പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം


രമ്യ ഹരികുമാര്‍അഞ്ചൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച അച്ഛനും അമ്മയ്ക്കും ഒപ്പമുളള ചിത്രം

'പെയിന്റ് പണിക്കാരന്‍ തങ്കപ്പന്റെ മകന് അച്ഛന്റെ പണി തുടര്‍ന്നാല്‍ പോരെ?' എംബിബിഎസ് ബിരുദമായിരുന്നു ഈ ചോദ്യത്തിനുളള കൂത്താട്ടുകുളം വേലംപറമ്പില്‍ തങ്കപ്പന്റെ മകന്‍ അഞ്ചല്‍ കൃഷ്ണയുടെ മറുപടി.

ഉപരിപഠനത്തിനായി സാമ്പത്തിക സഹായം ചോദിച്ച് നാട്ടിലെ പണക്കാരനെ സമീപിച്ചപ്പോള്‍ മാത്രമല്ല വേര്‍തിരിവിന്റെ മുനയൊളിപ്പിച്ച ഈ ചോദ്യം പിന്നീടും അഞ്ചലിന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിലെ മാതാപിതാക്കള്‍ക്കൊപ്പമുളള മനോഹരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അഞ്ചല്‍ കൃഷ്ണ ആ ചോദ്യങ്ങള്‍ക്കുളള മറുപടി മധുരതരമായി തന്നെ എഴുതി.

'നിങ്ങള്‍ക്കൊക്കെ' എംബിബിഎസിന് സീറ്റുകിട്ടാന്‍ എളുപ്പമാണല്ലോ എന്ന് പറഞ്ഞ ആളെ,
ക്വിസിന് പ്രൈസ് കിട്ടാന്‍ 'നിങ്ങള്‍ക്കൊക്കെ' എളുപ്പമാണല്ലോ എന്ന് പറഞ്ഞ ആളെ,
എന്തിന് സംസ്ഥാന കലോത്സവത്തിന് പ്രൈസ് കിട്ടാന്‍ 'നിങ്ങള്‍ക്കൊക്കെ' എളുപ്പമാണല്ലോ..എന്നൊക്ക പറഞ്ഞവരെ ഓര്‍ക്കുന്നു.
അന്നൊന്നും ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ പറയുന്നു എന്റെയും എന്റെ വംശത്തിന്റെയും വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല

സ്വപ്‌നങ്ങള്‍ പോലും വിദൂരം

സ്വപ്‌നം കാണുന്നതില്‍ നിന്നുപോലും എന്നെ തുടക്കത്തില്‍ തന്നെ എന്നെ മുരടിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും മുക്ക് ചുറ്റും നില്‍ക്കുന്നവര്‍ അത് കുടുംബക്കാരായാലും അയല്‍ക്കാരായാലും മുന്‍ധാരണകളില്ലാതെ നമ്മളോട് സംസാരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സ്വപ്‌നം കാണാന്‍ പോലും സാധിക്കൂ.കോളനികളിലും ചെറിയ ചെറിയ ഇടങ്ങളിലും എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് ഉയരങ്ങള്‍ കീഴടക്കണം എന്ന് ആഗ്രഹമുണ്ടാകും പക്ഷേ നില്‍ക്കുന്ന ഇടത്തില്‍ എന്തെങ്കിലും വിജയം കൈവരിക്കണം എന്നുമാത്രമേ അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയൂ. സ്വപ്‌നം കാണാനും നല്ല പ്രിവിലെജ് വേണം.' ബിരുദം പൂര്‍ത്തിയാക്കി പാലക്കാട് മെഡിക്കല്‍ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണ് അഞ്ചല്‍. കുടുംബത്തെ സുരക്ഷിതമാക്കണം എന്ന ആഗ്രഹമുളളതുകൊണ്ടുതന്നെ ജോലി ചെയ്തുകൊണ്ട് പിജി ചെയ്യാനാണ് തീരുമാനം. അനുഭവങ്ങളില്‍ നിന്ന് അഞ്ചല്‍ സംസാരിച്ചുതുടങ്ങി.

ഡോട്കറാകണമെന്ന് വിദൂരസ്വപ്‌നങ്ങളില്‍ പോലും അഞ്ചലിന് ഉണ്ടായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തെ കുറിച്ച് ആലോചിക്കുമ്പോഴും മെഡിക്കല്‍ ഫീല്‍ഡുമായി ബന്ധപ്പെട്ട ഒരു കോഴ്‌സ് ചെയ്യണമെന്നുമാത്രമായിരുന്നു ലക്ഷ്യം. അങ്ങനെ ചെന്നൈയില്‍ പാരമെഡിക്കല്‍ കോഴ്‌സിന് ചേരാം എന്ന് തീരുമാനിച്ചു. പക്ഷേ പഠനത്തിന് മൂന്നുലക്ഷം രൂപവേണം. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോണിലായിരുന്ന വീടുവിറ്റ് വാടകവീട്ടിലേക്ക് അഞ്ചലും കുടുംബവും മാറിയ സമയമായിരുന്നു അത്. വിദ്യാഭ്യാസ ലോണിനുവേണ്ടി ശ്രമിച്ചെങ്കിലും അതും ശരിയായില്ല. ബന്ധുക്കളെയായിരുന്നു ആദ്യം സമീപിച്ചത്. അവര്‍ കൈമലര്‍ത്തി..നാട്ടില്‍ ആര്‍ക്കെങ്കിലും പെട്ടെന്നൊരാവശ്യം വേണ്ടിവന്നാല്‍ സമീപിക്കുന്ന വ്യക്തിയോട് പണം കടംചോദിക്കാം എന്ന തീരുമാനത്തിലെത്തുന്നത് അങ്ങനെയാണ്. അച്ഛനൊപ്പം അഞ്ചലും അയാളുടെ വീട്ടിലെത്തി. കാര്യങ്ങള്‍ അവതരിപ്പിച്ചു.

വെറുതെ എന്തിനാണ് ഇത്തരം കോഴ്‌സുകള്‍ക്ക് പിറകേ പോകുന്നത്? തങ്കപ്പന്റെ മകന് അച്ഛന്റെ ജോലി തന്നെ നോക്കിയാല്‍ പോരേ എന്ന ചോദ്യമുയരുന്നത് അപ്പോഴാണ്. തങ്കപ്പന്‍ അയാളുടെ മുന്നില്‍ നിസ്സഹായതോടെ നിന്ന് ചിരിച്ചു. അയാളുടെ ചോദ്യത്തിന്റെ അര്‍ഥം പൂര്‍ണമായി അഞ്ചല്‍ മനസ്സിലാക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്.

'ആ ചോദ്യമുണ്ടാകാന്‍ വളരെ ആഴത്തിലുളള ഒരു കാരണമുണ്ടെന്ന് അന്നേ എനിക്ക് മനസ്സിലായിരുന്നു. അത് കൃത്യമായി മനസ്സിലാക്കാന്‍ കുറച്ചുകാലം വേണ്ടിവന്നുവെന്ന് മാത്രം. പണമില്ല, സഹായിക്കാനും ആരുമില്ല. ഡിഗ്രിക്ക് അപേക്ഷിക്കാനുളള സമയമെല്ലാം കഴിഞ്ഞുപോയിരുന്നു. അതുകൊണ്ടുതന്നെ ഒരു വര്‍ഷം പോട്ടെ വീട്ടിലിരിക്കാം എന്നായി തീരുമാനം. ആദ്യത്തെ ആറുമാസം വെറുതേ പോയി. അതിനുശേഷമാണ് വെറ്റിനറിക്ക് ചേര്‍ന്നാലോ എന്ന് ചിന്തിക്കുന്നത്. വലിയ കോച്ചിങ് സെന്ററുകളില്‍ പോകാനുളള പണമൊന്നും ഇല്ല. തൊട്ടടുത്തുളള ഒരു കോച്ചിങ് സെന്ററില്‍ ചേര്‍ന്നു. പക്ഷേ അവിടുത്തെ അന്തരീക്ഷവുമായി എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നുണ്ടായില്ല. എനിക്കൊപ്പം പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ഒരുപാട് പഠനസഹായികള്‍ ഉണ്ട്. എനിക്കാണെങ്കില്‍ ഒന്നുമില്ല. ടെക്സ്റ്റ് പുസ്തകം മാത്രമാണുളളത്. ആ മത്സരാന്തരീക്ഷവുമായി ചേര്‍ന്നുപോകാന്‍ സാധ്യമല്ലാതായതോടെ ഞാന്‍ വീട്ടിലിരുന്ന് പഠിക്കാന്‍ തുടങ്ങി. എന്‍ട്രന്‍സ് എഴുതി റാങ്ക് വന്നപ്പോള്‍ മെഡിസിന് ചേരാനുളള റാങ്ക് ഉണ്ട്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ അപേക്ഷിച്ചു. എനിക്ക് കിട്ടി. അത് വലിയ നേട്ടമായിരുന്നു. പക്ഷേ ഇതൊന്നും ആസ്വദിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. വീട് ജപ്തി വരികയും അതുവിറ്റ് വാടകവീട്ടിലേക്ക് മാറിയതും ഉള്‍പ്പടെയുളള സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു മനസ്സ് നിറയെ.'

