ആനന്ദ് മോഹൻ സിങ് തോമർ, നിതീഷ് കുമാർ | Photo: ANI, PTI
ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍ സിവില്‍-ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നതോ ശിക്ഷിക്കപ്പെടുന്നതോ പുതുമയുള്ള കാര്യമല്ല. ജയിലിലാകുന്ന പല നേതാക്കളും നിയമത്തിലെ പഴുതുകള്‍ സമര്‍ഥമായി ഉപയോഗിച്ച് ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേതന്നെ പുറത്തെത്താറുമുണ്ട്. ഇക്കഴിഞ്ഞ മാസം, കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 27-ന് ബിഹാറിലെ സഹര്‍സ ജയിലില്‍നിന്ന് ഗുണ്ടാത്തലവന്‍ കൂടിയായ ഒരു മുന്‍ എം.പി. ജയില്‍മോചിതനായി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ആ പ്രതിയുടെ പേര് ആനന്ദ് മോഹന്‍ സിങ് തോമര്‍ എന്നാണ്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍, ജയില്‍ ചട്ടങ്ങളില്‍ വരുത്തിയ വമ്പന്‍ ഭേദഗതിയാണ് ആനന്ദ് മോഹന് ജയിലിന് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. ആനന്ദ് മോഹനെ കൂടാതെ 26 പേര്‍ കൂടി ജയില്‍ച്ചട്ടങ്ങളിലെ ഇളവുകളുടെ പശ്ചാത്തലത്തില്‍ മോചനം നേടിയിരുന്നു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അതും ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയില്‍ ചട്ടത്തിന്റെ പരിഷ്‌കരണത്തിലൂടെ പുറത്തെത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്. പ്രതിപക്ഷത്തെ കൂടാതെ ഇന്ത്യന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (സെന്‍ട്രല്‍) അസോസിയേഷനും കൊല്ലപ്പെട്ട ജി. കൃഷ്ണയ്യയുടെ ഭാര്യ ഉമ അടക്കമുള്ള ബന്ധുക്കളും നിതീഷ് സര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു.
1994 ഡിസംബര്‍ അഞ്ചിനാണ് ഗോപാല്‍ഗഞ്ച് ജില്ലാ കളക്ടറായിരുന്ന ജി. കൃഷ്ണയ്യ കൊല്ലപ്പെടുന്നത്. ആനന്ദ് മോഹന്റെ വാക്കുകളാല്‍ പ്രകോപിതരായ ആള്‍ക്കൂട്ടം ജി. കൃഷ്ണയ്യയെ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ആനന്ദ് മോഹന്റെ ഭാര്യ ലവ്‌ലി ഉള്‍പ്പെടെ ആറു പേരാണ് കേസില്‍ പ്രതികളായിരുന്നത്. കീഴ്‌ക്കോടതി ആനന്ദ് മോഹന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമായി ഇളവുചെയ്തു. തുടര്‍ന്ന് 2007 മുതല്‍ ബിഹാറിലെ സഹര്‍സ ജയിലില്‍ തടവിലായിരുന്നു ആനന്ദ് മോഹന്‍.
മുന്‍പ്, ബിഹാറിലെ ജയില്‍ച്ചട്ട പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തിനിടെ കൊലപ്പെടുത്തുന്ന കേസിലെ പ്രതികള്‍ക്ക് തടവ് 20 വര്‍ഷം പൂര്‍ത്തിയാക്കാതെ
ശിക്ഷാ ഇളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഈ വ്യവസ്ഥ നിതീഷ് കുമാര്‍ ജയില്‍ച്ചട്ട പരിഷ്‌കരണത്തിന്റെ ഭാഗമായി ഭേദഗതി ചെയ്തു. 20 വർഷ കാലാവധി 14 വർഷമാക്കി ചുരുക്കിയതാണ് ആനന്ദ് സിംഗിനു തുണയായത്. ഇതിനകം 14 വർഷം ജയിൽശിക്ഷ പൂർത്തിയാക്കിയ ആനന്ദ് ഇതോടെ ജയിലിനു പുറത്തെത്തി. ഏപ്രില്‍ 24-ന് ആനന്ദ് മോഹന്റെ മോചനത്തിന് ബിഹാര്‍ നിയമവകുപ്പ് ഉത്തരവിടുകയും ചെയ്തു. ജയില്‍മോചിതനാകുന്ന ആനന്ദ് മോഹന്‍ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. രാജ്പുത് സമുദായാംഗമായ, മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം.
ആരാണ് ആനന്ദ് മോഹന്‍ സിങ് തോമര്‍?
ബിഹാറിലെ സഹര്‍സ ജില്ലയിലെ പഞ്ചഗഛിയ ഗ്രാമത്തില്‍ 1954 ജനുവരി 28-നാണ് ആനന്ദ് മോഹന്‍ സിങ് തോമറിന്റെ ജനനം. മുത്തശ്ശന്‍ രാം ബഹാദൂര്‍ സിങ് തോമര്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ജയപ്രകാശ് നാരായണിന്റെ സമ്പര്‍ക്കക്രാന്തി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 1990-ല്‍ മഹിഷി മണ്ഡലത്തില്‍നിന്ന് ജനതാദള്‍ സ്ഥാനാര്‍ഥിയായി ജയിച്ചു. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്കാലത്ത് ജനതാദളിന്റെ ഭാഗമായിരുന്നു.
എന്നാല്‍, പില്‍ക്കാലത്ത് ലാലുവും ആനന്ദ് മോഹനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ആനന്ദ് മോഹന്‍ ജനതാദള്‍ വിടുകയും ചെയ്തു. തുടര്‍ന്ന് 1993-ല്‍ ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി (ബി.പി.പി.) രൂപവത്കരിച്ചു. ആക്രമണോത്സുകമായ പ്രസംഗശൈലിയായിരുന്നു ആനന്ദ് മോഹന്റേത്. ഇതിലൂടെ നിരവധിയാളുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാര്‍ട്ടി രൂപവത്കരിച്ചതിന് തൊട്ടടുത്ത വര്‍ഷം, 1994-ല്‍ വൈശാലി സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആനന്ദ് മോഹന്റെ ഭാര്യ ലവ്‌ലി മത്സരിച്ചു ജയിച്ചു.

ജയിലില്‍ കഴിയവേയാണ് 1996-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമത പാര്‍ട്ടിയുടെ ടിക്കറ്റില്‍ ആനന്ദ് മോഹന്‍ മത്സരിക്കുന്നത്. ശിവഹര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച ആനന്ദ് മോഹന്‍, എന്‍.ഡി.എയുമായി സഖ്യംചേര്‍ന്നു. എന്നാല്‍, എന്‍.ഡി.എയുമായി അധികകാലം സൗഹൃദം തുടരാതെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയിലേക്ക് ആനന്ദ് മോഹന്‍ കളംമാറ്റിച്ചവിട്ടി. ജയിലില്‍ ആയിരിക്കെ രണ്ട് കവിതാസമാഹാരങ്ങളും ആനന്ദ് മോഹന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്, കൈദ് മേം ആസാദ് കലം (2011), സ്വധീന്‍ അഭിവ്യക്തി എന്നിവയാണവ.
ആരായിരുന്നു ജി. കൃഷ്ണയ്യ ?
സത്യസന്ധനായ ഉദ്യോഗസ്ഥന്‍, അതായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് ജി. കൃഷ്ണയ്യ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ കുറിച്ചുള്ള അഭിപ്രായം. 1985 ഐ.എ.എസ്. ബാച്ചിലെ ബിഹാര്‍ കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1957 ഫെബ്രുവരി എട്ടിന്, അന്നത്തെ ആന്ധ്ര പ്രദേശിലെ ദളിത് കുടുംബത്തിലായിരുന്നു ജനനം. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഏറെ കഷ്ടപ്പെട്ടാണ് കൃഷ്ണയ്യ പേരിനൊപ്പം ഐ.എ.എസ്. എന്ന മൂന്നക്ഷരം കൂട്ടിച്ചേര്‍ത്തത്.
സാമ്പത്തികമായി ഏറെ പിന്നാക്കംനിന്ന കുടുബാംഗമായിരുന്നു കൃഷ്ണയ്യ. ചുമട്ടുതൊഴിലാളിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പഠനത്തിന്റെ ഇടവേളകളില്‍ അച്ഛനെ സഹായിക്കാന്‍ കൃഷ്ണയ്യയും പോകുമായിരുന്നു. സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകനായും അധ്യാപകനായും അദ്ദേഹം ജോലി ചെയ്തിരുന്നു.
കോളേജില്‍ സഹപാഠിയായിരുന്ന ഉമാദേവിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി. 37-ാമത്തെ വയസ്സിലാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൃഷ്ണയ്യ കൊല്ലപ്പെടുന്നത്. നിഹാരിക, പദ്മ എന്നിങ്ങനെ അഞ്ചരയും നാലും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ പിതാവ് കൂടിയായിരുന്നു അദ്ദേഹം. തൊട്ടടുത്ത ജില്ലയില്‍ നടന്ന ഛോടന്റെ കൊലപാതകവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് കൃഷ്ണയ്യ പറഞ്ഞിരുന്നെന്നും എന്നാല്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം അതിന് ചെവികൊടുത്തിരുന്നില്ലെന്നുമാണ് പിന്നീട് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. കൃഷ്ണയ്യ കൊല്ലപ്പെട്ടതിന് പിന്നാലെ ഉമ ഹൈദരാബാദിലേക്ക് മടങ്ങുകയും അവിടെ ഒരു കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഛോടന്റെ കൊലപാതകം; ആള്‍ക്കൂട്ട ആക്രമണം, പിന്നാലെ ജി. കൃഷ്ണയ്യയുടെ കൊലപാതകം
1994 ഡിസംബര്‍ അഞ്ചിനാണ് ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ മജിസ്‌ട്രേട്ട് ആയിരുന്ന കൃഷ്ണയ്യ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതിന് തൊട്ടുതലേന്ന് ഡിസംബര്‍ നാലിന് ആനന്ദ് മോഹന്റെ ബി.പി.പി. പാര്‍ട്ടിയുടെ നേതാവും മുസാഫര്‍പുറില്‍നിന്നുള്ള ഗുണ്ടാത്തലവനുമായ ഛോടന്‍ ശുക്ല അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മുസാഫര്‍പുറിലെ ഭഗവന്‍പുര്‍ ചൗക്കില്‍വെച്ച് ഛോടന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്തവരുടെ കൂട്ടത്തില്‍ ഒരു പോലീസുകാരനും ഉണ്ടായിരുന്നെന്ന വാര്‍ത്ത വന്നതോടെ ഛോടന്റെ അനുയായികള്‍ നഗരത്തില്‍ പ്രതിഷേധത്തിനിറങ്ങി. വാഹനങ്ങളും മറ്റും അടിച്ചുതകര്‍ത്തു.
തുടര്‍ന്ന് പിറ്റേ ദിവസം, ഡിസംബര്‍ അഞ്ചിന്, ഛോടന്റെ മൃതദേഹവുമായി അനുയായികള്‍ മുസാഫര്‍പുറില്‍നിന്ന് അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ആനന്ദ് മോഹനും ഈ പ്രതിഷേധത്തിന്റെ ഭാഗമാവുകയും വികാരതീവ്രമായ പ്രസംഗം നടത്തുകയും ചെയ്തു. ഈ സമയത്താണ് കൃഷ്ണയ്യ ഹാജിപുറില്‍നിന്ന് ഗോപാല്‍ ഗഞ്ചിലേക്ക് തന്റെ വെള്ള അംബാസിഡര്‍ കാറില്‍ മടങ്ങിവന്നത്. ചുവന്ന ബീക്കണ്‍ ലൈറ്റുമായി വന്ന സര്‍ക്കാര്‍ വാഹനം കണ്ടതോടെ ജനക്കൂട്ടം അക്രമാസക്തരായി. ഖബ്ര ഗ്രാമത്തിനു സമീപത്തുവെച്ച് കൃഷ്ണയ്യയുടെ വാഹനം ജനക്കൂട്ടം തടഞ്ഞു. തുടര്‍ന്ന് കാറിനു നേര്‍ക്ക് അവര്‍ കല്ലെറിയാനും ആരംഭിച്ചു.
ഈ സംഘര്‍ഷത്തിനിടെ ഛോടന്റെ സഹോദരനും ഗുണ്ടാനേതാവുമായ ഭുട്കുന്‍ ശുക്ല, കൃഷ്ണയ്യയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയും പിന്നീട് ഇദ്ദേഹത്തെ ആള്‍ക്കൂട്ട മര്‍ദനത്തിന് വിട്ടുകൊടുക്കുകയുമായിരുന്നു എന്നാണ് ആരോപണം. ആള്‍ക്കൂട്ടം കൃഷ്ണയ്യയെ ക്രൂരമായി മര്‍ദിച്ചു. അദ്ദേഹത്തെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടന്ന് ഒരു മണിക്കൂറിനകം കൃഷ്ണയ്യ മരിച്ചിരുന്നു. ആള്‍ക്കൂട്ടം കൃഷ്ണയ്യയെ ആക്രമിക്കാന്‍ കാരണക്കാരന്‍ ആനന്ദ് മോഹന്‍ ആയിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കൃഷ്ണയയ്യയെ കൊലപ്പെടുത്താന്‍ ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത് ആനന്ദ് മോഹനാണെന്നാണ് ആരോപണം ഉയര്‍ന്നത്. ആനന്ദ് മോഹനും ഭാര്യ ലവ്‌ലിയും ഉള്‍പ്പെടെ ഏഴ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2007-ല്‍ കൃഷ്ണയ്യ കൊലക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ആനന്ദ് സിങ്ങിന് വധശിക്ഷ വിധിച്ചു. അതോടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം വധശിക്ഷ ലഭിക്കുന്ന ആദ്യ രാഷ്ട്രീയക്കാരനായി ആനന്ദ് മോഹന്‍ മാറുകയും ചെയ്തു. എന്നാല്‍, ഈ വിധിയ്‌ക്കെതിരേ ആനന്ദ് സിങ് പട്‌ന ഹൈക്കോടതിയെ സമീപിച്ചു. 2008-ല്‍ ഹൈക്കോടതി വധശിക്ഷ ഒഴിവാക്കി. ആനന്ദ് മോഹന്റെ ശിക്ഷ ജീവപര്യന്തം കഠിനതടവായി കുറഞ്ഞു. ആനന്ദ് മോഹന്‍ ഒഴികെയുള്ള ആറ് പേരെ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കുകയും ചെയ്തു. യഥാര്‍ഥ അക്രമി ആനന്ദ് സിങ് ആണെന്ന് തെളിവില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ശിക്ഷാ ഇളവ് ലഭിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍നിന്ന് ലഭിച്ച ആശ്വാസത്തില്‍ തൃപ്തനാകാതിരുന്ന ആനന്ദ് മോഹന്‍ 2012-ല്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല.
ആനന്ദ് മോഹനെതിരേ കൃഷ്ണയ്യയുടെ ഭാര്യ സുപ്രീം കോടതിയിലേക്ക്
ആനന്ദ് മോഹനെ ജയില്‍മോചിതനാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജി. കൃഷ്ണയ്യയുടെ ഭാര്യ ഉമ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മകള്‍ പദ്മ കൃഷ്ണയ്യ, വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
ആനന്ദ് മോഹന്റെ മോചനത്തെ ചോദ്യം ചെയ്ത് ഉമാദേവിയുടെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മേയ് എട്ടിന് പരിഗണിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി ബിഹാര്‍ സര്‍ക്കാരിനും ആനന്ദ് മോഹനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര, അഭിഭാഷകന്‍ ഋതുരാജ് എന്നിവരാണ് ഉമാദേവിക്കു വേണ്ടി ഹാജരായത്.
ബിഹാര്‍ ജയില്‍ച്ചട്ട ഭേദഗതി ആനന്ദ് മോഹനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നടപ്പാക്കിയതെന്നാണ് ഉമാദേവിയുടെ വാദം. സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടതില്‍ സന്തോഷമുണ്ടെന്ന് ഉമാദേവി പറഞ്ഞു. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആനന്ദ് മോഹന്‍ സിങ്ങിന്റെ മോചനത്തിന് പിന്നിലെ രാഷ്ട്രീയം
രാഷ്ട്രീയത്തില്‍ ഒന്നു കാണാതെ, ലക്ഷ്യമിടാതെ ആരും ഒന്നും ചെയ്യില്ല. പ്രത്യേകിച്ച് നിതീഷ് കുമാറിനെ പോലൊരു നേതാവ്. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, ബിഹാറിലെ രാജ്പുത് സമുദായത്തെ പ്രീണിപ്പിക്കാനുള്ള നിതീഷ്-തേജസ്വി സഖ്യത്തിന്റെ ശ്രമമാണ് ആനന്ദ് മോഹന്റെ മോചനമെന്ന് വിലയിരുത്തുന്നവരുമുണ്ട്. രജ്പുത് സമുദായാംഗമാണ് ആനന്ദ് മോഹന്‍ സിങ്. ബിഹാര്‍ ജനസംഖ്യയിലെ നാലു ശതമാനത്തോളം രജ്പുത് സമുദായക്കാരാണ്. ആനന്ദ് മോഹന് രാജ്പുത് മേഖലയില്‍ നിര്‍ണായക സ്വാധീനവുമുണ്ട്. കാലങ്ങളായി ബി.ജെ.പിയോട് ചേര്‍ന്നാണ് രജ്പുത് സമുദായത്തിന്റെ നില്‍പ്. ഈ വോട്ടുബാങ്കില്‍ കണ്ണുവെച്ചാണ് നിതീഷിന്റെയും തേജസ്വിയുടെയും നീക്കമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇക്കൊല്ലം ജനുവരിയില്‍ രജ്പുത് സമുദായം സംഘടിപ്പിച്ച രാഷ്ട്രീയ സ്വഭിമാന്‍ ദിവസില്‍ പങ്കെടുക്കവേ, ആനന്ദ് മോഹന്റെ മോചനത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നതായി അറിയിച്ചിരുന്നു. ആ നീക്കങ്ങള്‍ ഏപ്രില്‍ മാസത്തോടെ ഫലവത്തായി. സ്വന്തം നിലയ്ക്ക് സ്ഥാപിച്ച ബി.പി.പി. മണ്‍മറഞ്ഞെങ്കിലും ആര്‍.ജെ.ഡിയുമായും ജെ.ഡി.യുവുമായും നല്ല ബന്ധത്തിലാണ് ആനന്ദ് മോഹന്‍. ഇദ്ദേഹത്തിന്റെ മകന്‍ ചേതന്‍ ആനന്ദ് ശിവഹര്‍ മണ്ഡലത്തില്‍നിന്നുള്ള ആര്‍.ജെ.ഡിയുടെ എം.എല്‍.എയാണ്. ചേതന്‍ ആനന്ദിന്റെ വിവാഹനിശ്ചയത്തിന് പരോളില്‍ ഇറങ്ങിയ ആനന്ദ് സിങ് പങ്കെടുത്തിരുന്നു.
Content Highlights: Anand Mohan Singh's Jail release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..