പ്രചരിക്കുന്ന പോസ്റ്ററുകളും സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും | കടപ്പാട്: ഫേസ്ബുക്ക്, ട്വിറ്റർ
രക്താർബുദം പൂർണമായി ഭേദമാക്കാനുള്ള പുതിയ മരുന്ന് കണ്ടുപിടിച്ചു എന്നൊരു സന്ദേശം വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഈ മരുന്ന് സൗജന്യമായി നൽകുന്നു എന്നും ഈ സന്ദേശത്തിൽ പറയുന്നു.

ഈ സന്ദേശത്തിന്റെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
'Imitinef Mercilet' എന്നാണ് രക്താർബുദം പൂർണമായും ഭേദമാക്കാൻ കണ്ടുപിടിച്ച പുതിയ മരുന്നിന്റെ പേര് എന്നാണ് സന്ദേശത്തിൽ. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഈ മരുന്ന് സൗജന്യമായി നൽകുന്നുണ്ട് എന്നും സന്ദേശത്തിൽ പറയുന്നു. ഇതിനായി ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറുകളും സന്ദേശത്തിൽ നൽകിയിട്ടുണ്ട്.
കീവേർഡുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ 2010 മുതൽ പ്രസ്തുത സന്ദേശത്തിലെ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. പൂനെയിലുള്ള യശോദ ഹെമറ്റോളജി ക്ലിനിക്കിന്റെ പേരിലും ഈ സന്ദേശം പ്രചരിച്ചിരുന്നു.

അന്വേഷണത്തിൽ, സന്ദേശത്തിൽ നൽകിയിട്ടുള്ള വിലാസവും ഫോൺ നമ്പറുകളും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ, Imitinef Mercilet എന്ന മരുന്നിനെ കുറിച്ച് പരിശോധിച്ചപ്പോൾ അങ്ങനെയൊരു മരുന്ന് നിലവിലില്ല എന്ന് കണ്ടെത്തി. ഇത്തരത്തിൽ പുതിയ ഒരു മരുന്ന് വികസിപ്പിച്ചെടുത്തത് സംബന്ധിച്ച വാർത്തകളോ റിപ്പോർട്ടുകളോ ലഭ്യമല്ല. ഇത് സംബന്ധിച്ച വിവരങ്ങൾക്കായി അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറുമായി ബന്ധപ്പെട്ടപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ശേഷം, ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് പരിശോധിച്ചതിൽനിന്ന് 2014 മാർച്ച് 20-ന് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു അറിയിപ്പ് കണ്ടെത്തി. ഈ അറിയിപ്പിൽ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പറയുന്നുണ്ട്. 'imatinib mesylate'എന്ന മരുന്നിന്റെ പേര് ഒരു പക്ഷേ തെറ്റി എഴുതിയതാകാം എന്നും ഇതിൽ പറയുന്നു. യഥാർഥത്തിൽ ക്രോണിക് മൈലോയ്ഡ് ലുക്കീമിയ (രhronic myeloid leukemia) എന്നയിനം ബ്ലഡ് കാൻസറിന്റെ ചികിത്സയ്ക്കായി ഉപയോ?ഗിക്കുന്ന മരുന്നാണിത്. ഇന്ത്യയിലെ പ്രധാനപ്പെട്ട കാൻസർ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി അവിടുത്തെ സി.എം.എൽ. (chronic myeloid leukemia) പേഷ്യന്റ് കോർഡിനേറ്ററുമായി സംസാരിച്ചു. ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്നയിനം രക്താർബുദ ചികിത്സയ്ക്ക് ഇരുപത്തിയഞ്ചോളം വർഷങ്ങളായി ഉപയോഗിച്ചു വരുന്ന മരുന്നാണ് imatinib mesylate. ഇത് പുതിയ മരുന്നല്ല എന്നും വിവിധ കമ്പനികൾ പ്രസ്തുത മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. വ്യാജവിവരങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നും അവർ കൂട്ടിചേർത്തു.

ഏതെങ്കിലും കാലഘട്ടത്തിൽ പ്രസ്തുത മരുന്ന് സൗജന്യമായി നൽകിയിരുന്നോ എന്ന് അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പി.ആർ.ഒയോട് അന്വേഷിച്ചു. അപ്പോൾ, മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയ സമയത്ത് നൽകിയിരുന്നു എന്നാൽ, അതിന്റെ കൃത്യമായ തീയതി ഓർമ്മയില്ലെന്നും അവർ പറഞ്ഞു.
കൂടാതെ, സന്ദേശത്തിലെ പോലെ വരുന്ന എല്ലാ രോഗികൾക്കും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയോ മരുന്നോ സൗജന്യമല്ല. ചികിത്സാ ചെലവുകൾ വഹിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ചികിത്സാ സഹായത്തിന് അർഹതയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ആശുപത്രിയിൽനിന്ന് സൗജന്യ സേവനം ലഭിക്കുന്നതാണ്. സാമ്പത്തിക സഹായം നൽകുന്ന ഫൗണ്ടേഷനുകളാണ് ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കുക. ലഭ്യമായ ഗവൺമെന്റ് ഫണ്ടുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട് എന്നും ആശുപത്രി അധികൃതർ പങ്കുവെച്ചു.

വ്യാജപ്രചാരണങ്ങൾക്കെതിരെ മുൻ വർഷങ്ങളിൽ ഡോക്ടർമാർ പ്രതികരിച്ചിട്ടുണ്ട്. 2015-ലും 2021-ലും ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തകളുടെ ലിങ്ക്:

വാസ്തവം
ചെന്നൈയിലെ അടയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രക്താർബുദം പൂർണമായും ഭേദമാക്കാനുള്ള മരുന്ന് സൗജന്യമായി നൽകുന്നുവെന്ന പ്രചാരണം വ്യാജമാണ്. Imitinef Mercilet എന്നൊരു മരുന്നില്ല. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എല്ലാവർക്കും കാൻസറിന്റെ മരുന്ന് സൗജന്യമായും നൽകുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..