ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ
വടക്കു-കിഴക്കൻ സംസ്ഥാനമായ അസമിൽ ശക്തമായ മഴയും പ്രളയവും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുകയാണ്. 26 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകൾ സംസ്ഥാനത്ത് പ്രളയ കെടുതി നേരിടുകയാണ്. അസമിലെ പ്രളയ ദൃശ്യങ്ങൾ എന്ന പേരിൽ പല ദൃശ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ മൺസൂൺ എന്ന ഫേസ്ബുക്ക് പേജിൽ അസമിലെ പ്രളയത്തിൽ ഒഴുകിപ്പോകുന്ന പാലത്തിന്റെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു!
അന്വേഷണം
സെർച്ച് ടൂളുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ദൃശ്യങ്ങൾ കഴിഞ്ഞ വർഷവും പ്രചരിച്ചിരുന്നതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ 2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇന്തോനേഷ്യയിലും അയൽരാജ്യമായ ഈസ്റ്റ് തിമോറിലും ഉണ്ടായ പ്രളയത്തിന്റേതാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് അന്ന് റിപ്പോർട്ട് ചെയ്ത കൂടുതൽ വാർത്തകളും കണ്ടെത്തി.
വാർത്തകളുടെ ലിങ്ക്: https://www.presstv.ir/Detail/2021/04/04/648717/INDONESIA-TIMOR-FLOODS-
അസമിൽനിന്നുള്ളത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇൻഡോനേഷ്യയിലെ കിഴക്കൻ നുസ്സ ടെൻഗര(East Nusa Tenggara) പ്രവിശ്യയിൽ സംഭവിച്ചതാണ്. 2021 മാർച്ച് അവസാനം നടന്ന പ്രളയത്തിൽ പ്രവിശ്യയിയിലെ കിഴക്കൻ സുംബാ റീജൻസി (East Sumba Regency) എന്ന പ്രദേശത്തെ പഴയ പാലം കമ്പനിരു(Kambaniru) നദിയിലെ ശക്തമായ ഒഴുക്കിൽ ഒലിച്ചു പോവുകയായിരുന്നു.
വാസ്തവം
അസമിൽനിന്നുള്ള പ്രളയദൃശ്യങ്ങൾ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. പ്രസ്തുത ദൃശങ്ങൾ അസമിൽ നിന്നുള്ളതല്ല. 2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇന്തോനേഷ്യയിൽ ഉണ്ടായ പ്രളയത്തിന്റേതാണ്. ഇൻഡോനേഷ്യയിലെ ഈസ്റ്റ് സുംബാ റീജൻസി എന്ന സ്ഥലത്തെ പഴയ പാലം ശക്തമായ ഒഴുക്കിൽ തകർന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ അസാമിൽ നിന്നുള്ളത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..