അട്ടപ്പാടി മല്ലീശ്വരന്‍മുടിയുടെ താഴ്വരയില്‍ താമസിക്കുന്ന മല്ലിയുടെ മകനും സരസുവിന്റെയും ചന്ദ്രികയുടെയും സഹോദരനുമായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിട്ട് വര്‍ഷം നാലാവുന്നു. സാക്ഷരകേരളത്തിന്റെ ശിരസ്സ് അന്ന് സമസ്തലോകത്തിനുംമുന്നില്‍ ലജ്ജിച്ചുകുനിഞ്ഞതാണ്; അതിനിയും ഉയര്‍ന്നിട്ടില്ല. മധുവിന്റെ മരണത്തില്‍ ഞെട്ടലും ലേഖനങ്ങളും സമര്‍പ്പിച്ച് എല്ലാവരും മറ്റുകാര്യങ്ങളിലേക്ക് പിരിഞ്ഞുപോയി. എന്നാല്‍, ഒരമ്മയും രണ്ടുസഹോദരിമാരും വെയിലും മഴയും മഞ്ഞും കൊണ്ട്, എല്ലാം നിശ്ശബ്ദം സഹിച്ച് അലയുകയായിരുന്നു. നൊന്തുപെറ്റ മകന്, പ്രിയപ്പെട്ട കൂടപ്പിറപ്പിന് നീതികിട്ടാന്‍. മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ സ്‌പെഷ്യല്‍കോടതിക്കുമുന്നില്‍ മനസ്സുതപിച്ചുകൊണ്ട് അവര്‍ കാത്തുനിന്നു. എന്നാല്‍, രാഷ്ട്രീയകൊലപാതകികള്‍ക്കും ക്രിമിനലുകള്‍ക്കുംവേണ്ടി അഭിഭാഷകര്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങി ആകാശത്തുനിന്ന് പറന്നിറങ്ങുന്ന ഈ നാട്ടില്‍ മധുവിനുവേണ്ടി വാദിക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കാണാനേയില്ലായിരുന്നു. ഒടുവില്‍ നാലാംവര്‍ഷം കോടതിക്ക് ചോദിക്കേണ്ടിവന്നു: ''എവിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍?'' ഈ കേസിലെ കുറ്റാരോപിതരെല്ലാം ജാമ്യത്തില്‍ വിലസുമ്പോള്‍, മധുവിന്റെ നാലാം മരണവാര്‍ഷികദിനമടുക്കുന്ന ഈ സമയത്ത് മാതൃഭൂമി സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് കടന്നുചെല്ലുന്നു...
മധു നടന്ന വഴികളിലേക്ക്,
മുറിച്ചുകടന്ന പുഴയിലേക്ക്, നാട്ടുകവലകളിലേക്ക്,
ഇപ്പോഴും കരച്ചില്‍തോരാത്ത കുടുംബത്തിലേക്ക്...