണ്. ദക്ഷിണേഷ്യയുടെ ഐ.ടി ഹബ്ബായി മാറാനുള്ള പരിശ്രമത്തിലുമാണ് രാജ്യം. ഓണ്‍ലൈന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളെ സംഭാവന ചെയ്യുന്നതില്‍ രണ്ടാം സ്ഥാനമാണ് ബംഗ്ലാദേശിന്. ഇന്ത്യയ്ക്ക് പോലും കോവിഡ് കാലത്ത് ആന്റിവൈറല്‍ മരുന്നുകളും പ്രതിരോധ സാമഗ്രികളും അടക്കം എത്തിച്ചു. പ്രതിസന്ധികാലത്ത് ശ്രീലങ്കയെ സഹായിച്ചു. വന്‍കിട പദ്ധതിയായ മറ്റര്ബാരി തുറമുഖം പൂര്‍ണമായി യാഥാര്‍ഥ്യമാകുന്നതോടെ ജിഡിപിയുടെ 3 ശതമാനം സംഭവാന ചെയ്യാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വികസനത്തിന്റെ പടിഞ്ഞാറന്‍ മാതൃക പിന്തുടരാതെ അതില്‍ നിന്ന് വേണ്ടത് മാത്രം എടുത്ത് സ്വന്തമായി ആശയങ്ങളും പദ്ധതികളുമായിട്ടാണ് വളര്‍ന്നത്. കുത്തിവെയ്പില്‍ മാതൃക. പല കറന്‍സികളുടെയും മൂല്യം കുറയുമ്പോള്‍ ബംഗ്ലാദേശ് ടാക്ക വലിയ പരിക്കില്ലാതെ നില്ക്കുന്നു.
ഷെയ്ഖ് ഹസീന യുഗം
ബംഗ്ലാദേശിന്റെ പുരോഗതിയില്‍ എടുത്തുപറയേണ്ട പേരാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേത്. രാഷ്ട്രീയ അസ്ഥിരതയില്‍ നിന്ന് രാജ്യത്തെ പ്രതിപക്ഷ ശബ്ദം പോലും അടിച്ചമര്‍ത്തി അവര്‍ അധികാരത്തില്‍ തുടരുന്നു. ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് ഖാലിദാസിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും അവാമി ലീഗിന്റെ ഷെയ്ഖ് ഹസീനയുമായിരുന്നു. വനിതാ മുന്നേറ്റത്തെക്കുറിച്ച് ലോകം ചര്‍ച്ചചെയ്യുമ്പോളും രണ്ട് വനിതകള്‍ മാറി മാറി രാജ്യം ഭരിച്ച കഥയാണ് ബംഗ്ലാദേശിനുള്ളത്. പട്ടാളഭരണത്തിന് ശേഷമുള്ള ബംഗ്ലാദേശ് രാഷ്ട്രീയം ഇവര്‍ക്ക് ചുറ്റുമായിരുന്നു. അതോടൊപ്പം ഇവര്‍ തമ്മിലുള്ള വൈര്യത്തിന്റെ കഥയുമുണ്ട്. ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോര്‍ബ്സിന്റെ പട്ടികയില്‍ വരെ ഇടംപിടിച്ചു ഖാലിദാസിയ. എന്നാല്‍ 2009 ല്‍ ഷെയ്ഖ് ഹസീന അധികാരം തിരിച്ചുപിടിച്ച ഹസീന പ്രതിപക്ഷത്തെ ശിഥിലമാക്കി. ഖാലിദാസിയയെ അടക്കം ജയിലിലടച്ചു. അഴിമതിക്കേസില്‍ 18 വര്‍ഷം ശിക്ഷിക്കപ്പെട്ട ഖാലിദാസിയ ഇന്നും വീട്ടുതടങ്കലിലാണ്. പ്രതിപക്ഷ ശബ്ദങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അഴര്‍ വരിഞ്ഞുമുറുക്കി. തിരഞ്ഞെടുപ്പ് പോലും അവര്‍ ഹൈജാക്ക് ചെയ്തുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അട്ടിമറി ആരോപിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലും ബഹിഷ്കരിച്ചു. 2009 മുതല്‍ അധികാരത്തില്‍ തുടരുന്ന ഷെയ്ഖ് ഹസീന തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച വനിതാ നേതാവ് കൂടിയാണ് ഷെയ്ഖ് ഹസീന

വെല്ലുവിളികള്‍ പ്രകൃതിദുരന്തങ്ങള്‍
മ്യാന്മറില് നിന്ന് റൊഹിങ്ക്യന്‍ മുസ്ലിങ്ങളുടെ അഭയാര്‍ഥി പ്രവാഹം. അഞ്ച് ലക്ഷത്തോളം പേര് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളില്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് രാജ്യം. 10 വര്‍ഷത്തിനിടെ 400 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി. കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധം. യുനസ്കോ ലോകപൈതൃക ഭൂപടത്തില്‍ ഉള്‍പ്പെടുന്നു ഈ ജൈവവൈവിധ്യം. ഇതൊക്കെയാണെങ്കില്‍ കടല്‍ ജലനിരപ്പ് ഉയരുന്നു ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം ഇതൊക്കെ പതിവാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പുതിയിലധികവും കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനം അനുഭവിക്കുന്നവരാണ്. 2050 ഓടെ ഇത് രൂക്ഷമാകുകയും ബംഗ്ലാദേശികളില്‍ ഏഴില്‍ ഒരാള്‍ക്കെങ്കിലും വാസസ്ഥാനം ഉപേക്ഷിച്ച് മാറിതാമസിക്കേണ്ടി വന്നേക്കാം. ചിന്തിക്കുന്നതിനപ്പുറമുള്ള നഗരവത്കരണവും ഇതിനോടകം നടന്നുവരുന്നു. സുരക്ഷിത സ്ഥാനത്തേക്കുള്ള കുടിയേറ്റത്തിന്റെ ഒഴുക്ക് ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. 50 സെന്റീമീറ്റര്‍ കടല്‍ജലനിരപ്പ് വര്‍ധിച്ചാല്‍ രാജ്യത്തിന്റെ 11 ശതമാനം ഭൂമി കടലെടുക്കും. ഓരോ വര്‍ഷവും നാല് ലക്ഷത്തോളം പേര് തലസ്ഥാനമായ ധാക്കയിലേക്ക് കുടിയേറുന്നുവെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. വെല്ലുവിളികളെ അതിജീവിക്കാന്‍ ശീലിച്ച ജനതയാണ് ബംഗ്ലാദേശികള്‍. നഷ്ടങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ അവസരങ്ങള്‍ സൃഷ്ടിക്കുകയും അത് ഉപയോഗിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്ന ശീലമുള്ളവര്‍. വനിതാ ശാക്തീകരണമാണ് ബംഗ്ലാദേശിന്റെ ജാതകം തിരുത്തിയെഴുതിയത്. അവരാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. ഈ പുരോഗതിയുടെ കൈയൊപ്പും അവരുടേതാണ്. 2040 ഓടെ രാജ്യം 75 വര്‍ഷം തികയ്ക്കുമ്പോള്‍ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം. അതിന് ബംഗ്ലാദേശിന് കഴിയുമോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..