അലബാമയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? നാല് മാസമായിട്ടും തീ അണയാതെ മാലിന്യമല


കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co.in



Premium

അലബാമയിലെ തീപിടിത്തം. ചിത്രത്തിന് കടപ്പാട്: https://twitter.com/aldotcom/status/1611415364235325442

ബ്രഹ്‌മപുരത്ത് തീ അണഞ്ഞത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് തീ അണക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. അമേരിക്കയിലെ അലബാമയിലെ 13 ഏക്കര്‍ വരുന്ന മാലിന്യക്കൂമ്പാരത്തിന് നവംബറില്‍ തീപിടിച്ചിട്ട് ഇതുവരെ അണക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, നമുക്ക് 13 ദിവസം കൊണ്ട് തീയണക്കാനായി.

ബ്രഹ്‌മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് രണ്ടാഴ്ചയോളമുള്ള കഠിന പരിശ്രമത്തിന് ശേഷം അണച്ചപ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയില്‍ സംസാരിച്ചത് ഇങ്ങനെയാണ്.

ബ്രഹ്‌മപുരം വിഷയം വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം അഴിമതിയാരോപണമടക്കം ഉന്നയിച്ച് സര്‍ക്കാരിനെതിരേ ആയുധമാക്കുകയും ചെയ്തതോടെയാണ് നിയമസഭയില്‍ മന്ത്രി പി. രാജീവ് അലബാമയിലെ തീപ്പിടിത്തത്തെ കുറിച്ച് പറഞ്ഞത്. അമേരിക്കയിലെ അലബാമയില്‍ നവംബര്‍ 23- നാണ്‌ തീപിടിത്തം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രഹ്‌മപുരത്തിന് സമാനമായുള്ള മാലിന്യക്കൂമ്പാരത്തിലായിരുന്നു തീപ്പിടിത്തം. പക്ഷെ, ഏറെനാള്‍ കഴിഞ്ഞിട്ടും തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞില്ല. ഈയൊരു സാഹചര്യത്തില്‍ നമുക്ക് അലബാമയെ തീപിടിത്തത്തെ പരിശോധിക്കാം. എന്താണ് അലബാമയില്‍ സംഭവിച്ചത്? ഇത്ര കാലം തീയണക്കാന്‍ കഴിയാത്തത് എന്തു കൊണ്ടാണ്?

അമേരിക്കയിലെ ബ്രഹ്‌മിങ്ങാമില്‍നിന്ന് ഏകദേശം 24 കിലോ മീറ്റർ വടക്ക്പടിഞ്ഞാറ് മാറിയാണ്‌ അലബാമയെന്ന അമേരിക്കന്‍ സംസ്ഥാനം. ഇവിടെയാണ് 13 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാലിന്യമല. മൂഡി- ട്രസ്മില്ലേ പ്രവിശ്യയ്ക്കിടയിലുള്ള എന്‍വയോണ്‍മെന്റല്‍ ലാന്‍ഡ്ഫില്‍ ഇന്‍കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാലിന്യമലയില്‍ വീണുകിടക്കുന്ന മരങ്ങളും മരക്കുറ്റികളും അടക്കമുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ ശേഖരിച്ചുവെച്ച മാലിന്യക്കൂമ്പാരത്തിനാണ്‌ തീപിടിത്തമുണ്ടായിരിക്കുന്നത്.

ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള അനുവാദം മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കിലും ഇത് പാലിക്കാതെ വന്നതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് കണക്കാക്കുന്നത്. ജൈവമാലിന്യങ്ങള്‍ക്ക പ്പുറം കേടുവന്ന ഇലക്ട്രോണിക് വീട്ടുപകരണങ്ങൾ, ടയറുകള്‍ എന്നിവയെല്ലാം ഇവിടെ നിക്ഷേപിക്കാന്‍ തുടങ്ങി. ഇത് തീപ്പിടിത്തമുണ്ടായപ്പോള്‍ അപകടകരമായ പുകയ്ക്കും രാസവസ്തുക്കളുടെ പുറംതള്ളലിനും കാരണമാവുകയും ചെയ്തുവെന്നാണ് അലബാമ ഡിപ്പാര്‍ട്‌മെന്റ് എന്‍വിരോണ്‍മെന്റല്‍ മാനേജ്‌മെന്റ്(ഏഡെം) നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് മാലിന്യ സംസ്‌കരണകേന്ദ്രം പ്രവര്‍ത്തിച്ചതെന്നാണ് പറയപ്പെടുന്നത്. കാരണം ജൈവമാലിന്യങ്ങള്‍ മാത്രം ശേഖരിച്ച് സംസ്‌കരിക്കുന്നതിനാല്‍ പ്രത്യേക അനുമതിയുടെ ആവശ്യവുണ്ടായിരുന്നില്ലെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തമുണ്ടായതോടെ മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽനിന്ന് പുക വമിക്കാൻ തുടങ്ങി.

അലബാമയിലെ തീപിടിത്തം | കടപ്പാട്: https://twitter.com/aldotcom/status/1611415364235325442

വിഷപ്പുകയും മറ്റും പ്രദേശമാകെ പടര്‍ന്നു. തീപ്പിടിത്തമുണ്ടായതോടെ പ്രദേശത്തെ താമസക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും ശ്വസന പ്രശ്‌നങ്ങളുമുണ്ടായതോടെയാണ് നിയമലംഘനങ്ങളെ കുറിച്ച് പുറത്തറിയുന്നത്. മാലിന്യക്കൂമ്പാരത്തിന്റെ അടിയിലേക്കു തീ പടർന്നതോടെ ആളിക്കത്താൻ തുടങ്ങിയതായും പരിസരം മുഴുവൻ മാലിന്യപ്പുക നിറഞ്ഞതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീയണക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ പുറംകരാറുകാരെയടക്കം അലബാമ സര്‍ക്കാര്‍ ജോലിക്കെത്തിച്ചെങ്കിലും മാസങ്ങള്‍ ക്കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഭൂമിക്കടിയിലേക്ക് വ്യാപിച്ച ഇത്തരത്തിലുള്ള തീയണക്കാനുള്ള സംവിധാനം അലബാമ കൗണ്ടിക്കോ പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനത്തിനോ സാധിക്കാത്ത അവസ്ഥയാണെന്നാണ് അലബാമ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്.

  • ആളുകള്‍ ഒഴിഞ്ഞുപോയി
കടുത്ത പുകയും ദുർഗന്ധവും കാരണമുണ്ടായ ആരോഗ്യപ്രശ്‌നം കാരണം പലരും അലബാമ വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയാണ്. വിഷപ്പുക ഇരുപത് കിലോ മീറ്റര്‍ അപ്പുറം വരെയെത്തുന്നുവെന്നാണ് പറയുന്നത്. ഇതോടെ പലരും വായുശുദ്ധീകരണ സാമഗ്രികള്‍ വാങ്ങിച്ചുകൂട്ടി. വാതിലും ജനലും പകല്‍പോലും തുറക്കാതെ പുറത്തുനിന്നുള്ള വായു കടക്കാത്ത രീതിയില്‍ വീടുകള്‍ ക്രമീകരിച്ചു. ചിലര്‍ വീട് വിട്ട് ബന്ധുവിടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിത്താമസിക്കുകയും ചെയ്തു. ഓരോരുത്തർക്കും പല തരത്തിലുള്ള ശാരീര ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് മൂക്കില്‍ രക്തസ്രാവമുണ്ടാകുന്നു. തൊണ്ടയില്‍ വ്രണങ്ങളുണ്ടാകുന്നു, തുടര്‍ച്ചയായ തലവേദനയുണ്ടാകുന്നു.

എന്തുകൊണ്ട് തീ അണയുന്നില്ല എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനത്തിന്റെ ആവശ്യമുണ്ടെന്നാണ് അലബാമ ദ്രുതകര്‍മ വിഭാഗവും സംസ്ഥാന ഭരണ നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത ഉടനെ അഗ്നിശമന വിഭാഗവും മറ്റും ചേര്‍ന്ന് പറ്റാവുന്ന കാര്യങ്ങളൊക്കെ ചെയ്തുവെങ്കിലം തീ പൂര്‍ണമായും ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. പുക ഉയരുന്നത് തുടര്‍ന്നതോടെ പ്രദേശത്തെ താമസക്കാരുടെ ജീവന് പുറമെ അവരുടെ വീട്, വാഹനങ്ങള്‍, വസ്ത്രങ്ങള്‍ എന്നുവേണ്ട എല്ലാത്തിനേയും പുകയെടുക്കുകയായിരുന്നു. പലര്‍ക്കും ജോലിക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയായി. തീയണക്കാന്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടതോടെ യു.എസ്. സര്‍ക്കാര്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അലബാമ ഗവര്‍ണര്‍ കെയ് ഐവിയാണ് താല്‍ക്കാലിക അടിയന്തരാവസ്ഥവരെ പ്രഖ്യാപിച്ചത്.

പി.രാജീവ് | ഫോട്ടോ:ടി.കെ പ്രദീപ് കുമാർ‌‌/ മാതൃഭൂമി

  • ചില്ലറയല്ല പ്രശ്‌നങ്ങള്‍
"താങ്ക്‌സ്ഗിവിങ് ആഴ്ചയ്ക്ക് തൊട്ടടുത്ത ദിവസമാണ് രാത്രി കിടന്നുറങ്ങുമ്പോള്‍ മൂക്കുതുളച്ചു കയറുന്ന ദുർഗന്ധത്തോടെ പുക വീട്ടിനുള്ളിലേക്കെത്തിയത്. വീടിന് തീപിടിച്ചുവെന്നാണ് കരുതിയത്. പക്ഷെ, പുറത്തിറങ്ങി നോക്കിയപ്പോഴാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നാണ് പുകയെത്തുന്നതെന്ന്‌ മനസ്സിലായത്." സ്ഥലത്തെ താമസക്കാരിയായ ക്രിസ്സി ഹാര്‍മോണ്‍ വാഷിംഗ്ടൺ ആസ്ഥാനമായ www.npr.org യോട് പ്രതികരിച്ചു. സൂര്യാസ്തമയത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ മാലിന്യക്കൂമ്പാരത്തിന്റെ മുകളില്‍നിന്ന് തീ ഉയരുന്നതാണ് ആദ്യം കണ്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ റബ്ബറും മറ്റും കത്തുന്നതിന്റെ ദുർഗന്ധം പ്രദേശമാകെ വ്യാപിക്കുകയും ചെയ്തു. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് പുക സ്ഥലത്തെല്ലാം പരന്നു. അലബാമ ഫോറസ്ട്രി കമ്മിഷന്റെ നേതൃത്വത്തില്‍ തീയണക്കാനുള്ള എല്ലാ ശ്രമവും നടന്നുവെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നുവെന്ന് ഹാര്‍മണ്‍ ചൂണ്ടിക്കാട്ടുന്നു.

"ചുമയ്ക്കാതെ 15 മിനുറ്റ് പോലും പുറത്തിറങ്ങി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് അലബാമയില്‍. റബ്ബറിന്റേയും പ്ലാസ്റ്റിക്കിന്റേയും മണം കൊണ്ട് പ്രദേശമാകെ നിറഞ്ഞിരിക്കുന്നു. അംഗപരിമിതിയുള്ള കുട്ടിയാണ് തനിക്കുള്ളത്. അതുകൊണ്ട് തന്നെ വിഷപ്പുകയ്ക്കിടയിലും സ്ഥലം മാറിപ്പോവാന്‍ പറ്റാത്ത അവസ്ഥയിലാ
ണ്. ഭാവിയില്‍ ഇത് കൂടുതല്‍ ദോഷം ചെയ്യുമെന്നറിയാമെങ്കിലും സ്ഥലം വിറ്റുപോവാന്‍ പോലും പറ്റുന്നില്ല." തന്നെ പോലുള്ള നിരവധി പേരാണ് ഇതുപോലെ വിഷപ്പുകയും ശാരീരിക അസ്വസ്ഥതയും സഹിച്ച് കഴിയേണ്ടി വരുന്നതെന്നും പറയുന്നു ക്രിസി. കുട്ടിയ്ക്ക് ലഭിക്കുന്ന ഇന്‍ഷൂര്‍ തുക കൊണ്ടാണ് വായു ശുദ്ധീകരണ സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നത്. ഇതിനായി മാത്രം വലിയ പണച്ചെലവാണിപ്പോഴുണ്ടാവുന്നതെന്നും ഇവര്‍ പറയുന്നു.

