ആങ് സാങ് സ്യൂചി | Photo: AFP
'ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന, ദുര്‍ബലര്‍ക്ക് വേണ്ടി പോരാടുന്ന കരുത്തിന്റെ പ്രതീകം..' മ്യാന്മര് ജനകീയ നേതാവ് ഓങ് സാന്‍ സ്യൂചിക്ക് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് കമ്മിറ്റി നടത്തിയ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. മ്യാന്മറിലെ പട്ടാളഭരണത്തെ പാടെ നീക്കം ചെയ്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള സ്യൂചിയുടെ പ്രവര്‍ത്തനങ്ങളാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയതും സമാധാനപ്രവര്ത്തനങ്ങള്ക്കുള്ള ലോകോത്തര സമ്മാനത്തിലേക്ക് വരെ എത്തിച്ചതും. പക്ഷേ ജനകീയയായ ഒരു നേതാവ് എന്ന നിലയില്‍ നിന്ന് സ്വന്തം ജനതയെ ഒന്നു അഭിസംബോധന ചെയ്യാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത തടവുകാരി എന്ന ദുര്‍വിധിയിലേക്ക് സ്യൂചി കൂപ്പുകുത്തിയിരിക്കുന്നു. അത് സമാനതകളില്ലാത്ത ചരിത്രമായിരിക്കുന്നു.
പതിറ്റാണ്ടുകളായി മ്യാന്മര് ഭരിച്ചുകൊണ്ടിരിക്കുന്ന സൈനിക ധാര്‍ഷ്ട്യത്തിനെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന സ്യൂചിക്ക് താന്‍ നയിച്ച മനുഷ്യാവകാശ പോരാട്ടങ്ങളുടെ പേരില്‍ തന്റെ സ്വാതന്ത്ര്യം പോലും അടിയറവ് വെയ്ക്കേണ്ടിവന്നിട്ടുണ്ട്. 1989നും 2010നും ഇടയില്‍ പതിനഞ്ച് വര്‍ഷത്തോളമാണ് സ്യൂചി പലതവണയായി പട്ടാളത്തിന്റെ തടങ്കലില്‍ കഴിഞ്ഞത്. 1991-ല്‍ സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെടുമ്പോള്‍ പോലും സ്വന്തം ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു സ്യൂചി.
സ്യൂചി, സ്വാതന്ത്ര്യ സമരസേനാനിയുടെ മകള്‍, പോരാട്ടം രക്തത്തിലുള്ളവള്
മ്യാന്മാര് സ്വാതന്ത്ര്യസമര പോരാളി ജനറല്‍ ഓങ് സാനിന്റെ മകളാണ് സ്യൂചി. 1948ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മ്യാന്മര് സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുന്‍പാണ് ജനറല്‍ ഓങ് സാന്‍ കൊല്ലപ്പെട്ടത്. സ്യൂചിക്ക് അന്ന് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. 1960ല്‍ സ്യൂചി അമ്മയായ ഡോ. ഖിന് ചീക്കൊപ്പം ഇന്ത്യയിലേക്കെത്തി. അന്ന് ഇന്ത്യയിലെ മ്യാന്മാര് അംബാസഡര്‍ ആയിരുന്നു സ്യൂചിയുടെ അമ്മ ഡോ. ഖിന് ചീ. ഇന്ത്യയില്‍ നാല് വര്‍ഷം താമസിച്ചതിന് ശേഷം സ്യൂചി ഉന്നത വിദ്യാഭ്യാസത്തിനായി യു.കെയിലെ ഓക്സ്ഫഡ് സര്‍വകലാശാലയിലേക്ക് ചേക്കേറി. അവിടെ നിന്നാണ് സ്യൂചി തത്വശാസ്ത്രത്തിലും രാഷ്ട്രീയപഠനത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവായ മൈക്കിള്‍ എരിസിനെ കണ്ടുമുട്ടിയതും ഓക്സ്ഫഡില്‍ നിന്നുതന്നെ. ജപ്പാനിലും ഭൂട്ടാനിലുമെല്ലാം ജോലി ചെയ്തിട്ടുണ്ടെങ്കിലും സ്യൂചിയും കുടുംബവും ഏറെക്കാലം കഴിഞ്ഞത് യു.കെയില്‍ തന്നെയായിരുന്നു. എങ്കിലും മ്യാന്മാര് ഒരിക്കലും സ്യൂചിയുടെ ചിന്തകളില്‍ നിന്ന് വിദൂരമായിരുന്നില്ല.

1988-ലാണ് സ്യൂചി മ്യാന്മറിലേക്ക് തിരിച്ചെത്തുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന തന്റെ അമ്മയെ ശുശ്രൂഷിക്കാനായി സ്യൂചി സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയ അക്കാലത്ത് വലിയൊരു രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ നടുവിലായിരുന്നു മ്യാന്മര്. ജനാധിപത്യ പരിഷ്കരണം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും തൊഴിലാളികളും തുടങ്ങി സന്യാസിമാര്‍ പോലും തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. ' ജനകീയനായ ഒരു നേതാവിന്റെ മകളെന്ന നിലയ്ക്ക് ജനകീയ പ്രക്ഷോഭങ്ങളോട് മുഖം തിരിച്ചുനില്‍ക്കാന്‍ എനിക്കാവില്ല. അങ്ങനെ ഞാനും അവര്‍ക്കൊപ്പം പങ്കുചേരുന്നുവെന്നാണ് അന്ന് യാങ്കോണില്‍ നടത്തിയ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്യൂചി പറഞ്ഞത്. മ്യാന്മര് ജനറല്‍ നി വിന്-നെതിരേയുള്ള പ്രക്ഷോഭത്തിനായി സ്യൂചി നേരിട്ടിറങ്ങിയതും അന്നായിരുന്നു. പിന്നീട് സ്യൂചിക്ക് മ്യാന്മറില് നിന്ന് ഒരു തിരിച്ചുപോക്കുണ്ടായില്ല.
ജനാധിപത്യ പ്രക്ഷോഭം, വീട്ടുതടങ്കല്‍
എഴുപത്തിമൂന്നുവര്ഷത്തെ ചരിത്രത്തില്‍ അരനൂറ്റാണ്ടിലേറെ പട്ടാളഭരണത്തിലായിരുന്നു മ്യാന്മര്. ഈ രാജ്യത്ത് ജനാധിപത്യ പരിഷ്കരണം നടപ്പാക്കാനാണ് സ്യൂചിയും സംഘവും പ്രയത്നിച്ചത്. ഫലമായി ജനാധിപത്യവാദികളും പട്ടാളം നേതൃത്വം നല്കുന്ന സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് മ്യാന്മര് കാലങ്ങളോളം സാക്ഷ്യം വഹിച്ചു.
ഗാന്ധിജി, മാര്ട്ടിന് ലൂഥര്‍ കിങ് തുടങ്ങിയവരുടെ മാതൃകകള്‍ പിന്തുടര്ന്ന് സമാധാനപരമായ പ്രക്ഷോഭപരിപാടികള്‍ക്കാണ് സ്യൂചി നേതൃത്വം നല്‍കിയത്. പൊതു തിരഞ്ഞെടുപ്പിനും ജനാധിപത്യ പരിഷ്കരണങ്ങള്‍ക്കും ആഹ്വാനം ചെയ്തുകൊണ്ട് രാജ്യം മുഴുവന്‍ സഞ്ചരിച്ച് പ്രതിഷേധ റാലികള്‍ക്കും സമരങ്ങള്‍ക്കും അവര്‍ മേല്‍നോട്ടം വഹിച്ചു. പക്ഷെ ആ റാലികളെ സൈന്യം പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിച്ചു. പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി. പ്രതിഷേധങ്ങളെ നയിക്കുന്ന നേതാവ് എന്ന നിലയ്ക്ക് സൈന്യം സ്യൂചിയെ വീട്ടുതടങ്കലിലുമാക്കി. ആദ്യമായി ആറ് വര്‍ഷമാണ് സ്യൂചി തടങ്കലില്‍ കഴിഞ്ഞത്. തുടര്‍ന്ന് 1995ല്‍ മോചിപ്പിച്ചു. പ്രതിഷേധങ്ങള്‍ തുടര്‍ന്നപ്പോള്‍ 1990ല്‍ സൈന്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അന്ന് സ്യൂചിയുടെ പാര്‍ട്ടി വന്‍ഭൂരിപക്ഷം നേടിയെങ്കിലും അധികാരം കൈമാറാന്‍ സൈന്യം തയ്യാറായില്ല.
