പൊക്രാനിൽ ഇന്ത്യയുടെ 'ശക്തി'പ്രകടനത്തിന് 25 വയസ്; ആണവപരീക്ഷണം നാൽപ്പതാം വർഷത്തിലേക്ക്


By അഖില സെൽവം

5 min read
Read later
Print
Share

എ.ബി. വാജ്‌പേയി, ജോർജ്ജ് ഫെർണാണ്ടസ്‌, എ.പി.ജെ. അബ്ദുൾ കലാം, ആർ ചിദംബരം എന്നിവർ പൊക്രാൻ സൈറ്റിൽ

'പൊക്രാനിൽ ഇന്ത്യ നടത്തിയ ആണവപരീക്ഷണം സമ്പൂർണ വിജയം കണ്ടെത്തിയിരിക്കുന്നു. ഉച്ചയ്ക്ക് 3.45-ന് ഭൂമിക്കടിയിൽ നടത്തിയ രണ്ട് ന്യൂക്ലിയർ ബോംബ് പരീക്ഷണങ്ങളും ഇന്ത്യയെ ലോകത്തെ ആറാമത്തെ ആണവശക്തിയാക്കി മാറ്റിയിരിക്കുകയാണ്. ഇത് അഭിമാനത്തിന്റെ മുഹൂർത്തം.'

ഇരുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി രാഷ്ട്രത്തെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. അന്നു മുതൽ പിന്നീടിങ്ങോട്ട് മേയ്‌11 ഇന്ത്യ ദേശീയ സാങ്കേതിക ദിനമായി ആഘോഷിക്കുകയാണ്. മേയ്‌ 11-നും 13-നും നടത്തിയ അഞ്ച് സെറ്റ് ന്യൂക്ലിയർ പരീക്ഷണങ്ങളിലൂടെ ഇന്ത്യ ലോകത്തോടു വിളിച്ചു പറഞ്ഞു, ഞങ്ങളും സുസജ്ജരാണ് ! ഇന്ത്യയുടെ ചരിത്രത്തിൽ മാറ്റേറിയ, ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ദിശാബോധം കൈവന്ന സുദിനമായി അത് മാറി. ഓപ്പറേഷൻ ശക്തി എന്ന നാമത്തിൽ അറിയപ്പെട്ട ഈ പരീക്ഷണങ്ങൾ രാജ്യത്തിന്റെ സുരക്ഷാകവചത്തെ കൂടുതൽ ദൃഢപ്പെടുത്തി. ലോകം ഇന്ത്യയെ ഒരു ആണവശക്തിയായി അംഗീകരിച്ചു.

1939 മുതൽ 45 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ നാല് രാജ്യങ്ങൾക്കു മാത്രമാണ് ന്യൂക്ലിയർ പദവി ഉണ്ടായിരുന്നത്. യുദ്ധാവസാനം ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും മരണം തേർവാഴ്ച്ച നടത്തിയപ്പോൾ ആണവബോംബുകൾ എങ്ങനെയാണ് മാനവകുലത്തിനും ഈ ഭൂമിക്കു തന്നെയും ദുരിതം വിതയ്ക്കുന്നതെന്നും ലോകം ആദ്യമായി കണ്ടു. വേണമെങ്കിൽ ഒരു ഭൂഖണ്ഡത്തെ മുഴുവനും തുടച്ചുനീക്കാൻ ഒരു ചെറിയ രാജ്യം വിചാരിച്ചാൽ കഴിയുമെന്ന സത്യത്തിനു മുന്നിൽ ലോകം പകച്ചുനിന്നു.

ഇനിയൊരു യുദ്ധം പാടില്ലെന്നും ആണവബ്രഹ്‌മാസ്ത്രം ഇനി ആർക്കെതിരെയും പ്രയോഗിക്കാൻ പാടില്ലെന്നും 1945-ൽ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ആവശ്യമുയർന്നു. ന്യൂക്ലിയർ നോൺ പ്രോലിഫറേഷൻ ട്രീറ്റി (NNPT) സമർപ്പിക്കപ്പെട്ടു. ഇതനുസരിച്ച് ആണവ ആയുധങ്ങൾ കുത്തകയായി വെച്ചിരുന്ന അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നി രാജ്യങ്ങളല്ലാതെ മറ്റൊരു രാജ്യങ്ങളും ആണവോർജ മേഖലയിൽ ഗവേഷണങ്ങൾ നടത്തുകയോ അതിനായി ന്യൂതനവിദ്യകൾ വികസിപ്പിച്ചെടുക്കാനോ പാടില്ലെന്ന നയം നിലവിൽ വന്നു.

അങ്ങനെ ലോകം രണ്ടായി വേർപിരിഞ്ഞു. ആണവശക്തി കൈവശമുള്ള കുറച്ചു രാജ്യങ്ങളും ആണവശക്തി കൈമുതലല്ലാത്ത മറ്റു രാജ്യങ്ങളും. ആണവോർജം അടിസ്ഥാനമായ വികസന പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൈവന്നത് ഇതോടെയാണ്. ഖനനത്തിനും തുരങ്കനിർമ്മാണങ്ങൾക്കും ഈ സാങ്കേതികവിദ്യ ഫലപ്രദമായി. എൻ.എൻ.പി.ടിയിൽ ഇന്ത്യ ഒപ്പുവെച്ചിരുന്നില്ല. അനന്തസാധ്യതകളുള്ള ഒരു വികസന മേഖലയായാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ ആണവോർജത്തെ സമീപിച്ചത്. നശീകരണത്തേക്കാൾ രാഷ്ട്രപുനർനിർമ്മാണത്തിനായിരുന്നു അതിൽ പ്രാമുഖ്യം.

അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനും ഇതേ കാഴ്ചപ്പാടായിരുന്നു. ഹോമി ജഹാംഗീർ ഭാഭ ഇന്ത്യൻ ആണവശക്തിയുടെ പിതൃസ്ഥാനത്തിരുന്ന് പിൽക്കാല തലമുറയ്ക്ക് ദിശാബോധം പകർന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിതമായി. 1948-ൽ അറ്റോമിക് എനർജി കമ്മീഷനും 1954-ൽ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയും പിന്നാലെ വന്നു. കാനഡയും യു.എസും ചേർന്ന് സൈറസ് എന്ന ന്യൂക്ലിയർ റിയാക്ടർ ഇന്ത്യയ്ക്കു കൈമാറാൻ തീരുമാനമായി. ഒരു നിബന്ധന മാത്രം, പ്ലൂട്ടോണിയം എന്ന റേഡിയോ ആക്ടീവ് ധാതു സമാധാനപരമായ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പക്ഷെ, ഇതിനു വഴങ്ങിയില്ല. പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഇന്ധനം സ്വന്തമായി നിർമ്മിക്കാനുള്ള തീരുമാനമായിരുന്നു അതിനു പിന്നിൽ. കാനഡയിൽനിന്നു ലഭിക്കേണ്ട സാങ്കേതിക ഉപകരണങ്ങൾ അമേരിക്കയിൽനിന്നു വാങ്ങുമ്പോഴും ഇതിൽനിന്നു പിന്മാറാൻ ഇന്ത്യ തയ്യാറായിരുന്നില്ല. 1957-ൽ ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1967-ൽ ഇതു നവീകരിച്ച് ഭാഭ അറ്റോമിക് റിസർച്ച് സെന്റർ(ബാർക്) നിലവിൽ വന്നു. നേരത്തേയുള്ള കരാറിന്റെ ഭാഗമായി 1964-ൽ മഹാരാഷ്ട്രയിലെ ട്രോംബെയിൽ സൈറസ് ന്യൂക്ലിയർ റിയാക്ടർ പ്രവർത്തിപ്പിച്ചു തുടങ്ങി.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നിട്ടും യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ അംഗമല്ലാത്ത ഇന്ത്യ ഒരിക്കലും ആണവശക്തിയായി ഉയരരുതെന്നത് മറ്റു പല രാജ്യങ്ങളുടേയും ആവശ്യമായിരുന്നു. ഇന്ത്യയിൽ നടക്കുന്ന ഓരോ പരീക്ഷണത്തിനും അയൽരാജ്യങ്ങളും വികസിത രാജ്യങ്ങളും അടയാത്ത ഇരട്ടക്കണ്ണുകളുമായി കാവൽനിന്നു. ഈ സാഹചര്യത്തിലാണ് 1962-ൽ ഇന്ത്യയുടെ മേൽ ചൈന യുദ്ധം അടിച്ചേൽപ്പിക്കുന്നത്.

ഇന്ത്യ-ചൈന യുദ്ധം ഫലത്തിൽ ഇന്ത്യയ്ക്കു ദോഷകരമാവുകയായിരുന്നു. അതുവരെ അനുസ്യൂതം മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്ന ഒരു രാജ്യത്തിനു തെല്ലിട കാലിടറി. സാഹചര്യം കൈമുതലാക്കി 1964-ൽ ചൈന ആണവപരീക്ഷണത്തിനു മുതിർന്നു. ലോകത്തിനു മുന്നിൽ അഞ്ചാമതൊരു ആണവശക്തിയായി ചൈന ഉയർന്നു. ഇന്ത്യയ്ക്കും അടങ്ങിയിരിക്കാനാവുമായിരുന്നില്ല. ആണവബോംബ് ഭീഷണിയുമായി തങ്ങളേക്കാൾ വലിയ രാജ്യം തൊട്ടടുത്ത് നിലകൊള്ളുന്നതിന്റെ പൊള്ളുന്ന യാഥാർത്ഥ്യം ഇന്ത്യ തിരിച്ചറിയുകയായിരുന്നു. 1966-ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആ തീരുമാനം കൈക്കൊണ്ടു. ആണവസാങ്കേതികത ഉപയോഗിച്ച് ഇന്ത്യയ്ക്ക് ഏത് ഉപകരണവും സ്വന്തമായി ഉണ്ടാക്കാം. രാഷ്ട്രീയ തീരുമാനം ഇന്ത്യൻ ശാസ്ത്രജ്ഞരെ ഉത്സാഹഭരിതരാക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 1974-ല്‍ പൊക്രാന്‍ ന്യൂക്ലീയര്‍ സൈറ്റ് സന്ദര്‍ശിക്കുന്നു.

എട്ടു വർഷത്തിനു ശേഷം 1974-ൽ രാജസ്ഥാനിലെ പൊക്രാനിൽനിന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു സന്ദേശം ലഭിച്ചു: 'ബുദ്ധൻ പുഞ്ചിരിച്ചു'. മറ്റൊരു രാഷ്ട്രത്തിന്റെ തണലിൽ നിൽക്കാതെ സ്വന്തമായി പ്രതിരോധ സംവിധാനം തീർത്തതിന്റെ സന്തോഷപ്രകടനം ആ സന്ദേശത്തിൽ ഉണ്ടായിരുന്നു. രാജ രാമണ്ണയുടെ ബുദ്ധിയിൽ വിരിഞ്ഞ 'സ്മൈലിങ് ബുദ്ധ'യിലൂടെ ഇന്ത്യ ആറാമത്തെ ആണവശക്തിയായി. 2024-ൽ ഇതിന്റെ നാൽപ്പതാം വർഷം.

ഒന്നാം പൊക്രാൻ പരീക്ഷണത്തിന്റെ തുടർച്ചയായി ആണവ രാജ്യങ്ങളും യു.എന്നും ഇന്ത്യയ്‌ക്കെതിരെ വിമർശനവുമായി മുന്നോട്ടുവന്നു. ഇന്ത്യയ്ക്ക് നൽകിയിരുന്ന പല സഹായങ്ങളും നിർത്തലാക്കി. എങ്കിലും സമാധാനപരമായ ആണവ പരീക്ഷണമായതുകൊണ്ടും ആണവായുധ പരീക്ഷണം അല്ലാത്തതുകൊണ്ടും വലിയ പ്രത്യാഘാതങ്ങളുണ്ടായില്ല. വിലക്കുകളൊന്നും ഇന്ത്യയെ തകർത്തതുമില്ല. അമേരിക്കയുടെ ചാരക്കണ്ണുകൾ അന്ന് മുതൽ ഇന്ത്യക്ക് മുകളിലുണ്ടായിരുന്നു.

1975-ലെ തുടങ്ങിയ അടിയന്തരാവസഥ 77-ൽ അവസാനിച്ച് 80-ൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തിയതോടെ ആണവപരീക്ഷണങ്ങളുടെ തീക്ഷ്ണത കൂടുതൽ വർധിച്ചു. മിസൈൽ പ്രോഗ്രാമുകളും ഹൈഡ്രജൻ ബോംബുകളുമെല്ലാം ഉൾപ്പെടുത്തി പരീക്ഷണങ്ങൾ തുടർന്നു. 1984-ന് ശേഷം പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒട്ടേറെ തവണ ആണവായുധ പരീക്ഷണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പല കാരണങ്ങളാൽ മുടങ്ങി. 1995-ൽ പ്രധാനമന്ത്രിയായ നരസിംഹ റാവുവിന്റെ വരവോടെ ഉറങ്ങിക്കിടന്നിരുന്ന ഇന്ത്യൻ ആണവപരീക്ഷണങ്ങൾക്ക് വേഗം കൂടി. പൊക്രാനിൽ ന്യൂക്ലിയർ ടെസ്റ്റ് നടത്താനുള്ള ഇന്ത്യയുടെ പുറപ്പാടിനെ അമേരിക്കയുടെ ചാര സംഘടനയായ സി.ഐ.എ.(സെൻട്രൽ ഇന്റലിജൻസ് ഏജൻസി) സാറ്റലൈറ്റ് ചിത്രങ്ങളിലുടെ കണ്ടെത്തി. യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ ശക്തമായ ഉപരോധ ഭീഷണി പ്രയോഗിച്ചതോടെ തൽക്കാലത്തേക്ക് ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് അയവു വരുത്തി.

ഇന്ത്യ ഏതു സമയത്തും ആണവപരീക്ഷണം നടത്തിയേക്കാമെന്ന നിലയായിരുന്നു അന്ന്. നിരന്തര ഭീഷണിയുമായി അമേരിക്കയും പശ്ചാത്തലത്തിൽ. ഈ സമയത്താണ് 1996-ൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തുന്നത്. പക്ഷെ, വളരെപ്പെട്ടന്ന് സ്ഥാനമൊഴിയേണ്ടിവന്ന വാജ്‌പേയിക്കു പിന്നാലെ വന്നവർ രാഷ്ട്രീയ അസ്ഥിരതയിൽ പെടുന്ന കാഴ്ചയ്ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. നിർണായക തീരുമാനം എടുക്കാനുള്ള സാവകാശം ലഭിക്കുന്ന സാഹചര്യമായിരുന്നില്ല അക്കാലം. 1998-ലെ തിരഞ്ഞെടുപ്പിൽ നിർണായക ഭൂരിപക്ഷത്തോടെ അടൽ ബിഹാരി വാജ്‌പേയി വീണ്ടും അധികാരത്തിലേറി.

പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പൊക്രാനിൽ ആണവപരീക്ഷണം നടത്തിയ സ്ഥലം സന്ദർശിക്കുന്നു.

ഇനിയൊരു ആണവരാജ്യം ഉണ്ടാവരുതെന്ന വാശിയിലായിരുന്നു ആണവബോംബുകൾ യഥേഷ്ടം കയ്യിലുണ്ടായിരുന്ന രാഷ്ട്രങ്ങൾ. 'കോംപ്രഹെൻസീവ് ടെസ്റ്റ് ബാൻ ട്രീറ്റി' എന്ന പേരിട്ട് അവർ ലോകരാഷ്ട്രങ്ങളെ ഒന്നൊന്നായി പിന്തിരിപ്പിച്ചു. കരാർ ഒപ്പുവെയ്ക്കാനായി ഇന്ത്യയ്ക്കു നൽകിയ അവസാന തിയതി 1998 മേയ് മാസമായിരുന്നു. മേഖലയിൽ മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ടായിരുന്നു. അയൽരാജ്യങ്ങളായ പാകിസ്താനും ചൈനയും കൂടുതൽ അടുത്തു. പുതിയ കൂട്ടുകെട്ട് പ്രതിരോധം ശക്തിപ്പെടുത്തേണ്ടി വരുമെന്ന യാഥാർത്ഥ്യം ഇന്ത്യ ഉൾക്കൊണ്ടു. ഇനിയും ആണവശക്തിയായി മാറിയില്ലെങ്കിൽ നിലനിൽപ്പു തന്നെ ആശങ്കയിലാവുമെന്ന ചിന്ത പടർന്നു.

താമസിയാതെ പ്രധാനമന്ത്രി വാജ്പേയി സൗത്ത് ബ്ലോക്കിൽ ഒരു രഹസ്യയോഗം വിളിച്ചുചേർത്തു. അറ്റോമിക് എനർജി കമ്മിഷൻ ചീഫ് ഡോ. ചിദംബരം, ബാർക് ചീഫ് ഡോ. അനിൽ കക്കോദ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര, ആഭ്യന്തരമന്ത്രി എൽ.കെ. അദ്വാനി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ നിർണായക തീരുമാനം കൈക്കൊണ്ടു. തൊട്ടുപിന്നാലെ രാജസ്ഥാനിലെ പൊക്രാനിൽ ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ചു. ഉപഗ്രഹങ്ങളുടെ കണ്ണിൽ ഇരുട്ടു പടർത്തി മരുഭൂമിയിൽ ബ്ലൈൻഡ് സ്‌പോട്ടുകൾ സ്ഥാനം പിടിച്ചു. പൊക്രാൻ സൈനിക അതിർത്തിയായതിനാൽ ശാസ്ത്രജ്ഞര്‍ ആർമി യൂണിഫോം ധരിച്ചാണ് പ്രവർത്തിച്ചിരുന്നത്.

പദ്ധതിയിൽ പങ്കെടുത്തവരെല്ലാം സ്വന്തം പേരുമറച്ചുവെച്ച് കോഡുകളിൽ അറിയപ്പെട്ടു. എ.പി.ജെ. അബ്ദുൽ കലാമിനെ മേജർ ജനറൽ പൃഥ്വീരാജെന്നു വിളിക്കപ്പെട്ടു. പ്ലൂട്ടോണിയം പോലുള്ളവ നിറച്ചിരുന്ന കുഴലുകള്‍ക്ക് വൈറ്റ് ഹൗസ്, താജ്മഹൽ, കുംഭകർണ്ണ എന്നിങ്ങനെയൊക്കെയായിരുന്നു വിളിപ്പേരുകള്‍. ട്രോംബെയിലുള്ള ബാർക്കിൽനിന്നും ഛത്രപതി ശിവജി ഇന്റർനാഷണൽ ടെർമിനലിൽ ഡിവൈസുകൾ എത്തിച്ചു. അവിടെനിന്നും രാജസ്ഥാൻ ജെയ്സാൽമറിലേക്ക്. ഓരോ അടിയും സൂക്ഷിച്ചായിരുന്നു. പൊക്രാൻ ടെസ്റ്റ് സൈറ്റിൽ എത്തിയതോടെ പദ്ധതിയുടെ അണിയറ പ്രവർത്തകർ ദീർഘശ്വാസം വിട്ടു.

പൊക്രാനിൽ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചെന്ന് പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പ്രഖ്യാപിക്കുന്നു.

ഭൂമിക്കടിയിലായിരുന്നു ഇവ കുഴിച്ചിട്ടത്. വൈറ്റ് ഹൗസ് 200 മീറ്റർ താഴ്ച്ചയിലും താജ്മഹൽ 150 മീറ്റർ താഴ്ച്ചയിലും സ്ഥാപിക്കപ്പെട്ടു. 1998 മേയ് 11-ന് രാവിലെ കാറ്റിന്റെ ദിശ വിലയിരുത്തിയപ്പോൾ ആണവസാധ്യത അധികമാണെന്ന് കണ്ടെത്തി. ഉച്ചയ്ക്ക് 3 45-ന് സാഹചര്യങ്ങളെല്ലാം ഒത്തുവന്നു. ഇന്ത്യ ആണവബോംബ് പരീക്ഷണം സാധ്യമാക്കി. ഒന്നിനു പിറകെ മറ്റൊന്നുകൂടി. ഇന്ത്യ ആറാമത്തെ ആണവരാജ്യമായി. രണ്ടുനാൾ കഴിഞ്ഞ് മേയ് 13-ന് പരീക്ഷണങ്ങൾ ആവർത്തിച്ചു. ചരിത്രത്തിലേക്ക് ഇന്ത്യയുടെ പേരും ചേര്‍ക്കപ്പെട്ടു.. രാഷ്ട്രത്തോടായി പ്രധാനമന്ത്രി വാജ്പേയി ഇങ്ങനെ പറഞ്ഞു, 'ഇത് അഭിമാനത്തിന്റെ മുഹൂർത്തം.'

Content Highlights: 25th anniversary of india's nuclear test. how it play significant role in india's defence mechanism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023


ബാഗ്മതി ട്രെയിന്‍ ദുരന്തം
Premium

4 min

അഴുകിയ ജഡങ്ങള്‍ക്കായി വല വിരിച്ച ബാഗ്മതി; 42 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്ക് തെറ്റാതെ ദുരന്തസ്മരണ

Jun 3, 2023


Brijbhushan
Premium

7 min

ബ്രിജ്ഭൂഷണ് മുന്നില്‍ എല്ലാം വഴി മാറും, ഇനി സന്യാസിമാരുടെ മാർച്ച്; മാറ്റുമോ കേന്ദ്രം പോക്‌സോ നിയമം?

Jun 1, 2023

Most Commented