ആ രക്തചരിത്രം ആവര്‍ത്തിക്കപ്പെടുമോ? അന്‍വര്‍ സാദത്ത് വധം ഓര്‍മിപ്പിക്കുന്നത്


ജെയ്‌ജിത്ത് ജെയിംസ്അൻവർ സാദത്ത്

ലോകത്തിലെ വി.വി.ഐ.പി. സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന സംഭവമായിരുന്നു ഈജിപ്തിലെ അന്‍വര്‍ സാദത്ത് വധവും തുടരന്വേഷണങ്ങളും

നിരന്തര സംഘര്‍ഷങ്ങളാല്‍ കലുഷിതമായിരുന്ന മധ്യേഷ്യയില്‍ സമാധാനദൗത്യത്തിന് ആദ്യമായി മുന്‍കൈയെടുക്കുകയും അതിനായി സ്വന്തം ജീവന്‍ തന്നെ ബലിയായി നല്‍കേണ്ടി വരികയും ചെയ്ത ഈജിപ്ത് പ്രസിഡന്റ്‌ അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടിട്ട് 41 വര്‍ഷം പിന്നിട്ടിരിക്കുന്നു 1981 ഒക്ടോബര്‍ ആറിന്‌ സ്വന്തം സൈന്യത്തിലെ തന്നെ പ്രബലരായ റിബല്‍ വിഭാഗം മിലിട്ടറി പരേഡിനിടെയാണ് അദ്ദേഹത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. അതും പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍ മാധ്യമപ്രവര്‍ത്തരുടെയും വിദേശ നയതന്ത്ര പ്രതിനിധികളുടെയൊക്കെ സാന്നിധ്യത്തില്‍.ഏറെക്കാലം ഇസ്രയേലുമായി യുദ്ധം ചെയ്ത ഈജിപ്ത് 1978-ല്‍ അന്‍വര്‍ സാദത്ത് പ്രസിഡന്റായിരിക്കെ അവരുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത് സൈന്യത്തിലെ യാഥാസ്ഥിക വിഭാഗത്തെ ചൊടിപ്പിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്റായിരുന്ന ജിമ്മി കാര്‍ട്ടറുടെ മധ്യസ്ഥതയിലാണ് ഈ കരാര്‍ ഉടലെടുത്തത്. സമാധാനശ്രമങ്ങളുടെ പേരില്‍ സാദത്തിനും അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന മെനെഷേം ബെഗിനും സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരമൊക്കെ ലഭിച്ചെങ്കിലും തീവ്രദേശിയവാദികളുടെ രോഷം അടങ്ങിയില്ല. അവര്‍ അവസരത്തിനായി കാത്തിരുന്നു.

1981 ഒക്ടോബര്‍ ആറിന് എല്ലാ വര്‍ഷവും പതിവായി നടക്കാറുള്ള വിക്ടറി പരേഡിന് തലസ്ഥാനമായ കെയ്‌റോയില്‍ വേദിയൊരുങ്ങി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമേ വിദേശരാജ്യ പ്രതിനിധികളും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും അടക്കം വലിയൊരു ജനാവലി കാഴ്ചക്കാരായി ഉണ്ടായിരുന്നു. പരേഡ് ഏതാണ്ട് അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് അത് സംഭവിച്ചത്. അവസാന വാഹനവ്യൂഹത്തിലെ ഒരു പട്ടാള ട്രക്കില്‍നിന്ന് പൊടുന്നനെ കുറച്ചു പേർ ചാടിയിറങ്ങി. അല്‍പ്പം മുന്‍പ് പരേഡിനിടയില്‍ മറ്റൊരു വാഹനം കേടായതിനെ തുടര്‍ന്ന് പട്ടാളക്കാര്‍ ഇറങ്ങി അത് തള്ളി നീക്കി സമീപത്തേക്ക് മാറ്റിയിരുന്നു. സമാനരീതിയില്‍ ഈ വാഹനവും കേടുപാട് വന്നതിനാല്‍ പട്ടാളക്കാര്‍ ഇറങ്ങുന്നു എന്നാണ് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയത് എന്നാല്‍ പൊടുന്നനെ രംഗം മാറി.

ട്രക്കില്‍ നിന്നിറങ്ങിയ തോക്കുധാരികളായ സംഘം അതിവേഗം വെടിയുതുര്‍ത്ത് കൊണ്ട് വിശിഷ്ടാതിഥികളുടെ ഭാഗത്തേക്ക് പാഞ്ഞടുത്തു. തന്നെ അഭിവാദ്യം ചെയ്യാനായിട്ടാണ് സൈനികര്‍ മുന്നിലേക്ക് വരുന്നതെന്ന് തെറ്റിദ്ധരിച്ച സാദത്ത് അവര്‍ക്ക് സല്യൂട്ട് നല്‍കുവാനായി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റത് കൊലയാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അതില്‍ രണ്ടു പേര്‍ കൃത്യമായി സാദത്തിനെ ലക്ഷ്യംവെച്ച് മാത്രമാണ് വെടിയുതിര്‍ത്തത്. സംഘത്തിലെ മറ്റുള്ളവര്‍ സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഉന്നമിട്ടത്. സാദത്ത് അടക്കം 11 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സാദത്തിനെ എയര്‍ ലിഫ്റ്റ് ചെയ്തത് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നെവെങ്കിലും 11 ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും രണ്ടു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

അന്ന് പരിക്കുകളോടെ രക്ഷപ്പെട്ട വൈസ് പ്രസിഡന്റ് ഹുസ്‌നി മുബാരക്ക് പിന്നീട് പ്രസിഡന്റായി അധികാരമേറ്റു. കൊലയാളി സംഘങ്ങളും ഗൂഢാലോചനക്കാരും പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ഈജിപ്തിലെ തീവ്ര മതസംഘടനകള്‍ സൈന്യത്തിലെ ഒരു വിഭാഗവുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ കൊലപാതക പദ്ധതി മധ്യേഷയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മക്കാരം ഗാഡ് അല്‍-കരീം എന്ന എ.എഫ്.പി. ഫോട്ടോഗ്രാഫറാണ്‌ കൊലയാളികള്‍ സാദത്തിന് നേരെ വെടിയുതിര്‍ക്കുന്ന ചിത്രം പകര്‍ത്തിയത്. പരേഡ് അവസാനഘട്ടത്തില്‍ എത്തിയിരുന്നതിനാല്‍ മറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ വേദിക്ക് പുറത്ത് എത്തിയപ്പോഴാണ് വെടിയൊച്ച കേട്ടത്. ബില്‍ ഫോല്ലേ എന്ന പ്രശസ്തനായ എ.പി. ഫോട്ടോഗ്രാഫറും ഇതു പോലെ പുറത്തിറങ്ങിയവരില്‍ പെടുന്നു. വെടിവെയ്പ്പിന് 15 മിനിറ്റു മുന്‍പ് ഫോലെ പകര്‍ത്തിയ അന്‍വര്‍ സാദത്തും ഹുസ്‌നി മുബാറക്കും ഒന്നിച്ചുള്ള ചിത്രം ഇന്നും ഏറെ പ്രശസ്തമാണ്.

ലോകത്തെ ഞെട്ടിച്ച ഈ കൊലപാതകം ആഗോള തീവ്രവാദ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിട്ടാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. വന്‍ശക്തികള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാടിയിരുന്ന മധ്യ-ഏഷ്യയിലെ തീവ്രവാദ സംഘടനകള്‍ക്ക് ഈ സംഭവം പുതുഊര്‍ജ്ജം നല്‍കി. അന്‍വര്‍ സാദത്ത് വധത്തില്‍ അറസ്റ്റ് ചയ്യപ്പെടുകയും നിരീക്ഷണവിധേയരാക്കപ്പെടുകയും ചെയ്ത ചിലര്‍ പിന്നീട് ലോകത്തെ വിറപ്പിച്ച തീവ്രവാദ സംഘടനയുടെ അമരക്കാരായി മാറി.

അയ്മന്‍ അല്‍ സവാഹിരി; അല്‍ ഖായിദായുടെ തിങ്ക്-ടാങ്ക്

ഈ അടുത്തകാലം വരെ ലോകത്തെ ഏറ്റവും അപകടകാരിയായ തീവ്രവാദികളില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു അല്‍ ഖായിദ എന്ന ഭീകര സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ അല്‍ സാവഹിരി എന്ന ഈജിപ്ടിഷ്യന്‍ നേത്രശസ്ത്രക്രിയ വിദഗ്ദ്ധന്‍. 2011-ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒസാമ ബിന്‍ ലാദന് തൊട്ടുപിന്നില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനം. സവാഹിരിയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ലക്ഷ്യം കണ്ടിരുന്നില്ല ഒടുവില്‍ ഇക്കഴിഞ്ഞ ജൂലൈ 31-ന് പുലര്‍ച്ചെ കാബൂളിലെ സവാഹിരിയുടെ ഒളിസങ്കേതത്തിലേക്ക് നടത്തിയ മിസൈല്‍ ആക്രമണം വിജയം കണ്ടു. സവാഹിരിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു

1981-ലെ അന്‍വര്‍ സാദത്ത് വധത്തിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് സവാഹിരി ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഗൂഢാലോചനാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്. കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ആയുധം കൈവശം വെച്ചതിനും സംശയനിഴലില്‍ കഴിഞ്ഞിരുന്ന പലരേയും ഒളിവില്‍ പോകുവാന്‍ സഹായിച്ചതിനും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു 1984 -ല്‍ പുറത്തിറങ്ങിയ സവാഹിരി തീവ്രനിലപാടുകള്‍ കടുപ്പിച്ചുകൊണ്ട് കൂടുതല്‍ അപകടകാരിയായി മാറുകയായിരുന്നു. ആദ്യം സൗദിയിലേക്കും അവിടെനിന്ന് പാക്കിസ്താനിലൂടെ അഫ്ഗാനിസ്ഥാനിലേക്കും എത്തിച്ചേര്‍ന്ന സവാഹിരി തന്റെ കീഴിലുണ്ടായിരുന്ന ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയെ ഒസാമ ബിന്‍ ലാദന്റെ അല്‍ ഖായിദയുമായി ലയിപ്പിച്ചുകൊണ്ട് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചു.

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ പ്രമുഖ ഡോക്ടര്‍മാരും പണ്ഡിത ശ്രേഷ്ഠന്മാരും ഉള്‍പ്പെട്ട കുടുംബത്തിലാണ് സവാഹിരി ജനിച്ചത്. പഠനത്തില്‍ മികവ് പുലര്‍ത്തിയ സവാഹിരി 1978-ല്‍ സര്‍ജറിയില്‍ ബിരുദാനാന്തര ബിരുദം നേടിയ ശേഷം സ്വന്തമായി ക്ലിനിക്കും തുടങ്ങിയിരുന്നു. മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഭരണ വിരുദ്ധ സംഘടനയുമായി പതിനഞ്ചാം വയസ് മുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി. അന്നു മുതലേ നോട്ടപ്പുള്ളിയായെങ്കിലും ഉന്നത കുടുംബപാരമ്പര്യവും വലിയ ബന്ധുബലവുമെല്ലാം സവാഹിരിയെ കുഴപ്പങ്ങളില്‍ നിന്നെല്ലാം സംരക്ഷിച്ചു പോന്നിരുന്നു. അന്‍വര്‍ സാദത്ത് വധ ഗൂഢാലോചന കേസോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ലോകത്തെ ഞെട്ടിച്ച 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ സവാഹിരിയുടെ തലയ്ക്കു രണ്ടരക്കോടി ഡോളറായിരുന്നു അമേരിക്ക വിലയിട്ടിരുന്നത്.

സെയിഫ് അല്‍ ആദില്‍; ഇപ്പോഴത്തെ അല്‍ ഖായിദ തലവന്‍

സവാഹിരിയുടെ മരണശേഷം അല്‍ ഖായിദയുടെ ഇപ്പോഴത്തെ തലവനായി ചുമതല ഏറ്റെടുത്തിരിക്കുന്നത് സെയിഫ് അല്‍ ആദില്‍ എന്ന മുന്‍ ഈജിപ്ടിഷ്യന്‍ പട്ടാള ഉദ്യോഗസ്ഥനാണ് എന്നാണ് അമേരിക്ക സംശയിക്കുന്നത്. ഒരു കാലത്ത് ഒസാമയുടെ സുരക്ഷാ മേധാവിയായിരുന്ന ഇയാളെ അല്‍ ഖായിദയിലെ മൂന്നാമനായിട്ടാണ് സംഘാഗങ്ങള്‍ കണക്കാക്കിയിരുന്നത്. ഒസാമക്കും സവാഹിരിക്കും ശേഷം സംഘടനയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി. 1998-ല്‍ കെനിയയിലെ യൂ എസ്. എംബസിയില്‍ നടന്ന ബോബാക്രമണത്തോടെയാണ് ആദില്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാകുന്നത്.

1976-ല്‍ ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ആദില്‍ അവിടെ സ്‌ഫോടകകാര്യ വിദഗ്ധന്‍ എന്നനിലയില്‍ ശ്രദ്ധേയനാവുകയും പിന്നീട് കേണല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. അന്‍വര്‍ സാദത്ത് വധത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണവിധേയമാക്കപ്പെടുകയും പിന്നീട് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല. പുറത്തിറങ്ങിയ ശേഷം ഇയാള്‍ 'മക്തബ് അല്‍ ഖിദ് -മത്' എന്നൊരു തീവ്രസംഘടനയിലൂടെ അതിവേഗം കുപ്രസിദ്ധനാവുകയും 1987-ല്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലാവുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ജയില്‍മോചിതനായ ആദില്‍ .അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയും അല്‍ ഖായിദക്കൊപ്പം ഭീകരാക്രമണ പദ്ധതികളില്‍ കൂടുതല്‍ സജീവമായി പങ്കെടുത്തുകൊണ്ട് രാജ്യാന്തര ഭീകരന്‍ എന്ന നിലയില്‍ ശ്രദ്ധാകേന്ദ്രമായി മാറി..ഇയാളുടെ രക്തത്തിനായി അമേരിക്ക ഇപ്പോഴും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

അന്‍വര്‍ സാദത്ത് വധവും സുരക്ഷാ മുന്‍കരുതലുകളും

ഭരണത്തലവനായിരിക്കെ അന്‍വര്‍ സാദത്ത് വധിക്കപ്പെട്ട രീതി തീവ്രവാദ ഭീഷണി നേരിട്ടിരുന്ന പല രാജ്യങ്ങള്‍ക്കും ഒരു പാഠമായിരുന്നു. പരേഡുകളില്‍ ലോഡ് ചെയ്ത തോക്കുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി. പരേഡിനിടയില്‍ സൈനികരെ സസൂഷ്മം നിരീക്ഷിക്കുന്നതിനും പുതു സംവിധാനങ്ങള്‍ നിലവില്‍ വന്നു. എന്നിട്ടും സമാനമായ രീതിയില്‍ മറ്റൊരാക്രമണം നടന്നത് 1987-ല്‍ കൊളംമ്പോയില്‍ വെച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് നേരെയായിരുന്നു ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ സമാധാന സേനയെ അങ്ങോട്ട് അയച്ചതിനു പിന്നാലെ സമാധാനകരാറില്‍ ഒപ്പുവെക്കുവാനാണ് രാജീവ് ഗാന്ധി കൊളംമ്പോയില്‍ എത്തിചേര്‍ന്നത്.

ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡ് നിരീക്ഷിക്കുന്നതിടെയാണ് വിജിത റോഹന്നാ ഡി സില്‍വ എന്ന ശ്രീലങ്കന്‍ സൈനികന്‍ മിന്നല്‍വേഗത്തില്‍ തോക്കിന്റെ പാത്തി കൊണ്ട് രാജീവ് ഗാന്ധിയുടെ തലയ്ക്കു പിന്നില്‍ ശക്തിയായി അടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പിന്നില്‍ പൊടുന്നനെ അസ്വാഭാവിക ചലനം ശ്രദ്ധിച്ച ഗാന്ധി അതിവേഗം ഒഴിഞ്ഞു മാറിയതിനാല്‍ വലിയ പരുക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. ഡി സില്‍വയെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പെടുത്തുകയും പിന്നീട് കോര്‍ട്ട് മാര്‍ഷിയേലിനു വിധേയമാക്കുകയും ചെയ്തു. രാജീവ് ഗാന്ധിയെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ ആക്രമിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. ഈ സംഭവത്തോടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡുകളില്‍ വി.ഐ.പികള്‍ പങ്കെടുക്കുമ്പോള്‍ സൈനികരുമായി പാലിക്കേണ്ട നിശ്ചിത അകലത്തിലും മറ്റ് സുരക്ഷാരീതികളിലുമൊക്കെ വലിയ മാറ്റങ്ങള്‍ വന്നുചേര്‍ന്നു.

വിചിത്രമെന്ന് തോന്നാം. അന്‍വര്‍ സാദത്ത് വധിക്കപ്പെട്ട ഏതാണ്ട് സമാനമായ രീതിയില്‍ തന്നെയാണ് കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും വധിക്കപ്പെട്ടത്. സുരക്ഷാവീഴ്ചകള്‍ മാത്രം കൊണ്ട് സംഭവിച്ച ഒരു ദുരന്തം ആയിരുന്നു ഇന്ദിര ഗാന്ധി വധം. 1984 ഒക്ടോബര്‍ 30-ന് രാവിലെ 10.30-നാണ് ഇന്ദിര ഗാന്ധി സ്വവസതിയില്‍ സ്വന്തം സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് വീണത്. ഈജിപ്തിലെ അന്‍വര്‍ സാദത്ത് വധത്തിനു ശേഷം ലോകമെങ്ങും ഭരണത്തലവന്മാരുടെ സുരക്ഷാ ഭടന്മാരെയും അവരുള്‍പ്പെടുന്ന സംവിധാനങ്ങളെയും കര്‍ശനമായി നീരിക്ഷണവിധേയമാക്കി കൊണ്ടിരുന്ന കാലത്താണ് ഇന്ത്യയില്‍ ഇങ്ങനെയൊരു ദുരന്തം അരങ്ങേറിയത്. ഇന്ദിര ഗാന്ധിയുടെ അനുമതിയോടെ നടന്ന സൈനിക നടപടിയായ 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' സിഖുകാരുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സൃഷ്ടിച്ച രക്തക്കുരുതി സിഖ് മതസ്ഥരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അര്‍ദ്ധ സൈനിക വിഭാഗങ്ങളിലടക്കം കടുത്ത ജാഗ്രത വേണമെന്ന നിര്‍ദേശം വന്നു മാസങ്ങള്‍ക്കകമാണ്‌ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടത്

ഇന്നും ലോകനേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഏറ്റവുമധികം നിരീക്ഷിക്കപ്പെടുന്നത് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് എന്നതാണ് കൗതുകകരമായ കാര്യം. പണക്കരുത്തും നല്ല ആയുധബലവുമുള്ള ആഗോള തീവ്രവാദസംഘങ്ങള്‍ക്ക് ഏത് സുരക്ഷാഭിത്തിയിലേക്കും ഏതു നിമിഷവും ഇടിച്ചു കയറിവരാൻ സാധിച്ചേക്കും എന്ന സന്ദേഹം അവരെ കൂടുതല്‍ ജാഗരൂകരാക്കുന്നു. ഭരണാധിപതികളായിരിക്കെ അന്‍വര്‍ സാദത്തും ഇന്ദിര ഗാന്ധിയും വധിക്കപ്പെട്ട രീതി ഇനി ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടില്ല എന്ന് നിസ്സംശയം പറയാനും സാധിക്കില്ല. സുരക്ഷാ കവചങ്ങളിലെ ചെറിയ വിള്ളലുകളോ നിരീക്ഷണനേത്രങ്ങളുടെ ചെറുമങ്ങലുകളോ മാത്രം മതി ആ രക്തചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടാൻ.

Content Highlights: Assassination of Anwar Sadat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented