ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | Screengrab: twitter.com/Radhika_Khera/status/1165270401796063232
കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട്ടിൽനിന്നുള്ള ലോക്സഭ എം.പിയുമായ രാഹുൽ ഗാന്ധിയെ ശകാരിക്കുന്ന ഒരു കാശ്മീരി സ്ത്രീയുടെ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള കശ്മീരി പണ്ഡിറ്റുകൾ രാഹുൽ ഗാന്ധി കശ്മീർ വിഷയത്തിൽ സ്വീകരിച്ച നിലപാട് ചോദ്യം ചെയ്യുന്നു എന്ന തരത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രചരിക്കുന്ന പ്രസ്തുത ട്വീറ്റുകൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം
ഇംഗ്ലീഷിലും മലയാളത്തിലും പ്രചരിക്കുന്ന ട്വീറ്റുകളിൽ പറയുന്നതിങ്ങനെ: 'രാഹുൽ ഗാന്ധി എന്തിനാണ് കശ്മീർ വിഷയത്തിൽ മോദിയെ എതിർക്കുന്നതെന്ന് വിദേശത്തെ കശ്മീരി ഹിന്ദുക്കൾ ചോദിക്കുന്നു.' ഒരു സ്ത്രീ വിമാനയാത്രയ്ക്കിടെ രാഹുൽ ഗാന്ധിയോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്ന ട്വീറ്റുകളിൽ കാണാം.
കീവേഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ദൃശ്യങ്ങൾ സംബന്ധിക്കുന്ന വാർത്തകൾ കണ്ടെത്തി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം 2019 ഓഗസ്റ്റ് അഞ്ചാം തിയതി കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ നടപടിയെ തുടർന്ന് പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മുവിലെത്തിയിരുന്നു. എന്നാൽ കാശ്മീർ ഭരണകൂടം അവർക്ക് പ്രവേശനാനുമതി നിഷേധിക്കുകയും അവരോട് തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കശ്മീരിൽനിന്നുള്ള ഒരു സ്ത്രീ സമീപിക്കുകയും സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ അവർ ബുദ്ധിമുട്ടുകയാണെന്നും അറിയിച്ചു. അവരുടെ വാക്കുകൾ ഇങ്ങനെ: 'ഞങ്ങളുടെ കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. എന്റെ സഹോദരൻ ഹൃദ്രോഗിയാണ്. കഴിഞ്ഞ 10 ദിവസമായി അദ്ദേഹത്തിന് സ്ഥിതി മോശമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോക്ടറെ കാണാനും കഴിയുന്നില്ല. ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ്.' ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ തെറ്റായ വിവരങ്ങളോടെ പ്രചരിക്കുന്നത്.
അന്ന് രാഹുൽ ഗാന്ധിയോടൊപ്പം അനുഗമിച്ച കോൺഗ്രസ് പ്രവർത്തകയായ രാധിക ഖേരയാണ് ഈ ദൃശ്യങ്ങൾ ആദ്യമായി ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്. 'കശ്മീരിന്റെ വേദന കേൾക്കു..' എന്ന തലക്കെട്ടോടെയാണ് ഈ ദൃശ്യങ്ങൾ രാധിക ട്വീറ്റ് ചെയ്തത്.
വാസ്തവം
കശ്മീർ വിഷയത്തിൽ മോദിയെ വിമർശിച്ചതിനെതിരെ കശ്മീരി പണ്ഡിറ്റുകൾ രാഹുൽ ഗാന്ധിയെ ശകാരിക്കുന്നു എന്ന തരത്തിൽ ട്വിറ്ററിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് അനിശ്ചിതകാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ അഭിമുഖികരിച്ചിരുന്ന പ്രശ്നങ്ങൾ ഒരു കശ്മീരി സ്ത്രീ രാഹുൽ ഗാന്ധിയോടും മറ്റ് പ്രതിപക്ഷ നേതാക്കളോടും പറയുന്നതാണ് പ്രസ്തുത ദൃശ്യങ്ങളിൽ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും തെറ്റായ വാദങ്ങളോടെ പ്രചരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..