പ്രതീകാത്മക ചിത്രം| ഫോട്ടോ:ANI
മഹാമാരി ലോകക്രമത്തെ സ്തംഭിപ്പിച്ചെങ്കിലും സംഘര്‍ഷങ്ങള്‍ക്കും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുറവേതുമുണ്ടായില്ല. താലിബാന്റെ തിരിച്ചുവരവും ട്രംപിന്റെ പടിയിറക്കവും പുതിന്റെ തുടര്‍ച്ചയും ഷി ജിന്‍ പിങ്ങിന്റെ സര്‍വാധിപത്യവും കണ്ട ലോകം കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതത്തില്‍ വലഞ്ഞു.
ജനുവരി
ഖത്തറിനുള്ള ഉപരോധം പിന്‍വലിച്ചു
റിയാദില്‍നടന്ന ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സില്‍ ഉച്ചകോടിയില്‍ ഖത്തറിനുള്ള ഉപരോധം അംഗരാജ്യങ്ങള്‍ പിന്‍വലിച്ചു. അല്‍ ഉല കരാറില്‍ ഒപ്പുവെച്ചു.
ട്രംപത്തരം തീര്‍ന്നു
ട്രംപിനെ അനുകൂലിക്കുന്നവര്‍ ണ്ടയു.എസ്. ഭരണസിരാകേന്ദ്രമായ കാപ്പിറ്റോള്‍ ഹില്ലിലേക്ക് അതിക്രമിച്ചുകടന്നത് വന്‍ കോലാഹലം സൃഷ്ടിച്ചു. ഇതില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജനുവരി 20- ന് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ജോ ബൈഡന് അധികാരമേറ്റു. 49-ാമത് വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസും ചുമതലയേറ്റു. അധികാരമേറ്റയുടന്‍ ലോകാരോഗ്യസംഘടനയിലും പാരിസ് കാലാവസ്ഥാ ഉടമ്പടിയിലും യു.എസ്. വീണ്ടും ചേരുന്നു.
മസ്ക് ലോകകോടീശ്വരന്‍
ബ്ലൂംബെര്‍ഗിന്റെ ലോകകോടീശ്വരന്മാരുടെ പട്ടികയില്‍ സ്പേസ് എക്സ്, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് ഒന്നാമത്.
ഫെബ്രുവരി
മ്യാന്മാറില് അട്ടിമറി
മ്യാന്മാറില് സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് വിന്മിന്റ്, ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവും നൊബേല്‍ പുരസ്കാരജേതാവുമായ ആങ് സാന്‍ സ്യൂചി അടക്കമുള്ളവരെ തടങ്കലിലാക്കി.
പെര്‍സിവിയറന്‍സ് ചൊവ്വയില്‍
നാസയുടെ ചൊവ്വാദൗത്യം പെര്‍സിവിയറന്‍സ് ചൊവ്വയില്‍ വിജയകരമായി ഇറങ്ങി. ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററിലാണ് ദൗത്യപേടകം ഇറങ്ങിയത്. ജീവന്റെ സാന്നിധ്യം തിരിച്ചറിയുക, ഭാവിയില്‍ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിന് സഹായകമായ കണ്ടെത്തല്‍ നടത്തുക എന്നിവ ലക്ഷ്യങ്ങള്‍.
സൗദി: സ്ത്രീകള്‍ സേനയില്‍
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കും സായുധസേനയില്‍ ചേരാന്‍ പ്രതിരോധമന്ത്രാലയം അനുമതി നല്കി.
ഉള്ളടക്കത്തിന് പ്രതിഫലം
ഫെയ്സ്ബുക്കും ഗൂഗിളും പോലുള്ള ടെക് സ്ഥാപനങ്ങളും സമൂഹമാധ്യമങ്ങളും ഉള്ളടക്കം പങ്കിടുന്നതിന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്ട്രേലിയ പാസാക്കി.
മാര്‍ച്ച്
സൂയസ് പ്രതിസന്ധി
മെഡിറ്ററേനിയന്‍ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന മനുഷ്യനിര്‍മിത ജലപാതയായ സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയത് ആറ് ദിവസം ഗതാഗതതടസ്സമുണ്ടാക്കി. തയ്വാന് കമ്പനിയായ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പ്പറേഷന്റെ 'എവര്‍ ഗിവണ്‍' കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിന്റെ ഒരുവശത്ത് ഇടിച്ചുനിന്നു.
ഏപ്രില്‍
കാസ്ട്രോ യുഗത്തിന് അന്ത്യം
റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. ആറുപതിറ്റാണ്ടുനീണ്ട കാസ്ട്രോ യുഗത്തിന് അവസാനമായി.
മേയ്
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം
ഇസ്രയേലും പലസ്തീനിയന്‍ സായുധസംഘടനയും ഗാസയുടെ നേതൃത്വം വഹിക്കുന്നതുമായ ഹമാസും തമ്മില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. 11 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഗാസയില്‍ 65 കുട്ടികള്‍ ഉള്‍പ്പെടെ 232 പേരും ഇസ്രായേലില്‍ 2 കുട്ടികളുള്‍പ്പെടെ 12 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജൂണ്‍
ചൈനയില്‍ ജനസംഖ്യാനയത്തില് മാറ്റം
ദമ്പതിമാര്‍ക്ക് രണ്ടുകുട്ടികള്‍ എന്ന നയത്തില്‍ ചൈന മാറ്റംവരുത്തി. ഇനിമുതല്‍ മൂന്നുകുട്ടികള്വരെയാകാം.
ജൂലായ്
ബഹിരാകാശത്തേക്ക് വിനോദസഞ്ചാരം
വിനോദസഞ്ചാരികളെന്ന നിലയ്ക്ക് ആദ്യമായി ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ബഹിരാകാശം സന്ദര്‍ശിച്ചുമടങ്ങി. വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് പുറപ്പെട്ടത്. സംഘം 11 മിനിറ്റുനേരം ബഹിരാകാശം ആസ്വദിച്ചു.
ഓഗസ്റ്റ്
കാലാവസ്ഥാ മുന്നറിയിപ്പ്
വരുന്ന 20 വര്‍ഷംകൊണ്ട് ആഗോളതാപനിലയിലെ ശരാശരി വര്‍ധന ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) ആറാം റിപ്പോര്‍ട്ട്.
അഫ്ഗാനിസ്താന് വീണ്ടും താലിബാന് പിടിയില്‍
20 വര്‍ഷത്തെ സൈനിക ദൗത്യം അവസാനിപ്പിച്ച് അഫ്ഗാനിസ്താനില്‍ നിന്നും യു.എസ്. പിന്‍വാങ്ങി. ഇതോടെ രാജ്യം വീണ്ടും താലിബാന് പിടിയിലായി. ഓഗസ്റ്റ് 30-ന് യു.എസ്. സൈനികപിന്മാറ്റം പൂര്‍ണമായി. താലിബാന് ഭരണം ഏറ്റെടുത്ത് ഇടക്കാലസര്‍ക്കാര്‍ രൂപവത്കരിച്ചു. മുല്ല മുഹമ്മദ് ഹസന് അഖുന്ദ് ആണ് പ്രധാനമന്ത്രി.
സെപ്റ്റംബര്‍
ചരിത്രംകുറിച്ച് സ്പേസ് എക്സ്
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്പേസ് എക്സ് ഇന്സ്പിരേഷന് എന്ന ദൗത്യത്തിലൂടെ നാല് സാധാരണക്കാരെ ബഹിരാകാശത്തെത്തിച്ച് ചരിത്രനേട്ടം സ്വന്തമാക്കി.
മെര്‍ക്കല്‍ യുഗത്തിന് അന്ത്യം
പതിനാറുവര്‍ഷത്തിനുശേഷം ആംഗേല മെര്‍ക്കല്‍ ജര്‍മനിയുടെ ചാന്‍സലര്‍ പദവി ഒഴിഞ്ഞു. സെപ്റ്റംബര്‍-22
റഷ്യയില്വീണ്ടും പുതിന്
റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ദ്യൂമയിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടി. 49.8 ശതമാനം വോട്ടാണ് ലഭിച്ചത്.
ഒക്ടോബര്‍
സൗരയൂഥരഹസ്യംതേടി ലൂസി
സൗരയൂഥത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ 'ലൂസി' പേടകം വിക്ഷേപിച്ചു. പുരാതനമായ എട്ട് ഛിന്നഗ്രഹങ്ങളില്‍ ലൂസി പരിശോധന നടത്തും. പര്യവേക്ഷണം 12 കൊല്ലം നീളും.
പേരുമാറ്റി ഫെയ്സ്ബുക്ക്
ഫെയ്സ്ബുക്കിന്റെ ബ്രാന്‍ഡ്നെയിം മെറ്റ എന്നു മാറ്റി. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്, ഒക്കുലസ് തുടങ്ങിയവയുടെ ഉടമസ്ഥതകൂടിയുള്ള ഫെയ്സ്ബുക്ക് മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്. ആപ്ലിക്കേഷനുകളുടെ പേരില്‍ മാറ്റമില്ല.
നവംബര്‍
ഷി ജിന്‍പിങ് തുടരും
ചൈനയുടെ പ്രസിഡന്റ് പദവിയില്‍ ഷി ജിന്‍പിങ്ങിന് മൂന്നാമൂഴത്തിന് വഴിയൊരുക്കുന്ന ചരിത്രപരമായ പ്രമേയത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി.) അംഗീകാരം.
ഡിസംബര്‍
ആങ് സാന്‍ സ്യൂചിക്ക് തടവ്
മ്യാന്മറില് നൊബേല്‍ പുരസ്കാര ജേതാവ് ആങ് സാന്‍ സ്യൂചിക്ക് നാലുവര്‍ഷം തടവുശിക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..