'നിങ്ങള്‍ക്കെല്ലാം എളുപ്പമാണല്ലോ?'!

ചുറ്റുമുളള പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സ്വന്തം കഠിനാധ്വാനത്തില്‍ മെഡിക്കല്‍ സീറ്റിന് യോഗ്യത നേടിയിട്ടും 'നിങ്ങള്‍ക്ക് ഇതെല്ലാം എളുപ്പമാണല്ലോ?' എന്ന ചോദ്യത്തോടെ അഞ്ചലിന്റെ വിജയം നിസ്സാരവല്‍ക്കരിച്ചവരും കുറവല്ല.

'നിങ്ങള്‍ക്ക് കിട്ടാന്‍ ഭയങ്കര എളുപ്പമാണല്ലോ എന്ന് എന്നോട് ചോദിച്ചത് മുപ്പതിനായിരത്തില്‍ താഴെ റാങ്ക് കിട്ടിയ കുട്ടിയുടെ അച്ഛനാണ്. എനിക്ക് അയ്യായിരത്തിനകത്ത് റാങ്ക് ഉണ്ടായിരുന്നു. സംവരണം ഉളളവരെ എടുക്കുന്നത് കൊണ്ട് ഞങ്ങളുടെ കുട്ടികളുടെ റാങ്ക് പുറകോട്ട് പോവുകയാണെന്ന് അവര്‍ പറയുന്നു. ഞാന്‍ അവരുടെ സീറ്റൊന്നുമല്ലല്ലോ കട്ടെടുത്തത്. ഞാനും ആ കുട്ടിയും എഴുതിയത് ഒരേ പരീക്ഷയായിരുന്നു. ഒരേ ലിമിറ്റേഷന്‍സ് വെച്ചിട്ടാണ് ഞാനും ആ കുട്ടിയും മാര്‍ക്ക് വാങ്ങിയിട്ടുളളത്. എന്നിട്ടും നമ്മളിത് കേള്‍ക്കേണ്ടി വരുമ്പോള്‍..ജാതിയാണ് അടിസ്ഥാന പ്രശ്‌നമെന്ന് മനസ്സിലാക്കാന്‍ പിന്നേയും ഞാന്‍ സമയമെടുത്തു.

കുട്ടിക്കാലം മുതല്‍ നേരിട്ടിരുന്ന വിവേചനങ്ങള്‍ ഞാനത്ര മികച്ചവനല്ലെന്ന ബോധം ഉണ്ടാക്കിയിരുന്നു. അത് കണ്ടീഷന്‍ ചെയ്യപ്പെടുന്നതാണ്. നമ്മളോടുളള ഇവരുടെ സമീപനം പലരീതിയിലാണ്. അരിവാങ്ങാനുളളവര്‍ എഴുന്നേറ്റ് നില്‍ക്കൂ എന്നൊക്കെയുളള അധ്യാപകരുടെ നിര്‍ദേശങ്ങള്‍. എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ നേരിടേണ്ടി വരുന്ന നോട്ടങ്ങള്‍. നമ്മള്‍ എഴുന്നേറ്റ് നില്‍ക്കണം ചുറ്റുമുളളവര്‍ നമ്മളെ നോക്കണം. അത് അങ്ങനെ ചെയ്തുവെച്ചേക്കുന്ന സാധനമാണ്. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാവുന്നതേയുളളൂ. അമ്മരേഖയോട് മകനെ ഐടിഐ കോഴ്‌സിനോ ലിഫ്റ്റ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിനോ വിടൂ എന്ന് പറഞ്ഞിട്ടുളള ഒരു അധ്യാപികയുണ്ട്. അവരുടെ മകന്‍ എംബിബിഎസിന് പഠിക്കുമ്പോഴാണ് അത്. നിങ്ങള്‍ക്ക് അതിനപ്പുറത്തേക്ക് സാധിക്കില്ലല്ലോ എന്നുതന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. പലരും എനിക്ക് അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത്രയേ പറ്റൂ എന്ന മുന്‍ധാരണയോടെയാണ് എന്നെ എല്ലാവരും സമീപിച്ചിട്ടുളളതും. അതിനപ്പുറത്തേക്ക് പൈലറ്റാകണം എന്നൊക്കെയുളള രീതിയില്‍ ഒരാള്‍ പോലും ആത്മവിശ്വാസം നല്‍കിയിട്ടില്ല. അത്തരത്തില്‍ ആരുമെന്നെ ട്രീറ്റ് ചെയ്യാത്തതുകൊണ്ട് എനിക്ക് പ്രതീക്ഷകളും കുറവായിരുന്നു. എന്റെ തൊട്ടപ്പുറത്തിരിക്കുന്ന ആള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുമ്പോള്‍ എന്നോട് പറഞ്ഞിട്ടുളളത് കൂടിയാല്‍ സ്‌കൂള്‍ അധ്യാപകനാകണം എന്നാണ്. അതിനപ്പുറത്തേക്ക് എനിക്കാരും ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുതന്നിട്ടില്ല. എന്റെ ലക്ഷ്യം ഞാന്‍ തന്നെ നിശ്ചയിച്ചതാണ്. അതാണ് ഞാന്‍ പറഞ്ഞത് സ്വപ്‌നങ്ങള്‍ കാണാന്‍ പോലും പ്രിവിലെജ് വേണമെന്ന്.'

വൈറലായ ഫോട്ടോ അപ്രതീക്ഷിതമല്ല

ആ ഫോട്ടോക്ക് അകത്ത് ആര് എവിടെ നില്‍ക്കണം, അമ്മ എങ്ങനെ ചിരിക്കണം, അച്ഛന്‍, ഞാന്‍ എങ്ങനെ നില്‍ക്കണം എന്നെല്ലാം എന്റെ മനസ്സിലുണ്ടായിരുന്നു. അഞ്ചുകൊല്ലമായിട്ട് ഞാന്‍ പ്ലാന്‍ ചെയ്തുവെച്ച ഫോട്ടോയാണ് അത്. ചിത്രത്തിനൊപ്പം എഴുതിയതും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ഫസ്റ്റ് ഇയറില്‍ ഞാന്‍ മനസ്സിലെഴുതിയ കുറിപ്പാണ്. സംസാരിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. മെഡിക്കല്‍ രംഗത്ത് ആരും ജാതിയെ കുറിച്ചോ അരികുവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ചോ സംസാരിക്കുന്നില്ല. എനിക്കത് പറയണം എന്നത് ഞാന്‍ മുന്‍കൂട്ടി തീരുമാനിച്ചത് തന്നെയാണ്.

എംബിബിഎസിന് ചേര്‍ന്നതോടെ അംബേദ്കറെ വായിച്ചു. ഭരണഘടന വായിച്ചു..എന്റെ സംശയങ്ങള്‍ക്കെല്ലാം എനിക്ക് ഉത്തരം കിട്ടിത്തുടങ്ങി. കാലങ്ങളായിട്ടുളള ജാതിയുമായി ബന്ധപ്പെട്ട വേര്‍തിരിവുകളാണ് ഇതെന്ന് എനിക്ക് പുസ്തകവായനകളിലൂടെ, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായുളള സമ്പര്‍ക്കത്തിലൂടെ എനിക്ക് ബോധ്യപ്പെട്ടു.

ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല

മെഡിക്കല്‍ രംഗത്ത് ജാതിയുടെ പേരുപറഞ്ഞുളള മാറ്റി നിര്‍ത്തലുകള്‍ കുറവാണ്. പക്ഷേ പലരും നമ്മളോട് സംസാരിച്ചുതുടങ്ങുന്നത് തന്നെ നിങ്ങള്‍ക്ക് പിജി കിട്ടാന്‍ എളുപ്പമായിരിക്കുമല്ലോ എന്ന ചോദ്യത്തോടെയാണ്. അതിനപ്പുറം നമ്മള്‍ പഠിക്കുന്നതിന് അവര്‍ വിലകൊടുക്കുന്നില്ല. ഇവിടെ വരെയെത്താന്‍ നടത്തിയ കഷ്ടപ്പെട്ടത് ആര്‍ക്കുമറിയില്ല. പെയിന്റുപണിക്കാരന്‍ തങ്കപ്പന്റെ മകന്‍ പ്ലസ്ടു പാസ്സാവാന്‍ തന്നെ നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ടാകണം. പെയിന്റുപണിക്കാരന്റെ മകന്‍ ഡോക്ടറാകണമെങ്കില്‍ അവന്‍ അങ്ങോട്ടേക്കെത്തണമെങ്കില്‍ കുറേ കാലങ്ങള്‍ ആലോചിക്കണം. സ്വന്തം നൈപുണ്യങ്ങളെപറ്റി തിരിച്ചറിയണം. സ്വയം ആത്മവിശ്വാസം ഉണ്ടാകണം. അത് ഭയങ്കര പ്രശ്‌നമാണ്. ഞങ്ങളുടെ സ്വപ്‌നം കാണാന്‍ പോലുമുളള ബോധത്തെ കട്ടെടുക്കുകയാണ്. എന്നിട്ട് ചെറിയ വിജയങ്ങള്‍ പോലും കൈവരിച്ചാല്‍ നിങ്ങള്‍ക്കിത് എളുപ്പമാണ് എന്ന ഒറ്റവരിയില്‍ അത് ഹൈജാക്ക് ചെയ്യാന്‍ അവര്‍ക്ക് കഴിയാറുമുണ്ട്. ഡോക്ടറുടെ മകന് ഡോക്ടറാകാന്‍ ഒരുസ്വപ്‌നത്തിന്റെ ആവശ്യമില്ല. ബുദ്ധിമുട്ടുമില്ല. വളരെ എളുപ്പമാണ്.

അതുകൊണ്ട് ആ സംസാരം പല രീതിയില്‍ വേദനിപ്പിക്കാറുമുണ്ട്. അത് സഹപാഠികളില്‍ നിന്ന് കേട്ടിട്ടുമുണ്ട്. പലപ്പോഴും മയപ്പെടുത്തിയിട്ടാണ്, മധുരതരമായിട്ടാണ് ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നത്. ഞങ്ങളോടുളള സമീപനം എല്ലാക്കാലത്തും ഇങ്ങനെ തന്നെയാണ്. രണ്ടറ്റങ്ങള്‍ ഒന്നുകില്‍ മുഖത്തടിച്ച പോലെ പറയും അല്ലെങ്കില്‍ ഭയങ്കര സ്‌നേഹം ചാലിച്ച് ഉപപദേശമെന്ന രീതിയില്‍ ജാതി പറയും. ദളിതരായിട്ടുളള മനുഷ്യര്‍ ഉയരങ്ങള്‍ കീഴടക്കിയെന്ന് കേള്‍ക്കുന്നത് അടുത്തകാലത്തായിട്ടല്ലേ. ഇതിന് മുമ്പ് വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി മിണ്ടാന്‍ പറ്റില്ല. നിങ്ങളൊന്നും ചെയ്യാതെ വെറുതെ കിട്ടിയതാണെന്ന് പറയും. വിജയങ്ങളെ പോലും നിസ്സാരവത്കരിക്കുന്നു

വിവേചനം കേരളത്തിലോ?

