ബാഗ്മതി ട്രെയിൻ ദുരന്തം
അമ്പതടിയോളം താഴ്ചയില്‍ കിടക്കുന്ന ബോഗികള്‍ വെട്ടിപ്പൊളിച്ച് ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ വാരിയെടുക്കുമ്പോള്‍ പലപ്പോഴും ചീഞ്ഞ മാംസം തുണ്ടുതുണ്ടായി കൈയില്‍ പറ്റുകയായിരുന്നു. മാനസികമായി ഇത്രമേല്‍ പിടിച്ചുലച്ചൊരു അനുഭവം അവരില്‍ പലര്‍ക്കും ആദ്യമായിരുന്നു. രക്ഷാപ്രവര്‍ത്തനം എന്നുപറയുമ്പോള്‍ പോലും 50-70 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന, മണ്ണുനിറഞ്ഞ ബോഗിക്കുള്ളില്‍നിന്ന് ജീവനോടെ ആരേയും രക്ഷപ്പെടുത്താനാവില്ലെന്ന് അവര്‍ക്കുറപ്പായിരുന്നു. ഒഴുകിപ്പോകുന്ന ശവങ്ങള്‍ പിടിച്ചെടുക്കാനായി അവര്‍ നദിയില്‍ വല വിരിച്ചു. നദിയില്‍നിന്ന് മുങ്ങിത്താണ ബോഗികള്‍ വലിച്ചുകയറ്റുക എന്നുളളത് പ്രയാസമേറിയതിനാല്‍ വെട്ടിപ്പൊളിച്ച് കഴിയാവുന്നത്ര മൃതദേഹങ്ങള്‍ പുറത്തെടുക്കാനായിരുന്നു ശ്രമം. ദിവസങ്ങള്‍ നീണ്ടുനിന്ന ശ്രമായിരുന്നു അത്. പലപ്പോഴും രാവിലെ നദിയില്‍ മൃതദേഹങ്ങള്‍ പൊങ്ങുമായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര വിശേഷിപ്പിച്ച ട്രെയിന്‍ അപകടമായിരുന്നു ബാഗ്മതി ട്രെയിന്‍ ദുരന്തം. 1981 ജൂൺ ആറിനായിരുന്നു സമസ്തിപുര്‍-ബസ്മഖി പാസഞ്ചർ ബാഗ്മതി നദിയിലേയ്ക്ക് മറിഞ്ഞ് നൂറുകണക്കിന് ആളുകൾ മരിച്ചത്. മരണസംഖ്യയിലെ അവ്യക്തത ഇന്നും തുടരുകയാണ്.
ഒമ്പതു ബോഗികളുളള സമസ്തിപുര്‍-ബസ്മഖി പാസഞ്ചറിന്റെ വാഹകശേഷി അഞ്ഞൂറു പേര്‍ എന്നതായിരുന്നു. ദുരന്തമുണ്ടായ ദിവസം ഈ ഏഴു ബോഗികളിലായി പക്ഷേ എത്ര യാത്രക്കാരാണ് ഉള്ളതെന്ന കൃത്യമായ വിവരം റെയില്‍വേക്കുണ്ടായിരുന്നില്ല.
നാലു വലിയ വിവാഹസംഘങ്ങളുള്‍പ്പടെ വാഹകശേഷിയേക്കാള്‍ കൂടുതലായിരുന്നു ട്രെയിനിലെ യാത്രക്കാര്‍. ഒമ്പതില്‍ ഏഴിലും യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇതിനുപുറമേ ട്രെയിനിന് മുകളിലും യാത്രക്കാര്‍ കയറിയിരുന്നു. ട്രെയിനില്‍ എത്ര പേരുണ്ടെന്നറിയാത്തതിനാല്‍ തന്നെ എത്രപേര്‍ മരണപ്പെട്ടു എന്ന കൃത്യമായ കണക്ക് ഇന്നും ദുരൂഹം തന്നെയാണ്.
പുഴയില്‍ വീണുപോയ ബോഗികള്‍ പുറത്തെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ 246 പേര്‍ മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുഴയില്‍ വീണത് 320 പേരായിരിക്കുമെന്നും ആ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ 88 പേരെ രക്ഷിക്കാനായി സാധിച്ചു. മൃതദേഹങ്ങളില്‍ പലതും ബാഗ്മതി തീരത്തുതന്നെയായിരുന്നു സംസ്‌കരിച്ചത്.
.jpg?$p=c402f0e&&q=0.8)
ബാഗ്മതിയിലേക്ക് ട്രെയിന്‍ മറിയുന്നത്
പാലം തകര്‍ന്നാണ് അപകടമുണ്ടായതെന്നായിരുന്നു മാധ്യമങ്ങളില്‍ ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയ,ല്ല മണ്‍സൂണ്‍ കാലമായിരുന്നല്ലോ, കൊടുങ്കാറ്റോടു കൂടിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടമാണ് ഇതെന്നായിരുന്നു ഇന്ത്യന്‍ റെയില്‍വേ നല്‍കിയ ഔദ്യോഗിക വിശദീകരണം. എന്നാല്‍ അതല്ല പാളത്തിലേക്ക് പൊടുന്നനെ ഒരു പശു നടന്നുകയറിയെന്നും അതിനെ രക്ഷിക്കാനായി ട്രെയിനില്‍ നിര്‍ത്താനുള്ള ശ്രമത്തില്‍ എന്‍ജിനും തൊട്ടുപിന്നിലുമുള്ള ബോഗിയും വേര്‍പ്പെടുകയും മറ്റുള്ളവ താഴേക്ക് പതിക്കുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടമാണെങ്കില്‍ സംഭവം നടന്നതിന് സമീപത്തുള്ള ചെറിയ വീടുകളും കുടിലുകളും നശിച്ചുപോകേണ്ടതല്ലേയെന്നും പലരും ചോദ്യം ഉന്നയിച്ചു. ട്രെയിന്‍ അപകടമല്ലാതെ സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്കോ കുടിലുകള്‍ക്കോ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലത്രേ.
മണ്‍സൂണ്‍ കാലമായതിനാല്‍ തന്നെ ബാഗ്മതിയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. കലങ്ങി മറിഞ്ഞ നദിയിലേക്കാണ് ബോഗികള്‍ മറിഞ്ഞത്. പല ബോഗികളും വെള്ളത്തില്‍ ഒലിച്ചുനീങ്ങി... യാത്രക്കാരും.. മുങ്ങിമരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. യാത്രക്കാര്‍ക്ക് പലര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയെന്നതു മാത്രമല്ല കുതിച്ചൊഴുകുന്ന വെള്ളം രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.
നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരും ഡോക്ടര്‍മാരും ബോംബെയില്‍നിന്ന് പട്നയില്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. അമ്പത് മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹങ്ങള്‍ തിരഞ്ഞ് ബാഗ്മതിയിലിറങ്ങിയത്. കമാണ്ടര്‍ ജോര്‍ജ് ഡ്യൂക്ക് ആയിരുന്നു മുങ്ങല്‍ വിദഗ്ധര്‍ക്ക് നേതൃത്വം നല്‍കിയത്. വെള്ളത്തിലാണ്ട ബോഗികളില്‍ മണ്ണ് നിറഞ്ഞിരിക്കുകയാണെന്നും അവ പുറത്തെടുക്കുന്നത് കഠിനമായിരിക്കുമെന്നുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ലെഫ്. ജനറല്‍ ഡബ്ല്യു എ.ജി. പിന്‍ടോ അഭിപ്രായപ്പെട്ടത്. ബോഗികളുടെ ജനലുകളും വാതിലും പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കുക എന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചതും.
മൂന്നു സേനാ വിഭാഗങ്ങളും മാതൃകാപരമായ സംയുക്തപ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സംഭവസ്ഥലത്തേക്ക് റോഡ്, റെയില്‍ ഗതാഗതം കുറവായതിനാല്‍ വ്യോമമാര്‍ഗം തന്നെയായിരുന്നു അവലംബിച്ചത്. വ്യോമസേനയുടെ എം.ഐ.-8 ചേതക് ഹെലികോപ്റ്ററുകളാണ് യാത്രക്കായി ഉപയോഗിച്ചത്.
