.
'രാജ്യം ഒരു ജാതിക്കാരുടേയോ, മതക്കാരുടേയോ അല്ല. സകലജാതി മതസ്ഥന്മാര്‍ക്കും പൊതുവായിട്ടുള്ളതാണ് ജന്മഭൂമി. അവരവരുടെ അഭിപ്രായങ്ങളേയും വിശ്വാസങ്ങളേയും അന്യോന്യം ബഹുമാനിച്ച്, പൊതുമാതാവിന്റെ അഭിവൃദ്ധിക്ക് ഏകോപിച്ച് പ്രയത്നിക്കുന്നതിലാണ് രാജ്യത്തിന്റെ രക്ഷയും ശ്രേയസ്സും ഇരിക്കുന്നത്.
ഈ ബഹുമാനവും, ഐക്യതയും കൂടാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നതിന്നൊ, അതിന്നുശേഷം അതിനെ രക്ഷിച്ച് പോരുന്നതിന്നൊ നമുക്ക് സാധിക്കുന്നതല്ല. അതുകൊണ്ട് നാനാജാതി മതസ്ഥന്മാരുടെ ഇടയില്‍ യോജിപ്പ് വര്‍ദ്ധിപ്പിക്കുവാനും, അവരവരുടെ അഭിപ്രായങ്ങളെ അന്യോന്യം ബഹുമാനിക്കുവാനുമുള്ള വാസന പൂര്‍വ്വാധികം ഉണ്ടാക്കുവാനും ഞങ്ങള്‍ നിര്‍വ്യാജം ഉദ്യമിക്കുന്നതാകുന്നു'.

സ്വന്തം പ്രസ്താവനയിലൂടെ മാതൃഭൂമിയിലെ ആദ്യ മുഖപ്രസംഗത്തില്‍ കേശവമേനോന്‍ ഇങ്ങനെ എഴുതി. മാതൃഭൂമിയുടെ പിറവിയുടെ ചരിത്രത്തിന് നൂറുവര്‍ഷം തികയുമ്പോള്‍ മറ്റൊരു സുവര്‍ണനാഴികക്കല്ലുകൂടി പിന്നിടുകയാണ്. മാതൃഭൂമിയുടെ ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിന്റെ നൂറാം വാര്‍ഷികം.
1922-ല്‍ കെ.പി. കേശവമേനോനായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസ്താവനകളും ലഘുലേഖകളും പ്രസിദ്ധീകരിക്കുന്നതിന് അന്ന് നിലവിലുണ്ടായിരുന്ന പല പത്രങ്ങളും തയ്യാറായിരുന്നില്ല. സൈക്ലോസ്‌റ്റൈല്‍ യന്ത്രം വാങ്ങി അതില്‍ കോപ്പികളെടുത്ത് വിതരണം ചെയ്യുക പ്രാവര്‍ത്തികവുമായിരുന്നില്ല. സ്വന്തമായ പ്രസും പത്രവും അത്യാവശ്യമായി വന്ന സന്ദര്‍ഭം. പുതിയൊരു പത്രത്തിന് മാതൃഭൂമിയെന്ന പേര് കേശവമേനോന്‍ ആദ്യമായി കെ. മാധവന്‍ നായരുടെ സഹോദരനായ കേശവന്‍നായരോടാണ് പങ്കുവെച്ചത്.

പത്രം തുടങ്ങാന്‍വേണ്ട ഫണ്ട് സ്വരൂപിക്കാന്‍ ഷെയര്‍ പിരിക്കാന്‍ തീരുമാനമായി. 1922 ഫെബ്രുവരി 15-ന് ഒരു ഷെയറിന് അഞ്ചുരൂപ പ്രകാരം 20,000 ഷെയറുകളില്‍ ഒരുലക്ഷം രൂപ മൂലധനത്തോടെ മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി രജിസ്റ്റര്‍ചെയ്തു. മൂന്നുമാസത്തിനുശേഷം ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗം കൂടാന്‍ തീരുമാനമായി. മേയ് 28-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ചാലപ്പുറത്തുവെച്ച് കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ യോഗനടപടികള്‍ ആരംഭിച്ചു. കെ. മാധവന്‍ നായരെ കമ്പനിയുടെ ആദ്യ മാനേജിങ് ഡയറക്ടറായി അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുത്തു.
കേശവമേനോനെയും മാധവന്‍ നായരെയും കൂടാതെ കമ്പനിഡയറക്ടര്‍മാരായ ടി.വി. സുന്ദരയ്യര്‍, അമ്പലക്കാട്ട് കരുണാകര മേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, പി. അച്യുതന്‍, ഡോ. എ.ആര്‍. മേനോന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കമ്പനിയുടെ ഷെയറുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. അഞ്ചുരൂപപ്രകാരം ആദ്യത്തെ 50 ഷെയറുകള്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനാണ് നല്‍കിയത്. പിന്നീട് കെ. മാധവന്‍ നായര്‍ക്ക് മാനേജിങ് ഡയറക്ടറായി തുടരാന്‍ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം കേശവമേനോനാണ് ആ സ്ഥാനം നിലനിര്‍ത്തിയത്. മാധവന്‍ നായര്‍ മാനേജരുടെ പ്രവൃത്തികള്‍ തുടരുകയും ചെയ്തു. അടുത്ത ബോര്‍ഡ് യോഗം ചേരുന്നത് ഒക്ടോബര്‍ 31-നായിരുന്നു. നവംബര്‍ 13-ന് കൂടിയ യോഗത്തില്‍വെച്ച് കറുപ്പത്ത് കേശവമേനോന്‍ നടത്തിവന്നിരുന്ന എംപ്രസ് വിക്ടോറിയ പ്രസ് നില്‍ക്കുന്ന സ്ഥലവും കെട്ടിടവും അതിലെ ഉപകരണങ്ങളും മാതൃഭൂമിയുടെ പേരില്‍ വാങ്ങാന്‍ തീരുമാനമായി. പിന്നീട് മാതൃഭൂമിയുടെ പിറവി ഇന്ത്യാചരിത്രത്തിന്റെ ഭാഗവുമായി.
തയ്യാറാക്കിയത്: കെ.കെ.വിനോദ്കുമാര്‍
Content Highlights: 100 years of mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..