Photo | AP
ഒരു ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യത്തെ വനിത, പാകിസ്താനികള്‍ ബി.ബി. എന്ന് ഇഷ്ടത്തോടെ വിളിച്ചിരുന്ന, ബേനസീര്‍ ഭൂട്ടോയുടെ പതിനഞ്ചാം ഓര്മ വാർഷികമാണിന്ന്. 2007 ഡിസംബര്‍ 27-ന് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ, ചാവേര്‍ ആക്രമണത്തിലാണ് അവര്‍ കൊല്ലപ്പെടുന്നത്. ബിലാല്‍ എന്നു പേരുള്ള 15 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ചാവേറായി പ്രവര്‍ത്തിച്ചത്. പാക് താലിബാന് ബേനസീറിനെ വധിക്കാന്‍ ഈ കുട്ടിയെ ആയുധമാക്കുകയായിരുന്നു. 20 പേര് കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ നടുക്കുന്ന ആ ഓര്മയ്ക്കിന്ന് ഒന്നര പതിറ്റാണ്ട്.
.jpg?$p=fad68fb&&q=0.8)
പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍ ഭൂട്ടോ. രണ്ടു തവണ- 1988 മുതല്‍ 90 വരെയും 1993 മുതല്‍ 96 വരെയും- പാകിസ്താന് പ്രധാനമന്ത്രിയായി. 1980-കളുടെ തുടക്കം മുതല്‍ 2007-ല്‍ കൊല്ലപ്പെടുംവരെ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ മേധാവിയായിരുന്നു.
മൂന്നാം തവണയും പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലെത്താനിരിക്കേയാണ് അവര്‍ കൊല്ലപ്പെടുന്നത്. ഭൂട്ടോ കൊല്ലപ്പെട്ടതോടെ പാകിസ്താന് അക്ഷരാര്‍ഥത്തില്‍ കലാപകലുഷിതമായി. ഭൂട്ടോയുടെ അനുയായികള്‍ തെരുവിലിറങ്ങിയും തീ കത്തിച്ചും ഉപരോധങ്ങള്‍ സൃഷ്ടിച്ചും നിറഞ്ഞാടി.

പാക് ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകങ്ങളിലൊന്നായ ഈ കേസ് പക്ഷേ, ഇപ്പോഴും ലാഹോര്‍ ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഇക്കാലയളവിനിടയില്‍ നിരവധി ദേശീയ-അന്തര്‍ദേശീയ അന്വേഷണ ഏജന്‍സികള്‍ കേസന്വേഷിക്കാന്‍ മുന്നോട്ടുവന്നു. ആര്‍ക്കും പൂര്ത്തീകരണത്തിലെത്താനായില്ല. പോലീസിന്റെ ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം (ജെ.ഐ.ടി.), ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.), യുണൈറ്റഡ് നേഷന്‍സ്, സ്കോട്ട്ലന്‍ഡ് യാര്‍ഡ് എന്നീ അന്വേഷണ ഏജന്‍സികളെല്ലാം കൈവെച്ചിട്ടും അന്തിമമായ ഒരു ഫലപ്രാപ്തിയിലെത്താനായില്ല. ഭൂട്ടോ കുടുംബം കോടതിയില്‍ ഈ കേസുമായി മുന്നോട്ടു പോകാന്‍ തയ്യാറാവാത്തതും കേസിന്റെ ഇഴഞ്ഞുപോക്കിന് പ്രധാന കാരണമായി വിലയിരുത്തുന്നു.
കേസിലാകെ 16 പേരെയാണ് പ്രതികളായി ചേര്‍ത്തത്. ഇതില്‍ത്തന്നെ എട്ടുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ താലിബാന് കമാന്‍ഡര്‍ ബൈത്തുല്ല മഹ്സൂദ് ഒരു ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റു അഞ്ച് പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് ഇന്റലിജന്‍സ് വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പിന്നാലെ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചു.

തുടര്‍ന്ന് 2017-ല്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടുകൊണ്ട് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചു. ചാവേറായി പ്രവര്‍ത്തിച്ച ബിലാലിന് സഹായങ്ങള്‍ ചെയ്തവരായിരുന്നു ഇവര്‍. കേസില്‍ മുഷര്‍റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. തെളിവ് നശിപ്പിച്ചതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരായ സൗദ് അസീസ്, ഖുര്‍റം ഷെഹ്സാദ് എന്നിവര്‍ക്ക് 17 വര്‍ഷ ജയില്‍ ശിക്ഷയും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചെങ്കിലും ഇവര്‍ പുറത്തുവന്നു. എന്നു മാത്രമല്ല, അന്ന് എസ്.പി.യായിരുന്ന ഖുര്‍റം ഷഹ്സാദ് ഇന്ന് ഡി.ഐ.ജി.യാണ്.
കേസിലെ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരേയും രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ ഈ കേസില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെഡറല്‍ ഗവണ്മെന്റ് സീനിയര്‍ പ്രോസിക്യൂട്ടര്‍ ചൗധരി സുല്‍ഫിഖര്‍ അലിയും കൊല്ലപ്പെട്ടു.
ബേനസീറിന്റെ വേര്‍പാടിനു ശേഷം തിരഞ്ഞെടുപ്പില്‍ പി.പി.പി. അധികാരത്തില്‍ വന്നു. എന്നാല്‍ പാര്‍ട്ടിയുടെ അഞ്ചുവര്‍ഷ ഭരണത്തില്‍ കേസ് എവിടെയുമെത്തിക്കാനായില്ല. കേസ് ഇനി അധികം വൈകാതെ സുപ്രീം കോടതിയിലെത്തിയേക്കും.

Content Highlights: 15 years on, benazir murder still an unsolved mystery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..