പത്രം തുറന്നുനോക്കിയാല്‍ തന്നെ ജാതി വിവേചനം ഉണ്ടല്ലോ. വിവാഹ പരസ്യത്തില്‍ പോലും നായര്‍ യുവതി വരനെ തേടുന്നു. അത് സ്പഷ്ടമല്ലേ. മക്കളെ ഏതെങ്കിലും ദളിതനായ വ്യക്തിക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ അവര്‍ തയ്യാറാകുമോ? അതിനെകുറിച്ചൊന്നും മിണ്ടാതെയാണ് ജാതിയില്ല കേരളത്തില്‍ എന്ന് പറയുന്നത്. ജാതി എല്ലാക്കാലത്തും ഉണ്ട്. സ്വന്തം വീട്ടിലേക്കെത്തുന്ന കാലം വരെ ആര്‍ക്കും ജാതിയില്ല. അച്ഛന്റെ ജോലി ചെയ്താല്‍ പോരേ എന്ന ചോദ്യം കുലത്തൊഴില്‍ വിട്ടാരും പുറത്തേക്ക് പോകരുത് എന്ന സവര്‍ണബോധം മാത്രമാണ്. സ്വകാര്യമേഖലയില്‍ എത്രപേര്‍ ഉയര്‍ന്ന പദവികളില്‍ ഉണ്ട്. സര്‍ക്കാര്‍ സംവരണം ഉളളതുകൊണ്ടല്ലേ ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. അല്ലാതെ മുഖ്യധാര മേഖലകളില്‍ എത്രയിടത്ത് ദളിതരുണ്ടെന്ന് ചിന്തിച്ചുനോക്കൂ. ഞാനിവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അയ്യങ്കാളിയും അംബേദ്കറും കാരണമാണ്. റൂള്‍ അംബേദ്കര്‍ കൊണ്ടുവന്നതുകൊണ്ടാണ്. ഞാനിപ്പോള്‍ പറയുന്ന രാഷ്ട്രീയം കൂലിപ്പണിക്ക് പോയിട്ട് പറയുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ ആരുമുണ്ടാകില്ല. ഞാന്‍ പറയുന്നത് കേള്‍ക്കുന്നതുപോലും എനിക്കുളള പ്രിവിലെജ് കാരണമാണ്.

ആ പോസ്റ്റിന് പിന്നില്‍

ഇക്കാര്യങ്ങള്‍ അറിയണം, അതിന് ഒരു വേദി വേണം എന്ന വിശ്വാസത്തിലാണ് സോഷ്യല്‍ മീഡിയയില്‍ അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. ഇത് എന്റെ ഇടമാണെന്ന് ആളുകള്‍ ഉറക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ എനിക്കറിയാം സോഷ്യല്‍ മീഡിയ വളരെ കുറച്ചുകാലത്തേക്കുളള ചേര്‍ത്തുനിര്‍ത്തലുകളാണ്. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ വാര്‍ത്തകള്‍ മാത്രമാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ നമ്മള്‍ കൈയകലത്ത് തന്നെയാണ്. ഞങ്ങളോട് സഹാനുഭൂതി കാണിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. എനിക്കുവേണ്ടത് രാഷ്ട്രീയമായ ഒരു മറുപടിയാണ് എനിക്ക് വേണ്ടത്. ദളിതര്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കൂ. ദളിത് കൊലപാതകങ്ങളും ബലാത്സംഗവാര്‍ത്തകളുമാണ് കാണുക. ഞങ്ങളുടെ വിജയത്തിന്റെ കഥകള്‍ കുറവാണ്.


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: anchel krishna's life story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented