പ്രചരിക്കുന്ന ചിത്രം
'യൂണിഫോമിന് പകരം മതവേഷത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ ബസ് ഓടിച്ചു' എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്നാണ് അവകാശവാദം. എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന് മാതൃഭൂമി പരിശോധിക്കുന്നു.
അന്വേഷണം
വണ്ടിയോടിക്കുന്ന വ്യക്തിയുടെ വസ്ത്രം ഒറ്റനോട്ടത്തിൽ വെള്ളനിറത്തിലുള്ള കുർത്ത പോലെ തോന്നിക്കുന്നുണ്ട്. കൂടാതെ, അദ്ദേഹം ഇസ്ലാം മതവിശ്വാസികൾ ഉപയോഗിക്കുന്ന തൊപ്പിയും ധരിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം മതപരമായ വേഷം ധരിച്ച് കെ.എസ്.ആർ.ടി.സി. ബസ് ഓടിക്കുന്നു എന്ന തരത്തിൽ പ്രചാരണം നടക്കുന്നത്.
പ്രചരിക്കുന്ന ചിത്രത്തിലെ കെട്ടിടങ്ങളും സ്ഥലവും പരിശോധിച്ചതിൽനിന്ന് അത് തിരുവനന്തപുരത്തെ പനവിളയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചിത്രത്തിലെ ബസ് മാവേലിക്കര ഡിപ്പോയിലേതാണെന്നും അവർ പ്രതികരിച്ചു. ഇതിനെ തുടർന്ന് മാവേലിക്കര ഡിപ്പോയുമായി ബന്ധപ്പെട്ടു.
ചിത്രത്തിൽ കാണുന്ന ഡ്രൈവർ തങ്ങളുടെ ഡിപ്പോയിലെ ജീവനക്കാരനാണെന്നും ഇപ്പോൾ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡിപ്പോ അധികൃതർ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. പ്രചരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതക്കുറവ് കൊണ്ടോ അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം മങ്ങിയത് കൊണ്ടോ അത് വെള്ള നിറംപോലെ തോന്നിക്കുന്നതാണ്. ഡ്രൈവർ ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇതൊക്കെയാവാം തെറ്റിദ്ധാരണ പരത്തിയത് എന്ന് അവർ പറഞ്ഞു.
വ്യക്തതയുള്ള ചിത്രം പരിശോധിച്ചാൽ അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം ആകാശനീലയാണെന്നത് മനസ്സിലാകും. കൂടാതെ, ഷർട്ടിന്റെ അറ്റത്തായി തോർത്ത് വിരിച്ചിട്ടുള്ളതും കാണാം. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കുമില്ല.
വാസ്തവം
കെ.എസ്.ആർ.ടി.സി. ഡ്രൈവർ യൂണിഫോമിന് പകരം മതപരമായ വസ്ത്രം ധരിച്ച് ബസോടിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കുടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. പ്രചരിക്കുന്ന ചിത്രത്തിൽ ഇദ്ദേഹത്തിന്റെ ഷർട്ട് മങ്ങിയ നിറത്തിലാണ് കാണുന്നത്. ഒപ്പം, കാലിനുമുകളിലൂടെ തോർത്ത് വിരിച്ചിരുന്നതിനാലും ഷർട്ട് ഫുൾ സ്ലീവായിരുന്നതിനാലും ഉടലെടുത്ത തെറ്റിദ്ധാരണകളെ ചിലർ ദുരുപയോഗം ചെയ്യുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..