പ്രതീകാത്മക ചിത്രം
ജാര്‍ഖണ്ഡുകാരിയായ ഇരുപത്തിയൊന്നുകാരി കഴിഞ്ഞ നാലു മാസമായി വിയ്യൂര്‍ ജയിലില്‍ തടവിലാണ്. സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച തൃശൂര്‍കാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയുമായി ലെസ്ബിയന്‍ പ്രണയത്തിലായ ഈ യുവതി പെണ്‍കുട്ടി ക്ഷണിച്ചതനുസരിച്ച് ലോക്ഡൗണ്‍ കാലത്ത് സാഹസികമായി കേരളത്തിലെത്തി. തന്റെ കൂട്ടുകാരിയാണെന്ന് മാതാപിതാക്കളെ ധരിപ്പിച്ച് കുറച്ചുദിവസം അവര്‍ ഒരുമിച്ച് വീട്ടില്‍ കഴിഞ്ഞു. പിന്നീട് പെണ്‍കുട്ടിയെയും കൂട്ടി നാടുവിടാന്‍ ശ്രമിക്കവേയാണ് മാതാപിതാക്കള്‍ സൗഹൃദത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്.
കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്നു രണ്ടു പേരെയും പോലീസ് പിടികൂടി. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും യുവതിയെ പോക്സോ ചുമത്തി വിചാരണത്തടവിലാക്കുകയും ചെയ്തു. ജയില്‍ അധികൃതര്‍ക്ക് കേസിന്റെ നിജസ്ഥിതി മനസ്സിലായപ്പോള്‍ മുതല്‍ അവര്‍ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ക്കായി കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയെയും മറ്റ് എന്‍.ജി.ഒകളെയും ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം ലഭിച്ചാലും തിരികെ നാട്ടിലേക്കില്ല എന്ന നിലപാടിലാണ് യുവതി. ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലിയുണ്ടായിരുന്നത് നഷ്ടപ്പെട്ടു. തിരികെ വീട്ടിലെത്തിയാല്‍ എങ്ങനെയായിരിക്കും വീട്ടുകാര്‍ പെരുമാറുക എന്നതില്‍ യുവതിക്ക് ആശങ്കയുണ്ട്. കേരളത്തില്‍ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണം എന്ന തീരുമാനത്തിലാണ് അവള്.
അട്ടക്കുളങ്ങര വനിത ജയിലിലെ ഏറ്റവും പ്രായമുള്ള തടവുകാരിയായ മണിയമ്മ തന്റെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയിട്ട് മാസം രണ്ടായി. അയല്‍ക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത കേസിലാണ് മണിയമ്മ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് പോക്സോയായി മാറി. അറുപത്തിമൂന്നുകാരിയായ മണിയമ്മയ്ക്കു ഇനി മോചനമാകാം എന്ന് ജയില്‍ അധികൃതര്‍ തീരുമാനിച്ചു. അതിനു മുന്നോടിയായി ആദ്യം പരോള്‍ നല്‍കാം എന്നു പറഞ്ഞപ്പോള്‍ താന്‍ പോകുന്നില്ല എന്ന തീരുമാനത്തിലാണ് മണിയമ്മ. കാരണം സ്വന്തം നാടായ കോട്ടയത്തേക്ക് ഒറ്റയ്ക്ക് പോകാനും പരോള്‍ കഴിഞ്ഞാല്‍ തിരിച്ചുവരാനുമുള്ള ബുദ്ധിമുട്ടാണ്. പോക്സോ കേസിലാണ് അകപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ത്തന്നെ ഇനിയെങ്ങനെ സ്വീകരിക്കപ്പെടുമെന്ന് അറിയുകയുമില്ല.
പ്രായപൂര്‍ത്തിയാവാത്ത അനിയത്തിയെ പീഡനത്തിന് വിധേയമാക്കാൻ ഒത്താശ ചെയ്തു കൊടുത്ത കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് കാസര്കോഡുകാരിയും വിവാഹിതയും രണ്ട് മക്കളുടെ അമ്മയും ഇരുപത്തെട്ടുവയസ്സുകാരിയുമായ നൂര്ജഹാന്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ജീവനോപാധികള്‍ അടഞ്ഞപ്പോഴാണ് അനിയത്തിയെ വില്പനച്ചരക്കാക്കാന് തീരുമാനിച്ചത്. സഹകരിക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ മുറിയിലടച്ചിട്ടു പലരില്‍ കാശുവാങ്ങി കൂട്ടിക്കൊടുത്തു.
രക്ഷപ്പെടാന്‍ അവസരം കിട്ടിയപ്പോള്‍ പെണ്‍കുട്ടി ഇറങ്ങിയോടുകയായിരുന്നു. പെണ്‍കുട്ടി അഭയത്തിനായി ഓടിക്കയറിയ വീട്ടിലെ അംഗമാണ് പോലീസിനെ വിവരമറിയിച്ചത്. പെണ്‍കുട്ടിയെ സാമൂഹ്യ സുരക്ഷാ മിഷന് ഏറ്റെടുത്തു. നൂര്‍ജഹാനെ കണ്ണൂര്‍ വനിത ജയിലില്‍ വിചാരണത്തടവുകാരിയുമാക്കി.
കേസുകളും നിയമങ്ങളും അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കേ അവ മറികടന്നുകൊണ്ടുള്ള മാംസവ്യാപാരവും കൊച്ചുപെണ്കുട്ടികളിലേക്കുള്ള കഴുകന് കണ്ണുകളും സമൂഹം ഇനിയും കണ്ടില്ലെന്നു നടിക്കരുത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ആണ്-പെണ് ഭേദമന്യേ ലൈംഗികവ്യാപാരം ചെയ്യുന്നവരില്‍ നാലുപേരില്‍ ഒരാള്‍ സ്ത്രീയാണ് എന്ന വസ്തുതയാണ് ഇത്തരത്തിലുള്ള കേസുകള്‍ നേരിടുന്നവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത്.
വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രസവിച്ചയുടന്‍ റോഡു വക്കില്‍ ഉപേക്ഷിച്ച കേസിലാണ് കായംകുളത്തെ വീട്ടുവേലക്കാരി നീന തടവിലായത്. നീനമാരാല് വഴിയിലുപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണവും കൂടുക തന്നെയാണ്. പലപ്പോഴും കുഞ്ഞ് മരണപ്പെടുന്നു. അഭിമാനഭയമാണ് നീനയെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. ഇത്തരത്തില്‍ വിവാഹേതര ബന്ധങ്ങളിലൂടെ ഗര്‍ഭിണിയാകുമ്പോള്‍ അവിഹിതന് കൈ മലര്‍ത്തുന്ന അനുഭവമാണ് മിക്ക തടവുകാരികളും പങ്കുവെക്കുന്നത്. ഗര്‍ഭിണിയാവുക എന്നാല്‍ ദുരിതത്തിലാവുക എന്ന ചിന്തയിലേക്ക് ഇവര്‍ മാറുമ്പോള്‍ പിന്നെ വയറൊഴിവാക്കുക എന്ന പദ്ധതിയാണ് പലപ്പോഴും ഉപേക്ഷിക്കലായി മാറുന്നത്.
നീന ഭോപ്പാലുകാരിയാണ്. അവിടെ ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളും കഴിയുന്നുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്താണ് പിന്നീട് ഗര്‍ഭം സമ്മാനിച്ചയാള്‍. നീനയാവട്ടെ വേലയ്ക്കു നിന്നത് കേരളത്തിലെ ഒരു കന്യാസ്ത്രീമഠത്തിലും. ഏതെങ്കിലും തരത്തില്‍ ഗര്‍ഭം ഇല്ലാതാക്കാനോ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ടവരോട് പറയാനോ നീനയ്ക്ക് കഴിഞ്ഞില്ല. ജോലിയിടത്തില്‍ പ്രസവിച്ച നീന കുഞ്ഞിനെ പൊതിഞ്ഞു കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചെങ്കിലും പിടിക്കപ്പെട്ടു. കുഞ്ഞിന്റെ അമ്മയെന്ന അവകാശം ലംഘിക്കപ്പെട്ടതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നീനയെ ശിക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ ജയില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പോക്സോ കേസുകളിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വര്‍ഷാവര്‍ഷം മുപ്പത് ശതമാനത്തോളം വര്‍ധനവാണ് ഇത്തരം കേസുകളില്‍ കണ്ടുവരുന്നത്. അബ്കാരി നിയമത്തിലും ഇമ്മോറല്‍ ട്രാഫിക്കിനും പിടിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യം നിലനില്‍ക്കെ പോക്സോയിലും ജെജെ ആക്ടിലും പെട്ട സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത് കേരളത്തിലെ സ്ത്രീകളുടെ മാറുന്ന ജീവിതാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നെയ്യാറ്റിന്‍കര വനിതാജയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് തൊണ്ണൂറിലധികം വനിതാ തടവുകാര്‍ വന്നും പോയുമിരുന്നത് ഇമ്മോറല്‍ ട്രാഫിക്കില്‍ അകപ്പെടുമ്പോഴായിരുന്നു. ലൈംഗികത്തൊഴിലാലികളുടെ ജയില്‍ എന്ന കുപ്രസിദ്ധിയാര്‍ജിച്ച തടവറയായിരുന്നു നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് അബ്കാരി നിയമം പ്രകാരവും സ്ത്രീകള്‍ അറസ്റ്റിലാവുമ്പോള്‍ കൈക്കുഞ്ഞുങ്ങളുമായിട്ടായിരുന്നു ശിക്ഷിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ കൈക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന കേസുകളിലാണ് ശിക്ഷിക്കപ്പെടുന്നത്. വനിതാജയിലുകളിലെ വിചാരണത്തടവുകാരില്‍ അമ്പത് ശതമാനം പേര് പോക്സോ, ജുവനൈല്‍ ആക്ട് പ്രകാരമുള്ള കേസുകളില്‍ കൂടി ഉള്‍പ്പെട്ടവരാണ്. കൊലപാതകക്കേസുകളില്‍ അകത്താവുന്നവരുടെ പ്രായം 35-45നും ഇടയിലാവുമ്പോള്‍ പത്തൊമ്പതിനും ഇരുപത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന കേസുകളില്‍ കൂടുതലും ഉള്‍പ്പെടുന്നത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് എക്സട്രാ മാരിറ്റല്‍ അഫയറില്‍ പെടുന്ന സ്ത്രീകളുടെ എണ്ണത്തിലും പ്രായത്തിലും ഗുരുതരമായ വ്യതിയാനം സംഭവിച്ചിരിക്കുകയാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സ്ത്രീകള്‍ മുന്നേറുമ്പോള്‍ ജീവിതത്തില്‍ അവര്‍ പതറിപ്പോകുന്നതെവിടെയാണ്? മനുഷ്യന് ഒരിണയില്‍ തൃപ്തനാവില്ല എന്ന തത്വം പുരുഷന് മാത്രം ബാധകമാവുന്ന സാമൂഹികാന്തരീക്ഷം സംജാതമാകുമ്പോള്‍ സ്ത്രീയുടെ വിവാഹേതരപ്രണയമുന്നേറ്റങ്ങള് അഴിക്കുള്ളില്‍ കുരുങ്ങിപ്പോവുന്നതെങ്ങനെയാണ്? എന്തുകൊണ്ടാണ് സ്ത്രീകള്‍ തങ്ങളുടെ താല്ക്കാലികസൗഖ്യത്തിന് വിഘാതമാകുന്ന കുഞ്ഞുങ്ങളെ ഒന്നുകില്‍ പാടേ ഇല്ലാതാക്കാനോ അല്ലെങ്കില്‍ കയ്യൊഴിയാനോ തുനിഞ്ഞിറങ്ങുന്നത്? കുഞ്ഞുങ്ങള്‍ എന്നത് സ്ത്രീയുടെ മാത്രം ബാധ്യതയായി മാറുന്നതു കൊണ്ടാണോ? അച്ഛനാല്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞ് അമ്മയാല്‍ വളര്‍ത്തിവലുതാക്കി കേമന്മാരാകുന്ന ചരിത്രം നമുക്ക് പരിചിതമായതിനാലാണോ? അമ്മയുടെ സഹിഷ്ണുത സര്വസാധാരണമെന്നും അസഹിഷ്ണുത കുറ്റകരം എന്നുമാണോ ഇതിനര്‍ഥം? പ്രായപൂര്‍ത്തിയാകുംവരെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നത് അമ്മയ്ക്കും അച്ഛനും ഒരുപോല ബാധകമായ നിയമമാണ്. മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് സ്ത്രീകള്‍ ജയിലിലാകുമ്പോള്‍ കൂടെയുള്ള പുരുഷനും ഇതേനിയമം ബാധകമാക്കുന്നുണ്ട്; അയാള്‍ കുടുംബസ്ഥനും പിതാവുമാണെങ്കില്.
ഫേസ്ബുക്കിലെ അജ്ഞാതകാമുകനുവേണ്ടി രണ്ടാമത്തെ കുഞ്ഞ് പിറന്നയുടന്‍ കുഴിച്ചു മൂടിയ യുവതി അട്ടക്കുളങ്ങരയില്‍ വിചാരണത്തടവിലുണ്ടായിരുന്നു. ചോദ്യമിതാണ്. പത്തു മാസം ആ യുവതി തന്റെ ഗര്‍ഭം ആരെയും അറിയിക്കാതെ കൊണ്ടുപോയി എന്നു പറയുമ്പോള്‍ അവളെ തന്റെ കുടുംബം എത്രകണ്ട് പരിഗണിച്ചിട്ടുണ്ടാകും? ഗര്‍ഭം വളരുന്നത് മനസ്സിലല്ലോ, ശരീരത്തിലാണ്. കുടുംബത്തോടൊപ്പം കഴിയുന്ന ഒരു സ്ത്രീയുടെ ശാരീരികമാറ്റങ്ങളോ അസ്വാസ്ഥ്യങ്ങളോ തിരിച്ചറിയാന്‍ പറ്റിയില്ല എന്നതിനര്‍ഥം നമ്മള് പരമ്പരാഗതമായി കൊട്ടിഘോഷിച്ചു തുടര്‍ന്നുപോരുന്ന കുടുംബസംവിധാനത്തിനേറ്റ അസ്സല് വിള്ളലുകളാണ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി യൂട്യൂബ് നോക്കി പ്രസവിച്ചു എന്ന വാര്‍ത്തയും ഈ സംഭവത്തോട് ചേര്‍ത്തുവെക്കട്ടെ. ഒരു വയറുവേദന വന്നാല്‍ വീട്ടിലുള്ളവര്‍ക്ക് സൈ്വര്യം കൊടുക്കാത്ത തലമുറ അപ്രത്യക്ഷമായിരിക്കുന്നു. കുടുംബവുമായുള്ള കൃത്യമായ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഈ രണ്ട് പ്രസവങ്ങളിലും കാണാം. അമ്മ കുഞ്ഞിനെ ഉപേക്ഷിക്കുന്നതുപോലെ തന്നെ ഗൗരവമേറിയതാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിക്കുന്നതും. പെണ്‍കുട്ടിയുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ നിയമനടപടികള്‍ നേരിടേണ്ടതുണ്ട്. ജുവനൈല്‍ ഹോം എന്ന സര്‍ക്കാര്‍ സംവിധാനമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. ഇത്തരം സംഭവങ്ങളുടെ ഇര യഥാര്‍ഥത്തില്‍ കുഞ്ഞുങ്ങളാണ്. അമ്മ ഉപേക്ഷിച്ച കുഞ്ഞുങ്ങളുടെ അതിജീവനവും വലിയ സമസ്യതന്നെയാണ്.
അമ്മയാല്‍ നിഷേധിക്കപ്പെടുന്ന സ്നേഹം പിന്നീട് കുഞ്ഞുങ്ങളുടെ മനസ്സിനെ നയിക്കുന്നത് സ്നേഹരാഹിത്യത്തിലേക്കാണ്. വളരും തോറും തങ്ങള്‍ നിരാകരിക്കപ്പെട്ടവരാണ് എന്ന മനസ്ഥിതിയാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമൂഹത്തോടും കുടുംബത്തോടും ശത്രുതാമനോഭാവം വളരാനും ആരെയും വിശ്വാസമില്ലാത്തവരായി മാറാനും കുട്ടികളെ ഈ സ്നേഹരാഹിത്യം പ്രേരിപ്പിക്കുന്നു. സ്വയം മുറിവേല്‍പ്പിക്കല്‍, അന്യരെ ആക്രമിക്കല്‍, വളരെ ചെറുപ്പത്തില്‍ തന്നെ ലഹരിയ്ക്കടിമപ്പെടല് തുടങ്ങിയ സ്വഭാവദൂഷ്യങ്ങളിലേക്കും കുട്ടികള്‍ നയിക്കപ്പെടും. കുട്ടികളെ വളര്‍ത്തുന്നതില്‍ അച്ഛനും അമ്മയ്ക്കും തുല്യപങ്കാണ് ഉള്ളതെങ്കിലും കുഞ്ഞ് ജീവിക്കുന്നത് അമ്മയുടെ മുലപ്പാലിലൂടെയാണ്. അതിജീവിക്കാനുള്ള കരുത്ത് കുഞ്ഞ് നേടുന്നത് അമ്മയിലൂടെയാണ്. അതിജീവിക്കാനുള്ള കുഞ്ഞിന്റെ അവകാശത്തെയാണ് ഇത്തരത്തിലുള്ള അമ്മമാര്‍ ഇല്ലാതാക്കുന്നത്. അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളാണ് ആദ്യം നടത്തേണ്ടത്.
Content Highlights ; Akathanu Amma Series on Women Jails in Kerala Part 4
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..