.png?$p=8becb5e&f=16x10&w=856&q=0.8)
പ്രചരിക്കുന്ന വീഡിയോയിൽനിന്ന്
യു.പി. ഇലക്ഷന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ, വാരാണസിയിലെ പഹാഡിയ മണ്ടിയിൽനിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിന്റേതെന്ന തരത്തിൽ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു വാഹനത്തിൽനിന്ന് കുറച്ചുപേർ ഇ.വി.എം. കണ്ടെത്തുന്നതും തുടർന്നുള്ള പ്രതിഷേധവും പ്രതികരണങ്ങളുമാണ് ഈ ദൃശ്യങ്ങളിൽ. മൂന്നു ട്രക്കുകളിലായി ബി.ജെ.പി. ഒളിച്ചുകടത്താൻ ശ്രമിച്ച ഇ.വി.എമ്മുകൾ സമാജ്വാദിപാർട്ടി അംഗങ്ങൾ കണ്ടുപിടിച്ചു, ബി.ജെ.പി. ഭരണത്തിൽ വരുന്നതിന്റെ രഹസ്യം ഇതാണെന്നുമുള്ള വിവിധ തലവാചകങ്ങളോടു കൂടിയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
2022 മാർച്ച് എട്ടിന് ട്വിറ്ററിൽ പ്രചരിക്കുന്ന ദൃശ്യം:
2022 മാർച്ച് 8ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന ദൃശ്യം:
എന്താണ് ഇതിനു പിന്നിലെ വാസ്തവം?
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് അന്വേഷിക്കുന്നതിനായി കീവേർഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. അപ്പോൾ, പ്രചരിക്കുന്ന ദൃശ്യം യഥാർത്ഥത്തിൽ വാരാണസിയിൽ 2022 മാർച്ച് എട്ടിന് നടന്ന ഒരു സംഭവത്തിന്റേതാണ് എന്ന് കണ്ടെത്തി. ചില മാധ്യമങ്ങളും പ്രസ്തുത സംഭവത്തിനെ കുറിച്ച് പ്രചരിക്കുന്ന വാദവുമായി ചേർത്ത് വാർത്ത നൽകിയിട്ടുണ്ട്. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തിരുന്നു.
വീഡിയോയെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾക്കായി നടത്തിയ പരിശോധനയിൽ, സമാജ്വാദി പാർട്ടി നേതാവായ അരുൺ രാജ്ഭർ പ്രസ്തുത സംഭവത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. വാരാണസിയിലെ പഹാഡിയ മണ്ടിയിൽനിന്നു ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ മാറ്റുന്നത് എസ്.പി. നേതാക്കൾ കൈയ്യോടെ പിടിച്ചു എന്ന് ലൈവിന്റെ തലക്കെട്ടിൽ എഴുതിയിട്ടുണ്ട്. ബനാറസിൽ തോൽവി ഉറപ്പിച്ച യോഗി സർക്കാർ, ശിവ്പൂർ, സിറ്റി സൗത്ത്, രോഹാനിയ, സിറ്റി നോർത്ത്, പിന്ദ്ര, അജ്ഗര എന്നീ നിയമസഭാ മണ്ഡലങ്ങളിൽനിന്ന് വാഹനത്തിൽ ഇ.വി.എം. കൊണ്ടുപോകുന്നതിനിടെയാണ് എസ്.പിയുടെ സജ്ജരായ പ്രവർത്തകർ തടഞ്ഞത് എന്നും ഫേസ്ബുക്ക് ലൈവിനോടൊപ്പം വിശദീകരിക്കുന്നു.
ഈ ദൃശ്യം പരിശോധിച്ചപ്പോൾ പ്രതിഷേധിക്കുന്നവർ ഉയർത്തിക്കാണിക്കുന്ന മെഷീനുകളിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ അതിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിക്കുവാൻ സാധിച്ചു. 'Training/Awareness EVM' എന്ന സ്റ്റിക്കറാണ് മെഷീനുകളിൽ പതിപ്പിച്ചിരിക്കുന്നത്.
.png?$p=6022737&w=610&q=0.8)
ട്രക്കുകളിൽ ഇ.വി.എം. കടത്തുന്നു എന്ന ആരോപണങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. പ്രസ്തുത വിഷയത്തിൽ യു.പി. ചീഫ് ഇലക്റ്ററൽ ഓഫീസർ അന്ന് വൈകുന്നേരം തന്നെ ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. ഇ.വി.എം. മാറ്റിയതിനു പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് വിവരിക്കുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ.) ഒരു പത്രക്കുറിപ്പും യു.പി. ചീഫ് ഇലക്റ്ററൽ ഓഫീസർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പരിശീലനത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളാണത്.
മാർച്ച് 9-ന് വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായിട്ടുള്ള 20 ഇ.വി.എമ്മുകൾ ആണ് ട്രക്കിലുണ്ടായിരുന്നത്. ഗോഡൗണിൽനിന്ന് ഉദയ് പ്രതാപ് കോളേജിലേക്ക് കൊണ്ടുപോകവേ ആണ് വാഹനം തടഞ്ഞത് എന്നും പത്രക്കുറിപ്പിൽനിന്ന് മനസ്സിലായി. തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇ.വി.എമ്മുകളെല്ലാം സി.ആർ.പി.എഫിന്റെ സുരക്ഷയിൽ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ, വഴിയിൽ ആളുകൾ വാഹനം തടഞ്ഞുനിർത്തി തിരഞ്ഞെടുപ്പിനുപയോഗിച്ച ഇ.വി.എമ്മുകൾ ആണ് കൊണ്ടുപോകുന്നതെന്നാണ് പ്രചരിപ്പിച്ചത്.
ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ്മ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട വസ്തുതകൾ വാരാണസിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും മാധ്യമങ്ങളെയും അറിയിക്കുകയും ചെയ്തു എന്ന് ഇന്ത്യൻ വാർത്ത മാധ്യമമായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ മെഷീനുകൾ മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ ആ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ അറിയിക്കണമെന്നാണ് നിയമം. ഈ വിവരം പരാമർശിച്ചുകൊണ്ട് റിട്ടയേർഡ് കഅട ഓഫീസർ സഞ്ജീവ് ഗുപ്ത (മുൻ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം) ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്.
പക്ഷേ, വാരാണസിയിലെ സ്ഥാനാർത്ഥികളെ അറിയിക്കാതെയാണ് മെഷീനുകൾ കൊണ്ടുപോയത്. വാരാണസിയിലെ സ്ട്രോങ് റൂമിൽനിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താൻ ശ്രമിച്ചു എന്ന ആരോപണത്തിനു പിന്നാലെ, ഗതാഗത പ്രോട്ടോക്കോൾ ലംഘിച്ചതിന് വാരാണസി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) നളിനി കാന്ത് സിങ്ങിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാസ്തവം
യു.പി. ഇലക്ഷന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ, വാരാണസിയിലെ പഹാഡിയ മണ്ടിയിൽനിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നു എന്ന് പ്രചരിക്കുന്ന ദൃശ്യം തെറ്റിദ്ധാരണയുണ്ടാക്കും വിധമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. വാരാണസിയിൽ രണ്ടാം ഘട്ട വോട്ടെണ്ണൽ പരിശീലനത്തിനായുള്ള ഇ.വി.എമ്മുകളാണ് ഉദയ് പ്രതാപ് കോളേജിലേക്ക് മാറ്റാൻ ശ്രമിച്ചത്. അല്ലാതെ, പ്രചരിക്കുന്നപോലെ ബി.ജെ.പി. പ്രവർത്തകർ ഇ.വി.എമ്മുകൾ ഒളിച്ചു കടത്തിയിട്ടില്ല. ഗതാഗത പ്രോട്ടോക്കോൾ ലംഘനമാണ് നേതാക്കളിൽ സംശയത്തിന് കാരണമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..