ഗോർബച്ചേവ്
മുന്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായ മിഖായേല്‍ സെര്‍ഗിയേവിച്ച് ഗോര്‍ബച്ചേവിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെടുന്നത് 1990 ഒക്ടോബര്‍ 15-നാണ്. 'ലോകസമാധാന പ്രക്രിയയ്ക്ക് ഗോര്‍ബച്ചേവ് നല്കിയ സാരവത്തായ സംഭാവനകള്‍, പ്രത്യയശാസ്ത്രപരമായും മതപരമായും ചരിത്രപരമായും സംസ്കാരപരമായുമുള്ള വിഭജനരേഖകള്ക്കതീതമായി അന്താരാഷ്ട്രസമൂഹം നേരിടുന്ന അടിയന്തരപ്രശ്നങ്ങളെ രചനാത്മകമായ കൂടിയാലോചനകളിലൂടെ പരിഹരിക്കാനുള്ള പുതിയ സാധ്യതകള്‍ തുറന്നതിനും സോവിയറ്റ് സമൂഹത്തില്‍ സാമാന്യത്തില്‍ കവിഞ്ഞ തുറവി കൊണ്ടുവന്നതിനുമാണ്' പുരസ്കാരം നല്‍കുന്നതെന്ന് നോര്‍വീജിയന്‍ നൊബേല്‍ സമിതിയിറക്കിയ കുറിപ്പില്‍ പറഞ്ഞു.
ഒക്ടോബര്‍ 16-ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ഡിക് ചെനി മോസ്കോയിലുണ്ടായിരുന്നു. സോവിയറ്റ് പ്രതിരോധമന്ത്രിയായ മാര്‍ഷല്‍ ദിമിത്രി യാസോവും സഹപ്രവര്‍ത്തകരും അന്ന് ഡിക് ചെനിക്ക് ഒരു അത്താഴവിരുന്നൊരുക്കിയിരുന്നു. പാനോപചാരത്തിനിടെ ഗോര്‍ബച്ചേവിന്റെ പുരസ്കാരലബ്ധിയെ സോത്സാഹം അഭിവാദനം ചെയ്ത് ചെനി സംസാരിച്ചപ്പോള്‍ സോവിയറ്റ് ആതിഥേയര്‍ നിശ്ശബ്ദരായി. 'ഞാനെന്തോ അത്യന്തം ഘോരമായ കാര്യം ചെയ്തതുപോലെയായിരുന്നു അവരുടെ പെരുമാറ്റം' എന്നാണ് ഡിക് ചെനി ആ സന്ദര്‍ഭത്തെ പിന്നീട് ഓര്‍മിച്ചത്.
തനിക്ക് ഒരു സമ്മിശ്രവികാരമാണ് അപ്പോളുണ്ടായതെന്ന് ഗോര്‍ബച്ചേവ് തന്റെ ഓര്‍മക്കുറിപ്പായ 'Zhizn i Reformi' (ജീവിതവും പരിഷ്കാരങ്ങളും) എന്ന ഗ്രന്ഥത്തില്‍ ഓര്‍ക്കുന്നു. (Zhizn i Reformi, Novosti, Moscow, 1995) ഒരുവശത്ത് താന്‍ ആല്‍ബര്‍ട്ട് ഷ്വയിറ്റ്സറിന്റെയും (Albert Schwetizer) വില്ലി ബ്രാന്റിന്റെയും (Willy Brandt) പാദമുദ്രകള്‍ പിന്തുടരുകയാണെന്ന് ഗോര്‍ബച്ചേവിന് തോന്നി. മറുവശത്ത്, ബോറിസ് പാസ്റ്റര്‍നാക്കിനും അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിനും ലഭിച്ച നൊബേല്‍ പുരസ്കാരം 'സോവിയറ്റ് വിരുദ്ധ പ്രകോപന'മാണെന്ന് അനേകം റഷ്യക്കാര്‍ കരുതിയിരുന്നു. തനിക്ക് കിട്ടിയ പുരസ്കാരത്തെയും പല റഷ്യക്കാരും അത്തരത്തിലൊന്നായിക്കാണും എന്ന കാര്യം ഗോര്‍ബച്ചേവിനെ അലട്ടി.
തന്റെ നേട്ടങ്ങളില്‍ ലോകരാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രശംസയും മതിപ്പും സ്വരാജ്യത്ത് നേരിടുന്ന നിന്ദയും വെറുപ്പും -ഈ വൈപരീത്യം- ഗോര്‍ബച്ചേവിനെ അസ്വസ്ഥനാക്കിയിരുന്നു. തനിക്കുകിട്ടിയ നൊബേല്‍ സമ്മാനത്തെ ശക്തമായി അപലപിക്കുന്ന കത്തുകളും കമ്പിസന്ദേശങ്ങളും ഗോര്‍ബച്ചേവ് സശ്രദ്ധം വായിക്കുന്നത് അനറ്റൊലി ചെര്നിയേവ് കണ്ടു. (1985-1991 കാലത്ത്, സോവിയറ്റ് യൂണിയന് പിരിച്ചുവിടുന്നതുവരെ ഗോര്‍ബച്ചേവിന്റെ സന്തതസഹചാരിയും മുഖ്യ വിദേശനയ ഉപദേഷ്ടാവുമായിരുന്നു ചെര്നിയേവ്. അദ്ദേഹത്തിന്റെ My Six years with Gorbachev (Pennsylvania State Universtiy Press, 2000) എന്ന ഗ്രന്ഥവും Anatoly Chernyaev Diary യും ആ കാലഘട്ടത്തിലെ നാടകീയ സംഭവങ്ങള്‍ അനാച്ഛാദനം ചെയ്യുന്നു).
തന്നെ അപലപിക്കുന്ന കമ്പിസന്ദേശങ്ങളിലൊന്നെടുത്ത് ഗോര്‍ബച്ചേവ് ഉച്ചത്തില്‍ വായിച്ചു: ''മിസ്റ്റര്‍ ജനറല്‍ സെക്രട്ടറി, യു.എസ്.എസ്.ആറിനെ നശിപ്പിച്ചതിനും കിഴക്കന്‍ യൂറോപ്പിനെ വിറ്റുതുലച്ചതിനും ചെമ്പടയെ തകര്‍ത്തതിനും വിഭവങ്ങളെല്ലാം അമേരിക്കയ്ക്ക് കൈമാറിയതിനും ബഹുജനമാധ്യമങ്ങള്‍ സയണിസ്റ്റുകളെ ഏല്‍പ്പിച്ചതിനും സാമ്രാജ്യത്വവാദികള്‍ നല്കിയ ഈ പുരസ്കാരം സ്വീകരിച്ചതില്‍ അനുമോദിക്കുന്നു.'' മറ്റൊന്നുകൂടി ഗോര്‍ബച്ചേവ് ഉറക്കെ വായിച്ചു: ''നൊബേല്‍ സമ്മാനജേതാവിന്, ഈ രാജ്യത്തെ ഒന്നടങ്കം ദരിദ്രമാക്കിയതിനും ലെനിനെയും ഒക്ടോബര്‍ വിപ്ലവത്തെയും ഒറ്റിക്കൊടുത്തതിനും മാര്‍ക്സിസം-ലെനിനിസം ഉന്മൂലനം ചെയ്തതിനും നിങ്ങള്‍ക്ക് കിട്ടിയ ഈ സമ്മാനത്തിന് നന്ദി അറിയിക്കുന്നു.''
ഓഗസ്റ്റ് അട്ടിമറിയിലേക്ക്
എന്തിനാണ് കെ.ജി.ബി. യുടെ മേധാവി വ്ളാദിമിര്‍ ക്രിച്കോവ് ഇവയെല്ലാം ശേഖരിച്ച് ഗോര്‍ബച്ചേവിന്റെ എഴുത്തുമേശമേല്‍ വെച്ചതെന്ന് ചെര്നിയേവ് ചോദിച്ചു. 90 ശതമാനം സോവിയറ്റ് ജനസമൂഹം ഗോര്‍ബച്ചേവിന് ലഭിച്ച നൊബേല്‍ സമ്മാനത്തെ പ്രതികൂലിക്കുന്നവരാണെന്ന പൊതുജനാഭിപ്രായക്കണക്കും ക്രിച്കോവ് മേശപ്പുറത്ത് വെച്ചിരുന്നു. അപ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞു: ''ഞാനിക്കാര്യത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്നാണോ കരുതുന്നത്?'' ''മിഖായേല്‍ സെര്‍ഗിയേവിച്ച്, പിന്നെ എന്തിനാണ് ഈ ചവറ് സാകൂതം വായിച്ച് താങ്കള്‍ സമയം പാഴാക്കുന്നത്? താങ്കള്‍ ഈവക വിവരമില്ലായ്മയില്നിന്നെല്ലാം ഉയര്‍ന്നുനില്‍ക്കേണ്ടതാണ്.'' ഗോര്‍ബച്ചേവ് അപ്പോള്‍ മറുപടി പറഞ്ഞില്ല. താന്‍ നേരിട്ട് പോയി സമ്മാനം ഏറ്റുവാങ്ങുന്നത് ലോകമെമ്പാടും തന്റെ രാജ്യത്തടക്കം (അതായിരുന്നു പ്രധാനം) അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ വരുന്നത് കാണാന്‍ ഇഷ്ടമില്ലാതിരുന്ന ഗോര്‍ബച്ചേവ്, സമ്മാനം ഏറ്റുവാങ്ങാന്‍ ഫസ്റ്റ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായ അനറ്റൊലി കൊവലേവിനെയാണ് ഓസ്ലോവിലേക്ക് അയച്ചത്.
ഡിസംബര്‍ 10-ന് നടക്കുന്ന നൊബേല്‍ നടപടിക്രമത്തിന് ഒരു അപവാദമായിരുന്നു അത്. പിന്നീട് മാസങ്ങളോളം നൊബേല്‍ പ്രഭാഷണത്തിന് വഴങ്ങാതിരുന്ന ഗോര്‍ബച്ചേവ്, ഒടുവില്‍ 1991 ജൂണ്‍ 5-ന്, അത് നിര്‍വഹിക്കേണ്ട അവസാന ദിവസമാണ് ഓസ്ലോയില്‍ പോയത്. ആ പ്രസംഗത്തില്‍ തന്റെ പുതിയ രാഷ്ട്രീയ പന്ഥാവിനോടുള്ള പ്രതിബദ്ധത ഗോര്‍ബച്ചേവ് വീണ്ടും ഉറപ്പിച്ച് പറഞ്ഞു: ''ഞാന്‍ വളരെ മുന്‍പേ അന്തിമവും മാറ്റാനൊക്കാത്തതുമായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഒന്നിനും ഒരാള്‍ക്കും ഒരു സമ്മര്‍ദത്തിനും അത് വലതുനിന്നാകട്ടെ ഇടതുനിന്നാകട്ടെ പെരിസ്ത്രോയിക്കയെപ്പറ്റിയുള്ള പുതിയ പരിചിന്തനത്തെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടില്‍നിന്ന് പിന്തിരിപ്പിക്കാന് കഴിയില്ല. ഞാന്‍ എന്റെ ആശയങ്ങളിലോ ദൃഢവിശ്വാസങ്ങളിലോ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ തിരഞ്ഞെടുപ്പ് അന്തിമമാണ്.''
എന്നാല്‍ 1991 ജനുവരി മുതലുള്ള ചെര്നിയേവിന്റെ ഡയറിക്കുറിപ്പുകള്‍ ഗോര്‍ബച്ചേവിനെപ്പറ്റി നല്കുന്ന ചിത്രം വ്യത്യസ്തമാണ്. 1991 ജനുവരി 2-ന് ചെര്നിയേവ് എഴുതി: ''അദ്ദേഹത്തിന്റെ ആത്മവിശ്വാസം പരിഹാസ്യവും ചിരിയുണ്ടാക്കുന്നതുമാണ്.'' ജനുവരി 7: ''അങ്ങേര് വിദേശനയത്തെക്കുറിച്ച് ഗൗരവതരമായി ആലോചിക്കുന്നത് നിര്‍ത്തിയിരിക്കുന്നു.'' ജനുവരി 14: ''ലിത്വാനിയയിലെ സുപ്രീം സോവിയറ്റില്‍ ഗോര്‍ബച്ചേവ് നടത്തിയ ഭാഷണം പരിതാപകരവും അസ്ഫുടവും പൊരുളില്ലാത്തതുമായിരുന്നു.'' മാര്‍ച്ച് 14: ''മിഖായേല്‍ സെര്‍ഗിയേവിച്ച് കൂടുതല്‍ നിസ്സാരനും ശുണ്ഠിക്കാരനുമായി മാറിക്കൊണ്ടിരിക്കുന്നു.'' മാര്‍ച്ച് 20: ''ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ബൗദ്ധികമായി അദ്ദേഹത്തിന് തേയ്മാനം വന്നിരിക്കുന്നു.
ക്ഷീണിച്ച് തളര്‍ന്നിരിക്കുന്നു. സ്വയം സംജാതമാക്കിയ, സ്വന്തം സമയം അദ്ദേഹത്തെ കടന്നുപോയിരിക്കുന്നു.'' ചെര്നിയേവ് മാത്രമായിരുന്നില്ല ഈ വീക്ഷണം പങ്കുവെച്ചത്. ഗോര്‍ബച്ചേവിന്റെ വക്താവായിരുന്ന ആന്ദ്രേയ് ഗ്രാച്ചേവ് എഴുതി: ''ഗോര്‍ബച്ചേവ് തന്ത്രപരമായി കരുതിവെച്ച ശുഭാപ്തിവിശ്വാസം ശോഷണത്തിന്റെ വക്കിലാണ്. സകലതും വളരെക്കൂടുതലായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു.'' (Andrei Grachev, Gorbachev, Vagarius, Moscow, 2001, p.339) അമേരിക്കന്‍ സ്റ്റെയ്റ്റ് സെക്രട്ടറി ജെയിംസ് ബേക്കര്‍ 1991 മാര്‍ച്ച് മധ്യത്തില്‍ മോസ്കോയില്‍ വന്നിരുന്നു. ബോറിസ് യെല്ത്സിനെപ്പറ്റിയുള്ള ആലോചനയില്‍ കുറ്റിയടിച്ച് ഞരമ്പുനോവുള്ള ഗോര്ബച്ചേവിനെയാണ് ബേക്കര്‍ കണ്ടത്.
യെല്‍ത്സിനെ താന്‍ കാണാന്‍ ആലോചിക്കുന്നുണ്ടെന്ന് ബേക്കര്‍ അറിയിച്ചപ്പോള്‍ ഗോര്‍ബച്ചേവ് പെട്ടെന്ന് കുപിതനായി എന്ന് തന്റെ ഓര്‍മക്കുറിപ്പായ The Politics of Diplomacy: Revolution, War and Peace, 1989- 1992 എന്ന ഗ്രന്ഥത്തില്‍ ബേക്കര്‍ ഓര്‍മിക്കുന്നു. ബേക്കര്‍ വന്ന് അഞ്ചുദിവസം കഴിഞ്ഞ് റിച്ചാര്‍ഡ് നിക്സണ് മോസ്കോവിലെത്തി. നിക്സണ് അഞ്ചുവര്‍ഷം മുന്‍പ് കണ്ട ഗോര്‍ബച്ചേവ് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു. രണ്ടാം സമാഗമത്തില്‍ ഗോര്‍ബച്ചേവ് ഹതാശനും തകര്ന്നവനുമായാണ് കാണപ്പെട്ടതെന്ന് നിക്സണ് ഓര്‍മിക്കുന്നു. Michael R.Beschlos and Strobe Talbott ചേര്‍ന്നെഴുതിയ At the Highest Levels: The Inside Story of the End of the Cold War എന്ന പുസ്തകത്തില്‍ അക്കാലത്തെക്കുറിച്ചുള്ള ഒട്ടനേകം വിവരമുണ്ട്.
