പ്രതീകാത്മക ചിത്രം
കേരളത്തെ പിടിച്ചുകുലുക്കിയ, വര്‍ഷങ്ങളോളം മാധ്യമ തലക്കെട്ടായ പ്രമാദമായ കേസിലെ അതിജീവിതയുടെ നേരനുഭവങ്ങളാണ് ഇത്. അവരുടെ തുടര്‍ന്നുളള ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന നിര്‍ബന്ധമുളളതിനാല്‍ ഈ ജീവിതകഥയില്‍ അതിജീവിതയുടെ പേര്, അവര്‍ക്ക് വേണ്ടി നിലകൊണ്ടവരുടെ പേരുകള്‍ ഒഴിവാക്കുകയാണ്. സൂചിപ്പിച്ചിരിക്കുന്ന സ്ഥലപ്പേരുകളും യഥാര്‍ഥമല്ല. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവരുടെ ജീവിതം എത്രമേല്‍ കഠിനമാണെന്നും കൗമാരത്തില്‍ നേരിടേണ്ടി വന്ന ബലാത്സംഗം അവരിലേല്‍പ്പിച്ച മാനസികാഘാതം എത്ര വലുതാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മാത്രം ആ ജീവിതം ഇവിടെ അനാവരണം ചെയ്യുകയാണ്.
'എന്റെ പെണ്മക്കളുടെ ദേഹത്ത് ഒരു സൂചിമുന പോലും കൊളളരുതേ എന്നാണ് ഞാനാഗ്രഹിക്കുന്നത്. ഞാന്‍ അനുഭവിച്ചതിന്റെ ഒരു ചെറിയ വേദന പോലും എന്റെ മക്കള്‍ അനുഭവിക്കുന്നത് എനിക്കത് ചിന്തിക്കാന്‍ കൂടി പറ്റില്ല.. നീറി നീറിയാണ് ഞാനിങ്ങനെ രോഗിയായി മാറിയത്. പണ്ടെന്റെ കുട്ടി നഴ്സറിയില്‍ നിന്ന് വരുമ്പോള്‍ ഞാന്‍ ഭ്രാന്ത് പിടിച്ചതുപോലെ അവളുടെ ദേഹം മുഴുവനും അടിമുടി നോക്കും. എനിക്ക് ആരേയും വിശ്വാസമില്ലായിരുന്നു. എന്റെ ഭര്‍ത്താവ് പറയും നീയിങ്ങനെ ചെയ്യല്ലേയെന്ന്. മക്കള്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തും വരെ എനിക്ക് പേടിയാണ്. നിവൃത്തിയില്ലെങ്കിലും മോളെ ഞാന്‍ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.' - സ്ഥലപ്പേരിലേക്ക് ചുരുങ്ങിപ്പോയ അതിജീവിത പറഞ്ഞുനിര്‍ത്തിയത് വലിയൊരു കരച്ചിലോടെയാണ്. അത് കുറച്ചേറെ നിമിഷങ്ങള്‍ കൂടി നീണ്ടു. പറഞ്ഞുശീലിച്ചതിനാലോ പതംവന്നുപോയതിനാലോ നിലവിളി കവര്‍ന്ന സംഭാഷണത്തിലേക്ക് അവര്‍ തന്നെ എന്നെ തിരികെ വിളിച്ചു.
'നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ...?'
'ഉവ്വ്..' - അവരെ ഞാന്‍ വീണ്ടും മുറിപ്പെടുത്തിയിരിക്കുന്നു, കുറ്റബോധത്തോടെയായിരുന്നു എന്റെ മറുപടി.
കൗമാരത്തില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായ ഈ അതിജീവിതയ്ക്ക് ഇപ്പോള്‍ പ്രായം നാല്പത് കടന്നു. നാല്പതുകളുടെ തുടക്കത്തിലും അവരെ തേടിയെത്തുന്നത് ഏറെയും പഴയ അനുഭവങ്ങള്‍ ചികഞ്ഞുകൊണ്ടുളള എന്നെ പോലുളള മാധ്യമപ്രവര്‍ത്തകരാണ്. വിവാഹിതയാണ്, രണ്ടുപെണ്കുഞ്ഞുങ്ങളടക്കം മൂന്നുമക്കള്‍, ഉപജീവനം, അസുഖങ്ങള്‍.. ദുരിതക്കയത്തിലാണ് ജീവിതം. അല്പമെങ്കിലും ആശ്വാസത്തിനായി സ്വന്തമായി
എന്തെങ്കിലും ഒരു ഉപജീവനമാര്‍ഗം വേണം, അതുമാത്രമാണ് ഇപ്പോഴുളള ആഗ്രഹം. ചോദ്യങ്ങള്‍ക്ക് കാതോര്‍ക്കാതെ അവര്‍ ജീവിതം തുടര്‍ന്നു..
'രാത്രി പന്ത്രണ്ടുമണിക്ക് തട്ടിക്കൊണ്ടുവന്ന സാധനമാണ് ഇതെന്ന് ഞാന്‍ കിടന്ന് ബഹളം വെക്കുമ്പോള്‍ അവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ചിമ്മിണി വിളക്കിന്റെ വെട്ടത്തില്‍ കല്ലുമുളളും നിറഞ്ഞ വഴിയിലൂടെ എന്നെ വലിച്ചിഴച്ച് കൊണ്ടുപോയത് എനിക്ക് ഓര്‍മയുണ്ട്. എന്നെ ഒരു വെളുത്ത കാറിലേക്ക് ഇട്ടുകൊടുത്തു. പിന്നെ ഞാനെന്റെ നാട് കണ്ടിട്ടില്ല.
പിറ്റേന്ന് വഴിയില്‍ നിന്ന് മറ്റൊരു സ്ത്രീയും മൂന്നു ആണുങ്ങളും കൂടി അതേ കാറില്‍ കയറി. തമിഴ്നാട്ടിലേക്കാണ് ആദ്യം അവരെന്നെ കൊണ്ടുപോയത്. റോഡ് നിറയെ പടക്കം പൊട്ടുന്നതും പൂത്തിരി കത്തുന്നതും ആകെ ബഹളമയമായ ഒരു ദീപാവലിക്കാലം. ഇടയ്ക്കെപ്പോഴോ വണ്ടി കേടായി. സമീപത്തുളള ഹോട്ടലിലേക്ക് അവരെന്നെ കൊണ്ടുപോയി. തീരെ അവശയായ എന്നെ അവര്‍ താങ്ങിയാണ് കൊണ്ടുപോയത്. കാറില്‍ വെച്ച് ഛര്‍ദിച്ച് കുഴഞ്ഞെന്ന് ശ്രദ്ധിക്കുന്നവരോട് അവര്‍ പറയുന്നുണ്ടായിരുന്നു. അപ്പോഴൊന്നും എനിക്ക് സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് എനിക്കൂഹിക്കാന്‍ പോലും സാധിച്ചിരുന്നില്ല. വണ്ടി ശരിയാക്കിയതിന് ശേഷം ഊട്ടിയിലോ കൊടൈക്കനാലിലോ അവിടെ എവിടെയോ ആയിരുന്നു എത്തിച്ചത്. അതുകഴിഞ്ഞാണ് ഷൊര്‍ണൂരിലെ വീട്ടിലെത്തിക്കുന്നത്.
എന്റെ ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങളുടെ തുടക്കം അവിടെ നിന്നാണ്. അവരെന്നെ അടിക്കുന്നു, എന്തൊക്കെയോ ഗുളികകള്‍ തരുന്നു.. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ എനിക്കാവുന്നുണ്ടായിരുന്നില്ല. ഞാന്‍ അവശയായിരുന്നു. എന്നെ അടച്ചിട്ട മുറിയിലേക്ക് ഓരോരുത്തരായി വരും. വരുന്നവര്‍ വരുന്നവര്‍... നിങ്ങള്‍ക്കറിയാമല്ലോ, മനസ്സിലാകുന്നുണ്ടല്ലോ..നിരന്തരം അടികൂടുകയും ബഹളം വെക്കുകയും ചെയ്യുന്നതുകൊണ്ട് ഞാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടും ശല്യവുമായിരുന്നു. പലരും മദ്യപിച്ചാണ് വരിക. ഒരിക്കല്‍ ഒരാളോട് ചെറുത്തുനിന്ന എന്നെ അയാള്‍ ഒരു കൈ കൊണ്ട് കുത്തിപ്പിടിച്ച് ചുമരിന്റെ മേല്‍വരെ കൊണ്ടുപോയി.. എന്റെ കണ്ണൊക്കെ തള്ളി മരണവെപ്രാളം കൊണ്ട് പിടഞ്ഞപ്പോഴാണ് ആരോ വന്ന് അയാളുടെ കൈയില്‍ പിടിച്ചുവലിക്കുന്നതും ഞാന്‍ താഴെ വീഴുന്നതും. എന്റെ കഴുത്ത് നീരുവെച്ച് വീര്‍ത്തിരുന്നു. മറ്റൊരിക്കല്‍ എന്നെ കാറില്‍ ശവം പോലെ ഒരാള്‍ക്ക് ഇട്ടുകൊടുത്തു. വന്നയാള്‍ എന്റെ മുഖത്തെ നീരും മറ്റും കണ്ടിട്ടുപോലും കാശിന് വേണ്ടി തര്‍ക്കിക്കുകയായിരുന്നു. പ്രകൃതിവിരുദ്ധമായി നമ്മളെ ഉപയോഗിക്കുന്നവരുണ്ട്. ആഹ് ഇത്തരം അനുഭവങ്ങള്‍ ആരോടാണ് പറയുക. ഒരു പെണ്‍കുട്ടിയെ കൈയില്‍ കിട്ടുമ്പോള്‍ ഇവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്നോ..
ശരീരം പൊട്ടിയാല്‍ ചൂടുവെള്ളം വെച്ച് കഴുകി തുടപ്പിക്കും. വീണ്ടും ശരീരം ഉണങ്ങുമ്പോള്‍ ഇതെല്ലാം ആവര്‍ത്തിക്കും. കുറേ നാള് അങ്ങനെ പോയി. വീട്ടുതടങ്കലില്‍ ആയിരുന്നു. ഒന്നുമൂത്രമൊഴിക്കാന് പോകണമെങ്കില്‍ വരെ ആരെങ്കിലും കാവലായി കൂടെയുണ്ടാകും. ആറുമാസത്തോളം ഞാനത് അനുഭവിച്ചു. അതുകഴിഞ്ഞ് കൊല്ലത്തെ ഒരാളുടെ വീട്ടിലേക്ക് എന്നെയെത്തിച്ചു. അവിടെവെച്ചാണ് പോലീസ് എന്നെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതും. ഇതേ ബിസിനസ് ചെയ്യുന്ന സ്ത്രീകളുമായുണ്ടായുളള തര്‍ക്കമാണ് പോലീസിനെ അവിടെ എത്തിച്ചത്. ഒരു പെണ്‍കുട്ടിയെ പൂട്ടിയിട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ ഞാന്‍ കഴിഞ്ഞിരുന്ന മുറി പോലീസ് ചവിട്ടിത്തുറക്കുകയായിരുന്നു.
ഒരു ഭ്രാന്തിയെ പോലെ പകച്ച് നില്‍ക്കുകയായിരുന്നു ഞാനെന്ന് അന്നെന്നെ കണ്ടെടുത്ത പോലീസ് അമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. ഞാനൊരു വല്ലാത്ത അവസ്ഥയിലായിരുന്നത്രേ. 'നിന്റെ മുഖം ഇപ്പോഴും ആലോചിക്കുമ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിയില്ലെ'ന്ന് ആ അമ്മ പറയാറുണ്ട്. നാടറിഞ്ഞൂടാ, പേരറിഞ്ഞൂടാ വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. വീടിന്റെ ചുറ്റുവട്ടത്തിനപ്പുറമുളള ഒരു ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ എന്തുപറയാനാണ്. എന്നെ പോലീസ് കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞ് ആരൊക്കെയോ ചേര്‍ന്ന് എന്റെ അച്ഛനേയും അമ്മയേയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. എന്നെ കണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ച അച്ഛനെ എനിക്ക് മനസ്സിലായില്ല. ആരോ വീണ്ടുമെന്നെ ഉപദ്രവിക്കാന്‍ വരികയാണെന്നു കരുതി എന്നെ ഉപദ്രവിക്കല്ലേയെന്ന് ഞാന്‍ ഉറക്കെ നിലവിളിച്ചു. പാവം എന്റെ അച്ഛന്..ഒരച്ഛന് അതെങ്ങനെ താങ്ങാനാവും. പോലീസിനോട് വീടിനടുത്തുളളവര്ക്ക് ഇതില്‍ പങ്കുണ്ടെന്ന് അച്ഛന് തീര്‍ത്തുപറഞ്ഞു. നേരത്തേ പറഞ്ഞ പോലീസ് അമ്മയും മറ്റൊരു ഉന്നതോദ്യോഗസ്ഥനും ചേര്‍ന്ന് അവരുടെ പരാതി കേള്‍ക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
നന്മയുളള പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പടെ ചിലര്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് അതിനുശേഷമാണ്. അവരെല്ലാം ചേര്‍ന്ന് എന്നെ സമാധാനിപ്പിച്ചു. എന്റെ ഭയം മാറ്റി. ഒരുപാട് സമയമെടുത്ത് എന്നോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. എന്നെ തട്ടിക്കൊണ്ടുപോകാനും കേസ് ദുര്‍ബലപ്പെടുത്താനും അതിനിടയില്‍ തന്നെ ശ്രമങ്ങളുണ്ടായിരുന്നു. ആളുകളെ കണ്ടുപിടിക്കാന്‍ എന്നെ കൊണ്ടുപോയിട്ടുണ്ട്. പ്രതി ഒരാളാണെങ്കില്‍ അതേ മുഖസാദൃശ്യമുളള എത്രയോ പേരെ നിര്‍ത്തിയിട്ടാണ് ഒരാളെ കണ്ടുപിടിക്കേണ്ടത്. എനിക്കാണെങ്കില്‍ മുഖങ്ങള്‍ ഓര്‍മയില്ല. ഒന്നുകില്‍ രാത്രി ആയിരിക്കും അവരെന്റെ അടുത്തെത്തുക അല്ലെങ്കില്‍ പിടിയും വലിയും കൂടി ബഹളമായിരിക്കും. ആ മാനസികാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ എന്നെ ഉപയോഗിക്കുന്നത്. പക്ഷേ എന്തോ ഒരു അനുഗ്രഹത്തില്‍ രൂപങ്ങള്‍ ഞാന്‍ മനസ്സില്‍ പതിഞ്ഞത് പറഞ്ഞു.
ആ പ്രായത്തില്‍ എനിക്ക് ചിന്തിക്കാന്‍ അത്രയൊന്നും ഇല്ല, നടക്കാന്‍ പാടില്ലാത്തത് എന്തോ നടക്കുന്നു. ശരീരവും മനസ്സും നോവുന്നുണ്ട്. അത്രമാത്രം അറിയാം. പക്ഷേ അതെല്ലാം കഴിഞ്ഞ് ആളുകളുടെ ഇടയില്‍ ഇതെല്ലാം അറിയുമ്പോള്‍ ആളുകള്‍ എന്നെ എങ്ങനെ കാണും എന്ന് ചിന്തിക്കാന്‍ തുടങ്ങിയ സമയത്ത്, നാണക്കേട് മനസ്സിലാകുന്ന പ്രായത്തിലാണ് കേസ് വിളിക്കുന്നത്. നീതികിട്ടുമെന്ന് കരുതി ധൈര്യത്തോടെയും മനക്കട്ടിയോടെയും കോടതിയില്‍ പോയി. ആദ്യമായിട്ടാണ്, ചോദ്യങ്ങള്‍ എങ്ങനെയാണ് എന്തൊക്കെയാണ് എന്ന് എനിക്കറിയില്ല. എന്നോട് പറയുന്നു. കേസ് വെച്ചിട്ടുണ്ട് ഹാജരാകണം. മുഖംമൂടിയിട്ട് പോലീസ് സംരക്ഷണയില്‍ ഒരു വല്ലാത്ത അവസ്ഥയിലാണ് കയറിച്ചെല്ലുന്നത്. കൈയും കാലും വിറച്ച്.. വല്ലാത്ത മാനസികാവസ്ഥയാണ്.
പക്ഷേ നമ്മളെ ക്രൂരമായി ദ്രോഹിച്ചവരുടെ മുഖത്ത് നോക്കി സത്യങ്ങള്‍ വിളിച്ചുപറയാനുളള ആര്‍ത്തിയോടെയാണ് പോയത്. പ്രതിയുടെ മുഖത്ത് നോക്കി സത്യങ്ങള്‍ തുറന്നുപറയുമ്പോള്‍ ആയിരിക്കും ചെയ്തതിന്റെ ക്രൂരത അവര്‍ക്ക് വ്യക്തമാകുക. ഒരുപക്ഷേ ചെയ്ത സമയത്ത് അത് ഇത്രയും ക്രൂരമാണെന്ന് അവരും ചിന്തിച്ചുകാണില്ല. അതുകൊണ്ട് അവരുടെ മുഖത്ത് നോക്കി പറയാന്‍ പറ്റുന്ന അവസരമാണല്ലോ എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുളളൂ
ആദ്യം വിളിച്ചത് നിങ്ങള്‍ക്കെല്ലാമറിയുന്ന ആ പ്രമുഖന്റെ കേസാണ്. അയാളുടെ വക്കീലിന്റെ ചോദ്യം എന്നെല്ലാം പറഞ്ഞാല്‍ ജന്മത്തില് പിന്നെ കോടതി കയറില്ല. ഓടിക്കളയും. ചോദിക്കുന്നതിനെല്ലാം ഞാന്‍ മറുപടി പറയുന്നുണ്ട്. എന്റെ ശരീരത്തില്‍ ഇങ്ങനെ തൊട്ടു.. അങ്ങനെ ചെയ്തു എന്നെല്ലാം അവര്‍ എങ്ങനെ എന്റെ മനസ്സിനെ മടുപ്പിച്ച് എനിക്ക് ഒന്നും പറയാതാക്കാന് പറ്റും എന്ന് നോക്കി. എന്നിട്ടും ഞാന്‍ പിടിച്ചു നിന്നു. അപ്പോള്‍ അവര്‍ ചോദിച്ച ചോദ്യം ശാരീരികമായി ബന്ധപ്പെടുമ്പോള്‍ വരുന്ന ദ്രാവകത്തിന്റെ നിറമെന്തായിരുന്നുവെന്നാണ്? എനിക്ക് എന്തുപറയണം എന്നുപോലും അറിഞ്ഞുകൂടാ. ഓഹ് ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എന്റെ ശരീരം പെരുത്തുകയറുന്നു. അത്രയും എനിക്ക് മാനസിക പ്രശ്നം ഉണ്ടായി. അതോടെ കോടതിയില്‍ പോക്ക് വെറുത്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങളാണേ.. എല്ലാത്തിനും മറുപടി പറഞ്ഞുപറഞ്ഞ്... എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും വേദനിച്ചൊരു അനുഭവമുണ്ടായിട്ടില്ല. പക്ഷേ നേരെ തിരിച്ചാണ് വിധി വന്നത്.. കോടതിയില്‍ പോകാന്‍ എനിക്കിഷ്ടമല്ലാതായി. എനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി നിലകൊണ്ട ടീച്ചറമ്മയുടെ കാലില്‍ വീണ് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്നെ ഇതില്‍ നിന്ന് രക്ഷിച്ചുതാ അമ്മേ എനിക്ക് കോടതിയില്‍ പോകാന്‍ വയ്യ എന്നുപറഞ്ഞ്.. ധൈര്യം എന്നുപറഞ്ഞാല്‍ എനിക്ക് ടീച്ചറമ്മയാണ്. ടീച്ചറമ്മയുടെ സഹോദരിയാണ് കുറച്ചുകാലം എന്നെ നോക്കിയത്. അവര്‍ രണ്ടുപേരും ഇന്നില്ല..എന്റെ രണ്ടു അമ്മമാര്‍ എന്റെ ധൈര്യമായിരുന്നു. എനിക്കിത്രയും ആത്മധൈര്യം തന്നവരെന്നുപറഞ്ഞാല് മോളേ എന്ന് വിളിച്ച്, തലോടി ഈ പ്രായത്തിലും എനിക്ക് സമാധാനം തരുന്ന വ്യക്തികളെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതെനിക്കേറ്റ വലിയ അടിയാണ്.
അതിനിടയിലാണ് കല്യാണം ആകുന്നത്. എന്റെ കഷ്ടപ്പാട് കണ്ടിട്ട് വന്ന ആലോചനയാണ്. എന്റെ അച്ഛന് അതിനിടയില്‍ മരിച്ചുപോയിരുന്നു. കുടുംബത്തില്‍ പോലും എല്ലാവരുടെ മുന്നിലും പോയി നില്ക്കുമ്പോള്, ഒരുപാട് ആള്‍ക്കാരുടെ മുന്നില്‍ ഒരാള്‍ മാത്രം തുണിയുടുക്കാതെ നില്ക്കുമ്പോള് എന്തായിരിക്കും അവസ്ഥ. അങ്ങനെയൊരു അനുഭവമാണ്. എന്തോ കുറവ് ഉളളത് പോലെ, ആളുകള്‍ എന്നെ വല്ലാതെ നോക്കുന്നത് പോലെയെല്ലാം തോന്നും. വിഷമം ആയിരുന്നു. ഞാനാദ്യം വിവാഹം വേണ്ടെന്ന് പറഞ്ഞു. ടീച്ചറമ്മയും എന്റെ സമുദായക്കാരും എന്നെ നിര്‍ബന്ധിച്ചു. ആരുമില്ലാതാകും എന്നോര്മിപ്പിച്ചു. സത്യങ്ങള്‍ അറിഞ്ഞ് എന്നെ സ്വീകരിക്കാന്‍ തയ്യാറായി ഒരു മനുഷ്യന് എത്തിയിരിക്കുന്നു. അങ്ങനെ വിവാഹം കഴിഞ്ഞു. വിവാഹ ജീവിതത്തിലേക്ക് പതിയെ ഞാന്‍ മാനസികമായി പ്രവേശിച്ചു.
ആ മനുഷ്യന് ഒരു ജീവിതം തന്നപ്പോഴാണ് ജീവിതം എന്താണെന്ന് ഞാന്‍ അറിയുന്നത്. എല്ലാവരും വിളിക്കും സഹായിക്കും അതൊന്നും ഞാന്‍ മറക്കുന്നില്ല. പക്ഷേ ഒരു മറുപുറവുമുണ്ട്. ഞാന്‍ എവിടെയാണ്, പട്ടിണിയാണോ, വീടുണ്ടോ, റോഡിലാണോ എന്ന് ആരും തിരക്കിയിട്ടില്ല. കേസാകുന്ന സമയത്ത് വിളിക്കും. അതവരുടെ കുറ്റമല്ല, എപ്പോഴും എന്നെ തന്നെ നോക്കിയിരിക്കാന്‍ അവര്‍ക്കാവില്ലല്ലോ. ടീച്ചറമ്മ എനിക്ക് ഒരു ചെറിയ ജോലി വാങ്ങിത്തന്നിരുന്നു. വിവാഹം കഴിഞ്ഞ് ഗര്‍ഭിണി ആയപ്പോള്‍ പ്രശ്നമുളള ശരീരമല്ലേ..എനിക്ക് വിശ്രമം വേണ്ടി വന്നു. കുഞ്ഞാണല്ലോ വലുത് എന്ന് കരുതി ജോലി ഉപേക്ഷിച്ചു.
കല്യാണം കഴിഞ്ഞ് കേസ് ആറേഴെണ്ണം വിളിച്ചു. ജീവിതത്തില്‍ നടന്ന സംഭവങ്ങളെല്ലാം ഓര്‍മയില്‍ ഉളളത് ഞാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളാണ് നമ്മളോട് കുത്തിക്കുത്തി ചോദിക്കുന്നത്. എനിക്ക് നല്ല മറവിയുണ്ട്. വക്കീലന്മാര് എന്നെ പഠിപ്പിക്കും തീയതികള്‍ മറന്നുപോകാതിരിക്കാന്‍ പക്ഷേ കോടതിയില്‍ കയറി നില്ക്കുമ്പോള് എനിക്ക് പേടിയാകും. എല്ലാം ഓര്മ വരില്ല. കേസിലെ പ്രധാനപ്രതിക്ക് കിട്ടിയ ശിക്ഷയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നീതി. അത് ലഭിച്ചില്ലെങ്കില്‍ ഞാന്‍ മരിച്ചുപോയാല്‍ പോലും എനിക്ക് സമാധാനം കിട്ടുമായിരുന്നില്ല. പ്രധാനപ്രതിയെ കണ്ടപാടെ അവന്റെ മുഖവും രൂപവും എനിക്ക് മനസ്സിലായി. അവനെ ജന്മത്തില് ഞാന്‍ മറക്കുകയുമില്ല പൊറുക്കുകയുമില്ല. ഒരു കൂടപ്പിറപ്പിനെ പോലെ കരുതിയിരുന്നെങ്കില്‍ എന്നെ നശിപ്പിക്കാതെ നാട്ടില്‍ അവന് നാട്ടില്‍ കൊണ്ടുവിടാമായിരുന്നു.
എന്നെ വിഷമിച്ച ഒരു മനുഷ്യരെയും ദൈവം വെറുതേ വിട്ടതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഇത്തരം അനുഭവങ്ങളുണ്ടായിട്ടുളള ഒരുപാട് പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റാതെ മരിച്ചുപോയിട്ടുണ്ടാകാം. ആത്മഹത്യ ചെയ്തിട്ടുണ്ടാകാം. എന്റെ കേസ് നോക്കിയ അഭിഭാഷക അമ്മ പറഞ്ഞിട്ടുണ്ട് പുനര്ജന്മത്തില് പോലും സ്വപ്നം കാണാന്‍ കഴിയാത്തതാണ് എന്റെ ജീവിതമെന്ന്. കാരണം അവര്‍ അത്രയ്ക്ക് ഉപദ്രവിച്ച് ശരീരമാണ്. അവര്‍ കയറി നിന്ന് വയറ്റില്‍ ചവിട്ടിയിട്ടുണ്ട്. ആ വയറ്റില്‍ എനിക്ക് രണ്ട് പെണ്‍കുട്ടികളെയാണ് തന്നത്. ദൈവം എനിക്ക് ഒരുപാട് അനുഗ്രഹം തന്നിട്ടുണ്ടെന്ന് തന്നെയാണ് ഞാന്‍ പറയുക. എന്റെ ദുരിതങ്ങളും വിഷമങ്ങളും ഒക്കെ എന്നെങ്കിലും ദൈവം മാറ്റുമായിരിക്കും. പക്ഷേ ചില ആള്ക്കാര് എന്നോട് ഇപ്പോഴും സംസാരിക്കുന്നതാണ് എനിക്ക് താങ്ങാന്‍ പറ്റാത്തത്.
മകള്‍ ജനിച്ച ശേഷവും പലതവണ എനിക്ക് കോടതിയില്‍ പോകേണ്ടി വന്നിട്ടുണ്ട്. സുഖമില്ല ആശുപത്രിയില്‍ പോകുന്നുവെന്ന് മകളോട് കള്ളം പറഞ്ഞാണ് പോവുക. മകളെന്നോട് ചോദിച്ചിട്ടുണ്ട് അമ്മയ്ക്ക് ഇടയ്ക്കിടെ അസുഖമാണല്ലോ എന്ന്. അവള്‍ക്കൊന്നും അറിയില്ല അവള് ഒന്നും അറിയുകയും വേണ്ട. എനിക്ക് പഠിപ്പില്ല, പക്ഷേ മകളെ പഠിപ്പിക്കണം. ആരുടെയും സഹായമില്ലാതെ കഴിയില്ല. സഹോദരങ്ങളും മോശം സ്ഥിതിയിലാണ്. ആര്‍ക്കും ആരേയും സഹായിക്കാനുളള സ്ഥിതിയല്ല. എന്റെ ആരോഗ്യവും മോശമാണ്. ഒരുപാട് ചികിത്സിച്ചു, ഫിസിയോതെറാപ്പി ചെയ്തു. ഈ അസുഖങ്ങൾ വെച്ചാണ് കുഞ്ഞുങ്ങളെ നോക്കി ഭര്‍ത്താവിനെ നോക്കി ജീവിക്കേണ്ടത്. കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഓര്‍മക്കുറവുണ്ട്. ഞാനിപ്പോള്‍ ജീവിക്കുന്നിടത്ത് ആര്‍ക്കും ഒന്നും അറിയില്ല. നല്ല രീതിയില്‍ ജീവിക്കണം എന്നാഗ്രഹമുണ്ട്. പക്ഷേ ഒരു വരുമാനം വേണം. എനിക്ക് സ്വന്തമായി ഒന്നുമില്ല. ഭര്‍ത്താവിന് എന്തെങ്കിലും പറ്റിപ്പോയാല്‍ ഞങ്ങളെന്താകും എന്ന് എനിക്കറിയില്ല. ആളുകള്‍ മനസ്സുവെച്ചാല്‍ എന്നെപോലെയുളളവരെ സഹായിക്കാനാവും. കേസിനപ്പുറം ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലും ആരുമില്ല. എന്റെ സത്യസന്ധതയും മനസ്സിലെ വെളിച്ചവും ആണെന്ന് തോന്നുന്നു ഞാന്‍ ഇങ്ങനെ ജീവിച്ചുപോകുന്നത്. ഈ നിമിഷം വരെ ഞാനതില്‍ മായമോ കളളമോ ഞാന്‍ ചേര്‍ത്തിട്ടില്ല.'-വികാരവിക്ഷുബ്ധതയുടെ മണിക്കൂറുകള്‍ പിന്നിട്ട ആ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് അവര്‍ ചോദിച്ചു.
'നിങ്ങള്‍ക്ക് ഇനി എന്തെങ്കിലും അറിയാനുണ്ടോ?'
'ഇക്കാര്യങ്ങള്‍ ചോദിച്ച് നിങ്ങളെ ഇനി ആരും സമീപിക്കാതിരിക്കട്ടേ.. കഴിഞ്ഞുപോയതിലൂടെ നിങ്ങളെ വീണ്ടും നടത്തിയല്ലോ എന്ന കുറ്റബോധം എനിക്ക് വല്ലാതെയുണ്ട്. ക്ഷമിക്കുക.' മറ്റൊന്നും പറയാനോ ചോദിക്കാനോ ഇല്ലാതെ ഞാന്‍ നിശബ്ദയായി.
'എന്റെ മക്കളുടെ ഫോട്ടോ കാണിക്കട്ടേ' അവര്‍ ആവേശത്തോടെ ചോദിച്ചു. മറുപടി അവര്ക്കുവേണ്ടായിരുന്നു. കാണിച്ചുതന്നു, ചിരിച്ചുനില്ക്കുന്ന മിടുക്കികളായ പെണ്മക്കളും അവരുടെ സഹോദരനും .. നിശബ്ദതയ്ക്കൊപ്പം എന്റെ തൊണ്ട കനക്കുന്നത് ഞാനറിഞ്ഞു. ഞാനും അമ്മയാണ്, ഒരു പെണ്‍കുഞ്ഞിന്റെ..
എഴുത്ത്: രമ്യ ഹരികുമാര്‍ (remyaharikumar@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..