ക്രിസി ഹാര്‍മണിന്റെ 13 വയസ്സുള്ള കുട്ടി ഓട്ടിസ്റ്റിക്കാണ്. വ്യക്തമായി സംസാരിക്കാന്‍ കഴിയുന്നില്ല. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടോയെന്ന് പോലും പുറത്തുപറയാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളതെന്നും ക്രിസി ചൂണ്ടിക്കാട്ടുന്നു. ഉറക്കക്കുറവ്, മൂക്കില്‍ നിന്നുള്ള രക്തസ്രാവം തുടങ്ങി അതുവരെയില്ലാത്ത രോഗങ്ങളൊക്കെ ആളുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒറ്റ ദിവസം കൊണ്ട് മാറിപ്പോവുമെന്ന് കരുതിയ പുകയാണ് അഞ്ച് മാസത്തോളം നീണ്ടത്. ഇതോടെ ആരോഗ്യ സര്‍വേയടക്കം നടന്നു. വായു പരിശോധനയടക്കമുണ്ടായി. ഇതിന്റെ ഫലപ്രകാരം അന്തരീക്ഷത്തില്‍ വ്യാപിച്ചുകിടക്കുന്ന പുകയില്‍ ഉയര്‍ന്ന അളവില്‍ ബെന്‍സീന്റെ വ്യാപനം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായ തലവേദനയ്ക്കും മറ്റും വഴിവെക്കുന്നതാണ് ബെന്‍സീന്‍. ഇതിന് പുറമെ കാന്‍സറിന് കാരണമാകുന്ന ട്രൈകോളറിയോതൈലീന്‍ പോലുള്ളവയും ഫ്രയോണ്‍ പോലുള്ളവയും കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണാനാവുമെന്ന് പോലും അധികൃതര്‍ക്ക് പറയാൻ കഴിയുന്നില്ല. സന്നദ്ധ സംഘടന സ്ഥലത്ത് വായുവിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള എര്‍മോണിറ്റേഴ്‌സും സ്ഥാപിച്ചിട്ടുണ്ട്.

ബ്രഹ്മപുരത്തെ തീപ്പിടിത്തം | ഫോട്ടോ: മാതൃഭൂമി

സ്വകാര്യ മാലിന്യക്കൂമ്പാര നടത്തിപ്പുകാര്‍ക്കെതിരേ നാട്ടുകാര്‍ മനുഷ്യ ജീവനും സ്വത്തും അപകടത്തപ്പെടുത്തിയെന്ന് കാണിച്ച് കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വന്ന തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കൂടാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മാലിന്യനിക്ഷേപ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവുണ്ടാവണമെന്നും ആവശ്യപ്പെട്ടുട്ടുണ്ട്. തീപിടിച്ച സ്ഥലത്ത് കട്ടിയില്‍ മണ്ണിട്ടാണ് താല്‍ക്കാലികമായി ഇപ്പോള്‍ തീയണക്കല്‍ ജോലി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും പലയിടത്തും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും മാര്‍ച്ച് മാസം അവസാനത്തോടെ തീ പൂര്‍ണമായും അണക്കാനാവുമെന്ന പ്രതീക്ഷയിലാണ് അലബാന അതോറിറ്റി.

അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തീ ആദ്യം തന്നെ അണയ്കക്കുന്നതില്‍ കാലതാമസം വരുത്തിയതായി പ്രദേശവാസികള്‍ ആരോപിയ്ക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ്, ആരുടെ പരിധിയിലാണ് ഇത് വരുന്നത് എന്നുള്ള കാര്യങ്ങളില്‍ സംസ്ഥാനവും പ്രാദേശിക ഭരണകൂടവും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ കാര്യങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ലാന്‍ഡ് ഫില്‍ ആയതിനാല്‍ പ്രാദേശിക ഭരണകൂടം ഉത്തരവാദിത്തില്‍നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്തു. ഒടുവില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന് വന്നതോടെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയെ വിളിപ്പിക്കുകയായിരുന്നു.

Content Highlights: Alabama landfill fire still burning minister p rajiv about brahmapuram fire

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented