ഗർഭച്ഛിദ്ര വിധിക്കെതിരെ പ്രതിഷേധിക്കുന്ന ഗർഭിണിയായ യുവതി | ഫോട്ടോ: എ.പി
അമേരിക്കയിലെ ഗര്‍ഭച്ഛിദ്ര നിയമം കര്‍ക്കശമായിരുന്നില്ലെങ്കില്‍ ഇന്ന് ഭൂമുഖത്തേ ഉണ്ടാകുമായിരുന്നില്ല ഷെല്ലി ആന്‍ തോര്ട്ടോന് എന്ന ലൂസിയാനക്കാരി. ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് കാണിച്ച് അര നൂറ്റാണ്ട് മുന്‍പ് ഉദരത്തിലെ കുഞ്ഞിനെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന അമ്മ നോര്‍മ ലെ നെല്‍സണ്‍ എന്ന നോര്‍മ മക്കോര്‍വിയുടെ ഹര്‍ജി തള്ളിയ കോടതിയാണ് ഷെല്ലിക്ക് ആയുസ്സ് നീട്ടിക്കൊടുത്തത്.
ഉദരത്തില്‍ ജീവന്റെ നങ്കൂരമിട്ട ഷെല്ലിയെ ഇല്ലാതാക്കാൻ ശ്രമിക്കുക മാത്രമല്ല, അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമായി മാറാന്‍ നിമിത്തമാവുക കൂടി ചെയ്തു അന്ന് ഇരുപത്തിനാലു വയസ്സുകാരിയായിരുന്ന നോര്‍മ മക്കോര്‍വി. ജില്ലാ കോടതി നോര്‍മയുടെ ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന്റെ വാദം നടക്കുന്നതിനിടെ നോര്‍മ ഷെല്ലിക്ക് ജന്മം നല്കി. ഒടുവില്‍ മൂന്ന് വര്‍ഷത്തിനുശേഷമാണ് സുപ്രീംകോടതി ഗര്‍ഭച്ഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ അമേരിക്കന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടെന്ന വിധി പുറപ്പെടുവിച്ചത്. ഒരു ഗര്‍ഭച്ഛിദ്ര ക്ലിനിക്കിലെ ജീവനക്കാരിയായിരുന്ന നോര്‍മ പിന്നീട് ഗര്‍ഭച്ഛിദ്രത്തിനെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായത് ചരിത്രം. എന്നാല്‍, തന്റെ ഹര്‍ജിയുടെ ചുവടുപിടിച്ച് പ്രസ്താവിക്കപ്പെട്ട വിധി പതിറ്റാണ്ടുകള്‍ക്കുശേഷം സുപ്രീംകോടതി തിരുത്തുന്നത് കാണാന്‍ നോര്‍മ കാത്തിരുന്നില്ല. അറുപത്തിയൊന്‍പതാം വയസ്സില്‍ മകളെ കാണാനുള്ള മോഹം സഫലമാകാതെ ഹൃദയാഘാതം വന്ന് നോര്‍മ ജീവിതത്തോട് വിടപറഞ്ഞ് ഇരുപത്തിമൂന്ന് കൊല്ലം കഴിഞ്ഞാണ് സുപ്രീംകോടതി പഴയ നിയമം റദ്ദാക്കിയത്. ഇതോടെ ഗര്‍ഭച്ഛിദ്രം അനുവദിച്ചോ വിലക്കിക്കൊണ്ടോ നിയമം പാസാക്കാനുള്ള അനുമതി ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചു. പുതിയ വിധിക്കെതിരേ നിയമനിര്‍മാണം നടത്താമെങ്കിലും സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ അത് എളുപ്പമാവില്ല.
റോ വെഴ്സസ് വേഡ് കേസ്
1973 ന് മുമ്പ് അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ഏറെ കര്‍ക്കശമായിരുന്നു. 1973 ലെ റോ വെഴ്സസ് വേഡ് കേസാണ് പുതിയ നിയമത്തിന് കാരണമായത്. 1969 ല്‍ നോര്‍മ മക്കോര്‍വി തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചതാണ് കേസിന്റെ തുടക്കം. അമ്മയുടെ ജീവന് ഹാനിയുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമെ ടെക്സസില്‍ ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നുള്ളു. തുടര്‍ന്ന് ഇവര്‍ ജയിന് റോ എന്ന പേരില്‍ ജില്ലാ കോടതിയില്‍ കേസ് നല്കി. ഡാലസ് കൗണ്ടിയിലെ ജില്ലാ അറ്റോര്‍ണിയായിരുന്ന ഹെന്റി വേഡ് ആയിരുന്നു എതിര്‍ഭാഗത്ത്. ഇതേത്തുടര്‍ന്നാണ് ഈ കേസ് റോ വെഴ്സസ് വേഡ് എന്ന പേരില്‍ അറിയപ്പെട്ടത്. ബലാത്സംഗത്തെത്തുടര്‍ന്നാണ് താന്‍ ഗര്‍ഭിണിയായതെന്നു അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ കേസ് തള്ളിപ്പോയി.
വിധിയും അപ്പീലുകളുമായി സുപ്രീംകോടതിയിലെത്തിയ കേസില്‍ 1973 ജനുവരിയില്‍ ഉത്തരവുണ്ടായി. ഏഴ് മാസംവരെയുള്ള ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതായിരുന്നു വിധി.





+3
ജോര്‍ജിയയില്‍ നിന്നുള്ള സാന്ദ്ര ബെന്സിങ് എന്ന 20 വയസ്സുകാരിയുടെ, സമാന സ്വഭാവമുള്ള, കേസിനൊപ്പമാണ് മക്കോര്‍വിയുടെ അപ്പീലും പരിഗണിച്ചത്. ടെക്സസിലേയും ജോര്ജിയയിലേയും ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ യു.എസ് ഭരണഘടനയ്ക്ക് എതിരാണെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ നിഷേധിക്കുന്നതാണെന്നുമാണ് ഇരുവരും വാദിച്ചത്. കേസ് പരിഗണിച്ച ഒൻപതംഗ ബഞ്ചിലെ ഏഴ് ജഡ്ജിമാരും അനുകൂലമായി വിധിച്ചു. ഗര്‍ഭച്ഛിദ്രം നടത്താനുള്ള സ്ത്രീയുടെ അവകാശത്തെ അമേരിക്കന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടെന്നായിരുന്നു വിധി.
ഇതേത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം അമേരിക്ക മുഴുവന്‍ നിയമവിധേയമാക്കി. ആദ്യ മൂന്ന് മാസത്തിനുള്ളിലെ (ട്രൈമെസ്റ്റർ) ഗര്‍ഭച്ഛിദ്രത്തിന് നിയമം സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കി. രണ്ടാം ട്രൈമെസ്റ്ററില്‍ ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ ചില നിയന്ത്രണങ്ങളും ബാധകമാക്കി. എന്നാല്‍ മൂന്നാം ട്രൈമെസ്റ്ററിലെ ഗര്‍ഭച്ഛിദ്രം സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. അമ്മയുടെ ജീവന് ഹാനികരമാകുമെങ്കില്‍ മാത്രമെ മൂന്നാം ട്രൈമസ്റ്ററില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കൂ.
ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി വാദിച്ച് ജയിച്ചു, പിന്നെ ഗര്‍ഭച്ഛിദ്രത്തിന് എതിരായി

ലൂസിയാനയിലെ സിമ്മെസ്പോര്ട്ടിലാണ് അബോര്ഷന് അമേരിക്കന്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയതിന് കാരണക്കാരിയായ നോര്‍മ ലെ നെല്‍സണ്‍ എന്ന നോര്‍മ മക്കോര്‍വി ജനിച്ചത്. ദുരിതം നിറഞ്ഞ ബാല്യമായിരുന്നു അവരുടേത്. അച്ഛന് ചെറുപ്പത്തിലെ ഉപേക്ഷിച്ചു. പിന്നീട് അമ്മയുടെ സംരക്ഷണയില്‍ വളര്‍ന്ന നോര്‍മ പതിനാറാം വയസ്സില്‍ എല്‍വുഡ് മക്കോര്വിയെ വിവാഹം കഴിച്ചു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം ഭര്‍ത്താവ് വിട്ടുപോയി. അപ്പോഴേക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ നോര്‍മയുടെ പിന്നീടുള്ള ജീവിതം താളപ്പിഴകള്‍ നിറഞ്ഞതായിരുന്നു. ഇതിനിടയില്‍ വീണ്ടും നോര്‍മ ഒരു കുഞ്ഞിന് ജന്മം നല്കി. രണ്ടും മക്കളും ദത്തെടുക്കപ്പെട്ടു.
1969 ല്‍ 21 ാം വയസ്സില്‍ നോര്‍മ വീണ്ടും ഗര്‍ഭിണിയായി. ബലാത്സംഗത്തിനിരയായതാണെന്ന വാദമുയര്‍ത്തി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടാന്‍ അവളെ സുഹൃത്തുക്കള്‍ ഉപദേശിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ടെക്സസിലെ നിയമം അനുവദിച്ചിരുന്നു. എന്നാല്‍ നോര്‍മയുടെ വാദം തെളിയിക്കാനാവശ്യമായ തെളിവുകളില്ലാത്തതിനാല്‍ ഈ ആവശ്യം നിരാകരിക്കപ്പെട്ടു. പിന്നീടാണ് നോര്‍മ കോടതിയുടെ ഇടപെടലിനായി രണ്ട് അഭിഭാഷകരെ സമീപിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ജയിന് റോ എന്ന പേരില്‍ ജില്ലാ കോടതിയില്‍ കേസ് നല്കി. ഡാലസ് കൗണ്ടിയിലെ ജില്ലാ അറ്റോര്‍ണിയായിരുന്ന ഹെൻറി വേഡ് ആയിരുന്നു എതിര്‍ഭാഗത്ത്. ഇതേത്തുടര്‍ന്നാണ് ഈ കേസ് റോ വെഴ്സസ് വേഡ് എന്ന പേരില്‍ അറിയപ്പെട്ടത്. ജില്ലാ കോടതി കേസ് തള്ളി. പിന്നീട് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. സുപ്രീം കോടതിയിലെ കേസ് മൂന്ന് വര്‍ഷം നീണ്ടു. ഇതിനിടെ നോര്‍മ കുഞ്ഞിന് ജന്മം നല്കി. ഈ കുഞ്ഞിനേയും ദത്ത് നല്‍കുകയായിരുന്നു.ഒരു അബോര്ഷന് ക്ലിനിക്കിലായിരുന്നു ഈ കാലഘട്ടത്തില്‍ ഇവര്‍ ജോലി ചെയ്തതിരുന്നത്.
ഷെല്ലി ലിന് തോര്ട്ടോന് എന്ന നോര്‍മയുടെ മൂന്നാമത്തെ കുഞ്ഞ് 1989 ലാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തപ്പെട്ടത്. 18 ാം വയസ്സിലാണ് ഷെല്ലി തന്റെ അമ്മ ആരാണെന്ന് തിരിച്ചറിഞ്ഞത്. മകളെ നേരില്‍ കാണണമെന്ന നോര്‍മയുടെ ആഗ്രഹത്തെത്തുടര്‍ന്നായിരുന്നു ഇത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ നോര്‍മ തന്നെയാണ് ഈ ആഗ്രഹം അറിയിച്ചത്. എന്നാല്‍ അമ്മയെ കാണാന്‍ ഷെല്ലി തയ്യാറായില്ല. ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചെങ്കിലും മക്കോറിയോട് അനുരഞ്ജനപ്പെടാന്‍ ഷെല്ലി തയ്യാറല്ലായിരുന്നു. ഗര്‍ഭത്തില്‍ വെച്ച് ഇല്ലാതാക്കാതിരുന്നതിന് തന്നോട് നന്ദി പറയണമെന്ന നോര്‍മയുടെ ആവശ്യത്തോട് ഷെല്ലി അനുകൂലമായല്ല പ്രതികരിച്ചത്. തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ വേണ്ടെന്ന് ഒരമ്മ ആഗ്രഹിക്കുമ്പോള്‍ തന്നെ തന്നെ അവര്‍ക്ക് ആവശ്യമില്ല എന്ന് ആ കുഞ്ഞ് തിരിച്ചറിയാന്‍ തുടങ്ങുമെന്നാണ് ഷെല്ലി ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ തന്റെ രണ്ട് സഹോദരിമാരേയും ഷെല്ലി പിന്നീട് കണ്ടുമുട്ടി.
1994 ല്‍ അയാം റോ എന്ന പേരില്‍ നോര്‍മ മക്കോവറി തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് പല പ്രോലൈഫ് സംഘടനകളുമായും ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മക്കോറി ഗര്‍ഭച്ഛിദ്രത്തിനെതിരെയുള്ള നിലപാടുമായി ശ്രദ്ധ നേടി. 1998 ല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്ന നോര്‍മ ഗര്‍ഭച്ഛിദ്ര നിയമത്തിന് കാരണക്കാരിയതില് ഖേദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നിയമം പിന്‍വലിക്കണമെന്ന പ്രചാരണങ്ങളില്‍ മുഴികിയാണ് പിന്നീടുള്ള കാലം ജീവിച്ചത്. അബോര്ഷന് ആക്ടിവിസ്റ്റുകളുടെ കരുവായി മാറുകയായിരുന്നു താനെന്നാണ് ഇതിനെക്കുറിച്ച് അവരുടെ പിന്നീടുള്ള പ്രതികരണം. ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസിലാക്കിയപ്പോഴാണ് തനിക്ക് മനംമാറ്റമുണ്ടായതെന്നും 1998 ല്‍ പുറത്തിറങ്ങിയ വോണ്‍ ബൈ ലൗ എന്ന തന്റെ രണ്ടാമത്തെ പുസ്തകത്തില്‍ നോര്‍മ പറയുന്നുണ്ട്.
2004 ല്‍ ഗര്‍ഭച്ഛിദ്ര നിയമം പിന്‍വലിക്കമെന്നാവശ്യപ്പെട്ട് നോര്‍മ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ഹര്‍ജി തള്ളി. പ്രസിഡന്റ് ഒബാമയുടെ പ്രസംഗം തടസപ്പെടുത്തിയതിന്റെ പേരില്‍ നോര്‍മ അക്കാലത്ത് ശ്രദ്ധ നേടിയിരുന്നു. 2013 ല്‍ ഇറങ്ങിയ ഡൂണ്ബൈ എന്ന ചിത്രത്തില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരേ സംസാരിച്ചു കൊണ്ട് അവര്‍ പ്രത്യക്ഷപ്പെട്ടു. 2021 ല്‍ ഇറങ്ങിയ ജോഷ്വ പ്രജേഴ്സിന്റെ ദ ഫാമിലി റോ: ആന്‍ അമേരിക്കന്‍ സ്റ്റോറി എന്ന പുസ്തകം മക്കോറിയെക്കുറിച്ചുള്ളതാണ്. അബോര്ഷന് ആവശ്യപ്പെട്ട് കേസ് നടത്തുന്ന വേളയില്‍ പരിചയപ്പെട്ട കോണി ഗോണ്സാലസിനോടൊപ്പമായിരുന്നു 35 വര്‍ഷമായി മക്കോറി ജീവിച്ചത്. 2006 ല്‍ ഗോണ്‍സാലസ് മരിച്ചു. 2017 ല്‍ ടെക്സസില്‍ നോര്‍മയും.
ഭരണഘടനാ അവകാശം ഇല്ലാതാകുമ്പോള്‍
സുപ്രീം കോടതിയുടെ പുതിയ വിധിയോടെ അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളും ഗര്‍ഭച്ഛിദ്രം വിലക്കുന്ന നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. 13 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗര്‍ഭം ധരിച്ച് 15 ആഴ്ചയ്ക്ക് ശേഷം അബോര്ഷന് വിലക്കിക്കൊണ്ട് ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള മിസിസിപ്പി സംസ്ഥാനം കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. അമേരിക്കന്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് വ്യക്തമാക്കി റോ വെഴ്സസ് വേഡ് കേസില്‍ 1973 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് അസാധുവാക്കപ്പെട്ടത്.

ഡോബ്സ് വെഴ്സസ് ജാക്സന് വിമന്‍സ് ഹെല്‍ത്ത് ഓര്ഗനൈസേഷന് കേസിലാണ് ഇപ്പോഴത്തെ വിധി. 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം വിലക്കുന്ന മിസിസിപ്പി സംസ്ഥാനത്തെ നിയമത്തിനെതിരേയുള്ള അപ്പീലിലാണ് വിധി. ജസ്റ്റിസ് സാമുവേല്‍ അലീറ്റോയാണ് കോടതി വിധി എഴുതിയത്. ജസ്റ്റിസ് ക്ലാരന്‍സ് തോമസ്, ജസ്റ്റിസ് ആമി കോണി ബരറ്റ്, ജസ്റ്റിസ് ജോണ്‍ റോബോട്ട്സ്, ജസ്റ്റിസ് ബ്രറ്റ് കവന്ന, ജസ്റ്റിസ് നീല്‍ ഗോര്‍സുച്ച് എന്നീ ജഡ്ജിമാരാണ് വിധിക്ക് അനുകൂലമായി വോട്ട് ചെയ്തത്.
1973 ലെ വിധിക്കെതിരേ നിരവധി സംഘടനകള്‍ വര്‍ഷങ്ങളായി പ്രതിഷേധത്തിലായിരുന്നു. പിന്നീട് നിരവധി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഈ വിധിയില്‍ വന്നിട്ടുണ്ട്. 1989 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ലിനിക്കുകളില്‍ അബോര്ഷന് നടത്തുന്നത് നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു. 1992 ലാണ് ഈ വിധിയില്‍ വലിയൊരു വഴിത്തിരിവുണ്ടായത്. 1992 ലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് വെഴ്സസ് കാസി കേസില്‍ മെഡിക്കല്‍ ഇതര കാരണങ്ങളാല്‍ ആദ്യ മൂന്ന് മാസങ്ങളിലെ ഗര്‍ഭച്ഛിദ്രം പോലും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്ന് വിധിച്ചു. ഇതേത്തുടര്‍ന്ന് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ വര്ധിച്ചിപ്പിച്ചു.
വിധി അമേരിക്കന്‍ രാഷ്ട്രീയത്തിലും സാമൂഹിക അന്തരീക്ഷത്തിലും വന്‍ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. നിരവധി നിയമ യുദ്ധങ്ങള്‍ക്ക് പുതിയ വിധി കാരണമായേക്കാം. വിധി നിരാശാജനകമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. അതേസമയം യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് വിധിയെ സ്വാഗതം ചെയ്യുകയാണ്. ഡമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭരണഘടനാനുസൃതമായി ഭ്രൂണഹത്യ അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയെ മറികടക്കാന്‍ കാരണമായതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു പുതിയ വിധിക്ക് കാരണക്കാരനായ മിസിസിപ്പി ഗവര്‍ണറുടെ പ്രതികരണം.
അതേസമയം ഡമോക്രാറ്റുകള്‍ വിധിക്കെതിരേ ശക്തമായ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. റിപ്പബ്ലിക്കന്‍ നിയന്ത്രിത സുപ്രീം കോടതിയാണ് വിധി പ്രഖ്യാപിച്ചത് എന്നായിരുന്നു സ്പീക്കര്‍ നാന്‍സി പെലോസി പ്രതികരിച്ചത്. അമേരിക്കന്‍ യുവതികള്‍ക്ക് അവരുടെ അമ്മമാര്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. ഈ ക്രൂരമായ വിധി എല്ലാ മര്യാദകളേയും ലംഘിക്കുന്നതും ഹൃദയഭേദകവുമാണ്. പെലോസി വ്യക്തമാക്കി. ഈ വിധി ഗര്‍ഭനിരോധനം, സ്വവര്‍ഗ വിവാഹം തുടങ്ങിയവയ്ക്കും നിയന്ത്രണം കൊണ്ടുവരുന്നതിലേക്ക് നയിക്കുമെന്നാണ് പലരുടേയും ആശങ്ക.
20 ലധികം രാജ്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം കടുത്ത കുറ്റം
19 ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഏകദേശം എല്ലാ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ഗര്‍ഭച്ഛിദ്രം വളരെ പ്രാകൃതമായായിട്ടായിരുന്നു ചെയ്തിരുന്നത്. അതു കൊണ്ട് തന്നെ അതിന് വിധേയമാകുന്ന സ്ത്രീകളുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു. ഗര്‍ഭച്ഛിദ്രം പാപമാണെന്ന ചിന്തയും നിരോധിക്കാന്‍ പ്രധാന കാരണമായി. അബോര്ഷന് രീതികള്‍ സുരക്ഷിതമായതോടെ നിയന്ത്രണങ്ങള്‍ പലരും നീക്കിത്തുടങ്ങി.

സോവിയറ്റ് യൂണിയനാണ് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ ആദ്യ രാജ്യം. 1920 ലാണ് അത്. ജനസംഖ്യ നിയന്ത്രിക്കാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടായിരുന്നു അത്. ഗര്‍ഭ നിരോധനം കുറ്റകരമല്ലാതായിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഭ്രൂണഹത്യ അങ്ങനെയല്ല. 1967 ലാണ് ബ്രിട്ടന് ഇത് നിയമവിധേയമാക്കിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ 50 ലധികം രാജ്യങ്ങള്‍ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ 20 ലധികം രാജ്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. അന്‍ഡോറ, അംഗോള, ഡൊമനിക്കന്‍ റിപ്പബ്ലിക്, ഗബോണ്‍, ഹെയ്തി, ഇറാഖ്, മഡഗാസ്കര്‍, മാര്‍ഷല്‍ ഐലന്‍ഡ്, മൗരിറ്റാനിയ, മൈക്രോനേഷ്യ, റിപ്പബ്ലിക് ഓഫ് കോംഗോ, സാന്‍ മരീനോ, സാവോ ടോമെ ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ടോംഗ, ഈജിപ്ത്, ഗിനിയ-ബിസാവു,ഹോണ്ടുറാസ്, നിക്വാരേഗ, സുരിനാം, ഫിലിപ്പീന്‍സ്, ലോവോസ്, പലാവു, മാള്‍ട്ട, വത്തിക്കാന്‍, എല്‍ സാവദോര്‍ എന്നീ രാജ്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്.
അതേസമയം അമ്മയുടെ ജീവന് അപകടത്തിലായാല്‍ മാത്രം ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കുന്ന പല രാജ്യങ്ങളുമുണ്ട്. അഫ്ഗാനിസ്ഥാന്, ബംഗ്ലാദശ്, ഐവറി കോസ്റ്റ്, ലിബിയ, മ്യാന്മാര്, സുഡാന്, ഇറാഖ്, ഉഗാണ്ട, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങളില്‍ അമ്മയുടെ ജീവന് അപകടമണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമെ ഭ്രൂണഹത്യക്ക് അനുമതി ലഭിക്കു.
2019 ല്‍ യു.എസില്‍ 630,000 ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നുവെന്നാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ കണക്ക്. എന്നാല്‍ ഇത് 860,000 വരെയാകാമെന്നാണ് ഗുട്ടമാച്ചെര് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. 92.8 ശതമാനവും ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് നടന്നത്. ഇവരില്‍ ഭൂരിഭാഗവും അവിവാഹിതരാണ്. ഇതില്‍ പത്തിൽ ഒന്നും കൗമാരക്കാരാണ്.
സവിത ഹാലപ്പനാവാര്
ഗര്‍ഭച്ഛിദ്ര നിയമത്തെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍ സവിത ഹാലപ്പനാവാറിനെ പരാമശിക്കാതിരിക്കാനാവില്ല. ഗര്‍ഭച്ഛിദ്രം അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നാണ് കര്‍ണാടകയിലെ ഹസന് സ്വദേശിയായ സവിത അയര്‍ലന്‍ഡില്‍ മരിച്ചത്. 2012 ഒക്ടോബറിലാണ് സവിത മരണമടഞ്ഞത്. കടുത്ത ഗര്‍ഭച്ഛിദ്ര നിരോധന നിയമം നിലനിന്നിരുന്ന രാജ്യമായിരുന്നു അയര്‍ലന്‍ഡ്.

17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിതയെ കടുത്ത വേദനയെത്തുടര്‍ന്നാണ് ഒക്ടോബര്‍ 21 ന് ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭാവസ്ഥ ശിശു ജീവനോടെ പിറക്കാന്‍ സാധ്യത ഇല്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ സവിതയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടുവെങ്കിലും ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് തുടരുന്നതുവരെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് ഹൃദയമിടിപ്പ് നിലച്ചതിനെത്തുടര്‍ന്നാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും സവിതയുടെ രക്തത്തില്‍ അണുബാധ സംഭവിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായ അവര്‍ ഒക്ടോബര്‍ 28 നാണ് മരിച്ചത്. സംഭവത്തില്‍ കനത്ത പ്രതിഷേധം ലോകമെങ്ങും ഉയര്‍ന്നു. തുടര്‍ന്ന് അയര്‍ലന്‍ഡ് ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അമ്മയുടെ ജീവന് ഭീഷണിയാണങ്കില് ഗര്‍ഭച്ഛിദ്രം നടത്താന്‍ അയര്‍ലന്‍ഡ് ഇപ്പോള്‍ അനുവദിക്കുന്നുണ്ട്.
ഗര്‍ഭച്ഛിദ്ര നിയമം ഇന്ത്യയില്‍

ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധി 20-ല്‍ (അഞ്ചുമാസം)നിന്ന് 24 ആഴ്ചയായി (ആറുമാസം) വര്‍ധിപ്പിക്കാനുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് (എം.ടി.പി. ആക്ട്) ഭേദഗതി ഇന്ത്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷമാണ് പാസാക്കിയത്. ബലാത്സംഗത്തിനിരയായവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണിയായത് തിരിച്ചറിയാനാവാതെ വരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തിലാണ് നിയമഭേദഗതി. കൂടുതല്‍ കുട്ടികള്‍ വേണ്ടെന്നുതോന്നുന്ന ദമ്പതിമാര്‍ക്കടക്കം ആറുമാസംവരെ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഗര്‍ഭ നിയന്ത്രണത്തിനുപയോഗിച്ച മാര്‍ഗങ്ങളുടെ പരാജയം കാരണം ഗര്ഭിണിയാകേണ്ടിവന്നാല് കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനും ഗര്‍ഭിണിയുടെ മാനസികപ്രശ്നം ഒഴിവാക്കാനുമാണിത്.
20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു അംഗീകൃത ഡോക്ടറുടെയും 20 മുതല്‍ 24 വരെ ആഴ്ചയുള്ള ഗര്‍ഭച്ഛിദ്രത്തിന് രണ്ട് അംഗീകൃത ഡോക്ടര്‍മാരുടെയും അനുമതി വേണം. ഗര്‍ഭാവസ്ഥ തുടരുന്നത് പെണ്‍കുട്ടിയുടെ ജീവനു ഭീഷണിയാകുമെങ്കിലോ ശരീരത്തിനോ മനസ്സിനോ മുറിവേല്പ്പിക്കുമെങ്കിലോ ജനിക്കുന്ന കുഞ്ഞിന്റെ ജീവന് ഭീഷണി ഉണ്ടാക്കുമെങ്കിലോ കുഞ്ഞിനു ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളുണ്ടാവുമെങ്കിലോ ഗര്‍ഭച്ഛിദ്രം നടത്താം. ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായാലും അനുവദിക്കാം.
ഗര്‍ഭസ്ഥശിശുവിനു ശാരീരികപ്രശ്നങ്ങളുണ്ടെന്ന വൈദ്യശാസ്ത്ര ബോര്‍ഡിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് പുതിയ സമയപരിധിയുടെ വ്യവസ്ഥ ബാധകമാവില്ല. മെഡിക്കല്‍ ബോര്‍ഡില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷന്, റേഡിയോളജിസ്റ്റ്, സംസ്ഥാന സര്‍ക്കാരുകളുടെ നിയമപ്രകാരമുള്ള അംഗങ്ങള്‍ എന്നിവരുണ്ടാകണം.
20 ആഴ്ചയ്ക്കുമുകളില്‍ ഗര്‍ഭിണിയായവര്‍ ഗര്‍ഭമലസിപ്പിക്കാന്‍ കോടതിയെ സമീപിക്കുന്ന അവസ്ഥയായിരുന്നു മുമ്പുണ്ടായിരുന്നത്. കോടതിയും ആവശ്യം നിരാകരിച്ചാല്‍ അനധികൃത മാര്‍ഗങ്ങള്‍ തേടുന്ന പ്രവണതയുണ്ടായിരുന്നു. ഇതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഗര്‍ഭിണിയുടെ മരണത്തിനുംവരെ കാരണമായേക്കാമെന്നുള്ളതുകൊണ്ടാണ് പുതിയ ബില്‍ കൊണ്ടുവന്നത്.
1971 ഓഗസ്റ്റ് പത്തിനാണ് ഗര്ഭച്ഛിദ്രനിയമത്തിന്റെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിറ്റേവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വന്നു. ചില പ്രശ്നങ്ങളുള്ള ഗര്‍ഭം ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അലസിപ്പിക്കുന്നതിന് അനുവദിക്കുന്നതായിരുന്നു നിയമം. ഏത് സാഹചര്യത്തിലും 20 ആഴ്ചയ്ക്കുമുമ്പാണ് അലസിപ്പിക്കലിന് അനുമതി നല്‍കിയിരുന്നത്. ഇതിനുശേഷം ഗുരുതരസാഹചര്യം വരുകയാണെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ തുടര്‍നടപടികള്‍ പാടുള്ളൂവെന്നായിരുന്നു നിയമം.
എന്നാല്‍, ഭ്രൂണവളര്‍ച്ച 22 ആഴ്ചയാകുമ്പോള്‍ മാത്രമേ ഗുണപരമായ വിധത്തില്‍ ഹൃദയ പരിശോധന നടത്താന്‍ കഴിയൂവെന്നത് പലപ്പോഴും പരിമിതിയായി. ഹൃദയസംബന്ധമായ തകരാറുകളുള്ള സാഹചര്യത്തില്‍, നിലവില്‍ ഗര്‍ഭമലസിപ്പിക്കല്‍ സാധാരണക്കാര്‍ക്ക് നടത്താന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. കോടതിനടപടികള്‍ക്ക് വേണ്ടിവരുന്ന സാമ്പത്തികഭാരമായിരുന്നു പ്രശ്നം. മറ്റൊന്ന് അമ്മയുടെ സ്വകാര്യവിവരങ്ങള്‍ കോടതി നടപടികളിലൂടെ പരസ്യപ്പെടുമെന്ന വസ്തുതയാണ്. അതുപോലെ പലപ്പോഴും വ്യാപകമായി കണ്ടുവരുന്ന പാരമ്പര്യരോഗങ്ങള്‍ കുട്ടികളിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള ജനിതക രോഗപരിശോധന 16-ാം ആഴ്ചയിലാണ് സാധ്യമാവുക. എന്നാലിതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ കുറഞ്ഞത് മൂന്നാഴ്ച വേണം. ഗ്രാമപ്രദേശങ്ങളില്‍ പരിശോധന കൃത്യമായി 16-ാം ആഴ്ചയില്‍ നടക്കാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തില്‍ ഫലംകിട്ടി വരുമ്പോള്‍ 20 ആഴ്ച കഴിയും. ഇതും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ബലാത്സംഗത്തിന് ഇരയാകുന്നവരുടെ കാര്യവും മറ്റൊന്നല്ല. ഇത്തരം കേസുകളില്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കുന്നതുതന്നെ മിക്കപ്പോഴും താമസിച്ചായിരിക്കും. ഈ പരിമിതികളെല്ലാം കണക്കിലെടുത്ത് സമയപരിധി നീട്ടണമെന്ന ആവശ്യം ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യക്കു കീഴിലുള്ള 450-ലധികം സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നതാണ്. ഇതേത്തുടര്‍ന്നാണ് ഭേദഗതി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..