.jpg?$p=8ca07a2&&q=0.8)
കൂടുതല്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച ട്രെയിന്‍ അപകടങ്ങള്‍
1988 ജൂലൈ എട്ട്
പെരുമണ്‍ ദുരന്തം
ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. 105 പേര്‍ അപകടത്തില്‍ മരണപ്പെട്ടു.
1998 നവംബര്‍ 26
ഖന്ന ട്രെയിന്‍ അപകടം
അമൃതസറിലേക്ക് പോകുകയാരുന്ന ഗോള്‍ഡന്‍ ടെംപിള്‍ മെയിലിന്റെ ബോഗികള്‍ പാളം തെറ്റി. മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചു. 212 പേരാണ് ദുരന്തത്തില്‍ മരിച്ചത്.
1999 ഓഗസ്റ്റ് രണ്ട്
അവധ്-അസം എക്‌സ്പ്രസും ബ്രഹ്‌മപുത്ര മെയിലും കൂട്ടിയിടിച്ചുണ്ടായ അപകടം. 286 പേര്‍ അപകടത്തില്‍ മരിച്ചു.
2002 സെപ്റ്റംബര്‍ 10
കൊല്‍ക്കത്ത-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ബിഹാറിലെ ഒരു പാലത്തില്‍ വെച്ച് പാളം തെറ്റി. 120 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.
2010 മെയ് 28
ജ്ഞാനേശ്വരി എക്‌സ്പ്രസ് പാളം തെറ്റല്‍
മുംബൈയിലേക്കുള്ള ഹൗറ കുര്‍ള ലോകമാന്യ തിലക് ജ്ഞാനേശ്വരി സൂപ്പര്‍ ഡീലക്‌സാണ് പാളം തെറ്റിയത്. പാളം തെറ്റിയ ഈ ട്രെയിനില്‍ മറ്റൊരു ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചു.
ദുരന്തമുഖത്ത് പോലും ജാതി
രക്ഷാപ്രവര്‍ത്തനം തകൃതിയായി മുന്നേറുമ്പോള്‍ പോലും അധികൃതര്‍ നേരിട്ട പ്രധാന ബുദ്ധിമുട്ട് സമീപവാസികളില്‍ നിന്നുള്ള നിസ്സഹകരണമായിരുന്നു. പലരും ജാതി വ്യത്യാസമുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടി മൃതദേഹങ്ങളെ തൊടാന്‍ പോലും വിമുഖത പ്രകടിപ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 34 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ, അതുവരെ ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടമായിരുന്നു ഇതെന്ന് ഓര്‍ക്കണം. മൃതദേഹം പുറത്തെടുക്കാന്‍ ഒടുവില്‍ 50 രൂപ നല്‍കാമെന്ന് സൈനികര്‍ നാട്ടുകാരോട് വാഗ്ദാനം ചെയ്യുക പോലുമുണ്ടായി. എന്നിട്ടും ജാതിചൊല്ലി ആരും തയ്യാറായില്ല. നാട്ടുകാരുടെ നിസ്സഹരണത്തെ കുറിച്ച് റെയില്‍വേ ഉദ്യോഗസ്ഥരാണ് അഡ്മിറല്‍ പെരേരയെ വിവരമറിയിക്കുന്നത്.
സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന അന്യദേശക്കാരും ട്രെയില്‍ യാത്രക്കാരുടെ ബന്ധുക്കളുമെല്ലാം സഹായത്തിനായി ഇറങ്ങിയപ്പോഴും ജാതി പറഞ്ഞ് നാട്ടുകാര്‍ മാറിത്തന്നെ നിന്നു. മൃതദേഹങ്ങള്‍ പുറത്തെത്തുമ്പോള്‍ കാത്തുനില്‍ക്കുന്ന ബന്ധുക്കളെല്ലാവരും കൂടി ഓടിയെത്തും. തിരിച്ചറിയുമ്പോള്‍ വാവിട്ടു കരയും. ബോധംകെട്ടു വീണവരുമുണ്ട്. വൈകാരികക്ഷോഭങ്ങളുടെ വേലിയേറ്റങ്ങള്‍ക്കായിരുന്നു ബാഗ്മതിയുടെ തീരം അന്ന് സാക്ഷ്യം വഹിച്ചത്.

നഷ്ടപരിഹാരം
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആയിരം രൂപയാണ് അന്നത്തെ കേന്ദ്രം പ്രഖ്യാപിച്ചത്. ഗുരുതര പരിക്കേറ്റവര്‍ക്ക് 750 രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 500 രൂപയും. സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആയിരം രൂപ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും അഞ്ഞൂറു രൂപ വീതം പരിക്കേറ്റവര്‍ക്കും.
രാജിയെച്ചൊല്ലി വിവാദം
ട്രെയിന്‍ അപകടങ്ങളുണ്ടാകുമ്പോള്‍ അതിന്റെ ധാര്‍മികത ഏറ്റെടുത്ത് കേന്ദ്ര റെയില്‍ മന്ത്രി രാജിവെക്കുന്ന പതിവ് ഇന്ത്യയില്‍ ഒരു അനുഷ്ഠാനം പോലെയുണ്ടായിരുന്ന സമയമായിരുന്നു അ്ത്. വകുപ്പിന്റെ ചുമതലയുളള മന്ത്രി ക്രിയാത്മകമായി ദുരന്തത്തെ അഭിമുഖീകരിക്കുകയും നേരിടുകയും ചെയ്യുന്നതിന് പകരം രാജിവെച്ചൊഴിയുക. തമിഴ്‌നാട്ടിലുണ്ടായ അഴിയലൂര്‍ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുടങ്ങിവെച്ച ഈ രീതി പിന്തുടരാന്‍ അന്ന് കേന്ദ്ര റെയില്‍ മന്ത്രി ആയിരുന്ന കേദര്‍ പാണ്ഡെ തയ്യാറായില്ല. തന്നെയുമല്ല, അദ്ദേഹത്തിന്റെ ദുരന്തത്തെ തുടര്‍ന്നുള്ള പ്രസ്താവനകളും പല നടപടികളും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ദുരന്തത്തെ ലഘൂകരിച്ചു കാണിക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് വിമര്‍ശനങ്ങളുയര്‍ന്നു. രാജിവെക്കാത്തതിനെ വിമര്‍ശിച്ച് പത്രങ്ങള്‍ മുഖപ്രസംഗമെഴുതി. ലാഘവ ബുദ്ധിയോടെ പെരുമാറാതിരിക്കാനുളള വിവേകമെങ്കിലും മന്ത്രി കാണിക്കണമായിരുന്നുവെന്നായിരുന്നു മാധ്യമ വിമര്‍ശം.
റെയില്‍വേയുടെ ചരിത്രത്തിലെ ദുരന്തപൂര്‍ണമായ വര്‍ഷമായിരുന്നു 1981. ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനുകള്‍ പിടഞ്ഞു തീര്‍ന്ന വര്‍ഷം. 526 ഡിറെയില്‍മെന്റുകള്‍ വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ മാത്രമായി ഉണ്ടായെന്നാണ് കണക്കുകള്‍. ജൂണ്‍ ആറിന് ബാഗ്മതി ദുരന്തം നടന്ന് 42 വര്‍ഷം തികയും. ഇന്ത്യന്‍ റെയില്‍വേ സുരക്ഷയുടെ കാര്യത്തില്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ് ഇരുന്നൂറിലേറെപ്പേരുടെ ജീവന്‍ കവര്‍ന്ന ഒഡിഷ ട്രെയിന്‍ ദുരന്തം. വന്ദേഭാരതിന്റെ വേഗത മാത്രമാണോ യാത്രക്കാരന് വേണ്ടത് സുരക്ഷിതത്വം കൂടിയല്ലേ? ഇത്രയേറെ യാത്രക്കാരുമായി കുതിക്കുമ്പോള്‍ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ നാം എവിടെ എത്തിനില്‍ക്കുന്നു എന്ന ചോദ്യം തന്നെയാണ് ഇവിടെ ഉയരുന്നത്.
Content Highlights: bagmathi train accident 1981 odisha train tragedy railway safety
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..