അരിക്കൊമ്പന് രാഷ്ട്രീയവും പരിസ്ഥിതി ബോധവുമുണ്ട്; അതില്ലാതെ പോകുന്നത് മനുഷ്യര്‍ക്കാണ്


By എന്‍.വി.ബാലകൃഷ്ണന്‍

21 min read
Read later
Print
Share

അരിക്കൊമ്പൻ | Photo: Mathrubhumi Library

അരിക്കൊമ്പന്‍ സിമന്റ് പാലത്ത് തിരിച്ചെത്തുമോ?

'അരിക്കൊമ്പന്‍' എന്ന വിളിപ്പേര് നല്‍കപ്പെട്ട കാട്ടുകൊമ്പനെ ചുറ്റിപ്പറ്റി ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമായി എന്ന് കരുതാം. താല്‍ക്കാലിക വിരാമം മാത്രമാണെന്നു കരുതാനേ കഴിയൂ. ചിന്നക്കനാല്‍ സിമന്റ് പാലം ഭാഗത്തുനിന്ന് മയക്കുവെടി വെച്ച് ഉറക്കിയ ആനയെ, റേഡിയോ കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മുല്ലക്കുടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടികൂടി നാടുകടത്താനുള്ള ശ്രമത്തിനിടയില്‍ കുങ്കിയാനകളുടെ ഭേദ്യംചെയ്യലില്‍ ആനയ്ക്ക് പരിക്കുകളേറ്റതായും വനം വകുപ്പ് സമ്മതിച്ചിട്ടുണ്ട്. ആവശ്യമായ ചികിത്സ നല്‍കിയതായും അവര്‍ അവകാശപ്പെടുന്നു. ആനയുടെ നീക്കങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.

നിലമ്പൂര്‍ വനമേഖലയില്‍നിന്ന് പിടികൂടി മസിനഗുഡിയില്‍ തുറന്നുവിട്ട ഒരു മോഴയാന പിന്നീട് സത്യമംഗലം കാടുകളിലും മുതുമലയിലും ബന്ദിപ്പൂരിലും മറ്റും ചുറ്റിത്തിരിഞ്ഞ ശേഷമാണ് ബത്തേരി നഗരത്തിലെത്തിയതും വീണ്ടും പിടികൂടപ്പെടുന്നതും. ബത്തേരി നഗരം മുറിച്ചു കടന്ന് ഗൂഡല്ലൂരിലേക്കും അവിടെനിന്നു നിലമ്പൂര്‍ വനങ്ങളിലേക്കും തിരിച്ചു പോകാനുള്ള ശ്രമത്തിനിടയിലാണ് ആന സോളാര്‍ വേലിക്കടിയിലെ വെള്ളച്ചാലിലൂടെ നൂണ്ട് കടന്ന് ബത്തേരി നഗരത്തിനരികിലെത്തിയതെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഈയാനക്ക് 'പി.എം. 2 ' എന്ന പേര് നല്‍കി മുത്തങ്ങയില്‍ കൂട്ടിലടച്ചിരിക്കയാണ്. ഇത് കാണിക്കുന്നത്, തന്റെ ആവാസ വ്യവസ്ഥയില്‍നിന്ന് പറിച്ചുമാറ്റപ്പെട്ടാലും ഒരു ഇടവേളയ്ക്കു ശേഷം ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പന്‍ തിരിച്ചെത്തുന്നതിനുള്ള സാദ്ധ്യത വിരളമല്ലെന്നാണ്. ഒരു പക്ഷേ, താന്‍ ജീവിച്ച വനമേഖലയേക്കാള്‍ കുറേക്കൂടി മെച്ചപ്പെട്ട ആവാസ മേഖലയാണ് മുല്ലക്കുടിയെന്ന്‌ അനുഭവപ്പെട്ടാല്‍, കുറേക്കാലം അവിടെത്തന്നെ പുതിയ ബന്ധങ്ങളും കൂട്ടും ഇണയുമൊക്കെയായി ജീവിച്ചാലും അതിശയപ്പെടാനില്ല. ആനയിറങ്കല്‍ മേഖലയില്‍നിന്ന് 100 കിലോ മീറ്ററില്‍ താഴെ ദൂരം മാത്രമേ മുല്ലക്കുടിയിലേക്കുള്ളൂ.

ഇതുകൊണ്ട് ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാനകളുടെ ശല്യമവസാനിക്കും എന്ന് കരുതുന്നതില്‍പരം അസംബന്ധം മറ്റൊന്നുണ്ടാവില്ല. സസ്യങ്ങള്‍ പോലും വികാരക്കൈമാറ്റങ്ങളും വൈകാരികപ്രകടനങ്ങളും നടത്തുന്നുണ്ടെന്ന്‌ ശാസ്ത്രജ്ഞര്‍ തെളിവുകള്‍ നിരത്തി അവകാശപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ആനകളാകട്ടെ, കൂട്ടങ്ങളായി സാമൂഹ്യജീവിതം നയിക്കുന്നവയാണ്. അരിക്കൊമ്പനെ മയക്കുവെടി വെച്ചതും കുങ്കിയാനകളെ ഉപയോഗിച്ച് ഭേദ്യം ചെയ്ത് ലോറിയില്‍ കയറ്റി കൊണ്ടുപോയതുമൊക്കെ അവയ്ക്കിടയിലുണ്ടാക്കിയ പിരിമുറുക്കങ്ങള്‍ അവഗണിക്കാവുന്നതല്ല. ചക്കക്കൊമ്പന്‍ വിട്ടുപിരിയാതെ കൂടെ നില്‍ക്കാന്‍ ശ്രമിച്ചതും നിവൃത്തിയല്ലാതെ വന്നപ്പോള്‍ ദൂരെ മാറിനിന്ന് കുങ്കിയാനകള്‍ അരിക്കൊമ്പനെ ഭേദ്യം ചെയ്ത് വണ്ടിയില്‍ കയറ്റുന്നതും കൊണ്ടുപോകുന്നതും നോക്കി നിന്നതും ദൗത്യസംഘം കണ്ടതാണ്. പിറ്റേന്ന് ആനക്കൂട്ടങ്ങള്‍ ഈ മേഖലയിലൊക്കെ വന്ന് നിരീക്ഷിച്ചതും നിലയുറപ്പിച്ചതും തൊട്ടടുത്ത ദിവസം ചക്കക്കൊമ്പന്റെ നേതൃത്വത്തില്‍ ഈ മേഖലയില്‍ ആനക്കൂട്ടം ആക്രമണം നടത്തിയതും വാര്‍ത്തകളിലിടം പിടിക്കുകയുണ്ടായി. മനുഷ്യരോടുള്ള ഭയവും ശത്രുതയുമൊക്കെ വര്‍ദ്ധിക്കാനാണിത് ഇടവരുത്തുക.

ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പനുണ്ടായിരുന്ന സ്ഥാനം അവന്റെ ശാരീരികക്ഷമത, ധൈര്യം, ബുദ്ധി തുടങ്ങി പല ഘടകങ്ങള്‍ നിമിത്തം അവനാര്‍ജ്ജിച്ചെടുത്തതും മറ്റ് ആനകള്‍ അംഗീകരിച്ച് നടപ്പാക്കപ്പെട്ടതുമാണ്. മദപ്പാടില്‍നിന്ന് അവന്‍ വിട്ടുമാറിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. സ്വാഭാവികമായും അവന്റെ തിരോധാനം സൃഷ്ടിക്കുന്ന ശൂന്യത മറ്റാനകള്‍ക്ക് പരിഹരിച്ചേ മതിയാവൂ. അതിനര്‍ത്ഥം അരിക്കൊമ്പന്റെ സ്ഥാനത്തേക്ക് മറ്റ് ആനകള്‍ ഉയര്‍ന്നുവരികയും അവ ആ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്യും എന്നാണ്. അതൊരു പക്ഷേ, ഒന്നില്‍ കൂടുതല്‍ അരിക്കൊമ്പന്മാരെ അവിടെ സൃഷ്ടിച്ചെടുത്തേക്കാം. വനത്തിനകത്ത് മനുഷ്യര്‍ക്ക് കുഴപ്പക്കാരനായ ഒരു മൃഗത്തെ മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. കോടികള്‍ ചെലവഴിച്ച്, മാധ്യമങ്ങളിലൂടെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച്, നാം നടത്തുന്ന ആനപിടുത്തങ്ങളും മൃഗവേട്ടകളുമൊക്കെ ശാസ്ത്രീയമാണോ എന്ന് വനം വകുപ്പും സര്‍ക്കാരും വനം മന്ത്രിയുമൊക്കെ പലയാവര്‍ത്തി ആത്മപരിശോധന നടത്തേണ്ട സാഹചര്യങ്ങളാണ് നിലവിലുള്ളത്.

മാധ്യമങ്ങള്‍ നിര്‍മ്മിച്ചെടുത്ത അരിക്കൊമ്പന്‍

ഇടാമിടുക്കിനകത്ത് (നിന്ന് തിരിയാന്‍ ഇടമില്ലാത്ത ആനക്കൂട്) പീഡിപ്പിക്കപ്പെട്ട് മെരുക്കി(ഇണക്കിയല്ല) അടിമജീവിതം നയിച്ച് അവസാനിച്ചു പോകുമായിരുന്ന ഒരു വന്യമൃഗത്തിന് ഭാഗികമായെങ്കിലും രക്ഷകനായെത്തിയത് കോടതിയാണ്. യഥാര്‍ത്ഥത്തില്‍ ഈ കാട്ടുകൊമ്പന്റെ രക്ഷകനാകേണ്ടിയിരുന്നത് സംസ്ഥാന വനം വകുപ്പും വിശിഷ്യാ വനം മന്ത്രിയുമായിരുന്നു. പക്ഷേ, ഏറ്റവും വലിയ നിഗ്രഹബുദ്ധി പ്രകടിപ്പിച്ചത് അവരായിരുന്നു. റേഷന്‍ കടകളും വീടുകളും തകര്‍ത്ത് അരി ഭക്ഷിക്കുന്നു എന്നതാണ് ഈ കാട്ടുകൊമ്പനെതിരേ ഉയര്‍ന്ന മുഖ്യ ആരോപണം. വഴിയെ അത് വിശദമായി പരിശോധിക്കാം. മറ്റൊന്ന് ഈ ആന മനുഷ്യരെ ആക്രമിച്ച് കൊല്ലുന്നു എന്നതായിരുന്നു. 50 പേരെ കൊന്ന ആന എന്നുവരെ പറയാന്‍ ധൈര്യം കാണിച്ച മാധ്യമങ്ങളുണ്ട്. ഈ വന്യമൃഗത്തിന് അത് നിഷേധിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട്, വാര്‍ത്ത സെന്‍ഷസേഷണലാക്കാന്‍ നാം മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തും പറയാം. മാധ്യമപ്രവര്‍ത്തകരെയോര്‍ത്ത് ജീവിതത്തില്‍ ഏറ്റവും അപമാനം തോന്നിയ ദിവസങ്ങളാണ് കടന്നു പോയത്.

'അരിക്കൊമ്പാ...... പണി പാളി' 'നിന്നെ മര്യാദ പഠിപ്പിക്കും' തുടങ്ങി സിനിമാപ്പേരുകളും പഞ്ച് ഡയലോഗുകളും വെച്ച് നാം റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ ഭാവിയിലെ മാധ്യമപ്രവര്‍ത്തകരും സമൂഹവും വിലയിരുത്തുന്നത് ഓര്‍ക്കുമ്പോള്‍ ശരിക്കും അപമാനബോധം കൊണ്ട് തല കുനിയുന്നുണ്ട്. കമ്മ്യൂണിക്കേഷന്‍ രംഗത്ത് ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയവരാണെങ്കിലും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കനുസരിച്ച് ഒഴുകുന്നതാണ് മാധ്യമ പ്രവര്‍ത്തനം എന്ന് ധരിച്ചുവശായവരാണ് നമ്മളില്‍ പലരും. പരിസ്ഥിതി ശാസ്ത്രത്തിന്റെ ഹരിശ്രീ പോലും കയ്യിലില്ലാത്തവരാണ് ഇവരിലേറെയുമെന്നു വ്യക്തമാക്കിയ സന്ദര്‍ഭങ്ങളാണ് അരിക്കൊമ്പന്‍ റിപ്പോര്‍ട്ടിംഗിലൂടെ വെളിച്ചത്ത് വന്നത്. റേറ്റിംഗ് മത്സരങ്ങളെ കാണാതെയല്ല ഇത് പറയുന്നത്.

യഥാര്‍ത്ഥത്തില്‍ അരിക്കൊമ്പന്‍ ആരേയെങ്കിലും കൊന്നതിന് കൃത്യമായ രേഖകളൊ, വിവരങ്ങളോ ഒന്നുമില്ല. കാട്ടില്‍ മരണപ്പെടുന്നവരുടെയൊക്കെ മരണകാരണം 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന തത്വശാസ്ത്രമനുസരിച്ച് അരിക്കൊമ്പനില്‍ ആരോപിതമാകുന്നതാണ്. മൂന്നു പേരെ കൊന്നു എന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അരിക്കൊമ്പനേക്കാള്‍ കൂടുതല്‍ മനുഷ്യരെ കൊന്നത് ചക്കക്കൊമ്പനാണെന്ന്‌ ഇപ്പോള്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആറ് പാപ്പാന്മാരേയും നാലു സ്ത്രീകളേയും ഒരു വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ 13 പേരെ കൊമ്പില്‍ കോര്‍ത്തും ചവിട്ടിയും അടിച്ചും ജനത്തിന് മുമ്പിലിട്ട് കൊന്ന നാട്ടാനയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍.പക്ഷേ, ഈ ആനയെ ജനനിബിഡമായ പൂരപ്പറമ്പുകളില്‍എഴുന്നള്ളിക്കണമെന്ന് ഇപ്പോഴും വാശി പിടിക്കുകയും അതിന് വേണ്ടി കോടതി കയറുകയും ചെയ്യുന്ന നമുക്ക്, അരിക്കൊമ്പന്‍ തെമ്മാടിയും ഗുണ്ടാനേതാവുമാകുന്നതെന്തുകൊണ്ടാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? അരികൊമ്പനെ കുറിച്ച് ഈയൊരു കവലച്ചട്ടമ്പിച്ചിത്രം ലോകത്തിന് മുമ്പില്‍ സൃഷ്ടിച്ചെടുക്കുന്നത് വനം മന്ത്രിയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും റിസോര്‍ട്ട് മാഫിയയും പ്രാദേശിക രാഷ്ട്രീയ, ഭരണനേതൃത്വവും മാധ്യമങ്ങളും ഒക്കെ ചേര്‍ന്ന ഒരു ദൂഷിതവലയമായിരുന്നു എന്ന് പറയാതെ വയ്യ. അവര്‍ക്കതില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുമുണ്ടാവാം. അരിക്കൊമ്പനെ പിടിച്ചു ലോറിയില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ വിതുമ്പിക്കരയുന്ന പ്രദേശവാസികളുടേയും മറ്റും സെന്‍സേഷണല്‍ ചിത്രങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച മാധ്യമങ്ങള്‍, അരിക്കൊമ്പന്‍ വിഷയത്തിന്റെ വസ്തുനിഷ്ഠമായ അടിസ്ഥാന വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എന്ത് കൊണ്ട് ശ്രമിച്ചില്ല എന്ന പരിശോധനയും പ്രധാനമാണ്.

മൃഗാവകാശങ്ങളും ആള്‍ക്കൂട്ട വിചാരണയും

വനപ്രദേശങ്ങളില്‍ മനുഷ്യ-മൃഗ-സംഘര്‍ഷങ്ങളില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിക്കുന്നത് അങ്ങേയറ്റം വേദനാജനകമായ സംഭവമാണെങ്കിലും പതിവുള്ളതാണ്. അത് ചരിത്രാതീതകാലം മുതല്‍ തുടരുന്നതാണ്. ഇതിന് അറുതി വരുത്തണമെങ്കില്‍ മനുഷ്യര്‍ ശാസ്ത്രീയമായ പരിസ്ഥിതി അവബോധം ആര്‍ജിക്കുകയും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയില്‍ ഒരു സഹജീവനം സാദ്ധ്യമാക്കുകയുമാണ് വേണ്ടത്. ആധുനിക ശാസ്ത്ര-പരിസ്ഥിതി-ബോധമാര്‍ജ്ജിച്ചെങ്കിലേ നമുക്കതിന് കഴിയൂ. ശാസ്ത്രീയ പരിഹാര മാര്‍ഗ്ഗങ്ങളും ഉപാധികളും വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങളും നല്ല പോലെ നടക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, കീഴാള ജനതയുടെ അവകാശങ്ങള്‍ എന്നൊക്കെ നാമിപ്പോള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും 'മൃഗാവകാശങ്ങള്‍' എന്നൊന്ന് നാമിത് വരെ കേട്ട് തുടങ്ങിയിട്ടു പോലുമില്ല.

മൃഗങ്ങളെ പിടിച്ച് ഭേദ്യം ചെയ്ത് മെരുക്കുന്നതിനുള്ള ഇടിമുറികളും ജയിലുകളും നാം ധാരാളമായി പണിയുന്നുണ്ട്. ആനകള്‍ക്ക് വേണ്ടി വയനാട്ടിലെ മുത്തങ്ങയില്‍ ഒന്ന് പണിതിട്ടുണ്ട്. അതിനകത്താണ് പി.എം. 2 എന്ന മോഴയാന ഇപ്പോഴുള്ളത്. പാലക്കാട്ട് ധോണി ഹില്‍സില്‍ മറ്റൊന്നുണ്ട്. പി.ടി. 7 എന്ന കൊമ്പനാന അതിനകത്താണ് നരകിച്ച് കഴിയുന്നത്. അരിക്കൊമ്പന് വേണ്ടി കോടനാട് ഒന്ന് പണിതെങ്കിലും കോടതിയുടെ ഇടപെടല്‍ മൂലം അവന് അതിനകത്ത് നരകജീവിതം നയിക്കേണ്ടി വന്നില്ല. വടക്കനാട് കൊമ്പന്‍ മുതല്‍ പല ആനകളേയും ഇങ്ങനെ കൂട്ടിലിട്ട് മെരുക്കി കുങ്കിയാനകളാക്കി വനം വകുപ്പ് ഉപയോഗിക്കുന്നുണ്ട്. വയനാട്ടിലെ കുപ്പാടിയില്‍ കടുവകളെ പാര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള ജയില്‍ തയാറാക്കിയിട്ടുണ്ട്. അഞ്ചു കടുവകളെ അടച്ചിടാനുള്ള സൗകര്യമേ അവിടെയുള്ളൂ. ഇപ്പോള്‍ തന്നെ അവിടെ അഞ്ചു കടുവകളെ തടവിലാക്കിയിട്ടുണ്ട്. 'ഇനിയും കടുവകളെ പിടികൂടി ജയിലിലടക്കേണ്ടിവരും. അതിന് പുതിയ ജയിലുകള്‍ പണിയേണ്ടി വരും' എന്നാണ് വനംമന്ത്രി ബത്തേരിയിലെ വനസൗഹൃദ സദസ്സില്‍ പ്രഖ്യാപിച്ചത്. കുപ്പാടിയിലെ ജയിലില്‍ കാരാഗൃഹവാസം ഒരു അനുഗ്രഹമായി കരുതുന്ന പ്രായമായ കടുവകളുണ്ട്. കാട്ടില്‍ ഇര തേടാന്‍ നിവൃത്തിയില്ലാത്ത, പല്ലും നഖവുമൊക്കെ കൊഴിഞ്ഞ പാവങ്ങള്‍. അവയെ കാട്ടില്‍ വിട്ടാല്‍ അവ വളര്‍ത്തുമൃഗങ്ങളേയും ചിലപ്പോള്‍ മനുഷ്യരെ തന്നെയും ഭക്ഷണമാക്കിയെന്നിരിക്കും. അതുകൊണ്ട് അവയെ ജയിലിലടച്ച് ഭക്ഷണം നല്‍കി പരിപാലിക്കുന്നത് നല്ലത് തന്നെ.

പക്ഷേ, യുവത്വം വിട്ടു മാറാത്ത ഉഗ്രപ്രതാപിയായ കടുവയും ഇതിനകത്തുണ്ട്. വയനാട് തൊണ്ടര്‍നാട്ടെ സാലു എന്ന കര്‍ഷകന്റെ മരണത്തിന് കാരണക്കാരനായി ആള്‍ക്കൂട്ട വിചാരണക്കിരയായ കടുവയാണത്. കാട്ടിലെ സര്‍ഘര്‍ഷത്തിനിടയിലോ മറ്റെന്തോ കാരണത്താലോ വനമേഖലയല്ലാത്ത കൃഷിസ്ഥലത്ത് എത്തിപ്പെട്ടതായിരുന്നു ആ കടുവ. ആക്രമണത്തില്‍ കാലിന് മാത്രമേ ഇയാള്‍ക്ക് പരിക്കേറ്റിരുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ മറ്റ് ശാരീരിക അവശതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് മരണപ്പെട്ടു. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഒരു സംഭവം. പക്ഷേ, അതിന് ഈ മൃഗത്തെ ആജീവനാന്തം ജയിലിലടുക്കുന്നതിന് എന്തു ന്യായീകരണമാണ് നമുക്ക് നല്‍കാനാവുക? ഉള്‍ക്കാട്ടിലെവിടേയെങ്കിലും തുറന്ന് വിട്ട് അതിനെ സ്വതന്ത്രമായി ജീവിക്കാന്‍ വിടുകയല്ലേ വേണ്ടത്? ആള്‍ക്കൂട്ടത്തിന്റെ തീരുമാനങ്ങളാണോ ഒരു ഭരണകൂടം നടപ്പിലാക്കേണ്ടത്? ഈ കടുവയെ തുറന്നു വിടണമെന്ന ആവശ്യം വനം വകുപ്പിലെ ഉന്നതര്‍ തന്നെ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും മന്ത്രി 'ജനവികാര'ത്തിനൊപ്പം നില്‍ക്കുന്നതായാണ് അറിവ്. മൃഗങ്ങളെ ചിലപ്പോള്‍ തടവിലിടേണ്ടിവരും. നിവൃത്തിയില്ലാത്ത പക്ഷം വെടി വെച്ച് കൊല്ലേണ്ടിയും വന്നേക്കാം. അതൊന്നും ആള്‍ക്കൂട്ട വിചാരണകളുടെ ഭാഗമായി ചെയ്യാവുന്നതല്ല. അതിന് കൃത്യമായ നിയമാവലിയും പരിരക്ഷാ നിയമങ്ങളും പരിശോധനാ സമിതികളും വിദഗ്ധ സമിതികളുമൊക്കെയുണ്ടാവണം. അവരുടെ ശുപാര്‍ശകള്‍ ഉത്തരവുകളാക്കി നടപ്പാക്കാന്‍ കോടതി സംവിധാനങ്ങളും അപ്പീല്‍ കേള്‍ക്കാന്‍ സംവിധാനങ്ങളുമൊക്കെ ഉണ്ടാവണം.

മൃഗങ്ങള്‍ക്ക് വോട്ടവകാശമില്ലാത്തതും ആള്‍ക്കൂട്ടങ്ങള്‍ക്ക് വോട്ടവകാശമുള്ളതുമാണ് ഇവിടെ വില്ലനാകുന്നത്. ജനങ്ങളെ ശരിയായ പാതയില്‍ നയിക്കുന്ന ചുമതലയാണ് പണ്ട് രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഏറ്റെടുത്തിരുന്നത്. ശരിയായ നിലപാട് കൈക്കൊണ്ട ശേഷം അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി മുന്നോട്ട് പോകും. ഇപ്പോള്‍ അതിനൊന്നും ഒരു പാര്‍ട്ടിയും മുതിരുന്നില്ല. അവര്‍ 'ജനവികാരത്തോടൊപ്പം' നില്‍ക്കും. ഇടതുപക്ഷ പാര്‍ട്ടികളെങ്കിലും ഇങ്ങനെ അവസരവാദപരമായ നിലപാട് കൈക്കൊള്ളുന്നതില്‍ വിമുഖരായിരുന്നു. കാവേരീ നദീജല തര്‍ക്കം പോലെ അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങളൊക്കെ ഉയര്‍ന്നുവന്നപ്പോള്‍ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കക്ഷികള്‍ അതത് സംസ്ഥാന സര്‍ക്കാരുടെ സങ്കുചിത താല്പര്യങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക് എല്ലാ സംസ്ഥാനത്തും ഒരേ നിലപാടായിരുന്നു. പക്ഷേ ഇപ്പോള്‍ ഇടതുപാര്‍ട്ടികളും ജനവികാരത്തോടൊപ്പം എന്നങ്ങ് പ്രഖ്യാപിക്കുകയാണ്.

ഗാഡ്ഗില്‍ വിരുദ്ധ സമരത്തോടെയാണ് മലയോര മേഖലയില്‍ ഇത്തരം ആള്‍ക്കൂട്ടരാഷ്ട്രീയം ആധിപത്യം സ്ഥാപിച്ചത്. അരിക്കൊമ്പന്‍ വിഷയത്തില്‍ 'ഞാന്‍ ജനവികാരത്തോടൊപ്പം' എന്ന പ്രഖ്യാപനവുമായി നെന്മാറ എം.എല്‍.എ. കെ. ബാബു രംഗത്തത്തിയത് നാം കണ്ടതാണ്. സംസ്ഥാനത്ത് ശക്തമായ ഒരു പാര്‍ട്ടിയായിട്ടും സംസ്ഥാനത്തിനാകെ ബാധകമായ ഒരു പൊതുനിലപാട് സ്വീകരിക്കാന്‍ സി.പി.എം. പോലും ഇപ്പോള്‍ തയാറാകുന്നില്ല. ആള്‍ക്കൂട്ട രാഷ്ട്രീയത്തോടൊപ്പം നിന്ന് വോട്ടുറപ്പിക്കുക എന്നതിനപ്പുറം നയമോ നിലപാടോ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടു വെക്കുന്നില്ല. എല്ലാ അര്‍ത്ഥത്തിലും പ്രബുദ്ധമാണ് എന്ന മലയാളികളുടെ അവകാശവാദം എത്രമേല്‍ വ്യാജമാണ് എന്നിതിന്റെ സൂചകങ്ങളിലൊന്നാണിത്. മലയാളിയുടെ സാമൂഹ്യ- വ്യവഹാര മേഖലകളിലെല്ലാം ഒരു പിന്‍നടത്തം പ്രകടമാണ്. പാരിസ്ഥിതിക വ്യവഹാരങ്ങളിലാണ് അത് ഭയാനകരൂപം ആര്‍ജ്ജിച്ചിട്ടുള്ളത്.

പിന്നോട്ട് നടക്കുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍

സുഗതകുമാരി

സുഗതകുമാരി ടീച്ചറിനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ പരിസ്ഥിതി ആത്മീയതായി രൂപപ്പെട്ട് വികസിച്ചു വന്നതാണ് മലയാളികളുടെ പരിസ്ഥിതിബോധം. ഇതിന് ശാസ്ത്രീയമായ അടിത്തറ പണിത് നല്‍കിയത്, എം.പി. പരമേശ്വരന്‍, എം.കെ.പ്രസാദ് എന്നിവരെപ്പോലുളളവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ ചുവടുറപ്പിച്ച ശാസ്ത്ര സാഹിത്യ പരിഷത്താണ്. സൈലന്റ് വാലി പ്രക്ഷോഭം, മാവൂര്‍ ഗ്വാളിയോര്‍ റയേണ്‍സ് ഫാക്ടറിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചാലിയാര്‍ മലിനീകരണ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ പരിസ്ഥിതി സമരങ്ങള്‍ ഇവിടെ ഓര്‍ക്കണം. ഗാന്ധി, മാര്‍ക്‌സ്, ഏംഗല്‍സ് എന്നിവരുടേതുള്‍പ്പെടെ, പരിസ്ഥിതി കാഴ്ചപ്പാടുകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ഒട്ടനവധി ലഘുപുസ്തകങ്ങള്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതായി മലയാളി വായനാസമൂഹത്തിന്റെ മുമ്പിലെത്തി. ജോണ്‍ ബല്ലമീ ഫോസ്റ്ററെ പോലുള്ള പരിസ്ഥിതി മാര്‍ക്‌സിസ്റ്റുകളുടെ പുസ്തകങ്ങള്‍ ഇടതു യുവജന വിദ്യാര്‍ത്ഥി സംഘടനകളിലും പ്രകടമായ പ്രതികരണങ്ങളുണ്ടാക്കി. വികസന കാഴ്ചപ്പാടുകള്‍ പാരിസ്ഥിതിക ആഘാതങ്ങളെ പരിഗണിച്ചു കൊണ്ടേ പാടുള്ളൂ എന്നാവശ്യപ്പെടുന്ന പ്രമേയങ്ങള്‍ ഇടതു യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃസമ്മേളനങ്ങളില്‍നിന്ന് പൊതുമണ്ഡലത്തിലേക്ക് വന്നു. ഇത്തരം സംഘടനകള്‍ക്കുണ്ടാവുന്ന ദിശാമാറ്റങ്ങളേക്കുറിച്ച് പത്രങ്ങളില്‍ വന്‍പ്രാധാന്യത്തോടെ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഇടതുപാര്‍ട്ടികളുടെ പരിപാടി രേഖകളിലും പരിസ്ഥിതി മുഖ്യവിഷയങ്ങളിലൊന്നായി. ഇതൊക്കെ സംഭവിച്ചത് ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ്. തൊണ്ണൂറുകള്‍ക്ക് ശേഷം നവ ഉദാരവല്‍ക്കരണത്തിന്റെ കോര്‍പ്പറേറ്റ് വികസന കൊടുങ്കാറ്റ് എല്ലാ വന്‍കരകളേയും ആശ്ലേഷിച്ചു. ഇതോടെ പരിസ്ഥിതിവാദം വികസനത്തിന് അള്ളുവെയ്ക്കുന്ന അപശകുനമായി തീര്‍ന്നു.

എത്ര വേഗത്തിലാണ് പ്രബുദ്ധ മേല്‍വിലാസം ഇന്നും പേറുന്ന മലയാളി സമൂഹം പരിസ്ഥിതി അവബോധത്തെ കയ്യൊഴിഞ്ഞ് വികസനവാദ മേലങ്കി എടുത്തണിഞ്ഞത് എന്ന് അരിക്കൊമ്പന്‍ വിവാദം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കാടുതന്നെ അനാവശ്യമാണ്. അതെല്ലാം വെട്ടിവെളുപ്പിച്ച് അവിടെയൊക്കെ വലിയ വികസന പദ്ധതികളാരംഭിക്കണം. വന്യമൃഗങ്ങള്‍ മനുഷ്യന്റെ ശത്രുപക്ഷത്താണ്. മനുഷ്യന്റെ ജീവനും ജീവിതവും മാത്രമാണ് പ്രധാനം ബാക്കി ജൈവമണ്ഡലത്തിന് എന്തു സംഭവിച്ചാലും അത് പ്രശ്‌നമാക്കേണ്ടതില്ല. കാട്ടുമൃഗങ്ങളേ യഥേഷ്ടം വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കണം. തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തുന്നതിന് ഒട്ടും മനസ്സാക്ഷിക്കുത്തില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ സംഘടിതമായി നടക്കുന്നു.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ വനം മന്ത്രി പങ്കെടുത്ത ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. 'വന സൗഹൃദ സദസ്' എന്ന് നാമകരണം ചെയ്ത പരിപാടി വനസൗഹൃദം ഒട്ടും പുലര്‍ത്താത്ത ഒന്നായിരുന്നു. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരും വനം വകുപ്പുദ്യോഗസ്ഥരുമായി സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി വിളിച്ചു ചേര്‍ത്തതാണ് ഈ സമ്മേളനമെന്നും സംസ്ഥാനത്താകെ ഇത്തരം സമ്മേളങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വനവും വന്യജീവികളും മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുന്ന ദുരിതങ്ങളേക്കുറിച്ചാണ് എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നത്. മനുഷ്യര്‍ കഴിഞ്ഞ് മതി ബാക്കിയെല്ലാം എന്ന നിലയിലുള്ള സംഭാഷണങ്ങളായിരുന്നു എല്ലാം. വനത്തിന്റേയും വന്യജീവികളുടേയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായ ബാദ്ധ്യതയുള്ള വകുപ്പ് മന്ത്രിക്ക് പോലും പാരിസ്ഥിതിക തകര്‍ച്ചയെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. പകരം വനവും വന്യജീവികളും സൃഷ്ടിക്കുന്ന 'ദുരിത'ങ്ങളേക്കുറിച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റേയും ആശങ്ക.

ഭൂമിയിലുള്ളതെല്ലാം മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്; അതു കഴിഞ്ഞ് മതി ബാക്കിയെല്ലാം എന്ന മനുഷ്യകേന്ദ്ര സിദ്ധാന്തം (Anthropocetnric) എത്ര മാത്രം പ്രകൃതി വിരുദ്ധവും, അനൈതികവും അധാര്‍മ്മികവും മനുഷ്യന്റെ തന്നെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്നതുമാണ് എന്ന് പറയാന്‍ അവിടെയാരും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍, അതിനുള്ള അവസരം നല്‍കിയിരുന്നില്ല. അത്ഭുതപ്പെടുത്തിയ കാര്യം മന്ത്രിയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും കലക്ടറും ഒക്കെ കടന്നുവന്ന വഴികളിലും വനമേഖലയിലാകെയും കര്‍ഷക സംഘടനയെന്നവകാശപ്പെടുന്ന ചിലര്‍ സ്ഥാപിച്ച ബാനറുകളായിരുന്നു. 'കിഫ' എന്ന കര്‍ഷക സംഘടന ആവശ്യപ്പെട്ടത് 'വയനാട് വന്യജീവി സങ്കേതം റദ്ദ് ചെയ്യുക' എന്നായിരുന്നു. വന്ന് വന്ന് വനം മന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലത്തു പോലും നമുക്ക് വനമേ ആവശ്യമില്ല എന്നു പറയാവുന്ന പ്രബുദ്ധതയിലേക്ക് നാം വളര്‍ന്നിരിക്കുന്നു!

പൊന്‍മുട്ടയിടുന്ന കാടിനെ കൊല്ലണോ?

ലോക പൈതൃക പദവിയിലുള്ള ഇടുക്കിയിലെ ആനമലൈ വനമേഖലയില്‍ നിന്നാണ് അരിക്കൊമ്പന്‍ വിവാദം ഉയര്‍ന്നു വന്നത്. ലോകത്താകെയുള്ള വനഗവേഷകരുടെ ശ്രദ്ധാകേന്ദ്രമാണ് ഇവിടം. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആനമുടി പര്‍വ്വത ശിഖരമുള്‍പ്പെടെ സവിശേഷ പഠനം ആവശ്യമുള്ള ഭൂരൂപങ്ങള്‍, ഇരവികുളം ദേശീയോദ്യാനം, പാമ്പാടുംചോല ദേശീയോദ്യാനം, ചിന്നാര്‍ വന്യമൃഗ സങ്കേതം, കുറിഞ്ഞിമല ദേശീയോദ്യാനം ഒക്കെ ചേര്‍ന്ന ജൈവപ്രധാനമായ മേഖല.

ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ പെട്ടതാണ് മതികെട്ടാന്‍ചോല, ആനയിറങ്കല്‍, മുന്നൂറ്റി ഒന്ന് കോളനി, സൂര്യനെല്ലി പ്രദേശങ്ങള്‍. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആന ആവാസമേഖലയാണിത്. വടക്ക് മൂന്നാര്‍, ദേവികുളം, തെക്ക് പെരിയാര്‍,ഇടുക്കി തുടങ്ങി ഇടുക്കി ജില്ലയിലെ മിക്കവാറും വനമേഖലകളിലേക്കുള്ള, ആനകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ അടിസ്ഥാനമായ, ആനത്താരകള്‍ ഒത്തുചേരുന്ന മേഖലയാണ് ആനയിറങ്കല്‍. പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ ആയി നിലനില്‍ക്കുന്ന ഈ പേരില്‍നിന്നു തന്നെ ഈ പ്രദേശവും ആനകളുടെ ആവാസവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാവുന്നതേയുള്ളൂ. ആനയിറങ്കലില്‍ മാത്രം ഇരുപതിലധികം ആനകള്‍ സ്ഥിരമായും പത്തോളം ആനകള്‍ വന്നു പോകുന്നവരായും ഉണ്ടെന്ന്‌ വന്യമൃഗങ്ങളുമായി സഹജീവനം നയിക്കുന്ന മുതുവാന്‍ വിഭാഗത്തില്‍പെട്ട ആദിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആന ടെറിട്ടോറിയല്‍ സ്വഭാവമുള്ള ജീവികളല്ലെങ്കിലും കാടുകളുടെ തുടര്‍ച്ച നഷ്ടപ്പെടുമ്പോഴും ഭക്ഷണലഭ്യത പരിമിതപ്പെടുമ്പോഴും അവ ചില വനപ്രദേശങ്ങളില്‍ വര്‍ഷങ്ങളോളം തമ്പടിക്കാറുണ്ട്. ഇവിടെനിന്നാണ് മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് കൂട്ടിലടച്ച് മെരുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അരിക്കൊമ്പനെ മാറ്റിയാല്‍ ഈ മേഖലയിലെ രൂക്ഷമായ മനുഷ്യ-മൃഗ സംഘര്‍ഷത്തിന് അറുതിയാകുമെന്ന ധാരണ സൃഷ്ടിക്കാനാണ് വനം മന്ത്രിയും വകുപ്പ് മേധാവികളും ഒരുപറ്റം മാധ്യമങ്ങളും പ്രദേശിക രാഷ്ട്രീയ നേതൃത്വവും റിസോര്‍ട്ട് മാഫിയയുമൊക്കെ ഒരുമിച്ച് പരിശ്രമിച്ചത്.

തികച്ചും തെറ്റായ കാര്യമാണിത്. ചക്കക്കൊമ്പനും മുറിവാലനും മൊട്ടവാലനും മൂക്കുപ്പിടിച്ചിയുമൊക്കെ അരിക്കൊമ്പന്റെ പിതുടര്‍ച്ചക്കാരായി ഇപ്പോള്‍ തന്നെ ഇവിടെയുണ്ട്. ആനക്കൂട്ടങ്ങള്‍ക്കിടയില്‍ പെണ്ണാനകള്‍ക്കായിരിക്കും നേതൃപദവി. പക്ഷേ അതേ കൂട്ടത്തില്‍ കരുത്തരായ കൊമ്പനാനകളുമുണ്ടാവും. ഇവരില്‍ നായകസ്ഥാനത്തുള്ള ആനയെ ബലം പ്രയോഗിച്ച് മാറ്റുമ്പോള്‍ അത് അവയെ അരക്ഷിതമാക്കും. തിരോഭവിച്ച കൊമ്പന്റെ ചുമതലയിലേക്ക് പുതിയ കൊമ്പന്‍മാര്‍ വരും. ഇവരേയും തുടര്‍ന്ന് വെടിവെച്ചു പിടിക്കാമെന്നാണോ വനം വകുപ്പുകാര്‍ കരുതുന്നത്? അങ്ങിനെ ഈ മേഖലയിലെ മുഴുവന്‍ ആനകളേയും പിടിച്ച് കൂട്ടിലടക്കുകയോ വെടിവെച്ചു കൊല്ലുകയോ ആണ് പ്രശ്‌നത്തിന് പരിഹാരം എന്ന മിഥ്യ ധാരണ ജനങ്ങളിലുണ്ടാക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്.

ആനകളെക്കുറിച്ചുളള ശാസ്ത്രീയ പഠനങ്ങള്‍ ഇനിയുമൊരുപാട് നടക്കേണ്ടതുണ്ട്. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വെച്ചു തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ നിലയില്‍ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ലിത്. ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തൃപ്തികരമായ ആവാസം ഉറപ്പാക്കിക്കൊണ്ടു മാത്രമേ മനുഷ്യന്റേയും ആവാസം സുഖകരമാക്കാനാകൂ. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷവും സൗഹൃദവും ചരിത്രാതീത കാലം മുതല്‍ തുടരുന്നതാണ്. സംഘര്‍ഷത്തിന് അടുത്ത കാലത്തായി ഒരു കുതിപ്പുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിന് പക്ഷേ, വന്യമൃഗങ്ങളല്ല ഉത്തരവാദികള്‍. മനുഷ്യന്‍ വേണ്ടത്ര അവധാനതയില്ലാതെ സ്വീകരിച്ച നടപടികളാണ്.

വനത്തിനകത്ത് വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നു എന്ന് സംഘടിതമായി പ്രചരിപ്പിക്കുന്നു. ഇതുകൊണ്ടാണ് മൃഗങ്ങള്‍ കാടിറങ്ങുന്നതെന്നു 'യുക്തിസഹമായ' നുണകള്‍ പ്രചരിപ്പിക്കുന്നു. അവരുടെ ആവാസവ്യവസ്ഥ അനുദിനം തകരുന്നത് കൊണ്ടാണ് ഇവ കാടിന് വെളിയില്‍ ഇര തേടേണ്ടി വരുന്നതെന്ന യാഥാര്‍ത്ഥ്യം ആരും പറയുന്നില്ല. ഇത് പറയാന്‍ ബാദ്ധ്യതപ്പെട്ട വനം വകുപ്പും മന്ത്രിയും മറുവാദമാണ് പറയുന്നത്. മൃഗങ്ങളല്ല ഈയവസ്ഥക്ക് ഉത്തരവാദികള്‍. മനുഷ്യരുടെ ചെയ്തികളാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വനങ്ങളില്‍ മൃഗസംഖ്യ കുറയുക തന്നെയാണ്. കേരളം ഉള്‍പ്പെട്ട പശ്ചിമഘട്ട മലനിരകളുടെ കണക്കനുസരിച്ച് ആനകളുടെ സംഖ്യയും കുറയുകയാണ്. കടുവകളൊഴികെ മറ്റെല്ലാ വന്യമൃഗങ്ങളുടേയും എണ്ണം കുറയുന്നുണ്ട്. കാട്ടുപന്നികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നു.

ഏറ്റവും അവസാനം പ്രധാനമന്ത്രിയുടെ മസിനഗുഡി സന്ദര്‍ശനത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകളനുസരിച്ച് കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയില്‍ എണ്ണം ചെറിയ തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ വയനാട് മേഖലയില്‍ എണ്ണം കുറയുകയാണ് ചെയ്യുന്നത്. വന ആവാസ വ്യവസ്ഥയിലുണ്ടാകുന്ന തകര്‍ച്ച (ഭക്ഷണം വെള്ളം എന്നിവയുടെ ലഭ്യതയിലുണ്ടാകുന്ന കുറവ്, മൃഗങ്ങളുടെ സഞ്ചാരപഥങ്ങള്‍ അടഞ്ഞു പോകുന്നത്, ഇണ ചേരലിനും കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തുന്നതിനുമുണ്ടാകുന്ന പ്രതിബന്ധങ്ങള്‍, അധിനിവേശ സസ്യങ്ങളുടെ വ്യാപനം,കാലാവസ്ഥാ വ്യതിയാനം, മനുഷ്യന്റെ വനത്തിനകത്തെ കടന്നുകയറ്റം) നിമിത്തം വന്യമൃഗങ്ങള്‍ കാട് വിട്ട് പുറത്ത് ഭക്ഷണം തേടാനും ഇടപഴകാനും നിര്‍ബന്ധിതരാകുകയാണ് ചെയ്യുന്നത്.

ആനത്താരകള്‍ മനുഷ്യന്‍ കെട്ടിയടക്കുമ്പോള്‍

മനുഷ്യന്‍ കഴിഞ്ഞാല്‍ ഈ ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജീവികളില്‍ പ്രധാനികള്‍ ആനകളാണെന്ന് പഠനങ്ങള്‍ പറയുന്നു. അപ്പോഴും പ്രായപൂര്‍ത്തിയായ ഒരാനക്ക് മനുഷ്യരുടെ അഞ്ചു വയസ്സുള്ള കുട്ടിയുടെ ബുദ്ധിയേ ഉണ്ടാവൂ. അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിന്റെ സ്‌നേഹവും ചൊടിയും ഭയവും വാശിയും കുനിഷ്ടുമൊക്കെ പ്രകടിപ്പിക്കുന്ന ഒരു സാധുമൃഗമാണ് ആന. ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും ലഭ്യതയിലുണ്ടാകുന്ന കുറവും ഇണചേരലുകള്‍ തടസ്സപ്പെടുന്നതും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമൊക്കെ ഇവയെ അസ്വസ്ഥമാക്കും. അതനുസരിച്ച പ്രതികരണങ്ങളാവും തുടര്‍ന്നുണ്ടാവുക. ജനിതകമായി കോശങ്ങളില്‍ ശേഖരിക്കപ്പെട്ടതും അബോധത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അറിവുകളാണ് അവയുടെ സഞ്ചാരപഥങ്ങളേയും മറ്റ് ജൈവിക ചോദനകളേയുമൊക്കെ പ്രധാനമായും നിയന്ത്രിക്കുന്നത്. അപ്പോഴും മാതാപിതാക്കളില്‍നിന്നും കൂട്ടമായി ജീവിക്കുന്നതില്‍നിന്നും ആര്‍ജിക്കുന്ന അറിവുകള്‍ അവയ്ക്ക് പ്രയോജനപ്പെടുത്താനുമാകും.

ഇത് എളുപ്പത്തില്‍ മനസ്സിലാകുന്നതിന് ഒരു ഉദാഹരണമാണ് കടലാമകളുടെ പ്രജനനം. അവ കടല്‍ത്തീരത്ത് വന്ന് ഉള്ളോട്ട് കയറി മണലില്‍ കുഴികളുണ്ടാക്കിയാണ് മുട്ടയിടുക. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഒരു സന്ദേഹവുമില്ലാതെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് കടലിലിറങ്ങിപ്പോകും. നാം എത്ര തവണ അവയെ വഴി തെറ്റിച്ചാലും വിപരീത ദിശയില്‍ വെച്ചാലും അവ പടിഞ്ഞാറോട്ട് തിരിഞ്ഞ് കടലിന് നേരേയേ സഞ്ചരിക്കൂ. മിക്കവാറും ജീവികളുടെ ജനിതക ഘടനയില്‍ ഇതുപോലെയുള്ള അറിവുകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും. ആനകളിലാവട്ടെ ഇത് വളരെ പ്രകടവുമാണ്. മനുഷ്യന്റെ ഇച്ഛക്കനുസരിച്ച് അതൊന്നും മറ്റി മറിക്കാനാവില്ല. തലമുറകളായി തന്റെ അപ്പനപ്പൂപ്പന്മാരും അമ്മയമ്മൂമ്മമാരും സഞ്ചരിച്ച ആനത്താരകളിലൂടെ സഞ്ചരിക്കാനാണ് ഇപ്പോള്‍ ജനിച്ചു വീഴുന്ന ആനക്കുഞ്ഞുങ്ങളും അബോധതലത്തില്‍ ആഗ്രഹിക്കുക. അതുകൊണ്ടാണ് 'പരമ്പരാഗത ആനത്താരകള്‍ വീണ്ടെടുക്കുക' എന്നൊരു പദ്ധതി കേന്ദ്ര വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ളതും സംസ്ഥാന സര്‍ക്കാരുകള്‍ വഴി നടപ്പാക്കാന്‍ പരിശ്രമിക്കുന്നതും. അതിന് പ്രത്യേകം ഫണ്ട് കേന്ദ്രം അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഒരു പരിശോധന നടത്തിയാല്‍ വനം വകുപ്പിന്റെ ആസ്ഥാനത്ത് ഇത്തരം ഒരു ഫയല്‍ പൊടി പിടിച്ച് കിടക്കുന്നുണ്ടാകും.

ആനയിറങ്കല്‍ മേഖലയില്‍ ആനകളുടെ സഞ്ചാരപഥങ്ങള്‍ക്ക് കുറുകെ മനുഷ്യര്‍ ഗ്രാമങ്ങളും കോളനികളും റിസോര്‍ട്ടുകളും വൈദ്യുതി വേലികളും കിടങ്ങുകളും കൃഷിപ്പാടങ്ങളുമൊക്കെ നിര്‍മ്മിച്ചതാണ് ഇവിടത്തെ അടിസ്ഥാന പ്രശ്‌നം. കഴിയാവുന്നിടത്തോളം അവ പൊളിച്ചു മാറ്റി ആ വഴിയേ തന്നെ സഞ്ചരിക്കാന്‍ ആനകള്‍ ശ്രമിക്കും. ഒട്ടും നിവൃത്തിയില്ലാതെ വരുമ്പോള്‍ അതിന് കാരണക്കാരനായ മനുഷ്യനോടുള്ള വിദ്വേഷം അത് പ്രകടിപ്പിക്കും. കൂട്ടത്തില്‍ ഉശിരുള്ളവര്‍ മനുഷ്യനോട് ഏറ്റുമുട്ടി എന്നിരിക്കും. അപ്പോഴും തനിക്ക് പ്രത്യക്ഷത്തില്‍ ഉപദ്രവങ്ങളൊന്നും ചെയ്യാത്ത, സ്‌നേഹം പ്രകടിപ്പിക്കുന്ന മനുഷ്യരെ തിരിച്ച് സ്‌നേഹിക്കുകയും ചെയ്യും. ആനത്താരകള്‍ അടയുമ്പോള്‍, സാമൂഹ്യ ജീവിതത്തിന്റെ അനുഭവങ്ങളില്‍നിന്ന് അവ സമാന്തരമായ സഞ്ചാരപാതകള്‍ നിര്‍മ്മിച്ചെടുക്കും. അവ ജനവാസ മേഖലകളിലൂടെയാവാം. അത് സ്വാഭാവികവുമാണ്. ദിനംപ്രതി 200 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ട ഒരു വലിയ ജീവിയാണ് ആന. ഈ മേഖലയിലെ അതിന്റെ ജലസ്രോതസ്സ് ആനയിറങ്കല്‍ ഡാമാണ്. അങ്ങോട്ടിറങ്ങാന്നുള്ള വഴികളിലൊന്നിലാണ് 301 കോളനി സ്ഥാപിച്ചത്.

വനഭൂമി കയ്യേറി 29 റിസോര്‍ട്ടുകളാണ് ഈ മേഖലയില്‍ പണിതിട്ടുള്ളത്. അവയുടെ സംരക്ഷണത്തിന് വൈദ്യുതവേലിയും കിടങ്ങുകളുമുണ്ട്. തങ്ങളുടെ പരമ്പരാഗത ആനത്താരകളിലൂടെ പുഴയിലേക്കിറങ്ങാന്‍ കഴിയാതാവുമ്പോള്‍ അവ എന്തു ചെയ്യണമെന്നാണ് നാം മനുഷ്യര്‍ കരുതുന്നത്? ഒരുപാട് ദൂരം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചും വേലികളും കൃഷിഭൂമികളുമൊക്കെ തകര്‍ത്തും അവ ഡാമിലിറങ്ങി വെള്ളം കുടിക്കുകയും തിരിച്ചു പോകുകയും ചെയ്യും. ഇതുകൊണ്ടാണ് ടാങ്ക് കുടി, ചെമ്പകത്തെഴുകുടി, കോഴിപ്പണ്ണക്കുടി, 301 കോളനി, സിങ്കുകണ്ടം, ബി.എല്‍. പുരം, സൂര്യനെല്ലി, പന്തടികളം, ചിന്നക്കനാല്‍, 80 ഏക്കര്‍ കോളനി, വിളക്ക്, നാഗമല, തൊണ്ടി മല പൂപ്പാറ തുടങ്ങിയ ജനവാസ മേഖലകളിലൊക്കെ ആനയുടെ സാന്നിദ്ധ്യമുണ്ടാകുന്നത്.

ഇതു പക്ഷേ ഒരു പുതിയ കാര്യമല്ല. നൂറ്റാണ്ടുകളായി ഇതുവഴിയൊക്കെ ആനകള്‍ സഞ്ചരിക്കുന്നുണ്ട്. അന്നൊക്കെ വന്യമൃഗങ്ങളുമായി, സമാധാനപരമായി സഹവര്‍ത്തിക്കുന്ന ആദിവാസികളായിരുന്നു ഇവിടങ്ങളിലെ മനുഷ്യസാന്നിദ്ധ്യം. അവരില്‍ പലരുടേയും അനുഭവങ്ങള്‍ മാധ്യമങ്ങളിലൂടെ തന്നെ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അങ്ങോട്ട് ഉപദ്രവിക്കാതെ ഈ ആനകളൊന്നും ഇങ്ങോട്ട് ഉപദ്രവിക്കാറില്ലെന്നും തലമുറകളായി ഞങ്ങളീ ആനക്കാടുകളില്‍ കഴിയുന്നവരാണെന്നും ഒരു ആദിവാസി സ്ത്രീ ക്യാമറക്ക് മുമ്പില്‍ പറഞ്ഞത് കാണാനിടയായി. ഈ കാട്ടുകൊമ്പന്മാരുടെ സാന്നിദ്ധ്യം കൊണ്ടാണ് ഞങ്ങള്‍ സ്ത്രീകള്‍ക്ക് മനുഷ്യമൃഗങ്ങളെ ഭയക്കാതെ മാനം മര്യാദയ്ക്ക് ഇവിടെ ജീവിച്ചു പോകാന്‍ കഴിയുന്നതെന്നും ആ സ്ത്രീ പറഞ്ഞു. ആദിവാസികളല്ലാത്ത മനുഷ്യരുടെ സാന്ദ്രത കൂടി വരുന്നതിനനുസരിച്ചാണ് വനമേഖലകളില്‍ മനുഷ്യ- മൃഗ സംഘര്‍ഷം രൂക്ഷമാകുന്നത്. നമ്മുടെ ആദിവാസി ഭൂനിയമം അതീവ ദുര്‍ബലമാണെങ്കിലും ആദിവാസികളല്ലാത്തവര്‍ക്ക് അവരുടെ ഭൂമി വാങ്ങാനാവില്ല. വനഭൂമിയില്‍ വീടോ റിസോര്‍ട്ടോ പണിയാനാവില്ല. റവന്യൂവകുപ്പും വനം വകുപ്പും ഒരു സംയുക്ത പരിശോധന നടത്തിയാല്‍ തന്നെ ഇവിടത്തെ ഭൂമി കയ്യേറ്റത്തിന്റെ വസ്തുതകള്‍ പുറത്തു വരും. 301 കോളനിയിലെ ആദിവാസി ഭൂമിയുടെ അവകാശികള്‍ പോലും വലിയൊരളവില്‍ പുറത്തുനിന്നുള്ള ആദിവാസികളല്ലാത്തവരാണിന്ന്.

മിക്കവാറും റിസോര്‍ട്ടുകള്‍ വനഭൂമി കയ്യേറിയാണ് പണിതിട്ടുള്ളത്. അരിക്കൊമ്പനെ ചട്ടമ്പിയായി മുദ്രകുത്തുന്നവര്‍ പക്ഷേ ഇതേക്കുറിച്ച് മിണ്ടില്ല. ആനത്താരകള്‍ വന്‍തോതില്‍ കയ്യേറ്റങ്ങള്‍ക്ക് വിധേയമാകുന്നതിന് പിന്നില്‍ കയ്യേറ്റക്കാരാണ്. വനം കയ്യേറി കെട്ടിടങ്ങള്‍ പണിയുന്നത് ഇവരാണ്. ആനകളുടെ സഞ്ചാരപഥങ്ങളെല്ലാം വൈദ്യുത വേലി, കിടങ്ങ് എന്നിവ തീര്‍ത്ത് കൊട്ടിയടച്ചു. വെടി മുഴക്കിയും പടക്കമെറിഞ്ഞും കത്തിച്ച ടയറുകള്‍ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞും അങ്ങേയറ്റം ശത്രുതാപരമായാണ് ആനകളെ ഇവര്‍ കൈകാര്യം ചെയ്യുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ ആനയുടെ സാന്നിദ്ധ്യം കൂടിക്കൂടി വരുന്നതായി ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, തികച്ചും വന്യമായ ആന ആവാസ മേഖലകള്‍ക്കകത്ത് മനുഷ്യ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു എന്നത് ആരും പരിഗണിക്കുന്നേയില്ല. മനുഷ്യരും ആനകളും തമ്മിലുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ ശത്രുതാപരമായി മാറാന്‍ ഇത് കാരണമാകുന്നു.

മറ്റൊരു പ്രധാന പ്രശ്‌നം മനുഷ്യസാമീപ്യം വന്യമൃഗങ്ങളുടെ സ്വഭാവങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളാണ്. വനാന്തരങ്ങളില്‍ ജീവിക്കുകയും മനുഷ്യസാമീപ്യം അനുഭവിക്കാതിരിക്കുകയും ചെയ്ത ആനയുള്‍പ്പെടേയുള്ള വന്യമൃഗങ്ങള്‍ക്ക് അവരുടെ തറവാട്ടുമുറ്റത്ത് മനുഷ്യ സാന്നിദ്ധ്യം പതിവാകുന്നതോടെ അവരോടിടപെടാനുള്ള ഭയം ഇല്ലാതാകുകയാണ് ചെയ്യുക. മനുഷ്യര്‍ അവയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ പ്രതികരണങ്ങളായ പ്രത്യാഘാതങ്ങള്‍ വന്യമൃഗങ്ങളുടെ ഭാഗത്തുനിന്നും പതിവാകുന്നു. ഈ മേഖലയില്‍ ആനകളാണ് കൂടുതലുള്ളത് എന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ കൂടുതല്‍ ആനകളുടെ ഭാഗത്തുനിന്നാകുന്നത് സ്വാഭാവികം.

ആന എന്ത് കഴിക്കണം എന്ന് മനുഷ്യന് തീരുമാനിക്കാനാകുമോ?

മറ്റൊന്ന് ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭക്ഷണശീലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ ഇടപെടലും വനത്തിന്റെ ജൈവസന്തുലനത്തെ അട്ടിമറിക്കുന്നുണ്ട്. വനത്തിനകത്തെ അധിനിവേശ സസ്യങ്ങളുടെ ആധിക്യം, തേക്ക്, യൂക്കാലി തുടങ്ങിയ തോട്ടങ്ങള്‍ ഒക്കെ വനത്തിന്റെ ജൈവസന്തുലനത്തെ ബാധിക്കുന്നു. ഇന്ന് കേരളത്തിലെ വനത്തിനകത്ത് അടിക്കാടുകളുടെ വൈവിധ്യം വലിയതോതില്‍ കുറഞ്ഞ് പോയിട്ടുണ്ട്. ലെന്താന (lentana)വര്‍ഗ്ഗത്തില്‍ പെട്ട അരിപ്പൂച്ചെടികളും കമ്മ്യൂണിസ്റ്റ് അപ്പയും(chromolaena) വ്യാപകമായതോടെ ഭക്ഷ്യയോഗ്യവും വാസയോഗ്യവുമായ മറ്റ് കുറ്റിച്ചെടികള്‍ക്ക് വലിയ നാശം സംഭവിച്ചു. ഇവയാകട്ടെ മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ ഭക്ഷിക്കാനുമാവില്ല. കിളികള്‍ക്ക് കൂടുവെക്കാന്‍ പോലും ഈ കുറ്റിച്ചെടികള്‍ ഉപകാരപ്പെടുന്നില്ല. കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ വന്‍തോതില്‍ തകര്‍ക്കുന്ന ഇത്തരം ചെടികളെ നശിപ്പിച്ച് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതും നേരത്തെ വ്യപകമായിരുന്നതുമായ ചെടികള്‍ വളര്‍ത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം.

വന്യമൃഗങ്ങളുടെ തീറ്റ, കുടിവെള്ളം, ഇണ ചേരാനുള്ള ചോദനകള്‍ തുടങ്ങിയവ താളംതെറ്റുന്നത് തടയാനാകണം. ഇന്നത്തെ അവസ്ഥയില്‍ തീറ്റയും വെള്ളവും തേടി കാടിന് സമീപത്തുള്ള കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഇറങ്ങുകയല്ലാതെ വന്യമൃഗങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ല. ഇപ്പോള്‍ 301 കോളനി സ്ഥിതി ചെയ്യുന്ന ഇടം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ ആനയുടെ വിഹാരകേന്ദ്രമായ പൈന്‍ കാടുകളായിരുന്നു. ആനകള്‍ക്ക് ധാരാളമായി പുല്ലും ചെടികളും ഭക്ഷണമായി ലഭിച്ചിരുന്ന ഒരു മേഖല. അത് ഇല്ലാതാക്കിയ മനുഷ്യര്‍ അവര്‍ക്ക് ഭക്ഷണകാര്യത്തില്‍ അപകടകരമായ പുതിയ സാദ്ധ്യതകള്‍ നിര്‍മ്മിച്ചു കൊടുക്കുകയാണ് ചെയ്തത്. ഈ മേഖലയിലെ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍നിന്നുള്ള മാലിന്യം കൊണ്ടുപോയി തള്ളുന്നത് ആനയിറങ്കല്‍ ഡാമിന്റെ ഓരത്താണ്. ആനക്ക് ഏറ്റവും പ്രിയപ്പെട്ട ഉപ്പും മധുരവും കലര്‍ന്ന ഭക്ഷണ അവശിഷ്ടങ്ങളാണ് ഇവിടെ നിത്യേന കൊണ്ടുപോയി തള്ളുന്നത്. ഇത് ഭക്ഷിക്കാന്‍ ആനകളും മൃഗങ്ങളും ഇവിടെ എത്തുന്നത് ഒരു പതിവുകാഴ്ചയാണ്. പ്ലാസ്റ്റിക്, സ്വാദ് വര്‍ദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, ഉപ്പും എരിവും പുളിയും മധുരവുമൊക്കെച്ചേര്‍ന്ന മസാലകള്‍ ഒക്കെയാണ് വന്യമൃഗങ്ങളുടെ വയറ്റിലെത്തുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ് എന്നറിയാത്തവരല്ലല്ലോ നമ്മുടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.

മൂന്നാറിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തമ്പടിച്ച് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉള്‍പ്പെടെ അകത്താക്കുന്ന പടയപ്പ എന്ന ആനയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ആനയിറങ്കല്‍ മേഖലയിലെ ചക്കക്കൊമ്പന്‍ ഉള്‍പ്പെടെയുള്ള ആനകള്‍ റിസോര്‍ട്ട് മാലിന്യകൂമ്പാരങ്ങളില്‍ ഭക്ഷണം തേടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, കോടതികള്‍ ആവശ്യപ്പെട്ടിട്ടു പോലും ഈ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാനോ റിസോര്‍ട്ടുടമകളെ കൊണ്ട് അവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനമുണ്ടാക്കാനോ ഭരണാധികാരികള്‍ തയാറാകാത്തത് എന്തുകൊണ്ടായിരിക്കും? ഇവിടെയാണ് റിസോര്‍ട്ട് ഉടമകള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, റവന്യൂ തദ്ദേശ ഭരണ ഉദ്യോഗസ്ഥവൃന്ദം, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരൊക്കെ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വത്തിന്റെ ആഴം നമുക്ക് മനസ്സിലാകുക.

വെടിയിറച്ചി, പ്രത്യേകമായി വാറ്റിയെടുത്ത മദ്യം എന്നിവയൊക്കെയാണ് ഹൈറേഞ്ചിലെ ഇത്തരം റിസോര്‍ട്ടുകളുടെ പ്രധാന ആകര്‍ഷണം. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള വിനോദ സഞ്ചാരികള്‍ കഴിഞ്ഞാല്‍ ജനപ്രതിനികളും രാഷ്ട്രീയനേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥ പ്രമുഖരുമൊക്കെയാണ് ഇത്തരം റിസോര്‍ട്ടുകളിലെ സന്ദര്‍ശകരും താമസക്കാരും. വനം വകുപ്പ് ഉദ്യോഗസ്ഥരും എക്‌സൈസുകാരും ഉള്‍പ്പെടേയുള്ള ഉദ്യോഗസ്ഥവൃന്ദം കണ്ണടയ്ക്കുന്നത്‌ കൊണ്ടാണ് വനം കയ്യേറി, പരിസ്ഥിതി നശിപ്പിച്ച് വനത്തിനകത്ത് എല്ലാ അരുതായ്മകളും ചെയ്ത് പണം ഉണ്ടാക്കാന്‍ ഇവര്‍ക്ക് അവസരം ഒരുങ്ങുന്നത്. ഈ വസ്തുതകളൊക്കെ മറച്ചുവെച്ചു കൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്നവരേയെല്ലാം ഇവര്‍ സംഘടിതമായി അധിക്ഷേപിക്കുന്നത്.

വസ്തുതാപരമായ സംവാദ സാദ്ധ്യതകളടയുമ്പോള്‍ ഇവര്‍ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നഗരങ്ങളിലെ ഫ്‌ലാറ്റുകളില്‍ ശീതീകരിച്ച മുറികളിലിരുന്ന് പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്ന നിങ്ങള്‍ 301 കോളനിയില്‍ വന്ന് അരിക്കൊമ്പനൊത്ത് താമസിക്കുമോ? എന്തൊരു അസംബന്ധമാണീ ചോദ്യമെന്ന്‌ ആലോചിച്ചിട്ടുണ്ടോ? നമ്മുടെ മറ്റ് പൊതുപ്രവര്‍ത്തകരെപ്പോലെ തന്നെ നഗരത്തിലും നാട്ടിന്‍ പുറത്തും വനമേഖലയിലും തീരദേശത്തുമൊക്കെ താമസിക്കുന്നവരാണ് പരിസ്ഥിതിപ്രവര്‍ത്തകരും. അവരൊക്കെ വന്ന് ആനയിറങ്കല്‍ വനമേഖലയിലെ 301 കോളനിയില്‍ താമസിച്ചാലേ പരിസ്ഥിതിയേക്കുറിച്ച് മിണ്ടാന്‍ പാടുള്ളൂ എന്നംഗീകരിച്ചാല്‍, നമ്മുടെ ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കൂടി ഇത് ബാധകമാക്കിയാല്‍, സ്ഥിതിയെന്താവും?

വനത്തിനകത്ത് മാലിന്യം തള്ളുന്നത് നിയമം മൂലം തടയുകയും മാലിന്യം യഥാവിധി സംസ്‌കരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടതും തദ്ദേശ ഭരണാധികാരികളാണെല്ലോ. തദ്ദേശ ഭരണാധികാരികള്‍ കണ്ണടയ്ക്കുന്നത്‌ കൊണ്ടാണ് വനത്തിനകത്ത് അങ്ങേയറ്റം അപകടകരമായ മാലിന്യ കൂമ്പാരങ്ങളുണ്ടാവുന്നതെന്ന്‌ ആര്‍ക്കാണറിയാത്തത്? ഇവരാണ് അരിക്കൊമ്പനെതിരെ വെല്ലുവിളികളും കെട്ടുകഥകളുമായി രംഗത്ത് വരുന്നതും ചാനലുകളില്‍ വന്നിരുന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ അസഭ്യം പറയുന്നതും.

അരിക്കൊമ്പന്‍ കഴിക്കുന്നത് അരിയാണോ അതോ വാഷോ ?

അത്തരത്തിലുള്ള കെട്ടുകഥകളിലൊന്നാണ് അരിക്കൊമ്പന്‍ അന്‍പതിലധികം പേരെ കൊന്ന ആനയാണെന്ന പ്രചാരണം. കഴിഞ്ഞ രണ്ട് ദശകത്തിനിടയില്‍ ഇടുക്കി ജില്ലയില്‍ 38 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണക്കുകളില്‍ കാണുന്നു. അതില്‍ ആറ് പേര്‍ മാത്രമാണ് ആനയിറങ്കല്‍ മേഖലയില്‍ കൊല്ലപ്പെട്ടത്. അതും അരിക്കൊമ്പന്റെ ആക്രമണം മൂലമാണെന്ന് വിശ്വസനീയമായ എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കാന്‍ വനം വകുപ്പിനോ സര്‍ക്കാറിനോ കഴിയുന്നില്ല. ഇടുക്കി ജില്ലയിലും ആനയിറങ്കല്‍ മേഖലയിലും ഈ കാലയളവില്‍ എത്ര മനുഷ്യര്‍ക്ക് വാഹനാപകടങ്ങളില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നതിന്റെ കണക്ക് കൂടി പരിശോധിച്ചാല്‍ കൃത്രിമമായി സൃഷ്ടിക്കുന്ന മരണഭയത്തിന്റെ ലക്ഷ്യം തിരിച്ചറിയാനാകും.

മറ്റൊരു കാര്യം, അരിക്കൊമ്പന്‍ അരി ഭക്ഷിക്കുന്നതിനായി തുടര്‍ച്ചയായി റേഷന്‍ കടകളും വീടുകളും ആക്രമിക്കുന്നു എന്നതാണ്. ഇവിടെ നാം ചോദിക്കേണ്ട പ്രസക്തമായ ചോദ്യം ഈ ആന എങ്ങിനെയാണ് അരി തിന്ന് ശീലിച്ചത് എന്നതാണ്. അരി സാധാരണ നിലയില്‍ ആനയുടെ ഭക്ഷണമല്ല. കേരളത്തിലെ മനുഷ്യരുടെ അവശ്യാഹാരമാണു താനും. അപ്പോള്‍ മനുഷ്യര്‍ ശീലിപ്പിച്ച ഒരു ശീലമാണതെന്നു വ്യക്തമാണല്ലോ. ഇങ്ങനെ നാം തന്നെ ചെയ്ത ഒരു അപരാധത്തിന്റെ ഭാഗമായി ആനയ്ക്ക് കൈവന്ന ഒരു ദുശ്ശീലത്തിന്റെ പേരില്‍ അതിനെ മയക്കുവെടി വെച്ച് പിടിച്ച് കോടനാട്ടെ കൂട്ടിലടച്ച് പീഡിപ്പിക്കണം എന്ന് പറയുന്നത് എത്ര ക്രൂരമാണ്? ആനയുടെ ഈ ശീലം മാറ്റിയെടുക്കാനുള്ള എന്തെങ്കിലും ശ്രമം വനം വകുപ്പ് പരീക്ഷിച്ചിട്ടുണ്ടോ?

പടിഞ്ഞാറന്‍ ബംഗാളിലെ കണ്ടല്‍വനങ്ങള്‍ കൊണ്ട് സമൃദ്ധമായ സുന്ദര്‍ബന്‍ വനപ്രദേശത്ത് കടുവകള്‍ സ്ഥിരമായി മനുഷ്യരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. പലപ്പോഴും മനുഷ്യരെ കടുവകള്‍ ആഹാരമാക്കുകയും ചെയ്തു. അവിടത്തെ വനം വകുപ്പ് ആദ്യമേ കടുവകളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയല്ല ചെയ്തത്. അവര്‍ സ്ഥിരമായി മനുഷ്യര്‍ക്കെതിരെ കടുവകള്‍ ആക്രമണം നടക്കുന്ന വനമേഖലകളിലൊക്കെ മനുഷ്യന്റെ ഡമ്മികള്‍ സ്ഥാപിച്ചു. അതില്‍ തൊടുന്ന ജീവികള്‍ക്ക് ജീവാപായം സംഭവിക്കാത്ത നിലയില്‍ ഇലക്ട്രിക് ഷോക്ക് എല്‍ക്കാവുന്ന നിലയിലാണ് ഡമ്മികള്‍ സ്ഥാപിച്ചത്.

മനുഷ്യരാണെന്ന് കരുതി ആക്രമിക്കാന്‍ വരുന്ന കടുവകള്‍ക്ക് ഷോക്ക് ഏല്‍ക്കുന്നത് പതിവായി. അതോടെ മനുഷ്യരെ കാണുമ്പോള്‍ കടുവകള്‍ ഭയപ്പെട്ട് ഓടി മറയാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഈ മേഖലയിലെ കടുവ-മനുഷ്യ സംഘര്‍ഷത്തിന് അറുതിയായി. ഇങ്ങനെ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അരിക്കൊമ്പന്‍ എന്ന ഈ സഹ്യപുത്രന്റെ ദുശ്ശീലം മാറ്റിയെടുക്കാന്‍ വനം വകുപ്പ് ശ്രമം നടത്തിയിട്ടുണ്ടോ? അങ്ങിനെയെന്തെങ്കിലും ചിന്ത വനം വകുപ്പിന്റെ മനസ്സിലുദിച്ചിട്ടു പോലുമില്ല. ഉദാഹരണത്തിന് അരി തിന്നാല്‍ ആനയ്ക്ക് മനംപുരട്ടലും ശര്‍ദ്ദിയും ഉണ്ടാക്കുന്ന, എന്നാല്‍ ആനക്ക് ദോഷകരമല്ലാത്ത എന്തെങ്കിലും മരുന്നുകള്‍ ചേര്‍ത്ത അരി, ആനയ്ക്ക് തിന്നാന്‍ കൊടുത്തു നോക്കിയാലോ? ഏതാനും തവണ ഈ അവസ്ഥയുണ്ടായാല്‍ ആന പിന്നീട് അരി തിന്നില്ല എന്ന് മാത്രമല്ല, അരി തേടി റേഷന്‍ ഷാപ്പുകളിലോ വീടുകളിലോ എത്തുകയുമില്ല. ഇത്തരം പരിഹാര മാര്‍ഗ്ഗങ്ങളൊന്നും ആലോചിക്കാതെ മയക്കുവെടി വെച്ച് പിടിച്ച് കോടനാട്ടെ ആനക്കൂട്ടിലിട്ട് മെരുക്കുക മാത്രമാണ് പരിഹാരം എന്ന് ശഠിക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട് എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

ഇങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് പ്രദേശവാസികളില്‍നിന്ന് മറ്റു ചില വിവരങ്ങള്‍ ലഭിക്കുന്നത്. പ്രശ്‌നഭരിതമായ 301 കോളനിയില്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സ്ഥിരതാമസക്കാരായി വിരലിലെണ്ണാവുന്നവരേയുള്ളൂ. 2002-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഭൂമിയില്ലാത്ത ആദിവാസികൾക്കായി ഇവിടെ ഇങ്ങനെ ഒരു കോളനി സ്ഥാപിതമായത്. വനം വകുപ്പിന്റെ ശക്തമായ എതിര്‍പ്പും വസ്തുതാ റിപ്പോര്‍ട്ടും അവഗണിക്കുകയാണ് അന്ന് മുഖ്യമന്ത്രി ചെയ്തത്. ഇവിടെ ജനവാസം സാദ്ധ്യമല്ലെന്നും മതികെട്ടാന്‍ ചോലയിലെ, ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനായി ആനയിറങ്കല്‍ ഡാമിലേക്ക് സഞ്ചരിക്കുന്ന വഴിയാണെന്നും ആനത്താരകള്‍ നിറഞ്ഞ പ്രദേശമാണെന്നുമൊക്കെ സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് ഇടുക്കി ഡി.എഫ്.ഒ. ആയിരുന്ന പ്രകൃതി ശ്രീവാസ്തവ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പോലും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖ്യവനപാലകന്‍ ഉള്‍പ്പെടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരൊക്കെ ഇടപെട്ടു നോക്കിയെങ്കിലും മുഖ്യമന്ത്രി പിന്‍മാറിയില്ല.

ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ അരങ്ങേറിയ ആദിവാസി സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍, കുറച്ചെങ്കിലും കണ്ണും പൂട്ടി നടപ്പാക്കി കാണിക്കാനുള്ള വ്യഗ്രതയിലായിരുന്നു ആന്റണി. പ്രത്യാഘാതങ്ങളൊന്നും പരിഗണിക്കാതെ 301 കുടുംബങ്ങളെ ഇവിടേക്കു മാറ്റി. ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി അളന്നു നല്‍കാനെത്തിയ സര്‍വ്വേ ഉദ്യോഗസ്ഥരെ ആനക്കൂട്ടം ഓടിച്ചു വിട്ടു. തുടര്‍ന്ന് വന്‍സന്നാഹത്തോടെ വന്നാണ് ഭൂമി അളന്നു നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ആനകളുടെ ആക്രമണം രൂക്ഷമായി തുടര്‍ന്നു. ഇതോടെ ഇവിടെ ജീവിക്കാനാവില്ലെന്ന് ബോദ്ധ്യപ്പെട്ട ഭൂരിപക്ഷം കുടുംബങ്ങളും ഈ സ്ഥലം ഉപേക്ഷിച്ച് തങ്ങളുടെ പഴയ ലാവണങ്ങളിലേക്ക് തിരിച്ചു പോയി. ഇങ്ങനെ തിരിച്ചു പോകുന്നവര്‍ക്ക് വനം വകുപ്പ്, നവകിരണ്‍ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി ആദ്യം പത്ത് ലക്ഷവും പിന്നീട് വര്‍ദ്ധിപ്പിച്ച് 15 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കി. ഇതോടെ ബാക്കി കുടുംബങ്ങളും കോളനി വിട്ടു. ഇപ്പോള്‍ നവകിരണ്‍ പദ്ധതിയുടെ ആനുകൂല്യത്തിനായി കാത്തിരിക്കുന്ന നാല്‍പ്പതോളം പേരാണ് (കുടുംബങ്ങളല്ല) അവശേഷിക്കുന്നത്.

അവരും ഇവിടെ താമസക്കാരല്ല. പകല്‍സമയത്ത് വന്നുപോകുന്നവരും തങ്ങള്‍ക്ക് ലഭിച്ച ഭൂമിയില്‍ എന്തെങ്കിലും കൃഷി ചെയ്യാന്‍ ശ്രമിക്കുന്നവരുമാണ്. ആനുകൂല്യം ലഭിക്കുന്ന മുറയ്ക്ക് അവരും സ്ഥലം വിടും. ഇവിടെയാണ് അരിക്കൊമ്പന്‍ അരി തിന്നാന്‍ സ്ഥിരമായി എത്തുന്നതായി പ്രചരിപ്പിക്കുന്നത്. ഇവിടെ ആളുകള്‍ ഉപേക്ഷിച്ചു പോയ വീടുകളിലൊക്കെ ചാരായം വാറ്റ് വ്യാപകമായി നടക്കുന്നുണ്ട്. ശര്‍ക്കര കലക്കി വെച്ച വാഷ് കുടിക്കാനാണ് ഇവിടെ ഇപ്പോള്‍ ആനകള്‍ വരുന്നത്. അതില്‍ പ്രധാനിയായിരുന്നു അരിക്കൊമ്പന്‍. തങ്ങള്‍ വ്യാജവാറ്റിനായി തയാറാക്കി വെച്ച വാഷ് ആന കുടിച്ചു എന്ന് പറയാന്‍ വാറ്റുകാര്‍ക്കും അവരെ കൊണ്ടിത് ചെയ്യിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാവും. വാറ്റുകാര്‍ക്ക് കഞ്ഞിയുണ്ടാക്കാന്‍ കരുതിവെച്ച അരിയും അക്കൂട്ടത്തില്‍ അരിക്കൊമ്പന്‍ ഒരു ടെച്ചിങ്‌സ്‌ പോലെ തിന്നുന്നുണ്ട്. അങ്ങിനെയാണ് ഈ ആനക്ക് അരി തിന്നുന്ന ശീലമുണ്ടായത്. ഇതാണ് യാഥാര്‍ത്ഥ്യം.

ഏലമല ആന സങ്കേതം ഉപേക്ഷിച്ചത് എന്തിന്?

പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇവിടം ഒരു ഏലമല റിസര്‍വ് (cardamom hill reserv--e. CHR) ആയി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിച്ചിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിച്ചുമതല ഏറ്റെടുത്ത 2006-ലായിരുന്നു ആ നീക്കം. ഈ മേഖലയിലുള്ള മനുഷ്യരെ വള്ളക്കടവിലേക്ക് പുനരധിവസിപ്പിക്കാൻ ആവശ്യമായ ഭൂമിയും കണ്ടെത്തിയിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തിന്റെ മാതൃകയില്‍ ഒരു ഏലമല ആന സങ്കേതമാക്കി (CHER)ഈ മേഖലയെ മാറ്റി പരിസ്ഥിതി സംരക്ഷിക്കാനും നിയന്ത്രിതമായ നിലയില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനും പദ്ധതി രേഖകളും മറ്റും തയാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുമതിയും പണവുമൊക്കെ ലഭ്യമായി വരുന്നതിന്ന് മുമ്പ് തന്നെ ആ സര്‍ക്കാര്‍ പോയി. തുടര്‍ന്നു വന്ന സര്‍കാരുകളൊന്നും ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാണിച്ചില്ല. ഇപ്പോഴും ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ താല്പര്യമെടുത്താല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും പരിസ്ഥിതി സംരക്ഷണത്തിനായുള്ള മറ്റ് ഏജന്‍സികളില്‍നിന്നും ഫണ്ട് കണ്ടെത്തി ഇത്തരമൊരു പദ്ധതി യാഥാര്‍ത്ഥ്യമാക്കാവുന്നതേയുള്ളൂ. പക്ഷേ, അതിന് പരിസ്ഥിതി സംരക്ഷണത്തില്‍ താല്പര്യവും നിക്ഷിപ്ത താല്‍പ്പര്യക്കാരോട് വിട്ടുവീഴ്ചയില്ലായ്മയും പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരുണ്ടാവണം. അത് സാദ്ധ്യമായിരുന്നെങ്കില്‍ അരിക്കൊമ്പന്‍ ഉള്‍പ്പെടെയുള്ള കാട്ടാനകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാവുന്നതും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ ഒരു പദ്ധതിയായി അത് മാറിത്തീരുമായിരുന്നു.

അരികൊമ്പന്റെ ഭൂമി ആദിവാസിക്കെന്തിന്?

ചിന്നക്കനാല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം, ആദിവാസികളെ ഇരുട്ടില്‍ നിര്‍ത്തി, അവര്‍ക്ക് വേണ്ടി എന്ന മേല്‍വിലാസത്തില്‍ നാം പാസ്സാക്കിയ നിയമ നിര്‍മ്മാണങ്ങളാണ് എന്ന് കാണാന്‍ വിഷമമില്ല. അവരുടെ ഭൂമിയെല്ലാം നമ്മള്‍ 'നാഗരികര്‍' തട്ടിയെടുത്തതാണ്. 1960 അടിസ്ഥാന വര്‍ഷമായെടുത്ത് അതിന് ശേഷം തട്ടിയെടുത്ത ഭൂമി അവര്‍ക്ക് തിരിച്ചുകൊടുക്കണം എന്ന നിയമം പാസ്സാക്കിയത് ഇന്ദിര ഗാന്ധിയാണ്. പക്ഷേ, നിയമത്തിന് ചട്ടങ്ങള്‍ നിര്‍മിച്ചത് 1986-ലും. കേരളത്തിലെ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ ഈ നിയമം പ്രായോഗികമായി നടപ്പാക്കാനാകില്ലെന്നു നാം രാഷ്ട്രീയവ്യത്യാസമില്ലാതെ തീരുമാനിച്ചു. 1999-ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ കാലത്ത് ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാതെ തന്നെ, അവര്‍ക്ക് പകരം ഭൂമി നല്‍കാന്‍ നിയമസഭ നിയമം പാസ്സാക്കി. ഇടതു വലതു പക്ഷഭേദങ്ങളില്ലാതെ ഇരുമുന്നണികളും നിയമത്തെ അനുകൂലിച്ചപ്പോള്‍ കെ.ആര്‍. ഗൗരിയമ്മ ഒറ്റക്ക് ഈ നിയമ നിര്‍മ്മാണത്തെ വെല്ലുവിളിച്ചു. സഭയില്‍ എതിര്‍ത്തു വോട്ടുചെയ്തു. ഇത് ആദിവാസി ഭൂമി കയ്യേറിയവരെ സംരക്ഷിക്കാനുള്ള നിയമമാണ്; ആദിവാസി ജനവിഭാഗത്തെ ഒന്നടങ്കം പറ്റിക്കുന്നതാണ് എന്നായിരുന്നു ഗൗരിയമ്മയുടെ വാദം. നിയമസഭ പാസ്സാക്കിയ നിയമപ്രകാരം, ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് പകരം വേറെ ഭൂമി നല്‍കണം. ഒരേക്കറില്‍ താഴെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ചുരുങ്ങിയത് ഒരേക്കര്‍ വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി നല്‍കണം. അതില്‍ കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടത്തിന് തത്തുല്ല്യമായ പകരം ഭൂമിയും നല്‍കണം.

1999-ന് ശേഷമുള്ള അനുഭവം വെച്ച് കെ.ആര്‍. ഗൗരിയമ്മയെ നാം ഇരുകയ്യും കൂട്ടി തൊഴണം. അവരുടെ വാക്കുകള്‍ അച്ചട്ടായതാണ് അനുഭവം. ആദിവാസികള്‍ ഭൂമിക്ക് വേണ്ടി ഇപ്പോഴും അലഞ്ഞ് തിരിയുകയും പ്രക്ഷോഭം തുടരുകയും ചെയ്യുന്നു. മുത്തങ്ങകളിലെ വെടിവെപ്പും ജോഗിമാരുടെ രക്തസാക്ഷിത്വവും ചരിത്രത്തിന്റെ ഭാഗമാകുന്നു. ആനയിറങ്കലില്‍ ഉള്‍പ്പെടെയുള്ള ആദിവാസികള്‍ക്ക് ഇപ്പോഴും വാസയോഗ്യമായ സ്വന്തം ഭൂമി തിരിച്ചുകിട്ടിയില്ല. പകരം കിട്ടിയത് ആനക്കാടുകളും.

മോന്തായത്തിന് വളവ് വന്നുകൂട

ജയറാം രമേശിനേപ്പോലുള്ള പരിസ്ഥിതി മന്ത്രിമാരോട് രാഷ്ട്രീയമായി എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടാവുമ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായ സ്‌നേഹാദരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നത് പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ ശ്ലാഘനീയമായത് കൊണ്ടാണ്. എ.കെ. ശശീന്ദ്രനും അങ്ങനെ ചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു മന്ത്രിയായിരിക്കണമെന്ന്‌ ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. പക്ഷേ അദ്ദേഹം വനം മന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഒരു നടപടിയും അത്തരം ഒരാഗ്രഹത്തെ പിന്‍പറ്റുന്നില്ല. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ പരിസ്ഥിതി ശാസ്ത്രം അദ്ദേഹം വേണ്ട പോലെ പഠിച്ചു കാണില്ല. പക്ഷേ, അദ്ദേഹം വനം മന്ത്രിയായി അവരോധിക്കപ്പെടുമ്പോള്‍ വനശാസ്ത്രവും പരിസ്ഥിതി ശാസ്ത്രവുമൊക്കെ സാമാന്യമായെങ്കിലും മനസ്സിലാക്കിയേ ഒക്കൂ. എങ്കിലേ അദ്ദേഹത്തിന് സ്വയം പ്രവര്‍ത്തിക്കാനാകൂ.

സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചാല്‍ അത് വനവും വന്യജീവി വകുപ്പും എന്നാണ്. ഗോത്രജനതയുടെ ചുമതല പോലും അധികമായി അദ്ദേഹത്തിന് നല്‍കിയിട്ടില്ല. അതിന് പ്രത്യേക വകുപ്പും മന്ത്രിയുമൊക്കെ വേറെയുണ്ട്. ഇനി വനത്തിനകത്തോ പുറത്തോ പാര്‍ശ്വങ്ങളിലോ ഒക്കെയുള്ള കൃഷിക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കൃഷിവകുപ്പും മന്ത്രിയുമുണ്ട്. അതായത് വനപ്രദേശങ്ങളുടേയും വന്യജീവികളുടേയും സമ്പൂര്‍ണ്ണമായ സംരക്ഷണച്ചുമതലയാണ് ഈ സംസ്ഥാനം ഇദ്ദേഹത്തില്‍ നിക്ഷിപ്തമാക്കിയിട്ടുള്ളത്. പക്ഷേ, മന്ത്രിയായി കഴിഞ്ഞ ശേഷം അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കുന്ന ഒരാള്‍ക്ക് തോന്നുക നേരെ വിപരീതത്തിലാണ് അദ്ദേഹത്തിന്റെ പരിഗണനാ വിഷയങ്ങള്‍ എന്നാണ്. കൃഷിക്കാരുടേയും ഗോത്രജനതയുടേയും പേരില്‍ സംസാരിക്കുന്ന ചില നിക്ഷിപ്ത താല്പര്യക്കാരുടെ വികാരങ്ങളാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത് എന്ന് പറയേണ്ടിവരും. വനത്തേയും വന്യജീവികളേയും കാത്ത് സംരക്ഷിക്കുന്നതിന് ഒരു വാക്കു കൊണ്ടുപോലും എന്തെങ്കിലും അദ്ദേഹം ചെയ്യുന്നതായി അദ്ദേഹത്തെ നിരീക്ഷിക്കുന്നവര്‍ക്കാര്‍ക്കും തോന്നാനിടയില്ല. ഉത്തരവുകള്‍ക്കായി അദ്ദേഹം മുകളിലാരേയോ കാത്തിരിക്കുന്നതായാണ് ആ സംഭാഷണങ്ങള്‍ ധ്വനിപ്പിക്കുക. വ്യക്തിപരമായ സൗഹൃദവും സ്‌നേഹവും ദീര്‍ഘകാലമായി പരസ്പരം കാത്ത് സൂക്ഷിക്കുന്ന രണ്ട് പേര്‍ എന്ന നിലയില്‍ ഇത് അങ്ങേയറ്റം നിരാശയുളവാക്കുന്നതാണ് എന്ന് പറയാതെ വയ്യ.

അരിക്കൊമ്പനെ മുല്ലക്കുടിയില്‍ വിടുന്നതിന് മുമ്പ് വനം വകുപ്പുകാര്‍ കാട്ടില്‍ ഒരു പൂജ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് വലിയ വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു. ആനയുടെ ആരോഗ്യത്തിനായാണ് പൂജ നടത്തിയതെന്നാണ്‌ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ആരോഗ്യത്തിന് പൂജ കൊണ്ട് പ്രയോജനം ലഭിക്കും എന്നൊരാള്‍ക്ക് തോന്നിയാല്‍- അത് മന്ത്രി തന്നെയായിരുന്നാലും അത് ചെയ്യാം. അത് പക്ഷേ, തന്റെ സ്വകാര്യ ഇടത്തില്‍ സ്വകാര്യമായി ചെയ്യാനേ അദ്ദേഹത്തിനും ഉദ്യോഗസ്ഥര്‍ക്കും അവകാശമുള്ളൂ. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. പൂജകള്‍ ഒരു പ്രതേക മതവിഭാഗത്തിന്റേതാണ്. അത്തരത്തിലുള്ള അനുഷ്ടാനങ്ങള്‍ അനുവര്‍ത്തിക്കാത്ത ധാരാളം മതങ്ങളും വിശ്വാസങ്ങളും ഈ നാട്ടിലുണ്ട്.

വനം വകുപ്പ് ഒരു പ്രത്യേക മതത്തിന്റേതല്ല. വനം മന്ത്രിയും ഒരു പ്രത്യേക മതത്തിന്റെ മന്ത്രിയല്ലല്ലോ. അപ്പോള്‍ പിന്നെ ഒരു മതനിരപേക്ഷ രാജ്യത്തെ മന്ത്രിയോ വകുപ്പുദ്യോഗസ്ഥരോ വനം വകുപ്പിന്റെ പണമുപയോഗിച്ച് ഒരു പൊതു ഇടത്തില്‍ പൂജ ചെയ്യുന്നത് മതനിരപേക്ഷ ബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. അത് രാഷ്ട്രത്തിന് ഒരു പ്രത്യേക മതമുണ്ട് എന്നും മറ്റ് മതങ്ങള്‍ രണ്ടാം തരമാണ് എന്നും പറയാതെ പറയുന്നതിന് തുല്ല്യമാണ്. വനം വകുപ്പില്‍ ഇത്തരം ആചാരങ്ങളെ അംഗീകരിക്കാത്തവരുണ്ടാവില്ലേ? അവര്‍ക്ക് വികാരങ്ങളില്ലേ? ഔദ്യോഗിക ചുമതലകളിലിരിക്കുന്നവര്‍ ഇത്തരം മതപരമായ ചടങ്ങുകളില്‍ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് സഹപ്രവര്‍ത്തകരോട് പോലും നിഷ്‌കര്‍ഷിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ അനുയായിയാണ് താന്‍ എന്നവകാശപ്പെടുന്ന ഒരാളാണല്ലോ അദ്ദേഹം. തന്റെ വകുപ്പില്‍ ഇത്തരം ഒരു മതപരമായ ചടങ്ങും അനുവദിക്കില്ലെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ് എന്നും പറയേണ്ട ഇടതുപക്ഷ മന്ത്രിയാണ് ഇങ്ങനെ അഴകൊഴമ്പന്‍ നിലപാടുകളും കൊച്ചുവര്‍ത്തമാനങ്ങളും പറയുന്നത് എന്നത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹം തന്നെയാണ്.


(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.)

Content Highlights: arikomban the wild elephant

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
brijbhushan sharan singh, Wrestlers

ബ്രിജ്ഭൂഷണ് മുന്നില്‍ നിശ്ചലമായ 'ബുള്‍ഡോസര്‍'

Jun 5, 2023


Brijbhushan
Premium

7 min

ബ്രിജ്ഭൂഷണ് മുന്നില്‍ എല്ലാം വഴി മാറും, ഇനി സന്യാസിമാരുടെ മാർച്ച്; മാറ്റുമോ കേന്ദ്രം പോക്‌സോ നിയമം?

Jun 1, 2023


train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023

Most Commented