അപ്ഹീലിയനും രോഗസാധ്യതയും; പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലെ നിൽക്കുന്ന സമയമായ അപ്ഹീലിയനുമായി ബന്ധപ്പെട്ട് ഒരു സന്ദേശം വാട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ജൂലൈ മുതൽ ഓഗസ്റ്റ് 22 വരെ തണുപ്പ് വളരെ കൂടുതലായിരിക്കുമെന്നും ഇതിനെ അപ്ഹീലിയൻ പ്രതിഭാസമെന്നാണ് വിളിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. ഈ സമയത്ത് ഭൂമി സൂര്യനിൽനിന്നു വളരെ അകലെയായിരിക്കുമെന്നും അതിനാലാണ് താപനില കുറയുന്നതെന്നുമാണ് അവകാശവാദം.

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവ്യത്യാസം കാണിക്കുന്ന ഒരു കണക്കും സന്ദേശത്തിലുണ്ട്. ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരം '5 പ്രകാശ മിനിറ്റ് അല്ലെങ്കിൽ 90,000,000 കി.മീ' ആണെന്നും അപ്ഹീലിയൻ സമയത്ത് ഈ ദൂരം 152,000,000 കി.മീ ആയി കൂടുമെന്നുമാണ് പറയുന്നത്. സാധാരണ ദൂരത്തേക്കാൾ 66% കൂടുതലാണ് ഈ ദൂരം എന്നും പറയുന്നു. അപ്ഹീലിയൻ സമയത്ത് തണുപ്പുള്ളതിനാൽ പനി, ചുമ പോലുള്ള രോഗങ്ങൾ വരാതെ സൂക്ഷിക്കാനുള്ള മുന്നറിയിപ്പ് എന്ന മട്ടിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

സ്‌കൂൾ കാലത്തെ ജോഗ്രഫി പാഠപുസ്തകത്തിൽ പലരും കണ്ടിട്ടുള്ളതും പഠിച്ചതുമായ ഒരു വാക്കാണ് അപ്ഹീലിയൻ. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപ്ഹീലിയൻ എന്ന് പറയുന്നത്. അല്ലാതെ ഒരു മാസത്തോളം ദൈർഘ്യമുള്ള പ്രതിഭാസമല്ല. ജൂലൈ ആദ്യ ആഴ്ചയിലായിരിക്കും സൂര്യനിൽനിന്നു ഭൂമി ഏറ്റവും അകലെ എത്തുന്നത് (ഇത്തവണ അത് ജൂലൈ നാലിനായിരുന്നു). 'അപസൗരം' എന്നാണ് മലയാളത്തിൽ ഇത് അറിയപ്പെടുന്നത്. അങ്ങനെ, അപ്ഹീലിയനെക്കുറിച്ച് സന്ദേശത്തിൽ നൽകിയിരിക്കുന്ന വിവരണം തെറ്റാണെന്ന് കണ്ടെത്തി.

ഭൂമിക്കും സൂര്യനുമിടയിലുള്ള ദൂരത്തിന്റെ കണക്കുകളാണ് അടുത്തതായി പരിശോധിച്ചത്. സന്ദേശത്തിലുള്ള കണക്കുകൾ തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഭൂമിക്കും സൂര്യനുമിടയിൽ അഞ്ച് പ്രകാശമിനിറ്റ് അഥവാ 90,000,000 കിലോ മീറ്റർ ദൂരമുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. വാസ്തവത്തിൽ ഭൂമിയിൽനിന്നു സൂര്യനിലേക്കുള്ള ശരാശരി ദൂരം 8.3 പ്രകാശമിനിറ്റാണ്, അതായത് 149.6 ദശലക്ഷം (149,600,000) കിലോ മീറ്റർ. അപ്ഹീലിയൻ സമയത്ത് ഇത് 152.1 ദശലക്ഷം (152,100,000) കിലോ മീറ്ററായിരിക്കും.

ഇതുപോലെ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഭ്രമണപഥത്തിലെ സ്ഥാനമാണ് പെരിഹീലിയൻ(ഉപസൗരം). ജനുവരി മാസത്തിലാണ് ഇത് സംഭവിക്കുന്നത്. അന്നേ ദിവസം രണ്ടിനുമിടയിലെ ദൂരം 147.1 ദശലക്ഷം (147,100,000) കിലോ മീറ്ററായി കുറയും.

ഭൂമിയുടെ ഭ്രമണപഥം

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം കൂടി നിൽക്കുന്ന ജൂലൈയിൽ ഉത്തരാർദ്ധഗോളത്തിൽ വേനലാണ്, ദൂരം കുറഞ്ഞു നിൽക്കുന്ന ജനുവരി തണുപ്പുകാലവും. പ്രചരിക്കുന്ന സന്ദേശത്തിലെ യുക്തി അനുസരിച്ച് അങ്ങനെയല്ല സംഭവിക്കേണ്ടത്. അതിനാൽ, ഈ ദൂരവ്യത്യാസങ്ങൾ ഭൂമിയിലെ താപവ്യതിയാനങ്ങൾക്ക് കാരണമാകുമോ എന്നറിയാനായി തിരുവനന്തപുരം ഐ.ഐ.എസ്.ടിയിലെ അധ്യാപകനായ ആനന്ദ് നാരായണനുമായി ബന്ധപ്പെട്ടു.

പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിക്കും സൂര്യനുമിടയിലെ ശരാശരി ദൂരവും അപ്ഹീലിയൻ സമയത്തെ ദൂരവും തമ്മിലുള്ള വ്യത്യാസം വെറും 1.0339 ശതമാനമാണ് (പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് 66% എന്നാണ്). അതുകൊണ്ട് തന്നെ ഭൂമിയുടെ കാലാവസ്ഥയ്ക്ക് മേൽ ഇത് കാര്യമായ സ്വാധീനം ചെലുത്തില്ല. ഭൂമിയുടെ അച്ചുതണ്ടിലുള്ള ചെരിവും പ്രാദേശിക ഘടകങ്ങളുമാണ് നമ്മുടെ കാലാവസ്ഥയിലും താപനിലയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അപ്ഹീലിയൻ കാലാവസ്ഥയെ ബാധിക്കുമോ എന്ന സംശയങ്ങൾക്ക് മറുപടിയായി നാസ, അമേരിക്കയിലെ സതേൺ മെയിൻ സർവകലാശാല എന്നിവർ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ വസ്തുതകൾ തന്നെയാണ് അവയിലും വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെ അപ്ഹീലിയൻ കാരണം താപനില കുറയുകയും തന്മൂലം രാഗങ്ങളുണ്ടാവുകയും ചെയ്യുമെന്ന വാദം തെറ്റാണെന്ന് സ്ഥിരീകരിച്ചു.

നാസാ ലേഖനത്തിന്റെ ലിങ്ക്: https://science.nasa.gov/science-news/science-at-nasa/2001/ast03jul_1

സതേൺ മെയിൻ സർവകലാശാലയുടെ ലേഖനത്തിന്റെ ലിങ്ക്: https://usm.maine.edu/planet/how-much-does-aphelion-affect-our-weather-were-aphelion-summer-would-our-summers-be-warmer-if

കൂടുതൽ വായനയ്ക്കായി ഇതുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങളുടെ ലിങ്കുകൾ:

https://www.space.com/17081-how-far-is-earth-from-the-sun.html

https://www.space.com/aphelion-july-2022

വാസ്തവം

അപ്ഹീലിയൻ കാരണം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തണുപ്പ് കൂടുമെന്നും അതിനാൽ രോഗങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും തരത്തിൽ പ്രചരിക്കുന്ന സന്ദേശത്തിലെ വിവരങ്ങൾ തെറ്റാണ്. ഭൂമി അതിന്റെ ഭ്രമണപഥത്തിൽ സൂര്യനിൽനിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന സ്ഥാനമാണ് അപ്ഹീലിയൻ. ഭൂമിയിലെ കാലാവസ്ഥയിലോ താപനിലയിലോ സ്വാധീനം ചെലുത്താൻ സാധിക്കുന്ന തരത്തിലുള്ള അത്രയും അകലെയല്ല ഈ സ്ഥാനം. ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവും പ്രാദേശിക ഘടകങ്ങളുമാണ് കാലാവസ്ഥയിലും താപനിലയിലും മാറ്റങ്ങളുണ്ടാക്കുന്നത്. അതിനാൽ, രോഗങ്ങൾ ഉണ്ടാകുന്നതിനും അപ്ഹീലിയൻ കാരണമാകില്ല.

Content Highlights: Sun, Earth, Distance, Aphelion, Diseases, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented