വാക്‌പോര് വിട്ട് തുറന്നയുദ്ധം: മന്ത്രിക്കെതിരെ തിരിഞ്ഞ് ഗവര്‍ണര്‍, കൂസാതെ സര്‍ക്കാര്‍


സ്വന്തം ലേഖകന്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഭരണത്തലവനെന്നനിലയില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയായി രാഷ്ട്രപതി നിയോഗിച്ച ഗവര്‍ണറും തമ്മിലുള്ള അസ്വാരസ്യം പരിധിവിട്ട് വാക്‌പോരും കടന്ന് തുറന്നയുദ്ധത്തിലെത്തിയിരിക്കുകയാണ്. സര്‍ക്കാരിനെതിരായി തനിക്കുള്ള ആക്ഷേപങ്ങള്‍ നേരത്തേമുതല്‍ത്തന്നെ പരസ്യമായി വ്യക്തമാക്കാന്‍ തുടങ്ങിയ ഗവര്‍ണര്‍ അതിന്റെ മൂര്‍ധന്യത്തില്‍ സംസ്ഥാനത്തെ വൈസ് ചാന്‍സിലര്‍മാരോട് രാജി ആവശ്യപ്പെടുകയും ഇപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും ഉന്നതനായ മന്ത്രിയത്തന്നെ നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. ഇത്‌ പരിഹാസത്തോടെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞതോടെ ഈ യുദ്ധം ഉടനൊന്നും തീരുന്ന ലക്ഷണവുമില്ല. ഗവര്‍ണറും മന്ത്രിസഭയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികവും മുമ്പുണ്ടായിട്ടുള്ളതുമാണ്. എന്നാല്‍, ബംഗാള്‍ ഉള്‍പ്പെടെ മറ്റുചില സംസ്ഥാനങ്ങളിലേതുപോലെ പരസ്യമായ വാക്കേറ്റങ്ങളും ഭരണ പ്രതിസന്ധിയും സംസ്ഥാനത്ത് ആദ്യമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്ര രൂക്ഷമായി വിമര്‍ശിച്ച മറ്റൊരു ഗവര്‍ണറും ഉണ്ടായിട്ടില്ല. മന്ത്രിയെ നീക്കണമെന്നും കൂട്ടത്തോടെ വി.സിമാരുടെ രാജി ആവശ്യപ്പെടലും ഒന്നും കേരളത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത കാര്യങ്ങളാണ്‌.

നയപ്രഖ്യാപന പ്രസംഗത്തില്‍ എന്റെ സര്‍ക്കാര്‍ എന്നാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളെ വിശേഷിപ്പിക്കുന്നത്. ആ സ്വന്തം സര്‍ക്കാരിനെതിരെ പോരാട്ടത്തിനിറങ്ങിയ ഗവര്‍ണര്‍ നിരന്തരമെന്നോണം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുക എന്ന പരമ്പരാഗത വളയത്തിന് പുറത്തായിരുന്നു പലപ്പോഴും ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിനെ നിരന്തരം മുള്‍മുനയിലാക്കി ഭരണപ്രതിസന്ധി സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തവകാശമെന്ന വിമര്‍ശനത്തിനൊന്നും ആരിഫ് മുഹമ്മദ് ഖാനെ തളയ്ക്കാനായില്ല. ആദ്യഘട്ടത്തില്‍ അല്‍പ്പമൊക്കെ സംയമനത്തിന് ശ്രമിച്ചെങ്കിലും പിന്നീട് കടുത്തഭാഷയില്‍ തിരിച്ചടിച്ച് മുഖ്യമന്ത്രിയും ഭരണകക്ഷിയും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ നിയന്ത്രണാതീതമായി. മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഭീഷണി ഒരു ഗവര്‍ണര്‍ ഉയര്‍ത്തുന്നതും അതിന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടി പറയുന്നതും അസാധാരണം തന്നെയായിരുന്നു. ഭരണചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത സ്‌ഫോടനാത്മകമായ ദിനങ്ങളിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്‌.ചരിത്ര കോണ്‍ഗ്രസിനെ ബഹളവും സി.എ.എ പ്രമേയവും

2019 സെപ്തംബര്‍ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ 22ാമത് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ദിവസങ്ങള്‍ക്കകം തന്നെ സര്‍ക്കാരിനെതിരെ പരസ്യമായ പരാമര്‍ശവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത് മലയാളിക്ക് പതിവില്ലാത്ത കാഴ്ചയായിരുന്നു. സി.എ.എ വിഷയം കത്തി നിന്നിരുന്ന സമയത്തായിരുന്നു ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെയും ആരംഭം. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്ക് നേരെ സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നു. 2019 ഡിസംബര്‍ 28ാം തീയതിയായിരുന്നു അത്. സദസ്സിന്റെ മുന്‍നിരയില്‍തന്നെ ഗവര്‍ണര്‍ക്കെതിരേ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി ചിലര്‍ എഴുന്നേറ്റ് നിന്നു. ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ ഇര്‍ഫാന്‍ ഹബീബ് അന്നു രാജ്യസഭാംഗമായിരുന്ന കെ.കെ.രാഗേഷ് എന്നിവരും പ്രസംഗകരായുണ്ടായിരുന്നു. ഇരുവരും പൗരത്വ ഭേദഗതി നിയമനത്തിനെതിരേ ശക്തമായ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയാണ് പ്രസംഗിച്ചത്. ഇതിന് മറുപടിയെന്നവണ്ണം ആമുഖമായി ചിലത് പറയാനുണ്ടെന്ന് സൂചിപ്പിച്ചാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ടുളള സ്വന്തം നിലപാട് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേ സദസ്സില്‍ നിന്ന് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. വേദിയില്‍ ഉണ്ടായിരുന്ന ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറും തമ്മില്‍ വാക്കേറ്റമുണ്ടായി. കെ.കെ.രാഗേഷും വിഷയത്തിലിടപെട്ടു. ഇര്‍ഫാന്‍ ഹബീബിനെയും കെ.കെ.രാഗേഷിനെയും തടയാന്‍ വൈസ് ചാന്‍സലര്‍ ശ്രമിച്ചില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഈ സംഭവം തനിക്കെതിരായ വധശ്രമമായിരുന്നെന്ന് പിന്നീട് അസാധാരണമായ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരോപിച്ചു. സി.എ.എ വിഷയത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ഉടന്‍ ഈ പ്രമേയം ഭരണഘടന വിരുദ്ധമാണെന്ന പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി. നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലാത്ത പ്രമേയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിലെ ഇടയലും പ്രത്യേക സഭസമ്മേളനവും

2020 ജനുവരി 29 ന് നിയമസഭയില്‍ നടന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമായിരുന്നു അടുത്ത വേദി. പ്രസംഗത്തിലെ സി.എ.എ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ വിമര്‍ശനം ഉയര്‍ത്തി. ഇതോടെ ഗവര്‍ണര്‍ പ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ വായിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളുയര്‍ന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ ഈ പരമാര്‍ശമുള്‍പ്പടെ പ്രസംഗം നിയമസഭയില്‍ വായിച്ചു. സി.എ.എ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയ ശേഷമായിരുന്നു ഗവര്‍ണര്‍ പ്രസംഗം വായിച്ചത്. പ്രസംഗം വായിക്കുന്നതുമായി ബന്ധപ്പട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്താണ് അവസാന നിമിഷം ഗവര്‍ണറുടെ നിലപാട് മാറ്റിയത്. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം കൊണ്ടും ആ സമ്മേളനം ശ്രദ്ധേയമായിരുന്നു. പൗരത്വ നിയമം രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന പരാമര്‍ശം സാക്ഷാല്‍ ആരിഫ് മുഹമ്മദ് ഖാനെ കൊണ്ട് വായിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി വിജയിച്ചെങ്കിലും ഗവര്‍ണര്‍ തന്റെ പ്രകടനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക സമ്മേളനം ചേര്‍ന്ന് നിയമം തള്ളിക്കളയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരായിരുന്നു ഗവര്‍ണറുടെ അടുത്ത ഉടക്ക്. 2020 ഡിസംബറില്‍ പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചു. ഗവര്‍ണറുടെ നിലപാടിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി. സര്‍ക്കാര്‍ വീണ്ടും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ നല്‍കി. ഒടുവില്‍ ഭരണഘടനാ ബാധ്യതയ്ക്ക് വഴങ്ങി ഗവര്‍ണര്‍ അനുമതി നല്‍കി. ഒടുവില്‍ 2020 ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കി. കാര്‍ഷിക നിയമത്തിനെതിരായി ഒരു നിയമസഭ പാസാക്കുന്ന ആദ്യത്തെ പ്രമേയമായിരുന്നു ഇത്. തുടര്‍ന്ന് ജനുവരി എട്ടിന് നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെയെല്ലാം കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുകയും ചെയ്തു.

സര്‍വകലാശാലകളിലെ ഇടപെടലുകളും ചാന്‍സിലര്‍ പദവി ഒഴിയുമെന്ന ഭീഷണിയും

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു വിവാദം. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കി. വി.സിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മറ്റിക്ക് മുകളിലൂടെയായിരുന്നു സര്‍ക്കാര്‍ നടപടി. എന്നാല്‍ പിന്നീട് ഗവര്‍ണര്‍ തന്നെ ഈ നടപടിക്കെതിരെ രംഗത്തെത്തി. ഡോ. ഗോപിനാഥ് രവീന്ദ്രന് തുടര്‍നിയമനം നല്‍കിയത് സര്‍ക്കാരിന്റെ സമ്മര്‍ദത്തിനുവഴങ്ങിയും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അഭ്യര്‍ഥന മാനിച്ചുമാണെന്നാണ് ഗവര്‍ണര്‍ ആരോപിച്ചു. തന്നെക്കൊണ്ട് 'തെറ്റുചെയ്യിച്ച' സാഹചര്യത്തില്‍ ഇനി ചാന്‍സലറായിരിക്കില്ലെന്നറിയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി. ചട്ടവിരുദ്ധമായ നിയമനത്തിന് ഗവര്‍ണര്‍ എന്തിന് അനുമതി നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ ചോദ്യം. സര്‍ക്കാര്‍ വീണ്ടും ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കവും നടത്തി. വി.സി നിയമനം പിന്നീട് ഹൈക്കോടതി ശരിവെച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചാന്‍സിലര്‍ സ്ഥാനം ഉപേക്ഷിക്കുമെന്ന നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. കാലടി സര്‍വകലാശാല നിയമനത്തിലും ഗവര്‍ണര്‍ ഉടക്ക് വെച്ചു. സെര്‍ച്ച് കമ്മറ്റി നിര്‍ദേശിച്ച ഒറ്റപ്പേര് അംഗീകരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ പിന്നീട് അനുമതി നല്‍കി. കേരള കലാമണ്ഡലത്തിലെ പി.ആര്‍.ഒയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായി. പി.ആര്‍.ഒ പോസ്റ്റില്‍ നിന്ന് പുറത്താക്കിയ വ്യക്തിയെ തിരിച്ചെടുക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം വി.സി ടി.കെ നാരായണന്‍ തള്ളി. ഗവര്‍ണര്‍ക്കെതിരെ വി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് വി.സി ഹര്‍ജി പിന്‍വലിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡിലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം കേരള സര്‍വകലാശാല തള്ളിയതും ഗവര്‍ണറെ പ്രകോപിപ്പിച്ചു. വൈസ് ചാന്‍സിലറെ വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം എഴുതി വാങ്ങി. വിശദീകരണത്തിലെ വി.സിയുടെ ഇംഗ്ലീഷിനെ ഗവര്‍ണര്‍ പരിഹസിച്ചതും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പുതിയ വി.സിയെ നിയമിക്കുന്നതിനായി ഗവര്‍ണര്‍ സര്‍വകലാശാല പ്രതിനിധിയില്ലാതെ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചതും ഏറ്റുമുട്ടല്‍ രൂക്ഷമാക്കി.

പി.എ നിയമനവും നയപ്രഖ്യാപനത്തിലെ ഒപ്പും

ഗവര്‍ണറുടെ അഡീഷണല്‍ പി.എ ഹരി എസ് കര്‍ത്തയുടെ നിയമനത്തിന് അതൃപ്തി അറിയിച്ച് സര്‍ക്കാര്‍ കത്തെഴുതിയത് ഗവര്‍ണറെ ചൊടിപ്പിച്ചു. നിയമസഭ ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെക്കാതെയായിരുന്നു ഗവര്‍ണറുടെ പൂഴിക്കടകന്‍. കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ മാറ്റണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തലാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിസന്ധിയിലായ സര്‍ക്കാര്‍ ജ്യോതിലാലിനെ സ്ഥാനത്ത് നിന്ന് നീക്കി. പിന്നാലെ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. അതികം വൈകാതെ ജ്യോതിലാല്‍ സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.

പ്രിയ വര്‍ഗീസിന്റെ നിയമനം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമനം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ രംഗത്തുവന്നത് സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി. സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും ഉണ്ടായെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ നിയമനത്തിനെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ചാന്‍സിലറും സര്‍വകലാശാലയും തമ്മില്‍ നിയമനടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങി. നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചു. നിയമന നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്യുകയും ചെയ്തു. വീണ്ടും ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരിലേക്ക് എത്തിയത് ഈ നിയമന വിവാദത്തോടെയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ് വിവാദം ഗവര്‍ണര്‍ വീണ്ടും ഉയര്‍ത്തി. പത്രസമ്മേളനം നടത്തി വൈസ് ചാന്‍സിലറെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചു. സദസ്സില്‍ കുഴപ്പമുണ്ടാക്കിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ശ്രമിച്ച പോലീസിനെ അന്നത്തെ എം.പി.യായിരുന്ന കെ.കെ. രാഗേഷ് തടഞ്ഞെന്നും അതിന്റെ പാരിതോഷികംപോലെയാണ് രാഗേഷിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഓര്‍ഡിനന്‍സ് ഒപ്പുവെച്ചില്ല, ഭരണ പ്രതിസന്ധി

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതടക്കം 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭാസമ്മേളനം 11 ഓര്‍ഡിനന്‍സുകള്‍ക്കും പകരമുള്ള ബില്ലും പുതുതായി സര്‍വകലാശാലാ നിയമഭേദഗതിബില്ലും പാസാക്കുകയുണ്ടായി. അതില്‍ ലോകായുക്തയെ 'അപ്രസക്തമാക്കുന്ന' ബില്ലിലും സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനാവകാശം ഫലത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ബില്ലിലും ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ബില്ലുകള്‍ വായിച്ച് നോക്കുക പോലും ചെയ്യാതെയാണ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ചതെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വിഷയത്തിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരും സംയമനത്തിന്റെ പാത വെടിഞ്ഞ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനത്തിലേക്ക് നീങ്ങത്തുടങ്ങിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും ആര്‍.എസ്.എസ് വിധേയത്വമുള്ളയാളാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്കെതിരെ സി.പി.എമ്മും എല്‍ഡിഎഫും രംഗത്തു വന്നു. ഇതിന്റെ തുടര്‍ച്ചയായായിരുന്നു സാങ്കേതിക സര്‍വകലാശാലയിലെ വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒന്‍പത് വി.സിമാരോടും ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. കോടതിയിടപെട്ടതോടെ ഇതിന് താല്‍ക്കാലിക ശമനമായെങ്കിലും മന്ത്രിസഭയിലെ രണ്ടാമനെത്തന്നെ നീക്കാന്‍ കത്തുനല്‍കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഗവര്‍ണറിപ്പോള്‍. വരും ദിവസങ്ങളില്‍ എന്തൊക്കെ ബോംബുകളാണ് ഗവര്‍ണര്‍ പൊട്ടിക്കുകയെന്നും സര്‍ക്കാര്‍ എങ്ങനെയാണ് അതിനെ നേരിടുകയെന്നും ഉറ്റുനോക്കുയാണ് പൊതുസമൂഹം.

Content Highlights: arif mohammad khan pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented