സൈന്യത്തിന് ആയുധങ്ങൾ വാങ്ങാൻ സർക്കാരിന് പുതിയ പദ്ധതിയോ, വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: വാട്‌സാപ്പ് & ഫേസ്ബുക്ക്

ന്ത്യൻ ആർമിക്ക് വേണ്ടി മോദി സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു എന്ന വിവരവുമായി ഒരു സന്ദേശം വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. യുദ്ധത്തിൽ അപകടം സംഭവിച്ചവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനും, ആയുധങ്ങൾ വാങ്ങുന്നതിനും ഫണ്ട് തുടങ്ങിയതായി സന്ദേശത്തിൽ പറയുന്നു. ഇതിനായി സർക്കാർ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ സംഭാവന നൽകണമെന്ന അഭ്യർത്ഥനയോടെയാണ് സന്ദേശം അവസാനിക്കുന്നത്.

പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

ഈ സന്ദേശത്തിൽ പറയുന്ന സൈനിക ഫണ്ടും അതു സംബന്ധിച്ച ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും യഥാർത്ഥമാണോ? വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ഇന്ത്യൻ ആർമിയിലേക്ക് ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഈ ഫണ്ട് ഉപയോഗിക്കുന്നതെന്ന് സന്ദേശത്തിൽ പറയുന്നു. CISF, CRPF, ITBP, BSF, NSG, AR, SSG എന്നീ സായുധസേനകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതാണെന്ന് ഒപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ 70% ഒരു രൂപവച്ച് ഈ ഫണ്ടിലേക്ക് സംഭാവന ചെയ്താൽ പാകിസ്ഥാന്റെ മൊത്തം പ്രതിരോധ ചെലവിന് തുല്യമാകും എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇങ്ങനെ ചെയ്താൽ ഇന്ത്യയെ ഒരു മഹാശക്തിയാക്കി മാറ്റാം എന്നതാണ് സന്ദേശത്തിന്റെ ആശയം.

ഇപ്പോൾ പ്രചരിക്കുന്ന സന്ദേശം ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ മുൻ വർഷങ്ങളിലും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.

2019-20ലെ ചില പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

സന്ദേശത്തിൽ നൽകിയിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അക്കൗണ്ടിന്റെ പേര് 'ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റീസ്' എന്നാണ്. സെർച്ച് ടൂളുകൾ ഉപയോ?ഗിച്ച് പ്രസ്തുത അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റീസിനെ കുറിച്ച് വെബ്‌സൈറ്റിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യൻ ആർമിയുടെ സൈറ്റ്: https://indianarmy.nic.in/Site/FormTemplete/frmTempSimple.aspx?MnId=WQsm+J+/8LMJpdmnQRzxyg==&ParentID=GfO4q+wuwoIOQmkacsVTlA==

കൂടാതെ, പ്രസ്തുത ഫണ്ടിനെക്കുറിച്ച്, 2016 ഒക്‌റ്റോബർ 17-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പ്രസിദ്ധീകരിച്ച പത്ര പ്രസ്താവനയും കണ്ടെത്തി: https://pib.gov.in/newsite/PrintRelease.aspx?relid=151736

ഇവ പരിശോധിച്ചപ്പോൾ സന്ദേശത്തിൽ നൽകിയിട്ടുള്ള ഫണ്ടും അക്കൗണ്ട് നമ്പറും യഥാർത്ഥത്തിലുള്ളതാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ, സന്ദേശത്തിലെ വിവരങ്ങൾ പൂർണ്ണമായും ശരിയല്ല.

2016 ഫെബ്രുവരിയിൽ സിയാച്ചിനിൽ 10 സൈനികർ ഹിമപാതത്തിൽ മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ ധാരാളം ആളുകളും സംഘടനകളും താൽപര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, അത്തരം സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും സംഭാവനകൾ ഒരു പ്രത്യേക ഫണ്ടിലൂടെ സ്വീകരിക്കാമെന്ന് സർക്കാർ തീരുമാനിച്ചു. ഇതിനായി ആർമി വിമുക്തഭടന്മാരുടെ ക്ഷേമ വകുപ്പിന്റെ (Ex-Servicemen Welfare-ESW) കീഴിൽ 'ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റീസ്' (AWFBC) എന്ന അക്കൗണ്ട് ആരംഭിച്ചു.

പ്രചരിക്കുന്ന പോലെ ഇതൊരു പുതിയ പദ്ധതിയല്ല. 2016-ലാണ് ഈ ഫണ്ട് രൂപീകരിച്ചത്. ആയുധം വാങ്ങാൻ പ്രസ്തുത ഫണ്ട് ഉപയോഗിക്കുന്നു എന്നതും തെറ്റായ വിവരമാണ്. സൈന്യത്തിലേക്ക് ആയുധം വാങ്ങാനല്ല ഈ ഫണ്ട് ഉപയോഗിക്കുന്നത്. സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന കാലയളവിൽ പരിക്ക് പറ്റി തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സൈനികർക്ക് സഹായം നൽകുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. കൂടാതെ, സേനയിലിരിക്കെ ജീവൻ നഷ്ടമായ സൈനികരുടെ വിധവകൾക്കും അടുത്ത ബന്ധുക്കൾക്കും ആശ്രിതർക്കും സാമ്പത്തിക സഹായം നൽകുന്നതിനും പ്രസ്തുത ഫണ്ട് ഉപയോഗിക്കുന്നു.

ഫണ്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആർമി അധികൃതർ (അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ- ADGPI) 2016 സെപ്തംബറിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ശേഷം, ഈ അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ടോ എന്നറിയാനും മറ്റു വിവരങ്ങൾക്കുമായി സെറിമോണിയൽ & വെൽഫെയർ ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെട്ടു. ഈ ഫണ്ട് ഇപ്പോഴും നിലവിലുണ്ട് എന്നവർ അറിയിച്ചു. എന്നാൽ ഫണ്ടിന്റെ പേര് മാറ്റിയിട്ടുണ്ട്. 2020 മേയ് 16 മുതൽ 'ആർമ്ഡ് ഫോർസസ് ബാറ്റിൽ കാഷ്വാലിറ്റീസ് വെൽഫെയർ ഫണ്ട്' (AFBCWF) എന്നാണ് ഈ ഫണ്ട് അറിയപ്പെടുന്നത്. പദ്ധതി തുടങ്ങിയ സമയത്ത് ആനുകൂല്യങ്ങൾ നൽകുന്നത് സൈന്യത്തിലേക്ക് മാത്രം നിജപ്പെടുത്തിയിരുന്നു. 2020 മുതലാണ് നാവികസേനയ്ക്കും വ്യോമസേനയ്ക്കും കൂടി ഈ ഫണ്ടിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത്.

കേന്ദ്ര സായുധ സേനകൾക്ക് ഈ ഫണ്ടിന്റെ ആനുകൂല്യം നൽകുന്നില്ലെന്നും അവർ പ്രതികരിച്ചു. കേന്ദ്ര സായുധ സേനകൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണുള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന കരസേന, നാവികസേന വ്യോമസേന എന്നീ വിഭാഗങ്ങളിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഈ ഫണ്ട് ലഭ്യമാവുക.

അക്കൗണ്ട് ആരംഭിച്ച സിൻഡിക്കേറ്റ് ബാങ്കിനെ കാനറാ ബാങ്ക് ഏറ്റെടുത്തതിന് ശേഷം, അതിപ്പോൾ കാനറാ ബാങ്ക് ആണെന്നതാണ് വേറെയൊരു മാറ്റം. അക്കൗണ്ട് നമ്പറിൽ മാറ്റമില്ലെങ്കിലും ഫണ്ടിന്റെ പേര്, ബാങ്കിന്റെ പേര്, ഐ.എഫ്എസ്.സി. (IFSC) കോഡ് എന്നിവയ്ക്ക് മാറ്റമുണ്ട്.

ഫണ്ട് സംബന്ധിച്ച് നിലവിലെ മുഴുവൻ വിവരങ്ങൾ | കടപ്പാട്: indianarmy.nic.in

കൂടാതെ, SSG (Special Service Group) എന്ന് സന്ദേശത്തിൽ പറഞ്ഞിട്ടുള്ള വിഭാ?ഗം ഇന്ത്യൻ സേനയുടെ ഭാഗമല്ല. അത് പാകിസ്താൻ സേനയുടെ ഭാഗമാണ്. ഇന്ത്യയ്ക്കുള്ളത് 'സായുധ അതിർത്തി സേന' അഥവ 'സശസ്ത്ര സീമാ ബൽ' (SSB) ആണ്.

വാസ്തവം

ഇന്ത്യൻ ആർമിക്ക് വേണ്ടി മോദി സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു എന്ന വിവരങ്ങളുമായി വാട്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശം പൂർണ്ണമായും ശരിയല്ല. സന്ദേശത്തിൽ നൽകിയിട്ടുള്ള ഫണ്ട് 2016-ൽ തുടങ്ങിയതാണ്. 'ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റീസ്' (AWFBC) എന്ന പേരിൽ ആരംഭിച്ച ഈ ഫണ്ട് ഇപ്പോൾ അറിയപ്പെടുന്നത് 'ആർമ്ഡ് ഫോഴ്‌സസ് ബാറ്റിൽ കാഷ്വാലിറ്റീസ് വെൽഫെയർ ഫണ്ട്' (AFBCWF) എന്നാണ്.

പ്രചരിക്കുന്ന പോലെ ആയുധങ്ങൾ വാങ്ങാനല്ല ഇതിലെ തുക ഉപയോ?ഗിക്കുന്നത്. മറിച്ച്, പരിക്ക് പറ്റുകയോ മരിക്കുകയോ ചെയ്ത സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലെ അംഗങ്ങൾക്കാണ് ഈ ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുക. കേന്ദ്ര സായുധ സേനകൾക്ക് ഇത് ബാധകമല്ല. പ്രചരിക്കുന്ന സന്ദേശത്തിലെ ബാങ്ക് വിവരങ്ങളിലും മാറ്റമുണ്ട്.

Content Highlights: Indian Military Forces, Government of India, Arms, Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022

More from this section
Most Commented