ലക്ഷ്മി അഗർവാൾ| https://www.instagram.com/thelaxmiagarwal/?hl=en
നിയമ പ്രവേശന പരീക്ഷയെഴുതാനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയതായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന ആ പതിനേഴുകാരി. സ്കൂളിലേക്ക് പോവുന്നതിന് മുന്‍പേ പരീക്ഷയുടെ കാര്യങ്ങളെക്കുറിച്ചെല്ലാം വീട്ടുകാരോട് ഏറെ നേരം സംസാരിക്കുകയും ചെയ്തിരുന്നു. ജഡ്ജിയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതിനുള്ള എല്ലാ പിന്തുണയും വീട്ടുകാരും അധ്യാപകരും നല്‍കിയിരുന്നു. അത്രമേല്‍ മിടുക്കിയായിരുന്നു അവള്.
പക്ഷെ ഡിസംബര്‍ 14 ന് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ അവള്‍ക്ക് നേരിടേണ്ടി വന്നത് ജീവിതം ഇരുട്ടിലേക്കാക്കുന്ന ആസിഡ് ആക്രമണത്തെയാണ്. സൗഹൃദത്തിന് ഫുള്സ്റ്റോപ്പിട്ടതിന് പഴയ സുഹൃത്തിന്റെ പകരം വീട്ടല്‍. കഴിഞ്ഞയാഴ്ച ഡല്‍ഹി മോഹന്‍ ഗാര്ഡന് ഭാഗത്ത് ആസിഡ് ആക്രമണത്തിനിരയായ പ്ലസ്ടുക്കാരിയെ കുറിച്ച് കൂട്ടുകാര്‍ക്ക് കണ്ണീരോടെയല്ലാതെ ഓര്‍ത്തെടുക്കാനാവുന്നില്ല. വീട്ടിനടുത്ത് 100 മീറ്റര്‍ അപ്പുറത്ത് നിന്നാണ് അവള് ആക്രമിക്കപ്പെട്ടത്. രണ്ട് കണ്ണുകള്‍ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. ഒറ്റ നിമിഷം അവള്‍ക്ക് നഷ്ടമായത് താന്‍ സ്വപ്നം കണ്ടതും തുന്നിച്ചേര്‍ത്തതുമായ ജീവിതത്തിന്റെ കണക്ക് കൂട്ടല്‍. ഇനിയുള്ളത് ജീവിതകാലം മുഴുവനുമുള്ള വിരൂപതയും ചികിത്സയും മാത്രം. പ്രായപൂര്‍ത്തിയാവാത്തയാള്‍ ഉള്‍പ്പെടെ 22 വയസ്സുവരേയുള്ള മൂന്നുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ അന്വേഷണം തുടരുകയുമാണ്. പ്രതികള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ചതാണ് ആക്രമിക്കാനുപയോഗിച്ച ആസിഡെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഒരിടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ആസിഡ് ആക്രമണക്കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്വാളടക്കമുള്ളവരുടെ നിരന്തരപോരാട്ട ഫലമായി ഇതിന്റെ ചില്ലറ വില്‍പ്പനയടക്കം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെങ്കിലും ഇ.കോമേഴ്സ് സൈറ്റുകളില്‍ ആസിഡ് ഇപ്പോഴും ലഭ്യമാകുന്നുണ്ട്. വാങ്ങിക്കാന്‍ പ്രായപൂര്ത്തിയാകണമെന്നോ മറ്റെന്തെങ്കിലും നിബന്ധനയോ ഇല്ല. ഇതിനെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് തടയിടാനും സാധിച്ചിട്ടില്ല. കഴിഞ്ഞ 14-ാം തീയതി ഡല്‍ഹിയില്‍ പെണ്‍കുട്ടിയ ആക്രമിക്കാനായി പ്രതികള്‍ ഓണ്‍ലൈന്‍ വഴിയാണ് ആസിഡ് ഓര്‍ഡര്‍ ചെയ്തത്. ഡിസംബര്‍ 9-ാം തീയതി ഓര്‍ഡര്‍ ചെയ്യുകയും 11 ന് ഇവരുടെ കൈയിലെത്തുകയും ചെയ്തു. ഇതിനായി 600 രൂപ മാത്രമാണ് ഇവര്‍ ചെലവാക്കിയതെന്നും പോലീസ് പറയുന്നു. 100 മില്ലി കുപ്പിയാണ് വില്‍പ്പന നടത്തിയതെന്നും ഇ.കോമേഴ്സ് സൈറ്റ് നല്കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈക്കിലെത്തിയ മുഖംമൂടി സംഘം പെണ്‍കുട്ടിയുടെ അടുത്തേക്കെത്തുകയും മുഖത്തേക്ക് ആസിഡ് വലിച്ചെറിയുകയുമായിരുന്നു.
നാല് വര്‍ഷം, 1500 ആസിഡ് ആക്രമണ കേസുകള്‍
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 1500 ആസിഡ് ആക്രമണക്കേസാണ്. 2019-ല്‍ മാത്രം 249 ആക്രമണവും 67 ശ്രമവുമുണ്ടായി. 2021 ല്‍ 176 ആക്രമണങ്ങളും 73 ആക്രമണ ശ്രമവുമുണ്ടായി. കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഇതിലൊരു കുറവുണ്ടായത്. പശ്ചിമ ബംഗാള്‍, യു.പി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. ഇത്തരം കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്നുണ്ടെന്നും പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ ആസിഡുകളുടെ വ്യാപകമായ ചില്ലറ വ്യാപാരം നിരോധിക്കുകയും വില്‍പ്പന നടത്തുന്നവര്‍ പ്രത്യേക അനുമതി നേടണമെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഇതൊന്നും നടപ്പിലായിട്ടില്ല. ഡല്‍ഹിയിലെ ആസിഡ് ആക്രമണത്തോടെ ആസിഡ് ഓണ്‍ലൈനുകള്‍ വില്‍പ്പന നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആസിഡ് ആക്രമണത്തിന് ഇരയായ സന്നദ്ധസംഘടനയെ നയിക്കുന്ന ലക്ഷ്മി അഗര്‍വാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

2013-വരെ ആസിഡ് ആക്രണക്കേസുകള് പ്രത്യേക കുറ്റകൃത്യമായിട്ടായിരുന്നില്ല കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ലക്ഷ്മി അഗര്‍വാളിന്റെ കേസ് വന്നതോടെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഐപിസി 326-ാം സെക്ഷനില്‍ 326 എ, 326 ബി എന്നിവ കൂടി ചേര്‍ക്കപ്പെട്ടു. കേസില്‍ പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരേയുള്ള തടവ് ശിക്ഷയും ലഭിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാനോ ഇരയ്ക്ക് ചികിത്സ നിഷേധിക്കാനോ മുതിര്‍ന്നാല്‍ അതും പ്രത്യേക വകുപ്പില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കും. 2013-ല്‍ തന്നെ ആസിഡ് ആക്രമണക്കേസുകള്‍ പ്രത്യേകം നിരീക്ഷിച്ച സുപ്രീംകോടതി പ്രത്യേക ഉത്തരവ് പാസ്സാക്കുകയും സംസ്ഥാനങ്ങള്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തു. ഇതുപ്രകാരം ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കുകയും പ്രത്യേക ആവശ്യത്തിനായി വില്‍പ്പന നടത്തുന്നവര്‍ ലോഗ്ബുക്ക് അടക്കമുള്ളവ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആരാണ് ഇവരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നതെന്നും അത് എന്താവശ്യത്തിനാണെന്നും പ്രത്യേകം രേഖപ്പെടുത്തുകയും വേണം. ഇതിന് പുറമെ ഓരോ 15 ദിവസത്തിലും ആസിഡ് സറ്റോക്കിന്റെ കണക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ബോധിപ്പിക്കുകയും വേണം.
ലക്ഷ്മി അഗര്‍വാള്‍ ജീവിതം കൊണ്ട് പകരം ചോദിക്കുന്നവള്‍
തന്റെ പതിനഞ്ചാം വയസ്സില്‍ പ്രണയവും വിവാഹാഭ്യര്‍ഥനയും നിഷേധിച്ചതിന് 32 വയസ്സുകാരനില്‍ നിന്നാണ് ലക്ഷ്മി അഗര്‍വാള്‍ എന്ന ഡല്‍ഹി സ്വദേശിനിക്ക് ക്രൂരമായ ആസിഡ് ആക്രമണത്തെ നേരിടേണ്ടി വന്നത്. തന്റെ വീടിനടുത്ത് ജോലി ചെയ്യുകയായിരുന്ന നയീംഖാനായിരുന്നു ലക്ഷ്മിക്ക് നേരെ ആസിഡെറിഞ്ഞത്. മാര്‍ക്കറ്റില്‍ നിന്നും തിരിച്ചു പോവുന്നതിനിടെ നയീംഖാനും സഹോദരന് കമ്രാന്ഖാനും ബൈക്കിലെത്തുകയും കമ്രാന്‍ ലക്ഷ്മിയുടെ പേര് വിളിക്കുകയും പുറകിലിരുന്ന നയീം ബക്കറ്റില്‍ കരുതിയിരുന്ന ആസിഡ് ഇവര്‍ക്ക് നേരെ എറിയുകമായിരുന്നു. മുഖം മുഴുവന്‍ താഴോട്ട്
ലക്ഷ്മിക്ക് പൊള്ളലേറ്റത്. ലക്ഷ്മിയുടെ അലര്‍ച്ച കേട്ട് ഓടിക്കൂടിയവരില്‍ ചിലര്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ ദേഹത്തേക്ക് വെള്ളമൊഴിച്ചത് അപകടനില കൂട്ടുകയും ചെയ്തു. ഒരുപാട് ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് ലക്ഷ്മിക്ക് ജീവിതത്തിലേക്ക് പിന്നീട് തിരിച്ചുവരാനായത്. ആക്രമണത്തിന് ശേഷം ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ സീറ്റുപോലും ഉരുകിപ്പോയെന്നാണ് ലക്ഷ്മി പിന്നീട് പറഞ്ഞത്.
ആക്രമത്തില്‍ പകച്ച് നിന്ന് ലോകത്തിന്റെ കാഴ്ചയില്‍ നിന്ന് ഓടിയൊളിക്കുന്നതിന് പകരം ലക്ഷ്മി പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി. നിരവധി കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്കി. അവരുടെ ജീവിതം ആസ്പദമാക്കി ഛപാക് എന്ന സിനിമ പോലും പുറത്തിറങ്ങി. ദീപിക പദുകോണായിരുന്നു നായിക. ആസിഡിന്റെ വില്‍പ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയ നിയമപോരാട്ടം തന്നെ ലക്ഷ്മി നടത്തിയിരുന്നുവെങ്കിലും ഇതിന്നും പൂര്‍ണമായും നടപ്പിലായിട്ടില്ല. ലക്ഷ്മിയുടെ പോരാട്ട ഫലമായിട്ടാണ് ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് നിയമഭേദഗതിയുണ്ടായത്. പക്ഷെ ഇപ്പോഴും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്ന് ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. ആസിഡന്റെ വില്‍പ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന് തുടങ്ങിയ ലക്ഷ്മിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഇരുപത് രൂപയുടെ ഉല്‍പ്പന്നം ജീവിതത്തില്‍ എന്നന്നേക്കുമായുള്ള വിരൂപതയായിരിക്കും സമ്മാനിക്കുന്നത്. തൊലിമുതല് എല്ലുകള്‍ വരെ ഉരുകിപ്പോവും. എനിക്കെന്റെ കണ്ണിന്റെ അറുപത് ശതമാനം കാഴ്ച നഷ്ടപ്പെട്ടു. 25 ല്‍ അധികം ശസ്ത്രക്രിയ നടത്തി. 13 വര്‍ഷത്തിനിപ്പുറം ആ വിരൂപതയ്ക്ക് വലിയമാറ്റമൊന്നുമുണ്ടായിട്ടില്ല. 2009-ല്‍ ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തിനിരയായ ഷഹീന് മാലിക്കിന്റെ വാക്കുകളാണിത്. ആസിഡിന്റെ ചെറുകിട വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവുണ്ടെങ്കിലും ഓണ്‍ലൈനില്‍ ആര്‍ക്കും ലഭിക്കുമെന്നതിന്റെ ഒടുവിലത്തെ ഇരയാണ് ഡല്‍ഹിയിലെ 17 കാരിയെന്ന് പറയുന്നു ഷഹീന് മാലിക്ക്. ജീവിത കാലം മുഴുവനുമുള്ള ഡിപ്രഷനിലേക്കും സന്തോഷമില്ലായ്മയിലേക്കുമാണ് ഓരോ ആസിഡ് ഇരകളേയും തള്ളിവിടുന്നത്. ഇതില്‍ നിന്ന് മോചിതരാകുന്നത് വളരെ കുറച്ചുപേര്‍ മാത്രമാണ്. വലിയ സാമ്പത്തിക ബാധ്യതയുള്ള ചികിത്സയായത് കൊണ്ട് അതാര്‍ക്കും അത്ര എളുപ്പവുമാവില്ല.
35 ശസ്ത്രക്രിയ ഒറ്റയാള്‍ പോരാട്ടം
ശസ്ത്രക്രിയ കഴിയുന്നത് വരെ മൂന്നുമാസക്കാലത്തോളം ഞാന്‍ എന്റെ മുഖം കണ്ണാടിയില്‍ നോക്കിയിരുന്നില്ല. വീട്ടുകാര്‍ കണ്ണാടി എന്നില്‍ നിന്നും മറച്ചുവെച്ചു. പിന്നെ നടന്നത് 35 ശസ്ത്രക്രിയകള്‍. നീണ്ട നിയമപോരാട്ടം. 26 വയസ്സുകാരി ഗുല്നാസ്ഖാന് തനിക്കെതിരേ 2014-ല്‍ നടന്ന ആസിഡ് ആക്രമണത്തെ ഒരിക്കല്‍ കൂടെ ഓര്‍ത്തെടുക്കുകയാണ്. 18 വയസ്സുള്ളപ്പോഴാണ് ഗുല്നാസ്ഖാനെതിരേ ആക്രമണം നടന്നത്. പിന്നീട് ചികിത്സയുടേയും നിയമപോരാട്ടത്തിന്റേയും നാളുകളായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബര്‍ 16-ന് ആണ് ഉത്തരാഖണ്ഡ് ഹൈക്കോര്‍ട്ട് 35 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉത്തരവുണ്ടായത്. ഗുല്നാസ്ഖാന് കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. എനിക്കെതിരേ നടന്ന ആസിഡ് ആക്രമണം എന്റെ പരാജയമായിരുന്നില്ല. അത് ഭരണകൂടത്തിന്റെ പരാജയമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം പോലും തന്റെ ഗ്രാമത്തില്‍ സൈക്കിളിലടക്കം ആസിഡ് വില്‍പ്പന നടത്തുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. ഇത് ദുഖ:കരമാണ്. ആര്‍ക്കാണ് ഇതിനെ നിയന്ത്രിക്കാനാവുക. ഇനിയെത്രപേര്‍ വെന്തെരിഞ്ഞ് വേണം നിങ്ങള്‍ക്ക് വെളിപാടുണ്ടാകാന്‍. ഗുല്‍നാസ് ഖാന് ലോകത്തോട് ചോദിക്കുകയാണ്.
പോലീസ് പറയുന്നത്
ആസിഡ് വില്‍പ്പനയില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നത് മാത്രമാണ് പ്രതിരോധത്തിനുള്ള വഴി. നിയന്ത്രണങ്ങള്‍ ഇപ്പോള്‍ അത്ര കഠിനമല്ല. പലസ്ഥലത്തും എളുപ്പത്തില്‍ ലഭ്യമാകുന്നു. ഇതിന് പുറമെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പുതിയ തലമുറകള്‍ക്ക് പ്രത്യേക അറിവുമുണ്ട്. കേസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അതിന്റെ അനന്തരഫലമെന്താകുമെന്നതിനെ കുറിച്ച് ബോധ്യമില്ല. ഇതിനായി പ്രത്യേക ബോധവല്‍ക്കരണം കൊണ്ടുവരണം.
Content Highlights: acid attack delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..