അസമിലെ നകുതിയ ക്യാമ്പ്, മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ | ഫോട്ടോ: എ.എൻ.ഐ
പോലീസിന്റെ വെടിയേറ്റ് പിടഞ്ഞുവീണ ഒരു മനുഷ്യന്റെ നെഞ്ചില്‍ ഓടിയെത്തി ആഞ്ഞ് ചവിട്ടുന്ന ഒരു ഫോട്ടോഗ്രാഫര്‍. അതുകണ്ട് നോക്കിനിന്ന
പോലീസുകാരും സംഭവം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കണ്ടാസ്വദിച്ച ഒരു കൂട്ടം ജനങ്ങളും. രാജ്യത്ത് വളര്‍ന്ന് വരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ ദിവസം. ഒരു മനുഷ്യന്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ആ കാഴ്ചയ്ക്ക് രാജ്യം സാക്ഷിയാകേണ്ടി വന്നത് രണ്ട് വര്‍ഷംമുമ്പ് അസമില്‍ വെച്ചാണ്.
അനധികൃത കുടിയേറ്റക്കാരെന്ന് പറഞ്ഞ് ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അസമില്‍ നടത്തിയ ഒഴിപ്പിക്കല്‍ നടപടിക്കിടെയായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ കാഴ്ചയുണ്ടായത്. പിന്നെ നടന്നത് രാജ്യം ഇതുവരെ കാണാത്ത കുടിയൊഴിപ്പിക്കല്‍. ദശാബ്ദങ്ങളായി തങ്ങളുണ്ടാക്കിയതെല്ലാം ബുള്‍ഡോസറുകള്‍ക്കിടയില്‍ കിടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന് തീരുന്നത് നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനും സാധിക്കാത്തവരായി അസമിലെ ഒരുകൂട്ടം ജനങ്ങള്‍ മാറി. വഴിയാധാരമായത് ആയിരങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദുരിതക്കയത്തിലാണിവര്‍. ഒരു കാലത്ത് കൃഷി ചെയ്ത് നല്ല നിലയില്‍ ജീവിച്ചിരുന്നവരാണ് ഒരു ദിവസം നേരമിരുട്ടിക്കഴിയുന്നതിന് മുന്‍പേ പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍ തള്ളപ്പെട്ടത്. പശുത്തൊഴുത്തിനേക്കാള്‍ ഭീകരമാണ് ഇവിടേയുള്ളവരുടെ ജീവിതമെന്ന് വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി വിമര്‍ശിച്ചതോടെ അസം കുടിയൊഴിപ്പിക്കല്‍ വീണ്ടും വാര്‍ത്തയില്‍ ഇടംനേടി.

'നിങ്ങള്‍ക്കൊരു ജനതയെ പശുക്കളെ കെട്ടിയിട്ടത് പോലെ ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ എത്രകാലം സംരക്ഷിക്കാന്‍ കഴിയും. അവിടെ കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളുമില്ലേ? നിങ്ങളുടെ കുട്ടികള്‍ വിദ്യാഭ്യാസവും അവരുടെ സ്വപ്‌നങ്ങളും നഷ്ടപ്പെട്ട് രണ്ട് വര്‍ഷത്തോളം ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കടിയില്‍ കഴിയുന്നത് ഓര്‍ത്തു നോക്കൂ. ആ അവസ്ഥയെ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടോ? മനുഷ്യത്വമില്ലായ്മ അതിന്റെ എല്ലാ സീമയും ലംഘിച്ചിരിക്കുകയാണ്.'അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിന് ഇരയായി തലചായ്ക്കാന്‍ ഇടമില്ലാതായി ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ ദുരിതം സംബന്ധിച്ച് ഗുവാഹാട്ടി ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ച വാക്കുകളാണിത്.
പതിറ്റാണ്ടുകളായി കൈവശംവച്ച് കൃഷിചെയ്തും താമസിച്ചും വരുന്ന ഭൂമിയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തിയ ഒഴിപ്പിക്കല്‍ നടപടിയാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. 2021 മെയ് മാസം മുതലായിരുന്നു ഈ ഒഴിപ്പിക്കല്‍ നടപടി സജീവമായത്. പുനരധിവാസവും പുനരധിവാസ പദ്ധതിയും ഒരുക്കാതെയും പരസ്പരം ധാരണയില്ലാതേയും ആയിരക്കണക്കിന് ജനങ്ങളെയാണ് അന്ന് സര്‍ക്കാര്‍ കൈവശഭൂമിയില്‍ നിന്ന് ബലമായി പുറത്താക്കിയത്.
അസം നിയമസഭയുടെ ഔദ്യോഗിക കണക്കുപ്രകാരം മാത്രം ഇതുവരെ വഴിയാധാരമാക്കപ്പെട്ടത് 4449 കുടുംബങ്ങളാണ്. ഒഴിപ്പിക്കപ്പെട്ടവര്‍ ഇപ്പോഴും പല ക്യാമ്പുകളില്‍ കഴിയുന്നു. കൃത്യമായ ആരോഗ്യ സുരക്ഷയില്ല, പലരുടേയും ജോലി നഷ്ടപ്പെട്ടു, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയാതായി. അന്നന്നത്തെ ആഹാരത്തിന് പോലും വഴിയില്ലാത്തവരായി.
- പഠനമില്ല ജോലിയില്ല

വെയില്‍ കനക്കുമ്പോള്‍ ടാര്‍പോളിന്‍ ചൂടായി ഞങ്ങളുടെ ദേഹമാകെ ചുട്ടുപൊള്ളും, മഴപെയ്താല്‍ മഴവെള്ളം നേരിട്ട് ഷെഡുകളിലേക്ക് ഒലിച്ചെത്തും, കാറ്റടിച്ചാല്‍ മേല്‍ക്കൂര ഒന്നാകെ പറന്ന് പോവും
രണ്ടുവര്‍ഷമായി ക്യാമ്പില്‍ ഇതാണവസ്ഥയെന്ന് പറയുന്നു താമസക്കാര്‍. പക്ഷെ ഒഴിപ്പിക്കല്‍ നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ബദല്‍മാര്‍ഗമൊന്നും ഒരുക്കുന്നുമില്ല. വിദ്യാഭ്യാസം നഷ്ടപ്പെട്ടതോടെ കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ തന്നെ പ്രശ്‌നമുണ്ടായി. സ്വന്തമായി ഭൂമിയും ജോലിയും ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസമൊക്കെ നല്ലരീതിയില്‍ കൊണ്ടുപോയവരാണ് ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്നത്. ജോലിയില്ലാതായതോടെ സ്‌കൂള്‍ ഫീസും മറ്റും താങ്ങാനാവാതെ പലര്‍ക്കും കുട്ടികളുടെ പഠനം നിര്‍ത്തേണ്ടി വന്നു.
പഠിച്ചത് മറന്നുപോവാതിരിക്കാന്‍ പലരും പഴയ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നോ നാളെയോ സ്‌കൂളില്‍ പോവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ. ഇനിയെപ്പോഴാണ് സ്‌കൂളില്‍ പോവാനാവുകയെന്നത് ചോദിച്ചുകൊണ്ടിരിക്കുകയാണ് കുട്ടികള്‍. അത് കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറയുന്നു. കാലങ്ങളായി കൃഷി ചെയ്ത് വരുമാനം കണ്ടെത്തിയവരായിരുന്നു ക്യാമ്പിലുള്ളവരില്‍ ഭൂരിഭാഗവും. ഇപ്പോള്‍ കൃഷിചെയ്യാന്‍ ഭൂമിയില്ല, ഭൂമിയില്ലാതെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മറ്റുജോലിക്ക് പോവാനും പറ്റുന്നില്ല. അവരെങ്ങനെ ഒന്നുമുതല്‍ വീണ്ടും തുടങ്ങും എങ്ങനെ കുട്ടികളുടെ വിദ്യാഭ്യാസം നടത്തും-അസമിലെ പ്രണബ് ഡോളെ എന്ന ആക്ടിവിസ്റ്റ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ചോദിക്കുന്നു. സ്‌കൂളില്‍ പോകാനാവുന്നില്ല എന്നതിനപ്പുറം വൃത്തിയുള്ള ടോയ്‌ലെറ്റ് സൗകര്യമില്ല, കുടിവെള്ളമില്ല, വൈദ്യുതിയും വെളിച്ചവുമില്ല. ചെറിയ മഴ പെയ്താല്‍ പോലും വെള്ളം ഒലിച്ച് അകത്തെത്തും. ശരിക്കും നരകതുല്യമാണ് ഇവിടെയുള്ളവരുടെ ജീവിതം. ക്യാമ്പ് സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വിഷയത്തില്‍ ഗുവാഹാട്ടി ഹൈക്കോടതി ഇടപെട്ടതോടെ ചിലയിടങ്ങളില്‍ വലിയ കുടിവെള്ള ടാങ്കുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചു. വൃത്തിഹീനമായ ക്യാമ്പിലെ അവസ്ഥ കുട്ടികളെയടക്കം പലതരത്തിലുള്ള രോഗത്തിന് അടിമകളാക്കുന്നുവെന്ന് മെഡിക്കല്‍ സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ പ്രാഥമിക ആവശ്യമായ കക്കൂസ്, ഡ്രൈനേജ്, മാലിന്യസംസ്‌കരണം, വൈദ്യുതി എന്നിവയൊന്നും നടപ്പിലാവുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു.
ക്യാമ്പുകളിലെ കുട്ടികള്‍ക്ക് ഭരണഘടന അവര്‍ക്ക് നല്‍കുന്ന എല്ലാ അവകാശവും ലഭ്യമാക്കണമെന്ന് മുന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ പ്രവര്‍ത്തക ഡോ.ശാന്ത സിന്‍ഹ ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഭക്ഷ്യലഭ്യത ഉറപ്പാക്കണം, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം ലഭ്യമാക്കണം. അംഗന്‍വാടി സൗകര്യങ്ങള്‍ ലഭ്യമാക്കണം. കുട്ടികളെ സംരക്ഷിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായിരിക്കുന്നത്. കുട്ടികളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ കടമായാണെന്നും ശാന്ത സിന്‍ഹ ചൂണ്ടിക്കാട്ടി.
-1080.jpg?$p=01e5b57&&q=0.8)
- കാര്‍ഷിക ഉപകരണങ്ങള്‍ പോലും എടുക്കാന്‍ സമ്മതിക്കാതെ പുറത്താക്കല്‍
പ്രത്യേകിച്ച് അറിയിപ്പൊന്നുമില്ലാതെയാണ്പോലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളിലെത്തിയത്. പരിശീലനമെന്ന പേരില്‍ ക്യാമ്പ് സ്ഥാപിച്ച് ദിവസങ്ങളോളം ഗ്രാമങ്ങളില്‍ കഴിഞ്ഞു. പിന്നീടൊരു ദിവസം ബുള്‍ഡോസറുകളുമായി മറ്റ് ഉദ്യോഗസ്ഥരുമെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നുവെന്ന് ഓര്‍മിക്കുന്നു ക്യാമ്പിലെ റഹ്‌മാന്‍ എന്ന താമസക്കാരന്‍. കാലങ്ങളായി ഇവിടെ താമസിച്ചുപോരുകയായിരുന്ന ബംഗാള്‍ വംശജരായ മുസ്ലീം വിഭാഗത്തില്‍ പെട്ടവരാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഇരയായവരില്‍ ഏറെയും. കരഞ്ഞ് പറഞ്ഞിട്ടും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും പറയുന്നു റഹ്‌മാന്‍. അന്നുമുതല്‍ വിവിധ ക്യാമ്പുകളിലാണ് താമസിച്ചുപോന്നത്. പക്ഷെ സര്‍ക്കാരോ ബന്ധപ്പെട്ടവരോ തിരിഞ്ഞുനോക്കിയിരുന്നില്ല.

ക്യാമ്പിലെ നരകതുല്യ ജീവിതം സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിലാണ് ഒരു അസം മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഗുവാഹാട്ടി ഹൈക്കോടതി സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുകയും മുതിര്‍ന്ന അഭിഭാഷകനെ സ്ഥലം സന്ദര്‍ശിക്കാന്‍ നിയോഗിക്കുകയും ചെയ്യുകയായിരുന്നു. ഇദ്ദേഹം തയ്യാറാക്കി നല്‍കിയ 36 പേജ് റിപ്പോര്‍ട്ടിലാണ് ക്യാമ്പ് പശുത്തൊഴുത്തിനേക്കാള്‍ കഷ്ടമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. ഇതോടെ വിഷയത്തില്‍ ഹൈക്കോടതി ഉടപെടുകയും ചെയ്തു. ഇനിയൊരിക്കലും കുട്ടികളെ പഠിക്കാന്‍ വിടാന്‍ കഴിയില്ലെന്നും പഴയപോലെയുള്ള ജീവിതം തിരിച്ചുവരില്ലെന്നും അറിഞ്ഞ് ആണ്‍കുട്ടികളെ ദൂരസ്ഥലങ്ങളിലെ ഫാക്ടറികളിലും മറ്റും ജോലിക്ക് അയയ്ക്കുകയാണ് രക്ഷിതാക്കള്‍. ഇവര്‍ അയക്കുന്ന ചെറിയ തുകമാത്രമാണ് ഇപ്പോള്‍ പലരുടേയും ഏക വരുമാനം.
ക്യാമ്പുകളുടെ പരിസരങ്ങളിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലിപ്പോള്‍ തന്നെ ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിയിലധികം കുട്ടികളായി. കൃത്യമായ ജോലിയും വരുമാനവും ഇല്ലാതായതോടെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമായി. ഇതോടെ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ട്.

- പിടിച്ചെടുക്കല്‍ തൊഴില്‍ ലഭ്യമാക്കാന്‍
രാജ്യം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായ അസം പ്രളയകാലത്ത് ദുരിതം അനുഭവിച്ചവര്‍ തന്നെയാണ് വീണ്ടും ഒഴിപ്പക്കല്‍ നടപടികള്‍ക്കും ഇരയായത്. പലരും പച്ചക്കറികളും ഭക്ഷ്യ വസ്തുക്കളും സ്വന്തമായി കൃഷി ചെയ്ത് ഗുവാഹാട്ടി, മാംഗല്‍ഡോയി എന്നിവിടങ്ങളിലെത്തിച്ച് വില്‍പ്പന നടത്തി ജീവിച്ച് പോന്നവര്‍. എന്നാല്‍ ഇന്നതല്ലാം ഓര്‍മകൾ മാത്രമായി മാറിയിരിക്കുകയാണ് ക്യാമ്പിലുള്ളവര്‍ക്ക്. ഏക്കര്‍ കണക്കിന് സ്ഥലത്ത് പയര്‍വര്‍ഗങ്ങള്‍, ചോളം, കടുക്, നെല്ല് എന്നിവയെല്ലാം കൃഷിചെയ്തവര്‍ ഇന്ന് ഭൂമിയും കൃഷിയും നഷ്ടപ്പെട്ട് കര്‍ഷകനെന്ന പേര് പോലും ഇല്ലാതായി ദിവസേനയുള്ള അന്നത്തിന് കൈനീട്ടേണ്ടി വരുന്നു. ഈ ഗതി മറ്റൊരു ലോകത്തുള്ളവര്‍ക്കുമുണ്ടാവരുത്. ദല്‍പുര്‍ ക്യാമ്പിലെ റാഷിദ് എന്ന പഴയ കര്‍ഷകന്‍ തന്നെ കാണാനെത്തുന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് പറയുകയാണ്.
Content Highlights: Assam eviction drive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..