ബാക്മൂതിലെ പൊളിഞ്ഞ വീടിന് മുന്നിലെ സ്ത്രീ-ഫോട്ടോ:ഗെറ്റി ഇമേജസ്
ബാക്മൂതിലെ രക്തം തളംകെട്ടിയ മണ്ണിനെ മഞ്ഞുകട്ടകള്‍ യുദ്ധത്തിന്റെ ബാക്കിപത്രമെന്നോണം ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ്. ഇതുവരെ സന്തോഷത്തോടെ ജീവിച്ചിരുന്ന വീടുകളില്‍ ഷെല്ലുകള്‍ തുളകളുണ്ടാക്കുമ്പോള്‍ കൈയിൽ കിട്ടിയതുമെടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോവുന്ന നാട്ടുകാരുടേത് സ്ഥിരം കാഴ്ചയായി. വൈദ്യുതിയുടേയും വെള്ളത്തിന്റേയും വിതരണം നിലച്ചിട്ട് ഏറെക്കാലമായി. വിദ്യാഭ്യാസവും ജോലിയും ഇല്ലാതെ ഇനിയെന്തെന്ന് പ്രതീക്ഷിക്കാന്‍ പോലും കഴിയാത്തവര്‍ ഉന്മാദരെ പോലെ ക്യാമ്പുകളില്‍ കഴിയുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഈ മാസം ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കുമ്പോള്‍ ബക്മൂത് നഗരത്തിലെ മാത്രം കാഴ്ചയാണിത്. ജനിച്ചയിടത്തെ ചേര്‍ത്തുപിടിച്ച് മരണഭയത്തിലും ഓടിപ്പോവാന്‍ മനസ്സില്ലാതെ മുറികള്‍ക്കുള്ളിലെ ഇരുട്ടില്‍ ഒതുങ്ങിക്കഴിയുന്ന കുട്ടികളടക്കമുള്ള കുറച്ചുപേര്‍ ഇപ്പോഴുമിവിടെയുണ്ടെങ്കിലും ഒരു യുദ്ധം ഒറ്റവര്‍ഷം കൊണ്ട് ജനങ്ങളെ എങ്ങനെ ചിതറിത്തെറിപ്പിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാവുന്നു ബക്മൂതിലെ സാഹചര്യങ്ങള്‍.
.jpg?$p=8a7b7b1&&q=0.8)
യുക്രെയ്നിൽ റഷ്യന്‍ അധിനിവേശം തുടങ്ങിയ അന്ന് മുതല്‍ പല നഗരങ്ങളും റഷ്യന്‍ സൈനികര്‍ക്ക് മുന്നില്‍ അടിയറ പറഞ്ഞപ്പോള്‍ ഏറ്റവും വലിയ രക്തരൂക്ഷിത അക്രമണമാണ് ബക്മൂതില്‍ നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധത്തിന് മുന്‍പ് 70,000 ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ ഇന്ന് ബാക്കിയുള്ളത് 20,000-ല്‍ താഴെയാണെങ്കിലും യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നെ നഗരം കൈപ്പിടിയിലൊതുക്കുമെന്ന് ഉറച്ച നിലപാടിലാണ് റഷ്യ. പിടിച്ച് നില്‍ക്കുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും ബക്മൂതിനായി അവസാനശ്വാസം വരെ പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിലെ ബക്മൂത് പോരാട്ടം ഇതിഹാസ പോരാട്ടമായി മാറുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടുന്നത്.
അമ്മ യൂലിയ, മുത്തച്ഛന്‍ വെലേറി, രണ്ട് വളര്‍ത്തു പൂച്ചകള്‍, മുഷ്‌ക എന്ന വളര്‍ത്തുപട്ടി എന്നിവര്‍ക്കൊപ്പമാണ് ഏഴു വയസ്സുകാരിയായ അന്ന ബക്മൂതില്‍ താമസം. ഭക്ഷണവുമായി താമസസ്ഥലത്ത് അവരെ തേടിയെത്തിയ സൈനികര്‍ പറയുന്നത് ഇങ്ങനെ: വൈദ്യുതിയില്ലാത്തതിനാല്‍ ഇരുട്ടിലായ മുറിയില്‍ അന്ന മാലാഖയെ പോലെ തിളങ്ങുന്നുണ്ടായിരുന്നു. വട്ടത്തിലുള്ള ചെറിയ കമ്മലുകള്‍ അവളുടെ മുഖത്തിന് കൂടുതല്‍ തിളക്കമേകി. സ്വര്‍ണനിറത്തിലുള്ള മുടി പുറകോട്ട് കെട്ടിവെച്ച് മുഷിഞ്ഞ പിങ്ക് കോട്ടുമിട്ട് അവള്‍ ഞങ്ങളുടെ മുന്നിലേക്ക് വന്നു. കളിപ്പാട്ടങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നിരത്തി. എന്നിട്ട് പറഞ്ഞു, ഒരു ജയിലിലെന്ന പോലെ എല്ലാ ദിവസവും മുറിക്കുള്ളിലാണ്. വളര്‍ത്തുപട്ടി മുഷ്‌കയുമായി പുറത്തുപോവണമെന്നുണ്ട്. പക്ഷേ, പേടിയാവുന്നു. എല്ലാവരും ഉണരുന്നതിന് മുന്നേ രാവിലെ മാത്രമാണ് ഞങ്ങള്‍ പുറംലോകം കാണുന്നത്, പിന്നെ ഭക്ഷണവുമായി നിങ്ങളെ പോലുള്ളവര്‍ തേടിയെത്തുമ്പോഴും.
അന്ന സൈനികരോട് തങ്ങളുടെ ദുരവസ്ഥ പറയുമ്പോള്‍ ഒന്നും മിണ്ടാതെ പേടിച്ച് അമ്മ യൂലിയ അടുത്തിരിപ്പുണ്ട്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന സുഹൃത്തുക്കളുടെ പേര് അന്ന ഒരു പുസ്തകത്തില്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതവള്‍ സൈനികരെ കാണിച്ചു. ചിലര്‍ പോളണ്ടില്‍ പോയി, ചിലര്‍ വെസ്റ്റേണ്‍ യുക്രെയ്നിലേക്ക് പലായനം ചെയ്തു. മറ്റ് ചിലര്‍ എവിടെയാണെന്ന് പോലും അറിയില്ല. അന്നയുടെ വാക്കുകളില്‍ സങ്കടം തളംകെട്ടി നില്‍ക്കുന്നു.
.jpg?$p=a80322e&&q=0.8)
ഭക്ഷണമുണ്ടാക്കാനുള്ള കുറച്ചു സാധനങ്ങള്‍ ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ടെങ്കിലും സൈനികര്‍ മിക്ക സമയത്തും സന്ദര്‍ശനം നടത്തും. കടത്ത തണുപ്പില്‍നിന്ന് രക്ഷനേടാന്‍ കത്തിച്ചുവെച്ച വിളക്കില്‍ കൈചേര്‍ത്ത് വെയ്ക്കുന്ന അന്നയ്ക്ക് പട്ടാളക്കാരാണ് ഒരു സ്ലീപ്പിങ് ബാഗ് വാങ്ങിച്ചുകൊടുത്തത്. ഇത് കിട്ടിയതോടെ അന്നയുടെ ചുണ്ടില്‍ നിറഞ്ഞ ചിരി. പിന്നെ അവരോട് കുറച്ച് സമയം ചെലവഴിച്ചു. സമയം പോക്കാനായി പേപ്പറില്‍ വരച്ച് കളര്‍ ചെയ്ത് ചുമരില്‍ ഒട്ടിച്ചുവെച്ച പക്ഷിയുടേയും അമ്പിളിമാമന്റേയും താറാവിന്റേയുമൊക്കെ ചിത്രങ്ങള്‍ അവള്‍ സൈനികര്‍ക്ക് കാട്ടിക്കൊടുത്തു. അന്നയെ പോലുള്ളവരുടെ ജീവിതം ഈ യുദ്ധമുണ്ടാക്കിവെച്ച ദുരന്തത്തിന്റെ ആഘാതം എത്രയാണെന്ന് വ്യക്തമാക്കുന്നതാണെന്ന് സൈനികര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തുകൊണ്ട് ബാക്മൂത്?
ബാക്മൂത് യുക്രെയ്നിന്റെ സ്വാധീനം കൈപ്പിടിയിലൊതുക്കാനുള്ള പ്രധാന പ്രവേശനകവാടമാണെന്നാണ് റഷ്യ വിലയിരുത്തുന്നത്. ബാക്മൂതിന്റെ നിയന്ത്രണം കിട്ടായാല്‍ ക്രമറ്റോര്‍സ്‌ക്ക്, സ്ലോവിയാന്‍സ്‌ക്ക് പോലുള്ള പ്രധാന നഗരങ്ങള്‍ കീഴടക്കുക എന്നത് റഷ്യയ്ക്ക് എളുപ്പമായിരിക്കും. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിക്കും അറിയാം. യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി ബാക്മൂത് റഷ്യന്‍ പിടിയാലാവുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ ലോകരാജ്യങ്ങളോട് വീണ്ടും സഹായം തേടുകയാണ് സെലന്‍സ്‌കി. കൊടുംതണുപ്പിലും ഇവിടെ ഇരുകൂട്ടരും പോരാട്ടം കടുപ്പിക്കാന്‍ കാരണവും ഇതാണ്. റഷ്യന്‍ ഭാഗത്ത് നിന്ന് ദിവസവും 500 പേരെങ്കിലും ഇവിടെ മരിച്ച് വീഴുന്നുണ്ട്.
മുന്‍നിരയില്‍ പുതിന്‍ ഷെഫ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യവ്ജിന്‍ പ്രിഗോസിനിന്റെ വാഗ്‌നര്‍ ഗ്രൂപ്പ്. പക്ഷെ പിന്‍വാങ്ങാതെ 24 മണിക്കൂറും യുദ്ധം ചെയ്യുകയെന്ന തരത്തിലേക്ക് വാഗ്നര്‍ ഗ്രൂപ്പ് തന്ത്രങ്ങള്‍ മാറ്റിയിരിക്കുന്നു. ഡോണട്സ്‌ക് മേഖല പുര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യം ബാക്മൂത് വീഴുന്നതോടെ തങ്ങള്‍ക്ക് നേടിയെടുക്കാനാവുമെന്നാണ് റഷ്യ കരുതുന്നത്. അത് എത്ര എളുപ്പമല്ല താനും. ഇതിനിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തിലധികം റഷ്യന്‍ സൈനികരാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് ബക്മൂതിലാണ്. സമാനമാണ് യുക്രെയ്ൻ ഭാഗത്തെ കണക്കും.
.jpg?$p=1990e2a&&q=0.8)
ബക്മൂത് നഷ്ടപ്പെടുക എന്നത് യുക്രെയ്നിനെ സംബന്ധിച്ചിടത്തോളും രാജ്യം തന്നെ നഷ്ടപ്പെടുന്നതിന് സമാനമാണ്. അതുകൊണ്ടു തന്നെ എന്ത് വിലകൊടുത്തും പിടിച്ചുനില്‍ക്കുമെന്നാണ് യുക്രെയ്ന്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധരംഗത്തെ ആള്‍നാശം സംബന്ധിച്ച് ഒരു വിവരവും യുക്രെയ്നും റഷ്യയും പുറത്തുവിടുന്നില്ലെങ്കിലും മനുഷ്യജീവനുകള്‍ ഇവിടെ ഞെരിഞ്ഞമര്‍ന്ന് തീരുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വളഞ്ഞിട്ടുള്ള പോരാട്ടം?
ട്രഞ്ചുകള്‍ തീര്‍ത്ത് റഷ്യന്‍ പട്ടാളം ഒളിഞ്ഞിരുന്ന് അക്രമണം നടത്തുമ്പോള്‍ അതിനെ കൃത്യമായി കണ്ടുപിടിച്ച് നാമാവശേഷമാക്കുന്നുണ്ട് യുക്രെയ്ന്‍ സൈന്യം. ഇതോടെ നേരിട്ട് കീഴടക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ റഷ്യ വളഞ്ഞിട്ട് കൈപ്പിടിയില്‍ ഒതുക്കുകയാണ്. ബാക്മൂതില്‍നിന്നു പുറത്തേക്കുള്ള മൂന്ന് ഹൈവേകളില്‍ രണ്ടെണ്ണത്തിന്റെ നിയന്ത്രണം ഇപ്പോള്‍തന്നെ റഷ്യ ഏറ്റെടുത്തിട്ടുണ്ട്. ഇനി ഒന്നുകൂടിയാണ് ബാക്കിയുള്ളത്. ഇത് കൂടി നിയന്ത്രണത്തിലാകുന്നതോടെ യുക്രൈന്‍ സൈന്യത്തിന് പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. ഓരോ വീടും നഗരവും കേന്ദ്രീകരിച്ച് തങ്ങള്‍ ബാക്മൂതിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. ഇവിടേയ്ക്ക് മാത്രമായി മുപ്പതിനായിരം പേരടങ്ങുന്ന സൈനിക സംഘത്തെ റഷ്യ വിനിയോഗിച്ച് കഴിഞ്ഞിരിക്കുന്നു. മുന്‍പന്തിയില്‍ മനുഷ്യമല പോലെ വാഗ്‌നര്‍ ഗ്രൂപ്പുമുണ്ട്. ജയിലില്‍നിന്നു റിക്രൂട്ട് ചെയ്യുപ്പെടുന്നവര്‍ എന്ന വിളിപ്പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള വാഗ്‌നര്‍ ഗ്രൂപ്പ് യുദ്ധമുഖത്ത് മനുഷ്യാവകാശ ലംഘനങ്ങളുടെ അങ്ങേയറ്റത്തെ കൂട്ടുപിടിച്ച് ആള്‍നാശമുണ്ടാക്കുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ നെട്ടോട്ടമോടുകയാണ് യുക്രെയ്ന്‍ സൈന്യം.
.jpg?$p=430c1f1&&q=0.8)
ബാക്മൂതില്‍ വരുംദിവസങ്ങളില്‍ ആക്രമണം കടുപ്പിക്കുമെന്ന വാഗ്നര്‍ ഗ്രൂപ്പ് ചീഫ് യെവ്ജനി പ്രിഗോസിനിന്റെ പ്രസ്താവനയില്‍ ആശങ്കയിലാണ് യുക്രെയ്ന്‍ സൈന്യവും സെലന്‍സ്‌കിയും. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേഷം തുടരുന്നതിന് മുന്നെ ഉപ്പുഖനന കേന്ദ്രമായിരുന്നു ബാക്മൂത്. ഒപ്പം ജിപ്‌സം ഖനനത്തിന്റെ കേന്ദ്രവും. മഞ്ഞുകാലം കഴിയുന്നതോടെ യുദ്ധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് റഷ്യ. കടുത്ത ആക്രമണത്തില്‍ മനംമടുത്ത് യുക്രൈന്‍ സൈനികരില്‍ പലരും യുദ്ധമുഖത്തുനിന്നു പിന്‍മാറുന്നതായും വിവരമുണ്ട്. ഇതോടെ പുതിയ യുദ്ധനിയമങ്ങളുണ്ടാക്കുകയും മുന്നറിയിപ്പില്ലാതെ യുദ്ധത്തില്‍നിന്ന് പിന്‍മാറുന്നവര്‍ക്ക് കടുത്ത ശിക്ഷയുറപ്പാക്കാനും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരണം ഭയക്കാത്ത വാഗ്നര്‍ സംഘം?
യുക്രെയ്നില്‍ പുതിന് വേണ്ടി യുദ്ധം ചെയ്യുന്നത് വാഗ്നര്‍ ഗ്രപ്പ് മേധാവി യെവ്ജനി പ്രിഗോസിനിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ കുറച്ചു മാസമായി യുദ്ധവിവരങ്ങളും നിര്‍ദേശങ്ങളും പുറത്തുവിടുന്നതും പുറപ്പെടുവിപ്പിക്കുന്നതും പ്രിഗോസിന്‍ ആണ്. റഷ്യന്‍ സൈനികര്‍ക്ക് പുറമെ 50000-ലധികം വരുന്ന വാഗ്നര്‍ ഗ്രൂപ്പും യുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരന്നതോടെയാണ് മറ്റൊരു ലോകമഹായുദ്ധത്തിന് സമാനമായ പോരാട്ടമായി റഷ്യ-യുക്രെയ്ന്‍ യുദ്ധം മാറുന്നത്. ഇവരുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി ബാക്മൂത് മാറിക്കഴിഞ്ഞു. ഫെബ്രുവരി 24-ന് യുദ്ധം ഒരു വര്‍ഷം പിന്നിടുന്നതിന് മുന്നെ ബാക്മൂത് പിടിച്ചെടുക്കുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. ശക്തമായി പ്രതിരോധിച്ച് യുക്രെയ്ന്‍ സൈന്യവുമുണ്ട്. എതിര്‍പക്ഷത്തെ പത്ത് പേരെ വധിക്കുമ്പോള്‍ മുപ്പത് പരെ നിമിഷങ്ങള്‍ക്കുള്ളില്‍ റീഫില്‍ ചെയ്താണ് റഷ്യ പോരാട്ടം കടുപ്പിക്കുന്നത്. ഇത് യുക്രെയ്ന്‍ സൈനികരുടെ മാനസികാരോഗ്യത്തേയും ബാധിക്കുന്നുണ്ട്.
.jpg?$p=79c0b37&&q=0.8)
നാനൂറോളം വാഗ്‌നര്‍ സൈനികരെയാണ് സെലന്‍സ്‌കിയെ കൊല്ലാന്‍ വേണ്ടി റഷ്യ യുക്രെയ്നിലേക്ക് അയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തോടൊപ്പം തന്നെ യുക്രെയ്നില്‍ പലയിടങ്ങളിലും കൂട്ടക്കുരുതികളുമായി വാഗ്‌നര്‍ സൈന്യവും ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലോകത്തിന്റെ പല രാജ്യങ്ങളിലും വാഗ്‌നര്‍ സൈനിക ചാരന്മാര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല
യു.എസ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യുക്രെയ്നിന് പുതിയ പ്രതിരോധ വാഹനങ്ങളും മറ്റ് ആയുധങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വരുന്ന മാസത്തോടെ ഇത് യുക്രെയ്നിലെത്തും. അങ്ങനെയാവുമ്പോള്‍ റഷ്യ പിടിച്ചെടുത്ത പല ഭാഗങ്ങളും യുക്രെയ്നിന് തിരിച്ചെടുക്കാനാവുമെന്നാണ് കരുതുന്നത്. അതിന് മുമ്പേ ബാക്മൂതിനെ വീഴ്ത്തുകയെന്നതാണ് പുതിനും പ്രിഗോസിനിനും ലക്ഷ്യമിടുന്നത്. പുതിയ വാഹനങ്ങളും ആയുധങ്ങളുമെത്തുമെത്തുമെങ്കിലും ഇതിന്റെ ഉപയോഗത്തിനായി യുക്രൈന്‍ സൈന്യത്തിന് പരിശീലനം നല്‍കേണ്ടതുണ്ട്. ഇതിനും സമയമെടുക്കും.
.jpg?$p=298ab5c&&q=0.8)
കേക്കിന് മുകളിലെ ചെറി?
വെറും ഉപ്പ് ഖനന പ്രദേശമെന്നാണ് ബാക്മൂത് അറിയപ്പെട്ടിരുന്നതെങ്കിലും കേക്കിന് മുകളിലെ ചെറിയെന്നാണ് കഴിഞ്ഞ ജനുവരിയില്‍ വാഗ്നര്‍ ഗ്രൂപ്പ് മേധാവി ബാക്മൂതിനെ വിശേഷിപ്പിച്ചത്. ഇത് വെറുതെ പറഞ്ഞതല്ല. ബാക്മൂതിന് അടിയില്‍ ഭൂഗര്‍ഭ നഗരമുണ്ടെന്നും ഭാവിയില്‍ ഇത് തങ്ങളുടെ യുദ്ധ ആവശ്യത്തിനായി ഉപയോഗിക്കാമെന്നുമാണ് പ്രിഗോസിന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ബാക്മുത് വീണാല്‍ അതിന്റെ മുഴുവന്‍ ക്രഡിറ്റും വാഗ്നര്‍ ഗ്രൂപ്പിന് ലഭിക്കുകയും അങ്ങനെ റഷ്യന്‍ സൈന്യത്തിന്റെ അവിഭാജ്യ ഘടകമായി വാഗ്നര്‍ ഗ്രൂപ്പ് മാറുകയും ചെയ്യും. മാത്രമല്ല, ജിപ്‌സം ഖനനത്തിനും ഉപ്പു ഖനനത്തിനും പേര് കേട്ട ബാക്മൂത് വീണാല്‍ അത് ഭാവിയില്‍ തന്റെ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കാമെന്നും പ്രിഗോസിന്‍ കണക്ക് കൂട്ടുന്നു. സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മിച്ച തുരങ്കങ്ങള്‍ പിന്നീട് ആയുധ ശേഖരണ കേന്ദ്രമായിട്ടാണ് യുക്രൈന്‍ ഉപയോഗിച്ചത്. ഈ ആയുധ കേന്ദ്രങ്ങളില്‍ വലിയ തോതില്‍ യുക്രൈന്‍ ആയുധങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുകയാണെന്നും പറയപ്പെടുന്നു. ഇതായിരിക്കാം യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോഴും എത്ര ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും റഷ്യയേയും-യുക്രൈനിനേയും യുദ്ധമുഖത്തുനിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കാത്തത്.
Content Highlights: Bakmut in ukraine tight fight ukraine and russia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..