പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ഫേസ്ബുക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ കാലുതൊട്ടു വണങ്ങുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദേശത്ത് ഇസ്ലാം മതത്തെ ബഹുമാനിക്കുന്ന മോദി ഇന്ത്യയിൽ കാണിക്കുന്നത് വിദ്വേഷമാണ് എന്ന് ധ്വനിപ്പിക്കുന്ന തരത്തിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
ചിത്രത്തിൽ മോദിക്കും സൗദി രാജാവിനും പിറകിലായി ചിലർ നിൽക്കുന്നതായി കാണാം. ഏതോ പരിപാടിയുടെ വേദിയിൽ നിന്നുള്ളതാണെന്ന് തോന്നിപ്പിക്കുംവിധം ചിത്രം നിർമ്മിച്ചെടുത്തതാണെന്ന സംശയം തോന്നി. സെർച്ച് ടൂളുകൾ ഉപയോഗിച്ച് ചിത്രം വിശദമായ പരിശോധനയക്ക് വിധേയമാക്കി. ഇതേ ചിത്രം മുൻ വർഷങ്ങളിലും പ്രചരിച്ചതായി കണ്ടെത്തി. 2015 ഡിസംബർ 23-ന് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മാധ്യമ പ്രവർത്തകനെതിരെ ബി.ജെ.പി. ഡൽഹിയിലെ സൈബർ സെല്ലിൽ 2016-ൽ പരാതി നൽകിയിരുന്നു. മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിന് തൊട്ടു പിറകെ ആയിരുന്നു അന്ന് ചിത്രം പ്രചരിച്ചത്. ഇത് സംബന്ധിച്ച മാധ്യമവാർത്തകൾ
സംഭവത്തിൽ മാധ്യമപ്രവർത്തകൻ ഖേദം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു. വ്യാജചിത്രമാണെന്നത് തിരിച്ചറിഞ്ഞില്ല എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ യഥാർത്ഥചിത്രം കണ്ടെത്തണം. തുടർന്ന് നടത്തിയ പരിശോധനയിൽ ദേശീയ മാധ്യമമായ എൻ.ഡി.ടി.വി. 2013 സെപ്തംബർ 26-ന് നൽകിയ വാർത്ത ലഭിച്ചു. ഇതിൽ നരേന്ദ്ര മോദി മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനിയുടെ കാലിൽ തൊട്ടു വണങ്ങുന്ന ദൃശ്യങ്ങൾ കാണാം. 2013 നവംബറിൽ മധ്യപ്രദേശിൽ നടക്കാനിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. ഭോപ്പാലിൽ സംഘടിപ്പിച്ച മഹാറാലിയുടെ വേദിയിലായിരുന്നു ഇത്. അദ്വാനിയുടെ എതിർപ്പ് വകവയ്ക്കാതെ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ഇരുനേതാക്കളും ആദ്യമായി ഒരേ വേദി പങ്കിടുന്നു എന്ന തരത്തിൽ അന്നിത് വാർത്താ പ്രാധാന്യവും നേടിയിരുന്നു.
അടുത്തതായി, സൽമാൻ രാജാവിന്റെ ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണം. അന്വേഷണത്തിൽ പാകിസ്താനിലെ ദി എക്സ്പ്രസ്സ് ട്രിബ്യൂൺ പത്രം 2015 മാർച്ച് അഞ്ചിന് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. നവാസ് ശരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ സൗദി സന്ദർശിച്ചിരുന്നു. അന്ന് സൗദി രാജാവും ക്യാബിറ്റ് മന്ത്രിമാരും റിയാദ് വിമാനത്താവളത്തിൽ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഈ വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന ഫോട്ടോയിൽ നിന്നാണ് സൽമാൻ രാജാവിന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് എന്ന് വ്യക്തമായി.

സമാനമായി നരേന്ദ്ര മോദി കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.എം.ഐ.എം. നേതാവ് ഒവൈസി എന്നിവരുടെ കാലുപിടിക്കുന്നു എന്ന തരത്തിലും ചിത്രങ്ങൾ പ്രചരിച്ചതായി കണ്ടെത്തി.

വാസ്തവം
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവിന്റെ കാലുതൊട്ടു വണങ്ങുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 2013-ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കെ മോദി എൽ.കെ. അദ്വാനിയുടെ കാലുതൊട്ടു വണങ്ങുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..