അതേസമയം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതൃതലത്തിലുള്ള കടുത്ത നിലപാടുകാരെ ഗോര്‍ബച്ചേവ് സുപ്രധാന പദവികളില്‍ നിയമിച്ചത് ചെര്നിയേവടക്കം പല പ്രമുഖരെയും അമ്പരപ്പിച്ചു. വൈസ് പ്രസിഡന്റായി ഗോര്‍ബച്ചേവ് നിര്‍ദേശിച്ച ഗെന്നഡി യാനയേവും പ്രധാനമന്ത്രിയായി അവരോധിച്ച വാലന്റൈന്‍ പാവ്ലോവും തീവ്ര കാഴ്ചപ്പാടുള്ളവരായിരുന്നു. പാവ്ലോവിന്റെ സാമ്പത്തികനയം ഗോര്‍ബച്ചേവിന്റെ പരിഷ്കാരങ്ങള്‍ക്ക് കടകവിരുദ്ധമായിരുന്നു. ഗോര്‍ബച്ചേവ് ഏതിനും തുനിഞ്ഞ് പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് വായ്പ സംഘടിപ്പിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പാവ്ലോവ്, വിദേശബാങ്കുകള്‍ റൂബിള്‍ ശതകോടിക്കണക്കിന് ഒളിച്ചുശേഖരിച്ച് പെരുവെള്ളംപോലെ രാജ്യത്ത് നിറച്ച് സോവിയറ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
അമേരിക്കന്‍ അംബാസഡറായിരുന്ന മറ്റ്ലോക്ക് ജൂനിയര്‍ Autopsy of an Empire എന്ന ഗ്രന്ഥത്തിലും ബ്രിട്ടീഷ് അംബാസഡറായിരുന്ന റോഡ്രിക് ബ്രെയ്ത്വെയ്റ്റ് Across the Moscow River: The World Turned Upside Down എന്ന ഗ്രന്ഥത്തിലും പാവ്ലോവിനെ 'താന്തോന്നിയും ദോഷൈകദൃക്കും കിറുക്കനു'മായാണ് വിശേഷിപ്പിക്കുന്നത്. 1991 ജൂണ്‍ ആദ്യം ബാള്‍ട്ടിക് സോവിയറ്റ് റിപ്പബ്ലിക്കായ ലിത്വാനിയക്കെതിരെയുള്ള സമ്മര്‍ദം ഗോര്‍ബച്ചേവ് വര്‍ധിപ്പിച്ചു. 1990 മാര്‍ച്ച് 11-ന് ലിത്വാനിയയുടെ സുപ്രീംകൗണ്‍സില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയിരുന്നു (The Act of the Re-Establishment of the State of Lithuania).
ജനുവരി 10-ന് ലിത്വാനിയന്‍ സുപ്രീംകൗണ്സിലിന് ഭരണഘടനാവിരുദ്ധമായ ഈ നിയമം റദ്ദാക്കാന്‍ ഗോര്‍ബച്ചേവ് അന്ത്യശാസനം നല്കി. ജനുവരി 13-ന് സോവിയറ്റ് സൈന്യം ലിത്വാനിയന്‍ തലസ്ഥാനമായ വില്ന്യസിലെ ടെലിവിഷന്‍ ടവര്‍ ആക്രമിച്ച് പിടിച്ചെടുത്തു. ഇത് ചെറുത്ത ലിത്വാനിയന്‍ സ്വാതന്ത്ര്യപ്രക്ഷോഭകരില് 15 പേര് കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലം ഒരു രാഷ്ട്രീയപ്രതിസന്ധിയുടെ ആപല്ഘട്ടമായിരുന്നു. ബോറിസ് യെല്ത്സിന് ഉടനെ വില്ന്യസിലേക്ക് പറന്നു. അവിടെവെച്ച് ലിത്വാനിയന്‍ പ്രസിഡന്റിനെക്കൂടാതെ മറ്റ് സോവിയറ്റ് ബാള്‍ട്ടിക് റിപ്പബ്ലിക്കുകളായ ലാത്വിയയുടെയും ഈസ്റ്റോണിയയുടെയും പ്രസിഡന്റുമാരെക്കൂടി വിളിച്ചുവരുത്തി യെല്ത്സിന് ആക്രമണത്തെ അപലപിച്ചു.
മോസ്കോയില്‍ സ്വാതന്ത്ര്യാനുകൂലികള്‍ 'ഗോര്‍ബച്ചേവ് ബാള്‍ട്ടിക് സ്റ്റേറ്റുകളുടെ സദ്ദാംഹുസൈന്' ആണെന്നും 'നൊബേല്‍ സമ്മാനം മടക്കിക്കൊടുക്കുക' എന്നും 'മിഖായേല്‍ ഗോര്‍ബച്ചേവിന്റെ പാര്‍ട്ടി സ്വേച്ഛാധിപത്യം' എന്നുമെഴുതിയ ബാനറുകളുമായി തെരുവിലിറങ്ങി. ഗോര്‍ബച്ചേവിന്റെ പരിഷ്കാരങ്ങളെ സര്‍വാത്മനാ പിന്തുണച്ചിരുന്ന മുപ്പത് ധൈഷണികര്‍ ലിബറല്‍ വാരികയായ മോസ്കോ ന്യൂസില്‍ വില്‍ന്യസ് ആക്രമണത്തെ 1905-ല്‍ സാര്‍ ഭരണകൂടത്തിന്റെ പോലീസ് നടത്തിയ 'രക്താഭിഷിക്ത ഞായറാഴ്ച' എന്നറിയപ്പെടുന്ന കൂട്ടക്കൊലയുമായി താരതമ്യം ചെയ്തു. ചെര്നിയേവും ഗ്രാച്ചേവുമുള്പ്പെടെയുള്ള ഗോര്‍ബച്ചേവിന്റെ ഏറ്റവുമടുത്ത സഹായികളില്‍ പലരും രാജിക്കൊരുങ്ങി.
ചെര്നിയേവ് രാജിക്കത്ത് എഴുതിവെച്ചെങ്കിലും കൊടുത്തില്ല. അത് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: 'ബ്രഷ്നേവിന്റെയും ചെര്ണങ്കോയുടെയും ദണ്ഡനനയങ്ങള് എന്നെ നാണംകെടുത്തി എരിച്ചിരുന്നു. ഹാ കഷ്ടം, അതുതന്നെയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്!' ഒരാഴ്ച കൃത്യമായ ഉത്തരം നല്‍കാതെ മിണ്ടാതിരുന്ന ഗോര്‍ബച്ചേവ് വില്ന്യസില് സംഭവിച്ചത് തന്റെ നയമായിരുന്നില്ലെന്നും സ്വദേശത്തും വിദേശത്തും തനിക്ക് അപകീര്‍ത്തിയുണ്ടാക്കാന്‍ തീവ്രസമീപനമുള്ളവര് ആസൂത്രണം ചെയ്തതാണെന്നും പറഞ്ഞു. ഉടനെ വില്ന്യസിലേക്ക് പോകാനും കൊല്ലപ്പെട്ട ലിത്വാനിയന്‍ പ്രക്ഷോഭകാരികളുടെ ശവകുടീരത്തില്‍ റീത്തുവെയ്ക്കാനും സഹായികള്‍ ഗോര്‍ബച്ചേവിനോട് പറഞ്ഞെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. കെ.ജി.ബി. തലവന്‍ ക്രിച്കോവ് വില്ന്യസില് ഗോര്‍ബച്ചേവിന്റെ സുരക്ഷ ഉറപ്പുനല്‍കാനാവില്ലെന്ന് അറിയിച്ചിരുന്നു.
ഗോര്‍ബച്ചേവിന്റെ ഭാര്യ റൈസ ഗോര്‍ബച്ചേവ് വില്ന്യസില് തന്റെ ഭര്‍ത്താവിനുനേരേ വധോദ്യമമുണ്ടാകുമെന്ന് ഭയന്നിരുന്നു. പ്രശ്നത്തിന്റെ മര്‍മം ഗോര്‍ബച്ചേവ് ജനുവരി 17-ന് ചെര്നിയേവിനോട് പറഞ്ഞു: 'എനിക്ക് സൈന്യത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കാനോ അവരെ അപലപിക്കാനോ കഴിയില്ല. ലിത്വാനിയന്‍ ദേശീയവാദികള്‍ സോവിയറ്റ് സൈനികപ്പാളയത്തില്ക്കയറി സൈനികരെയും അവരുടെ കുടുംബങ്ങളെയും അപമാനിച്ചതാണല്ലോ.' (William Taubman, Gorbachev: His Life and Times, Simon & Schuster, UK Ltd, London, 2017, P-576.)
വില്ന്യസിലെ കൂട്ടക്കൊല കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം ലാത്വിയന്‍ തലസ്ഥാനമായ റീഗയിലും സോവിയറ്റ് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ലാത്വിയന്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. അതോടെ ഉദാര-തീവ്ര സമീപനം പുലര്‍ത്തുന്ന പാര്‍ട്ടിക്കാരെല്ലാം ഗോര്‍ബച്ചേവിന് എതിരായി. 'എന്നെ അവര്‍ കൊലയാളി എന്നാണ് വിളിക്കുന്ന'തെന്ന് 'മോസ്കോ ന്യൂസി'ല്‍ എഴുതിയ ബുദ്ധിജീവികളെ ഉദ്ദേശിച്ച് ഗോര്‍ബച്ചേവ് ആവലാതിപ്പെട്ടു. യെല്ത്സിന് വില്ന്യസിലേക്ക് പറന്നതറിഞ്ഞ ഗോര്‍ബച്ചേവ് 'സണ്‍ ഓഫ് എ ബിച്ച്' എന്നാണ് ദേഷ്യത്തോടെ പറഞ്ഞത്. 'അയാളെ എന്താണ് ചെയ്യേണ്ടതെ'ന്നും ചെര്നിയേവിനോട് ചോദിച്ചു (Chernyaev's diary, entry, January 15, 1991).
തീവ്രസമീപനമുള്ളവരുടെ പേരുകള്‍ ഗോര്‍ബച്ചേവ് എടുത്തുപറഞ്ഞില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് കെ.ജി.ബി. മേധാവിയായ ക്രിച്ച്കോവിനെയും തന്റെ ചീഫ് ഓഫ് സ്റ്റാഫായ ബോള്ഡിനെയും പ്രധാനമന്ത്രിയായ പാവ്ലോവിനെയും കേന്ദ്രകമ്മിറ്റി സെക്രട്ടറിമാരായ ബക്ലനോവിനെയും ഷെനിനെയുമായിരുന്നു. ഇവരെല്ലാം വില്ന്യസില് വെടിവെപ്പ് തുടങ്ങിയ ഉടനെ ക്രെംലിനിലെ ബോള്‍ഡിന്റെ ഓഫീസില്‍ ഒന്നിച്ചുകൂടിയിരുന്നു. ഗോര്‍ബച്ചേവിന് ഇക്കാര്യം അറിയാമായിരുന്നുവെങ്കിലും അവരുമായുള്ള ബന്ധം പിളര്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് ചെര്നിയേവ് ഡയറിയിലും My Six Years with Gorbachev എന്ന ഗ്രന്ഥത്തിലും എഴുതുന്നു.
1991 ഏപ്രില്‍ 23-ന് മോസ്കോ നഗരപ്രാന്തത്തിലുള്ള നോവോ-ഒഗാര്യോവോയിലെ ആഡംബരപൂര്‍ണമായ സര്‍ക്കാര്‍ എസ്റ്റേറ്റില്‍ ഗോര്‍ബച്ചേവും 9 സോവിയറ്റ് റിപ്പബ്ലിക്കുകളുടെ പ്രസിഡന്റുമാരും (ലാത്വിയ, ലിത്വാനിയ, ഈസ്റ്റോണിയ, മള്‍ഡോവ, ജോര്‍ജിയ, ആര്‍മേനിയ എന്നീ റിപ്പബ്ലിക്കുകളുടെ പ്രസിഡന്റുമാര്‍ ഒഴികെ) ഒത്തുകൂടി Union of Sovereign states (സോവിയറ്റ് സ്റ്റേറ്റ്സ് അല്ല) സ്ഥാപിക്കാനുള്ള ഉടമ്പടി തയ്യാറാക്കാനുള്ള പ്രതിജ്ഞയെടുത്തു. ഈ പരമാധികാര രാഷ്ട്രങ്ങളുടെ യൂണിയന് ഒരു പുതിയ ഭരണഘടനയുണ്ടാക്കി ഒപ്പുവെക്കാനും ധാരണയായി. നോവോ-ഒഗാര്യോവ് പ്രക്രിയ 1991 ജൂലൈ 23 വരെ തുടര്‍ന്നു. അന്നാണ് യൂണിയന് ഉടമ്പടിയുടെ രൂപരേഖയെപ്പറ്റി യോജിപ്പിലെത്തുന്നതും അത് ഓഗസ്റ്റ് 20-ന് മോസ്കോയില്വെച്ച് ഒപ്പിടാന്‍ തീരുമാനിക്കുന്നതും.
1991 ജൂണ്‍ 12-ന് യെല്ത്സിന് 59 ശതമാനം വോട്ടുനേടി റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതോടെ യെല്ത്സിന് കൂടുതല്‍ ശക്തനായി. ജൂലൈ 12-ന് നടക്കേണ്ട ഉദ്ഘാടനച്ചടങ്ങ്, 24 ഗണ്‍ സല്യൂട്ടും ബൈബിളില്ത്തൊട്ടുള്ള സത്യപ്രതിജ്ഞയും ഉള്പ്പെടുന്നതാവണമെന്ന യെല്ത്സിന്റെ ആവശ്യം ഗോര്‍ബച്ചേവ് നിരാകരിച്ചു. ചുവന്ന ചതുരത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ യെല്ത്സിന് വൈകിയാണെത്തിയത്. പ്രസംഗിച്ചത് വിലക്ഷണമായും. ഗോര്‍ബച്ചേവും യെല്‍ത്സിനും സ്റ്റേജില്‍ അടുത്തുവന്നപ്പോള്‍ യെല്ത്സിന് ഗോര്‍ബച്ചേവിന് ഹസ്തദാനം നല്‍കാതെ പ്രകടനാത്മകമായി നിന്നു; ഗോര്‍ബച്ചേവ് ആദ്യം കൈതരട്ടെ എന്ന ഉദ്ദേശ്യത്തില്‍. ഇതേക്കുറിച്ച് പിന്നീട് സഹായികളിലൊരാളായ ഷാഖ്നസറോവിനോട് ഗോര്‍ബച്ചേവ് പറഞ്ഞു:
'ഞാന്‍ യെല്‍ത്സിനെ ഒട്ടും വിശ്വസിക്കുന്നില്ല. ആ മനുഷ്യന് ഒരൊറ്റ കാര്യത്തിനുവേണ്ടിയാണ് ജീവിക്കുന്നത്; അധികാരം പിടിച്ചെടുക്കാന്‍. ഈ അധികാരംകൊണ്ട് എന്തുചെയ്യണമെന്ന ഒരറിവും അയാള്‍ക്കില്ലതാനും!'
യൂണിയന്റെ സ്വഭാവം എന്തായിരിക്കണമെന്ന കാര്യത്തില്‍ ഗോര്‍ബച്ചേവും യെല്‍ത്സിനും ഭിന്നാഭിപ്രായമായിരുന്നു. ഗോര്‍ബച്ചേവിന് വേണ്ടിയിരുന്നത് കേന്ദ്രസര്‍ക്കാരില്‍ ഗണ്യമായ അധികാരം നിലനിര്‍ത്തുന്ന, അതേസമയം റിപ്പബ്ലിക്കുകള്‍ക്ക് യോഗ്യമായ അധികാരം വിട്ടുകൊടുക്കുന്ന ഒരു ശക്തമായ ഫെഡറേഷനായിരുന്നു. യെല്ത്സിന് ആഗ്രഹിച്ചത് ദുര്‍ബലമായ ഒരു യൂണിയനും. ജൂലായ് 23-ന് അംഗീകരിച്ച കരട് ഉടമ്പടി ഒരൊത്തുതീര്പ്പായിരുന്നു. അത് ഗോര്‍ബച്ചേവിന്റെ നിലപാടിനോട് കൂടുതല്‍ ചേര്‍ന്നുനിന്നു. റിപ്പബ്ലിക്കുകള്‍ക്ക് ആഭ്യന്തര-വിദേശനയകാര്യങ്ങള് നിര്‍ണയിക്കുന്നതില്‍ പങ്കുണ്ടാകുമെങ്കിലും പുതിയ യൂണിയന് സ്റ്റേറ്റിനായിരിക്കും രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശ അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും വിദേശനയം പ്രയോഗത്തില്‍ വരുത്തുന്നതിനും യൂണിയന് ബജറ്റ് തയ്യാറാക്കുന്നതിനും പുതിയ ഭരണഘടന അംഗീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വം. ഗോര്‍ബച്ചേവ് ഈ പരിണതഫലത്തില്‍ ആഹ്ലാദിച്ചു. ഓഗസ്റ്റ് 20-ന് ഔപചാരികമായ ഒപ്പിടല്‍ ചടങ്ങിന് ഇരിപ്പിട ക്രമീകരണവും ബാനറുകള്വയ്ക്കേണ്ടത് എവിടെയാണെന്നുമൊക്കെ നിശ്ചയിച്ചുകഴിഞ്ഞു എന്ന് ഗോര്‍ബച്ചേവ് പറഞ്ഞു.
ജൂലായ് 30-ന് ഗോര്‍ബച്ചേവ് യെല്ത്സിനെയും കസാഖ്സ്താന് സോവിയറ്റ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് നസര്ബയേവിനെയും നോവോ-ഒഗര്യാവില് അത്താഴത്തിന് ക്ഷണിച്ചു. മദ്യസഹായത്താല് പാനോപചാര പ്രസംഗം ഉച്ചത്തിലായിരുന്നു. അവര്‍ അമിതസന്തോഷത്തിലുമായിരുന്നു. തുറന്നിട്ട ജനലുകളിലൂടെ ശബ്ദം പുറത്തും കേള്‍ക്കാമായിരുന്നു. കെ.ജി.ബി., മുറിയില്‍ മൈക്രോഫോണ്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവാമെന്ന ഭീതി അപ്പോള്‍ മൂവരെയും പ്രത്യേകിച്ച് യെല്‍ത്സിനെ പിടികൂടി. അപകടം മണത്ത യെല്ത്സിന് ഉടമ്പടി ഒപ്പുവെച്ചശേഷം കെ.ജി.ബി. മേധാവി ക്രിച്കോവിനെയും പ്രധാനമന്ത്രി പാവ്ലോവിനെയും സ്ഥാനഭ്രഷ്ടരാക്കണമെന്ന സംസാരം ജാഗരൂകതയോടെയാവണമെന്ന് നിര്‍ദേശിച്ചു. അപ്പോഴേക്കും വളരെ വൈകിയിരുന്നു. ക്രിച്കോവും ബോള്‍ഡിനും സംഘവും യൂണിയന് ഉടമ്പടി യു.എസ്.എസ്.ആറിന് ഗുരുതരമായ ഭീഷണിയാണെന്ന തീര്‍പ്പില്‍ അപ്പോഴേക്കും എത്തിയിരുന്നു. ഇനി അവര്‍ പ്രവര്‍ത്തിക്കും, സോവിയറ്റ് യൂണിയനെ സംരക്ഷിക്കാന്‍ മാത്രമല്ല, തങ്ങളെത്തന്നെ കാക്കാനുമെന്ന് ഗ്രാച്ചേവ്, Gorbachev എന്ന പുസ്തകത്തില്‍ എഴുതുകയും ബോള്‍ഡിന് Ten Years that Shook the World എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.
1991 ജൂണില്‍ത്തന്നെ ഗോര്‍ബച്ചേവിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള അണിയറനീക്കം ആരംഭിച്ചിരുന്നു. ജൂണ്‍ 17-ന് പ്രധാനമന്ത്രി പാവ്ലോവ് തന്റെ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് സുപ്രീം സോവിയറ്റിനോട് ആവശ്യപ്പെട്ടു. ദിവസം 18 മണിക്കൂര്‍ പ്രസിഡന്റ് ജോലി ചെയ്യുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാവുന്നതിലധികം കര്‍ത്തവ്യങ്ങള്‍ ഗോര്ബച്ചേവിനുണ്ടെന്നുമായിരുന്നു പാവ്ലോവിന്റെ ന്യായീകരണം. പാവ്ലോവിന്റെ വെല്ലുവിളി ഞെട്ടിക്കുന്നതായിരുന്നു. അതിനെക്കാള്‍ ഗോര്‍ബച്ചേവിനെയും പരിഷ്കരണവാദികളെയും സ്തബ്ധമാക്കിയ പോര്‍വിളി തുടര്‍ന്നുനടന്ന പാര്‍ലമെന്റിന്റെ അടച്ചിട്ട സമ്മേളനത്തില്‍ നടന്നു. ഗോര്‍ബച്ചേവ് കഴിഞ്ഞാല്‍ ഏറ്റവുമധികം അധികാരം കൈയാളിയിരുന്ന 'സിലോവികി മിനിസ്തര്'മാര്‍ (കരുത്തരായ മന്ത്രിമാര്‍) - ദിമിത്രി യാസോവ് (പ്രതിരോധമന്ത്രി), ക്രിച്ച്കോവ് (കെ.ജി.ബി. മേധാവി), ബോറിസ് പുഗോ (ആഭ്യന്തരമന്ത്രി) എന്നിവര്‍ രാജ്യം നേരിടുന്ന അന്ധകാരനിബിഡമായ പ്രതിസന്ധിയെക്കുറിച്ച് ഉഗ്രമായ താക്കീത് നല്കി. ക്രിച്കോവ്, മുന്‍ കെ.ജി.ബി മേധാവിയും പിന്നീട് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റുമായ ആന്ദ്രപ്പോവ് 1977-ല്‍ പോളിറ്റ്ബ്യൂറോവിന് നല്കിയ മുന്നറിയിപ്പ് എടുത്തുപറഞ്ഞു.
സി.ഐ.എ., സോവിയറ്റ് പൗരന്മാരെ റിക്രൂട്ട് ചെയ്യുകയും അവര്‍ക്ക് അമേരിക്കയില്‍വെച്ച് വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അമേരിക്കയുടെ ഇച്ഛകള്‍ നടപ്പാക്കാന്‍ സോവിയറ്റ് ഭരണനേതൃത്വത്തിന്റെ ഉയര്‍ന്ന പദവികളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പദ്ധതിയെപ്പറ്റിയാണ് ആന്ദ്രോപ്പോവിനെ ഉദ്ധരിച്ച് ക്രിച്കോവ് സംസാരിച്ചത്. തത്ഫലമായി ഇപ്പോഴത്തെ പരിഷ്കാരങ്ങളെല്ലാം സമുദ്രത്തിന്റെ മറുവശത്തുനിന്ന് ആസൂത്രണം ചെയ്തവയാണെന്നും ക്രിച്കോവ് പറഞ്ഞു. ക്രിച്കോവ്, 'ഗ്ലാസ്നോസ്തിന്റെയും പെരിസ്ത്രോയിക്കയുടെയും ഗോഡ്ഫാദര്' എന്നറിയപ്പെട്ടിരുന്ന, ഈ പരിഷ്കാരങ്ങളുടെ ബൗദ്ധിക പ്രേരകശക്തിയായിരുന്ന അലക്സാണ്ടര്‍ യാകൊവ്ലേവിന്റെ പേര് എടുത്തു പറഞ്ഞില്ല എന്നേയുള്ളൂ. 1958-ല്‍ ഒരു എക്സ്ചേഞ്ച് സ്റ്റുഡന്റ് ആയി കൊളംബിയ സര്‍വകലാശാലയില്‍ പോയ യാകൊവ്ലേവ് പിന്നീട് പത്തുവര്‍ഷം കാനഡയില്‍ സോവിയറ്റ് അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു. അന്നേ അദ്ദേഹം ഒരു സി.ഐ.എ. ഏജന്റാണെന്ന് മുറുമുറുപ്പുണ്ടായിരുന്നു. ക്രിച്കോവ് യാകൊവ്ലേവിന്റെ പേര് പറഞ്ഞില്ലെങ്കിലും സോവിയറ്റ് രാഷ്ട്രീയക്കാര്‍ വരികള്‍ക്കിടയില്‍ വായിക്കുന്നതില്‍ പണ്ടേ അതികുശലരായിരുന്നു.
ഇതെല്ലാം കേട്ട ഗോര്‍ബച്ചേവ് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അടച്ചിട്ട സഭായോഗത്തില്‍ നടന്ന സംഗതികള്‍ക്ക് മറ്റ് വിവക്ഷിതാര്ഥങ്ങളില്ലെന്ന് ഡെപ്യൂട്ടിമാരെ അറിയിക്കണമെന്ന് ഗോര്‍ബച്ചേവ് വൈസ് പ്രസിഡന്റ് ഗെന്നഡി യാനയേവിനോട് പറഞ്ഞു. എന്നാല്‍, സ്വകാര്യമായി തനിക്കെതിരേ പ്രത്യക്ഷാക്രമണമാണ് നടന്നതെന്ന് അദ്ദേഹം അംഗീകരിച്ചിരുന്നു. അങ്ങേയറ്റം രോഷാകുലനുമായിരുന്നു. ജൂണ്‍ 21-ന് തന്റെ മന്ത്രിമാരെ സുപ്രീം സോവിയറ്റില്‍ ഗോര്‍ബച്ചേവ് ശാസിക്കുകയും തുടര്‍ന്നുനടന്ന വോട്ടെടുപ്പില്‍ പാവ്ലോവിന്റെ അധികാര ആവശ്യം 264-24 വോട്ടിന് പരാജയപ്പെടുത്തുകയും ചെയ്തു. റിപ്പോര്‍ട്ടര്‍മാരോട് വിലക്ഷണച്ചിരിയോടെ ഗോര്‍ബച്ചേവ് പറഞ്ഞു: ''അട്ടിമറി അവസാനിച്ചിരിക്കുന്നു.''
എന്തുകൊണ്ട് ഗോര്‍ബച്ചേവ് പാവ്ലോവിനെയും ശക്തരായ മന്ത്രിമാരെയും അപ്പോള്‍ പുറത്താക്കിയില്ല? ചെര്നിയേവ് പിന്നീട് ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടതുപോലെ, രാജ്യത്ത് നിലനില്‍ക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ തന്റെ മന്ത്രിസഭ പ്രതിഫലിപ്പിക്കണമെന്ന ഗോര്‍ബച്ചേവിന്റെ തീരുമാനം കൊണ്ടായിരിക്കുമോ? അവരെ നിയമിച്ചതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കാനുള്ള വിമുഖതകൊണ്ടാകുമോ? അതോ, ഗോര്‍ബച്ചേവിന്റെ 'സഹജമായ ദയാലുത്വം' കൊണ്ടാകുമോ? വില്യം ടോബ്മാന് തന്റെ ഗ്രന്ഥത്തില്‍ അന്തംവിട്ട് ചോദിക്കുന്നു (Gorbachev, His Life and Times, p.585).
ഗോര്‍ബച്ചേവിന്റെ സഹായിയായ ഷാഖ്നസറോവ് പ്രസിഡന്റിന്റെ ശപ്തമായ ആത്മവിശ്വാസത്തെയാണ് പഴിച്ചത്. 'പാവ്ലോവും ക്രിച്കോവും ബോള്ഡിനുമൊക്കെ തന്നെക്കൂടാതെ കാര്യങ്ങള്‍ നടത്താന്‍ കഴിവില്ലാത്തവരാണെന്നും അവര്‍ ചതിക്കില്ലെന്നുമാണ്' ഗോര്‍ബച്ചേവ് വിചാരിച്ചതെന്ന് ഷാഖ്നസറോവ് വില്യം ടോബ്മാനോട് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മോസ്കോവിലെ അമേരിക്കന്‍ അംബാസഡര്‍ മറ്റ്ലോക്കും ഗോര്‍ബച്ചേവിന്റെ നിഷ്ക്രിയത്വത്തെ വിശദീകരിക്കാനൊക്കാത്തതായി വിലയിരുത്തി.
മറ്റ്ലോക്ക് ജൂണ്‍ 20-ന് ഉദാരമനസ്കനായ മോസ്കോ മേയര്‍ ഗവ്റില് പോപ്പോവിനെയും മറ്റ് ചില പരിഷ്കരണവാദികളെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. പോപ്പോവിനോട് ഒറ്റയ്ക്ക് നേരത്തെയെത്തണമെന്നും പറഞ്ഞു. ഇരുവരും സംസാരിക്കുന്നതിനിടെ പോപ്പോവ് ഒരു കടലാസില്‍ കുറിപ്പെഴുതി മറ്റ്ലോക്കിന് കൈമാറി.
'ഒരു അട്ടിമറി സംഘടിപ്പിക്കാനുള്ള പരിപാടി നടക്കുന്നുണ്ട്. നമ്മള് ഇക്കാര്യം ബോറിസ് നിക്കോളയേവിച്ചിനെ (യെല്ത്സിന്) അറിയിച്ചേ തീരൂ' എന്നായിരുന്നു കുറിപ്പില്‍. മറ്റ്ലോക്ക് അത് വായിച്ചയുടനെ പോപ്പോവ് ആ കടലാസെടുത്ത് ചെറുകഷ്ണങ്ങളായി കീറി കീശയിലിട്ടു. ''ആരൊക്കെയാണ് ഇതിനുപിന്നില്‍?'', മറ്റ്ലോക്ക് ചോദിച്ചു. ''പാവ്ലോവ്, ക്രിച്കോവ്, യാസോവ്, ലുക്യാനോവ് (യു.എസ്.എസ്.ആര്. സുപ്രീം സോവിയറ്റിന്റെ അധ്യക്ഷന്‍)'', പോപ്പോവ് പ്രതിവചിച്ചു. മറ്റ്ലോക്ക് ഇക്കാര്യം തിടുക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിനെയും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ബ്രെന്റ് സ്കോക്രോഫ്റ്റിനെയും അറിയിച്ചു. മറ്റ്ലോക്ക് ഉടനെ ക്രെംലിന് ഓഫീസില്‍ ഗോര്‍ബച്ചേവിനെ കാണണമെന്ന് അഭ്യര്‍ഥിച്ച് സന്ദേശമയച്ചു. ഓഫീസിലെത്തിയപ്പോള്‍ സ്കോക്രോഫ്റ്റിന്റെ മുഖം രക്തപ്രസാദമില്ലാതെ വിളറിയിരുന്നുവെന്ന് ചെര്നിയേവ് ഓര്‍മിക്കുന്നു. മറ്റ്ലോക്കിന്റെ സന്ദേശം കേള്‍ക്കാന്‍ ഒട്ടും വ്യഗ്രതയില്ലാതെ വിനോദപ്രിയമട്ടിലായിരുന്നു ഗോര്‍ബച്ചേവ് 'കോംമ്രേഡ് അംബാസഡര്‍' എന്ന് അഭിവാദനം ചെയ്തത്. മറ്റ്ലോക്ക് പറയുന്നത് ഗോര്‍ബച്ചേവ് കേട്ടു. ''മിസ്റ്റര്‍ പ്രസിഡന്റ്, താങ്കളെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ടെന്ന് സത്വരം അറിയിക്കാന്‍ ബുഷ് പറഞ്ഞു. ഞങ്ങള്‍ക്ക് അത് സ്ഥിരീകരിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍, വെറും കിംവദന്തിയല്ല താനും. ഏത് സമയവും അത് സംഭവിക്കാം; ഈ ആഴ്ച പോലും!'' ഗോര്‍ബച്ചേവ് അപ്പോള്‍ ചിരിക്കാന്‍ തുടങ്ങി, പിന്നെ പറഞ്ഞു. ''പ്രസിഡന്റ് ബുഷിനോട് പറയൂ, എല്ലാം എന്റെ കൈയില്‍ ഭദ്രമാണെന്ന്. നിങ്ങള്‍ക്ക് നാളെ കാണാം. എന്നെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠയ്ക്ക് നന്ദി അറിയിക്കൂ. ഞങ്ങള്‍ കൂട്ടാളികളാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചുകാലമായി.'' പിന്നെ ഗോര്‍ബച്ചേവ് തനിക്ക് പ്രിയമുള്ള ആത്മഭാഷണത്തിലേക്ക് കടന്നു. പിറ്റേന്ന് സുപ്രീം സോവിയറ്റ് അധികാരത്തിനായുള്ള പാവ്ലോവിന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞു. അതറിഞ്ഞപ്പോള്‍ മറ്റ്ലോക്ക് 'അട്ടിമറി നൂറ് ശതമാനം അസംഭവ്യ'മാണെന്ന് ഉറപ്പിച്ചു.
1991 ജൂലായ് 23-ന് തീവ്രസമീപനമുള്ള സോവ്യത്സ്കയ റസ്സിയ എന്ന പത്രത്തില്‍ 'ജനങ്ങള്‍ക്ക് ഒരു സന്ദേശം' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് വന്നു. അതില്‍ ഒപ്പുവെച്ചിരുന്നത് ജനറല്‍ വറേനിക്കോവ്, ജനറല്‍ ബോറിസ് ഗ്രോമോവ് വാസിലി സ്റ്ററോദുബ്സേവ്, അലക്സാണ്ടര്‍ തിസ്യക്കോവ് തുടങ്ങിയ പ്രമുഖരും റഷ്യന്‍ ദേശീയവാദികളായ രാഷ്ട്രീയക്കാരും എഴുത്തുകാരുമായിരുന്നു. ആ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു: ''നമ്മുടെ മാതൃരാജ്യം മരിക്കുകയാണ്. പിളര്‍ന്ന് പിരിഞ്ഞ് അന്ധകാരത്തിലേക്കും ശൂന്യതയിലേക്കും മുങ്ങുകയാണ്. റഷ്യയുടെ നട്ടെല്ല് രണ്ടായി പൊട്ടിച്ചിരിക്കുന്നു. എങ്ങനെയാണ് നമ്മള് രാജ്യത്തോട് സ്നേഹമില്ലാത്തവരെയും വിദേശ രക്ഷാധികാരികളെ താണുവണങ്ങുന്നവരെയും കടലിനപ്പുറത്തുനിന്ന് ആശീര്‍വാദം തേടുന്നവരെയും അധികാരത്തിലെത്താന്‍ അനുവദിച്ചത്? ഇതറിഞ്ഞ ഗോര്‍ബച്ചേവ് ക്രുദ്ധനായി. കുറിപ്പില്‍ ഒപ്പിട്ടവരുടെ പേരുകള്‍ ഗ്രാച്ചേവ് പറഞ്ഞപ്പോള്‍ ''ഹ ഹ, അവര്‍ ജനങ്ങളുടെ ഡെപ്യൂട്ടിമാരല്ലേ, പാര്‍ലമെന്റ് അംഗങ്ങളല്ലേ'' എന്നായിരുന്നു ഗോര്‍ബച്ചേവിന്റെ മറുപടി.
രണ്ടാമത്തെ അപായസൂചന വന്നത് ജൂലായ് 26-ന് നടന്ന കേന്ദ്രകമ്മിറ്റി പ്ലീനത്തിലാണ്. പ്ലീനത്തിന്റെ മുഖ്യവിഷയം ഗോര്‍ബച്ചേവിന്റെ പുതിയ പാര്‍ട്ടി പരിപാടിയുടെ രൂപരേഖയായിരുന്നു. അത് സാമൂഹിക ജനാധിപത്യവും വിപണി സമ്പദ്വ്യവസ്ഥയും ജനാധിപത്യ ഭരണസംവിധാനവും അംഗീകരിക്കുന്നതായിരുന്നു. ഗോര്‍ബച്ചേവ് പറഞ്ഞത്, ''ഇത് ഭൂതകാലത്തില്‍നിന്നുള്ള അന്തിമമായ വിച്ഛേദ''മാണെന്നാണ്. പാര്‍ട്ടി പ്രതിനിധികള്‍ നിരന്തരം ഗോര്‍ബച്ചേവിന്റെ അവതരണത്തെ എതിര്‍പ്പുമായി തടസ്സപ്പെടുത്തിയെങ്കിലും പ്ലീനം പക്ഷേ, ആ കരടുരേഖയ്ക്ക് ഒടുവില്‍ അംഗീകാരം നല്കി. 'അന്തിമയുദ്ധം' ജയിച്ചിരിക്കുന്നു എന്ന് അപ്പോള്‍ ഗോര്‍ബച്ചേവിന് തോന്നി. 20 വര്‍ഷത്തിനുശേഷം ഗോര്‍ബച്ചേവ് അനുസ്മരിച്ചു: ''ഞാന്‍ വിചാരിച്ചത് പ്രതിപക്ഷത്തിനെതിരേ എന്റെ നില ശക്തിപ്പെടുത്തി എന്നാണ്. സമൂഹം എന്റെ കൂടെയാണെന്ന് വിചാരിച്ചു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, എന്റെ ഔദ്ധത്യമായിരുന്നു ആ വിചാരമെന്ന്.'' പിന്നീടാണ് തന്നെ വോട്ടെടുപ്പിലൂടെ പുറത്താക്കാനുള്ള ശ്രമം തീവ്രമനസ്കര് ഉപേക്ഷിച്ചുവെന്നും ബലപ്രയോഗത്തിലൂടെ നീക്കാനാണ് അവര്‍ തയ്യാറെടുക്കുന്നതെന്നും തിരിച്ചറിയുന്നതെന്ന് ഗോര്‍ബച്ചേവ് ജീവിതവും പരിഷ്കരണങ്ങളും എന്ന ഓര്മക്കുറിപ്പില് എഴുതുന്നു.
ഇതിനെല്ലാം മൂന്നുമാസം മുന്‍പ്, 1991 ഏപ്രിലില്‍ 'ഗോര്‍ബച്ചേവ് യുഗം ഫലപ്രദമായി അവസാനിച്ചിരിക്കുന്നു' എന്ന സി.ഐ.എ. വിലയിരുത്തല്‍ വന്നിരുന്നു. യു.എസിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഗേറ്റ്സും പ്രതിരോധ സെക്രട്ടറിയായ ഡിക്ചെനിയും സോവിയറ്റ് യൂണിയന്റെ ആസന്നത്തകര്ച്ചയെക്കുറിച്ച് ആലോചിച്ച് ഉമിനീരൊഴുക്കാന് തുടങ്ങി എന്ന് മൈക്കല്‍ ബെഷ്ലസും (Michael Beschloss) സ്ട്രോബ് താല്‍ബോട്ടും ചേര്‍ന്നെഴുതിയ അറ്റ് ദ ഹൈയസ്റ്റ് ലെവല്‍സ് (1993) എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു. അതേ ഗ്രന്ഥത്തില്‍ പക്ഷേ, പ്രസിഡന്റ് ബുഷ് ഇതേക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തി എന്നവര്‍ എഴുതുന്നു. ബുഷ് പറഞ്ഞു: ''നമുക്ക് ഇപ്പോഴും ഉള്ളത് ഗോര്‍ബച്ചേവ് മാത്രമാണ്; അവര്‍ക്കും അദ്ദേഹമേ ഉള്ളൂ. അതുകൊണ്ട് ഗോര്‍ബച്ചേവ് അനുവദിച്ചുതന്ന നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, അല്ലാതെ ഗോര്ബച്ചേവാനന്തരകാലത്തെ പ്രതീക്ഷിച്ചിരിക്കുകയല്ല വേണ്ടത്.'' ബുഷിന് യെല്ത്സിനെപ്പറ്റിയുള്ള മോശം അഭിപ്രായം ഗോര്ബച്ചേവിനോടുള്ള നല്ല മനോഭാവത്തെ ദൃഢീകരിക്കുകയും ചെയ്തു. അതേസമയം, അമേരിക്കന്‍ ധാന്യം വാങ്ങാന്‍ 150 കോടി ഡോളര്‍ വായ്പ തരണമെന്ന് മാര്‍ച്ചില്‍ ഗോര്‍ബച്ചേവ് ബുഷിന് എഴുതിയപ്പോള്‍ ബുഷ് അത് തടഞ്ഞിരുന്നു. അപ്പോള്‍ ഒന്നാം ഗള്‍ഫ് യുദ്ധം നടക്കുകയാണ്. ഗോര്‍ബച്ചേവ് തന്റെ സഹായികളോടും പിന്നീട് മോസ്കോയില്‍ വന്ന വിദേശസന്ദര്ശകരോടും നീരസത്തോടെ പറഞ്ഞു: ''അവര്‍ ഗള്‍ഫില്‍ യുദ്ധം തുടങ്ങിയപ്പോള്‍ നൂറ് ബില്യന്‍ ഡോളര്‍ കണ്ടെത്താന്‍ ഒരു പ്രയാസവുമുണ്ടായില്ല. പുതിയ തന്ത്രപ്രധാന പങ്കാളിയെ സഹായിക്കുന്ന കാര്യം വരുമ്പോള്‍ അവര്‍ക്ക് വായ്പ തര്‍ക്കവിഷയമാകുന്നു.
പെരിസ്ത്രോയിക്കയെ സഹായിക്കാന്‍ 70-100 ബില്യന്‍ ഡോളര്‍ അവര്‍ക്ക് എന്തുകൊണ്ട് സഹായമായി തന്നുകൂടാ? ലോകത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് യുദ്ധത്തേക്കാള്‍
പത്തുമടങ്ങല്ല നൂറ്മടങ്ങ് പ്രധാനമല്ലേ പെരിസ്ത്രോയിക്ക?'' ആ വര്‍ഷം ജൂലായില്‍ ലണ്ടനില്‍ നടന്ന ജി-7 യോഗത്തില്‍ ഗോര്‍ബച്ചേവ് പ്രത്യേക ക്ഷണിതാവായിരുന്നു. അതില്‍ പങ്കെടുക്കാനുള്ള ക്ഷണം ഗോര്‍ബച്ചേവിന് കിട്ടിയത് ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ്ങിനെയും ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിനെയും തീക്ഷ്ണമായി സ്വാധീനിച്ചാണ്. വലിയ തോതിലുള്ള സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചുപോയ ഗോര്‍ബച്ചേവ് വെറുംകൈയോടെയാണ് മടങ്ങിയത്. ജി-7 യോഗത്തില്‍ മോഹഭംഗത്തോടെ ഗോര്‍ബച്ചേവ് ബുഷിനോട് പറഞ്ഞു: ''ഞാനൊരു താണ ചില്ലറ വില്പനക്കാരനല്ല. ഫലത്തില്‍ നിങ്ങളെല്ലാവരും പറയുന്നത്, മുന്നോട്ടുപോകൂ ഗോര്‍ബച്ചേവ്. ഗോര്‍ബച്ചേവിന് എല്ലാ വിജയാശംസകളും നേരുന്നു. ഒടുവില്‍ ഗോര്‍ബച്ചേവ് തന്റെ ചട്ടിയിലെ തിളച്ച വെള്ളത്തില്‍ കിടന്ന് വേവുകയാണെങ്കിലും തങ്ങള്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല എന്നാണ്. വളരെ അസാധാരണമാണിത്. 100 ബില്യന്‍ ഡോളര്‍ ഒരു മേഖലാ സംഘര്‍ഷത്തിലേക്ക് (ഗള്‍ഫ് യുദ്ധം) നിങ്ങള്‍ എറിഞ്ഞിരിക്കുന്നു.
എന്നാല്‍ സോവിയറ്റ് യൂണിയനെ പ്രതിയോഗിയും ഭീഷണിയും എന്ന നിലയില്‍നിന്ന് ലോകരാഷ്ട്രങ്ങളിലെയും അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയിലെയും ഒരംഗമായി പരിവര്‍ത്തിപ്പിക്കാന്‍ നിങ്ങളുടെ കൈയില്‍ കാശില്ല.'' ബുഷിന്റെ മുഖം ചുവന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം മാര്‍ഗരറ്റ് താച്ചര്‍ മോസ്കോയില്‍ ഗോര്‍ബച്ചേവിന്റെ വിശിഷ്ടാതിഥിയായി വന്നിരുന്നു. മറ്റ്ലോക്കിനെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ''പാശ്ചാത്യലോകം ഗോര്‍ബച്ചേവിനെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല. അമേരിക്ക ഒറ്റയ്ക്ക് ചെയ്യണമെന്നല്ല പറയുന്നത്. ജോര്‍ജ് (ബുഷ്) ഈ പരിശ്രമത്തിന് നേതൃത്വം നല്‍കണം. കുവൈത്തിന്റെ കാര്യത്തില്‍ ചെയ്തതുപോലെ. നാസിസത്തിന്റെ നശീകരണത്തിന് ദശലക്ഷക്കണക്കിന് മനുഷ്യജീവന് വിലയായി നല്‍കേണ്ടിവന്നു. കമ്യൂണിസത്തിന്റെ പതനം സോവിയറ്റ് ജനത ഏറക്കുറെ രക്തച്ചൊരിച്ചിലില്ലാതെയാണ് സഫലമാക്കിയത്. അവരെ സഹായിച്ചില്ലെങ്കില്‍ അതൊരു അതിദാരുണമായ അബദ്ധമായിരിക്കും!''
ജൂലായ് 30-ഓഗസ്റ്റ് 1 തീയതികളില്‍ മോസ്കോയില്വെച്ച് ഗോര്‍ബച്ചേവ്-ബുഷ് ഉച്ചകോടി നടന്നു. വൈസ് പ്രസിഡണ്ട് ഗെന്നഡി യാനയേവാണ് വിമാനത്താവളത്തില്‍ ബുഷിനെ സ്വീകരിച്ചത്. ക്രെംലിനിലെ സെന്റ് ജോര്‍ജ് ഹാളില്‍ ഉജ്ജ്വലമായ വരവേല്‍പ്പ് ചടങ്ങ് നടന്നു. അവിടെ രണ്ടുമണിക്കൂര്‍ ഗോര്‍ബച്ചേവും ബുഷും അടച്ചിട്ട മുറിയില്‍ സംസാരിച്ചു. വിദേശ സാമ്പത്തിക സഹായം തന്നെയായിരുന്നു വിഷയം. വിജയത്തിലേക്കുള്ള വഴികള്‍ ബുഷ് നിര്‍ദേശിച്ചതല്ലാതെ സാമ്പത്തിക സഹായത്തെപ്പറ്റി ഒരുറപ്പും കൊടുത്തില്ല. ഫണ്ട് കിട്ടില്ലെന്ന് ഗോര്‍ബച്ചേവിന് തീര്‍ച്ചയായി. പിന്നെ ബുഷ് യുക്രൈന് തലസ്ഥാനമായ കീവിലേക്ക് പോയി. ബാള്‍ട്ടിക് റിപ്പബ്ലിക്കുകളില്‍നിന്ന് സ്വാതന്ത്ര്യത്വര യുക്രൈനിലേക്കും തീക്ഷ്ണമായി പടര്‍ന്നിരുന്നു. കീവില്‍ ബുഷ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍, ജനസഞ്ചയം തെരുവോരങ്ങളില്‍ 'മോസ്കോയ്ക്ക് 15 കോളനികളുണ്ട്', 'ദുഷ്ടസാമ്രാജ്യം ഇപ്പോഴും ജീവനോടെയുണ്ട്' എന്നൊക്കെ എഴുതിയ ബാനറുകളുമായാണ് എതിരേറ്റത്.
അതേസമയം കെ.ജി.ബി. മോസ്കോയില്‍ ഗോര്‍ബച്ചേവിനെ പുറത്താക്കാനുള്ള ഗൂഢനീക്കം ആരംഭിച്ചിരുന്നു. കെ.ജി.ബി. തലവന്‍ ക്രിച്കോവ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അടിയന്തരാവസ്ഥാഭരണം ഒരു കമ്മിറ്റിയെ ഏല്‍പ്പിക്കാനും പദ്ധതിയിട്ടിരുന്നു.
ഓഗസ്റ്റ് 4-ന് ഗോര്‍ബച്ചേവ് കരിങ്കടല്‍ തീരത്തുള്ള ഫൊറോസിലെ തന്റെ കൊട്ടാരസമാനമായ ദാച്ചയിലേക്ക് വിശ്രമത്തിനായി പോയി. പിറ്റേദിവസം മോസ്കോയുടെ പ്രാന്തത്തിലുള്ള കെ.ജി.ബി.യുടെ അതീവസുരക്ഷയുള്ള കെട്ടിടത്തില്‍ (ആര്‍ക്കൈവല്‍-ബിബ്ലിയോഗ്രാഫിക്കല് സെന്റര്‍ എന്നാണ് ഔദ്യോഗികമായി ഈ കോട്ടകൊത്തളം അറിയപ്പെട്ടിരുന്നത്) ഓഗസ്റ്റ് അട്ടിമറിക്ക് ചുക്കാന്‍ പിടിച്ച ക്രിച്ച്കോവ് ഉള്‍പ്പെടെയുള്ള എട്ടംഗസംഘവും മറ്റുചില പ്രധാനികളും ഒത്തുചേര്‍ന്നു.
ഗെന്നഡി യാനയേവും പ്രതിരോധമന്ത്രി ദിമിത്രി യാസോവും ആഭ്യന്തരമന്ത്രി ബോറിസ് പുഗോയും ഗോര്‍ബച്ചേവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ബോള്‍ഡിനും ജനറല്‍ വാലന്റൈന്‍ വറേനിക്കോവും ഉപപ്രതിരോധമന്ത്രി വ്ളാദിമിര്‍ അചലോവും കേന്ദ്രകമ്മിറ്റി സെക്രട്ടറിമാരായ ഷെനിനും ബക്ലനോവും പ്രധാനമന്ത്രി പാവ്ലോവും രഹസ്യമായി സര്‍ക്കാര്‍ മുദ്രകളില്ലാത്ത കാറുകളിലാണ് എത്തിയത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights:a m shinas writes - Last months of soviet union
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..