ഇറാഖിലെ സ്‌കൂളിൽ നിന്ന് സദ്ദാം ഹുസൈന്റെ ചിത്രം എടുത്ത് മാറ്റുന്ന യു.എസ്. സൈനികർ ( ഫയൽ ചിത്രം) | Photo: gettyimages
'ഇറാഖില്‍ കാര്യങ്ങള്‍ വളരെ മോശമാകുന്നതായി ഞാന്‍ കരുതുന്നു... ഞങ്ങളെ വിമോചകരായി കണ്ട് സ്വാഗതം ചെയ്യുമെന്നാണ് എന്റെ വിശ്വാസം.' ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 16-ന് മുന്‍ യു.എസ്. വൈസ് പ്രസിഡന്റ് ഡിക്ക് ചെനി ഇറാഖ് അധിനിവേശത്തിന് തൊട്ടുമുമ്പ് പറഞ്ഞതാണ് ഇക്കാര്യം. മൂന്ന് ദിവസത്തിന് ശേഷം, ബാഗ്ദാദില്‍ വ്യോമാക്രമണം നടത്തിക്കൊണ്ട് ഇറാഖിനെതിരായ സൈനിക നടപടി ആരംഭിച്ചതായി അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് പ്രഖ്യാപിച്ചു. അടുത്ത ദിവസം, യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന അതിര്‍ത്തി കടന്ന് ഇറാഖിലേക്ക് കടന്നു. പിന്നാലെ കരവഴിയുള്ള ആക്രമണവും ആരംഭിച്ചു. 'സദ്ദാം ഹുസൈന്റെ ഇറാഖ് ലോകത്തിനുതന്നെ അപകട'മാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇറാഖിന് മേല്‍ ബുഷിന്റെ ആക്രമണം. 'ഇറാഖില്‍നിന്നു കിട്ടുന്ന രാസ-ജൈവായുധങ്ങളും അവര്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ആണവായുധങ്ങളും ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരവാദത്തിനു ബലം പകരും. പതിനായിരക്കണക്കിനാളുകളെ അതു കൊന്നൊടുക്കും.' ആ ഭീഷണിയില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള വഴിയായിരുന്നു ബുഷിന് ഇറാഖ് ആക്രമണം. 2003 ഏപ്രില്‍ 9-ന്, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിനെ അക്രമിച്ചതിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ബാഗ്ദാദിലെ അല്‍-ഫര്‍ദൗസ് സ്‌ക്വയറിലെ സദ്ദാം ഹുസൈന്റെ 39 അടി ഉയരമുള്ള പ്രതിമ തകര്‍ക്കപ്പെട്ടു. സദ്ദാം ഹുസൈന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വേച്ഛാധിപത്യ ഭരണത്തിന്റെ അവസാനം കുറിച്ച നിര്‍ണായകമായ നിമിഷമായിരുന്നു അത്. ഒരു മാസത്തിനുള്ളില്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഇറാഖ് ദൗത്യം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചു.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ഈ മാര്‍ച്ച് മാസത്തില്‍ ഇരുപതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. രാസായുധങ്ങളും ജൈവായുധങ്ങളുമുണ്ടെന്ന് പറഞ്ഞ് ആക്രമണം അഴിച്ചുവിട്ട അമേരിക്ക പക്ഷേ, അത്തരത്തിലൊന്ന് ഇറാഖില്‍നിന്ന് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. അവിടെ രാസായുധങ്ങളോ ജൈവായുധങ്ങളോ ഇല്ലായിരുന്നെന്നും അതെല്ലാം കെട്ടിച്ചമച്ച കള്ളക്കഥകളായിരുന്നുവെന്നും അധിനിവേശത്തിന് പിന്നാലെ ലോകം മനസിലാക്കി. ഇറാഖ് അധിനിവേശത്തിന് കാരണങ്ങളായി ബുഷ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തെളിവുകളെല്ലാം നുണകളായിരുന്നു. എന്നാല്‍, അന്ന് അദ്ദേഹം നടത്തിയ പല പ്രവചനങ്ങളും പിന്നീട് ഫലിക്കുന്നതാണ് കണ്ടത്. പതിനായിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുമെന്ന ബുഷിന്റെ മുന്നറിയിപ്പ് ഫലിച്ചു. യുദ്ധത്തിന് പിന്നാലെ ഇറാഖില്‍ മരിച്ചത് ലക്ഷക്കണക്കിനാളുകളാണ്. അതിന് കാരണം പക്ഷേ, സദ്ദാം ഹുസൈനോ അദ്ദേഹത്തിന്റെ കൈവശം ഉള്ളതായി ആരോപിക്കപ്പെട്ട ആയുധങ്ങളോ ആയിരുന്നില്ല. അമേരിക്കന്‍ പട്ടാളവും പില്‍ക്കാലത്ത് അവിടെ ശക്തിപ്പെട്ട തീവ്രവാദവുമായിരുന്നു അതിന് കാരണം.
.jpg?$p=8a7b7b1&&q=0.8)
യുദ്ധത്തിന്റെ പശ്ചാത്തലം
1990-ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്നാണ് അന്താരാഷ്ട്ര തലത്തില്‍ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിനെതിരായ ശക്തമായ വികാരം രൂപപ്പെടുന്നത്. അധിനിവേശത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചു. പിന്നാലെ കുവൈത്തില്‍നിന്ന് ഇറാഖി സേനയെ പുറത്താക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ഗള്‍ഫ് യുദ്ധം ആരംഭിച്ചു. യുദ്ധത്തിന് പിന്നാലെ സദ്ദാം ഹുസൈനെ വരുതിക്ക് നിര്‍ത്താന്‍ യു.എസും സഖ്യകക്ഷികളും തീരുമാനിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ സാമ്പത്തിക ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് തുടക്കത്തില്‍ ഇറാഖിനെതിരേ സ്വീകരിച്ചത്. പിന്നാലെ യു.എന്‍. പ്രത്യേക കമ്മിഷന്‍ (UNSCOM) ഇറാഖില്‍ പരിശോധന ആരംഭിച്ചു. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.
ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുള്ള പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ ഇറാഖിന്റെ ആയുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 പ്രമേയങ്ങളാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയത്. യു.എന്‍. കമ്മിഷന്റെ പ്രവര്‍ത്തനത്തെ ഇറാഖ് തടസപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ഇറാഖി ഉദ്യോഗസ്ഥര്‍ പരിശോധകരെ ഉപദ്രവിക്കുകയും അവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. 1998 ഓഗസ്റ്റില്‍ പരിശോധകര്‍ അമേരിക്കയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുകയാണെന്ന് ആരോപിച്ച് ഇറാഖ് സര്‍ക്കാര്‍ പരിശോധനയുമായി സഹകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെച്ചു. ഈ ചാരവൃത്തി ആരോപണങ്ങള്‍ പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തു.
1998 ഒക്ടോബറില്‍ 'ഇറാഖ് ലിബറേഷന്‍ ആക്റ്റ്' അമേരിക്ക പാസാക്കിയതോടെ ഇറാഖ് സര്‍ക്കാരിനെ നീക്കം ചെയ്യുന്നത് യു.എസിന്റെ ഔദ്യോഗിക വിദേശ നയമായി മാറി. ഇറാഖ് വിമോചന നിയമം പാസാക്കി ഒരു മാസത്തിനു ശേഷം, യു.എസും യു.കെയും ഇറാഖില്‍ 'ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഫോക്‌സ്' എന്ന പേരില്‍ ബോംബാക്രമണം ആരംഭിച്ചു. രാസ, ജൈവ, ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍നിന്ന് സദ്ദാം ഹുസൈനെ തടയുകയായിരുന്നു ലക്ഷ്യം. 2000-ല്‍ ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് യു.എസ്. നീങ്ങി. ഇറാഖ് വിമോചന നിയമം പൂര്‍ണ്ണമായി നടപ്പാക്കലും സദ്ദാമിനെ ഭരണത്തില്‍നിന്ന് നീക്കം ചെയ്യലുമായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണ വാഗ്ദാനം തന്നെ. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ അമേരിക്കയുടെ നീക്കങ്ങള്‍ വേഗത്തിലായി. ഒസാമ ബിന്‍ ലാദനെ സദ്ദാം ഹുസൈന്‍ സഹായിക്കുന്നുവെന്നായിരുന്നു അമേരിക്കയുടെ പ്രധാന ആരോപണം.
ഇതോടെ അധിനിവേശത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം നേടിയെടുക്കായി ബുഷിന്റെ ശ്രമം. 2002 സെപ്റ്റംബറില്‍ യു.എന്‍. രക്ഷാസമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാഖ് അധിനിവേശത്തിനായി ബുഷ് അന്താരാഷ്ട്ര സമൂഹത്തോട് ഔദ്യോഗികമായി പിന്തുണ ആവശ്യപ്പെട്ടു. എന്നാല്‍, നാറ്റോയിലെ യു.എസിന്റെ തന്ത്രപ്രധാന പങ്കാളികളായ ഫ്രാന്‍സും ജര്‍മനിയും യുദ്ധത്തിനെതിരായിരുന്നു. ബ്രിട്ടന്‍ അതിനെ പിന്തുണച്ചു. രക്ഷാസമിതിയില്‍ അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടന്‍ ചേര്‍ന്നെങ്കിലും റഷ്യയും ചൈനയും യുദ്ധത്തെ എതിര്‍ത്തു. ഫ്രാന്‍സും പിന്തുണച്ചില്ല. ഇതോടെ യുദ്ധത്തിന് യു.എന്‍. അംഗീകാരം കിട്ടിയില്ല. എന്നിട്ടും ഇറാഖ് അധിനിവേശവുമായി യു.എസ്. മുന്നോട്ട് പോകുകയാണ് ചെയ്തത്.

യുദ്ധവും സദ്ദാമിന്റെ പതനവും
സദ്ദാം ഹുസൈനും മക്കളും ഉടന്‍ രാജ്യം വിട്ടില്ലെങ്കില്‍ ഇറാഖിനെതിരേ നടപടിയെടുക്കുമെന്ന് 2003 മാര്‍ച്ച് 18-ന് ബുഷ് അന്ത്യശാസനം നല്‍കി. ബുഷിന്റെ അന്ത്യശാസനം തള്ളിക്കളയുകയാണ് ഇറാഖ് ചെയ്തത്. അന്ത്യശാസനം സ്വീകാര്യമല്ലെന്ന് അറബ് ലീഗും വ്യക്തമാക്കി. രണ്ട് ദിവസത്തിന് ശേഷം ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. തലസ്ഥാന നഗരമായ ബാഗ്ദാദില്‍ മിസൈല്‍ ആക്രമണത്തോടെയാണ് ഇറാഖിനെതിരായ സൈനിക നടപടി അമേരിക്ക ആരംഭിച്ചത്. അമേരിക്കന്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ ബാഗ്ദാദ് കത്തിയമര്‍ന്നു. പിന്നാലെ യു.എസ്.- ബ്രിട്ടീഷ് സേന കരയുദ്ധവും ആരംഭിച്ചു. പിടിച്ചെടുത്ത പട്ടണങ്ങളിലെ എണ്ണക്കിണറുകള്‍ യു.എസ്.- ബ്രിട്ടീഷ് സേന നിയന്ത്രണത്തിലാക്കി. ഈ ഘട്ടത്തിലും കീഴടങ്ങില്ലെന്ന ഉറച്ച നിലപാടാണ് സദ്ദാം സ്വീകരിച്ചത്. എന്നാല്‍, സഖ്യസൈന്യത്തിന്റെ രൂക്ഷമായ ആക്രമണത്തില്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകൂടം നിലംപതിച്ചു. പിന്നാലെ മേയ് ഒന്നിന് ദൗത്യം പൂര്‍ത്തിയായതായി ബുഷ് അവകാശപ്പെടുകയും ചെയ്തു. യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍ എന്ന കപ്പലില്‍വെച്ചാണ് പ്രധാന ദൗത്യം പൂര്‍ത്തിയായതായി ബുഷ് പ്രഖ്യാപിച്ചത്.
യു.എസ്. നേതൃത്വത്തിലുള്ള അധിനിവേശത്തിനെതിരായ സംഘടിത ചെറുത്തുനില്‍പ്പ് പലയിടത്തും അക്രമത്തിലേക്ക് വഴിമാറിയിരുന്നു. വടക്കന്‍ നഗരമായ മൊസൂളില്‍ നടത്തിയ റെയ്ഡിനിടെ സദ്ദാമിന്റെ മക്കളായ ഉദയ്, ഖുസെ എന്നിവരെ യു.എസ്. സൈന്യം വധിച്ചു. ആ ഘട്ടത്തിലും സദ്ദാമിനെയോ അദ്ദേഹത്തിന്റെ പല പ്രധാന സഹായികളെയോ കണ്ടെത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ എട്ട് മാസത്തിന് ശേഷം ഒളിത്താവളത്തില്‍നിന്ന് സദ്ദാം ഹുസൈനെ അമേരിക്കന്‍ സഖ്യസേന അറസ്റ്റ് ചെയ്തു. വടക്കന്‍ ഇറാഖില്‍ അദ്ദേഹത്തിന്റെ ജന്മനഗരമായ തിക്രിതില്‍നിന്നാണ് അദ്ദേഹം പിടിയിലായത്. ഇറാഖിലെ ജനങ്ങളെ സംബന്ധിച്ചടത്തോളം മഹത്തായ നേട്ടമെന്നാണ് ബുഷ് അറസ്റ്റിനെ വിശേഷിപ്പിച്ചത്. സദ്ദാമിന്റെ അറസ്റ്റ് ഇറാഖി ജനതയ്ക്ക് ആഹ്‌ളാദം പകരുന്ന വാര്‍ത്തയാണെന്നും ഒരു പേടിസ്വപ്‌നം കണക്കെ അവരെ വേട്ടയാടിയിരുന്ന കരിനിഴല്‍ അപ്രത്യക്ഷമായെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പ്രതികരിച്ചത്. അതുകൊണ്ടൊന്നും ഇറാഖിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. സദ്ദാമിന്റെ ഭരണം അവസാനിച്ചാല്‍ ഇറാഖികള്‍ സന്തോഷത്തോടെ യു.എസിനെ സ്വാഗതം ചെയ്യുമെന്നാണ് ബുഷ് കരുതിയിരുന്നത്. എന്നാല്‍, ഇറാഖികളില്‍ ഒരു വലിയ വിഭാഗം യു.എസ്. സൈന്യത്തെ അധിനിവേശ സൈന്യമായിട്ടാണ് കണ്ടത്.
.jpg?$p=a80322e&&q=0.8)
പാളിപ്പോയ കണക്കുകൂട്ടല്‍
ഇറാഖി ജനതയെ മോചിപ്പിക്കാനും നശീകരണ സ്വഭാവമുള്ള ആയുധങ്ങള്‍ ഇല്ലാതാക്കാനുമുള്ള ദൗത്യമെന്നാണ് 2003 മാര്‍ച്ച് 20-ന് യു.എസിന്റെ നേതൃത്വത്തിലുള്ള അധിനിവേശത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് വിശേഷിപ്പിച്ചത്. യുദ്ധം ആരംഭിച്ച് 26 ദിവസം കൊണ്ട് സദ്ദാം ഹുസൈന്റെ സര്‍ക്കാര്‍ താഴെയിറക്കപ്പെട്ടു. യുദ്ധത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ നിയമാനുസൃതമായ അടിസ്ഥാനമൊന്നുമില്ലായിരുന്നു. തികച്ചും തെറ്റായ രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക ഇറങ്ങിപ്പുറപ്പെടുന്നത്. ഇറാഖില്‍ സൈനിക നടപടി നടത്താന്‍ യു.എസിന് ഐക്യരാഷ്ട്ര സഭ അനുമതി നല്‍കിയിരുന്നുമില്ല. സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം നേടാനുള്ള ബുഷ് ഭരണകൂടത്തിന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്.
സദ്ദാം ഹുസൈന്റെ പക്കല്‍ വിനാശകരമായ ആയുധങ്ങളുണ്ടെന്നും അവ അമേരിക്കയ്ക്കും ലോകത്തിനും ഭീഷണിയാണെന്നും പറഞ്ഞാണ് ജോര്‍ജ് ബുഷ് ഭരണകൂടം ഇറാഖില്‍ യുദ്ധമാരംഭിച്ചത്. ഇതെല്ലാം കള്ളക്കഥയാണെന്ന് പിന്നീട് തെളിഞ്ഞു. ആ രാജ്യത്ത് അത്തരം ആയുധങ്ങളില്ലെന്ന് അധിനിവേശത്തിന് ശേഷം തെളിയിക്കപ്പെട്ടു. ആണവ, രാസ, ജൈവ ആയുധങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടില്ലെന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ മുഖ്യ ആയുധ പരിശോധകന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ വല്ലാത്തൊരു അസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് 'ഡിസിഷന്‍ പോയന്റ്‌സ്' എന്ന തന്റെ ഓര്‍മക്കുറിപ്പില്‍ ബുഷ് ഏറ്റുപറഞ്ഞത്. അപ്പോഴും ഇറാഖിനെ ആക്രമിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് തുറന്ന് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അല്‍-ഖ്വയ്ദ ബന്ധമുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം. ഇറാഖിലെ അല്‍-ഖ്വയ്ദ അധിനിവേശത്തിന് ശേഷമാണ് സ്ഥാപിതമായതെന്നതാണ് യാഥാർത്ഥ്യം.
ഒരു രാജ്യത്തെ ജനതയെ അപ്പാടെ ഭയത്തില്‍ നിര്‍ത്തിയ, വിയോജിപ്പുള്ളവരെ തടവിലിടുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സ്വേച്ഛാധിപതിയെ യുദ്ധം സ്ഥാനഭ്രഷ്ടനാക്കി. അറബ് ലോകത്തിന്റെ ഹൃദയഭാഗത്ത് ഒരു ഏകീകൃത രാഷ്ട്രമായി നിന്ന ഇറാഖിനെ അത് അമ്പേ തകര്‍ത്തുകളഞ്ഞു. എണ്ണപ്പണം കൊണ്ട് സമ്പന്നമായിരുന്ന ഇറാഖിനെ മധ്യപൂര്‍വേഷ്യയിലെ ദരിദ്ര രാജ്യമാക്കി യുദ്ധം മാറ്റി. ഒപ്പം ഇറാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ അധികാര വടംവലിക്ക് ആ രാജ്യത്തെ ജനങ്ങളെ ഇട്ടുകൊടുക്കുകയാണ് അമേരിക്ക ചെയ്തത്. ഇറാഖികളെ സംബന്ധിച്ച് അവര്‍ കടന്നുപോയ അരക്ഷിതാവസ്ഥകള്‍ വിവരണാതീതമായിരുന്നു. പിന്നീട് പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2003-നും 2023-നും ഇടയില്‍ ഏകദേശം മൂന്ന് ലക്ഷം ഇറാഖികള്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഇറാഖ് ആക്രമണത്തില്‍ മരിച്ചത് ഒന്നര ലക്ഷത്തോളമാളുകളായിരുന്നെങ്കില്‍, യുദ്ധാനന്തരമാണ് വലിയൊരു വിഭാഗം ജനങ്ങള്‍ കൊല്ലപ്പെട്ടത്. അയ്യായിരത്തോളം യു.എസ്. സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. യുദ്ധക്കെടുതികളില്‍നിന്ന് രക്ഷപ്പെടാന്‍ പത്തു ലക്ഷത്തിലേറെ ഇറാഖികള്‍ മറ്റു രാജ്യങ്ങളില്‍ അഭയം തേടി. വംശീയ സംഘര്‍ഷം കാരണം മുപ്പതു ലക്ഷത്തോളം പേര്‍ രാജ്യത്ത് തന്നെ അഭയാര്‍ഥികളായി. തൊഴിലില്ലായ്മ വര്‍ധിച്ചു, അക്രമവും തീവ്രവാദവും വളര്‍ന്നു. വൈദ്യുതിയോ മറ്റ് പൊതുസേവനങ്ങളോ ഇല്ലാത്ത ദുരിത കാലത്തിലേക്ക് ഇറാഖികള്‍ എടുത്തെറിയപ്പെട്ടു.
.jpg?$p=79c0b37&&q=0.8)
യുദ്ധാനന്തര ഇറാഖ്
ഇറാഖിലെ യുദ്ധാനന്തര സാഹചര്യം വെല്ലുവിളി നിറഞ്ഞതുമായിരുന്നു. അതുവരെ വലിയ പ്രശ്‌നങ്ങളില്ലാതെ പോയിരുന്ന ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ തകര്‍ത്തുകൊണ്ട്, ആ രാജ്യത്തെ തികഞ്ഞ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ് അമേരിക്ക ചെയ്തത്. പതിനായിരക്കണക്കിന് സൈനികര്‍ ഒറ്റരാത്രി കൊണ്ട് പിരിച്ചുവിടപ്പെട്ടു. ഇതുയര്‍ത്തിയ സുരക്ഷാ ഭീഷണി വളരെ വലുതായിരുന്നു. സദ്ദാമിന് ശേഷമുള്ള ഇറാഖിന് രാഷ്ട്രീയ സ്ഥിരത നല്‍കാനോ അദ്ദേഹത്തേപ്പോലെ ശക്തനായ ഭരണാധികാരിയുടെ വിടവ് നികത്താനോ അധികാരത്തിന് വേണ്ടിയുള്ള പ്രാദേശിക വടംവലിക്ക് ശമനം കാണാനോ അമേരിക്കയ്ക്ക് സാധിച്ചില്ല. അധിനിവേശം അവസാനിപ്പിച്ച ശേഷം ഇറാഖില്‍ പുതുനിര പട്ടാളത്തെ പരിശീലിപ്പിക്കാന്‍ യു.എസ്സും സഖ്യകക്ഷികളും ചേര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ തുകയാണ് ചെലവിട്ടത്. രണ്ടര ലക്ഷത്തിലേറെ പട്ടാളക്കാരെ പരിശീലിപ്പിച്ചു. 2011-ല്‍ യു.എസ്. സൈന്യം പിന്‍വാങ്ങിയെങ്കിലും പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍, അല്‍ ഖ്വയ്ദക്ക് പിന്നാലെ ഐ.എസ്. പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഇറാഖില്‍ പിടിമുറുക്കുന്നതാണ് പിന്നീട് കണ്ടത്.
യുദ്ധാനന്തരം സൃഷ്ടിക്കപ്പെട്ട അരാജകത്വത്തില്‍ അബു മൂസബ് അല്‍-സര്‍ഖാവി തന്റെ തീവ്രവാദ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വളക്കൂറുള്ള മണ്ണ് കണ്ടെത്തി. അദ്ദേഹത്തിന്റെ മരണശേഷം അബൂബക്കര്‍ അല്‍-ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ രൂപപ്പെട്ടു. ഐ.എസിന് തഴച്ചുവളരാന്‍ സുന്നി-ഷിയാ സംഘര്‍ഷത്തിലൂടെയും ഇറാഖ് യുദ്ധം സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. സുന്നി-ഷിയാ പ്രശ്‌നം സദ്ദാമിന്റെ കാലത്തുതന്നെ ഉണ്ടായിരുന്നതാണ്. എന്നാല്‍, സുന്നിയായ സദ്ദാം പുറത്തായ ശേഷം ഭരണം ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗക്കാരുടെ കൈകളില്‍ എത്തിയതോടെ അത് ആളിക്കത്തി. ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സൗദിയുടെ ഇടപെടലുണ്ടായി. സുന്നി പ്രക്ഷോഭകര്‍ക്ക് സൗദി പിന്തുണ നല്‍കിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായി. നിലവില്‍ ഇറാഖില്‍ മോശമല്ലാത്ത ഒരു ഭരണ സംവിധാനമുണ്ട്. പക്ഷേ, വംശീയവും മതപരവുമായ ആഴത്തിലുള്ള വേര്‍തിരിവുകള്‍ ജനങ്ങള്‍ക്കിടയില്‍ വീണുകഴിഞ്ഞു. ഫലത്തില്‍, യുദ്ധം കൊണ്ട് ഒരു ക്രൂരനായ സ്വേച്ഛാധിപതിയെ ഒഴിവാക്കാനായി. പക്ഷേ, അതിലും മോശമായ അവസ്ഥയിലേക്ക് ആ രാജ്യത്തെ എടുത്തെറിയുകയാണ് യുദ്ധം ചെയ്തത്.
.jpg?$p=298ab5c&&q=0.8)
അമേരിക്ക എന്തുനേടി?
ലക്ഷക്കണക്കിന് ഇറാഖികള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഒരു യുദ്ധത്തിലൂടെ യു.എസും സഖ്യകക്ഷികളും എന്താണ് നേടിയതെന്ന് ഇന്നും പ്രസക്തമായ ചോദ്യമാണ്. സെപ്റ്റംബര്‍ 11-ന്റെ ഭീകരാക്രമണത്തിന് പിന്നില്‍ സദ്ദാം ഹുസൈനാണെന്നാണ് അമേരിക്കക്കാര്‍ വിശ്വസിച്ചിരുന്നത്. അതിനാല്‍ തന്നെ ഭൂരിഭാഗം അമേരിക്കക്കാരും ഇറാഖിനെ ആക്രമിക്കാനും സദ്ദാമിനെ താഴെയിറക്കാനുമുള്ള ബുഷിന്റെ പദ്ധതിയെ തുടക്കത്തില്‍ അനുകൂലിച്ചിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. കള്ളക്കഥകള്‍ പറഞ്ഞ് അമേരിക്ക ഇറാഖില്‍ നടത്തിയ അധിനിവേശം വലിയ അബദ്ധമായിരുന്നു. അമേരിക്കന്‍ ആക്രമണം ഇറാഖി സൈന്യത്തെ ഇല്ലാതാക്കുകയും ഇറാഖ് എന്ന രാഷ്ട്രത്തെ നശിപ്പിക്കുകയും ചെയ്തു. അതിന് പകരം സ്വന്തം നേതൃത്വത്തില്‍ അവിടെ പുതിയൊരു രാഷ്ട്രം കെട്ടിപ്പെടുക്കാനായിരുന്നു അമേരിക്കയുടെ ശ്രമം. ആ പദ്ധതി പരാജയപ്പെടുകയാണുണ്ടായത്. യുദ്ധം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ യുദ്ധം കൊണ്ട് പ്രതീക്ഷിക്കാത്ത ചില പരിണിതഫലങ്ങളുമുണ്ടായി. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും ഇടപെട്ട ലോകപോലീസെന്നു മീശ പിരിച്ചു നടന്നിരുന്ന അമേരിക്കയുടെ ഹുങ്ക് അവസാനിച്ചു.
യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തികമായും സൈനികമായും അമേരിക്ക വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇറാഖ് യുദ്ധത്തിനു വേണ്ടി ചെലവിട്ടത് ഒരു ലക്ഷം കോടിയിലേറെ ഡോളറാണ്. അഫ്ഗാന്‍ അധിനിവേശംകൂടി കണക്കിലെടുത്താല്‍ മൊത്തം ചെലവ് മൂന്നു ലക്ഷം കോടി ഡോളറോളം വരും. ഇറാഖില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള ഭരണകൂടം അധികാരത്തിലെത്തിയാല്‍ എണ്ണയും മറ്റു പ്രകൃതിവിഭവങ്ങളും ചൂഷണംചെയ്ത് നഷ്ടം നികത്താമെന്നാണ് അമേരിക്ക കണക്കുകൂട്ടിയത്. അത് അപ്പാടെ പിഴയ്ക്കുന്നതാണ് പില്‍ക്കാലത്ത് കണ്ടത്. തുടക്കത്തില്‍ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങള്‍ ഈ രാജ്യങ്ങളില്‍ അധികാരത്തിലുണ്ടായിരുന്നു.അവര്‍ക്കൊന്നും സ്ഥിരതയുള്ള ഭരണം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നതിനാല്‍തന്നെ കാര്യങ്ങളൊന്നും അമേരിക്ക വിചാരിച്ച രീതിയില്‍ നടപ്പായില്ല. ഇറാഖില്‍നിന്ന് എണ്ണ കടത്തിക്കൊണ്ടുപോകാമെന്ന അവരുടെ ഏറ്റവും വലിയ മോഹം നടന്നില്ല. മാത്രമല്ല, യുദ്ധാനന്തരം ക്രമസമാധാനപാലനം ഇറാഖിനെ ഏല്‍പ്പിച്ച് സ്വന്തം പട്ടാളക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍തന്നെ ഏറെ പണിപ്പെടേണ്ടിവന്നു യു.എസ്. ഭരണകൂടത്തിന്. യുദ്ധച്ചെലവുകള്‍ക്കൊപ്പം സമ്പദ് വ്യവസ്ഥ നേരിട്ട മറ്റ് പ്രശ്‌നങ്ങള്‍കൂടി വന്നതോടെ അമേരിക്ക ശരിക്കും പ്രശ്‌നത്തിലായി. വിയറ്റ്നാം യുദ്ധത്തിനു ശേഷം അമേരിക്ക കാണിച്ച ഏറ്റവും വലിയ അബദ്ധമായാണ് ഇറാഖ് അധിനിവേശം ഇന്നു വിലയിരുത്തപ്പെടുന്നത്.
യുദ്ധം ഇറാഖിനെ ഒരു പരാജിത രാഷ്ട്രമാക്കി മാറി. സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. യുദ്ധാനന്തരം ജനങ്ങള്‍ വംശീയമായും മതപരമായും വിഘടിച്ചു, തമ്മില്‍ തല്ലി. ചാവേറാക്രമണങ്ങള്‍ രാജ്യത്ത് പതിവായി. ലളിതമായി പറഞ്ഞാല്‍ അമേരിക്കയും ജോര്‍ജ് ബുഷും ഇറാഖിനെ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ഇന്ന് യുദ്ധത്തിന് രണ്ട് പതിറ്റാണ്ടിനു ശേഷവും അതിന്റെ ശേഷിപ്പുകളോട് പോരാട്ടം തുടരുകയാണ് ഇറാഖ്. ഇന്നത്തെ തലമുറയില്‍ വലിയൊരു വിഭാഗം സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം ജനിച്ചവരാണ്. അധിനിവേശത്തിന്റെ ശേഷിപ്പുകള്‍ കണ്ടാണ് അവര്‍ വളര്‍ന്നത്. ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ് ഇന്നവര്‍. യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിലും ഉണങ്ങാത്ത മുറിവുകള്‍ പക്ഷേ ഇറാഖി മനസുകളില്‍ അവശേഷിക്കുന്നുണ്ട്...
Content Highlights: 20 years after the US-led invasion of Iraq; Why it happened and how it transformed the world
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..