....


..

രഞ്ഞുകലങ്ങിയ കണ്ണുകള്‍... വിളര്‍ച്ച, വിഷാദം... മാസംതികയാതെ പ്രസവിച്ച് കുഞ്ഞ് നഷ്ടപ്പെട്ട എല്ലാ ആദിവാസി അമ്മമാരും കാഴ്ചയില്‍ ഒരുപോലെ... അരിവാള്‍ രോഗമില്ലാത്തവരിലും രക്തക്കുറവുമൂലം വിളര്‍ച്ചയുണ്ടായിട്ടുണ്ട്. പോഷകാഹാരക്കുറവാണ് ഇതിന് കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുമ്പോഴും എല്ലാ പോഷകവും ലഭിക്കുന്ന ധാന്യവിഭവങ്ങള്‍ ആദിവാസികള്‍ കൃഷിചെയ്യുന്നു. എന്നാല്‍, അവരില്‍ പലരും അവ ഉപയോഗിക്കുന്നില്ല. ഭക്ഷണമുള്‍പ്പെടെയുള്ളവയ്ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഇവര്‍ക്കായി ആവിഷ്‌കരിച്ചിട്ടുണ്ട്. പക്ഷേ, കൃത്യമായ ഏകോപനമില്ലാത്തതിനാല്‍ താളം തെറ്റുന്നു.

''ഗര്‍ഭിണികളെ സ്‌കാന്‍ ചെയ്യുമ്പോള്‍ അമ്മയില്‍നിന്ന് കുട്ടിയിലേക്കുള്ള രക്തം തിരിച്ച് ഒഴുകിത്തുടങ്ങുന്നതായി കാണും. പിന്നെ രണ്ടോ മൂന്നോ ദിവസമേ കുട്ടിക്ക് നില്‍ക്കാന്‍ കഴിയൂ. നാലാമത്തെദിവസം ജീവന്‍ നഷ്ടപ്പെടും. തിരിച്ചൊഴുകിയെന്ന് പറയുമ്പോള്‍ കുട്ടിയെ പുറത്താക്കാന്‍ അമ്മയുടെശരീരം തയ്യാറായെന്നാണ്. പോഷകാഹാരക്കുറവുകൊണ്ടാണ് ഏഴാംമാസത്തില്‍ത്തന്നെ ശരീരം ഇതിന് തയ്യാറാകുന്നത്. അപ്പോള്‍ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകമാത്രമേ നിര്‍വാഹമുള്ളൂ'' -അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. പ്രഭുദാസ് പറഞ്ഞു.

ജീവനെടുത്തത് ന്യുമോണിയ മുതല്‍ മസ്തിഷ്‌കാഘാതം വരെ

അട്ടപ്പാടി ഊരുകളിലെ നവജാത ശിശുമരണങ്ങള്‍ക്ക് കാരണമായി ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ന്യുമോണിയമുതല്‍ മസ്തിഷ്‌കാഘാതംവരെയുള്ള രോഗങ്ങള്‍. ഈ വര്‍ഷം മാസംതികയാതെ പ്രസവിച്ച ഏഴ് കുട്ടികളില്‍ ഭൂരിഭാഗത്തിനും ശ്വാസതടസ്സമായിരുന്നു ആദ്യം കണ്ടെത്തിയത്.

കുട്ടികളുടെ മരണകാരണം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ രണ്ടുകുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാനുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. രക്താര്‍ബുദത്തിന് ചികിത്സയിലിരുന്ന കുറുക്കത്തിക്കല്ലിലെ മൂന്നുമാസമായ കുട്ടിയുടെയും വെന്തവെട്ടിയിലെ രണ്ടുദിവസം പ്രായമുണ്ടായിരുന്ന കുട്ടിയുടെയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് കിട്ടാനുള്ളത്.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ സാന്നിധ്യം കുറയുന്ന അവസ്ഥയുണ്ടായാണ് മേലേ മുള്ളിയിലെ 13 ദിവസം പ്രായമുള്ള കുട്ടി മരിച്ചത്. മേലേ ആനവായിലെ അഞ്ചുദിവസം പ്രായമുള്ള കുട്ടിക്ക് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളായിരുന്നു. ചുണ്ടക്കുളം ഊരിലെ ആറുദിവസം പ്രായമുള്ള കുട്ടിക്ക് ഹൃദയസംബന്ധമായ തകരാറിനൊപ്പം മസ്തിഷ്‌കാഘാതവും വന്നു. തൂവയിലെ 42 ദിവസം പ്രായമുള്ള കുട്ടിക്ക് രക്തചംക്രമണത്തിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ശ്വസനസംബന്ധിയായും കുഴപ്പമുണ്ടായി. തുടര്‍ന്ന്, ന്യൂമോണിയയും പിടിപെടുകയായിരുന്നു. വീട്ടിയൂരിലെ മൂന്ന് ദിവസം പ്രായമായ കുട്ടിക്കും ന്യൂമോണിയ ബാധിച്ചിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസം പ്രായമായ കുട്ടിക്ക് തൂക്കം 2.26 കിലോഗ്രാം, അഞ്ചുദിവസം പ്രായമായ കുട്ടിക്ക് 1.930 കിലോഗ്രാം, ആറ്ുദിവസം പ്രായമായ കുട്ടിക്ക് 715 ഗ്രാം എന്നിങ്ങനെയാണ് തൂക്കമുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അമ്മമാരുടെ പോഷകക്കുറവിനെത്തുടര്‍ന്നാണ് ഗര്‍ഭസ്ഥശിശുക്കള്‍ക്കും പ്രശ്‌നങ്ങളുണ്ടായത്. പട്ടിണിയൊന്നും ഊരുനിവാസികള്‍ക്കില്ല.

എന്നാല്‍, ഗര്‍ഭിണികള്‍ക്കാവശ്യമായ പ്രോട്ടീനും മാംസ്യവുമൊന്നും ഇവരുടെ ഭക്ഷണത്തിലില്ല. മുട്ട, പാല്‍, മീന്‍, ഇറച്ചി ഇവയില്‍നിന്ന് കിട്ടുന്ന പോഷകങ്ങള്‍ ഇവര്‍ കഴിക്കുന്ന കിഴങ്ങുവര്‍ഗങ്ങളില്‍നിന്ന് കിട്ടുന്നില്ലെന്ന് അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. പ്രഭുദാസ് പറഞ്ഞു.

ഭക്ഷണരീതിയില്‍ മാറ്റംവന്നു

ആദിവാസി സമൂഹത്തിലെ പുതുതലമുറയുടെ ഭക്ഷണരീതിയില്‍ മാറ്റംവന്നിട്ടുണ്ട്. പലരും പഠനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പോയതോടെ അവരുടെ തനതുഭക്ഷണങ്ങളായ റാഗി പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ വിമുഖത കാണിക്കുന്നു. എന്നാല്‍, പ്രോട്ടീന്‍ അടങ്ങിയ മറ്റു ഭക്ഷണങ്ങളൊന്നു കഴിക്കില്ല. ഇതെല്ലാം ഊരില്‍ തിരിച്ചെത്തുമ്പോള്‍ ഇവരുടെ ആരോഗ്യ സ്ഥിതിയെ സാരമായി ബാധിക്കുന്നു.

മില്ലറ്റ്: സംസ്‌കരണ യൂണിറ്റില്ല

മില്ലറ്റ് പദ്ധതി തുടങ്ങിയെങ്കിലും ധാന്യങ്ങള്‍ സംസ്‌കരിച്ച് ഉപോത്പന്നങ്ങളാക്കി മാറ്റാന്‍ സംസ്‌കരണ കേന്ദ്രമില്ലാത്തത് വലിയ പോരായ്മയാണ്. റാഗി, ചാമ, തിന എന്നിങ്ങനെയുള്ള എല്ലാ മില്ലറ്റിലും പുറത്ത് ആവരണമുണ്ട്. അത് മാറ്റിയിട്ടേ ഭക്ഷിക്കാന്‍ കഴിയൂ. ഇതുവരെ പാരമ്പര്യരീതിയില്‍ കൈകൊണ്ട് കുത്തിയാണ് അരിയാക്കി അവര്‍ ഉപയോഗിച്ചത്. ഇപ്പോള്‍ ഉത്പാദനം കൂടിയിട്ടുണ്ട്.

മില്ലറ്റ് പദ്ധതിയിലൂടെ പരമ്പരാഗതരീതിയില്‍ എട്ടുതരം മില്ലറ്റുകളാണ് കൃഷിചെയ്യുന്നത്. റാഗി, ചാമ, തിന എന്നിങ്ങനെ മൂന്നെണ്ണത്തിനാണ് പ്രാധാന്യം. കുതിരവാലി, വരക്, കമ്പ്, മണിച്ചോളം, പനിവരക് എന്നിവയാണ് മറ്റുള്ളവ. മില്ലറ്റ് പദ്ധതിയില്‍ സംസ്‌കരണ കേന്ദ്രം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. അരി, പുട്ടുപൊടി പോലുള്ളവ ഉണ്ടാക്കാന്‍ കഴിയുന്ന സംസ്‌കരണകേന്ദ്രമാണ് അട്ടപ്പാടിയില്‍ യാഥാര്‍ഥ്യമാകുന്നത്. എട്ടുകോടിരൂപ വകയിരുത്തിയ മില്ലറ്റ് പദ്ധതി 2017-18ല്‍ 6.50 കോടിരൂപ ബജറ്റില്‍ തുടങ്ങിയതാണ്. അട്ടപ്പാടിയിലെ 192-ഊരുകളില്‍ കൃഷിവകുപ്പ് 70 ഊരുകളില്‍മാത്രമേ മില്ലറ്റ് ചെയ്യുന്നുള്ളൂ. കുറച്ച് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണംകൊടുക്കാനുണ്ട്. ഇത്തവണ 35 ഹെക്ടറില്‍ വിള ചെയ്തു. മില്ലറ്റ് മാത്രം 570 ഹെക്ടറുണ്ട്.

ചാമയില്‍ ഫോളിക് ആസിഡുണ്ട്

ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമായ ഫോളിക് ആസിഡ് ചാമയരിയില്‍നിന്ന് ധാരാളം ലഭിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ചാമയരിയുടെ ഭക്ഷണങ്ങള്‍ നല്‍കണം. ന്യൂഡില്‍സ്, പാസ്ത പോലുള്ള വിഭവങ്ങളെല്ലാം ഇതില്‍നിന്നുണ്ടാക്കാന്‍ കഴിയും.

ട്രൈബല്‍ ഹോസ്റ്റലില്‍ നിര്‍ബന്ധമായും ഒരുനേരം റാഗിയുള്‍പ്പെടുന്ന മില്ലറ്റ് ഭക്ഷണങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അട്ടപ്പാടി കൃഷി അസി. ഡയറക്ടര്‍ ആര്‍. ലത പറഞ്ഞു.

മത്സ്യക്കൃഷിയും ഡയറിഫാമും

സര്‍ക്കാര്‍ ആദിവാസിവിഭാഗത്തിനെ ഉള്‍പ്പെടുത്തി മത്സ്യക്കൃഷി തുടങ്ങിയാല്‍ ഊരുകളിലെ ഗര്‍ഭിണികള്‍ക്ക് ഭക്ഷണത്തില്‍ മത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയും. ഊരുകളിലുള്ളവര്‍ക്ക് നല്‍കിയശേഷം ബാക്കി പുറത്ത് വില്പന നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്താം. പശുക്കളെവളര്‍ത്തി ഗര്‍ഭിണികള്‍ക്ക് പാല്‍ നല്‍കാം. കോഴിയെ വളര്‍ത്തി മുട്ടയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മുട്ട കഴിക്കാറില്ലേയെന്ന് ചോദിക്കുമ്പോള്‍ കിട്ടാത്തതു കൊണ്ടാണെന്ന് ആദിവാസി ഗര്‍ഭിണികള്‍ മറുപടിനല്‍കാറുണ്ടെന്ന് ഡോ. ആര്‍. പ്രഭുദാസ് പറഞ്ഞു.

ഡോക്ടര്‍മാര്‍ക്ക് ഇടത്താവളം

ശിശുമരണം തുടരുന്ന അട്ടപ്പാടിയിലെ ആശുപത്രികള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇടത്താവളം. മൂന്നുവര്‍ഷം അട്ടപ്പാടിയില്‍ സേവനമനുഷ്ഠിച്ചാല്‍ പി.ജി. എന്‍ട്രന്‍സില്‍ 30 ശതമാനം മാര്‍ക്കാണ് കിട്ടുക. ദുര്‍ഘട മലയോരമേഖലയില്‍ സേവനമനുഷ്ഠിച്ചാലാണ് ഓരോ വര്‍ഷത്തെയും സേവനത്തിന് 10 ശതമാനം മാര്‍ക്ക് എന്‍ട്രന്‍സില്‍ ലഭിക്കുക. ഇത്തരത്തില്‍ 2013-ല്‍ ശിശുമരണവേളയില്‍ അട്ടപ്പാടിയിലെ ആശുപത്രികളിലെത്തിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ പി.ജി. ലഭിച്ച് കഴിഞ്ഞിട്ട് പിന്നീട് അട്ടപ്പാടിയിലേക്ക് സേവനമനുഷ്ഠിക്കാന്‍ വന്നിട്ടില്ല.

തുടര്‍ച്ചയായി ആദിവാസിശിശുക്കള്‍ മരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ഹൈക്കോടതി കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ചിട്ടുള്ള സീനിയര്‍ ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധന്റെയും സേവനം ആശുപത്രിയില്‍ വേണമെന്ന് ഉത്തരവിട്ടിരുന്നു. ശിശുമരണം തുടങ്ങിയ 2013 മുതല്‍ 2021 വരെയായിട്ടും സ്ഥിരം സംവിധാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. കോട്ടത്തറ ആശുപത്രിയില്‍ നിലവില്‍ ഗര്‍ഭിണികളെ സ്‌കാനിങ് നടത്തുന്നതിനായി സോണോളജിസ്റ്റില്ല. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റും ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധനെയും കണ്ണുഡോക്ടറെയും പുതൂരില്‍നിന്ന് അനസ്‌തേഷ്യ, ഓര്‍ത്തോ വിദഗ്ധരും കോട്ടത്തറ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞു,ലിഫ്റ്റില്ല

അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക വാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ ലക്ഷ്യ മാതൃകയില്‍ ലക്ഷ്യ പ്രസവമുറി, വീടില്ലാത്ത ആദിവാസികള്‍ക്ക് പ്രസവസമയംവരെ കഴിയാനുള്ള പ്രത്യേക മുറികള്‍ തുടങ്ങി വിവിധ പദ്ധതികളാണ് കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വിഭാവനംചെയ്തത്. മറ്റേതൊരു താലൂക്കാശുപത്രിയിലുള്ളതിനേക്കാള്‍ സൗകര്യങ്ങളുള്ള സ്ഥാപനമെന്ന് വരുംകാലങ്ങളില്‍ കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ ആരും സമ്മതിക്കും. ഇവയെല്ലാം ലക്ഷ്യത്തിലെത്താന്‍ ഇനിയും ഫണ്ട് വിനിയോഗിക്കണം. ഫണ്ട് വകയിരുത്തിയെങ്കിലും ഗഡുക്കള്‍ കിട്ടാനുണ്ട്.

അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രത്യേക വാര്‍ഡിന്റെ ഉദ്ഘാടനം കഴിഞ്ഞു. കട്ടിലും കിടക്കയുമുള്‍പ്പെടെ എല്ലാ സാധനങ്ങളു 32 ലക്ഷം രൂപ മുടക്കി വാങ്ങി സൂക്ഷിച്ചിട്ടുമുണ്ട്. പക്ഷേ, ലിഫ്റ്റ് സൗകര്യമില്ലാത്തതിനാല്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 15 ലക്ഷം രൂപ ലിഫ്റ്റുണ്ടാക്കാനും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പണി പാതിവഴിയിലാണ്.

കോവിഡ് ആശുപത്രിയാക്കി മാറ്റിയപ്പോള്‍ കട്ടിലും കിടക്കയുമുള്‍പ്പെടെ എല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. വീല്‍ചെയര്‍, കട്ടിലുകള്‍ എല്ലാം ഇപ്പോള്‍ വാര്‍ഡില്‍ കൂട്ടിയിട്ട നിലയിലാണ്. ഇതിനൊപ്പം, മാനസികനില തെറ്റിയവരെ പ്രത്യേകം ചികിത്സിക്കാന്‍ വാര്‍ഡും ഇതിനകത്തുണ്ട്.

ലക്ഷ്യ തുടങ്ങിയാല്‍ അമ്മയും കുഞ്ഞും വാര്‍ഡ് പോകും

പ്രസവവേദനയുമായെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം, തുടര്‍ന്ന് പ്രസവമുറിയിലേക്ക് മാറ്റുന്ന സ്ഥലം, ഐ.സി.യു. തുടങ്ങി വിവിധ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. ഇപ്പോള്‍ സജ്ജീകരിച്ച അമ്മയും കുഞ്ഞും വാര്‍ഡ് പുരുഷവാര്‍ഡാക്കി മാറ്റും. ലക്ഷ്യ മാതൃകയിലുള്ള പ്രസവമുറിയുടെ അടുത്തുള്ള ഇപ്പോഴത്തെ പുരുഷവാര്‍ഡ് അമ്മയും കുഞ്ഞുമുള്ള വാര്‍ഡാക്കി മാറ്റും.

പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയുടെ സഹകരണം

ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ വന്നാല്‍ മൂന്നുമണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിക്കണം. അതിന് ഏറ്റവും സജ്ജീകരണമുള്ള അടുത്തുള്ള സ്ഥാപനം പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയാണ്.

സര്‍ക്കാരാണ് സഹകരണ ആശുപത്രിയിലേക്ക് കോട്ടത്തറ ആശുപത്രിയിലെ രോഗികളെ മാറ്റുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവിടുത്തെ രോഗികള്‍ സഹകരണ ആശുപത്രിയിലെത്തുമ്പോള്‍ നല്ല രീതിയില്‍ പരിഗണിക്കുന്നു. അവിടുത്തെ ഫണ്ട് വിനിയോഗത്തിന്റെ കണക്കുകളെക്കുറിച്ചൊന്നും അറിയില്ലെന്ന് അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. പ്രഭുദാസ് പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കി

അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ അന്വേഷണം നടത്തുന്നതിനായി എത്തിയ ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കി. ശിശുമരണം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചത്. ആരോഗ്യവകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ ഡോ. പ്രീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച അട്ടപ്പാടിയില്‍ എത്തിയത്.

എന്‍.എച്ച്.എം. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി, എന്‍.എച്ച്.എം. മെറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. മനോജ്, പാലക്കാട് ഡി.പി.എം. ഡോ. റോഷ്, ഡി.എം.ഒ. ഡോ. റീത്ത, പാലക്കാട് ആര്‍.പി.സി.എച്ച്. ഡോ. അനിത എന്നിവരാണ് ശിശുമരണം നടന്ന ഊരുകളില്‍ രണ്ടുദിവസം സന്ദര്‍ശനം നടത്തിയത്.

അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്, ഡോ. ജൂഡ് തോംസണ്‍, ഡോ. യൂസഫ് എന്നിവരുമായി ആരോഗ്യസംഘം ചര്‍ച്ച നടത്തി.

വിശദമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറുമെന്ന് ആരോഗ്യസംഘം അറിയിച്ചു.

ദേശീയ പട്ടികവര്‍ഗ കമ്മിഷന് പരാതി

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികവര്‍ഗ കമ്മിഷന് സുപ്രീംകോടതി അഭിഭാഷകനായ ഷൈന്‍ ശശിധര്‍ പരാതി നല്‍കി.

പോഷകാഹാരക്കുറവുമൂലം ഈ വര്‍ഷം ഇതുവരെ ഒമ്പത് ശിശുമരണങ്ങളുണ്ടായെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കെങ്കിലും 14 കുഞ്ഞുങ്ങളെങ്കിലും മരിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം എട്ട് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 10 വര്‍ഷത്തിനിടെ 121 കുട്ടികള്‍ ഇവിടെ മരിച്ചിട്ടുണ്ട്. ശതകോടികള്‍ അട്ടപ്പാടിക്കായി ചെലവഴിക്കുമ്പോഴാണ് ഈ സാഹചര്യമെന്നും അടിയന്തര ഇടപെടല്‍ അട്ടപ്പാടിയില്‍ വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഫണ്ട് വകമാറ്റല്‍ പരാതി അടിസ്ഥാനരഹിതമെന്ന് എ.കെ. ബാലന്‍

അട്ടപ്പാടിയില്‍ പട്ടികവര്‍ഗവകുപ്പ് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ആരോപണമുന്നയിച്ചവര്‍ പൊതുജനങ്ങളോട് മാപ്പുപറയണമെന്നും മുന്‍മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണവകുപ്പ് ഫണ്ടുപയോഗിച്ച് 12.5 കോടിരൂപയുടെ പ്രത്യേക ചികിത്സാപദ്ധതി തയ്യാറാക്കിയാണ് ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് നല്‍കിയത്. അത് സഹകരണവകുപ്പാണ് നല്‍കിയത്.

പത്തുപൈസപോലും പട്ടികവര്‍ഗവകുപ്പിന്റേത് നല്‍കിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ട്.

ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി ഉയര്‍ത്തിയാലാണ് റേഡിയോളജിസ്റ്റിന്റെ ഉള്‍പ്പെടെ സേവനം ലഭ്യമാക്കാനാവൂ. പുതിയ തസ്തിക സൃഷ്ടിക്കുന്നതിനുള്‍പ്പെടെ നിലവില്‍ ആരോഗ്യവകുപ്പ് ഇടപെടല്‍ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented