സോപ്പ്, ചീപ്പ്, കണ്ണാടിയല്ല! അതിനും മീതെയാണ് വനിതാജയിലുകളിലെ സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍


ഷബിത

പരോളില്‍ നിന്നും മടങ്ങി വരുമ്പോള്‍ കൊണ്ടുവരുന്ന ലഗേജുകള്‍ എല്ലാം തന്നെ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചശേഷം ജയിലില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത വസ്തുക്കള്‍ പിടിച്ചുവെച്ചതില്‍ ബാക്കിയുള്ളതാണ് കൊടുക്കുക. ജയില്‍ തങ്ങള്‍ക്കാവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ തരുന്നില്ല എന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ വരെ എത്താറുണ്ട്. അകത്തായാലും ചമഞ്ഞിരിക്കുന്നതില്‍ ആര്‍ക്കാണ് കുഴപ്പം?

ഫോട്ടോ: എൻ.എം പ്രദീപ്‌

ലാത്തികള്‍ക്ക് കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു എന്നു പറഞ്ഞത് വിപ്ലവനായിക കെ.ആര്‍ ഗൗരിയമ്മയാണ്. കേരളമൊന്നാകെ രാഷ്ട്രീയ വിപ്ലവവീര്യത്തില്‍ ജ്വലിച്ചുനിന്നിരുന്ന കാലത്ത് എത്രയോ വീരനായികമാര്‍ നമുക്കുണ്ടായിരുന്നു. ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് യാതൊരു മനുഷ്യത്വവുമില്ലാതെ വലിച്ചിഴയ്ക്കപ്പെട്ടവര്‍, അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയകരായവര്‍, ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് സര്‍വപീഡകളും ഏറ്റുവാങ്ങിയവര്‍. ഉടുക്കാനും ഉറങ്ങാനും കഴിയാതെ, ആര്‍ത്തവരക്തം കട്ടപിടിച്ചുണങ്ങിയ അടിവസ്ത്രങ്ങളോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയവര്‍...

ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ജയിലുകളിലേക്ക് എത്തിപ്പെട്ട വനിതകളില്‍ പ്രമുഖര്‍ രാഷ്ട്രീയനിലപാടുകളുടെ ഭാഗമായി എത്തിപ്പെട്ടവരായിരുന്നു. ഇന്ന് പക്ഷേ നിലപാടുകളുടെ ഭാഗമായി എത്തിപ്പെടുന്ന സ്ത്രീകള്‍ കുറവാണ്. പകരം വഞ്ചനയും ലഹരി ഉപയോഗമോ വില്‍പനയോ ആണ് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേസുകള്‍. ജനപ്രിയ മാധ്യമരംഗത്തെ സെലിബ്രിറ്റികളായ സ്ത്രീകള്‍ വഞ്ചനാക്കുറ്റം, നാര്‍കോട്ടിക്‌സ്, പീഡനം തുടങ്ങിയ കേസുകളിലാണ് കൂടുതലായും അറസ്റ്റിലാവുന്നത്. സമൂഹത്തില്‍ ഉന്നതനിലവാരത്തിലുള്ള ജീവിതം നയിക്കുന്ന സ്ത്രീകള്‍ കേസിലകപ്പെടുമ്പോള്‍, തടവിലാക്കപ്പെടുമ്പോള്‍ അവര്‍ ജയില്‍ സംവിധാനവുമായി സഹകരിക്കാന്‍ തയ്യാറാവില്ല. രാഷ്ട്രീയക്കാര്‍, ഡോക്ടര്‍മാര്‍, ഗസറ്റഡ് ഓഫീസര്‍മാര്‍, അധ്യാപകര്‍ തുടങ്ങി ഏതു മേഖലയില്‍ ഉന്നതസ്ഥാനത്തിരിക്കുന്നവരായാലും ശരി ജയിലില്‍ എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ മലര്‍ക്കെ തുറന്നുതന്നെയാണുള്ളത്. ഇത്തരക്കാരെ പ്രത്യേകം പരിഗണിക്കേണ്ടതിന്റെ ആവശ്യകത ജയിലിന് ഇല്ലാത്തതിനാല്‍ത്തന്നെ സ്ഥിരം തടവുകാരുടെ കൂടെ ഒഴിവുള്ള സെല്ലുകളില്‍ പാര്‍പ്പിക്കുകയാണ് പതിവ്.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡോക്ടറുടെ ജയില്‍ അനുഭവം പറയാം. കണ്ണൂരില്‍ ഗൈനക്കോളജിസ്റ്റായി സേവനം ചെയ്തുവരവേയാണ് പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ വരുന്നത്. വിശദമായ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്നു തെളിഞ്ഞപ്പോള്‍ വീട്ടുകാര്‍ അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ച ഡോക്ടറുടെ കാലില്‍വീണപേക്ഷിച്ച് കുടുംബത്തിന്റെ മാനാഭിമാനങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ കേസ് ഏറ്റെടുത്തു. ഗര്‍ഭച്ഛിദ്രത്തിനിടെ അമിതരക്തസ്രാവം കാരണം പെണ്‍കുട്ടി മരണപ്പെട്ടു. അതോടെ കേസ് തലതിരിഞ്ഞു. ഡോക്ടറുടെ കയ്യബദ്ധത്താല്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണപ്പെട്ടു എന്നായി! ഡോക്ടര്‍ റിമാന്റിലായി. ഇത്തരം കേസുകളില്‍ കോടതിയില്‍ നിന്ന് കാലതാമസമില്ലാതെ ജാമ്യം ലഭിക്കുമെങ്കിലും ജയിലില്‍ എത്തിപ്പെടുക എന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയാറില്ല.

അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകളാല്‍ അകത്താവുന്ന ഗസറ്റഡ് ഉദ്യോഗസ്ഥകളും കുറവല്ല. കൈക്കൂലിയും പാരിതോഷികവുമാണ് ഇവരെ ചതിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നതമായ പോസ്റ്റിലിരിക്കുന്ന നാല്‍പത്തിരണ്ടുകാരിയായ സ്ത്രീ അറസ്റ്റ് ചെയ്യപ്പെട്ടത് കൈക്കൂലിക്കേസിലാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇരുപത്തിനാല് മണിക്കൂറിലധികം ജയിലില്‍ കഴിഞ്ഞാല്‍ അതവരുടെ ജോലിയെ സാരമായി ബാധിക്കും. ജയില്‍ അധികൃതരുമായി സഹകരിക്കാനോ തന്റെ കേസിന്റെ ഗൗരവം ഉള്‍ക്കൊള്ളാനോ തയ്യാറാവാത്ത സ്ത്രീയോട് കാര്യങ്ങള്‍ പറഞ്ഞുബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞ ഒരുമാസമായി താന്‍ ലീവിലാണ് എന്നായിരുന്നു മറുപടി. കേസ് വിചാരണയ്‌ക്കെടുത്തപ്പോള്‍ കുറ്റം തെളിയിക്കപ്പെട്ടു. അതിനുമുമ്പേ തന്നെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.

വിചാരണത്തടവുകാര്‍ പല സ്ഥാനമാനങ്ങളില്‍ ഇരിക്കുന്നവരായിരിക്കും. പലപ്പോഴും അവര്‍ അതിന്റെ അഹങ്കാരത്തോടെ തന്നെയാണ് ജയില്‍ അധികൃതരോട് പെരുമാറുകയും ചെയ്യുക. പക്ഷേ ജയില്‍ അധികൃതരെ സംബന്ധിച്ചിടത്തോളം ഏതു കൊമ്പത്തെ പ്രമുഖര്‍ വന്നാലും റിമാന്റ് പ്രതികള്‍ മാത്രമാണ്. സര്‍ക്കാര്‍ തടവുപുള്ളികള്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ അതുനല്‍കുക, അവര്‍ കസ്റ്റഡിയില്‍ സുരക്ഷിതരായിരിക്കുക എന്നതാണ് ജയിലിന്റെ ഉത്തരവാദിത്തം. അത്രയും കാലം ജീവിച്ച ആര്‍ഭാടങ്ങളില്‍ നിന്നും ആശുപത്രിക്കട്ടിലിനുസമാനമായ ഒരിടത്തിലേക്ക് താമസം ഒതുങ്ങിപ്പോവുമ്പോള്‍, വിളിപ്പുറത്ത് ആവശ്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍, കുളിക്കാനും ഉണ്ണാനും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും വരിനില്‍ക്കുമ്പോള്‍, ഇവരുടെ ക്ഷമ നിയന്ത്രണം വിടുന്നു.

ജന നന്മയുടെ പേരും പറഞ്ഞ് സമരം ചെയ്യുന്നവരാണ് അടുത്ത തലവേദനക്കാര്‍. റിമാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ കൂട്ടമായിട്ടാണുണ്ടാവുക. അവര്‍ പൊതുവേ ഡിമാന്റിങ് ആയിരിക്കും പലകാര്യത്തിലും. ജയില്‍ ചിട്ടകളോട് സഹകരിക്കാന്‍ തയ്യാറാവില്ല. ഓരോരുത്തരും സ്വയം നേതാക്കളായി മാറിയതിനാലും സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധമുള്ളതിനാലും അവകാശങ്ങള്‍ക്കായി പടവെട്ടിക്കൊണ്ടേയിരിക്കും. ജയിലില്‍ ഭക്ഷണമുണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം പരസ്പര സഹകരണത്തോടെയാണ്. ഇത്തരം കാര്യങ്ങളോട് സഹകരിക്കാന്‍ സമരനേതാക്കള്‍ പലപ്പോഴും തയ്യാറാവില്ല. ഭക്ഷണ സമയം തെറ്റി, കറി ദഹിക്കുന്നില്ല തുടങ്ങിയ പരാതികള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ഇവിടെയാണ് ഗൗരിയമ്മയെപ്പോലുള്ളവരുടെ പ്രസക്തി. സമൂഹത്തിലെ ആദര്‍ശങ്ങള്‍ക്കായി നിലകൊള്ളുമ്പോള്‍ അവനവനില്‍ വന്നുചേരേണ്ടുന്ന ആദര്‍ശത്തെക്കുറിച്ച് പുതുകാല സമരനായികമാര്‍ പലപ്പോഴും മറന്നുപോകുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നിരുന്നാലും മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രകൃതി- പരിസ്ഥിതി സംരക്ഷണം, ചൂഷണങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍, രാഷ്ട്രീയ സമരങ്ങള്‍ തുടങ്ങിയവയില്‍ സ്ത്രീകളുടെ അറസ്റ്റ് പൊതുവേ കുറവാണ്. പ്രസിദ്ധരായവര്‍ പല കേസുകളില്‍ പെട്ട് തടവിലാകുന്നതും കേസുകളിലൂടെ ചിലര്‍ കുപ്രസിദ്ധിയാര്‍ജിക്കുന്നതും ജയില്‍ അധികൃതരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. സമരക്കാര്‍ വരുന്നത് കൂട്ടത്തോടെയായിരിക്കും പലപ്പോഴും. അവര്‍ പൊതുവേ പലകാര്യങ്ങളിലും ഡിമാന്റ് ചെയ്യുന്നവരായിരിക്കുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ജയില്‍ ജോലികളില്‍ സഹായിക്കാനോ ഭക്ഷണം സ്വയം എടുത്തുകഴിക്കാനോ ഇവര്‍ തയ്യാറാവില്ല. തങ്ങള്‍ സമരനേതാക്കളായതിനാല്‍ സംരക്ഷിക്കേണ്ടത് ജയിലിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് ഇവര്‍ വെച്ചുപുലര്‍ത്തുക. തങ്ങള്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളുടെ ഗൗരവമോ, ജയില്‍ എന്ന സംവിധാനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നോ പലപ്പോഴും ഇവര്‍ മനസ്സിലാക്കാറില്ല. നേതാക്കള്‍ പറയുന്നതുപോലെ അനുസരിക്കും. അതേസമയം ആദിവാസി ഭൂസമരങ്ങളിലും മറ്റും കൂട്ടത്തോടെയുള്ള അറസ്റ്റുണ്ടാവുമ്പോള്‍ അകപ്പെടുന്നവര്‍ പൊതുവില്‍ സമാധാനപ്രിയരും ജയില്‍ നിയമങ്ങള്‍ അനുസരിക്കുന്നവരുമാണെന്ന് മുതിര്‍ന്ന വനിതാ ജയില്‍ സൂപ്രണ്ട് പറയുന്നു.

വയനാട്ടിലെ സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് ബന്ധുവിനെ സഹായിച്ച കേസില്‍ അറസ്റ്റിലായ ബാങ്ക് ജീവനക്കാരി, തീപ്പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരി, ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ അഡ്വക്കേറ്റ്, സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്നു പറഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത നടി, ചെക്ക് കേസില്‍ തടവിലകപ്പെട്ട പോസ്റ്റല്‍ അസിസ്റ്റന്‍ഡ്, കൈക്കൂലിക്കാരിയായ വില്ലേജ് ഓഫീസര്‍, ഡോക്ടര്‍മാര്‍ തുടങ്ങി 'എലൈറ്റ് ക്ലാസി'ല്‍ പെട്ട വനിതകളും ജയിലിനെ അനുഭവിച്ചറിഞ്ഞവരാണ്. കഞ്ചാവ് സൂക്ഷിച്ചു എന്ന കേസില്‍ റിമാന്‍ഡിലായ കൊച്ചിക്കാരി യുവസംരംഭകയുടെ ആത്മാര്‍ഥമായ പരിശ്രമം കൊണ്ട് തന്റെ നിരപരാധിത്വം തെളിയിച്ചതും യഥാര്‍ഥപ്രതിയെ കണ്ടെത്തി നിയമത്തിനുമുന്നില്‍ എത്തിച്ചതും നമ്മള്‍ മറന്നിട്ടില്ല. ഇത്തരത്തില്‍ തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് അകപ്പെടുകയും അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നവരും ഉണ്ട്. കേരളത്തില്‍ ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട ഏക വനിതയാണ് ശോഭാ ജോണ്‍. ശബരിമല മുന്‍തന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയ കേസിലും ക്വട്ടേഷന്‍ സംഘമുണ്ടാക്കിയതിനും ശോഭാജോണിനെതിരെ കേസ് ഉണ്ട്.

വനിതാ ജയിലുകളില്‍ ഈയിടെയാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ലഭ്യമാക്കിത്തുടങ്ങിയത്. സോപ്പ്, ചീപ്പ്, എണ്ണ, പാഡ് ഇവയായിരുന്നു സ്ത്രീകള്‍ക്ക് ആദ്യമാദ്യം സ്റ്റോറിലൂടെ വിതരണം ചെയ്തിരുന്നത്. പിന്നീട് നിരന്തരമായ ആവശ്യപ്രകാരം ടാല്‍കം പൗഡര്‍, ഷാംപു തുടങ്ങിയവ നല്‍കിത്തുടങ്ങി. വര്‍ത്തമാനകാലത്തെ സൗന്ദര്യബോധവും തങ്ങള്‍ അതുവരെ ഉപയോഗിച്ചിരുന്ന കോസ്‌മെറ്റിക്കുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നുള്ള നിര്‍ബന്ധവും വനിതാ തടവുകാര്‍ പുലര്‍ത്തിവരുന്നുണ്ട്. പുറമേ നിന്നുള്ള, രാസവസ്തുക്കളാല്‍ നിര്‍മിതമായ യാതൊന്നും തന്നെ നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ അയവുവന്നതോടെ സ്റ്റോറില്‍ നിന്നും ഫെയര്‍നെസ് ക്രീം പണം നല്‍കി വാങ്ങാം എന്നായി. മുടിയാണ് അടുത്തപ്രശ്‌നം. തടവിലിരിക്കേ നര ബാധിച്ചുതുടങ്ങിയപ്പോള്‍ ഹെയര്‍ ഡൈ ആവശ്യപ്പെട്ട തടവുകാരും കുറവല്ല. ഡൈ നല്‍കാതിരുന്നപ്പോള്‍ ജയില്‍ കോംപൗണ്ടില്‍ മയിലാഞ്ചിയും കാശിത്തുമ്പയും നട്ടുനനച്ച് വളര്‍ത്താന്‍ തുടങ്ങി. ഇവയുടെ ഇലകള്‍ പറിച്ചെടുത്ത് കല്ലില്‍ ചതുക്കിയോ പിഴിഞ്ഞെടുത്തോ നീര് തലയില്‍ തേച്ചുപിടിപ്പിച്ചാണ് നരബാധയെ സൗന്ദര്യബോധമുള്ള തടവുകാരികള്‍ അതിജീവിക്കുന്നത്.

ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവതി പരോളില്‍ പോയി വരുമ്പോഴൊക്കെ പുതുവസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളുമായാണ് വരിക. പരോളില്‍ നിന്നും മടങ്ങി വരുമ്പോള്‍ കൊണ്ടുവരുന്ന ലഗേജുകള്‍ എല്ലാം തന്നെ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചശേഷം ജയിലില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത വസ്തുക്കള്‍ പിടിച്ചുവെച്ചതില്‍ ബാക്കിയുള്ളതാണ് കൊടുക്കുക. ജയിലില്‍ തങ്ങള്‍ക്കാവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ തരുന്നില്ല എന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ വരെ എത്താറുണ്ട്. അകത്തായാലും ചമഞ്ഞിരിക്കുന്നതില്‍ ആര്‍ക്കാണ് കുഴപ്പം?

സാമ്പത്തിക അന്തരങ്ങള്‍ തടവുകാരികളെ രണ്ടു തട്ടുകളിലാക്കി നിര്‍ത്തുന്നുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള തടവുകാരികള്‍ തങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ബാക്കിയായതോ, അതേ അളവിലും തൂക്കത്തിലുമുള്ളതോ നിര്‍ധനരായ സഹതടവുകാരികള്‍ക്ക് കൊടുത്ത് ആദരവും ആധിപത്യവും കൈപ്പറ്റുന്നു. കൂടുതല്‍ വസ്തുക്കള്‍ തന്ന് സഹായിക്കും എന്ന കാരണത്താല്‍ സഹതടവുകാരികള്‍ ആദരവോടെയും സ്‌നേഹം പ്രകടിപ്പിച്ചും സാമ്പത്തികമായി ഉയര്‍ന്ന തടവുകാരികളുടെ വസ്ത്രം, പാത്രം തുടങ്ങിയവ കഴുകിക്കൊടുക്കുകയും അത്തരക്കാരുടെ സഹായത്തിനായി വിളിച്ചാല്‍ വിളിപ്പുറത്ത് എന്ന മട്ടില്‍ എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. ഒരു അടിപ്പാവാടയോ നൈറ്റിയോ ചുരിദാറോ ആയിരിക്കും പ്രതിഫലമായി ഇവര്‍ക്ക് ലഭിക്കുക. രണ്ടരമാസം കൂടുമ്പോള്‍ പരോളില്‍ പോകുന്ന ജയയെന്ന ജീവപര്യന്തക്കാരി ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് ഉപയോഗിക്കാറില്ല. രണ്ടരമാസം മാത്രം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ സഹതടവുകാരികള്‍ക്ക് നല്‍കും. അതിനായി കാത്തിരിക്കുന്നവര്‍ അവള്‍ക്കുവേണ്ടി എന്തുസഹായവും ചെയ്യാന്‍ തയ്യാറാണ്. ഇതെല്ലാം നിരീക്ഷിക്കുന്ന ജയില്‍ അധികൃതര്‍ ചോദ്യം ചെയ്യുമ്പോള്‍ അസുഖമാണ് കാരണമായി നിരത്തുക. അസുഖമായതിനാല്‍ താന്‍ സഹായിച്ചതാണ് എന്നാണ് ഇത്തരം വേലകളെ പാവപ്പെട്ട തടവുകാരികള്‍ അധികാരികള്‍ക്കുമുന്നില്‍ ന്യായീകരിക്കുന്നത്. തടവുകാരികളുടെ കുടുംബങ്ങള്‍ തമ്മിലും മോശമല്ലാത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. പരോളില്‍ പോകുന്നവര്‍ അകത്തിരിക്കുന്നവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ അങ്ങനെയും സഹായിക്കുന്നു. അതിനുള്ള സേവനം അകത്തുള്ളവര്‍ തമ്മില്‍ കൊടുക്കുകയും വാങ്ങുകയും ചെയ്തുകൊള്ളണം എന്നാണ് പരസ്പര ധാരണ. സാമ്പത്തികമായി ഉയര്‍ന്നവര്‍ സാമ്പത്തികമായി താഴ്ന്നവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് പലപ്പോഴും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്താണ്. എല്ലാവരും അങ്ങനെയെന്നല്ല, നല്ല ചിന്താഗതിക്കാരായ, സാമൂഹികമായി ഉയര്‍ന്ന കാഴ്ചപ്പാടുള്ളവരും ഇവരുടെ ഇടയിലുണ്ട്. അവിടെ മനസ്സറിഞ്ഞ് സഹതടവുകാരികളെ സഹായിക്കാന്‍ ഇവര്‍ തയ്യാറാകുന്നുണ്ട്.

ടാല്‍കം പൗഡര്‍, ഷാംപു, ജയില്‍ അനുവദിച്ച ഫെയര്‍നസ് ക്രീം, വെളിച്ചെണ്ണ എന്നിവയ്ക്കുപുറമേയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കണമെങ്കില്‍ ജയില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധമാണ്. സണ്‍ സ്‌ക്രീന്‍, ഹെയര്‍ ക്രീം, ബോഡി ലോഷന്‍ തുടങ്ങിയവ അനുവദിക്കപ്പെടുന്നത് ജയില്‍ ഡോക്ടറുടെ അനുവാദത്തോടെയാണ്. ഇത്തരത്തില്‍ ഫെയര്‍നെസ് ക്രീം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് സണ്‍ സ്‌ക്രീന്‍ ലോഷനുകളാണ്. ജയില്‍ഭക്ഷണമാണ് മറ്റൊരു എക്‌ചേഞ്ച് മെറ്റീരിയല്‍. ഇറച്ചിയും മീനും കഴിക്കാത്തവരുടെ പങ്ക് കഴിക്കുന്നവര്‍ മുന്‍കൂട്ടി പറഞ്ഞേല്‍പ്പിക്കും. അതിന് ഏതെങ്കിലും തരത്തില്‍ പ്രത്യുപകാരം നല്‍കിയിരിക്കണം.

മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ശീലമുള്ളവര്‍ അകത്താവുമ്പോള്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോം കൂടി ഉണ്ടാവുന്നു. പുകവലിക്കാരില്‍ ഏറിയ പങ്കും നാടോടി സ്ത്രീകളും പിടിച്ചുപറി മോഷണശ്രമക്കേസുകളിലെ പ്രതികളുമാണെങ്കില്‍ മദ്യപാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സോഷ്യല്‍ സ്റ്റാറ്റസ് അല്പം കൂടിയവരാണ്. അതികഠിനമായ തലവേദന, വിറയല്‍, ഛര്‍ദി, സ്വയം വേദനിപ്പിക്കല്‍, ഭ്രമാത്മകത തുടങ്ങിയവ പ്രകടിപ്പിക്കുന്ന തടവുകാരികള്‍ വനിതാജയിലുകളില്‍ പുതുമയുള്ള കാഴ്ചയല്ല. അത്തരക്കാരെ ആദ്യഘട്ടത്തില്‍ ജയില്‍ ഡോക്ടറെ കാണിക്കുകയാണ് പതിവ്. ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ് കൂടുതല്‍ പേരിലും പൊതുവേ കാണുന്ന ലക്ഷണം. പ്രാഥമിക ചികിത്സാവിധികള്‍ കൊണ്ട് ഫലമില്ലെങ്കില്‍ ആശുപത്രിയിലേക്ക് ഇവരെ മാറ്റും. പോലീസ് സുരക്ഷയിലുള്ള ചികിത്സയാരംഭിക്കുകയും ഭേദമായതിനുശേഷം തിരികെ ജയിലിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

(തുടരും)

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content highlights :Akathanu amma Series on Women jails in Kerala part 9

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented