
പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം
ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ്. ഓഫീസറും പോണ്ടിച്ചേരി മുൻ ലഫ്. ഗവർണറുമായിരുന്ന കിരൺ ബേദിയുടെ ഒരു ട്വീറ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. സമുദ്രത്തിൽനിന്നു കുതിച്ചുയർന്ന് ഹെലികോപ്റ്ററിനെ വിഴുങ്ങുന്ന ഭീകര ജീവിയുടെ ദൃശ്യമാണ് വൈറലായത്. ദശലക്ഷം ഡോളർ നൽകി നാഷണൽ ജ്യോഗ്രഫിക് ചാനൽ സ്വന്തമാക്കിയ അത്യപൂർവ്വ ദൃശ്യമെന്ന വിവരമാണ് വീഡിയോയിൽ നൽകിയിരിക്കുന്നത്.
മെയ് 11-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. പതിനായിരത്തോളം പേർ ലൈക്ക് ചെയ്യുകയും ആയ്യായിരത്തിലധികം പേർ റീ-ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
കടലിന് മുകളിലൂടെ വരുന്ന ഹെലികോപ്റ്ററിനെ നോക്കി ചിലർ കൈകളുയർത്തി കാണിക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. തൊട്ടുപിറകെ ഒരു ഭീകര ജീവി കടലിൽനിന്ന് ഉയർന്ന് ചാടി ഹെലികോപ്റ്റർ കടിച്ചെടുത്ത് കടലിലേക്ക് വീഴുന്നു. 15 സെക്കൻറ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വിശദമായ പരിശോധനയിൽ ഇതേ വീഡിയോ വർഷങ്ങൾക്ക് മുൻപും പ്രചരിച്ചതായി കണ്ടെത്തി. ഇവയ്ക്കൊപ്പം നൽകിയിരിക്കുന്ന വിശദീകരണവും സമാനമാണ്. 2020 ജൂലൈ 12-നാണ് ഇതേ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റ് ലിങ്കുകൾ,
സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ ദൃശ്യങ്ങൾ ഉൾപ്പെട്ട യൂട്യൂബ് ലിങ്ക് കണ്ടെത്തി. 5 ഹെഡഡ് ഷാർക്ക് അറ്റാക്ക് എന്ന സിനിമയുടെ ട്രെയ്ലറാണിത്. 2017 സെപ്തംബർ അഞ്ചിനാണ് ഇത് യൂട്യൂബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2017-ൽ നികോ ഡി ലിയോൺ ടെലിവിഷന്‍ വേണ്ടി നിർമ്മിച്ച സയൻറഫിക് ഹൊറർ ചിത്രമാണിത്. മൾട്ടി ഹെഡഡ് ഷാർക്ക് സീരീസിലുള്ള മൂന്നാമത്തെ ചിത്രവും. ഈ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മൂവി സ്റ്റിൽസ് ഡിബി എന്ന സൈറ്റിൽനിന്നു ലഭിച്ചു. സിനിമ ആർക്കൈവ് സൈറ്റായ ഇതിൽ പ്രചരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങളുടെ ചിത്രങ്ങളുമുണ്ട്.

വാസ്തവം
നാഷണൽ ജ്യോഗ്രഫിക് ചാനൽ ദശലക്ഷക്കണക്കിന് ഡോളർ നൽകി വാങ്ങിയ അപൂർവ്വ ദൃശ്യം എന്ന തരത്തിൽ പ്രചരിക്കുന്നത് ഇംഗ്ലീഷ് സിനിമയിൽനിന്നുള്ള ഭാഗമാണ്. 2017-ൽ പുറത്തിറങ്ങിയ 5 ഹെഡഡ് ഷാർക്ക് എന്ന സിനിമയിലെ ഭാഗങ്ങളാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..