1995ല്‍ മോചിപ്പിച്ചെങ്കിലും 2000ല്‍ സ്യൂചിയെ വീണ്ടും തടങ്കലിലാക്കി. യാത്രാനിരോധനം മറികടന്ന് മണ്ഡാലയിലേക്ക് യാത്ര ചെയ്ത സ്യൂചിയെ സൈന്യം അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം 2002-ല്‍ സ്യൂചിയെ വീണ്ടും മോചിപ്പിച്ചെങ്കിലും ഒരുവര്‍ഷത്തിനിപ്പുറം പട്ടാളഭരണത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആളുകള്‍ സ്യൂചിയേയും സംഘത്തേയും ആക്രമിച്ചു. അന്ന് ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് സ്യൂചി വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അവരുടെ കൂട്ടാളികളില്‍ പലരും ക്രൂരമായി ആക്രമിക്കപ്പെട്ടു, ചിലര്‍ മരണപ്പെട്ടു. പിന്നാലെ സ്യൂചി വീണ്ടും വീട്ടുതടങ്കലിലായി.

ആദ്യ വര്‍ഷങ്ങളില്‍ പൂര്‍ണമായും ഏകാന്ത തടവിലായിരുന്നു സ്യൂചി. മക്കളേയോ ഭര്‍ത്താവിനേയോ കാണാന്‍ സൈന്യം അവരെ അനുവദിച്ചില്ല. സ്യൂചി തടങ്കലില്‍ ഇരിക്കെയാണ് അവരുടെ ഭര്‍ത്താവ് അര്‍ബുദം ബാധിച്ച് മരിക്കുന്നത്. ഭര്‍ത്താവിന് രോഗം ഗുരുതരമായപ്പോള്‍ യു.കെയില്‍ സന്ദര്‍ശനത്തിനായി പോകാന്‍ സൈന്യം അനുമതി നല്‍കിയിരുന്നെങ്കിലും തിരിച്ചുവരാന്‍ അനുമതി ലഭിച്ചേക്കില്ലെന്ന ഭയത്താല്‍ ആ വാഗ്ദാനം നിരസിക്കാന്‍ അവര്‍ നിര്‍ബന്ധിതയാവുകയായിരുന്നു. വര്‍ഷങ്ങള്‍ പോകെപ്പോകെ സ്വന്തം പാര്‍ട്ടി നേതാക്കളെ കാണാന്‍ സൈന്യം അനുമതി നല്കി. പട്ടാളഭരണത്തിനിടയിലും അവര്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു.
അധികാരത്തിലേക്കുള്ള യാത്ര
2010 നവംബര്‍ 7ന്, രണ്ട് പതിറ്റാണ്ടിനിടെ നടന്ന മ്യാന്മറിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ സ്യൂചിക്ക് കഴിഞ്ഞില്ല. പക്ഷെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ആറ് ദിവസം കഴിഞ്ഞപ്പോള്‍ സ്യൂചിയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്യൂചി വീണ്ടും സജീവ രാഷ്ട്രീയത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അക്കാലത്താണ് അമ്മയെ സന്ദര്‍ശിക്കാന്‍ സ്യൂചിയുടെ മകന് കിം എത്തിയത്. ഒരു ദശാബ്ദത്തിനിടയിലെ ഇരുവരുടേയും ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
2012 ഏപ്രിലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടി മത്സരിച്ച 45 സീറ്റുകളില്‍ 43 എണ്ണത്തില്‍ വിജയിച്ചു. സ്യൂചി ആദ്യമായി പാര്‍ലമെന്റ് അംഗമായും പ്രതിപക്ഷ നേതാവായും തിരഞ്ഞെടുക്കപ്പെട്ടു. 2015-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് സ്യൂചി നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി ആദ്യമായി ഭരണത്തിലേക്കെത്തുന്നത്. അട്ടിമറി വിജയമാണ് അന്ന് സ്യൂചിയും കൂട്ടരും സ്വന്തമാക്കിയതെങ്കിലും അധികാരത്തിലേറാന്‍ ഭരണഘടനപരമായ തടസങ്ങള്‍ നേരിട്ടിരുന്നു. വിദേശ പൗരത്വമുള്ള ഭര്‍ത്താവും മക്കളും ഉണ്ടെന്നായിരുന്നു കാരണം. അതിനാല്‍ സ്യൂചിയുടെ അടുത്ത സഹപ്രവര്‍ത്തകനായ ടിന് ജൗ പ്രസിഡന്റായി. പ്രധാനമന്ത്രിക്ക് തുല്യപദവിയായ മന്ത്രിസ്ഥാനം, സ്റ്റേറ്റ് കൗണ്‍സിലര്‍ എന്നതായിരുന്നു സ്യൂചിയുടെ ഔദ്യോഗിക പദവി.
റോഹിങ്ക്യ പ്രതിസന്ധിയും സ്യൂചിയും
മ്യാന്മാറില് സ്റ്റേറ്റ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്യൂചി ഏറ്റവും കൂടുതല്‍ വിമര്ശത്തിനിരയായത് റോഹിങ്ക്യ പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിയുടെ പേരിലായിരുന്നു. സൈന്യത്തിന്റെ റോഹിംഗ്യന്‍ വിരുദ്ധ നടപടികളെ എതിര്‍ക്കാതിരുന്നത് സ്യൂചിയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേല്‍പ്പിച്ചു.
2017 ഓഗസ്റ്റ് 25-റാഖിനിലെ സൈനിക ചെക്ക് പോസ്റ്റില്‍ റോഹിംഗ്യന്‍ അനുകൂല ഭീകരവാദികള്‍ നടത്തിയ അക്രമണത്തില്‍ ഒട്ടേറെ പേര് കൊല്ലപ്പെട്ടു. റോഹിംഗ്യന്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തി സൈന്യവും മറുപടിനല്കി. പതിനായിരക്കണക്കിന് പേര് ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടും സ്യൂചി മൗനം പാലിച്ചത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് വംശഹത്യയില്‍ നടപടിയാവശ്യപ്പെട്ട് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതിനല്‍കി. ഇതുപ്രകാരം രാജ്യത്തിന്റെ ഔദ്യോഗിക വിശദീകരണം നല്‍കാനായി സ്യൂചി ഹാജരാവുകയും സൈന്യത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള വിശദീകരണം നല്‍കുകയും ചെയ്തു. വംശഹത്യ ഉണ്ടായിട്ടില്ലെന്നായിരുന്നു കോടതിയില്‍ സ്യൂചിയുടെ വിശദീകരണം. മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. റോഹിംഗ്യന്‍ മുസ്ലിങ്ങളെയല്ല, തീവ്രവാദികളെയാണ് സൈന്യം നേരിട്ടതെന്ന വാദമായിരുന്നു സ്യൂചി പ്രധാനമായും മുന്നോട്ടുവെച്ചത്. എന്നാല്‍ സ്യൂചിയുടെ വിശദീകരണങ്ങള്‍ക്ക് അന്താരാഷ്ട്ര വിമര്‍ശനങ്ങളെ പ്രതിരോധിക്കാനായില്ല. സൈനികഭരണത്തിനുനേരെ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ സ്യൂചിക്ക് ലഭിച്ച സമാധാന നൊബേല്‍ റോഹിംഗ്യന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കണമെന്ന് പലകോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. സ്യൂചിയോടുള്ള ആദരസൂചകമായി നല്കിയ ഓണററി പൗരത്വം കാനഡ ഒരുഘട്ടത്തില്‍ പിന്‍വലിക്കുക പോലും ചെയ്തു.

അപ്രതീക്ഷിതം അട്ടിമറി
2020 നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് (എന്‍.എല്‍.ഡി.) 83 ശതമാനം സീറ്റിന്റെ മൃഗീയ ഭൂരിപക്ഷമാണ് ജനങ്ങള്‍ നല്‍കിയത്. പട്ടാളവുമായിച്ചേര്ന്നുള്ള പങ്കാളിത്തഭരണം വേണ്ടെന്ന ജനങ്ങളുടെ ഉറക്കെയുള്ള പ്രഖ്യാപനമായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം. സ്യൂചി പിന്‍സീറ്റിലിരുന്ന് നയിക്കുന്ന സര്‍ക്കാര്‍ ഭരണം ആരംഭിച്ചതോടെ മ്യാന്മാറിന്റെ പല ഭാഗങ്ങളിലും വികസനങ്ങളും പരിഷ്കരണങ്ങളും നടപ്പിലാക്കിയിരുന്നു. എന്നാല്‍ ചില മേഖലകളില്‍ പാര്‍ലമെന്ററി സീറ്റുകളുടെ നാലിലൊന്ന് സൈന്യം കൈവശം വെച്ചു. പാര്‍ലമെന്റിലെ 476 സീറ്റില്‍ 25 ശതമാനവും ഭരണഘടനാപരമായിത്തന്നെ പട്ടാളം ഉറപ്പാക്കി. പ്രതിരോധം, ആഭ്യന്തരം, അതിര്‍ത്തി കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങളും അവര്‍ തന്നെയാണ് നിയന്ത്രിച്ചത്.
കാബിനറ്റിലുളള സൈന്യത്തിന്റെ പ്രതിനിധികളോട് അക്കാലത്ത് അനുഭാവപൂര്‍വമായ സമീപനമാണ് സ്യൂചി സ്വീകരിച്ചിരുന്നത്. ജനാധിപത്യ പോരാളിയായി
വാഴ്ത്തപ്പെട്ട സ്യൂചി, ജനാധിപത്യത്തിന്റെപേരില്‍ പട്ടാളവുമായി ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതുകണ്ട് ലോകം അമ്പരന്നു. അധികാരത്തിലിരുന്ന കാലത്ത് കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും വധശിക്ഷയ്ക്ക് വിധേയമാക്കുകയോ നാടുകടത്തുകയോ ചെയ്തു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ പരിഷ്കരണത്തിലേക്കുള്ള പരിവര്‍ത്തനം സ്തംഭിച്ചുപോയെന്നാണ് ഒരുഘട്ടത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത് പോലും.

2021ല്‍ തെക്ക് കിഴക്കന്‍ ഏഷ്യ മേഖല കോവിഡിന്റെ പിടിയില്‍ അകപ്പെട്ടു തുടങ്ങിയ കാലത്താണ് മ്യാന്മറില് വീണ്ടും സൈനിക അട്ടിമറി ഉണ്ടായത്. യൂണിയന് സോളിഡാരിറ്റി ആന്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മറപറ്റി അധികാരത്തില്‍ കൈകടത്താമെന്ന മോഹം പൊലിഞ്ഞെന്ന് മനസ്സിലായ കമാന്‍ഡര്‍ ഇന്‍ ചീഫ് മിന് ആങ് ലൈങ്ങും സംഘവും പട്ടാളത്തിന്റെ പരമ്പരാഗതവഴിതന്നെ സ്വീകരിക്കുകയായിരുന്നു. 2021 ഫെബ്രുവരി ഒന്നിന് പുതിയ പാര്‍ലമെന്റ് ആദ്യസമ്മേളനം ചേരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സൈനിക അട്ടിമറി ഉണ്ടായത്. സ്യൂചിയേയും കൂട്ടരേയും തടങ്കലിലാക്കി ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണംപിടിച്ചു ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.ഇന്റര്‍നെറ്റ് റദ്ദാക്കലും സാമൂഹികമാധ്യമങ്ങള്‍ വിലക്കലും നടപ്പാക്കി ജനങ്ങളുടെ ആശയവിനിമയ സാധ്യതകള്‍ക്ക് പാടെ കൂച്ചുവിലങ്ങിട്ടു.
എന്നാല്‍ സൈനിക അട്ടിമറിക്ക് പിന്നാലെ പട്ടാളവിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം വീണ്ടും തെരുവിലിറങ്ങി. പ്രക്ഷോഭത്തെ നേരിടാന്‍ സൈന്യവുമിറങ്ങി. പ്രതിഷേധം തുടരുന്നതിനിടെ 2021 മാര്‍ച്ചിലെ സായുധസേനാ ദിനത്തില്‍ 160 ജനാധിപത്യാനുകൂലികളെ സൈന്യം വെടിവെച്ചുകൊന്നു. പ്രക്ഷോഭം എന്നിട്ടും കെട്ടടങ്ങിയില്ല. തൊട്ടടുത്ത ദിവസം കാരന് സംസ്ഥാനത്ത് സൈന്യം വ്യോമാക്രമണം നടത്തി. തുടര്‍ന്ന് മൂവായിരത്തിലേറെ പ്രദേശവാസികള്‍ മ്യാന്മാര്-തായലന്‍ഡ് അതിര്‍ത്തിയിലെ കാടുകളില്‍ അഭയം തേടി. സൈന്യം പ്രക്ഷോഭം അടിച്ചമര്‍ത്തല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനിടെ ഓഗസ്റ്റ് ഒന്ന് സൈനികത്തലവന് മിന് ആങ് ഹ്ലേയിങ് കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി. 2023-ല്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു.
അതിനിടെ ഏപ്രില്‍ മാസത്തില്‍ ആങ് സാന്‍ സ്യൂചിക്കെതിരേ സൈന്യം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നായിരുന്നു കുറ്റം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും ലൈസന്‍സ് ഇല്ലാത്ത വാക്കി ടോക്കികള്‍ കൈവശം വെച്ചതിനും കേസുകള്‍ ചുമത്തി. 2022 ജനുവരിയില്‍ മാത്രം സ്യൂചിക്കെതിരേ അഞ്ച് അഴിമതി കേസുകളാണ് ചാര്‍ജ് ചെയ്തത്. എല്ലാ കുറ്റങ്ങളും തെളിഞ്ഞാല്‍ 164 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളാണ് സ്യൂചിക്കെതിരേ നിലനില്‍ക്കുന്നത്.

33 വര്‍ഷത്തെ തടവുശിക്ഷ, സ്യൂചിയുടെ രാഷ്ട്രീയഭാവി തുലാസിലോ?
ഏറ്റവും അടുത്ത് 2022 ഡിസംബറില്‍ അഴിമതിക്കേസില്‍ ആങ് സാന്‍ സ്യൂചിക്ക് മ്യാന്മാര് കോടതി ഏഴുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. സ്യൂചിക്കുമേല് ചുമത്തിയ അഞ്ച് കുറ്റങ്ങളിലാണ് കോടതിവിധി വന്നത്. സ്യൂചി, തന്റെ മന്ത്രിസഭാംഗമായിരുന്ന വിന് മ്യാറ്റ് അയെക്ക് ഹെലികോപ്റ്റര്‍ വാങ്ങാനായി പൊതുഫണ്ട് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയെന്നതായിരുന്നു പ്രധാനകുറ്റം. ഇതോടെ സ്യൂചിയുടെ തടവുകാലം 33 വര്‍ഷമായി. വിവിധ കുറ്റങ്ങള്‍ ചുമത്തി 26 വര്‍ഷത്തെ തടവുശിക്ഷ പലപ്പോഴായി വിധിച്ചിരുന്നതിന് പുറമേയാണ് 2022 ഡിസംബറിലെ തടവുശിക്ഷാ വിധിയും പുറത്തുവന്നത്.നിയമ വിരുദ്ധമായുള്ള വാക്കി ടോക്കി ഉപയോഗം, കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം, രാജ്യദ്രോഹക്കുറ്റം തുടങ്ങിയവയാണ് സ്യൂചിക്കുമേല് നേരത്തേ ചുമത്തിയ കുറ്റങ്ങള്‍.
അടുത്തവര്‍ഷം മ്യാന്മാറില് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്യൂചിയുടെ രാഷ്ട്രീയഭാവിക്ക് തടയിടാനുള്ള പട്ടാളഭരണകൂടത്തിന്റെ നീക്കമാണിതെന്നാണ് അവരുടെ അനുയായികള്‍ കുറ്റപ്പെടുത്തുന്നത്. സ്യൂചിക്കുനേരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്നും പട്ടാളഭരണകൂടത്തിന്റെ ഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന കങ്കാരു കോടതികളായി മ്യാന്മാറിലെ നീതിന്യായസംവിധാനം മാറുന്നുവെന്നുമാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ഏഷ്യാ ഡയറക്ടര്‍ ഫില്‍ റോബര്ട്സണ് അഭിപ്രായപ്പെട്ടത്.
സ്യൂചിക്കുനേരെയുള്ള കേസുകളില്‍ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ അവരെ കാണാന്‍ ഇനി സന്ദര്‍ശകരെ അനുവദിക്കുമെന്നാണ് കരുതുന്നത്. ആസിയാന്‍ രാജ്യങ്ങളുടേതുള്‍പ്പെടെ സ്യൂചിയെ സന്ദര്‍ശിക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പട്ടാളഭരണകൂടം നേരത്തേ തള്ളിയിരുന്നു. സ്യൂചി ഉള്‍പ്പെടെയുള്ള തടവുകാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും പട്ടാളഭരണകൂടം നടത്തുന്ന അതിക്രമങ്ങളും നീതിനിഷേധങ്ങളും അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഐക്യരാഷ്ടസഭ കഴിഞ്ഞ 22-ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും തടവുശിക്ഷ നല്‍കിയത്.
2021-ലെ സൈനിക അട്ടിമറിയോടെ സ്യൂചി പൊതുമധ്യത്തില്‍നിന്ന് അപ്രത്യക്ഷയായി. 77-കാരിയായ സ്യൂചിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് സൂചന. ഏകാന്ത തടവിലേക്ക് മാറ്റുന്നതിനെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചിട്ടുണ്ടെങ്കിലും നിരാശയാണ് ഫലം.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തല്‍, അഴിമതി തുടങ്ങി ഒട്ടേറെ കേസുകള്‍ സൈന്യം സ്യൂചിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. പത്തോളം അഴിമതി കേസുകളില്‍ക്കൂടി വിധി വരാനുമുണ്ട്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചവയാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നിഷേധിച്ചുവെന്നും സ്യൂചിയെ പിന്തുണയ്ക്കുന്നവര്‍ കുറ്റപ്പെടുത്തുകയാണ്.
മ്യാന്മറില് ജനാധിപത്യം അസ്തമിച്ചിട്ട് രണ്ട് വര്‍ഷം തികയാന്‍ പോവുന്നു. പതിറ്റാണ്ടുകളോളം പട്ടാളഭരണത്തിന്റെ കയ്പറിഞ്ഞവരാണ് മ്യാന്മര് ജനത. അവര്‍ക്കുമുമ്പില്‍ ജനാധിപത്യം ബാല്യാവസ്ഥയിലായിരിക്കെയാണ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണംപിടിച്ചത്. പ്രതിഷേധിച്ചവരെ അവര്‍ ജയിലിലാക്കി. ജനാധിപത്യവാദികളായ ആയിരങ്ങളെ വധിച്ചു. അന്താരാഷ്ട്രസമൂഹം ഉപരോധമടക്കമുള്ള മാര്‍ഗങ്ങളിലൂടെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സൈന്യം ഇതുവരെയും വഴങ്ങിയിട്ടില്ല. ഇപ്പോള്‍ സായുധമാര്‍ഗത്തിലൂടെ പട്ടാളത്തില്‍നിന്ന് അധികാരം തിരികെപ്പിടിക്കാന്‍ ജനാധിപത്യാനുകൂലികള്‍ കോപ്പുകൂട്ടുകയാണ്. വിനാശകരമായ ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യതയും തള്ളാനാവില്ല.
Content Highlights: Aung San Suu Kyi: Myanmar democracy icon who fell from grace
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..