അമ്പത് കൊല്ലമായി കേരളം ചോദിച്ചുകൊണ്ടേയിരിക്കുന്നു... ആ രാത്രി അഴീക്കോടനെ കുത്തിവീഴ്ത്തിയത് ആര്?


സ്വന്തം ലേഖകന്‍

In Depth

Azhikodan Raghavan

ര്‍ഷം 1972. കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ് നേതാവും അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രിയുമായ കെ. കരുണാകരന്റെ പേരില്‍ ഗുരുതരമായ ഒരു അഴിമതി ആരോപണം പൊട്ടിപ്പുറപ്പെടുന്നു. തൃശൂരിലെ വെള്ളായണിക്കരയില്‍ ഒരു കാര്‍ഷിക സര്‍വകലാശാല സ്ഥാപിക്കുന്നതിനായി അവിടെയുണ്ടായിരുന്ന തട്ടില്‍ എന്ന റബ്ബര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ രണ്ട് ലക്ഷം രൂപയുടെ കൈക്കൂലി കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ഈ ആരോപണത്തിന്റെ സുപ്രധാന തെളിവായി അന്നത്തെ ആഭ്യന്തരമന്ത്രിയുടെ പി.എ ആയിരുന്ന സി.കെ ഗോവിന്ദന്‍ നായർ എഴുതിയ ഒരു കത്ത് 1972 ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ നവാബ് മാസികയില്‍ പ്രസിദ്ധീകരിക്കുന്നു. ഈ കത്തിന്റെ ഒറിജിനല്‍ വീണ്ടെടുക്കാന്‍ വേണ്ടി 1972 മെയ് എട്ടിന് പോലീസ് മാസികയുടെ പത്രാധിപര്‍ നവാബ് രാജേന്ദ്രനെ പിടികൂടുന്നു. കരുണാകരന്റെ വിശ്വസ്തനായിരുന്ന കുപ്രസിദ്ധ പോലീസ് ഉദ്യോഗസ്ഥന്‍ ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള ക്രൂരമര്‍ദനത്തിനൊടുവില്‍ നവാബ് അന്നത്തെ മുതിര്‍ന്ന സി.പി.എം നേതാവായ അഴീക്കോടന്‍ രാഘവന്റെ പക്കലാണ് കത്തുള്ളതെന്ന് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് നവാബുമായി അഴീക്കോടന്റെ കണ്ണൂരിലെ വീട്ടിലെത്തിയ പോലീസിനോട് കത്ത് ഇ.എം.എസിന്റെ കയ്യിലാണെന്നും വേണമെങ്കില്‍ തന്നെയും ഇ.എം.എസിനേയും കൂടെ അറസ്റ്റ് ചെയ്യു എന്നും അഴീക്കോടന്റെ വെല്ലുവിളി. കത്ത് കയ്യില്‍ കിട്ടാത്ത ദേഷ്യത്തിന് നവാബിന് നേരെ വീണ്ടും ജയറാം പടിക്കലിന്റെ മര്‍ദനം. തുടര്‍ന്ന് പത്ത് ദിവസത്തിനുള്ളില്‍ താന്‍ കത്ത് ഹാജരാക്കുമെന്ന് അഴീക്കോടന്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ കത്ത് ഹാജരാക്കുന്ന ദിവസംവരെ ജീവിച്ചിരിക്കാനുള്ള ആയുസ്സ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. കത്ത് ഹാജരാക്കുമെന്ന് പ്രഖ്യാപിച്ച ദിവസത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ തൃശൂര്‍ ചെട്ടിയങ്ങാടിയിലെ ഓവുചാലിനരികെ വെച്ച് അഴീക്കോടന്‍ രാഘവന്‍ കുത്തേറ്റ് മരിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹവും നിര്‍ണായകവുമായ ആ രാഷ്ട്രീയ കൊലപാതകത്തിന് ഈ സെപ്തംബർ 23ന് അമ്പത് വയസ്സ് പിന്നിടുകയാണ്.

അഴീക്കോടന്‍ രാഘവന്‍
സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്ന അഴീക്കോടന്‍ രാഘവന്‍ ജനിച്ചത് ഒരു സാധാരണ കുടുംബത്തിലാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ബീഡിതെറുപ്പ് പരിശീലിച്ചു. പിന്നീട് ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളിസംഘടനാ പ്രവര്‍ത്തകനായി. ആദ്യകാലത്തെ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളെയും പോലെ അഴീക്കോടനും കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തകനായത്. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും അതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കുമെത്തി. പി. കൃഷ്ണപിള്ളയായിരുന്നു അഴീക്കോടന്റെ രാഷ്ട്രീയ ഗുരു. പ്രവര്‍ത്തനരീതികളും കൃഷ്ണപിള്ളയുടേതിന് സമാനമായിരുന്നു. കണ്ണൂരില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മികച്ച സംഘാടകനും ജനകീയനായ നേതാവും പ്രാസംഗികനുമായിരുന്നു അദ്ദേഹം. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് നാട്ടില്‍ കോളറ പടര്‍ന്ന് പിടിച്ചപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരോടൊപ്പം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അഴീക്കോടനെ കൂടുതല്‍ ജനകീയനാക്കി. 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ അദ്ദേഹം രോഗബാധിതനായി കിടപ്പിലായിരുന്നു. 1950 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1951 ല്‍ മോചിതനായ ശേഷം പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായി. 1956 ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. 1957 ല്‍ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറി. രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും അഴീക്കോടനോട് പ്രവര്‍ത്തനം സംസ്ഥാന സെന്ററിലേക്ക് കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. 1967 ല്‍ അന്നത്തെ ഐക്യമുന്നണിയുടെ സംസ്ഥാന കണ്‍വീനറായി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി തവണ ജയില്‍വാസം വരിക്കുകയും മര്‍ദനത്തിനിരയാവുകയും ചെയ്തു. 1970കള്‍ ആവുമ്പോഴേക്കും കേരളത്തിലെ സി.പി.എമ്മിന്റെ പ്രധാപ്പെട്ട നേതാക്കളിലൊരാളായി അഴീക്കോടന്‍ രാഘവന്‍ മാറിയിരുന്നു.

തട്ടില്‍ റബ്ബര്‍ എസ്‌റ്റേറ്റ് കേസ്

സി.പി.ഐയുടെ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും ഇന്ദിര കോണ്‍ഗ്രസിന്റെ കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന മന്ത്രിസഭ സംസ്ഥാനം ഭരിക്കുന്ന കാലം. കരുണാകരന്റെ സ്വന്തം നാടായ തൃശൂരില്‍ കാര്‍ഷിക സര്‍വകലാശാല സ്ഥാപിക്കാന്‍ മണ്ണൂത്തിയിലുള്ള തട്ടില്‍ എസ്റ്റേറ്റിന്റെ 936 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കല്‍. ഇതില്‍ അഴിമതിയുണ്ടെന്നും അച്യുതമേനോനും കരുണാകരനും കൈക്കൂലി വാങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചു. രാഷ്ട്രീയ സമ്മര്‍ദമേറിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് കരുണാകരനെതിരായിരുന്നു. വെള്ളം പോലും ലഭ്യമല്ലാത്ത ഈ ഭൂമിക്ക് കേവലം 35 ലക്ഷം രൂപപോലും മൂല്യമില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. 1972 ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ നവാബ് വാരികയില്‍ ഈ ഇടപാടില്‍ കരുണാകരന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വാര്‍ത്ത വന്നു. എസ്റ്റേറ്റ് ഉടസ്ഥനോട് 10000 രൂപ തൃശൂരിലെ കോണ്‍ഗ്രസ് നേതാവിന് കൈമാറാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്ന പി.എയുടെ കത്തിന്റെ പകര്‍പ്പും മാസിക പുറത്തുവിട്ടു. ഇതോടെ വിവാദം പുതിയ തലത്തിലേക്ക് മാറി. ഇതോടെ ഏത് വിധേനെയും കത്തിന്റെ ഒറിജിനല്‍ കണ്ടെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജയറാം പടിക്കലിന് നിര്‍ദേശം ലഭിച്ചു.

കരുണാകരനും ജയറാം പടിക്കലും

നവാബിനെ പൊക്കി ഓഫീസും വീടും അരിച്ചുപെറുക്കിയിട്ടും പോലീസിന് കത്ത് കിട്ടിയില്ല. പോലീസ് സ്‌റ്റേഷനിലെത്തിച്ച് ക്രൂരമര്‍ദനം ആരംഭിച്ചു. കത്ത് അഴീക്കോടന്റെ പക്കലാണെന്ന് നവാബ് ജയറാം പടിക്കലിനോട് പറഞ്ഞു. നവാബുമായി പോലീസ് സംഘം കണ്ണൂരിലേക്ക്. എന്നാല്‍ കത്ത് അഴീക്കോടന്റെ പക്കലില്ലായിരുന്നെന്നും താന്‍ പോലീസ് കസ്റ്റഡിയിലാണെന്ന വിവരം പാര്‍ട്ടിയെയും അത് വഴി പുറംലോകത്തെയും അറിയിക്കാനാണ് നവാബ് അങ്ങനെ പറഞ്ഞതെന്നും പറയുന്നവരുമുണ്ട്. കത്തും രേഖകളൊന്നും വീട്ടില്‍ സൂക്ഷിക്കാറില്ലെന്നും അത് പാര്‍ട്ടി ഓഫീസിലാണെന്നും കിട്ടണമെങ്കില്‍ തന്നെയും ഇ.എം.എസിനെയും അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പോലീസിനോട് അഴീക്കോടന്റെ മറുപടി. നവാബുമായി തിരിച്ചുപോയ പോലീസ് മര്‍ദനം തുടര്‍ന്നു. ഈ മര്‍ദനത്തിലാണ് നവാബ് രാജേന്ദ്രന്റെ മുന്‍വരിയിലെ പല്ലുകള്‍ ജയറാംപടിക്കല്‍ ഇടിച്ചു കൊഴിക്കുന്നത്. പിറ്റേ ദിവസം നവാബ് പോലീസ് കസ്റ്റഡിയിലാണെന്നും ക്രൂര മര്‍ദനത്തിലാണെന്നും പറഞ്ഞ് അഴീക്കോടന്‍ പത്രസമ്മേളനം വിളിച്ചു. ഇ.എം.എസിന് പുറമെ എം.പി വീരേന്ദ്രകുമാര്‍ ഉള്‍പ്പടെയുള്ള സോഷ്യലിസ്റ്റ് നേതാക്കളും വിഷയത്തിലിടപെട്ടു. തുടര്‍ന്ന് പോലീസ് നവാബിനെ മോചിപ്പിച്ചു. ഇതിനിടെ കോടതിയിലെത്തിയ കേസില്‍ സെപ്തംബര്‍ 25നകം കത്ത് ഹാജരാക്കണമെന്ന് നവാബിന് കോടതി നിര്‍ദേശം നല്‍കി. കോടതി ആവശ്യപ്പെട്ടത് പോലെ സെപ്തംബര്‍ 25നകം കത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് അഴീക്കോടന്‍ പ്രസ്താവന പുറപ്പെടുവിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍വെച്ച് സെപ്തംബര്‍ 24 ന് പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരാന്‍ അഴീക്കോടന്‍ തീരുമാനിച്ചു. സെപ്തംബര്‍ 22ന് എറണാകുളത്ത് നിന്ന് തൃശൂരില്‍ എത്താനായിരുന്നു പദ്ധതി.

എ.വി ആര്യനും കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്ററും

എ.വി ആര്യന്‍

അക്കാലത്ത് തൃശൂരിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്നു ഒല്ലൂര്‍ എം.എല്‍.എ ആയിരുന്ന എ.വി ആര്യന്‍. സി.പി.എമ്മിന്റെ തൃശൂരിലെ ആദ്യ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. സംഘടനാപരമായ പ്രശ്‌നങ്ങളും വിഭാഗീയതയും കാരണം 1970 ല്‍ ആര്യനെ പാര്‍ട്ടി പുറത്താക്കി. ഇ.എം.എസ് ആയിരുന്നു ആര്യന്റെ പ്രധാന ശത്രു. 1971 ല്‍ ആര്യന്‍ കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍ എന്ന പാര്‍ട്ടിയുണ്ടാക്കി അതിന്റെ സംസ്ഥാന സെക്രട്ടറിയായി. സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളും ആര്യനോടൊപ്പം പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നു. സി.യു.സി തൃശൂരിലെങ്കിലും സി.പി.എമ്മിന് വെല്ലുവിളിയാവുമെന്ന സ്ഥിതി വന്നു. ആര്യനെ നേരിടാനുള്ള തുറുപ്പുചീട്ടായി സി.പി.എം ഉപോയോഗിച്ചിരുന്നത് അഴീക്കോടനെയായിരുന്നു. അഴീക്കോടന്റെ ജനകീയതയും സംഘടനാശേഷിയും കരുത്താക്കി സി.പി.എം സി.യു.സിയെ നേരിട്ടു. ഇരു പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവായി. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് തട്ടില്‍ റബ്ബര്‍ എസ്റ്റേറ്റ് കേസും കത്തുവിവാദവുമെല്ലാം ഉണ്ടാകുന്നത്.

സെപ്തംബര്‍ 23ലെ കൊലപാതകം

എറണാകുളത്ത് പാര്‍ട്ടി യോഗങ്ങള്‍ കഴിഞ്ഞ് വൈകിട്ടോടെ അഴീക്കോടന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും തൃശൂരിലേക്ക് ബസ് കയറി. നവാബിനെയും പാര്‍ട്ടി പ്രതിപക്ഷ നേതാക്കളെയും അവിടെ നിന്ന് കാണാമെന്നായിരുന്നു ധാരണ. ഒന്‍പതുമണിയോടെ അദ്ദേഹം തൃശൂരില്‍ ബസിറങ്ങി. സ്ഥിരം താമസിക്കുന്ന പ്രീമിയര്‍ ലോഡ്ജിലേക്ക് കുറച്ചുദൂരം നടക്കാനുണ്ട്. കയ്യില്‍ ഒരു കറുത്ത ബാഗുമായി അഴീക്കോടന്‍ ലോഡ്ജിലേക്ക് നടന്നു. ഇതിനും അല്‍പം മുന്‍പേ തൃശൂര്‍ നഗരത്തില്‍ ഒരു വാര്‍ത്ത പരന്നിരുന്നു. തൃശൂരിന് പുറത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയ എ.വി ആര്യനെ സി.പി.എമ്മുകാര്‍ വെട്ടിക്കൊന്നു എന്നതായിരുന്നു ആ വാര്‍ത്ത. പോലീസാണ് ഈ കള്ളവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് നവാബ് രാജേന്ദ്രന്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അല്‍പം കഴിഞ്ഞതോടെ തൃശൂരിലെ പാര്‍ട്ടി ഓഫീസിലേക്ക് സന്ദേശം വന്നു. പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് തൃശൂര്‍ നഗരത്തില്‍ കുത്തേറ്റ് മരിച്ചുകിടക്കുന്നു. ചെട്ടിയങ്ങാടിയിലേക്ക് ഓടിയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടത് ചോരയില്‍ക്കുളിച്ച് കിടക്കുന്ന അഴീക്കോടന്‍ രാഘവനെയാണ്. അഴീക്കോടനെ കാത്ത് ലോഡ്ജിലിരിക്കുകയായിരുന്ന എം.പി വീരേന്ദ്രകുമാറായിരുന്നു ആദ്യമെത്തിയവരില്‍ ഒരാള്‍.
ബാഗ് അടുത്ത് കിടക്കുന്നുണ്ടായിരുന്നെങ്കിലും പോലീസ് ലിസ്റ്റ് ചെയ്ത സാധനങ്ങളില്‍ ആ കത്ത് ഉണ്ടായിരുന്നില്ല. പോലീസുകാരെന്ന് കരുതുന്ന ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോയി കത്ത് കൈവശപ്പെടുത്തിയെന്ന് നവാബ് രാജേന്ദ്രന്‍ പിന്നീട് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. നവാബ് രാജേന്ദ്രനോട് ചെയ്ത ക്രൂരതകള്‍ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജയറാം പടിക്കല്‍ ഏറ്റുപറഞ്ഞു.

ഇ.എം.എസും പുത്തലത്തും പി.വി കുഞ്ഞിക്കണ്ണനും എം.വി രാഘവനും പാട്യം ഗോപാലനുമെല്ലാം ചേര്‍ന്ന് അഴീക്കോടന്റെ മൃതദേഹം ഏറ്റുവാങ്ങി. എ.കെ.ജി, എ.വി കുഞ്ഞമ്പു, പിണറായി വിജയന്‍, സി.കെ ചക്രപാണി, കെ.കെ മാമുക്കുട്ടി എന്നിവരെല്ലാം വിലാപയാത്രയില്‍ അണിനിരന്നു. ചെങ്കൊടി പുതപ്പിച്ച മൃതദേഹം തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. പുഷ്പചക്രങ്ങള്‍ പതിപ്പിച്ച വാഹനത്തിന്റെ സഞ്ചാരപാതയിലങ്ങും ആയിരങ്ങള്‍ തടിച്ചുകൂടി പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായിട്ടും അഴീക്കോടന്റെ കുടുംബം പള്ളിക്കുന്ന് വയല്‍ക്കരയില്‍ ഒരു വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വന്തമായൊരു വീട് അന്ന് അഴീക്കോടന്റെ വലിയ സ്വപ്‌നമായിരുന്നു. മരിക്കുന്നത് വരെ അദ്ദേഹത്തിന് ആ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അന്ന് 13 വയസ്സുള്ള മകന്‍ മധുവായിരുന്നു ചിതയ്ക്ക് തീകൊളുത്തിയത്.

കൊലപാതകത്തിന് പിന്നില്‍ ആര്യന്‍ ഉള്‍പ്പടെയുള്ള സി.യു.സി നേതാക്കന്മാരാണെന്ന് ആരോപിക്കപ്പെട്ടു. എ.വി ആര്യന്‍ ഉള്‍പ്പടെ എട്ട് സി.യു.സി പ്രവര്‍ത്തകരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. കേസിൽ ആകെ 47 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി, വിചാരണ തുട‌ർന്നു. ആര്യനും അഴീക്കോടനും തമ്മിൽ കടുത്ത വിരോധത്തിലായിരുന്നെന്ന് പിന്നീട് സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറിയായ കെ.കെ. മാമക്കുട്ടി മൊഴി നൽകി. ജൂൺ 20 ന് കേസ് വിസ്താരം പൂർത്തിയായി. 1973 ജൂലായ് രണ്ടിന് വിധി. ആറാം പ്രതി നന്ദകുമാറിന് ജീവപര്യന്തം തടവും ആറു പ്രതികള്‍ക്ക് ഒന്നരക്കൊല്ലം കഠിനതടവുമായിരുന്നു ശിക്ഷ. എട്ടാം പ്രതിയായ എവി ആര്യനെ വിട്ടയച്ചു. അഴീക്കോടന്‍ രാഘവന്റെ വധത്തിന് തൃശൂരിലെ നവാബ് കേസുമായി ബന്ധമുണ്ടെന്നുളള ആരോപണം പ്രതിപക്ഷ നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് നിയമസഭയില്‍ ഉന്നയിച്ചു. തീവ്ര ഇടതുപക്ഷക്കാരായ ആര്യന്‍ ഗ്രൂപ്പിനെ മറയാക്കി കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത കൊലപാതമാണ് അഴീക്കോടന്റേതെന്നാണ് സി.പി.എം ആരോപിച്ചത്. തങ്ങള്‍ ഒരിക്കലും അഴീക്കോടനെ കൊന്നിട്ടില്ലെന്നായിരുന്നു മരിക്കുംവരെ എ.വി ആര്യനും കൂട്ടരും പറഞ്ഞുകൊണ്ടിരുന്നത്‌.

Content Highlights: 50 years of cpim leader azhikodan raghavan murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented